അബുദാബി ലൂവ്രിൽ 1928ൽ ബെൽജിയൻ സർറിയലിസ്റ്റ് ചിത്രകാരൻ റെനെ മെഗ്രീറ്റെ വരച്ച ‘The Subjugated reader/ The Submissive reader’ എന്ന ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ലൂവ്ര് അബുദാബിയുടെ കാറ്റലോഗിൽ ചിത്രത്തെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങിനെയാണ്: നമുക്ക് പരിചിതമായ വസ്തുക്കളെ ഉടച്ചവതരിപ്പിച്ച് അപരിചിതത്വം സൃഷ്ടിക്കാനാണ് മെഗ്രീറ്റ തന്റെ കലാജീവിതത്തിൽ എപ്പോഴും ശ്രമിച്ചത്. ഉദാഹരണത്തിന് ഈ ചിത്രത്തിലെ വായനക്കാരി സബ്മിസീവായ (വഴങ്ങി ഒതുങ്ങി നിൽക്കുന്ന) ഒരാളല്ല. ചിത്രത്തിന്റെ പേരിൽ അങ്ങിനെയുണ്ടെങ്കിലും. അവർ പരിഭ്രമിച്ചു നിൽക്കുകയാണ്. അവളുടെ പരിഭ്രാന്തിയുടെ കാരണം മനസ്സിലാക്കാൻ നമുക്ക് മുന്നിൽ വഴികളൊന്നുമില്ല, കാരണം അവൾ വായിക്കുന്നത് ഏത് പുസ്തകമാണെത് വ്യക്തമല്ല, അതിന്റെ ഒരു സൂചനയും ചിത്രത്തിലില്ല താനും.
1928-ൽ വായിച്ചു പേടിക്കാവുന്ന നിരവധി കാര്യങ്ങൾ തീർച്ചയായും യൂറോപ്പിലുണ്ടായിരുന്നു. ഒന്നാം ലോക യുദ്ധത്തിന്റെ ഓർമ്മകളിൽ നിന്നും വിടുതി നേടാൻ 1928-ലും യൂറോപ്പിന് കഴിഞ്ഞിരുന്നില്ല. പല തരം ഹിംസകളുടെ ആഖ്യാനങ്ങൾ അക്കാലത്തിറങ്ങുന്ന കൃതികളിലെല്ലാം ഉണ്ടായിരുന്നുവെന്ന് യൂറോപ്യൻ സാഹിത്യ ചരിത്രം വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

പരിഭ്രമത്തിൽ കല്ലിച്ചു നിന്ന ഒരു യൂറോപ്യൻ വായനക്കാരിയെ ആയിരിക്കണം റെനെ വരച്ചത്. അത് ഒരു ഊഹമാണ്. അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രമായി ഇതിനെ നിരൂപകർ കണക്കാക്കിയിട്ടില്ലാത്തതിനാൽ ചിത്രത്തെക്കുറിച്ച് വളരെക്കൂടുതൽ വിവരങ്ങൾ ലഭ്യവുമല്ല. അബുദാബി ലൂവ്രിൽ ഈ ചിത്രം കണ്ടു കൊണ്ടു നിൽക്കുമ്പോൾ എന്തു കൊണ്ടോ എം.ടിയാണ് മനസ്സിലേക്കു വന്നത്. അദ്ദേഹം വലിയൊരു വായനക്കാരനായിരുന്നു എന്നതാണ് അതിനുള്ള പ്രധാന കാരണം. (എം.ടി ഏതെങ്കിലും പുസ്തകം വായിച്ച് ഇത്തരത്തിൽ പരിഭ്രമിച്ചിരിക്കുമോ എന്നൊരു ചോദ്യവും ചിത്രത്തിനു മുന്നിൽ നിൽക്കുമ്പോൾ എന്നിലുയർന്നു). മറ്റൊരു കാര്യം വായനയും പുസ്തകങ്ങളും എം.ടിയുടെ സാഹിത്യത്തിൽ കഥാ സന്ദർഭങ്ങളായി തന്നെ പ്രവർത്തിച്ചിട്ടുണ്ട് എന്നതുമാണ്. എം.ടിയുടെ വായനയെക്കുറിച്ചെഴുതിയവർ പരിഭ്രമിച്ച്, പകച്ചു നിന്ന വായനക്കാരൻ എന്ന ഒരാൾ എം.ടിയിലുണ്ടോ എന്ന് ചോദിച്ചിട്ടില്ല. പക്ഷെ, ഈ ചിത്രം ഓർമ്മയിൽ വരുമ്പോഴെല്ലാം ഈ ചോദ്യം കടന്നു വരുന്നു. ചിരിപ്പിച്ച, കരയിപ്പിച്ച, വിഷമിപ്പിച്ച പുസ്തകങ്ങൾ നിരവധി. പരിഭ്രമിപ്പിച്ച പുസ്തകം? ആ ചോദ്യം ഇനി ഉത്തരമില്ലാതെ അവശേഷിക്കും.

കോവിഡ് കാലത്ത് എഴുത്ത്, വായന എന്നിവയെക്കുറിച്ച് എം.ടി ഇങ്ങിനെ എഴുതി: “ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന ഈ ഘട്ടത്തിൽ കോവിഡുണ്ടാക്കിയ ഡ്രിപ്രഷനിൽ നിന്ന് എനിക്കിതേവരേയും മുക്തനാകാൻ കഴിഞ്ഞിട്ടില്ല. എഴുതാനുണ്ടായിരുന്നുവെങ്കിലും ഇന്ന് ഞാനൊന്നും എഴുതിട്ടില്ല. ലോകമാകെയും പ്ലേഗ് പടർന്നു പിടിച്ച ഒരു കാലത്താണ് ആൽബേർ കാമു 'പ്ലേഗ്' എന്ന നോവലെഴുതിയത്. 2020-ൽ അതു പോലെ ഒരു മഹാമാരിയുടെ നടുവിൽ നിൽക്കുമ്പോൾ ആ നോവലിൽ കാമു അവതരിപ്പിച്ച ഭയവും വേദനയും ലോകത്തിന്റെ യാഥാർഥ്യമായി തീരുകയാണെ് എന്നെനിക്കു തോന്നുന്നു. മരണം അന്നത്തെപ്പോലെ ഇന്നും ലോകത്തേയും മനുഷ്യരേയും ശാസ്ത്രത്തേയും കീഴപ്പെടുത്തിക്കൊണ്ട് ജയിച്ചു നിൽക്കുന്നു. കഴിഞ്ഞു പോയ പലതും ഓർക്കുന്നു. അധികം വായിക്കരുതെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും വായനയിലൂടെ സുഖം കണ്ടെത്താൻ ശ്രമിക്കുന്നു, (എം.ടി. വാസുദേവൻ നായർ/ട്രൂ കോപ്പി വെബ്സീൻ/ ഡിസംബർ 28/2020).
എം.ടി എഴുതുന്നു; കോവിഡുണ്ടാക്കിയ ഡിപ്രഷനിൽനിന്ന് എനിക്കിതേവരെയും മുക്തനാവാൻ കഴിഞ്ഞിട്ടില്ല
വായനയിലൂടെ സുഖം കണ്ടെത്താൻ ശ്രമിക്കുന്നു എന്നാണ് എം.ടി പറഞ്ഞത്. വായന എന്തു തരം സുഖം നമുക്ക് നൽകുന്നു ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥയിൽ നിന്നുള്ള സുഖമാണ് വായന നൽകുന്നത്. അത് 'ക്ലിനിക്കൽ ഇൽനെസ്സ് ' തന്നെയായിക്കൊള്ളണമെില്ല. അങ്ങിനെ നോക്കുമ്പോൾ രോഗശാന്തിക്കുള്ള, അങ്ങിനെയുള്ള സുഖത്തിനുള്ള പ്രധാന ഉപകരണങ്ങളിലൊന്ന് വായനയാണെന്ന് എം.ടി പറയുന്നതായി അദ്ദേഹത്തിന്റെ മുകളിലുദ്ധരിച്ച പ്രസ്താവനയിൽ നിന്നും മനസ്സിലാക്കാം. കോവിഡുണ്ടാക്കിയ ഡിപ്രഷനിൽ നിന്നും രക്ഷ തേടി കഴിഞ്ഞു പോയ പലതും ഓർക്കുകയും വായനയിലൂടെ സുഖം കണ്ടെത്താൻ (അധികം വായിക്കരുതെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും) ശ്രമിക്കുകയുമാണ് താനെന്ന് അദ്ദേഹം പറയുന്നു. രോഗ പ്രതിരോധ ഔഷധം കൂടിയാണ് വായനയെന്ന സങ്കൽപ്പമാണ് ഈ അഭിപ്രായ പ്രകടനത്തിലൂടെ എം.ടി മുന്നോട്ട് വെക്കുന്നത്. വായനയെ സംബന്ധിച്ച് തീർത്തും അസാധാരണമായ ഈ അഭിപ്രായം വായനയിൽ തന്നെ ജീവിച്ചുകൊണ്ടേയിരിക്കുന്ന, വായനയുടെ ശമനസിദ്ധികൾ പലപ്പോഴായി തിരിച്ചറിഞ്ഞിട്ടുള്ള ഒരു എഴുത്തുകാരുടെയും/വായനക്കാരുടേയും സംയുക്തമായ അഭിപ്രായമായിത്തന്നെ മനസ്സിലാക്കാം.

വായനയും വായനക്കാരും പുസ്തകങ്ങളും എം.ടി. സാഹിത്യത്തിൽ കഥാപാത്രങ്ങൾ തന്നെയാണ്. ഉദാഹരണത്തിന് 1994ൽ അദ്ദേഹമെഴുതിയ ചെറുകഥ 'കാഴ്ച'യിൽ ഇങ്ങിനെ കാണാം: “വായിക്കാനൊന്നും എടുത്തില്ല. വഴിക്ക് വാങ്ങിയതുമില്ല. അമ്മയുടെ മുറിയിലെ മേശപ്പുറത്ത് അച്ഛന്റെ പഴയ പുസ്തകങ്ങൾ അതേ പോലെയുണ്ട്. അമ്മ രാത്രി കുറച്ചുനേരം വായിക്കുന്നത് പതിവാണ്. പക്ഷെ പുതിയ പുസ്തകങ്ങളൊന്നുമില്ല. 'ലോക ചരിത്ര സംഗ്രഹത്തി'ന്റെ മേൽ അമ്മ നിവർത്തിവെച്ച പുസ്തകം നോക്കി. ഹിമഗിരിവിഹാരമാണ്,” ഈ ചിത്രീകരണത്തിലൂടെ തനിക്ക് ശമനം നൽകുന്ന ഹിമഗിരിവിഹാരമാണ് ആ കഥയിലെ അമ്മ വായിക്കുന്നത് എന്നു മനസ്സിലാക്കാം. പുസ്തകങ്ങളുള്ള ആ മേശപ്പുറം ഒരു റീഡിങ് ക്ലിനിക്കായി (വായനയിലൂടെ സുഖം ലഭിക്കുന്ന ഒരിടമായി) പ്രവർത്തിക്കുന്നതു പോലെയാണ് ആ കഥ ഓരോ തവണ വായിക്കുമ്പോഴും അനുഭവപ്പെടുക.
ഷെർലക്ക് എന്ന കഥയിൽ അനുജനോട് ചേച്ചി പറയുന്നു: “ധാരാളം വിശ്രമിക്ക്. ഇടയ്ക്ക് വായിക്ക്: വിശ്രമത്തിലൂടെയും വായനയിലൂടെയും അനുജനെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ചേച്ചിയെ എം.ടി ഇതിലൂടെ അവതരിപ്പിക്കുന്നു. കഥയുടെ ശീർഷകം ഷെർലക്കുണ്ടായത് ഷെർലക്ക് ഹോംസിൽ നിന്നു തന്നെയാണെ് ചേച്ചി പറയുന്നു. കുട്ടിക്കാലത്ത് ജയന്ത് ഒരു പാട് ഡിറ്റക്ടീവ് സ്റ്റോറീസ് വായിച്ചിരുന്നു. സാക്ഷാൽ ഷെർലക്ക് ഹോംസ് എന്നു തന്നെയാണ് ഇവന്റെ മുഴുവൻ പേർ. വെറ്റിറനറി ഡോക്ടറുടെ രജിസ്റ്ററിൽ ഷെർലക്ക് ഹോംസ് ഷിൻഡെ! വീണ്ടും ആ കഥയിൽ പുസ്തകം പ്രത്യക്ഷപ്പെടുന്നു: ബാലു പുസ്തകമെടുത്ത് പുറത്തു കടന്നു. അയാൾക്കുവേണ്ടി നീക്കിവെച്ച മുകളിലെ ചെറിയ കിടപ്പുമുറിയിൽ ചെന്നു കിടന്നു.”

കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ് എന്ന കഥയിൽ ഇങ്ങിനെ കാണാം: ഡിറ്റക്ടീവ് നോവലുകൾ രാപ്പകലുകൾ വായിച്ചിരുന്ന വിജയേ'ൻ വീട്ടിലെ സ്ത്രീകളുടെ അനുഗ്രഹാശിസ്സുകളോടെ ശരിയായ അപസർപ്പക വിദ്യ തുടങ്ങിയത്രെ: അച്ഛന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ഈ മകനും തുണയായത് വായന തന്നെ.
'മഞ്ഞി'ൽ തുടക്കത്തിൽ തന്നെ നാം ഇങ്ങിനെ വായിക്കുന്നു വായിക്കാനൊന്നുമില്ല. കട്ടിലിൽ കിടന്ന് കൈ എത്തിച്ചാൽ കിട്ടാവുന്ന അകലത്തിൽ വെച്ച റേക്കിൽ അടുക്കില്ലാതെ കിടക്കുന്നുണ്ട് പുസ്തകങ്ങൾ. എല്ലാം പലപ്പോഴായി വായിച്ചു തീർത്തവയാണ്. അവസാനം കൈയിൽ കിട്ടിയത് മറിച്ചു നോക്കി. സുഭഗമായ ശരീരം വിറ്റു കിരീടം വരെ വിലക്കു വാങ്ങിയ ഒരു സുന്ദരിയുടെ കഥയാണ്. നാലഞ്ചു പേജു വായിച്ചു. മടുപ്പു തോന്നി. പുസ്തകം മെത്തയിലിട്ടു കണ്ണടച്ചു കിടന്നു. മഞ്ഞിൽ വായിക്കാൻ റെയിൽവേ ടൈംടേബിളായാലും മതിയെന്നു പറയുന്ന സർദാർജി എം.ടിയുടെ വിഖ്യാത കഥാപാത്രമാണല്ലോ. പുസ്തകം, വായന, വായനക്കാരൻ/വായനക്കാരി, സമാശ്വാസ ചികിൽസ/ ചിലപ്പോൾ മടുപ്പ്... ഇങ്ങിനെ എം.ടിയുടെ സാഹിത്യ ലോകത്തിൽ വായിക്കുക മനുഷ്യപ്രവർത്തനം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. പക്ഷെ അന്ധാളിപ്പും പരിഭ്രാന്തിയും ആ വായന ലോകത്ത് നേരിട്ട് കാണാനാവില്ല. വായനയിൽ ഇത്രയേറെ അഭയം തേടിയ എം.ടിയെപ്പോലെ ഒരു എഴുത്തുകാരന്റെ കൃതികളിൽ വായന പല നിലയിൽ സ്ഥാനം പിടിക്കുന്നതിൽ ഒട്ടും അൽഭുതമില്ല. അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളിൽ, തിരക്കഥകളിൽ, അവതാരികകളിൽ, പ്രസംഗങ്ങളിൽ എല്ലാം പ്രധാന മനുഷ്യ പ്രവർത്തനങ്ങളിലൊായി അവതരിപ്പിക്കപ്പെടുന്നത് പുസ്തകം/ വായന എന്ന പ്രതിഭാസമാണ്.

എന്നാൽ വായനയുടെ ഏറ്റവും ഉള്ളിൽ തൊടുന്ന അനുഭവം ഏറ്റവും ശക്തമായി അദ്ദേഹം അവതരിപ്പിച്ചത് ' വായിച്ച് വേദന മായ്ച്ചു കിടന്ന കുട്ടി ' എന്ന ലേഖനത്തിലാണ്. (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2015 ഡിസംബർ 27 2016 ജനുവരി 2 ലക്കം). ലുക്കേമിയ ബാധിച്ച് കൊടിയ വേദനയിലൂടെ കടു പോകുന്ന തന്റെ ബന്ധത്തിൽ പെട്ട രാഹുലൻ എന്ന കുട്ടി വായനയിൽ ലയിച്ച് വേദന മറക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രമാണ് അങ്ങേയറ്റം ഹൃദയസ്പർക്കായ ലേഖനത്തിൽ എം.ടി വായനക്കാരുമായി പങ്കുവെക്കുന്നത്.
തന്റെ വീട്ടിൽ അച്ഛനും അമ്മക്കുമൊപ്പം വന്ന പുസ്തകങ്ങൾ അടുക്കിവെച്ച മുറികളിൽ പോയി വന്ന രാഹുലനോട് എം.ടി ചോദിക്കുന്നു : നിനക്ക് വല്ല പുസ്തകവും കിട്ടിയോ? രാഹുലൻ പറഞ്ഞു: മാണിക്യകല്ല് കണ്ടു. അതെന്റെ കയ്യിലുണ്ട്. തുടർന്ന് എം.ടി പറയുന്നു: അവനു പറ്റിയ ചില പുസ്തകങ്ങൾ തേടിപ്പിടിച്ചു വെക്കണമെന്ന് മനസ്സിൽ വിചാരിക്കുകയും ചെയ്തു. അവർ അന്നു വൈകുന്നേരം തന്നെ മടങ്ങി:
രാഹുലന് ലുക്കേമിയയാണെ് സ്ഥിരീകരിച്ചു. കോഴിക്കോട് ചികിൽസ തുടങ്ങി. ചികിൽസ ആരംഭിച്ചതിന്റെ പിറ്റേന്ന് രാഹുലന്റെ അച്ഛൻ വേണു എം.ടിയുടെ വീട്ടിൽ വന്നു പറയുന്നു ഇടക്ക് വേദനയുണ്ട്. അവന് വായിക്കാൻ പുസ്തകങ്ങൾ വേണം: എം.ടി തുടർെഴുതുന്നു ഞാൻ മുകളിൽ നിന്ന് അവന്റെ പ്രായത്തിന് പറ്റുമെന്ന് തോന്നിയ മൂന്നാല് ചെറിയ പുസ്തകങ്ങൾ എടുത്തു കൊടുത്തു. പിറ്റേന്ന് വൈകുന്നേരം ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ അവൻ കിടന്നു കൊണ്ട് വായിക്കുകയായിരുന്നു . രണ്ടു കൈയിലും ട്യൂബുകൾ ഘടിപ്പിച്ചിട്ടുണ്ട്. എങ്കിലും ചരിഞ്ഞ് കിടന്ന് അവൻ വായിക്കുമെന്ന് ശൈലജ പറഞ്ഞു: ശൈലജ രാഹുലിന്റെ അമ്മയാണ്.

ലേഖനം തുടരുന്നു: ‘അടുത്ത ദിവസം വേണു വന്നപ്പോൾ കൊണ്ടു പോയ പുസ്തകങ്ങൾ തീർന്നു. അവന് ഇനിയും പുസ്തകങ്ങൾ വേണം. വേണു തന്നെ ചിലതൊക്കെ തെരഞ്ഞെടുത്തു. അന്ന് വൈകുന്നേരവും ഞാൻ ഹോസ്പിറ്റലിലേക്കു പോയി. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു' വലിയ പുസ്തകങ്ങളും ഞാൻ വായിക്കും'. 'നാലു കെട്ട് ഞാൻ വായിച്ചിട്ടുണ്ട്. അതെനിക്കൊരു അൽഭുതമായിരുന്നു. ഞാൻ പറഞ്ഞു' ഞാൻ കൊണ്ടു വരാം'. പിന്നീട് ഞാൻ തകഴി, ദേവ്, ബഷീർ, ഉറൂബ് തുടങ്ങിയവരുടെ പുസ്തകങ്ങൾ കൊടുത്തയച്ചു തുടങ്ങി. അതിലിടക്ക് എനിക്കൊന്ന് തിരുവനന്തപുരത്ത് പോകേണ്ടി വന്നു. അവിടുത്തെ ഒരു പുതിയ പ്രസാധകർ കഥാസരിത് സാഗരത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്യാൻ എന്നെ ക്ഷണിച്ചിരുന്നു. സാമാന്യം വലിയ പുസ്തകം. തിരിച്ചു വന്ന് ആ പുസ്തകം അവനു കൊടുത്തപ്പോൾ വലിയ സന്തോഷമായി. രാത്രിയിൽ വേദന വരുമ്പോഴൊക്കെ അവൻ കുറച്ചു നേരം ഞരങ്ങിക്കൊണ്ട് കണ്ണടച്ചു കിടക്കും. അൽപം ആശ്വാസം തോന്നിയാൽ കിടക്കയിൽ ഒരു ഭാഗത്തായി വെച്ച പുസ്തകമെടുത്ത് വായന തുടങ്ങും.
ഹോം ലൈബ്രറികളുള്ള സുഹൃത്തുക്കളുടെ വീടുകളിൽ നിന്നോക്കെ ഞാൻ പുസ്തകങ്ങൾ എടുത്തു കൊണ്ടു പോവും.’ ആറുമാസത്തിനിടക്ക് അവൻ ഒരു പാട് പുസ്തകങ്ങൾ വായിച്ചിരിക്കണം എന്ന് എം.ടി രാഹുലന്റെ വായനയെക്കുറിച്ച് പറയുന്നു . കുറേ മാസങ്ങൾ ആശുപത്രിയിൽ കിടന്ന് കുട്ടിക്ക് ഒരു മാറ്റത്തിന് കുറച്ചുനാൾ വീട്ടിലേക്ക് കൊണ്ടു പോകുന്നത് നന്നായിരിക്കുമെന്ന് ഡോക്ടർമാർ പറയുന്നു . അങ്ങിനെ രാഹുലനെ വീട്ടിലേക്കു കൊണ്ടു പോകുന്നു. എന്നാൽ വീട്ടിൽ കുട്ടിയുടെ പ്രസരിപ്പ് നഷ്ടമാകാൻ തുടങ്ങി. വീണ്ടും ഹോസ്പിറ്റലിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ അവനു പരിഭ്രമമായിരുന്നില്ല സന്തോഷമായിരുന്നു വെന്ന് വേണു പറഞ്ഞു. ' ഉണ്ണിമാമയുടെ വീട്ടിൽ വേറെയും പുസ്തകങ്ങൾ ഉണ്ടാവും ഇല്ലേ' എന്നാണത്രെ അവൻ പറഞ്ഞത്.
ഇത് കഴിഞ്ഞ് വായനക്കാരനായ കുട്ടിയുടെ ജാഗ്രത എം.ടി വ്യക്തമാക്കുന്നത് ഇങ്ങിനെ: ‘അവർ വീണ്ടും ആശുപത്രിയിലെ അതേ മുറിയിലെത്തി. അപ്പോഴേക്ക് ഞാൻ വേറയും പുസ്തകങ്ങൾ ശേഖരിച്ചിരുന്നു. ഒരു വൈകുന്നെരം ഞാൻ അവന്റെ മുറിയിലെത്തിയപ്പോൾ കിടക്കയിൽ ഒരു വശത്തു വെച്ച പുസ്തകങ്ങൾ അവൻ പുതപ്പുകൊണ്ട് മൂടിയിരിക്കുന്നു അടുത്ത മുറികളിൽ രോഗികളുടെ സഹായത്തിനായി നിൽക്കുന്ന ചിലർ വിവരമന്വേഷിക്കാൻ മുറിയിൽ വരുമ്പോൾ ചില പുസ്തകങ്ങൾ എടുക്കാറുണ്ടത്രെ! ഒരാൾ കൊണ്ടു പോയ പുസ്തകം ഇനിയും തിരിച്ചു തന്നിട്ടില്ല. അത് കൊണ്ടാണ് അവനത് മൂടിവെക്കുതെന്ന് ശൈലജ പറഞ്ഞു. തൊട്ടടുത്ത് പുസ്തകങ്ങളുണ്ടാകുമ്പോൾ അവനെന്തോ ഒരാശ്വാസമുണ്ടെ് തോന്നി. ഒരു ചെറിയ ടിവി സംഘടിപ്പിച്ച് മുറിയിൽ വെച്ച് കൊടുത്താലോ എന്ന് ഞാൻ ആലോചിച്ചു. ഞാൻ അവനോട് ചോദിച്ചു.' ഞാനൊരു ചെറിയ ടിവി കൊണ്ടു വന്നു വെച്ചാലോ? അതവനു വേണ്ട. പുസ്തകങ്ങൾ മതി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൻ കൂടുതൽ ക്ഷീണിതനാവുന്നത് കണ്ടു. ഇപ്പോൾ വായിക്കാൻ കഴിയുന്നില്ല എതായിരുന്നു അവന്റെ സങ്കടം. കുറച്ചു ദിവസം കഴിഞ്ഞ് രാഹുലൻ മരിക്കുന്നു.’

ലേഖനത്തിന്റെ അവസാന ഭാഗത്ത് എം.ടി എഴുതുന്നു: ‘ഞാൻ കാറിൽ കയറി. അപ്പോൾ ഒരു വാർഡ് ബോയ് എന്റെ കാറിനടുത്തേക്ക് ധൃതിയിൽ വന്നു. അയാളുടെ കൈവശം അഞ്ചാറു പുസ്തകങ്ങളുണ്ടായിരുന്നു . അതെനിക്ക് നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു ' മുറിയിലുണ്ടായിരുന്ന പുസ്തകങ്ങളാണ്'. ഞാൻ പുസ്തകങ്ങൾ വാങ്ങി മടിയിൽ വെച്ച് നന്ദിസൂചകമായി അയാളോട് ചിരിച്ചു. കാറ് വിടാൻ പറഞ്ഞു.’
‘അവനെ മറവു ചെയ്യുന്നത് വൈകുന്നേരമായിരുന്നു. ഞാൻ പോകുന്നില്ല. വീട്ടിലെത്തി ആംബുലൻസ് പോയ കാര്യം പറഞ്ഞു. വേദന മായ്ക്കാൻ അവൻ വായിച്ചിരുന്ന പുസ്തകങ്ങൾ മുകളിൽ ലൈബ്രറിയിൽ കൊണ്ടു പോയി വെച്ചു. രാഹുലനെ സ്‌നേഹിച്ച് ആശ്വസിപ്പിച്ച പുസ്തകങ്ങളേ നിങ്ങൾക്ക് നന്ദി’
1992-93 കാലത്തെ ജീവിതത്തിലെ ഒരു നേരനുഭവം എം.ടി എഴുതുന്നത് 2015 ഒടുവിലാണ്. വായനയെക്കുറിച്ച് തുടക്കം മുതലേ പറയുന്ന ഒരു എഴുത്തുകാരനാണ് എം.ടി. പലപ്പോഴും എഴുത്തിനേക്കാൾ കൂടുതലായി വായനയെക്കുറിച്ച് പറഞ്ഞിട്ടുള്ള ഒരാൾ. വായനയിലുള്ള അത്യഗാധമായ എം.ടിയുടെ വിശ്വാസത്തിന്റെ ഉത്തുംഗത പ്രകാശിക്കപ്പെട്ടത് 'വായിച്ച് വേദന മായ്ച്ചു കിടന്ന കുട്ടി'യിലാണ് എന്ന് അദ്ദേഹത്തിന്റെ സാഹിത്യ ചരിത്രത്തിലൂടെ കടന്നു പോകുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നു . വായന ചികിൽസയും ശമന ഔഷധവും തന്നെയാണെന്ന തന്റെ വിശ്വാസം പ്രഖ്യാപിക്കുകയാണ് ഈ ലേഖനത്തിലൂടെ എം.ടി. 1992-93 കാലങ്ങളിലെ മലയാളി ബാല്യത്തിന് പുസ്തകങ്ങളോടുണ്ടായിരുന്ന അഭിനിവേശവും ഈ ലേഖനം രേഖപ്പെടുത്തുന്നുണ്ട്.
വായനയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ ആയുധമെന്ന് എം.ടി സാക്ഷ്യപ്പെടുത്തുന്നു. എഴുതാൻ കഴിയുന്നില്ലെങ്കിലും വായിക്കുക, കഴിഞ്ഞു പോയ പലതും ഓർക്കുക. എം.ടി പറഞ്ഞ ഈ രണ്ടു കാര്യങ്ങളുമാണ് മലയാളികളിൽ ഒരു വിഭാഗം കൊവിഡ് കാലത്ത് ചെയ്തു പോന്നതെന്ന് അന്നത്തെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ കാൽനൂറ്റാണ്ടു കാലം എം.ടി തന്റെ ആശയ വ്യവഹാരങ്ങൾ സാക്ഷാത്ക്കരിക്കുന്നത് അഭിമുഖം എന്ന മാധ്യമത്തിലൂടെയാണ്. എല്ലാ അഭിമുഖങ്ങളെടുത്ത് പരിശോധിച്ചാലും അതിലെ പ്രധാന റഫറൻസുകൾ പുസ്തകങ്ങളായിരിക്കും. എൻ.ഇ. സുധീറുമായുള്ള അഭിമുഖത്തിൽ എം.ടി പറയുന്ന ഒരു പുസ്തകം മനു എസ്.പിള്ളയുടെ ‘ദ ഐവറിത്രോണാ’ണ്. അദ്ദേഹം പറഞ്ഞു: നോൺ ഫിക്ഷനുകളും ധാരാളം വായിക്കാറുണ്ട്. നമ്മളുമായി ഏതെങ്കിലും തരത്തിൽ ബന്ധം തോന്നുന്ന നോ ഫിക്ഷനുകളാണ് വായിക്കാറ്. ആരെങ്കിലും അത്തരം കൃതികളെപ്പറ്റി പറയും. അപ്പോൾ അവ തേടിപ്പിടിച്ച് വായിക്കും. ഈ അടുത്ത കാലത്ത് ഒരു സുഹൃത്ത് പറഞ്ഞാണ് മനു എസ്. പിള്ളയുടെ ‘ദ ഐവറി ത്രോ’ എന്ന പുസ്തകം വായിക്കാൻ ഇടയായത്. തിരുവിതാംകൂർ രാജവംശത്തിന്റെ പുതിയ കാലത്തിന്റെ ചരിത്രമാണ്. നമുക്ക് അറിഞ്ഞുകൂടാത്ത ധാരാളം കാര്യങ്ങൾ അതിലുണ്ട്. നല്ല പുസ്തകം. നല്ലപോലെ അധ്വാനിച്ചെഴുതിയതാണ്: കൂടുതലും ഫിക്ഷൻ വായിക്കുന്ന എം.ടി നോൺ ഫിക്ഷൻ വായനയിലേക്ക് കടക്കുന്ന സന്ദർഭങ്ങളെ ഈ സംഭാഷണം ഉദാഹരിക്കുന്നു .

ഏറെക്കുറെ എല്ലായ്‌പ്പോഴും വായനയിലും എഴുത്തിലും സാഹിത്യ പക്ഷത്താണ് എം.ടി. നോൺ ഫിക്ഷൻ വായന നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ നമ്മളുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ വരുമ്പോൾ മാത്രം വായിക്കുന്നു. എന്നാൽ ഫിക്ഷൻ വായനക്ക് അതിരുകളൊന്നുമില്ല. ഇക്കാര്യം മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ പഴയൊരു അഭിപ്രായം ഒരു പക്ഷെ നമ്മെ സഹായിച്ചേക്കും.
ചോ: അത് താങ്കളുടെ ഒരഭിപ്രായം ചെറിയ വിവാദം പോലും ഉണ്ടാക്കിയിരുന്നു. 'ചങ്ങമ്പുഴ മരിച്ചപ്പോൾ ഗാന്ധിജി മരിച്ചതിനേക്കാൾ ദുഃഖം തോന്നി.' എന്ന് അഭിപ്രായപ്പെട്ടിരുന്നു?
ഉത്തരം: അതെ, അന്നു ചെറുപ്പമല്ലേ. ഇംഗ്ലീഷ് പത്രത്തിൽ 'ഗാന്ധിജി ഷോക്ക് ഡെഡ്' എന്ന് വലിയ വാർത്ത വരുന്നു. ഷോക്ക് ആണ്. രാജ്യത്തിനു മുഴുവൻ ഷോക്കാണ്. കുറച്ചു കഴിഞ്ഞ് ചങ്ങമ്പുഴയുടെ മരണവാർത്ത വന്നപ്പോൾ കുടുംബത്തിലെ ഒരംഗം പോയതുപോലെ ദുഃഖം തോന്നി. (മാങ്ങാട് രത്‌നാകരന് നൽകിയ അഭിമുഖത്തിൽ നിന്ന്).
ഇന്ന് എം.ടി ഏതെങ്കിലും പുസ്തകം വായിച്ച് പരിഭ്രമിച്ചിരുന്നുവോ എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. 1928-ൽ വായിച്ച് പരിഭ്രമിച്ചവർ തന്നെ പിന്നീട് പിന്നീട് വായിച്ച് വായിച്ച് ശമന ജീവിതം സാക്ഷാത്ക്കിരിച്ചിട്ടുണ്ട്. റെനെ മെഗ്രീറ്റയുടെ ചിത്രത്തിലെ കഥാപാത്രം പോലും പിന്നീട് പിന്നീട് അങ്ങിനെയായിട്ടുണ്ടാകും. എം.ടി എന്തു കൊണ്ട് വായനയെക്കുറിച്ച്, പുസ്തകങ്ങളെക്കുറിച്ച് നിരന്തരം പറഞ്ഞു? വായിക്കാതിരിക്കാൻ കഴിയാതെ പോകുമെങ്കിൽ അതിലെ പരിഭ്രമം തീർക്കാൻ എന്നൊരു ഉത്തരമാണ് നമുക്കിടയിൽ പൊന്തി വരിക.