പാരിസ്ഥിതിക സ്ത്രീവാദത്തിലൂന്നിയ കൃതികൾ നിർവചിക്കാൻ കഴിയും വിധം സാറാ ജോസഫിന്റെ നോവലുകൾ ബഹുസ്വരമായ ചർച്ചകൾക്ക് വഴി തുറക്കുന്നു.
തടയണകൾ മാത്രമുള്ള ഒരു നദിയാണ് ബുധിനി, പെൺകുട്ടികൾ സ്വാഭാവികമായ വളർച്ചകളിലൂടെ കടന്നുപോകണം, കമലാ ദാസിന്റെ കവിതയിലെ (പക്ഷികളെപ്പോലായിരിക്കയാണ് പെൺകുട്ടികൾ. സ്വതന്ത്രമായി പറക്കുന്നതിൽ അവർ ആനന്ദിക്കുന്നു. ചിറകുകൾ ബന്ധിക്കപ്പടുകയെന്നത് അവർക്ക് അംഗീകരിക്കാൻകഴിയില്ല) പോലെ.
ബുധിനി പാടുന്നുണ്ട്,
‘പറന്നുപോകുന്ന ഹേ പഞ്ചവർണക്കിളീ
പാൽമരത്തെ ഉമ്മ വെച്ചിട്ട് പറന്നുപോകൂ’
ബുധിനിയുടെ മുഖം വാടുകയും കണ്ണുകൾ നിറയുകയും ചെയ്യുമ്പോൾ ഇത്ര സങ്കടമുണ്ടെങ്കിൽ എന്തിനാ പഞ്ചവർണക്കിളി പറന്നുപോകുന്നതെന്ന് ഛോത്രായ് ചോദിക്കുന്നുണ്ട്. പഞ്ചവർണക്കിളി പെണ്ണാണ് എന്ന മറുപടിയിൽ പെൺകുട്ടികൾ അവളുടെ പാവാടപ്രായത്തിലേ മുതിർന്നുപോകാൻ പരുവപ്പെടുന്നത് ബുധിനി തിരിച്ചറിയുന്നു. ബുധിനി സമർഥയായ പെൺകുട്ടിയാണ്. സാന്താൾ പെൺകുട്ടികൾ ടിരിയോ വായിക്കാൻ പാടില്ല എന്ന ചട്ടത്തെ കാര്യമാക്കാതെ ടിരിയോ വായിച്ച് അവളുടെ ആടുകൾക്കും കൂട്ടുകാർക്കും മനസ്സിലാവുന്ന ഒരു സ്നേഹഭാഷ തന്നെ സൃഷ്ടിക്കുന്നു.
പാഞ്ചേത് ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ നിർദേശപ്രകാരം ഡാം ഉദ്ഘാടനം ചെയ്യാൻ അവസരം കിട്ടിയ ബുധിനി. എന്നാൽ സാന്താൾ ഗോത്രം നൽകിയ ശിക്ഷ അവൾക്ക് ജീവിതത്തിൽ പല കൈവഴികളിലൂടെ ദുരിതയാത്ര താണ്ടേണ്ടിവന്നു.
ഒരാളുടെ കർതൃത്വം രൂപീകരിക്കപ്പെടുന്നത് ലിംഗാധിഷ്ഠിതമായാണ്. ഇവിടെ ബുധിനി അധികാരസ്വഭാവമുള്ള സ്വന്തം ഗോത്രത്തിൽ നിന്ന് തന്നെ പുറംതള്ളപ്പെടുന്നു. കർതൃത്വം നഷ്ടപ്പെട്ട് അനാഥയായി അലയേണ്ടിവരുന്നു. പ്രതിരോധവും അതിജീവനവും കൈമുതലാക്കിയ ബുധിനി നെഹ്റുവിന്റെ അനന്തരതലമുറകളോട് തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
‘‘ഡിവിസിയിലെ ആളുകളാണ് നിങ്ങളുടെ മുത്തച്ഛന്റെ കഴുത്തിൽ മാലയിടാൻ എന്നോട് പറഞ്ഞത്. അവർ പറഞ്ഞത് ഞാൻ ചെയ്തു. ഗ്രാമം എന്നെ ശിക്ഷിച്ചപ്പോൾ അവർക്ക് ഗ്രാമസഭയെ സത്യാവസ്ഥ ബോധ്യപ്പെടുത്താമായിരുന്നു. ഗ്രാമസഭ വിധിക്കുന്ന പിഴയൊടുക്കി എന്നെ തിരിച്ചെടുപ്പിക്കാമായിരുന്നു. എന്റെ കുടുംബത്തിനും അത് ചെയ്യാമായിരുന്നു. അവരും അത് ചെയ്തില്ല. ഒരു പെൺകുട്ടിയേക്കാൾ പ്രധാനം ഗ്രാമത്തിലെ അവരുടെ സ്വസ്ഥജീവിതമാണെന്ന് അവർ കരുതിക്കാണും. താങ്കളുടെ മുത്തച്ഛൻ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് ഞാൻ വിശ്വസിക്കില്ല. അതോ അതൊരു തമാശയായിട്ട് എടുത്തുവോ? എന്റെ ജീവിതം കൊണ്ട് സർക്കാറും ഡിവിസിയും തമാശ കളിക്കുകയായിരുന്നോ? അതൊരു വിവാഹമായിരുന്നില്ലെന്ന് എന്തുകൊണ്ട് താങ്കളുടെ മുത്തച്ഛനും ഡിവിസിയും ഗ്രാമസഭയെ ബോധിപ്പിച്ചില്ല?’’
ജോലിയിൽ നിന്നു കൂടി പിരിച്ചുവിടപ്പെടുമ്പോൾ പതിനഞ്ചുവയസ്സുകാരി എങ്ങനെ ജീവിക്കാനായിരുന്നു? ബുധിനിയുടെ ചൊദ്യങ്ങൾക്ക് മറുപടിയില്ല. ഒടുക്കം ഡിവിസി നഷ്ടപരിഹാരവും ജോലിയും കൊടുക്കുന്നു. ഝാർക്കണ്ടിലെ കർബോന എന്ന ഗ്രാമത്തിലാണ് സാന്താൾ വംശജയായ ബുധിനി ജനിച്ചതും പതിനഞ്ച് വയസ്സ് വരെ ജീവിച്ചതും.

സാറാ ജോസഫിന്റെ ഓരോ കൃതിയും പുരുഷമേധാവിത്വത്തോടും അധികാരരാഷ്ട്രീയത്തോടും ഉള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടസ്ഥലികൾ കൂടിയാണ്. വികസനസങ്കൽപങ്ങളിൽ വരുന്ന പാകപ്പിഴകൾ ഒരു ജനതയെ തങ്ങളുടെ ഗ്രാമത്തിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും ഒന്നാകെ പറിച്ചുനടാൻ പ്രേരിപ്പിക്കുന്നു. ഒരു സ്ത്രീയെ സംബന്ധിച്ച് പഠനാവശ്യത്തിനോ ഉദ്യോഗത്തിനോ ഹോസ്റ്റലിൽ താമസിക്കുന്നതുപോലെയോ വിവാഹിതയായി ഭർതൃഗൃഹത്തിൽ താമസിക്കുന്നതുപോലെയോ അല്ല ഇത്. ബുധിനിക്ക് സംഭവിച്ച ദുരന്തം ഒരു പരിഷ്കൃതസമൂഹത്തിലായിരുന്നെങ്കിൽ തിരുത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉന്നതവിദ്യാഭ്യാസം ആർജ്ജിച്ച / സ്വായത്തമാക്കിയ ഒരു ജനതയായിരുന്നെങ്കിൽ ബുധിനിയോട് മുഖംതിരിച്ച് ഊര് വിലക്ക് കൽപിക്കില്ലായിരുന്നു. കൃഷി പ്രധാനം, അവരുടെ ഭൂമി അന്യാധീനപ്പെടാതെ നോക്കണം എന്നതൊക്കെ അംഗീകരിക്കാമെങ്കിലും ഉന്നത വിദ്യാഭ്യാസവും ഉന്നത ഉദ്യോഗങ്ങളും സാധ്യമാവണമെങ്കിൽ ഏത് ജനതയ്ക്കും നഗരജീവിതം കൂടി പ്രധാനമാണ്. ജനങ്ങൾ പരമാധികാരികളായ രാഷ്ട്രത്തിൽ ഗോത്രജനവിഭാഗങ്ങൾക്ക് രാഷ്ട്രീയാധികാരത്തിൽ ഭാഗദേയം ഉണ്ടായിരിക്കണം. ഭൂമിയുടെ രാഷ്ട്രീയം പറയുമ്പോൾ അധികാരരാഷ്ടീയം കൂടി പ്രധാനമായി വരണം.
തിൽക്കാമാജിയെ പോലെയുള്ള പോരാളികളുടെ ചരിത്രമുള്ള ഗോത്രജനതയ്ക്ക് തീർച്ചയായും പോരാളികളുടെ പരമ്പര അവകാശപ്പെടാൻ കഴിയും. സാന്താളുകൾക്ക് തുല്യമായി കേരളത്തിൽ കുറിച്യരെ പരിഗണിക്കാമെന്ന് ഗോത്രകവി സുകുമാരൻ ചാലിഗദ്ധ അഭിപ്രായപ്പെടുകയുണ്ടായി. അമ്പും വില്ലുമായിരുന്നു കുറിച്യകലാപത്തിന് ഉപയോഗിച്ച ആയുധങ്ങൾ. രാമൻനമ്പി എന്ന കുറിച്യപ്പോരാളിയെ 1825 മെയ് ഒന്നിന് ബ്രിട്ടീഷുകാർതലവെട്ടിയാണ് കൊലപ്പെടുത്തിയത്. വെൺകലോൻകേളുവിനെ പരസ്യമായി തൂക്കിലേറ്റിയതും കൂടിയതാണ് ഗോത്രജനതയുടെ പോരാട്ടചരിത്രം.
‘‘നൃത്തം ചെയ്യുന്ന ജനത, എന്നാൽ നൃത്തവേദി ഇല്ലാതായാൽ അവരെന്ത് ചെയ്യും? പാട്ടുണ്ട് താളമുണ്ട് നൃത്തമുണ്ട് നൃത്തവേദി മാത്രമില്ല എന്നായാൽ? തെൽകുപ്പിയിലും പരിസരപ്രദേശങ്ങളിലും അത് സംഭവിച്ചു. ഗ്രാമങ്ങൾ ഉപേക്ഷിച്ചുപോകാൻ സർക്കാറിൻറെ തിട്ടൂരം വന്നു. പല ഗ്രാമങ്ങളും അണക്കെട്ടിനുള്ളിലാണ് കിടക്കുന്നത്. അണക്കെട്ട് പൊട്ടുന്നതോടെ ഗ്രാമങ്ങളിൽ വെള്ളം കേറിത്തുടങ്ങും. അവരുടെയൊക്കെ ജീവൻ അപകടത്തിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഗ്രാമങ്ങൾ വിട്ടുപോകണം. ഇറങ്ങിപ്പോകുന്നില്ലെങ്കിൽ സർക്കാറിന് അവരെ നിർബന്ധമായി ഒഴിപ്പിക്കേണ്ടിവരും.’’
ദാമോദർ നദിക്കരയിൽ മുങ്ങിപ്പോയ നൂറിലധികം ഗ്രാമങ്ങളിലൊന്നായിരുന്നു ജഗ്ദീപ് മുർമുവിന്റേത്. ഗ്രാമങ്ങളെ മുക്കിക്കളഞ്ഞത് ദാമോദർ നദിയല്ല, അണക്കെട്ടുകളാണെന്ന് ജഗ്ദീപ് മുർമു ഉറപ്പിച്ചുപറഞ്ഞു. കൃഷിക്കും മണ്ണിനും വലിയ പരിക്കുകളില്ലാത്ത ഒരു ജനത പിന്തുടർന്ന ജീവിതരീതികളെയും അണക്കെട്ടുകൾ അപഹരിച്ചു. അണക്കെട്ടുകൾ പൊളിച്ചുകളയുന്ന നാളെകളെ ഞാൻ സ്വപ്നം കാണുന്നു എന്നയാൾ പറയുന്നുണ്ട്.
ബുധിനിയുടെ ജീവിതചരിത്രം തിരയുന്ന രൂപി മുർമു, ഫോട്ടോഗ്രാഫറായ സുഹൃത്ത് സുചിത്ര എന്നിവരെ കേന്ദ്രീകരിച്ചാണ് നോവലിന്റെ രണ്ടാം ഭാഗം വരുന്നത്. ബുധിനിയുടെ യഥാർഥചരിത്രം തിരയുന്നതിലും കണ്ടെത്തുന്നതിലും രണ്ടു സ്ത്രീകൾതന്നെ ഇറങ്ങിപ്പുറപ്പെടുന്നതും ആൺകോയ്മയുടെ വ്യവഹാരമണ്ഢലത്തിനകത്ത് പ്രസക്തമാണ്.
സാന്താൾ ഗോത്രം ബുധിനിയെ പുറത്താക്കിയപ്പോൾബുധിനിയെ തൻറെ ജീവിതപങ്കാളിയായി തന്നെ ഏറ്റെടുക്കുന്നത് ദത്തയാണ്. ബ്രാഹ്മണസമുദായാംഗമായ ദത്തയ്ക്ക് അക്കാലത്ത് സ്വന്തം അഗ്രഹാരം ഉപേക്ഷിക്കാനും ശാന്തിപ്പണിയല്ലാത്ത തൊഴിലുകളിൽ വ്യാപരിക്കാനും മടിയില്ലാതാകുന്നതും ആധുനികതയിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായി വേണം വായിക്കാൻ. നെഹ്രുവിന്റെ സ്വപ്നങ്ങളിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും ക്ഷേമമുണ്ടായിരുന്നുവെന്നാണ് ദത്ത വിശ്വസിക്കുന്നത്.
ജോസഫ് ജോബോൻ മുർമുവിന്റെ മകളാണ് രൂപി മുർമു. ജഗ്ദീപ് മുർമു അനുഭവിച്ച പലായനങ്ങളും അതിജീവനത്തിനായി എടുത്ത ദുരിതം നിറഞ്ഞ തൊഴിലുകളും ഒപ്പം നിന്ന് നേരിട്ട് കണ്ട ഓർമകൾ പേറുന്ന ജോബോൻ മകളോട് പറയുന്നുണ്ട്; "ഇന്ന് ഇങ്ങനെയൊക്കെ ചിന്തിക്കാം. നാൽപത്തിയെട്ടിലോ നാൽപത്തിയൊമ്പതിലോ ഒക്കെ ആയിരുന്നെങ്കിൽ രൂപി രാഷ്ട്രനിർമ്മാണത്തിന് എതിര് നിൽക്കുന്ന രാജ്യദ്രോഹിയായേനേ" എന്ന്.
നഷ്ടഗീതങ്ങൾ പാടുന്ന ഗ്രാമീണർ നോവലിന്റെ മറ്റൊരു സൗന്ദര്യമാണ്.

‘‘ഞാൻ പാട്ടുകാരൻ, കൃഷിക്കാരൻ,
മീൻപിടുത്തക്കാരൻ
കടത്തുകാരൻ, വേട്ടക്കാരൻ, കൊട്ടുവാദ്യക്കാരൻശേഫാലി ഹാരംബുധി
എന്റെ പാട്ടും കലപ്പയും തോണിയും ചൂണ്ടയും
ധക്കും തമക്കും അമ്പും വില്ലും
അവരെടുത്തു
മാഞ്ജിത്താനിൽ പോകൂ
ഹാരംബോംഗയുടെ വില്ലെടുക്കൂ’’
തുടങ്ങിയ ഗാനങ്ങളിൽ ഗോത്രസംസ്കാരത്തിൻറെ അലയൊലികളുണ്ട്.
ഇതിൽ പായ്നി, ബോംഗെ, ജാഹേർ, ടിരിയോ, ഹാഡിയ, നൈയ്കെ, ബാനം, ഗോർമാൻ, ഓജ, മാഡി, ദികു, ഹസസാക്കം, സാസുമാ, മാഞ്ജി തുടങ്ങിയ വാക്കുകൾ എത്ര ഭംഗിയോടെ നമുക്കു കൂടി പരിചിതമാക്കിത്തന്നു ബുധിനിയിലൂടെ സാറ ടീച്ചർ.
ഹിന്ദു പത്രത്തിൽ വന്ന വാർത്തയെ ആധാരമാക്കിയാണ് ബുധിനിയുടെ രചന സാറാ ജോസഫ് നിർവഹിച്ചിട്ടുള്ളത്. Recovering Budhini Mejhan from the silted landscapes of Modern India എന്ന ലേഖനത്തിൽ നിന്നാണ് സാറാ ജോസഫ് ബുധിനിയുടെ കഥ കണ്ടെത്തിയത്. അണക്കെട്ടുകൾ ഇന്ത്യയുടെ ആധുനികക്ഷേത്രങ്ങളാണ് എന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണകർത്താക്കളുടെ വിലയിരുത്തൽ നോവലിൽ ചർച്ചാവിഷയമാകുന്നു.
ചരിത്രസത്യങ്ങളെ അതേപടി അവതരിപ്പിക്കുമ്പോഴും ബുധിനിയെ സാന്താൾ ഗോത്രത്തിലെ വ്യത്യസ്തയായ ആന്തരികബലമുള്ള കഥാപാത്രമായി തന്നെ ഭാവനയുടെ സാധ്യതകളിലൂടെ സാറാ ജോസഫ് വികസിപ്പിച്ചെടുത്തു. ബുധിനിയിലൂടെ ഒരു സമൂഹത്തെയും അവർ പിന്തുടർന്ന ആചാരങ്ങളേയും പാരമ്പര്യങ്ങളേയും പ്രകൃതിയോട് ചേർന്നലിഞ്ഞ സാംസ്കാരിക ജീവിതത്തെയും അടയാളപ്പെടുത്തുകയാണ് സാറാ ജോസഫ്. ഇന്ത്യ ഇന്നത്തെ ഇന്ത്യയായതിന് പിന്നിൽ ബുധിനിയെ പോലുള്ള കറുത്ത മനുഷ്യരുടെ സഹനങ്ങളും സമരങ്ങളും ഉണ്ട് എന്നുതന്നെയാണ് നോവൽ ആഴത്തിൽ പറഞ്ഞുവയ്ക്കുന്നത്.
‘‘ബുധിനിമാ നമ്മുടെ രാജ്യം നിങ്ങളോട് തെറ്റാണ് ചെയ്തത്. അത് തിരുത്താൻ...’’
‘‘രാജ്യമോ, ഏതാണ് എന്റെ രാജ്യം?’’
ബുധിനിയുടെ ഈ ചോദ്യത്തോടെ നോവൽ അവസാനിക്കുമ്പോൾ ഇന്ത്യയിലെ under privileged ആയ ദലിതരും പാർശ്വവൽകൃതരും അടിച്ചമർത്തപ്പെട്ടവരുമായ അനേകം മനുഷ്യരുടെ നോവുകളിലേക്കാണ് ആ ചോദ്യത്തിന്റെ ചൂടും ചൂരും പടർന്നുകയറുന്നത്.