കവി വിഷ്ണു പ്രസാദിനെക്കുറിച്ച്, കവിതയിലെ ഒരു പ്രതിസന്ധിയെക്കുറിച്ച്

കവി എന്ന നിലയിൽ ദൃശ്യതയിലും ചർച്ചകളിലും സജീവമായി നിന്നാലേ സർവാംഗീകാരം നേടാനാവൂ. സ്വന്തം എഴുത്തുവഴികളോട് വിട്ടുവീഴ്ച ചെയ്യുകയോ കാവ്യേതരമായ വഴികൾ തേടുകയോ ചെയ്തില്ലെങ്കിൽ ഉറപ്പായും കവിതയുടെ മുഖ്യധാരയിൽ ഒരു കവി പിന്തള്ളപ്പെടും. ആനുകാലികങ്ങളുടെ എഡിറ്റർമാർക്ക് സ്വീകാര്യനാവുകയും പ്രസാധകരെ പിണക്കാതെ കൂടെനിർത്തുകയും ചെയ്തുകൊണ്ട് ആകെക്കൂടി ഒരു മേൽത്തട്ട് ഭാവുകത്വം ശീലിച്ചാൽ മാത്രമേ കവിതയുടെ നാട്ടുരാജ്യത്ത് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ.

ണ്ടു ദിവസംമുമ്പ് കവി വിഷ്ണുപ്രസാദിന്റെ എഫ്.ബി.വാളിൽ ചെറിയൊരു കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിങ്ങനെയാണ് :

"മലയാള കവിതയിൽ ഇത്രയും കാലം ഞാൻ പിടിച്ചു നിന്നു. മാതൃഭൂമിയിൽ ഭാഗ്യവശാൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഡി.സിയുമായി ഉടക്കുണ്ടാക്കിയതിനാൽ ഇനി അവരും എന്നെ എടുക്കില്ല. സാഹിത്യോത്സവ കുളിയാണ്ടർമാർ ഇവരായാതിനാൽ എന്നെ അടുപ്പിക്കില്ല.
അക്കാദമിയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കും വിളിക്കാറില്ല. ടി.പി. രാജീവൻ ഉണ്ടായിരുന്നപ്പോൾ ഒരു പരിപാടിക്ക് വിളിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് സംസാരിക്കുന്നത് എന്റെ കവിത മാത്രമാണ്. ഞാൻ നിലനിൽക്കുന്നു; വളരെ അത്ഭുതകരമായി.

പ്രിയ ഫേസ്ബുക്ക് വായനക്കാരേ, എന്റെ കവിതകൾ വലിയ സംഭവമല്ല എന്ന് എനിക്കറിയാം. നിങ്ങൾ കാണിക്കുന്ന കരുണയാണ് എന്റെ ജീവിതം. Love you.'

വിഷ്ണുപ്രസാദിനെപോലൊരു കവിക്ക് ഇത്ര സങ്കടപ്പെടേണ്ടി വരുന്ന സാഹചര്യമുണ്ടാവുന്നത് എന്തുകൊണ്ടാണ്? കേരളത്തിലെ സാഹിത്യോത്സവങ്ങളിൽ പട്ടാമ്പി കവിതാ കാർണിവലിൽ മാത്രമാണ് വിഷ്ണുപ്രസാദിനെ മുടങ്ങാതെ കാണാറുള്ളത്. പ്രധാനപ്പെട്ട മറ്റ് സാഹിത്യോത്സവങ്ങളിലേക്കും കവിതാ ചർച്ചകളിലേക്കും ക്ഷണിക്കപ്പെടാതിരിക്കാൻ മാത്രം മോശം കവിയാണോ അയാൾ?

കേരളത്തിലെ കവിതാപരിപാടികളിലേക്ക് സ്ഥിരം ക്ഷണിക്കപ്പെടുന്ന ചില കവികളെങ്കിലും എങ്ങനെ ആ വേദിയിലെത്തപ്പെട്ടു എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. കവി എന്ന നിലയിൽ വൻ വിസിബിലിറ്റി ലഭിച്ച ചില എഴുത്തുകാരുടെ മുഴുവൻ എഴുത്തിലും മുങ്ങിത്തപ്പിയിട്ടും കവിതയുടെ നാല് വറ്റിനപ്പുറം ഒന്നും കിട്ടാതെ നിരാശനായ അനുഭവം എനിക്കുണ്ട്. അതേസമയം വിഷ്ണുപ്രസാദിന്റെ കവിതകളിലൂടെ സഞ്ചരിച്ചു നോക്കൂ, വിസ്മയിപ്പിക്കുന്ന കവിതകൾ കാണാൻ സാധിക്കും. സമകാല ഇന്ത്യൻ കവിതയുമായോ ലോകകവിതയുമായോ ചേർത്തുവെച്ച് മലയാളകവിതയെ നിശിതമായി പരിശോധിച്ച് അഭിപ്രായം പറയാൻ ശേഷിയുള്ള ചില സുഹൃത്തുക്കൾ വിഷ്ണുപ്രസാദിനെ ലോകോത്തര കവി എന്നു വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. അതിശയോക്തിപരമായ ഒരു പ്രസ്താവനയായി ഇതിനെ മാറ്റിവച്ചാലും ബ്ലോഗുകാലം മുതലുള്ള മലയാളകവിതകൾ ഗൗരവമായി ചർച്ച ചെയ്യുന്ന ആരും വിഷ്ണുപ്രസാദിനെ പരാമർശിക്കാതെ പോകുന്നതു കണ്ടിട്ടില്ല. കേരളത്തിലെ ചില യൂണിവേഴ്‌സിറ്റികളിൽ അയാളുടെ കവിത പഠിക്കാൻ വെച്ചിട്ടുണ്ട്. മലയാളത്തിലെ ഒരുമാതിരിപ്പെട്ട കവികളോടൊക്കെ ചോദിച്ചു നോക്കൂ, വിഷ്ണുപ്രസാദിനെ അറിയാതിരിക്കില്ല. കേവലമൊരു വായനാപരിചയം എന്നതിനപ്പുറം മലയാളത്തിലെ പുതുതലമുറക്കവികളിൽ മിക്കവർക്കും എപ്പോഴെങ്കിലും വിഷ്ണുപ്രസാദിന്റെ ഒരു കൈത്താങ്ങ് ലഭിച്ചിട്ടുണ്ടാവും.

തൊണ്ണൂറുകൾമുതൽ മലയാളകവിതയിൽ ആരംഭിച്ച രൂപഭാവ നവീകരണങ്ങൾ 2006 - 07 കാലത്തെ കവിതാബ്ലോഗുകളോടെ ത്വരിതപ്പെടുന്നുണ്ട്. ഇന്റർനെറ്റ്, അതുണ്ടാക്കിയ സ്വയം പ്രസാധനസൗകര്യം തുടങ്ങിയവ കവിതയെഴുത്തും പ്രസാധനവും എളുപ്പമാക്കിയെങ്കിലും പുതിയ നിരവധി വെല്ലുവിളികളും മുന്നോട്ടുവച്ചു. തൊണ്ണൂറുകൾമുതൽ കവിത ഭാഷകൊണ്ടും പ്രമേയംകൊണ്ടും സാധാരണഭാഷയോട് അടുക്കുന്നുണ്ട്. സങ്കീർണ്ണമായ കാവ്യസങ്കേതങ്ങൾക്കു പകരം രൂപപ്പെട്ട ലളിതഗദ്യാഖ്യാനരീതി കവിതയെ സാധരണീകരിക്കുകയും കവിതയും കവികളും പെരുകുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഇന്റർനെറ്റിന്റെ നോൺ ലീനിയർ വായനാരീതി, എഴുതിയ/അച്ചടിച്ച പാഠങ്ങൾക്കുമേൽ ദൃശ്യഭാഷ നേടിയ പ്രാമുഖ്യം എന്നിവ കവിത എന്ന ഭാഷാവ്യവഹാരത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.

സാഹിത്യരൂപങ്ങൾ ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നത് അടിസ്ഥാന ഡിസൈനിൽ മാറ്റം വരുത്തിക്കൊണ്ടാണ്. എഴുത്തിന്റെ നിലനിൽക്കുന്ന ഡിസൈൻ പാടേ ഉപേക്ഷിക്കുക വളരെ പ്രയാസമുള്ളതും സമയമെടുക്കുന്നതുമാണ്. നടപ്പു വായനാശീലങ്ങളോടു ചേർന്നുനിന്നുകൊണ്ടുതന്നെ വലിയ ജംബുകൾ എടുത്ത് വിജയിക്കുക എന്നത് സൂക്ഷ്മമായ നൈപുണികളും ധീരതതയും ആവശ്യമായ കലയാണ്. വാസ്തുവിദ്യയിൽ ശൈലീമാറ്റത്തിന് ധൈര്യപ്പെടുന്ന ആർക്കിടെക്റ്റിനെയാണ് കവിതയിലെ ഇത്തരമൊരു മാറ്റവുമായി തുലനപ്പെടുത്താൻ ഉപയോഗിക്കേണ്ടത് എന്നു തോന്നുന്നു. മലയാളകവിതയിൽ രാമചരിതകാരനായ ചീരാമൻതൊട്ട് ഇത്തരം പരീക്ഷണങ്ങൾ നടത്തിയ നിരവധി പേരുണ്ട്. മലയാളകവിതയുടെ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യദശകങ്ങളിലും വലിയ പരീക്ഷണങ്ങൾക്കു മുതിർന്ന മാസ്റ്റർ ഡിസൈനർമാരിലൊരാളാണ് വിഷ്ണുപ്രസാദ്. 2006 - മുതൽ അദ്ദേഹം എഴുതിപ്പോരുന്ന പ്രതിഭാഷ എന്ന ബ്ലോഗും കുളം പ്ലസ് പ്രാന്തത്തി, ചിറകുള്ള ബസ്, ലിംഗവിശപ്പ്, നട്ടുച്ചകളുടെ പാട്ട് അഥവാ മീൻ പൊരിച്ചതിന്റെ മണം, നൃത്തശാല തുടങ്ങിയ സമാഹാരങ്ങളും പരിശോധിക്കുന്നവർക്ക് ഇത് സംശയരഹിതമായി ബോധ്യപ്പെടും.

കവിത എന്ന ഭാഷാവ്യവഹാരത്തിലേക്ക് നിശ്ചല, ചലച്ചിത്രഭാഷയെ സന്നിവേശിപ്പിക്കുക, ബാഹ്യമായും ആന്തരികമായും ഹൈപ്പർലിങ്ക് ഒരു സങ്കേതമായി ഉപയോഗിക്കുക, കവിതയിൽ ശബ്ദായമാനമായ തെരുവുകൾ സൃഷ്ടിക്കുക, എല്ലാറ്റിനുമപ്പുറം അത്ഭുതകരമായ ഇമേജറികൾ കൊണ്ടു നിരത്തുക, മനുഷ്യരോടൊപ്പം തിര്യക്കുകളെയും യന്ത്രങ്ങളെയും സമവലിപ്പത്തിൽ നിർത്തി ഇമേജറികളുടെ സൈബോർഗു പരിസരം സൃഷ്ടിക്കുക, ഇത്തരം കല്പനകളെ പ്രമേയമായും രൂപകമായും ഉപയോഗിച്ച് കാവ്യാത്മകമായ ചില ദർശനങ്ങൾ മുന്നോട്ടു വെക്കുക തുടങ്ങിയവ വിഷ്ണുപ്രസാദിന്റെ കവിതയിലെ എടുത്തു പറയാവുന്ന ഗുണങ്ങളായി തോന്നിയിട്ടുണ്ട്. ആഘോഷിക്കപ്പെട്ട ചില മലയാളസിനിമകളുടെ ആഖ്യാനവും പ്രമേയവും വിഷ്ണുപ്രസാദ് നേരത്തേ കവിതയിൽ പ്രയോഗിച്ചു കണ്ടത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സിനിമകൾ ഇവിടെ സൂചിപ്പിച്ചാൽ ചർച്ച വഴി മാറിയേക്കാമെന്നതിനാൽ അതിനു മുതിരുന്നില്ല. കവിതകൊണ്ട് ദൃശ്യഭാഷയെ നേരിടുകയും ചിലപ്പോഴൊക്കെ മുന്നിൽ നടക്കുകയും ചെയ്യുന്നത് സവിശേഷമായി പഠിക്കപ്പെടേണ്ട കാര്യങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല.

താൻ ജീവിക്കുന്ന ലോകത്തോടും മനുഷ്യരോടും രാഷ്ട്രീയബലതന്ത്രങ്ങളോടും ശക്തമായും വൈകാരികമായും പ്രതികരിക്കാനും വിഷ്ണുപ്രസാദിന് കഴിഞ്ഞിട്ടുണ്ട്. സമകാല മലയാളകവിതയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയകവിതകളിൽ ചിലത് വിഷ്ണു പ്രസാദിന്റെയാണ്.

Illustration : Jishnu K K

കവിതയിൽ അറിഞ്ഞു പണിയുന്നവരും അവബോധജന്യമായ(intutive) ബോധ്യങ്ങളോടെ പണിയെടുക്കുന്നവരുമുണ്ട്. മലയാളം, മലയാളിത്തം, കേരളീയത, മലയാള സാഹിത്യം എന്നിവ സാമാന്യമായും (ഒരു പക്ഷേ അതിലധികവും) മലയാളകവിത ആഴത്തിലും മനസിലാക്കിയ കവിയാണ് വിഷ്ണുപ്രസാദ്. നടപ്പുവഴികളിൽനിന്ന് മാറി നടക്കുമ്പോഴും പൂർവസൂരികളെ അയാൾ തള്ളിപ്പറയാറില്ല. തന്റെ സമകാലികരെയും പുതുമുറക്കാരെയും പിന്തുടരുകയും സാധ്യമായത്ര പരിഗണിക്കുകയും ചെയ്യാറുണ്ട്. പുതുതായി വരുന്ന ഒരു കവിക്ക് കൈകൊടുക്കുമ്പോഴും അവരെ താനുൾപ്പെടുന്ന ഒരു കവിഗോത്രത്തിന്റെ ഭാഗമാക്കി നിർത്തുന്ന ശീലം അയാൾക്കില്ല. നിത്യമായി പിന്തുണയ്ക്കാത്തതിന് വിഷ്ണുപ്രസാദിനെ തെറിവിളിച്ച കവികൾ, അങ്ങനെ പിന്തുണക്കാതിരിക്കുന്നതാണ് ശരിയായ രീതി എന്ന് തിരിച്ചറിയുന്നുമില്ല. അതെന്തെങ്കിലുമാവട്ടെ, പറഞ്ഞു വരുന്നത് കവിത എന്ന വ്യവഹാരത്തിന്റെ ഭൂതവും വർത്തമാനവും നന്നായി മനസിലാക്കിക്കൊണ്ട് അതിൽ പണിയെടുക്കുന്ന കവിയാണ് വിഷ്ണു പ്രസാദ് എന്നാണ്.

കവിതാചരിത്രത്തെയോ അതിന്റെ രൂപഭാവപരിണാമങ്ങളെയോ സൂക്ഷ്മമായി പഠിക്കാതെയും സമകാലികരെ വായിക്കാതെയും സ്വന്തം എഴുത്തുരീതിയിൽ പരീക്ഷണങ്ങളും പുതുക്കലുകളും കൂടാതെയും കവിതയെഴുതാം. ഒരുതരം പകർപ്പുപണിയാണ് അവർ ചെയ്യുന്നത്. ഇങ്ങനെ എഴുതി "വിജയിച്ച' കവികൾ ധാരാളമുണ്ട്. ധാരാളം അച്ചടിച്ചു വരികയും പുസ്തകങ്ങൾ ഒന്നിലധികം പതിപ്പുകൾ ഉണ്ടാവുകയും അവാർഡുകൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്നത് ഒട്ടും മോശമായ കാര്യമല്ല. കാവ്യേതരമായ ഘടകങ്ങൾകൂടി ചേർന്ന ഇത്തരം വിജയങ്ങൾ യഥാർഥകവിതയെ മാസ്‌കു ചെയ്യുന്നുന്നുണ്ട് എന്നു മാത്രം.

ഒരു കവിതാ സംഘാടകൻ എന്ന നിലയിലും മലയാളകവിതയിൽ വിഷ്ണുപ്രസാദിന് സ്ഥാനമുണ്ട്. അദ്ദേഹം സംഘടിപ്പിച്ച കവിതയുടെ "കാടിരുത്തങ്ങൾ' പ്രസിദ്ധമാണല്ലോ. തിരക്കവിത എന്ന ഓൺലൈൻ സംരംഭത്തിലെ ക്രിയാത്മകമായ പങ്കാളിത്തം, കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ മുൻകൈയിൽ ക്യുറേറ്റു ചെയ്യപ്പെട്ട പോയട്രി മാഫിയ എന്ന എഫ്.ബി. പേജിന്റെ പ്രവർത്തനങ്ങൾ എന്നിവയും ശ്രദ്ധേയമായിരുന്നു.

മലയാളത്തിലെ മുൻനിര കവികളിലൊരാളാണ് വിഷ്ണു പ്രസാദ് എന്നു സ്ഥാപിക്കാൻ തന്നെയാണ് ഇത്രയും പറഞ്ഞത്. സ്വന്തം കവിതയിൽ രൂപപരവും ഭാവപരവുമായ പരീക്ഷണങ്ങൾ നടത്തി വിജയിക്കുകയും അതിന് അനുകർത്താക്കളെയുണ്ടാക്കുകയും ചെയ്ത കവിയുടെ പേര് മലയാളത്തിലെ എണ്ണമറ്റ കവിതാ അവാർഡുകളുടെ പട്ടികയിൽ നാം കാണില്ല. ആനുകാലികങ്ങളിൽ അച്ചടിച്ചു വരുന്ന നൂറുക്കണക്കിന് കവിതകളിൽ അയാളുടെ രചനകൾ ഉണ്ടാവാറില്ല. അയാളുടെ സമാഹാരങ്ങൾ മിക്കതും വിറ്റുപോകാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ശ്രദ്ധേയനായ ഒരു കവി അക്കാദമികമായ ആലോചനകളിൽ മുൻനിരയിൽ നിൽക്കുകയും വായനയിലും അംഗീകാരത്തിലും പിൻനിരയിലായിപ്പോവുകയും ചെയ്യുന്നത് ? സത്യത്തിൽ വിഷ്ണു പ്രസാദിന്റെ മാത്രം പ്രശ്‌നമല്ല ഇത്. വേറെയും ചില കവികൾ ഈ ദുര്യോഗം നേരിടുന്നുണ്ട്. കവിതാപഠിതാക്കൾ കാണും, പ്രസാധകരോ കാവ്യോത്സവക്കാരോ കാണില്ല എന്ന അവസ്ഥ. ഇത്തരം വിരുദ്ധനീതികളുടെ കെമിസ്ട്രി അന്വേഷിക്കേണ്ടതുണ്ട്.

മലയാളത്തിലെ ആനുകാലികങ്ങളിൽ അച്ചടിച്ചു വരുന്ന കവികളെ ഒന്നിച്ചെടുത്തു പരിശോധിച്ചാൽ "കൊള്ളാം' എന്നു പറയാവുന്ന കവിതകൾ വിരളമായിരിക്കുമെന്നത് നേരിട്ടനുഭവമുള്ള കാര്യമാണ്. മലയാളകവിതയിലെ ഉപേക്ഷിക്കപ്പെട്ട ഭാവുകത്വമാണ് അച്ചടിമലയാളത്തിന് ഇപ്പോഴും പഥ്യം. ഭാഷകൊണ്ടും പരിചരണരീതികൊണ്ടും ശ്രദ്ധേയമായ കവിതകൾ സോഷ്യൽ മീഡിയയിലാണ് പ്രായേണ കൂടുതൽ. നിലനിൽക്കാർ കഷ്ടപ്പെടുമ്പോഴും സർക്കുലേഷനും പരസ്യവും കുറഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കിലെത്തുമ്പോഴും എഴുത്തിന്റെ നിയമസാധുത (Legitimacy) ഇപ്പോഴും അച്ചടിമാധ്യമങ്ങൾക്കാണ് എന്നത് വലിയ വൈരുധ്യമാണ്. അച്ചടിച്ചുവന്ന രചനകളുടെ അവ്യക്തമായ ചിത്രമെടുത്ത് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചാലേ ഇപ്പറഞ്ഞ ലെജിറ്റമസിയും വായനയും ഒന്നിച്ചു നടക്കൂ. വിഷ്ണുപ്രസാദിനെ പോലെയുള്ള എഴുത്തുകാർ കവി എന്ന നിലയിലുള്ള പൊതുജനാംഗീകാരത്തിന് പുറത്തുനിൽക്കുന്നത് അവരുടെ അച്ചടി സാന്നിധ്യം തീരെ കുറവാണ് എന്നതുകൊണ്ടാണ്. സ്ഥിരപ്പെട്ട കാവ്യരൂപങ്ങളെ മാത്രം ഉൾക്കൊള്ളാനുള്ള ശേഷിയേ മലയാളത്തിലെ തൊണ്ണൂറു ശതമാനം എഡിറ്റർമാർക്കുമുള്ളൂ. പരീക്ഷണങ്ങൾക്ക് വേഗമേറിയ സൈബർകാലത്തെ ഉൾക്കൊള്ളാൻ അച്ചടിമാധ്യമങ്ങൾക്ക് പ്രാപ്തിയില്ലാത്തതുകൊണ്ട് കവിതാ വായനയെ സംബന്ധിച്ച അസമമായ സൂചികകളാണ് നമുക്ക് കിട്ടുക. അതിന്റെ ഇരകളിൽ പ്രധാനപ്പെട്ട വ്യക്തിയാണ് വിഷ്ണുപ്രസാദ്.

കവി എന്ന നിലയിൽ ദൃശ്യതയിലും ചർച്ചകളിലും സജീവമായി നിന്നാലേ സർവാംഗീകാരം നേടാനാവൂ. സ്വന്തം എഴുത്തുവഴികളോട് വിട്ടുവീഴ്ച ചെയ്യുകയോ കാവ്യേതരമായ വഴികൾ തേടുകയോ ചെയ്തില്ലെങ്കിൽ ഉറപ്പായും കവിതയുടെ മുഖ്യധാരയിൽ ഒരു കവി പിന്തള്ളപ്പെടും. അല്ലെങ്കിൽ ദൃശ്യതപ്പെടുത്തുന്ന പണി അവർക്കു വേണ്ടി വേറെ ആരെങ്കിലും ചെയ്യണം. ആനുകാലികങ്ങളുടെ എഡിറ്റർമാർക്ക് സ്വീകാര്യനാവുകയും പ്രസാധകരെ പിണക്കാതെ കൂടെനിർത്തുകയും ചെയ്തുകൊണ്ട് ആകെക്കൂടി ഒരു മേൽത്തട്ട് ഭാവുകത്വം ശീലിച്ചാൽ മാത്രമേ കവിതയുടെ നാട്ടുരാജ്യത്ത് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. സ്വർണ്ണക്കരയുള്ള മുണ്ടുടുത്താൽ മാത്രം ലഭ്യമാകുന്ന ഭാവുകത്വപരമായ ഈ സ്വീകാര്യത തെരുവിൽ തല്ലുകൂടി നേടിയെടുക്കാൻ സാധിക്കില്ല എന്ന് സാരം.

മലയാളത്തിൽ സമാഹരിക്കപ്പെടുന്ന കവിതാപുസ്തകങ്ങളിൽ മികച്ചത് എന്നു പറയാവുന്ന സമാഹാരങ്ങൾക്ക് രണ്ടാം പതിപ്പുണ്ടാകുന്നത് അപൂർവമാണ്. അതേസമയം അഞ്ചു പൈസയുടെ കാവ്യഗുണമില്ലാത്ത പുസ്തകങ്ങൾ രണ്ടായിരമോ അയ്യായിരമോ ഒക്കെ വിറ്റുപോകുന്നുമുണ്ട്. കവിതയ്ക്ക് ഏർപ്പെടുത്തിയ അവാർഡുകൾ ഇത്തരം കവിതകൾക്കാണോ കിട്ടേണ്ടത്? തങ്ങൾക്ക് അയച്ചുകിട്ടുന്ന പുസ്തകങ്ങൾവച്ച് അവാർഡ് നിർണയിക്കുന്ന രീതിയാണ് മിക്ക അവാർഡുകമ്മിറ്റികളും പിന്തുടരുന്നത്. ഇതത്ര ശരിയായ രീതിയല്ല എന്നാണ് എന്റെ അഭിപ്രായം. നല്ല വായനക്കാരും നിരൂപകരുമടങ്ങിയ ഒരു സമിതി കവികളെയും രചനകളെയും കണ്ടെത്തുന്നതാണ് നല്ലത്. അവാർഡു കമ്മിറ്റിയുടെ വിശദമായ റിവ്യൂവിനൊപ്പം അവാർഡു ജേതാക്കളുടെ തദ്വിവിഷയകമായ പ്രഭാഷണങ്ങൾ, എഴുത്തുകൾ എന്നിവയും പ്രസിദ്ധീകരിക്കണം. എന്താണ് കവിത എന്നറിഞ്ഞുകൊണ്ടുള്ള ഒരു വായനയ്ക്ക് ഇത് സഹായിക്കും. എത്ര ചെറുതായാലും ഓരോ അവാർഡും എഴുത്തുകാരെ സ്ഥാനപ്പെടുത്തുന്നുണ്ട്. പിന്നീടയാൾ ആ അവാർഡുകളുടെ പേരിലും കൂടിയാവും അറിയപ്പെടുക. തെറ്റായ ഒരു രചന അവാർഡിനായി പരിഗണിക്കപ്പെടാതിരിക്കുക എന്നത് അവാർഡു കമ്മിറ്റിക്കാർ അവശ്യം ശ്രദ്ധിക്കേണ്ട ഒരു സാംസ്‌കാരിക പ്രവർത്തനമാണ്. ഒന്നോ രണ്ടോ മുൻനിര അവാർഡുകൾ മാറ്റിവെച്ച് മലയാളത്തിലെ പുരസ്‌കൃതരചനകൾ പഠിക്കാനെടുത്താൽ അത് എഴുത്തിന്റെ യഥാർത്ഥചിത്രമല്ല വെളിപ്പെടുത്തുക എന്ന് ഉറപ്പ്.

മലയാളകവിത പുതിയ കാലത്ത് ഒറ്റയൊറ്റക്കവികളെ ചുറ്റിപ്പറ്റിയല്ല മുന്നേറുന്നത്. കവിതയുടെ സാധരണീകരണം കവികൾക്കുണ്ടായിരുന്ന പ്രഭാവലയം നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും ശ്രദ്ധിക്കേണ്ട ചില വ്യക്തികൾ ഉണ്ട്. ആഴത്തിൽ പണിയെടുത്ത് കവിതയുടെ അടിസ്ഥാന ഡിസൈനുകളുണ്ടാക്കുന്ന ഇവരെ കാണാതെ പോവുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നത് ശരിയല്ല.

വിഷ്ണുപ്രസാദിനെ പോലൊരാൾ മുഖ്യധാരയ്ക്ക് പുറത്തു നിൽക്കുന്നത്
മലയാളിയുടെ വായനയുടെ ഇരട്ടമുഖമാണ് കാണിച്ചു തരുന്നത്. എന്തെങ്കിലും ചെപ്പടിവിദ്യകൾ കാണിച്ചു കൊണ്ട് എഴുത്തുകാരല്ല ഇതിനെ മറികടക്കേണ്ടത് . അഭിരുചികളെ നിർണ്ണയിക്കാനുള്ള ധീരത പ്രസാധകരും കാണിക്കേണ്ടത് അവരുടെകൂടി നിലനിൽപ്പിൽ പ്രധാനമാണ്.

ബ്ലോഗുകാലത്തോടെ ആരംഭിച്ച മലയാളകവിതയുടെ ഏറ്റവും പുതിയ ഘട്ടം വിഷ്ണുപ്രസാദിനെപ്പോലുള്ള കവികളുടെ പേരിലാവും ഭാവിയിൽ അറിയപ്പെടുക. പക്ഷേ ആ പ്രശസ്തിയും ആനുകൂല്യങ്ങളും ജീവിച്ചിരിക്കുമ്പോഴും അവർ അർഹിക്കുന്നുണ്ട്. അത് ഉറപ്പു വരുത്തേണ്ടത് അച്ചടിയും വായനയും കവിതാചർച്ചകളും പുസ്തക പ്രസാധനവും പുരസ്‌കാരങ്ങളും അക്കാദമികസംവാദങ്ങളും ഒക്കെ ചേർന്ന കവിതയുടെ വിശാല മണ്ഡലമാണ്. കവിതയുടെ മണ്ഡലത്തിലെ ഈ പ്രതിസന്ധി കൂടുതൽ ചർച്ചകൾക്കായി മുന്നോട്ടുവയ്ക്കുന്നു.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments