‘‘കവിത ആത്മനിഷ്ഠമായി തന്നെ എഴുതണമെന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത വളരെ ആത്മനിഷ്ഠവും തീവ്രവുമാണ്. ‘ഇതെന്റെ രക്തമാണ്, ഇതെന്റെ മാംസമാണ്, എടുത്തുകൊൾക’ എന്നു പറയുന്നതുപോലെ, തന്റെ രക്തവും മാംസവുമായ കവിതയാണത്. അതിന് നല്ല ഇന്റൻസിറ്റിയുണ്ടാകും. പക്ഷെ, അത് തീരും. മനുഷ്യർ അവരെ ആവിഷ്കരിച്ച് കഴിയും. പ്ലമേനമ്മായി എഴുതാൻ തുടങ്ങുന്നതുവരെയുള്ള കാലഘട്ടത്തിൽ ഞാൻ എഴുതിയിരുന്നത്, ആത്മനിഷ്ഠമായ, എന്റെ രക്തവും മാംസവുമായ രചനകൾ തന്നെയാണ്. അത് ഒരു ഘട്ടം കഴിയുമ്പോൾ കഴിയും. കഴിഞ്ഞില്ലെങ്കിൽ നമ്മുടെ കവിത ആവർത്തനമാകും. ഉള്ളിലെ ഖനി തീരുമ്പോൾ എഴുത്ത് നിർത്തേണ്ടിവരും. തുടരണമെന്നുണ്ടെങ്കിൽ ആത്മനിഷ്ഠമായ രചനാരീതി വസ്തുനിഷ്ഠമായി മാറ്റണം. മറ്റുള്ളവരെയും മറ്റു ലോകങ്ങളെയും കൂടി കാണണം. അത് സാധിക്കാത്തതുകൊണ്ടാണ് ചുള്ളിക്കാടിന് ഇപ്പോൾ എഴുതാൻ പറ്റാത്തത്’’- കെ.ആർ. ടോണി പറയുന്നു.
‘‘എഴുത്തുരീതികളിൽ വൈവിധ്യം വേണ്ടേ? അതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഞാൻ പ്ലമേനമ്മായി എഴുതിയത്. ആത്മനിഷ്ഠസ്വഭാവത്തിൽനിന്ന് ഒന്നു മാറിയെന്നു മാത്രമേയുള്ളൂ. അത് മാറ്റിയില്ലെങ്കിൽ എനിക്ക് എഴുതാൻ പറ്റില്ല. അത് കവി എന്ന നിലയിലുള്ള എന്റെ വളർച്ചയുടെ ഭാഗമാണ്. ശ്രദ്ധക്കുറവല്ല, കവിതയുടെ വൈവിധ്യവൽക്കരണത്തിന്റെയും വികാസത്തിന്റെയും ഭാഗമാണത്’’