‘ആഘോഷത്തിന് ആര് എണ്ണ പകരുന്നു?’

ആഘോഷങ്ങൾ ഉണ്ടാക്കിയെടുക്കുന്ന സ്പെയ്സിൽ, നവീനമായൊരു ആലോചനാജീവിതത്തെ രൂപപ്പെടുത്താനുള്ള സാദ്ധ്യതകളുണ്ടെന്ന വാദമുന്നയിക്കുകയാണ് സി.ജെ. ജോർജ്. ആ നിലയ്ക്ക് ലിറ്റററി ഫെസ്റ്റിവലുകൾക്ക് സാംഗത്യമുണ്ട്. ഒപ്പം, നിർണ്ണായകമായ ഒരു മാറിച്ചിന്തനയുടെ വേദിയായി ഈ ഫെസ്റ്റിവലുകൾക്ക് മാറാനായിട്ടുണ്ടോ എന്ന ചോദ്യവും.

സാഹിത്യോത്സവങ്ങൾ സാഹിത്യത്തെ പുനർനിർവ്വചിക്കുന്ന പെരുന്നാളുകളാണെന്ന് ഒരു സ്നേഹിതൻ പറയുകയുണ്ടായി. അതിനോട് വിയോജിക്കേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നിയതുമില്ല. ആശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും ആഘോഷങ്ങളാണല്ലോ അവ. അത് സാഹിത്യത്തെയും കലയെയും നവീകരിക്കുമെന്നു ചിന്തിക്കുന്ന വേദിയും വേളയുമാവുക സ്വാഭാവികമാണ്. കലാസാഹിത്യ-ചിന്താരംഗങ്ങളിലെ നവീകരണം മനുഷ്യരെയും നവീകരിക്കും. എന്തായാലും വിവിധ ഏജൻസികൾ സംഘാടകരായി രംഗത്തുവന്നതോടെ കേരളത്തിലെങ്കിലും സാഹിത്യോത്സവം ഒരു ട്രെന്റായി മാറിയിട്ടുണ്ട്.

ആധുനികവും പൂർവ്വാധുനികവും പ്രാചീനവുമായ മൂഢവിശ്വാസങ്ങൾ വിപണനം ചെയ്യുന്ന പീടികകളും തെരുവുകളും സദസ്സുകളും ശക്തമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഭിന്നങ്ങളായ ആശയാവിഷ്കാരങ്ങളിലേക്കും സൗന്ദര്യാവിഷ്കാരങ്ങളിലേക്കും ശ്രദ്ധയാകർഷിക്കുന്ന ഏതൊരു സമ്പർക്കപരിപാടിയെയും ഗുണകരമായി കാണേണ്ടതുണ്ട് എന്ന മട്ടിൽ പറഞ്ഞുപറഞ്ഞ് ഞങ്ങൾ കയറിപ്പോയി. 1980- കളിൽ ഫിലിം ഫെസ്റ്റിവലുകൾ കടന്നുവന്നതിനെക്കുറിച്ചും അതുണ്ടാക്കിയ ഉത്സാഹങ്ങളെക്കുറിച്ചും ഞങ്ങൾ സ്മരിച്ചു. അയവിറക്കി എന്നു പറയുന്നതാണ് കൂടുതൽ ശരി. കാരണം, കുറച്ചുകാലമായി ഞങ്ങൾ രണ്ടുപേർക്കും അതിനൊന്നും പോകാനൊക്കാറില്ല. ജീവിതം തന്നെ സിനിമയായി മാറിയ നിലയ്ക്ക് ഇനിയതിന്റെയൊന്നും ആവശ്യമില്ല എന്നൊരു കിട്ടാപ്പുളിന്യായം പറഞ്ഞ് ഞങ്ങൾ ആഘോഷചിത്തരായി. അതിനിടെ കൊച്ചിയിൽ നടന്നുവരുന്ന ബിനാലെകളിൽ പങ്കെടുത്തതിന്റെ സന്തോഷകരമായ ഓർമകൾ ഞാൻ പറഞ്ഞു. കലാസൗന്ദര്യത്തെ സംബന്ധിച്ച നാളതുവരെയുണ്ടായിരുന്ന കാഴ്ചപ്പാടേ മാറ്റിമറിച്ച അനുഭവമായിരുന്നു അവിടെനിന്നു ലഭിച്ചത് എന്നൊക്കെ ഞാൻ അവകാശവാദം ഉന്നയിച്ചു. ‘വേദനയുടെ കടൽ’ എന്നോ മറ്റോ പേരുണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷനും ഭാഗ്യനാഥിന്റെ ചിത്രപരമ്പരയുമൊക്കെ ഓർത്തുകൊണ്ട്, അവിടെ നടന്ന ചില സംവാദപരിപാടികൾ ഓർത്തുകൊണ്ട് ഒക്കെയാണത് പറഞ്ഞത്.

കൊച്ചി മുസിരിസ് ബിനാലെ

ഫെസ്റ്റിവൽ സ്​പെയ്സിന്റെ
സാധ്യതകൾ

സാഹിത്യോത്സവങ്ങൾ ബിനാലെ പോലെയല്ല. അത് കൂടുതൽ ജനകീയമാണ്. ആളൊഴുക്ക് കൂടുതലാണ്. ദീർഘകാലം എന്നൊന്ന് അവിടില്ല. കണ്ടിടത്തോളം, കെട്ടുകണക്കിന് സെഷനുകളിലായി എഴുത്തുകാരും കലാകർത്താക്കളും സ്കോളേഴ്സും സംസാരിച്ചിറങ്ങിപ്പോകുന്ന ഇടമാണത്. മൂന്നു നാലു ദിവസത്തെ പരിപാടിയാണത്. അവിടെ വലിയ കലാവിചാരമൊന്നും പ്രതീക്ഷിക്കുന്നത് ശരിയായിരിക്കില്ല. സംഘാടനത്തിലേ വലുപ്പമുള്ളൂ. സംവാദങ്ങൾ വിസംവാദത്തിന് ഇടമില്ലാത്ത മട്ടിൽ ചെറുതാണ്. ആഘോഷത്തിൽ വിസംവാദം അനുചിതവുമാണ്. ആളുകളാണ് മുൻതള്ളി നിൽക്കുക. അവരെ നേരിൽ കാണുന്നതിന്റെ കൗതുകമാണ് മിക്കവാറും തൃപ്തിപ്പെടുക. അതൊന്നും തെറ്റൊന്നുമല്ല. അതിന്റെ സ്വഭാവത്തിൽ അതുണ്ട് എന്നു മാത്രമാണ് സൂചിപ്പിക്കുന്നത്.

കേരളത്തെ സംബന്ധിച്ച്, വിപണനം ലക്ഷ്യമാക്കി നടന്നുവന്നിരുന്ന പുസ്തകോത്സവങ്ങളുടെ തുടർച്ചയും വികാസവുമായി സാഹിത്യഫെസ്റ്റിവലുകളെ കാണാം.

കേരളത്തെ സംബന്ധിച്ച്, വിപണനം ലക്ഷ്യമാക്കി നടന്നുവന്നിരുന്ന പുസ്തകോത്സവങ്ങളുടെ തുടർച്ചയും വികാസവുമായി സാഹിത്യഫെസ്റ്റിവലുകളെ കാണാം. പുസ്തകപ്രദർശനവും അതിനനുബന്ധമായി കുറച്ചു സാഹിത്യചർച്ചയും പുസ്തകപ്രകാശനങ്ങളും - ഇതായിരുന്നു പുസ്തകോത്സവങ്ങളുടെ രീതി. അത് തുടർന്നുപോരുമ്പോൾത്തന്നെയാണ് സാഹിത്യോത്സവങ്ങളുടെ കടന്നുവരവ്. നേരിട്ടുള്ള പുസ്തകവിപണനത്തെ മാറ്റിനിർത്തി, എഴുത്തുകാരെയും ആവിഷ്കാരങ്ങളെയും ആശയങ്ങളെയും തഴുകിത്തലോടിയും അഭിവാദ്യം ചെയ്തു പോകാനുള്ള ഇടമായേ അതിനെ മനസ്സിലാക്കാൻ കഴിയുന്നുള്ളു. കൊണ്ടാടലാണ് അതിന്റെ പറയപ്പെടാത്ത താല്പര്യം. കൊണ്ടാടുന്നത് ഭാവനയുടെയും ചിന്തയുടെയും മേഖലകളിൽ വ്യാപരിക്കുന്നവരെയും ആവിഷ്കാരങ്ങളെയും പുരസ്കരിച്ചാകയാൽ സ്വാഗതാർഹം തന്നെയാണിത്. ചെറിയ അളവിലുള്ള വർത്തമാനങ്ങളൊക്കെ അവിടെ നടക്കുകയും ചെയ്യുമല്ലോ.

സാഹിത്യ ഫെസ്റ്റിവെലിൽ നിന്ന്

പുതിയ കാര്യമായാണ് പൊതുവെ ധരിക്കുന്നതെങ്കിലും, സൂചിപ്പിച്ചതുപോലെ പുസ്തകോത്സവങ്ങളുടെയും നാടകോത്സവങ്ങളുടെയും ശില്പശാലകളുടെയും സാഹിത്യ- കലാസംവാദങ്ങളുടെയും ഫിലിമോത്സവങ്ങളുടെയും പാരമ്പര്യത്തിൽനിന്നുവരുന്നതാണ് സാഹിത്യോത്സവങ്ങൾ. ഉത്സവപ്പറമ്പുകളിലെ ആവിഷ്കാരങ്ങളും പ്രകടനങ്ങളും കണക്കിലെടുത്താൽ പ്രാചീന നൃത്ത-നാടകാവിഷ്കാരങ്ങളും മറ്റു അരങ്ങേറിയ ഇടങ്ങളിലേക്കെല്ലാം നോട്ടം പോകാം. അതേസമയം, നവീനമായൊരു പ്രവണതയായി അതിനെ മനസ്സിലാക്കുന്നതിലും തെറ്റില്ല. മെട്രോ നഗരങ്ങളും വീതിയേറിയ പാതകളും വൻകിട സൂപ്പർ മാർക്കറ്റുകളും രൂപപ്പെട്ട കാലത്ത്, ബൃഹദാഖ്യാനങ്ങൾ തകർന്നുവെന്നൊക്കെ ഉദ്ഘോഷിക്കപ്പെടുന്ന കാലത്ത്, രൂപത്തിലെങ്കിലും ബൃഹത്തായ ഏർപ്പാടുകൾ അനിവാര്യമായിത്തീരുകയാകാം. ചെറിയതും പഴയതുമായ പാർക്കുകൾ പോലും ഇന്ന് ആരും തിരിഞ്ഞുനോക്കാതെ ഒഴിഞ്ഞുകിടക്കുന്നതുകാണാം. കിടപ്പുരോഗികൾക്കൊഴികെ, വിശ്രമമല്ല, ആഘോഷമാണ് സമകാലത്തിന്റെ താല്പര്യം. ഒഴുക്കാണതിന്റെ സൗന്ദര്യശാസ്ത്രം. എന്തായാലും, ആഘോഷങ്ങൾ ഉണ്ടാക്കിയെടുക്കുന്ന സ്പെയ്സ് ആരോഗ്യകരമായ സൂക്ഷ്മ പ്രവണതകളോടുകൂടിയതാണെന്നു കാണേണ്ടതുണ്ട്. സാദ്ധ്യതകൾ അവിടെയുണ്ട്. നവീനമായൊരു ആലോചനാജീവിതത്തെ രൂപപ്പെടുത്താനുള്ള സാദ്ധ്യതകൾ. ഭാവനകളെ ഉത്തേജിപ്പിക്കുവാനുള്ള സാദ്ധ്യതകൾ. ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം പ്രയോഗിക്കാനുള്ള സാദ്ധ്യതകൾ -അതൊക്കെയുണ്ട്.

സാഹിത്യത്തിന്റെയും സാംസ്കാരിക വിചാരത്തിന്റെയും മേഖലകളിൽ വിപണികേന്ദ്രിതമായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഘടനകളെയും തട്ടുകളെയും ശുശ്രൂഷിക്കുകയും ദൃഢപ്പെടുത്തുകയും കാണിച്ചു കാണിച്ചുറപ്പിക്കുന്നതുമല്ലാതെ, ഏതെങ്കിലും നിർണ്ണായകമായ ഒരു മാറിച്ചിന്തനയുടെ വേദിയായി ഈ ഫെസ്റ്റിവലുകൾ മാറിയിട്ടുണ്ടോ?

പ്രതീക്ഷകൾ
എവിടെവരെ?

കലാവിഷ്കാരങ്ങളുടെയും ആശയസംവാദങ്ങളുടെയും വികാസം നവീനതകൾ തേടുന്ന സംസ്കാരങ്ങളെ സംബന്ധിച്ച് പരമപ്രധാനമാണ്. വിചാരജീവിതം നയിക്കുന്ന മനുഷ്യർ രൂപ്പെടാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു എന്നതാണ് ഇതിന്റെയൊക്കെ പ്രയോജനം. നവീനമായ അവബോധവും മൂല്യധാരണകളും രൂപപ്പെടുത്തുന്നതിനുതകുന്ന ഇടങ്ങൾ അവ ഒരുക്കിത്തരുന്നു. ആളുകൾ മാത്രമല്ല, അറിവും ഭാവനയും സമ്മേളിക്കുന്ന പൊതുവായ ഇടങ്ങൾ. ഇത് വിശാലമായ അർത്ഥത്തിൽ ജനാധിപത്യസംസ്കാരത്തിനു കരുത്തേകുന്ന അന്വേഷണങ്ങളെ ഉത്സാഹിപ്പിച്ചേക്കാം, നവീകൃതരായ വ്യക്തികളെ രൂപപ്പെടുത്തിയേക്കാം. ഉത്സവസ്ഥലത്തുനിന്ന് സാധനങ്ങൾ വാങ്ങാൻ കിട്ടുന്നതുപോലെ ആശയങ്ങളും അവബോധങ്ങളും ലഭിക്കുമെന്ന ധാരണയോടെയല്ല ഇതു പറയുന്നത്. ഒറ്റയടിപ്പാതകളിൽനിന്ന് ഇറങ്ങിനടക്കാനുള്ള വിളി അവിടെ ഉണ്ടെന്നു മാത്രമാണ് സൂചന. ലോകത്തെമ്പാടുമുള്ള ജനതകൾ വിവിധ ഭാഷകളിൽ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന നവീനതകളെ ശ്രദ്ധിക്കാനും അറിയാനും പഠിക്കാനുമുള്ള ആഹ്വാനം അവിടെയുണ്ടാകാം. തളംകെട്ടിയ സൗന്ദര്യത്തെയും പ്രത്യശാസ്ത്രങ്ങളെയും കടന്നുപോകാനുള്ള സാദ്ധ്യതകൾ കൂടിയാണത്. ആ നിലയിൽ സ്വാഗതാർഹമായ ആഘോഷങ്ങളുടെ കൂട്ടത്തിൽ മുൻനിരയിൽ വരുന്നു ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ.

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന്

ആലോചനാപൂർവ്വകമായും സ്വതന്ത്രമായും സംവിധാനം ചെയ്യപ്പെടുകയാണെങ്കിൽ അവ സാംസ്കാരികസംഭവങ്ങളായി പരിണമിച്ചേക്കാം. കലാരംഗത്തും ചിന്താരംഗത്തും പുതിയ സംരംഭങ്ങൾക്ക്, പുതിയ പ്രവണതകൾക്ക് നിലമൊരുക്കുന്ന ഇടപെടലുകളായി അവ മാറിയേക്കാം. ഇതൊക്കെ അതിരുവിട്ട പ്രതീക്ഷകളാവുമോ? കഴിഞ്ഞിടത്തോളം അത് സാഹിത്യത്തിലും കലയിലും ചിന്തയിലും ഇമ്പാക്റ്റുണ്ടാക്കിയതിന്റെ തെളിവുകൾ പരതിയെടുക്കേണ്ടതായാണ് ഇരിക്കുന്നത്. സാഹിത്യത്തിന്റെയും സാംസ്കാരിക വിചാരത്തിന്റെയും മേഖലകളിൽ വിപണികേന്ദ്രിതമായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഘടനകളെയും തട്ടുകളെയും ശുശ്രൂഷിക്കുകയും ദൃഢപ്പെടുത്തുകയും കാണിച്ചു കാണിച്ചുറപ്പിക്കുന്നതുമല്ലാതെ ഏതെങ്കിലും നിർണ്ണായകമായ ഒരു മാറിച്ചിന്തനയുടെ വേദിയായി ഈ ഫെസ്റ്റിവലുകൾ മാറിയിട്ടുണ്ടോ എന്ന് ഇതൊക്കെ സംഘടിപ്പിക്കുന്നവരും അതിന്റെ ഉള്ളടക്കം രൂപപ്പെടുത്തുന്നവരും സാമൂഹികപഠിതാക്കളും ഗൗരവമായി ആലോചിക്കുന്നതു നന്നാകും. അങ്ങനെ ചെയ്താൽ, നന്മയുറ്റതെങ്കിലും, കൊണ്ടാടലിനപ്പുറം ഗൗരവതരമായ ആലോചനകൾക്കും ആശയോത്ഭവത്തിനും ആവിഷ്കാരങ്ങൾക്കും ആത്മപുനർനിർമ്മിതിക്കുമൊക്കെ അതു സഹായകമായേക്കാം.

സാഹിത്യോത്സവത്തിലെ കൂടിയിരുപ്പുകളും സംവാദമെന്നു വിളിക്കാറുള്ള സംഭാഷണവും പരിഗണിക്കുമ്പോൾ, തത്ത്വവിചാരചരിത്രത്തിലേക്കും കണ്ണയച്ചുപോകും. നാടകീയമായ സംഭാഷണങ്ങളിലൂടെ പ്ലേറ്റോയും കൂട്ടരും നയിച്ചുണ്ടാക്കിയ ചിന്തകൾ ഓർക്കുക.

ചില ഭൂതകാല സംവാദങ്ങൾ

ഇതു പറയുമ്പോൾ രണ്ടു കാലങ്ങളിലേക്ക് നോക്കാനാണ് തോന്നുന്നത്, പ്രാചീനമായ കാലത്തേക്കും സമീപഭൂതകാലത്തിലേക്കും.

ഗ്രീസിലെ നാടകരംഗം പരിവർത്തനപ്പെട്ടുവന്നതിന്റെ ചരിത്രമാണ് ആദ്യത്തേത്. ക്രിസ്തുവിനും അഞ്ചാറു നൂറ്റാണ്ടു മുമ്പാണല്ലോ അഥീനിയൻ തിയേറ്ററിനു വിത്തുവീണ് വിടർന്നുവന്നത്. തിയേറ്ററൊന്നും ഉണ്ടായിരുന്നില്ല. ആഘോഷമായിരുന്നു ആകെയുള്ളത്. ഡയനീഷ്യസിനോടുള്ള ആരാധന പ്രഖ്യാപിച്ചും, കൂടിയാടി മേളിക്കുന്നതിന്റെ ആനന്ദം അനുഭവിച്ചും ആസ്വദിച്ചും ആളുകൾ അർമ്മാദിക്കുന്ന ഉത്സവപ്പറമ്പിൽ നൃത്തരൂപംകൊണ്ട ആവിഷ്കാരത്തിൽനിന്നൊരാൾ ചാടിമാറി വേറിട്ടുനിന്ന് സംഭാഷണത്തിനു തുടക്കമിട്ട കഥ നാടക സാഹിത്യ ചരിത്രങ്ങളിൽ വായിക്കാം. നൃത്തക്കാരൻ വേറിട്ട് നടനായി മാറിയതിന്റെ ആദ്യ കഥയാണത്. ഭാഷയെ വിചാരപരമായൊരു വ്യതിയാനത്തിലേക്ക് മാറ്റി സ്ഥാപിക്കുന്ന ഒരു കർമമായിവേണം അതിനെ മനസ്സിലാക്കാൻ എന്നു തോന്നിയിട്ടുണ്ട്. വർത്തമാനം പറച്ചിലല്ല സംഭാഷണം. വാരണാസി സർവകലാശാല ഉദ്ഘാടന വേളയിൽ ഗാന്ധി നടത്തിയ പ്രസിദ്ധവും വിവാദകരവുമായ പ്രസംഗത്തിലെ ഒരു പ്രയോഗം കടമെടുത്തു പറഞ്ഞാൽ ഉറക്കെ ചിന്തിക്കലാണ്, നാടകം ചിന്തയുടെ കലാരൂപമാണ്.

വാരണാസി സർവകലാശാല ഉദ്ഘാടന വേളയിൽ മഹാത്മ ഗാന്ധിജി സംസാരിക്കുന്നു

സംഭാഷകന്റെ പിറവിക്കുമീതെ മീതെ ഘട്ടം ഘട്ടമായുണ്ടായ പരിവർത്തനങ്ങളിലൂടെ ഈസ്കിലസ്സും സോഫോക്ലിസ്സും യൂറിപ്പിഡിസ്സും ഒക്കെ വന്നു. നാടകവും നാടകശാലയും പുതിയ സൗന്ദര്യവും പുതിയ ഭാവുകത്വവും പുതിയ സൗന്ദര്യശാസ്ത്രവും ഉളവായി വന്നതിന്റെ ഒരു സംക്ഷിപ്ത ചരിത്രമാണിത്. ഉത്സവത്തിൽനിന്ന് ഉയർന്നുവരാവുന്ന ഉണർച്ചകളെക്കുറിച്ച് ഓർത്തുനോക്കാനൊരു അവസരം ഇതു നൽകുന്നുണ്ട്. സാഹിത്യോത്സവത്തിലെ കൂടിയിരുപ്പുകളും സംവാദമെന്നു വിളിക്കാറുള്ള സംഭാഷണവും പരിഗണിക്കുമ്പോൾ, തത്ത്വവിചാരചരിത്രത്തിലേക്കും കണ്ണയച്ചുപോകും. നാടകീയമായ സംഭാഷണങ്ങളിലൂടെ പ്ലേറ്റോയും കൂട്ടരും നയിച്ചുണ്ടാക്കിയ ചിന്തകൾ ഓർക്കുക. സൗന്ദര്യതത്ത്വവിചാരവുമുണ്ടായിരുന്നു അതിന്റെ ഭാഗമായിട്ട്. പിൽക്കാലത്ത്, ഗോഥെയും എക്കർമാനും തമ്മിലുണ്ടായ സംഭാഷണങ്ങളെയും ഓർക്കാവുന്നതാണ്. അപ്പോഴൊക്കെ പുതിയ പുതിയ വിചാരങ്ങൾ ഉരുത്തിരിയുകയാണ്. നിരീക്ഷണങ്ങളും നിഗമനങ്ങളും പിറക്കുകയാണ്. ഇപ്പോൾ നടക്കുന്ന സംവാദമൊക്കെ അത്തരം സാദ്ധ്യതകളെ ഉൾവഹിക്കുന്നുണ്ട്. എന്നാൽ, അതിനൊക്കെ ഉന്നമിടുന്നുണ്ടോ സാഹിത്യഫെസ്റ്റിവലുകളിലെ വർത്തമാനം പറച്ചിലുകൾ? അവിടെ വെച്ചു വേണമെന്നില്ല, അവിടം വിട്ടുപോകുമ്പോഴെങ്കിലും ആലോചിക്കുവാനും ആവിഷ്കരിക്കാനുമുള്ള പുതിയ ഇടങ്ങളെ സംബന്ധിച്ച വല്ല പ്രചോദനവും കിട്ടുന്നുണ്ടാകുമോ? അറിയില്ല. ഉണ്ടെങ്കിൽ നന്ന് എന്ന വിചാരമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്.

പ്രവാഹസ്വഭാവിയായ അനുഭവപരമ്പരകളുടെ തഴുകിത്തലോടിയുള്ള സഞ്ചാരാനുഭവമാണ് പുതിയ കാലത്ത് ഉത്സവത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്.

രണ്ടാമത് ഓർത്തത്, നമ്മുടെ നാട്ടിൽ 1940- കളുടെ അവസാനകാലം മുതൽ നടന്നുവന്ന ചില സാഹിത്യ-സംസ്കാരിക- രാഷ്ട്രീയ-കലാസംവാദപരിപാടികളെക്കുറിച്ചാണ്. 30- കളിൽ കേസരിയിൽ തുടക്കം കുറിച്ച പുരോഗമന സാഹിത്യചിന്തകളുടെ തുടർച്ചയായിരുന്നു അത്. നവസാഹിതി എന്ന പേരിൽ എം. ഗോവിന്ദൻ മുഖ്യകണ്ണിയായി രൂപം കൊണ്ട പ്രസ്ഥാനവും അതിന്റെ തുടർരൂപങ്ങളും ചേർന്ന് കലാരംഗത്തും ആശയരംഗത്തും രാഷ്ട്രീയത്തിലും പ്രസക്തമായ വിഷയങ്ങളെ സംബന്ധിച്ച് ആഴത്തിലുള്ള ആലോചനാസദസ്സുകൾ ഉടലെടുത്തു. വ്യവസ്ഥാപിത പുരോഗമന പ്രസ്ഥാനത്തിൽനിന്നു വ്യത്യസ്തമായി സ്വതന്ത്രമായ ആലോചനകളും ആവിഷ്കാരങ്ങളും കോർത്തിണക്കിയ നിരന്തര സംവാദങ്ങളിലൂടെ നാടകം, രാഷ്ട്രീയാധികാരം, ജനാധിപത്യം, സിനിമ തുടങ്ങിയ മേഖലകളിൽ ഊന്നൽ കൊടുത്തുള്ള കൂട്ടായ ചർച്ചകൾ നടന്നു. മുദ്രയടിയും വിമർശനവും ഏൽക്കേണ്ടിവന്നുവെങ്കിലും അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും മലയാള സാഹിത്യ- കലാരംഗത്തുണ്ടായ പുതുക്കങ്ങളിൽ ആ മൗലികമായ സംവാദപരമ്പര ചെലുത്തിയ പ്രഭാവം ചെറുതല്ല. അടഞ്ഞ്, പ്രത്യയശാസ്ത്രങ്ങളായി മാറിപ്പോകാത്ത ആശയങ്ങൾ നിരന്തരം ചലിക്കുന്നതിന് കളമൊരുക്കുക എന്നതാണ് കലയുടെയും ചിന്തയുടെയും രാഷ്ട്രീയത്തിന് സാംഗത്യമേകുന്നതെന്ന വിചാരത്തോടെ ഗോവിന്ദൻ പ്രസരിപ്പിച്ച ഊർജ്ജമായിരുന്നു ഈ സംവാദവേദികളുടെ പ്രാണൻ. ആണ്ടുകൊണ്ടാട്ടമായി വിഭാവനം ചെയ്യപ്പെട്ടതായിരുന്നില്ല അത്. വിഷനും വീക്ഷണവും നവീനതയോടുള്ള ആഭിമുഖ്യവുമായിരുന്നു അവിടെ പരീക്ഷിക്കപ്പെട്ടുകൊണ്ടിരുന്നത്. അതും ഉത്സവമായി അനുഭവിച്ചവരുണ്ട്.

എം. ഗോവിന്ദൻ

എം. ഗോവിന്ദൻ അന്തരിച്ചപ്പോൾ അദ്ദേഹത്തെ അനുസ്മരിച്ച് എം. ഗംഗാധരൻ ജയകേരളത്തിൽ എഴുതിയ കുറിപ്പിന് ‘നിലച്ച നിത്യോത്സവം’ എന്നു തലക്കെട്ടെഴുതിയത് ഓർക്കുന്നു. ഉന്മേഷകരമായ ഒത്തുചേരലുകൾ, സംവാദങ്ങൾ, വിനിമയങ്ങൾ തുടങ്ങിയ ഇഴകളെ മുൻനിറുത്തിയാകാം അവിടെ ഉത്സവപരാമർശം ഉടലെടുക്കുന്നത്. എന്നാൽ ഉത്സവത്തിന് ആ മട്ടിലുള്ള അർത്ഥബന്ധങ്ങൾ ഇനിയും മുന്നോട്ടു കല്പിക്കാൻ കഴിയുമോ? സംശയമുണ്ട്.

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പ്രവാഹസ്വഭാവിയായ അനുഭവപരമ്പരകളുടെ തഴുകിത്തലോടിയുള്ള സഞ്ചാരാനുഭവമാണ് പുതിയ കാലത്ത് ഉത്സവത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഈ നവീനോത്സവത്തിന്റെ ആഹ്ലാദത്തെക്കാൾ ഉണർച്ചയുടെ ഒരു തലം മേല്പറഞ്ഞ സംവാദപാരമ്പര്യത്തിൽ ഉണ്ടായിരുന്നുവെന്ന് വായിച്ചറിയുമ്പോൾ തോന്നിയിട്ടുണ്ട്. സമകാല ഉത്സവങ്ങളിൽനിന്ന് ഇത്തരം ഉണർച്ചകൾ പ്രതീക്ഷിക്കുന്നത് എത്രത്തോളം ശരിയാകും? ശരിയാകുമായിരിക്കാം. ശരിയാകില്ലായിരിക്കാം. എങ്കിലും, ചിന്താവൈഭവമുള്ള ആളുകളുടെ ഭാവനാത്മകമായ ആസൂത്രണത്തിൽ ലിറ്ററേച്ചർ ഫെസ്റ്റിവലുകൾക്ക്, എണ്ണവും വണ്ണവും പ്രീതിയും വിട്ട് ചില ലക്ഷ്യങ്ങളെ സങ്കല്പിക്കാനും അതിനെ ലാക്കാക്കി സഞ്ചരിക്കാനും അതുവഴി അതിന്റെ ഭാഗമാകുന്നവരെ ചിന്താധീനരും ഭാവനാധീനരുമാക്കാനും കഴിഞ്ഞേക്കും.

ഇന്നിപ്പോൾ സാഹിത്യോത്സവങ്ങൾ ഭരണകൂടത്തിന്റെ സംരക്ഷണയിൽ നടക്കുന്നു. ഉദാരതയുടെ വികാസം. ജനാധിപത്യവൽക്കരണം. സമസ്ത പൗരപ്രമുഖരെയും ഒന്നിച്ചു കൂടെക്കൂട്ടുന്ന ആഘോഷം. സന്തോഷകരമാണിത്.

തുടക്കത്തിൽ പരാമർശിച്ച ബിനാലെയിലേക്ക് നോട്ടമയച്ചുകൊണ്ട് ഈ സ്മരണാരൂപത്തിലുള്ള ചെറിയ ആലോചന അവസാനിപ്പിക്കാം. പറഞ്ഞല്ലോ, അത് ഒരു ഉന്മേഷകരമായ അനുഭവമായിരുന്നുവെന്ന്. ബൃഹത്താണ് അതിന്റെ സ്വരൂപം. പലയിടത്തായി സംവിധാനം ചെയ്തിരിക്കുന്ന ഇൻസ്റ്റലേഷൻസ് ആണ് അതിന്റെ പ്രധാനപ്പെട്ടൊരു ആകർഷണവിശേഷം. ഫോട്ടോ പ്രദർശനവും കാർട്ടൂൺ പ്രദർശനവും ചിത്രപ്രദർശനവും ചില്ലറ സംവാദവേളകളും എല്ലാമുണ്ട്. എന്നാൽ കലകളുടെ മ്യൂസിയമല്ലത്. ഒരുതരത്തിൽ അയഞ്ഞു കിടക്കുമ്പോഴും, മറ്റൊരു തരത്തിൽ തുറന്നുകിടക്കുമ്പോഴും, കെ ജി ജോർജ്ജിന്റെ സിനിമകളിൽ സംവിധായകനെന്നപോലെ, ലക്ഷ്യബോധമുള്ള ഒരു കലാകർത്താവിന്റെ ആസൂത്രണസാന്നിദ്ധ്യം അവിടെ അനുഭവിച്ചു. അവിടെ കവിതയും രൂപങ്ങളും തത്ത്വചിന്താപരവും സൌന്ദര്യചിന്താപരമായ ആവേഗങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ട് ആളുകളെ മാറ്റിപ്പണിയുകയാണെന്നു തോന്നി. കല ജീവിതത്തെ വ്യാഖ്യാനിക്കുന്ന സിദ്ധാന്തസാന്നിദ്ധ്യങ്ങളായി പ്രവർത്തിക്കുകയാണ് എന്നൊക്കെപ്പറയാം. ഭാഷയെന്നത് നിരവധിയായ ഭാഷാശില്പങ്ങളും രൂപങ്ങളും നിറഞ്ഞ ഒരു കലാവിന്യാസ ലോകത്തിന്റെ പേരാണ് എന്നു സങ്കല്പിച്ചാനന്ദിക്കാൻ പോലും അത് പ്രേരിപ്പിച്ചു. അത്തരം തോന്നലുകൾക്ക് ഇടമനുവദിക്കുന്ന മട്ടിൽ സാഹിത്യോത്സവങ്ങൾ സാദ്ധ്യമാകുമോ? അതിന്റെ ആവശ്യമുണ്ടോ? കുളം പുഴയെന്നപോലൊഴുകാത്തതെന്ത് എന്നു നിനയ്ക്കുന്നതിൽ കാര്യമുണ്ടോ? ആരറിയുന്നു? - ആഘോഷങ്ങൾ ആഘോഷങ്ങളാണ്, സന്തോഷിക്കാനുള്ളതാണ്.

കല്പറ്റ നാരായണൻ

സന്തോഷത്തെക്കുറിച്ച് മന്ഥര എന്ന കവിതയിൽ കല്പറ്റ നാരായണൻ ഭാവന ചെയ്യുന്നുണ്ട്. ചിന്തകളായി അതു പരിണമിക്കുന്നുമുണ്ട്. രാമായണകഥാപാത്രമായ മന്ഥരയിൽ നോട്ടമിട്ടു തുടങ്ങിപ്പോയ ഒരെഴുത്തിന്റെ തുടർച്ചയിൽ സംഭവിച്ചുപോകുന്നതാണത്. വഴിവിട്ടു ചിന്തിച്ചുപോയതാണെന്നും പറയാം. ചിന്താവിഷ്ടയായ മന്ഥര, അതിലെ ചില വരികൾ, സന്ദർഭത്തിൽനിന്നു വിട്ടുവന്നാൽ ഇവിടെ ചിലതു പറയാനുണ്ടാവും.

“സന്തോഷിക്കുന്നവരെല്ലാം
സന്തോഷിക്കാനാവാത്തവരിൽ സന്തോഷിക്കുകയാണ്.
ബഹിഷ്കൃതരേയോ
രോഗികളെയോ
വിരൂപരെയോ പോലെ
ആഘോഷത്തിന്റെ ക്രൂരത ആരറിയുന്നു?”

ആഘോഷങ്ങൾ, ഉത്സവങ്ങൾ - ഇതൊക്കെയാണ് മനുഷ്യർക്ക് സംസ്കാരത്തിൽ ലീനമായ ഹിംസകളെയും ഭരണകൂടത്തെയും മറന്നു ജീവിക്കാൻ കിട്ടിയിരുന്ന അവസരങ്ങൾ. ഇന്നിപ്പോൾ അവയും ഭരണകൂടത്തിന്റെ സംരക്ഷണയിൽ നടക്കുന്നു. ഉദാരതയുടെ വികാസം. ജനാധിപത്യവൽക്കരണം. സമസ്ത പൗരപ്രമുഖരെയും ഒന്നിച്ചു കൂടെക്കൂട്ടുന്ന ആഘോഷം. സന്തോഷകരമാണിത്. സന്താപാനന്തരകാലം നിലവിൽവന്നുവെന്ന് കാലഘട്ടനിർണ്ണയനക്കാർക്ക് സാങ്കേതിക സംജ്ഞയുണ്ടാക്കി അടയാളമിടാം.

മേലുദ്ധരിച്ച കവിതാഭാഗത്തിനു കീഴെ ഇങ്ങനെയും ഒരു വരിയുണ്ട്:
“ആഘോഷത്തിന് ആര് എണ്ണ പകരുന്നു?”

(*തലക്കെട്ട് കൽപ്പറ്റ നാരായണന്റെ കവിതയിൽനിന്നു പകർത്തിയത്.)


സി.ജെ. ജോർജ്ജ്

കോഴിക്കോട്​ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്​കർ മെ​മ്മോറിയൽ ഗവ. കോളജിൽ അസോസിയറ്റ്​ പ്രൊഫസർ ആയിരുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments