‘ഇന്ത്യയിലൊട്ടാകെ അഭിപ്രായസ്വാതന്ത്ര്യം അപകടത്തിലാണ്’

‘‘തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ അഭിപ്രായസ്വാതന്ത്യം അപകടത്തിലാണ് എന്ന് ഞാൻ കരുതുന്നു. അതിന് സാഹിത്യപരമല്ലാത്ത രാഷ്ട്രീയ കാരണങ്ങളുണ്ട്. ജാതി, മത മൗലിക വാദികൾ സാഹിത്യത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്’’- ഈ വർഷത്തെ ജെ.സി.ബി അവാർഡ് നേടിയ പ്രമുഖ എഴുത്തുകാരൻ പെരുമാൾ മുരുകനുമായി വിവർത്തകയും എഴുത്തുകാരിയുമായ കബനി സി. സംസാരിക്കുന്നു.

കബനി സി.: കീഴാളൻ എന്ന പേരിൽ താങ്കളുടെ കൂലമാതാരി 2017- ൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഞാനാണ്. അതിപ്പോൾ പതിമൂന്നാമത്തെ പതിപ്പും കഴിഞ്ഞു. ഞാനേറ്റവും ആസ്വദിച്ചു ചെയ്ത വിവർത്തനങ്ങളിലൊന്ന്. എന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്നത്. കൂലയ്യനിലൂടെയും അവന്റെ ആട്ടിൻപറ്റത്തിലൂടെയും താങ്കൾ തമിഴ്നാട്ടിലെ ജാതി ഡൈനാമിക്സിനെയാണ് ആഖ്യാനം ചെയ്യുന്നത്. ഒരു കൗമാരപ്രായക്കാരനോടുള്ള ആഴത്തിലുള്ള മനുഷ്യത്വരാഹിത്യവും തമിഴ്നാട്ടിലുള്ള ദാരിദ്ര്യത്തിന്റെയും ജാതി കൊണ്ടുള്ള അടിച്ചമർത്തലിന്റെയും കഠിനമായ യാഥാർത്ഥ്യങ്ങളും ശരിക്കും ഞെട്ടിച്ചു.
ചരിത്രത്തെ പിടിച്ചു കുലുക്കിയ, രാഷ്ട്രീയത്തിൽ ഇപ്പോഴും വലിയ സ്വാധീനമുള്ള ജാതിവിരുദ്ധ പ്രസ്​ഥാനങ്ങളുണ്ടായിട്ടും ഇപ്പോഴും തമിഴ്നാട്ടിൽ നിലനില്ക്കുന്ന ജാതിവിവേചനവും അടിച്ചമർത്തലും താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

പെരുമാൾ മുരുകൻ: വർണ-ജാതി വ്യവസ്​ഥ ഉരുത്തിരിഞ്ഞിട്ട് ആയിരത്തിനുമേൽ വർഷങ്ങളായി. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഈ വ്യവസ്​ഥകൾ ദൃഢമായി സമൂഹത്തെ സാരമായി ബാധിച്ചു. വലിയ തോതിലുള്ള ജാതിവിരുദ്ധ മുന്നേറ്റങ്ങൾ തുടങ്ങിയിട്ട് ഏറെക്കുറെ നൂറു വർഷങ്ങളേ ആകുന്നുള്ളൂ. അതുകൊണ്ട് ജാതി വ്യവസ്​ഥ തകരാൻ, അതിന്റെ അടിത്തറ ഇളകി എല്ലാവരും ഒന്നെന്ന അവസ്​ഥ വരാൻ, ഇനിയും നൂറു വർഷമെങ്കിലും എടുക്കും.

കീഴാളന്റെ പരിസരം തെരുച്ചെങ്കോടിന്റെ പ്രാന്തപ്രദേശങ്ങളാണ്. മാതൊരുഭാഗനും അതേ പട്ടണത്തിലാണ് സംഭവിക്കുന്നത്, തമിഴ്നാടിന്റെ കൊങ്ങുനാട്ടിലെ നാമക്കലിനടുത്ത്. കൊങ്ങുനാട്ടിലെ ഗ്രാമങ്ങളിലെയും ചെറു പട്ടണങ്ങളിലെയും ദൈനംദിന ജീവിതമാണ് താങ്കളുടെ ഏതാണ്ടെല്ലാ എഴുത്തുകളിലും പ്രതിഫലിക്കുന്നത്. പ്രത്യക്ഷത്തിൽ പരിമിതമെന്നു തോന്നുന്ന ആഖ്യാനപരിസരത്തിൽ നിന്ന് താങ്കളുടെ കഥാപാത്രങ്ങളും പ്രമേയങ്ങളും സാർവ്വദേശീയമായ തലത്തിലേക്കാണുയരുന്നത്. ഇംഗ്ലീഷിലേക്കും മറ്റ് ഇന്ത്യൻ ഭാഷകളിലേക്കുമുള്ള വിവർത്തനങ്ങളിലൂടെയും ഇതു തന്നെ സംഭവിക്കുന്നു. വിവർത്തനങ്ങളിലൂടെ കൊങ്ങുനാട്ടു കഥകൾ ലോകം മുഴുവൻ വായിക്കുമ്പോൾ എന്തുതോന്നുന്നു?

ഏതു പ്രദേശത്തു ജീവിച്ചാലും മനുഷ്യന്റെ അടിസ്​ഥാന വികാരങ്ങളിൽ സമാനതകളുണ്ട്, അല്ലേ? പ്രേമം, കാമം, വിഭാഗീയത, പറിച്ചുനടൽ തുടങ്ങിയവയാൽ ഉണ്ടാകുന്ന സുഖദുഃഖങ്ങൾ സമാനമല്ലേ? അതുകൊണ്ട് എവിടെ ജീവിക്കുന്ന മനുഷ്യരുടെയും വികാരത്തെയും മറ്റൊരു പ്രദേശത്തുള്ളവർക്ക് അനുഭവിക്കാനാകും. ഞാൻ എഴുതുന്ന, മണ്ണിനോട് ചേർന്നു നിൽക്കുന്ന ജീവിതം മറ്റുള്ളവർക്ക് കിട്ടുന്ന അറിവാണ്. സാഹിത്യം വികാരത്തെയും അറിവിനെയും യോജിപ്പിക്കുന്ന അനുഭവമാണ്. എന്റെ കൃതികൾ ആ അനുഭവത്തെ ഭാഷയ്ക്കതീതമായി വായനക്കാരിൽ എത്തിക്കുന്നു എന്ന കാര്യത്തിൽ ഞാൻ സന്തോഷവാനാണ്.

റോമില ഥാപ്പർ

റോമില ഥാപ്പർ താങ്കളുടെ ‘മാതൊരുഭാഗ’നെ കുറിച്ച് പറഞ്ഞു: ‘‘ഇത് മികച്ച സംവേദനക്ഷമതയോടെയും രോഷത്തോടെയും സൗമ്യതയോടെയും പറഞ്ഞ കഥയാണ്.’’ നിർഭാഗ്യവശാൽ ഈ നോവൽ തമിഴ്നാട്ടിൽ വലിയ കോലാഹലമുണ്ടാക്കി. പെരുമാൾ എന്ന എഴുത്തുകാരൻ ഇനിയില്ലെന്ന് താങ്കൾ പ്രഖ്യാപിക്കുന്നതു വരെയായി കാര്യങ്ങൾ. മദ്രാസ് ഹൈക്കോടതി താങ്കൾക്കെതിരെയുള്ള കേസ്​തള്ളിക്കളഞ്ഞതിനുശേഷമാണ് ഒരു കവിതാ സമാഹാരത്തോടെ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ തിരിച്ചുവന്നത്. സർഗാത്മകതയെ ഇഷ്​ടത്തിനനുസരിച്ച് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം തമിഴ്നാട്ടിൽ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടോ?

തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ അഭിപ്രായസ്വാതന്ത്ര്യം അപകടത്തിലാണ് എന്ന് ഞാൻ കരുതുന്നു. അതിന് സാഹിത്യപരമല്ലാത്ത, രാഷ്ട്രീയ കാരണങ്ങളുണ്ട്. ജാതി, മത മൗലിക വാദികൾ സാഹിത്യത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോഴത്തെ ഡി.എം.കെ ഭരണം ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത് ഒരളവു വരെ എഴുത്തുകാരുടെ താല്പര്യങ്ങൾക്കനുസരിച്ചാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നായാണ് മാതൊരുഭാഗനുനേരെയുള്ള ആക്രമണത്തെ ലോകം പരിഗണിച്ചത്. ഇന്ത്യയിലും ലോകത്തെമ്പാടും ഈ പ്രശ്നം കൂടുതൽ ഗുരുതമായിട്ടേയുള്ളൂ.
പിന്തിരിപ്പൻ ശക്തികൾ അധികാരം നേടാൻ സാഹിത്യത്തെയും കരുവാക്കാൻ ശ്രമിക്കുകയാണ്. ഈ രീതി ലോകം മുഴുവനുമുണ്ട്. ഇതിനെ നേരിടാനുള്ള ഒരേയൊരുവഴി ക്രിയാത്മകമായ തന്ത്രങ്ങൾ തരുന്ന സ്വാതന്ത്ര്യത്തെ നല്ല രീതിയിൽ ഉപയോഗിക്കുക എന്നതു മാത്രമാണ്.

തമിഴനാട്ടിലെ നാമക്കലില്‍ മാതൊരുഭാഗന്‍ പുസ്തകം കത്തിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍

താങ്കൾ ഇടക്കിടെ കേരളത്തിലേക്കു വരുന്നയാളാണ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലും കഴിഞ്ഞ മാസം കേരള നിയമസഭ നടത്തിയ അന്താരാഷ്ട്ര പുസ്​തകോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. മലയാളസാഹിത്യത്തെ താങ്കൾ പിന്തുടരുണ്ടെന്നാണ് തോന്നുന്നതും. അനുബന്ധമായി കേരളത്തിലുണ്ടാകുന്ന സാസ്​ക്കാരിക മുന്നേറ്റങ്ങളെയും ആധുനികമെന്നും പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്ന കേരളത്തിലെ സാഹിത്യ, സാസ്​ക്കാരിക മണ്ഡലത്തെയും എങ്ങിനെ വിലയിരുത്തുന്നു?

മലയാള സാഹിത്യ പരിസരം വളരെ ആരോഗ്യത്തോടെ ഇരിക്കുന്നതായി (ഞാൻ) കാണുന്നു. പല കൃതികളും തമിഴിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഭാഷകളിൽ പുത്തൻ സാഹിത്യം എഴുതപ്പെടുന്ന മികച്ച അഞ്ചു ഭാഷകളിൽ ഒന്ന് മലയാളമാണ് എന്നത് വളരെ മതിപ്പുളവാക്കുന്നു. വായനാശീലമുള്ള സമൂഹമാണ് (കേരളത്തി​ന്റേത്). ചെറിയ പ്രായം മുതൽ തന്നെ വായനയെ പ്രോൽസാഹിപ്പിക്കുന്നതും ഗ്രന്ഥശാലാ സംവിധാനങ്ങൾ നല്ല രീതിയിൽ നടക്കുന്നതും എന്നെ അദ്ഭുതപ്പെടുത്തുന്നു. അതുപോലെ തങ്ങളുടെ സാഹിത്യത്തെ പുറം ലോകത്തെത്തിക്കുന്നതിൽ മലയാളിയോളം കഴിവ് മറ്റാർക്കുമില്ല.

തമിഴ് പ്രസാധകരായ ' 'കാലച്ചുവട്'പുറത്തിറക്കിയ 'മാതൊരുഭാഗന്‍' കവര്‍

സമകാലിക തമിഴ് സാഹിത്യം മലയാളത്തേക്കാൾ ധീരമായി ജാതിയെയും ലിംഗരാഷ്ട്രീയത്തെയും കൈകാര്യം ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. സമകാലിക തമിഴ്സാഹിത്യത്തെ എങ്ങിനെ വിലയിരുത്തുന്നു? ആരാണ് മുന്നോട്ടു പോകാൻ സാദ്ധ്യതയുള്ള എഴുത്തുകാർ?

തമിഴ് – മലയാള താരതമ്യത്തിന് പല വീക്ഷണ കോണുകളുണ്ട്. തമിഴ്നാട്ടിൽ ആയിരക്കണക്കിനു ജാതികളുണ്ട്. കേരളത്തിൽ അത്രമാത്രമില്ല. സമകാലീന സാഹിത്യത്തിൽ തമിഴിന് ചില പ്രത്യേകതകളുണ്ട്. അതുപോലെ മലയാളത്തിനും ചില പ്രത്യേകതകളുണ്ട്. 1990-കളിലാണ് തമിഴ് കവയത്രികൾ ഒരു തിര പോലെ എഴുതാൻ തുടങ്ങിയത്. അതേസമയം മലയാള കവയത്രികൾ അതിനും എത്രയോ മുമ്പ് എഴുതിത്തുടങ്ങിയിരുന്നു. അവരുടെ (മലയാള കവയത്രികളുടെ) കവിതകളെ തമിഴിലേക്കു വിവർത്തനം ചെയ്ത് കവി സുകുമാരൻ ഒരു പുസ്​തകമാക്കി പ്രസിദ്ധീകരിച്ചു. അത് തമിഴ് കവിതയെ സ്വാധീനിച്ചു. (ഈ) രണ്ടു ഭാഷാ സാഹിത്യത്തെയും ആഴത്തിൽ താരതമ്യപ്പെടുത്തിയാൽ (നമുക്കു) ചില നിഗമനങ്ങളിലെത്താം. അതിപ്പോഴും ഞാൻ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.

യിലൻ ജി. ചിന്നപ്പൻ, . കാർത്തിക് ബാലസുബ്രമണ്യൻ, സുജാതാ സെല്‍വരാജ്

ഇപ്പോൾ തമിഴിൽ പുതു / ഇളയ തലമുറയിൽ പെട്ട പലരും വളരെ നന്നായി എഴുതുന്നുണ്ട്. മയിലൻ ജി. ചിന്നപ്പൻ മനോഹരമായി കഥകൾ എഴുതുന്നു. കാർത്തിക് ബാലസുബ്രമണ്യൻ നല്ലൊരു നോവലിസ്​റ്റാണ്. സുജാതാ സെൽവരാജിന്റെ കവിതകൾ എനിക്ക് വളരെ ഇഷ്ടമാണ്. ഉദാഹരണത്തിനായി ചിലരെ സൂചിപ്പിച്ചു എന്നേയുള്ളൂ. ഇനിയും ധാരാളം പേരുണ്ട്.

ഞാൻ താങ്കളുടെ വിവർത്തകരിൽ ഒരാളാണ്. ‘മാതൊരുഭാഗൻ’ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് അനിരുദ്ധൻ വാസുദേവനാണ്. ‘കൂലമാതാരി’ വി ഗീതയും. താങ്കളുടെ ‘ആളണ്ട പച്ചി’യടക്കമുള്ള കൃതികൾ മലയാളത്തിലേക്കും മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. താങ്കൾ വിവർത്തകരോടൊത്ത് പ്രവർത്തിക്കാറുണ്ടോ? മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോൾ താങ്കളുടെ കൃതികളിലെ വികാരങ്ങളും ചിന്തകളും മികച്ച രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ?

ഇംഗ്ലീഷിൽ മൊഴിമാറ്റത്തിൽ അവർ വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. (ഇംഗ്ലീഷ് ) പരിഭാഷകരുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അവർ തുടക്കം മുതൽ അച്ചടിയുടെ അവസാനഘട്ടം വരെ ഞാനുമായി ആശയവിനിമയം നടത്തുന്നു. അനിരുദ്ധൻ വാസുദേവൻ എന്റെ അഞ്ചു നോവലുകൾ വിവർത്തം ചെയ്തിട്ടുണ്ട്. തമിഴും ഇംഗ്ലീഷും നന്നായി അറിയുന്ന അദ്ദേഹം ചില പ്രാദേശിക വാക്കുകൾക്ക് മാത്രമേ വിശദീകരണം ചോദിക്കാറുള്ളൂ. എന്റെ എല്ലാ കൃതികളും വായിച്ചിട്ടുള്ള അദ്ദേഹത്തിന് എന്റെ സർഗാത്മകലോകം നല്ലതു പോലെ അറിയാം. പുസ്​തകത്തിന്റെ കവർ തയ്യാറാക്കുന്നതിലും എന്റെ അഭിപ്രായം ആരായുന്നു. ഇന്ത്യൻ ഭാഷകളിൽ അങ്ങനെയല്ല. ആരാണ് വിവർത്തക / ൻ എന്നതു പോലും ഞാനറിയാറില്ല.

അനിരുദ്ധൻ വാസുദേവൻ

ഇംഗ്ലീഷ് പരിഭാഷകളെ വായിക്കാൻ എനിക്കു സാധിക്കുന്നു. അവയൊക്കെ തൃപ്തികരമായ വിവർത്തനങ്ങളായിട്ടാണ് എനിക്കു തോന്നുന്നത്. മറ്റു ഭാഷകളിലെ വിവർത്തനങ്ങൾ എനിക്കു വായിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് അവയെപ്പറ്റി എനിക്കൊന്നും പറയാൻ സാധിക്കില്ല.

ഈ വർഷത്തെ ജെ സി ബി പുരസ്​ക്കാരം ലഭിച്ച ‘ആളണ്ട പച്ചി’ (ഫയർബേർഡ്) വേരു പറിച്ചു നടലിന്റെയും സ്​ഥിരതയ്ക്കായുള്ള മനുഷ്യന്റെ തിരച്ചിലിന്റെയും കഥയാണ്. വേരു പറിച്ചുനടലും കുടിയൊഴിപ്പിക്കപ്പെടലും സാർവ്വദേശീയമാണ്. താങ്കളുടെ എഴുത്തുലോകത്ത് ‘ആളണ്ട പച്ചി’യെ എവിടെ വെക്കുന്നു?

എന്റെ പൂർവികരുടെ കഥയെ ആസ്​പദമാക്കി ഞാനെഴുതിനോക്കിയ ആദ്യത്തെ നോവലാണിത്. ആ തരത്തിൽ ഇനിയും ധാരാളം എഴുതേണ്ടതുണ്ട്. അതിനുള്ള ആരംഭബിന്ദുവായാണ് ഞാനീ നോവലിനെ കരുതുന്നത്.

താങ്കളുടെ എഴുത്തെന്ന പ്രക്രിയ എപ്രകാരമാണ്? എഴുതാനുള്ള പ്രമേയം തിരഞ്ഞെടുക്കുന്നതെങ്ങിനെയാണ്?

2006 മുതൽ ഞാൻ കൈകൊണ്ടെഴുതാറില്ല. കമ്പ്യൂട്ടറിൽ ടൈപ്പു ചെയ്യുകയാണ്. എന്തെങ്കിലും എഴുതിക്കഴിഞ്ഞാൽ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വായിച്ചു നോക്കും. കുറിപ്പുകൾ തയ്യാറാക്കുകയും രണ്ടാമത്തെ ഡ്രാഫ്റ്റ് എഴുതുകയും ചെയ്യും. മിക്കപ്പോഴും അതായിരിക്കും അവസാനത്തെ ഡ്രാഫ്റ്റ്. വളരെ വിരളമായേ മൂന്നാമത്തെ ഡ്രാഫ്റ്റ് എഴുതാറുള്ളൂ. അങ്ങനെ ചെയ്യാൻ സമയം കിട്ടാറുമില്ല.

എഴുതുന്നതിനു മുമ്പ് ഒരു കൃതി പൂർണമായും ഞാൻ തലയ്ക്കുള്ളിൽ സൃഷ്​ടിക്കും. ആദ്യം മുതൽ ഒടുക്കം വരെ തലയ്ക്കുള്ളിലത് തയ്യാറായാൽ ചെറിയ കുറിപ്പുകൾ തയ്യാറാക്കും. തലയ്ക്കുള്ളിൽ സൃഷ്​ടിക്കപ്പെട്ടതും എഴുതപ്പെടുന്നതും തമ്മിൽ അമ്പതു ശതമാനം പൊരുത്തം കാണും. ശേഷിച്ച അമ്പതു ശതമാനം പുതിയ കൂട്ടിച്ചേർക്കലുകളായിരിക്കും.

നോവലിനുള്ള ആശയങ്ങൾ എനിക്ക് സ്വാഭാവികമായി വന്നു ചേരും. നിരവധി ജീവിതാനുഭവങ്ങൾ മനസ്സിൽ പറ്റിപ്പിടിക്കുകയും പതിയെപ്പതിയെ വികസിക്കുകയും ചെയ്യും. എഴുതാനുള്ള ആത്മവിശ്വാസം കിട്ടിയാൽ, ശരിയായ സമയമായെന്നു തോന്നിയാൽ ഞാൻ എഴുതാൻ തുടങ്ങും. എഴുതുന്നതിനു മുമ്പ് ചെറിയ കുറിപ്പുകൾ തയ്യാറാക്കും. ചിലപ്പോൾ അദ്ധ്യായങ്ങളെ കുറിച്ചുള്ള കുറിപ്പുകളുമെഴുതും. മനസ്സിൽ ഏതാനും ദിവസങ്ങൾ നോവലെഴുതും. അതിൽ സംതൃപ്തി തോന്നുമ്പോൾ മാത്രമേ എഴുതാൻ ഇരിയ്ക്കൂ. ഒറ്റയിരിപ്പിന് നോവലുകൾ എഴുതാനാണ് എനിക്കിഷ്​ടം. രണ്ടോ മൂന്നോ മാസം ആ എഴുത്ത് തുടരും. രാവിലെ ആറു മണിയ്ക്കും പത്തു മണിയ്ക്കുമിയിൽ എഴുതാനാണ് ഇഷ്​ടം. എഴുതിക്കഴിഞ്ഞാൽ ഏതാനും തവണ വായിച്ച് പുതുക്കും. എന്റെ എഴുത്തിന് അധികം എഡിറ്റിംഗ് വേണ്ടിവരാറില്ല.

ഈയ്യടുത്ത് നിയമസഭാ പുസ്​തകോത്സവത്തിൽ താങ്കളുടെ സംസാരം കേട്ടു. കൃതികൾ എഴുതപ്പെടുന്നത് ഇന്നേക്കു വേണ്ടി മാത്രമല്ലെന്നും നാളേക്കു വേണ്ടിക്കൂടിയാണെന്നും പറയുന്നതു കേട്ടു. സമകാലികരായ വായനക്കാർക്ക് മനസ്സിലായില്ലെങ്കിൽ പോലും നാളെ, ചിലപ്പോൾ ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം ഒരു കൃതി മനസ്സിലാക്കപ്പെടുമെന്ന പുതുമൈപ്പിത്തെൻ്റ പറച്ചിലും താങ്കൾ സൂചിപ്പിച്ചു. തമിഴ്സാഹിത്യത്തിൽ താങ്കളെ സ്വയം എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്?

എന്റെ സ്​ഥാനം കാലം തീരുമാനിക്കട്ടെ.

(അഭിമുഖം തമിഴിൽനിന്ന് വിവർത്തനം ചെയ്തത് ഗൗതം സാരംഗ്)


പെരുമാൾ മുരുകൻ

തമിഴ് കഥാകൃത്ത്, നോവലിസ്റ്റ്, കവി, വിവർത്തകൻ. നാമക്കൽ ഗവ. ആർട്‌സ് കോളേജിൽ തമിഴ് പ്രൊഫസർ. 'ഇളമരുത്' എന്ന പേരിലാണ് കവിത എഴുതുന്നത്. 'മാതൊരുഭഗൻ' എന്ന നോവലിനെതിരെ ഹിന്ദുത്വ സംഘടനകൾ ഭീഷണിയുമായി രംഗത്തെത്തിയതിനെതുടർന്ന് താൻ എഴുത്തുനിർത്തുകയാണെന്ന് 2015ൽ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട്, വിവാദഭാഗങ്ങൾ നീക്കം ചെയ്താണ് നോവൽ പ്രസിദ്ധീകരിക്കുകയും പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്തത്. ഏറുവെയിൽ, സൂളമാതാരി, അർധനാരി, ആലണ്ട പാച്ചി (നോവലുകൾ), നീർവിളയാട്ട് (കഥ), നീർമിതക്കും കൺകൾ (കവിത) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

കബനി സി.

വിവർത്തക, എഴുത്തുകാരി. ആമോസ് ഓസ്, സൽമാൻ റുഷ്ദി, ഹർഷ് മന്ദർ, മഹാശ്വേതാ ദേവി, പൗലോ കൊയ് ലോ അടക്കമുള്ളവരുടെ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. പെരുമാൾ മുരുകന്റെ ‘കൂലമാതാരി’ ‘കീഴാളൻ’ എന്ന പേരിൽ വിവർത്തനം ചെയ്തു.

Comments