ധ്വനിയിലാണെന്റെ വാസം- മനോഹര
ഭവനമാണതു ഗദ്യത്തിനേക്കാളും.
അതിനു വാതായനങ്ങൾ പരശ്ശതം.
വിപുലമാം കവാടങ്ങളത്യുത്തമം.
അതിനു ഗർഭഗൃഹങ്ങളുണ്ടെത്രയോ;
അവകളൊക്കെയും ദേവദാരൂപമം.
അറിക നഗ്നനേത്രങ്ങൾക്കഭേദ്യമാം.
ഗഗനമാണു കമാനമനശ്വരം.
സഹൃദയരാണു സന്ദർശകോത്തമർ
ധ്വനിഭവനത്തിൽ- ജീവിതമാർഗ്ഗമി-
ക്കവനവൃത്തിയും- സ്വർഗ്ഗം ഗ്രഹിക്കുവാൻ
തരളമെൻ മെലിവാർന്ന കൈനീർത്തലും.
('ധ്വനിയിലാണെന്റെ വാസം'
-‘I dwell in Possibility’-,
എമിലി ഡിക്കിൻസൺ,
പരിഭാഷ: ബാലചന്ദ്രൻ ചുള്ളിക്കാട്). 1
▮

അപരരിൽ പടർന്നു വിടരുന്നതാണ് വാക്കും മനുഷ്യജീവിതവും. ഒറ്റയ്ക്കൊരാൾ മനുഷ്യനാകുന്നില്ല. അവളും ഇവളും ഒരാദിരൂപത്തിന്റെ തന്നെ പ്രത്യക്ഷീകരണമാണെന്ന തത്ത്വത്തിലൊന്നും എത്തിപ്പെട്ടില്ലെങ്കിലും ഒന്നാലോചിച്ചാൽ ഇതു മനസ്സിലാക്കാൻ കഴിയും. ഒറ്റയ്ക്കിരിക്കുമ്പോഴും പറ്റത്തെ ഉള്ളത്തിൽ പേറുകയെന്ന വിധിയിൽനിന്ന് മനുഷ്യനു മോചനമില്ല. മനുഷ്യന്റെ സാമുദായിക സ്വഭാവത്തിന്റെ ഭാഗമായിട്ടാണ് ഭാഷയെന്ന പ്രതിഭാസത്തിന്റെ ഉല്പത്തിപോലും കല്പിക്കാനാവുന്നത്. ഏകാന്തതയിൽ ഉച്ചരിക്കപ്പെടുന്ന വാക്കു പോലും അപരനൊരാളെ കാംക്ഷിക്കുന്നുണ്ട്. തന്നിൽത്തന്നെ അപരനെ ബന്ധിക്കുകയാണ് ആത്മഗതത്തിൽ. നമ്മുടെ ഭാഷ അന്യന്റെ, അപരന്റെ ഭാഷയാണ് എന്നും ഒന്ന് ഓർത്തുനോക്കിയാൽ മനസ്സിലാകും. മാതൃഭാഷയെന്നൊക്കെ വികാരഭരിതമായി പറയുമ്പോൾ നാമിതു മറക്കുമെങ്കിലും വാസ്തവമതല്ലേയെന്നു വെറുതെ വെറുതെ, എന്നുവെച്ചാൽ ന്യായീകരണബാദ്ധ്യതകളൊന്നും ഏറ്റെടുക്കാതെ (അതത്ര എളുപ്പമുള്ള കാര്യമല്ല) ചിന്തിച്ചുപോയാൽ ഗ്രഹിക്കാവുന്നതേയുള്ളൂ.
ചുമ്മാതെ ഓർത്തുനോക്കുമ്പോൾ, എന്റെ ഭാഷയിലെ വാക്കുകളാകെ, ഞാൻ പറയുകയും എഴുതുകയും ചെയ്യുന്ന വാക്കുകളാകെ, എനിക്ക് ഈ ചുറ്റുവട്ടത്തിൽനിന്നു കിട്ടിയതാണ്. എന്റെ വീട്ടിൽനിന്ന്, നാട്ടിൽനിന്ന്, തൊഴിലിടത്തിൽനിന്ന്, കമ്പനികളിൽനിന്ന്, ക്ലാസ്സുകളിൽനിന്ന്, തെരുവുകളിൽനിന്ന്, പുസ്തകങ്ങളിൽനിന്ന്, പ്രാർത്ഥനകളിൽനിന്ന്, കലാലയജീവിതത്തിൽനിന്ന്, കലാപ്രകടനങ്ങളിൽനിന്ന്, കലേതരപ്രകടനങ്ങളിൽനിന്ന്–ഒക്കെ. ഓരോ വാക്കും തുറക്കുന്നത് വസ്തുക്കളിലേക്കെന്നതിലുപരി ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും മനോഹരവും അല്ലാത്തതുമായ വീചികളിലേക്കാണ്.
കവിതയെ എന്നപോൽ ഭാഷയെ ആകെത്തന്നെ ഒരു വലിയ വീടായി ഭാവിച്ചു ചിന്തിക്കാനും കഴിയും. ഭാഷയെന്ന വീട്ടിലെ വാഗനുഭവങ്ങളാണ് അനുഭവങ്ങൾ. അതു കലർത്തിയാണ് നാം ചിന്തിക്കുന്നതും പറയുന്നതും എഴുതുന്നതും പുതിയ ലോകങ്ങളിലേക്ക് കണ്ണുതുറക്കുന്നതും. മൗലികമായി എന്റേതെന്നു ചൂണ്ടിപ്പറയാൻ ഞാൻ വരുത്തിയ വ്യതിയാനങ്ങളുണ്ടാകാം, പുതിയ ചേർത്തുവെപ്പുകളുണ്ടാകാം, “തെറ്റു”കളുണ്ടാകാം, അടുക്കിപ്പെറുക്കലുണ്ടാകാം. ഒടിച്ചുമടക്കിവെക്കലുണ്ടാവാം. അങ്ങനെ ചിന്തിക്കുമ്പോൾ, തെറ്റാണ്, വ്യതിയാനമാണ്, പുതിയ ചേർപ്പാണ് നമ്മുടേതെന്നു പറയാനുള്ള സംഭാവന. അവ പോലും കിട്ടിയ വാക്കുകളും വാക്യങ്ങളും ചേർന്നുളവാക്കുന്നതല്ലെന്നു കട്ടായം പറയുകയും വയ്യ. അത്രയ്ക്ക് ഭാഷയോടു കടപ്പെട്ടു ജീവിക്കുന്ന ഒരു ജീവിയുടെ ജീവിതത്തിനു പറയുന്ന പേരാണ് മനുഷ്യജീവിതമെന്ന്. വാക്കുകളുടെ സമുദ്രം – സമുദ്രങ്ങൾ - എന്നു പറയാൻ തോന്നുന്ന ഒരു ലോകത്ത് ഉദിക്കുന്ന ചില മിന്നായങ്ങളുടെ ബിന്ദുക്കളെ ചേർത്തുവരച്ചുണ്ടാക്കുന്ന ഒരു പ്രതീതിചിത്രമാണത്. സീ ഓഫ് ഫെയ്ത്ത് എന്നോ ഓഷ്യൻ ഓഫ് ഫെയ്ത്തെന്നോ ഒരു ഇംഗ്ലീഷ് പാട്ടിലെവിടെയോ കേട്ടതിന്റെ ഓർമ്മയിലാണിതുപോലും ഉരുത്തിരിയുന്നതെന്ന് തിരിഞ്ഞാലോചിക്കുമ്പോൾ തോന്നുന്നു. അങ്ങനെയാണ്, പരബന്ധിതമായാണ് ഓരോരോ ആലോചനയുടെ കുമിളകളും ഉളവാകുന്നത്. വാക്കുകളുടെയും പ്രയോഗങ്ങളുടെയും വേരുപടലങ്ങൾ തേടിപ്പോയാൽ ഒരെത്തും പിടിയും കിട്ടില്ല. എന്നാലും ചിലതൊക്കെ കിട്ടാതെയും വരില്ല.
ഏകാന്തതയിൽ ഉച്ചരിക്കപ്പെടുന്ന വാക്കു പോലും അപരനൊരാളെ കാംക്ഷിക്കുന്നുണ്ട്. തന്നിൽത്തന്നെ അപരനെ ബന്ധിക്കുകയാണ് ആത്മഗതത്തിൽ. നമ്മുടെ ഭാഷ അന്യന്റെ, അപരന്റെ ഭാഷയാണ് എന്നും ഒന്ന് ഓർത്തുനോക്കിയാൽ മനസ്സിലാകും.
ഓർമ്മ എന്നൊരു വാക്ക് തൊട്ടുമുമ്പിലെ വാക്യത്തിൽ ഉപയോഗിച്ചല്ലോ. അതിനെക്കുറിച്ച്, ആ വാക്കിന്റെ എഴുത്തിനെക്കുറിച്ച് ഓർത്തുനോക്കുന്നതുപോലും രസകരമായിരിക്കും. അതെഴുതുമ്പോൾ എനിക്ക് മ്മ എന്ന് ഇരട്ടിച്ചേ എഴുതാനാവുന്നുള്ളൂ. ഇരട്ടിക്കാത്ത മ മതിയെന്ന് പരിഷ്കാരികൾ പറയും. പക്ഷേ, എന്റെ ഓർമ്മയിലെ ഏതോ പഴയൊരു സമ്പർക്കത്തിന്റെ ഓർമ്മയതിലുണ്ട്.
ഗുരുവായൂരിനടുത്ത പാവറട്ടിയിൽനിന്ന് എന്റെ നാട്ടിലെ കുഞ്ഞി സ്കൂളിലേക്ക് വന്ന റോസക്കുട്ടിട്ടീച്ചറോ ഏലിക്കുട്ടിട്ടീച്ചറോ ആകാം ആ ലിപിബോധം എന്നിൽ ഉറപ്പിച്ചത്. ബംഗ്ലാദേശ് യുദ്ധവാർത്തകൾ കേൾക്കാനായി ഒരു “റേഡിയോ”യും തൂക്കിപ്പിടിച്ച് സ്കൂളിൽ വന്നിരുന്ന ഗോപാലൻമാഷ് പഠിപ്പിച്ച പാഠങ്ങളുടെ ഭാഗമായിട്ട്, അല്ലെങ്കിൽ ഹെഡ്മാസ്റ്റരും കൂടിയായിരുന്ന വാര്യരുമാഷ് വായുവിലെഴുതിപ്പഠിപ്പിച്ചതിന്റെ ബാക്കിയായിട്ട് എന്നിൽ വേരാഴ്ത്തിയ അക്ഷര-ലിപിബോധവുമാകാം ഇവിടെ (2) പ്രവർത്തിക്കുന്നത്. ഇങ്ങനെയൊക്കെ ഓർമ്മിച്ചെടുക്കാനേ ഇപ്പം കഴിയുന്നുള്ളു. അതുമല്ലെങ്കിൽ അതുപോലുള്ള ഏതോ പഠനവേളയുടെ ശേഷിപ്പാകാം. സമ്പർക്കങ്ങളുടെ എണ്ണമറ്റ മുദ്രകളുണ്ട് അക്ഷരത്തിലും ലിപിയിലും വാക്കിലും വാക്യത്തിലും നോക്കിലുമൊക്കെ.
ഭാഷയുടെ സമ്പർക്ക- സംബന്ധ സ്വഭാവങ്ങളിലേക്ക് ഓർമ്മ പായുമ്പോൾ തെളിഞ്ഞുവരുന്ന ചില വിചാരങ്ങളാണ് ഇവിടെ കുറിച്ചത്. ഇങ്ങനെയൊന്നുമല്ലാതെ തികച്ചും ഗൗരവത്തോടെ പുസ്തകവിജ്ഞാനത്തിന്റെ പിൻബലത്തോടെ പറയാൻ നോക്കിയാൽ, ഭാഷാസമ്പർക്കം സാമൂഹികഭാഷാചിന്തയുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ഒരു പഠനമേഖലയാണെന്നാകും തുടങ്ങുക. പരീക്ഷയെഴുതാനും പാസ്സാകാനും അതു മതിയാകും. നമ്മുടെ മുറ്റത്തേയ്ക്ക്, പറമ്പിലേക്ക്, തെരുവിലേക്ക്, മനുഷ്യർ വാക്കാൽ പെരുമാറുന്ന ഇടങ്ങളിലേക്ക്, അക്കൂട്ടത്തിൽ നമ്മുടെ വിചാരവികാരവിക്ഷുബ്ധികൾ അരങ്ങേറുന്ന മനോലോകത്തേക്കും ഒക്കെ നോട്ടമയക്കാൻ കഴിയുന്നതാകും അതിലും നല്ലതെന്ന് തോന്നുന്നു.

കുട്ടിക്കാലത്ത് ഞാൻ കേട്ട ഭാഷയിലെമ്പാടും തെറികളുണ്ടായിരുന്നു. എന്റെ മലയോര ഗ്രാമത്തിലെ കഠിനാദ്ധ്വാനികളായ മനുഷ്യരാണ് അതിന്റെ പ്രയോക്താക്കൾ. പാവങ്ങളിലെ “കന്നഭാഷ” (3) പറയുന്ന മനുഷ്യരെപ്പോലെ വിധിയുടെ കഠിനതകളായിരുന്നു, അവരുടെ കഠിനാദ്ധ്വാനത്തിലെന്നപോലെ കഠിനമായ വിലക്കുവാക്കുകളിലൂടെ നടത്തുന്ന വിനിമയങ്ങളിലേക്കും രൂപാന്തരപ്പെട്ടതെന്നു പിന്നീടെപ്പോഴോ തോന്നിയിട്ടുണ്ട്. ക്ഷോഭത്തിന് മറ്റൊരാവിഷ്കാരവും നല്കാനാവാതെ കെണിഞ്ഞുപോയ മനുഷ്യരുടെ ദൈന്യപ്രകാശനങ്ങളാണ് അതെല്ലാം. അതൊക്കെ എന്റെ ഗ്രാമത്തിലെ ഞാനുൾപ്പെടുന്ന മനുഷ്യരുടെ മാതൃഭാഷയുടെ ഭാഗമായിരുന്നു എന്നു കാണാനാണ് ഇന്നു സാധിക്കുന്നത്. അതൊക്കെ എന്റെ ഭാഷണത്തിന്റെ സാദ്ധ്യതകളായി എന്റെ ഭാഷയിലും മൂടിപ്പതുങ്ങിക്കിടക്കുന്നുണ്ട്. ചില വേളകളിൽ എന്നെക്കാത്തുനിൽക്കാതെ അവ പടവുകളോടിക്കേറി പുറത്തുവരും. പീഡാനുഭവവേളകളിലെ നിലവിളിക്കു പകരം വരുന്നതാണത്. ലെവൈ സ്ട്രൌസ് ബ്രിക്കൊലാജ് (bricolage) എന്നു പ്രയോഗിക്കുന്ന മട്ടിലാണത് ഉപയോഗപ്പെടുന്നത്. വേദനിച്ചാലും നിലവിളിക്കാൻ പറ്റില്ല. അപ്പോൾ പകരം വാക്കുകളുപയോഗിക്കുന്നു. അവയുടെ സാധാരണ വിവക്ഷകൾ കൂടാതെ. പകരംവെയ്ക്കൽ കവിതയുടെ അടിസ്ഥാനസ്വഭാവമാണ്. തെറി കവിതയുടെ നിയമത്തെയാണ് അനുസരിക്കുന്നത്. തെറിച്ചുവീഴുന്ന അമ്ലമഴ പോലുള്ള, അഥവാ പൊട്ടിയൊഴുകുന്ന ലാവപോലുള്ള, ഒട്ടും നേർപ്പിക്കാത്ത, പൊള്ളിത്തിളയ്ക്കുന്ന കവിത. ഭാഷയുടെ അടിയിൽ, ഭാഷാശേഷിയുടെ ഭാഗമായി, ഭാഷാപാതാളത്തിൽ, ആദിമഭാഷയിൽ, വലിയ ശേഖരമായിട്ട് അതുണ്ട്.
പുഞ്ചിരിക്കാൻ വിധിക്കപ്പെട്ട ജീവിതത്തിൽ നാണിച്ചും മടിച്ചും പ്രയാസപ്പെട്ടും തിക്കുമുട്ടി കഴിഞ്ഞുകൂടുന്ന ഭാഷാരൂപങ്ങളുണ്ട്. വിലക്കുപദങ്ങളെന്നു പറയും. വിലക്കപ്പെട്ട കനികൾ പോലെയാണവ. വാക്കുകളുടെ ലോകത്തെ പാവങ്ങൾ, ഭൂതങ്ങൾ. (4) കാലിബനെപ്പോലെയും (5) ഏരിയലിനെപ്പോലെയുമൊക്കെ അത് ഭാഷയിൽ ജിവിക്കുന്നു. വാ വാ എന്നു വിളിച്ചെടുത്ത് കാര്യം കഴിഞ്ഞാൽ പോ പോ എന്നൊക്കെ ആട്ടും തുപ്പും ചവിട്ടുമേൽക്കുന്ന ദീനഭാഷാരൂപങ്ങൾ. പ്രാചീനമായ ഏതൊക്കെയോ ശക്തികളുടെ സന്തതികളായ സ്പിരിറ്റുകളാണവയുടെ സ്പിരിറ്റ്. സാധാരണ കവിതയിലൊക്കെ വലിയ പ്രയാസമാണതിനു കടന്നുവരാൻ. കുടുങ്ങിനിൽക്കും. എന്നാലും വരവ് അസാദ്ധ്യമൊന്നുമല്ല.
“ദുഷ്പ്രഭുപ്പുലയാടികൾ പാർക്കുമിപ്പുരയ്ക്കിടിവെട്ടുകൊള്ളട്ടേ”
എന്ന ശാപവചനമായി അത് പ്രഭുതയെ സംബോധന ചെയ്യുന്ന കാവ്യസന്ദർഭമോർക്കുക. (6) അതിന്റെ മറുവിചാരത്തിൽ കവിതയിലെ നായകൻ അതിലെ പുലയാടിയെന്ന പ്രയോഗത്തെ തീവ്രമായി ഉൾക്കൊണ്ടിടറുന്നുണ്ട്:
“ബോധമറ്റ കടന്നലേ നീയെൻ മാതൃസോദരിമാരെയോ കുത്തി?” കവികണ്ഠാഭരണത്തെ ഭജിക്കുന്നവരും ശരിവെച്ചുപോകും ഇവിടെ വെളിപ്പെട്ട തെറിവാക്കിന്റെ ഔചിത്യഭംഗിയെയെന്നു വരുന്നത് ഈ നായകന്റെ തൊണ്ടയിലെവിടെയോ പരുങ്ങിവന്നു മിണ്ടാതെ ഉൾവലിഞ്ഞ പ്രതിവാക്കിലൂടെ ശുശ്രൂഷിക്കപ്പെടുന്നതിനാലാണ്.
തൊഴിലാളിയുമായുള്ള സമ്പർക്കത്തിലാണ് കാവ്യനായകന് ഇതെല്ലാം മനസ്സിലാകുന്ന ഭാഷാവബോധം രൂപപ്പെട്ടത്. അയാളിലത് വെളിപ്പെടില്ലായിരിക്കാം. വെളിപ്പെട്ടാലത് ദൈന്യത്തിന്റെ പതാകയായല്ല, ദുരധികാരാഹന്തയുടെ പ്രത്യക്ഷീകരണമായേ വിലവെയ്ക്കപ്പെടുകയുള്ളു. സൂചിതാർത്ഥം (ഡിനോട്ടേഷൻ) ഒന്നായിരിക്കുമ്പോഴും വ്യംഗ്യാർത്ഥം (കൊനൊട്ടേഷൻ) വേറെവേറെയായിപ്പോകുന്നു. പ്രത്യക്ഷത്തിൽ ചീത്തയാണത്. ഉള്ളടക്കത്തിലത് വേറെവേറെയാകുന്നു. ഒന്നു സമരോത്സുകം, പ്രതിരോധാത്മകം. മറ്റേത് ദുരധികാരം.
കുട്ടിക്കാലത്ത് ഞാൻ കേട്ട ഭാഷയിലെമ്പാടും തെറികളുണ്ടായിരുന്നു. തെറി കവിതയുടെ നിയമത്തെയാണ് അനുസരിക്കുന്നത്. തെറിച്ചുവീഴുന്ന അമ്ലമഴ പോലുള്ള, അഥവാ പൊട്ടിയൊഴുകുന്ന ലാവപോലുള്ള, ഒട്ടും നേർപ്പിക്കാത്ത, പൊള്ളിത്തിളയ്ക്കുന്ന കവിത.
കുട്ടികൾ ചീത്തക്കൂട്ടുകെട്ടിൽപ്പെട്ടു പോകുന്നതിനെക്കുറിച്ചുള്ള ആധിയുണ്ട് മുതിർച്ചയ്ക്ക്. ചീത്ത ഭാഷാസമ്പർക്കത്തിലാകുന്നതിനെക്കുറിച്ചുള്ള ആധി കൂടിയാണത്. അപകൃഷ്ടരായ-അന്യസമുദായക്കാരുടെ ഭാഷയെക്കുറിച്ചുള്ള ഭാഷാപ്പേടി. ഇത്തരം പേടികളെക്കുറിച്ചുതന്നെ വിശദമായി പഠിക്കേണ്ടതുണ്ട്. ഭാഷയിലെ വിവിധയിനം പേടികൾ എന്ന വിഷയത്തിൽ ഒരു ഗവേഷണ പഠനത്തിനുതന്നെ സ്കോപ്പുണ്ട്. വിശ്വപ്രസിദ്ധ പിശാചുക്കളെക്കുറിച്ചുണ്ടായ ഒരു പുസ്തകം കണ്ടുകിട്ടിവായിച്ചതിന്റെ ഓർമ്മപ്പുസ്തകമായി ടി.പി. രാജീവനെഴുതിയ ഒരു കനം കുറഞ്ഞ പുസ്തകമുണ്ട് (7). അതുപോലെ ഇനംതിരിച്ച് ഭാഷാഭൂതങ്ങളുടെ ഒരു പുസ്തകമായും ആലോചിക്കാവുന്നതാണ്.
നമുക്കു പറഞ്ഞുവന്ന കാര്യത്തിലേക്ക് മടങ്ങാം. ചീത്ത ഭാഷകളുടെ ലോകത്തിലേക്കു വഴിതെറ്റാതെയിരിക്കണമെങ്കിൽ നമ്മുടെ സമ്പർക്ക ഭൂമികയായി ഉന്നതവും പരിശുദ്ധവും ശ്രേഷ്ഠവുമായ ഒരു പരിസരത്തു നിവസിക്കേണ്ടതായിട്ടുണ്ട്. ഭാഷയുടെ മനോഹരതീരങ്ങളിൽ ജീവിക്കുക. അതൊരു ഭാഗ്യമാണ്. കവിതയും സാഹിത്യവും ഗാനങ്ങളും തത്ത്വചിന്തയും ശാസ്ത്രവും വിജ്ഞാനവുമൊക്കെ മേളിക്കുന്ന ഒരു ഭാഷാലോകത്തുള്ള ജീവിതം പോലെ കാമ്യമായിട്ട് മറ്റൊന്നും തന്നെയില്ല. കലാലയങ്ങളെ അത്തരം ഭാഷാലോകത്തിന്റെ ഒരു മിനിയേച്ചറായിട്ടു കാണാം – ശരിയായി സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ. ലോകത്തെ ഒരു കലാലയമായി കാണുന്ന മറിച്ചുള്ളൊരു ഭാവനയിൽ ലോകം ഒരു മനോഹരമായ ലോകമായി കാണുന്നതിനും അനുവദിക്കുന്നുണ്ട്. ഭാഷകൾ പാർക്കുന്ന വീടാണ് ലോകം. എമിലി ഡിക്കിൻസൺ ഭാഷയെ മൊത്തത്തിലല്ലാതെ, ഗദ്യത്തെ വിട്ടുവെച്ച്, കവിതയെ മാത്രമായിട്ട് ഒരു വീടായി കല്പിച്ചാമോദിക്കുകയാണ് ചെയ്തത്. മറിച്ചു ചെയ്യുമ്പോൾ ഭാഷകൾ, അവയിലെ വൈവിദ്ധ്യങ്ങളെല്ലാം മേളിക്കുന്നതായി സങ്കല്പനം ചെയ്യുമ്പോൾ, വാസ്തവത്തിൽ ഭാഷാലോകമൊരു കവിതയായി മാറുകയാണ് ചെയ്യുന്നത്. നാമതിൽ എത്രത്തോളം സമ്പർക്കപ്പെടുന്നുവോ അത്രത്തോളമാണ് നമ്മുടെ ലോകാനുഭവങ്ങളുടെയും അനുഭൂതികളുടെയും ആസ്പദമായി ഭവിക്കുന്നത്. അതിൽനിന്നു സ്വീകരിച്ചു കുടിയിരുത്തിയുണ്ടാക്കുന്ന ഒരു കുഞ്ഞുഭാഷയിലാണ് നാം ജീവിക്കുന്നത്. അപ്പോഴും അതിന്റെ ഇതര ഭാഷാലോകങ്ങളിലേക്കു തുറക്കുന്ന വാക്കുകളുടെ ജനലുകളാലും വാതിലുകളാലും വലിയൊരു ലോകത്തിലേക്കു തുറന്നിരിക്കുന്നതാണ് ഈ കുഞ്ഞുലോകമെന്ന് നമ്മോടു പറയുന്നുണ്ട്. വിദൂരങ്ങളിൽ പിറവിയെടുത്ത പല വാക്കുകളും വിശേഷങ്ങളും ഈ കുഞ്ഞുഭാഷയിൽത്തന്നെ വന്നു ചേരുകയും ചെയ്യും. എന്നുവെച്ചാൽ, വാട്ടർ ടൈറ്റ് കമ്പാർട്ടുമെന്റുകളല്ല ഭാഷകൾ എന്നുകൂടിയാണ് ഓർക്കേണ്ടത്. നമ്മളിടുന്ന പേരുകൾ, നമ്മുടെ തമാശകൾ, നമ്മളുപയോഗിക്കുന്ന ലിപികൾ, ആശയങ്ങൾ ഒക്കെ ഈ സത്യത്തെയാണ് വെളിപ്പെടുത്തുന്നത്.

എന്റെ പേര് ജോർജ്ജ്.
ഈ പേര്, കൃഷിക്കാരനെ സൂചിപ്പിക്കുന്നതിനു പര്യാപ്തമായ ഒന്നത്രേ. ജിയോ എന്നുവെച്ചാൽ ഭൂമി. അതിൽ പണിയുന്നവനത്രേ ജോർജ്ജ്. വിയർപ്പറിയാൻ ചില്ലറ കൃഷിപ്പണികൾ ചെയ്യുന്നവനും കൃഷിമാത്രാവലംബിയായി ഉപജീവനം കണ്ട ആളുടെ മകനും ആകയാൽ പേര് കുഴപ്പമില്ലാത്തതുതന്നെ. എന്നാലും ഒരു ആരോപിതമായ (ആർബിട്രറിയായ) അടയാളമായിട്ടാണ് അത് പ്രവർത്തിക്കുന്നത്. പുരാണകഥാപാത്രങ്ങളുടെ പേര് അങ്ങനെയല്ല. രാമൻ രമിപ്പിക്കുന്നവനാണ്. സീത ഉഴവുചാലിൽനിന്ന്, സീതയിൽനിന്ന് വരുന്നവളാണ്. ദുര്യോധനൻ ദുഷ്ടമായോ ദുഃഖകരമായോ യുദ്ധം അനുഷ്ഠിക്കുന്നവനാണ്. പേരിൽ പലതുമിരിപ്പുണ്ട് അവിടങ്ങളിൽ. പേര് സ്വഭാവസർട്ടിഫിക്കേറ്റു കൂടിയാണ് എന്നു പറയാം. സ്വഭാവങ്ങളാണ്, കാരക്റ്റേഴ്സാണ്, കഥാപാത്രങ്ങളാണ് അവിടെ പേരും ധരിച്ചുചരിക്കുന്നതെന്നല്ലേ മനസ്സിലാക്കേണ്ടത്?
നമ്മുടെയൊക്കെ പേരുകൾക്ക് ഈ വിധത്തിലൊരു നാഭീനാളബന്ധമൊന്നും പറയാനില്ല. അതിന്റെ അർത്ഥതലങ്ങളിൽ ധാതു- പ്രകൃതികളിലെ വിവക്ഷകളൊന്നും പ്രസക്തമല്ല. എന്നാൽ ഒരർത്ഥവും പേറാത്തതല്ല പേരുകൾ. അവയുടെ വിവക്ഷകളിൽ പല പോക്കുവരവുകാര്യങ്ങളും മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. കേൾക്കുമ്പോൾത്തന്നെ അവ സ്വത്വമാനങ്ങൾ വെളിപ്പെടുത്തുന്നതിനൊപ്പം പല സമ്പർക്കങ്ങളുടെയും ചരിത്രബന്ധങ്ങളിലേക്കുപോലും നമ്മെ നയിക്കുന്നു എന്നതാണ് വാസ്തവം. കേരളത്തിനു ക്രിസ്തുമതവുമായുണ്ടായ സമ്പർക്കത്തിന്റെ കൊടി പാറുന്നുണ്ട് ഈ പേരിൽ. അത് വർഗ്ഗീസു വർക്കിയാദിരൂപങ്ങളുമായി തട്ടിച്ചുനോക്കിയാൽ പല പല കാല- ദേശ- സെക്റ്റ് വിവക്ഷകളും പതുങ്ങിക്കിടക്കുന്നത് വെളിച്ചത്തുവരും.
ജാതിപ്പേരുകൾ നിരോധിക്കേണ്ടതാണെന്ന് ഈയിടെ എന്റെയൊരു സുഹൃത്ത് പറയുകയുണ്ടായി. ആളൊരു യുക്തിവാദിയാണ്. മതേതരവാദിയുമാണ്. മതമില്ലാതെ ജീവിക്കുന്നതിന് പരിശ്രമിക്കുന്ന ഒരാളെന്ന നിലയ്ക്ക് ജാതിവിരുദ്ധവും പുരോഗമനപരവുമായ ഈ ആശയത്തോട് എനിക്ക് കലഹമൊന്നുമില്ല. പോരാത്തതിന് എനിക്ക് ഇങ്ങനെയൊരു വാലില്ലെന്ന് കാണിനേരം അഭിമാനിക്കുവാനും സന്തോഷിക്കാനുമുള്ള അവസരം അനുവദിക്കുന്നതുമായി സ്നേഹിതന്റെ പ്രമേയം. ജാതിസ്വത്വം വെട്ടിക്കളയാം. പക്ഷേ, ജാതിസ്വത്വവിനാശനപ്രമേയത്തിനു പിന്നാലെ മതസ്വത്വം പേരിൽനിന്നു വെട്ടിക്കളയേണ്ടതാണെന്ന് ആ സ്നേഹിതൻ ഒരു രണ്ടാം പ്രമേയം അവതരിപ്പിക്കുന്നതിനെക്കുറിച്ചോർത്തത്, മേല്പറഞ്ഞ നേരിയ സന്തോഷത്തെ കെടുത്തിക്കളഞ്ഞുവെന്നു മാത്രമല്ല, പേരില്ലാതാകുന്ന ഒരവസ്ഥയെക്കുറിച്ചോർത്ത് തെല്ലിട കിടുങ്ങുവാനും ഇടയാക്കി. ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുക സാധാരണമെങ്കിലും പേരിൽ പല പടുകുഴികളും അന്തർഭവിക്കുന്നുണ്ടെന്നതാണ് വാസ്തവം.
പേരുകളെ മാത്രം കണക്കിലെടുത്തു പരിശോധിച്ചാൽ വംശീയതകളുടെയും മതങ്ങളുടെയും ഭാഷണസമൂഹങ്ങളുടെയും സമ്പർക്കത്തിലൂടെ വികസിച്ചുവന്ന ഒരു നാമകോശമാണ് ഏതൊരു വികസിത ഭാഷയിലേതുമെന്ന് സ്പഷ്ടമാകും.
പേരുകളെ മാത്രം കണക്കിലെടുത്തു പരിശോധിച്ചാൽ വംശീയതകളുടെയും മതങ്ങളുടെയും ഭാഷണസമൂഹങ്ങളുടെയും സമ്പർക്കത്തിലൂടെ വികസിച്ചുവന്ന ഒരു നാമകോശമാണ് ഏതൊരു വികസിത ഭാഷയിലേതുമെന്ന് സ്പഷ്ടമാകും.
കാളി, കമല, കല്ല്യാണി, കണ്ണൻ, കണാരൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കേളു, അജിത, അമൃത, രമണി, ആതിര, ചിരുത, ശ്രീദേവി, ശ്രീലത, ബ്ലോസ്സം, ചന്തു, ചാത്തു, കോമൻ, കുമരൻ, കുമാരൻ, ഇരാമൻ, രാമൻ, ശ്രീരാമൻ, ഇരവി, രവി, രാജൻ, രാജപ്പൻ, ചന്തമ്മൻ, ചന്ദ്രൻ, ദിവാകരൻ, മധു, ശശി, ബോസ്, ചന്ദ്രബോസ്, സുശീൽ, വിജു, അജു, സിജു, സാജോ, ജിസോ, രജീഷ്, ഗിരീഷ്, അനീഷ്, രൂപേഷ്, വിജിത്, ശരത്, സിദ്ധാർത്ഥ്, ആര്യ, മാളു, സ്വപ്ന, സുമന, മഴ, മാത്തു, മാത്യു, മത്തൻ, മാത്തപ്പൻ, അലവി, അയ്മു, അവുള്ള, അബ്ദു, ചേക്കു, കലന്തൻ, അബ്ദുള്ള, ആസിഫ്, നുഫൈൽ, ഹസ്നൈൻ, ആയിശ, ആയിഷ, അസ്മാബി, മുംതാസ്, ഷഹാന, തെയ്യ, തെരേസ, മറിയം, മേരി, മെറിൻ, അൽക്കാ, ഷെർലി, ഷെൽവി, കോത്താപ്പി, ഔസേപ്പ്, ജോസഫ്, യേശുദാസ്, ജോ, ജോജോ, ലോന, ലൂക്ക, ചാക്കു, കുറ്റിച്ചാക്കു, ചാക്കപ്പൻ, പുന്നൂസ്, അന്തോണി, അന്തപ്പൻ, ആന്റണി, ആന്റോ, ഇവാനിയോസ്, യാക്കോബ്ബ്, ജേക്കബ്ബ്, യാക്കൂബ്... ഒരൊറ്റത്തള്ളലിൽ വന്ന കുറച്ചു പേരുകളാണിവിടെയെഴുതിയത്. അവ ശ്രദ്ധിച്ചു വിശകലനം ചെയ്തുനോക്കൂ. പേരിലെ കാലബന്ധങ്ങളും സമൂഹബന്ധങ്ങളുംവെച്ച് പരിശോധിച്ചുനോക്കൂ. പേരുകളുടെ പരിണാമചരിത്രവും നോക്കാവുന്നതാണ്.
ഈയിടെ സംഘം കവികളുടേതെന്നു പറഞ്ഞ് ഒരു ലിസ്റ്റ് സ്നേഹിതനായ പ്രവീൺ വർമ്മ അയച്ചുതന്നു. (8) മേൽക്കൊടുത്ത പേരുകൾക്കൊപ്പം ഈ ലിസ്റ്റിലെ പേരുകളും ഒന്നു പരിശോധിച്ചുനോക്കൂ. പഴയത്, പുതിയത്, ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, അവയിലെ ഉപവിഭാഗങ്ങൾ, ഭൂപ്രദേശം, വിദേശി, സ്വദേശി, പഴഞ്ചൻ, ആധുനികം – ഇങ്ങനെ കള്ളികളായിത്തിരിയും ഈ പേരുകൾ. പേരുവന്ന വഴികൾ നോക്കാം. പേരുകൾക്കു വന്നുകൂടിയ ഗതികേടുകൾ പോലും ഉണ്ടാകും. ആക്ഷേപകരമായ പേരുകൾ, കൗതുകകരമായ പേരുകൾ, ആളുമായൊക്കാത്ത പേരുകൾ എന്നൊക്കെയുള്ള വേർതിരിവുകളും വരും. തനിക്കിട്ട പേരിനെ ശപ്തമെന്നു വിചാരിച്ചു ബുദ്ധിമുട്ടുന്നവരെയും ആക്ഷേപകരമായ പേര് ആസ്വദിച്ചുകൊണ്ടു നടക്കുന്ന രസികന്മാരെവരെയുമൊക്കെ പേരു തേടിയുള്ള അലച്ചിലിൽ കണ്ടു മുട്ടും. എന്റെ ഗ്രാമത്തിലെ ഉത്സാഹിയായ ഒരു യുവാവിനെ കളിയായി വിളിച്ചുപോന്ന പേരാണ് കാളത്തങ്കൻ. അദ്ദേഹത്തിന്റെ ഫോണിൽ സംരക്ഷിച്ചിരിക്കുന്ന പേര് കാളത്തങ്കൻ എന്നാണ്. ട്രൂ കോളറിൽ കണ്ടു ചോദിച്ചപ്പോൾ പുള്ളിക്കാരൻ ചിരിച്ചുകൊണ്ടു പറഞ്ഞത് ചെറിയ കാര്യമല്ല. ഫോണെങ്ങാൻ കളഞ്ഞുപോയാൽ അത് എന്റേതാണെന്നു മനസ്സിലാകണ്ടേ കിട്ടുന്നവന്? എമ്മാതിരി ബുദ്ധി! മറ്റുള്ളവർക്കു തിരിച്ചറിയാനുള്ളതാണ് പേര് എന്ന ആ അറിവു പ്രധാനം തന്നെ. പേരുകൾ സത്താപരമല്ല. മറ്റുള്ളവരുടെ ആവശ്യാർത്ഥം അവർ വിളിച്ചുണ്ടാകുന്നതാണ് ഒരാൾക്ക് പേര്. മറ്റുള്ളവരുടെ ആശയോ ആചാരമോ പ്രതീക്ഷയോ ഒക്കെയാകും ഒരാൾക്കു പേരാവുക. നമ്മുടെ പേരിൽ അന്യൻ കൂടെപ്പിറപ്പായുണ്ട്. ഘടനാവാദമൊന്നും പഠിച്ചിട്ടില്ലെങ്കിലും തങ്കന് തത്ത്വമതറിയാം. ഉചിതമായ ഭാഷാനുഭവങ്ങളിലൂടെ ചരിച്ചിരുന്നെങ്കിൽ തത്ത്വചിന്തകനാകേണ്ടിയിരുന്ന തങ്കൻ. വണ്ടിയോടിച്ചു സന്തോഷിച്ചു ജീവിക്കുന്നു. തെറിപോലെ വേദനാകരമാകാവുന്ന ഒരു വിളിയെ ചിരി കൊണ്ടു നിഷ്പ്രഭമാക്കുന്നു -തത്ത്വജ്ഞാനി; വിവേകി.

വിഷയത്തിലേക്ക് മടങ്ങാം. പഴയ രാജാക്കളുടെയും നേതാക്കളുടെയും പേരുകളുടെ വലിയൊരു ശേഖരം ഉണ്ടാക്കി വലിയൊരു പഠനം തന്നെയാകാം. വി. വി. കെ. വാലത്തിന്റെ സ്ഥലനാമപഠനം പോലെയോ അതിലും കേമപ്പെട്ട നിലയിലോ അത് കലാശിച്ചേക്കും. ഗ്ലോട്ടോക്രോണോളജി (Glottochronology) എന്നൊരു ഭാഷാപഠനശാഖയിൽ വരുമത്. വാക്കുകളുടെ ചരിത്രാന്വേഷണമാണത് പ്രധാനമായും നിർവ്വഹിക്കുന്നത്. പേരുകളെ അവലംബിച്ച് ഇങ്ങനെ അന്വേഷിച്ചെന്നാൽ, ചരിത്രബോധത്തിലും ഒതുങ്ങാതെ സംസ്കാരബന്ധങ്ങളുടെ കഥ അവ നമ്മോടു പറഞ്ഞ് ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും ഒടുങ്ങാത്ത വഴികളിലൂടെ നടത്തിക്കളയും. ആ വഴിയിൽ വന്നുകയറിയതെത്ര, പിരിഞ്ഞുപോയ് അറിയാത്ത ലോകങ്ങൾ പൂകിയവയെത്ര? വെറുതെ ആലോചിച്ചുനോക്കൂ. നടക്കാനിറങ്ങിയ ജീവബിന്ദുക്കളെപ്പോലെ വാക്കുകൾ!
“മുമ്പു നാം സ്നേഹിച്ചവരകന്നോ
മൃതിപെട്ടോ വൻപകയോടെ ചേരിമാറിയോ
പൊയ്പ്പോകുന്നു” (9)
എന്നു കവി പറഞ്ഞ മാതിരി, വന്നുകൂടിയൊരുമിച്ചിരുന്ന വാക്കുകൾ ഓരോരോ വഴിക്കു പോയ്മറയുന്നു. വാതിലുകൾ ജനലുകൾ അടയുന്നു.
മനുഷ്യന്റെ വിധി, വാക്കുകളുടെയും.
▮
കുറിപ്പുകൾ:
1. എമിലി ഡിക്കിൻസന്റെ കവിതയെക്കുറിച്ചുള്ള കവിതയാണിത്: I dwell in Possibility.
A fairer House than Prose-
More numerous of Windows-
Superior - for Doors-
Of Chambers as the Cedars-
Impregnable of eye
And for an everlasting Roof
The Gambrels of the Sky-
Of visitors - the fairest-
For occupation - This -
The spreading wide my narrow Hands-
To gather Paradise.
ഈ കവിത സ്വതന്ത്രമായി മലയാളത്തിൽ ഗ്രഹിക്കാവുന്ന മട്ടിൽ വിവർത്തനം ചെയ്തുതന്ന ബാലചന്ദ്രൻ ചുള്ളിക്കാടിനു നന്ദി.
2. ലിപികളുടെ ചരിത്രം പരിശോധിച്ചാൽ ഇപ്പോഴത്തെ എഴുത്തുസമ്പ്രദായങ്ങളിൽത്തന്നെ പല പാരമ്പര്യങ്ങളുടെ ബോധരൂപങ്ങൾ പ്രവർത്തിക്കുന്നതുകാണാം. ഉദാഹരണത്തിന് കൂട്ടക്ഷരങ്ങളെ മേലുകീഴുകളായി എഴുതുന്നതും അടുത്തടുത്തായി എഴുതുന്നതും രണ്ടു ബ്രാഹ്മിപാരമ്പര്യങ്ങളുടെ ചരിത്രമുദ്രകൾ പേറുന്നതാണ്. രാഘവവാരിയരുടെ പ്രാചീനലിപിപഠനം എന്ന പുസ്തകം കാണുക. (കേരള ബുക് സ്റ്റോർ).
3. കന്നഭാഷ, സ്ലാങ്. പാവങ്ങളിൽ ഒരദ്ധ്യായത്തിൽ അദ്ധ്വാനജനവിഭാഗങ്ങളിൽ പ്രചാരത്തിലുള്ള ഒളിഭാഷാരീതികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
4. ടെംപസ്റ്റ് നാടകത്തിലെ പ്രതിനായകൻ.
5. ടെംപസ്റ്റ് നാടകത്തിലെ മറ്റൊരു കഥാപാത്രം.
6. കുടിയൊഴിക്കൽ, വൈലോപ്പിള്ളിയുടെ ഖണ്ഡകാവ്യം.
7. വിശ്വപ്രസിദ്ധ പിശാചുക്കൾ, ലിപി, കോഴിക്കോട്.
8. വലിയൊരു ലിസ്റ്റാണത്. അയ്യാത്തി സിരുവേന്തിരയ്യാർ, തുടങ്ങി വിട്ടകുതിരയാർ വരെ 542 പേരുകൾ അതിൽ ഉണ്ടായിരുന്നു.
9. വൈലോപ്പിള്ളിയുടെ യുഗപരിവർത്തനം എന്ന കവിതയിൽനിന്ന്.