‘ഇറ്റ്‌ഫോക്കി’ൽ നിന്ന് ചലച്ചിത്ര അക്കാദമിക്കും ചിലത് പഠിക്കാനുണ്ട്

ഇതരഭാഷാ നാടകങ്ങൾക്ക് മലയാളം സബ്ടൈറ്റിൽ നൽകുന്ന വിപ്ലവകരമായ ‘ഇറ്റ്‌ഫോക്ക്’ പ്രവർത്തനം ഐ.എഫ്​.എഫ്​. കെയിലും നടപ്പാക്കാവുന്നതാണ്​. ഇതര ഭാഷാ നാടകങ്ങൾക്ക് മലയാളം ഉപശീർഷകങ്ങൾ ചെയ്യുന്നതിനെക്കാളും എത്രയോ എളുപ്പത്തിൽ കേരളത്തിലെ ചലച്ചിത്ര അക്കാദമിക്ക് ഐ.എഫ്.എഫ്.കെയിലെ ഒട്ടേറെ വിഭാഗങ്ങളിലെ സിനിമകൾക്ക് മലയാളം ഉപശീർഷകങ്ങൾ നൽകാം. ‘ഇറ്റ്‌ഫോക്ക്’ ചെയ്യുന്നതുപോലെ കൃത്യമായ ഒരു നിലപാട് അക്കാര്യത്തിൽ ഉണ്ടാകണം എന്നുമാത്രം.

‘ഇറ്റ്​ഫോക്ക്​’ ഏറെ വളർന്നു. ഐ.എഫ്​.എഫ്​.കെ പോലെ കേരളത്തിന്റെ ബ്രാൻഡായി ‘ഇറ്റ്‌ഫോക്കും’ മാറി. എങ്കിലും, ഐ.എഫ്​.എഫ്​.കെയെ അപേക്ഷിച്ച്​ ‘ഇറ്റ്‌ഫോക്ക്’ ചെറുതാണ്. ചെറുതിന്റെ ഭംഗി അതിനുണ്ട്. വലുതിന്റെ പ്രയാസങ്ങൾ ഐ.എഫ്​.എഫ്​.കെയ്ക്കും ഉണ്ട്. അവയുടെ ഉള്ളടക്കത്തെയോ അവയിൽ അവതരിപ്പിക്കുന്ന സർഗ്ഗാത്മകമായ ആവിഷ്കാരങ്ങളെയോ മുൻനിർത്തിയോ അല്ല ചെറുത് / വലുത് എന്നുപറഞ്ഞത്. അവയുടെ ചരിത്രം, അവയിൽ ഒത്തുചേരുന്ന ആളുകളുടെ എണ്ണം, ചെലവഴിക്കപ്പെടുന്ന പണം, പ്രദർശിപ്പിക്കുന്ന ഇനങ്ങളുടെ എണ്ണം, അവതരിപ്പിക്കപ്പെടുന്ന വേദികളുടെ എണ്ണം, വന്നെത്തുന്ന വിദേശ അതിഥികൾ, ആഗോളപ്രശസ്തി എന്നിങ്ങനെ പല ഘടകങ്ങൾ അതിനുണ്ട്. ഇത്രയും വർഷങ്ങളിലെ ഐ.എഫ്​.എഫ്​.കെ നടത്തിപ്പിൽ നിന്ന് ചലച്ചിത്ര അക്കാദമി ആർജ്ജിച്ച ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധയോടെ ‘ഇറ്റ്‌ഫോക്ക്’ നടപ്പാക്കേണ്ടതുണ്ട്. എന്നാൽ ‘ഇറ്റ്‌ഫോക്കി’ൽ നിന്ന് ഐ.എഫ്​.എഫ്​.കെയും ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. അതിൽ ഒന്നിനെക്കുറിച്ച് പറയാനാണ് ഈ ആമുഖം. ഇതരഭാഷാ നാടകങ്ങൾക്ക് മലയാളം സബ്ടൈറ്റിൽ നൽകുന്ന വിപ്ലവകരമായ ‘ഇറ്റ്‌ഫോക്ക്’ പ്രവർത്തനത്തെക്കുറിച്ച്.

ഇതരഭാഷാ നാടകങ്ങൾക്ക് മലയാളം സബ്ടൈറ്റിൽ എന്നത് ‘ഇറ്റ്ഫോക്കി’ൽ 2017 മുതൽ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ അഭിലാഷ് പിള്ള ‘ഇറ്റ്ഫോക്ക്​’ ഫെസ്റ്റിവൽ ഡയറക്ടറായിരിക്കുമ്പോഴാണ് ഈ പരീക്ഷണം ആദ്യമായി നടപ്പിലാക്കിയത്. നാടകങ്ങൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിൽ എന്ന ആശയം അന്താരാഷ്ട്രതലത്തിൽ തന്നെ ഇന്ന് അംഗീകരിക്കപ്പെട്ട ഒന്നാണ്. എങ്കിലും ആ കാലത്ത് അത് സാങ്കേതികമായി വലിയ വെല്ലുവിളി ഉയർത്തുന്ന ഒന്നായിരുന്നു.

photo: itfok,instagram page

ഇതര ഭാഷാനാടകങ്ങൾ സംഭാഷണഭാഗങ്ങൾ ഒട്ടും മനസ്സിലാകാതെ ആസ്വദിക്കുക എന്നത് ‘ഇറ്റ്‌ഫോക്കി’ന്റെ വലിയ വെല്ലുവിളിയായിരുന്നു. നാടകം തുടങ്ങി അൽപ്പസമയത്തിനകം ആളുകൾ ഹാൾ വിട്ടിറങ്ങുന്നത് ആദ്യകാലത്ത് ‘ഇറ്റ്ഫോക്കി’ലെ സങ്കട കാഴ്ചയായിരുന്നു. അപ്പോഴാണ് ഇംഗ്ലീഷ് സബ്ടൈറ്റിൽ എന്ന ആശയം ഇവിടെയും കൊണ്ടുവരാനുള്ള ആലോചന നടക്കുന്നത്. ഇംഗ്ലീഷിനൊപ്പം എങ്കിൽ മലയാളവും വേണം എന്ന തീരുമാനം അപ്പോൾ ഉണ്ടാവുന്നതാണ്. അത് ധീരമായ ഒരന്വേഷണം തന്നെയായിരുന്നു. സാങ്കേതികതയുടെ പേരിൽ മലയാളം എങ്ങനെ ഒഴിവാക്കാം എന്നാലോചിക്കുന്ന ഒരു കാലത്ത് പ്രത്യേകിച്ചും. ദേശീയ / അന്തർദേശീയ അവതരണങ്ങൾ കാംക്ഷിക്കുന്ന സംഘങ്ങൾ ഇംഗ്ലീഷ് സബ്ടൈറ്റിൽ നാടകത്തിന്റെ നിർമാണ സമയത്തുതന്നെ ഇപ്പോൾ തയ്യാറാക്കാറുണ്ട്. എന്നാൽ മലയാളം ഉപശീർഷകങ്ങൾ അങ്ങനെയല്ല. ദേശത്തിന്റെ മാതൃഭാഷയിൽ നാടകങ്ങൾക്ക് ഉപശീർഷകങ്ങൾ നൽകുന്നത് ലോകത്തുതന്നെ വളരെ കുറച്ച് സ്ഥലങ്ങളിലേ പ്രാവർത്തികമായിട്ടുള്ളൂ എന്നാണറിയാൻ കഴിഞ്ഞത്.

ലോകസിനിമകൾക്ക് മലയാളം ഉപശീർഷകങ്ങൾ എന്നത് ഇന്ന് പുതിയ ആശയമല്ല. എന്നാൽ ശ്രദ്ധിച്ചാൽ സിനിമയുടെ ഉപശീർഷക പരിഭാഷയിൽ നിന്ന്​ ഏറെ പ്രയാസമുള്ളതും സാങ്കേതിക വെല്ലുവിളികൾ നിറഞ്ഞതുമാണ് നാടകങ്ങളുടെ സബ്ടൈറ്റിൽ പരിഭാഷ. സിനിമയ്ക്കൊപ്പം തന്നെ ലഭ്യമാവുന്ന .srt ഫയൽ (സബ്റിപ്പ് സബ്ടൈറ്റിൽ ഫയൽ)/ ടെക്​സ്​റ്റ്​ ഫയൽ ഉപയോഗിച്ചാണ് സിനിമകൾക്ക് മലയാളം ഉപശീർഷകങ്ങൾ നിർമിക്കുന്നത്. അവയിൽ സ്ക്രീനിൽ ഓരോ ഉപശീർഷകവും പ്രത്യക്ഷപ്പെടെണ്ട മില്ലി സെക്കന്റിലുള്ള സമയക്രമം, കൃത്യമായ സംഭാഷണം, ചേർക്കേണ്ട ചിഹ്നങ്ങൾ എന്നിവയെല്ലാം ഉണ്ടാകും. അവയെ മലയാളമാക്കുന്ന പ്രവർത്തനമാണ് ശ്രദ്ധയോടെ ചെയ്യേണ്ടത്. സിനിമ പലതവണ കണ്ട്, ഓരോ സന്ദർഭത്തിലെയും വാക്കിന്റെയും പ്രയോഗങ്ങളുടെയും അർത്ഥം മനസ്സിലാക്കേണ്ടിവരും. നേരർത്ഥമാണോ സർക്കാസമാണോ വാക്കിനുള്ളത് എന്നുനോക്കണം. സിനിമയുടെ വീഡിയോ ഫയൽ നമ്മുടെ കയ്യിലുള്ളതുകൊണ്ട് അതെല്ലാം സമയമെടുത്ത് നിർവ്വഹിക്കാം. പിന്നെ സിനിമ പ്രദർശിപ്പിക്കുന്ന സാങ്കേതിക ഉപകരണങ്ങൾ സബ്ടൈറ്റിൽ ഉചിതസമയത്ത് സ്ക്രീനിൽ കാണിച്ചോളും. കഥാപാത്രം പറയുന്ന വാക്യം മില്ലി സെക്കന്റുപോലും വ്യത്യാസമില്ലാതെ സ്ക്രീനിൽ തെളിയും.

photo: iffk,fb page

എന്നാൽ നാടകത്തിൽ ഇപ്പറഞ്ഞതൊന്നും നടപ്പില്ല. ഓരോ നാടകാവതരണവും ഓരോന്നാണ്. ഇന്നലെ അവതരിപ്പിച്ചതിന്റെ, മറ്റൊരിടത്ത് കളിച്ചതിന്റെ ‘ഈച്ചക്കോപ്പി’ അല്ല ഇന്ന്, ഇവിടെ അവതരിപ്പിക്കുന്നത്. ആ ജൈവസ്വഭാവമാണ് നാടകത്തിന്റെ ജീവൻ. ടൈം കോഡിനനുസരിച്ച് നാടകത്തിൽ സബ്ടൈറ്റിൽ വെച്ചാൽ അത് ഒരു വഴിക്കും കഥാപാത്രസംഭാഷണം മറ്റൊരുവഴിക്കും പോകും. ഒന്ന് ലൈവും മറ്റേത് യാന്ത്രിക പ്രൊജക്ഷനും ആവുമ്പോഴുള്ള എല്ലാ പ്രശ്നങ്ങളും ഇവിടെയുണ്ട്. അതുകൊണ്ട് ടൈം കോഡ് വെച്ച് സബ്ടൈറ്റിൽ സെറ്റ് ചെയ്യാൻ കഴിയില്ല. പിന്നെ ഏകമാർഗ്ഗം അപ്പപ്പോൾ സ്ക്രീനിൽ നമ്മൾ തന്നെ ഉചിത സമയം നോക്കികാണിക്കുക എന്നതാണ്. അതും സങ്കീർണമാണ്. ആഫ്രിക്കനിലും തായ്‌വാനിലും ജാപ്പാനീസിലും പറയുന്നത് മനസ്സിലാക്കി സമയം ക്രമീകരിക്കുക എന്നത് നടക്കില്ല. വേഗതയിൽ കഥാപാത്രം സംസാരിക്കുന്നിടത്ത് ഒരിക്കൽ പിഴച്ചാൽ പിന്നെ ശരിയാക്കുക നടക്കുന്ന പണിയല്ല.

സബ്ടൈറ്റിൽ ഉള്ളടക്കം വിവർത്തനം ചെയ്യുകയും ഇവിടെ കൂടുതൽ ദുഷ്കരമാണ്. നേരത്തെ പറഞ്ഞതുപോലെ ചലച്ചിത്ര കഥാപാത്ര ഭാഷണങ്ങൾക്ക് വരാവുന്നതിനേക്കാൾ കൂടുതൽ വൈവിധ്യവും വൈചിത്ര്യവും ഭാഷാപരമായി നാടകങ്ങൾക്ക് കൈവരും. സംഭാഷണഭാഗങ്ങളും ചിലപ്പോൾ കൂടുതൽ ഉണ്ടാവാം. ചിലപ്പോൾ ചിലവ വിട്ടുപോകാനും മറ്റുചിലപ്പോൾ കൂട്ടിച്ചേർക്കാനും അരങ്ങിൽ സാധ്യതയുണ്ട്. സിനിമ ചെയ്യുന്നത് പോലെ ദൃശ്യങ്ങൾ കണ്ടുകൊണ്ട്‌ സബ്ടൈറ്റിൽ വിവർത്തനം ചെയ്യാനും നാടകസബ്ടൈറ്റിൽ വിവർത്തകർക്ക് സൗകര്യമില്ല. ചിലപ്പോൾ വീഡിയോകൾ കിട്ടിയാലും അതും നൽകുന്ന ഇംഗ്ലീഷ് സബ്ടൈറ്റിലും തമ്മിൽ ഒത്തുപോകണമെന്നില്ല. ആ സംഭാഷണം പിന്നെ ആ ഭാഷയറിയുന്ന ആളുകളുമായി സംസാരിച്ചുമാത്രമേ വ്യക്തത വരുത്താൻ കഴിയൂ.

ഇത്തരത്തിൽ സാങ്കേതികമായും ഉള്ളടക്കപരമായും ഇതരഭാഷാനാടകങ്ങളുടെ സബ്ടൈറ്റിൽ വിവർത്തനം സങ്കീർണമായിരിക്കെത്തന്നെ അവ മലയാളത്തിൽ കൂടികൊണ്ടുവരാൻ ‘ഇറ്റ്‌ഫോക്ക്’ എടുത്ത തീരുമാനമാണ് കാലത്തിന്റെ മുന്നിൽ നടക്കുക എന്നൊക്കെ പറയുന്ന ഒരു ധീരത. ഇപ്പോൾ പോലും അതിൽ പ്രശ്നങ്ങളുണ്ട്. പലപ്പോഴും നിന്നുപോകുന്നുണ്ട്. ഏതെങ്കിലും ഒരു ചെറിയ സാങ്കേതികത്വം ചൂണ്ടിക്കാട്ടി അതുപേക്ഷിക്കാവുന്നതേയുള്ളൂ. ആരും ചിലപ്പോൾ സംഗീത നാടക അക്കാദമിയെയോ ‘ഇറ്റ്‌ഫോക്കി’നെയോ കുറ്റപ്പെടുത്തില്ല. ആർക്കുവേണ്ടിയാണ് ‘ഇറ്റ്‌ഫോക്ക്’ എന്ന കാതലായതും ഒരർത്ഥത്തിൽ രാഷ്ട്രീയമായ ഉള്ളടക്കമുള്ളതുമായ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ‘ഇറ്റ്‌ഫോക്കി’നെ ഇക്കാര്യത്തിൽ മുന്നിൽനിന്നും നയിക്കുന്നത് എന്നാണു ഞാൻ വിചാരിക്കുന്നത്. നാടകം കാണാനെത്തുന്ന കേരളത്തിലെ സാധാരണക്കാരായ മനുഷ്യരെ അത് കണ്ണുതുറന്നു കാണുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. ‘ഇറ്റ്‌ഫോക്കി’ന് എന്നല്ല, കേരളത്തിലെ ഏത് അക്കാദമിയാകട്ടെ, സ്ഥാപനമാവട്ടെ മലയാളികളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന മേളകളിൽ മാതൃഭാഷയിൽ വിനിമയം ചെയ്യാവുന്ന ഒരിടം ഉണ്ടാവണം എന്നത് നിസ്തർക്കമാണ്. ഇംഗ്ലീഷ് മാത്രമറിയുന്ന ഒന്നോരണ്ടോ ശതമാനം വരുന്ന പ്രേക്ഷകരെ കാണേണ്ടെന്നല്ല. മലയാളം അറിയുന്ന തൊണ്ണൂറ്റിയെട്ടു ശതമാനം പേരെ വിലകെട്ടവരായി കാണാനും അവരുടെ ആവശ്യങ്ങളെ തള്ളിക്കളയാനും അല്ല ഒരു മേളയും പ്രാഥമികമായും ശ്രമിക്കേണ്ടത്. ലോകത്തെ പല ചലചിത്രമേളകളും അവരുടെ മാതൃഭാഷയിൽ ഉപശീർഷകങ്ങൾ നൽകിക്കൂടിയാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത് എന്നത് ഒരു പുതിയ കാര്യമൊന്നുമല്ലതാനും.

photo: Raneesh Raveendran

ഇതര ഭാഷാ നാടകങ്ങൾക്ക് മലയാളം ഉപശീർഷകങ്ങൾ ചെയ്യുന്നതിനെക്കാളും എത്രയോ എളുപ്പത്തിൽ കേരളത്തിലെ ചലച്ചിത്ര അക്കാദമിക്ക് ഐ.എഫ്.എഫ്.കെയിലെ ഒട്ടേറെ വിഭാഗങ്ങളിലെ സിനിമകൾക്ക് മലയാളം ഉപശീർഷകങ്ങൾ നൽകാം. ‘ഇറ്റ്‌ഫോക്ക്’ ചെയ്യുന്നതുപോലെ കൃത്യമായ ഒരു നിലപാട് അക്കാര്യത്തിൽ ഉണ്ടാകണം എന്നുമാത്രം. വേണം എന്നുതീരുമാനിച്ചാൽ നടപ്പാക്കാൻ കഴിയാത്ത ഒരു സാങ്കേതികത്വവും അതിലില്ല. അഥവാ ഉണ്ടെങ്കിൽ സാങ്കേതികമായിത്തന്നെ അതിനെ മറികടക്കാൻ, സാങ്കേതികതയാൽ മാത്രം സാധ്യമാവുന്ന ഒരു കലാരൂപം എന്ന നിലയിൽ സിനിമയ്ക്ക് ആവും. റിട്രോസ്പെക്ടീവ്, സമകാലിക മാസ്റ്റർമാരുടെ സിനിമകൾ, രാജ്യത്തെ അധികരിച്ചുള്ള സിനിമകൾ എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ നേരത്തെതന്നെ തീരുമാനിക്കുന്നവയാണ്. ഒരു പരിധിവരെ സമകാലിക ലോക സിനിമകളും. അവയുടെ പോസ്റ്ററുകൾ, സിനോപ്സിസ്, പിന്നണിപ്രവർത്തകർ തുടങ്ങിയ വിശദാംശങ്ങൾ വാങ്ങുന്നതിനോടൊപ്പം സിനിമയുടെ നിർമാതാവിൽ / വിതരണക്കാരിൽ നിന്നും ഇംഗ്ലീഷ് സബ്ടൈറ്റിൽ ഫയലും വാങ്ങുക പ്രയാസമാകില്ല. നല്ല മലയാളത്തിലും അർത്ഥവത്തായരീതിയിലും അത് സമയബന്ധിതമായി നിർമ്മിക്കുന്നതിനുള്ള ഒരു വലിയ ടീമിനെ കണ്ടെത്തുക എന്നതാണ് പ്രധാനം. ഫെസ്റ്റിവൽ ബുക്ക് തയ്യാറാക്കാൻ, സിനിമകൾ സെലക്റ്റ് ചെയ്യാൻ ഒക്കെയുള്ള ടീമുകളെ മാസങ്ങൾക്ക് മുന്നേ നിശ്ചയിക്കുന്നതുപോലെ മലയാളം ഉപശീർഷകങ്ങൾ ഒരുക്കുന്നതിനും ഒരു നല്ല ടീമുണ്ടെങ്കിൽ കുറെയേറെ ചിത്രങ്ങളെങ്കിലും ഐ.എഫ്.എഫ്.കെയിൽ മലയാളത്തിൽ കാണിക്കാവുന്നതാണ്. ‘ഇറ്റ്‌ഫോക്ക്’ ഇക്കാര്യത്തിൽ പുലർത്തുന്ന നിശ്ചയദാർഢ്യമാണ് ചലച്ചിത്രഅക്കാദമി തിരിച്ചറിയേണ്ടത്.

ജനപ്രിയമായ ഒരു സിനിമയിലെ സംഭാഷണഭാഗം ഓർമിപ്പിച്ചുകൊണ്ട്‌ ഈ കുറിപ്പ് അവസാനിപ്പിക്കാം. അതീവ പ്രയാസകരമായ ഒരു ദൗത്യം ഏറ്റെടുക്കാൻ സാങ്കേതികമായ കാര്യങ്ങൾ പറഞ്ഞു മടിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ഒരു ഡോക്റ്റർ പറയും, "നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. എന്നാൽ നിങ്ങളുടെ ഒരൊറ്റ എസ് ഇവിടെ ചരിത്രമാകും." (ട്രാഫിക് - രാജേഷ് പിള്ള). കേരളാ ചലച്ചിത്ര അക്കാദമി സംഗീത നാടക അക്കാദമിയേക്കാൾ ആളും അർത്ഥവും ഉള്ള സ്ഥാപനമാണ്‌. ‘ചെയ്യാം' എന്ന് ഒന്ന് തീരുമാനിച്ചുകഴിഞ്ഞാൽ നടപ്പിലാക്കാൻ കഴിയുന്ന സ്ഥാപനം. ആ തീരുമാനം എന്നുണ്ടാവും എന്ന്, കഴിഞ്ഞ പത്തുവർഷത്തോളമായി അതാവശ്യപ്പെടുന്ന ഒരാൾ എന്ന നിലയിൽ (2014 ഡിസംബറിലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചലച്ചിത്രോത്സവപ്പതിപ്പിൽ എഴുതിയ ലേഖനം ഓർക്കുന്നു: ‘സബ്ടൈറ്റിൽ മലയാളത്തിലല്ലേ വേണ്ടത്’) 2023 ‘ഇറ്റ്‌ഫോക്ക്’ സന്ദർഭത്തിലും ഉറ്റുനോക്കുന്നു.

(‘ഇറ്റ്ഫോക്ക്’ സബ്ടൈറ്റിൽ വിശദാംശങ്ങൾക്ക് കടപ്പാട്: രേണു രാമനാഥ് )

Comments