മലയാളം ന്യൂസ് ചാനലുകള്‍
എന്നെങ്കിലും ആശയങ്ങള്‍
ചര്‍ച്ച ചെയ്യുമോ
മലയാളം ന്യൂസ് ചാനലുകള്‍ എന്നെങ്കിലും ആശയങ്ങള്‍ ചര്‍ച്ച ചെയ്യുമോ
സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്ന ചര്‍വിതചര്‍വണം നിര്‍ത്തി, അവരുടേതായ രീതിയില്‍ അന്വേഷണം നടത്തി ഈ സ്വര്‍ണം ആരയച്ചു, അതിനു ആരൊക്കെ സഹായിച്ചു, ഇ സ്വര്‍ണം ആര്‍ക്കു വേണ്ടിയാണു അയച്ചത് എന്നൊക്കെ ഒരു investigation നടത്തിയാല്‍ ഈ പറഞ്ഞ പത്രത്തിന്റെയും ചാനലിന്റെയും റേറ്റിങ് പിടിച്ചാല്‍ കിട്ടാത്ത വിധം ഉയരും. പക്ഷെ എന്തുകൊണ്ട് അങ്ങിനെയൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്തു കാണുന്നില്ല. ഒരു കേസിലെ പ്രതികള്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി അത് തന്നെ ചര്‍ച്ച ചെയ്തുകൊണ്ട് ഇരിക്കുന്നതില്‍ ചാനലുകളുടെ രാഷ്ട്രീയം ഒരു കാരണം ആകുന്നുണ്ടാകാം.
24 Jul 2022, 05:19 PM
നമ്മുടെ മലയാള ടി.വി. ചാനല്‍ ചര്‍ച്ചകളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? അത് പറയുന്നതിന് മുന്‍പ് നമുക്ക് ഒരു ചിന്താ പരീക്ഷണം നടത്തി നോക്കാം.
നിങ്ങള്‍ക്ക് ഒരു കോടതി ഒരാഴ്ചത്തേക്ക് ഏകാന്ത തടവ് വിധിച്ചു എന്ന് കരുതുക. ഏകാന്ത തടവിനായി ജയിലില്‍ പോകുന്നതാണ് മുന്‍പ് നിങ്ങള്‍ക്ക് കൂടെ കുറെ പുസ്തകങ്ങള്‍ കൊണ്ടുപോകാം. പക്ഷെ നേരത്തെ പാക്ക് ചെയ്തു വച്ച രണ്ടു കെട്ട് പുസ്തകങ്ങളില്‍ ഒന്ന് മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ. ഒരു കെട്ടില്‍ ബോബനും മോളിയും മുഴുവന്‍ ലക്കങ്ങളും ഉണ്ട്, അല്ലെങ്കില്‍ ആളുകള്‍ക്ക് എളുപ്പം വായിക്കാവുന്ന എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഴുവന്‍ പുസ്തകങ്ങള്‍, മറ്റൊന്നില്‍ ഇന്ത്യന്‍ തത്വശാസ്ത്രത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍, ചരിത പുസ്തകങ്ങള്‍, സീരിയസ് ആയ ശാസ്ത്രപഠനങ്ങള്‍ എന്നിവയാണ്. ഇതില്‍ നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും?
ഇതേ ചോദ്യം സിനിമയുമായി ബന്ധപ്പെടുത്തിയും ചോദിക്കാം. ഒരു കെട്ടില്‍ നിറയെ മലയാളത്തില്‍ കോമഡി ചിത്രങ്ങളുടെ സീഡികളും മറ്റൊന്നില്‍ സത്യജിത് റേ, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി സീരിയസ് ആയി ചലച്ചിത്രങ്ങള്‍ എടുത്തവരുടെ ചിത്രങ്ങളും ആണെങ്കില്‍ ഇതില്‍ നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും? തത്വശാസ്ത്രം, ശാസ്ത്രം, ചരിത്രം, സിനിമ എന്നിങ്ങനെയുള്ള മേഖലകളില്‍ ഉള്ള വിദഗ്ദന്മാര്‍ അല്ലാത്ത സാധാരണക്കാര്‍ ആദ്യത്തെ, എളുപ്പം വായിക്കാവുന്ന പുസ്തകങ്ങളും, കണ്ടുചിരിക്കാവുന്ന സിനിമകളും ഒക്കെയാവും തിരഞ്ഞെടുക്കുക. ഒരു ദിവസത്തില്‍ കുറച്ചു മണിക്കൂര്‍ സീരിയസ് ആയ വായനയും സിനിമ കാണലും നടക്കുമെങ്കിലും, ഒരാഴ്ച ഏകാന്ത തടവില്‍ കഴിയുന്ന ഒരാള്‍ക്ക് അധികം തലച്ചോര്‍ ഉപയോഗിക്കാതെ വളരെ നേരം രസിച്ചു വായിക്കാവുന്ന പുസ്തകങ്ങളും, കണ്ടു ചിരിക്കാവുന്ന സിനിമകളും ആണ് സമയം കളയാന്‍ കൂടുതല്‍ നല്ലതായി കാണപ്പെടുക. ഇതിന്റെ കാരണം തിരക്കി പോയാല്‍ നമ്മുടെ തലച്ചോറിന്റെ ഒരു പ്രത്യേകതയെ കുറിച്ച് പറയേണ്ടി വരും.
വേട്ടയാടിയും കായ്കനികള്‍ പെറുക്കിയും നടന്നിരുന്ന കാലത്ത് മനുഷ്യന് എന്നും ഭക്ഷണം ലഭിച്ചിരുന്നില്ല. ഒരു നല്ല കോള് കിട്ടിക്കഴിഞ്ഞു ഒരു പക്ഷെ കുറെ നാളത്തേക്ക് പട്ടിണി ആയിരിക്കും. അതുകൊണ്ട് ഏറ്റവും കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്ന അവയവമായ നമ്മുടെ തലച്ചോര്‍ ചില എളുപ്പവഴികള്‍ ചെയ്തു വച്ചിട്ടുണ്ട്. പലപ്പോഴും തലച്ചോറിലെ അധികം ഊര്‍ജ്ജമോ ചിന്തയോ വേണ്ടാതെ പെട്ടെന്ന് തീരുമാനം എടുക്കാവുന്ന ഒരു സര്‍ക്യൂട്ട് ആണ് നമ്മുടെ തലച്ചോര്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടാണ് (മുന്‍പ് ഈ ചോദ്യം കേള്‍ക്കാത്ത) പല വായനക്കാരും, "ഒരു ബാറ്റിനും ബോളിനും കൂടി നൂറ്റിപ്പത്ത് രൂപയുണ്ട്, ബാറ്റിനു ബോളിനേക്കാള്‍ നൂറു രൂപ കൂടുതലാണെങ്കില്‍ ബാറ്റിനു എത്ര രൂപ ബോളിനു എത്ര രൂപ എന്ന ചോദ്യത്തിന് ഒരു വിചാരവും കൂടാതെ നമ്മുടെ തലച്ചോറിലേക്ക് നൂറും പത്തും എന്ന ഉത്തരം കടന്നു വരുന്നത്. ഈ ഉത്തരം തെറ്റാണ് കണ്ടുപിടിക്കാനും അതിന്റെ ശരിയുത്തരം കണ്ടുപിടിക്കാനും, തലച്ചോറിലെ കൂടുതല്‍ ഊര്‍ജം വേണ്ടിവരുന്ന രണ്ടാമത്തെ സര്‍ക്യൂട് നമ്മള്‍ ഉപയോഗിക്കേണ്ടി വരും.
ഇനി ഇതേ ചോദ്യം നമ്മുടെ ടി.വി. ചാനലിലെ ചര്‍ച്ചകളെ കുറിച്ചുള്ള ചോദ്യത്തിലേക്ക് മാറ്റാം. സ്വര്‍ണക്കടത്തിനെ കുറിച്ച് ഉള്ള, സ്വര്‍ണം എവിടെ നിന്ന് ആരയച്ചു, ആര് വഴി ആര്‍ക്ക് കിട്ടി ഇതുവഴി രാജ്യത്തിന് ഉണ്ടായ നികുതി നഷ്ടം എത്ര, ഇനി എന്ത് ശിക്ഷ , പോളിസി മാറ്റം ഉണ്ടായാല്‍ ഇത് ഭാവിയില്‍ ആളുകള്‍ ചെയ്യാതെ ഇരിക്കും, വിദേശ രാജ്യത്തെ ഒരു നയതന്ത്ര പ്രതിനിധി ഈ കേസില്‍ ഉള്‍പെട്ടിരിക്കുന്നത് നമ്മള്‍ എങ്ങിനെ കൈകാര്യം ചെയ്യും എന്നതൊക്കെ ആഴത്തില്‍ ഈ വിഭാഗങ്ങളിലെ വിദഗ്ദന്മാര്‍ ചര്‍ച്ച ചെയ്യുന്ന, ആളുകള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ സമയം കൊടുക്കുന്ന ശാന്തനായ ഒരു അവതാരകന്‍ ചര്‍ച്ച നയിക്കുന്ന ഒരു ചാനലും, സ്വപ്‌ന സ്വര്‍ണ കള്ളക്കടത്തിന്റെ കുറിച്ച് എന്ത് പറഞ്ഞു, അതിനെതിരെ സരിത എന്ത് പറഞ്ഞു എന്ന് പലപ്പോഴും രാഷ്ട്രീയ ബയാസോടെ സ്ഥിരമായി ടിവിയില്‍ വരുന്ന നിരീക്ഷകര്‍ ചര്‍ച്ച ചെയ്യുന്ന, വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ അല്ലാതെ അലറിവിളിക്കുന്ന ഒരു അവതാരകന്‍ ഉള്ള ഒരു ചാനലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഇതില്‍ ഏതു ചാനല്‍ ചര്‍ച്ച കാണും. നമുക്ക് ആദ്യത്തെ ചാനല്‍ എന്നാണ് ഉത്തരം പറയാന്‍ തോന്നുന്നത് എങ്കില്‍ പോലും പലരും തിരഞ്ഞെടുക്കുക രണ്ടാമത്തെ ചാനല്‍ ആയിരിക്കും. കാരണം ആശയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ തലച്ചോര്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കേണ്ടി വരും, അതേസമയം വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ നമ്മുടെ തലച്ചോറിന് അധികം ഊര്‍ജം ഉപയോഗിക്കേണ്ടി വരില്ല. ഞാന്‍ എഴുതുന്നതില്‍ തന്നെ സ്വാനുഭവം വലിയ ശാസ്ത്രീയ കാര്യങ്ങള്‍ വിശദീകരിക്കാതെ എഴുതുന്ന പോസ്റ്റുകള്‍ക്ക് ലൈക്ക് കൂടുകയും ആഴത്തില്‍ ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്ന പോസ്റ്റുകള്‍ക്ക് ലൈക്ക് കുറയാനും കാരണം ഇത് തന്നെയാണ്. കൃഷി തുടങ്ങി സുഭിക്ഷമായി ഭക്ഷണം കിട്ടാന്‍ തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല, നമ്മുടെ തലച്ചോര്‍ ഇപ്പോഴും പഴയ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇത്രയും പറഞ്ഞത് കേരളത്തിലെ മാധ്യമങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരെ കുറിച്ചുമുള്ള പല പരാതികളുടെ അടിസ്ഥാനം വിശദീകരിക്കാന്‍ വേണ്ടിയാണ്. ചില രാഷ്ട്രീയ മത സംഘടനകളുടെ ചാനലുകള്‍ ഒഴിച്ച് ഇന്ത്യയിലെ ഇന്നത്തെ ടി.വി. ചാനലുകളും പത്രങ്ങളും ആളുകള്‍ കാണുകയും വായിക്കുകയും അതുവഴി പരസ്യ വരുമാനം ലഭിക്കുകയും ചെയ്തു നടത്തിക്കൊണ്ടു പോകുന്ന മുതലാളിത്ത സ്ഥാപനങ്ങളാണ്. ആളുകള്‍ കാണാന്‍ വേണ്ടിയുള്ള ചേരുവകളാണ് ഈ ചാനലുകളും പത്രങ്ങളും വിളമ്പുന്നത്. മലയാള സാഹിത്യരംഗത്തെ പ്രതിഭാശാലികള്‍ എഴുതുന്ന ഭാഷാപോഷിണി എന്നൊരു മാസിക ഉണ്ടായിരുന്നു. അതെ കമ്പനി മലയാള മനോരമ എന്ന പൈങ്കിളി ആഴ്ചപ്പതിപ്പും ഇറക്കിയിരുന്നു. ഭാഷാപോഷിണിയുടെ ആയിരം മടങ്ങായിരുന്നു പൈങ്കിളി വാരികയുടെ പ്രചാരം. ഇതേ സംഭവം തന്നെയാണ്. ടിവി ചാനലുകളുടെ കാര്യത്തിലും സംഭവിക്കുന്നത്. ഭൂരിപക്ഷം ആളുകള്‍ക്ക് വേണ്ടതാണ് നമ്മുടെ ചാനലുകള്‍ തരുന്നത്. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിനൊരു മാറ്റമുണ്ടാകണമെങ്കില്‍ നമുക്ക് നമ്മള്‍ എന്തിനാണ് ടിവി ചര്‍ച്ചകള്‍ കാണുന്നത്, നമ്മുടെ ഇത്രയും സമയം നമ്മള്‍ ടിവി കാണാന്‍ ചിലവഴിക്കുമ്പോള്‍ അതിനു നമുക്ക് എന്താണ് തിരികെ കിട്ടുന്നത് എന്നൊക്കെ നമ്മള്‍ ആലോചിച്ച മാത്രം ടി.വി. കാണാന്‍ തുടങ്ങണം. നമ്മുടെ ടി.വി കാണല്‍ സംസ്‌കാരം നമ്മള്‍ തന്നെ മാറ്റണം. ആഴത്തില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ടിവി ചാനലുകള്‍ക്ക് കൂടുതല്‍ ടി.ആര്‍.പി റേറ്റിംഗ് കൂടിയാല്‍ നമ്മുടെ ടി.വി. ചര്‍ച്ച സംസ്‌കാരം തനിയെ മാറും.
മേല്പറഞ്ഞത് നടത്താന്‍ ബുദ്ധിമുട്ടാണ് എന്ന് നിങ്ങള്‍ കരുതുന്നു എങ്കില്‍, മലയാള സിനിമയുടെ കാര്യം നോക്കിയാല്‍ മതി. അന്താരാഷ്ട്ര സിനിമകള്‍ കണ്ടുള്ള പരിചയം കൊണ്ട് കേരളത്തില്‍ നിര്‍മിക്കുന്ന സിനിമകളില്‍ ബോളിവുഡ് സിനിമകളെ പോലെ നമ്മുടെ യുക്തിയെ വെല്ലുവിളിക്കുന്ന സിനിമകള്‍ ഉണ്ടെങ്കില്‍ നമ്മള്‍ അത് തിരസ്‌കരിച്ച തുടങ്ങി. മറിച്ച് കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി നല്ല സിനിമകള്‍ നമ്മള്‍ വിജയിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാള സിനിമയുടെ ക്വാളിറ്റി തന്നെ വളരെയധികം മാറിപ്പോയി. മാറ്റം പതുക്കെയാണെകില്‍ പോലും സംഭവ്യമാണ്.
കേരളത്തിലെ ടി.വി. ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും ഒരു ഡ്രാമ ആണ്. സരിത, വീണ വിജയന്‍, സ്വപ്നം തുടങ്ങിയ വ്യക്തികളെ കുറിച്ചുളള ചര്‍ച്ചകള്‍, അല്ലെങ്കില്‍ ചില സംഭവങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒക്കെയാണ് ഇതില്‍ നടക്കുന്നത്. ചര്‍ച്ചകളില്‍ ഒരു നായകനോ നായികയോ ഉണ്ടാകും, ഒരു വില്ലനോ വില്ലത്തിയോ ഉണ്ടാകും, ഒരു സംഭവം ഉണ്ടാകും ( സ്വര്‍ണ കടത്ത് ഉദാഹരണം നോക്കുക). ഒരേ ഒരു പ്രശ്‌നം മാത്രമേ ഉള്ളൂ, ISRO ചാരക്കേസ് നടക്കുന്ന സമയത്ത് മലയാള മനോരമയും കേരള കൗമുദിയും ഉള്‍പ്പെടെ അനേകം പത്രങ്ങള്‍ കേരളത്തില്‍ അതിനെ പറ്റി, ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിനെ പറ്റി നടത്തുന്ന പോലെ ഘോര ഘോരം വാര്‍ത്തകള്‍ ഇറക്കിയിരുന്നു. അതെല്ലാം വെറും ഗ്യാസ് ആയിരുന്നു എന്ന് നമുക്ക് ഇപ്പോള്‍ അറിയാം. ഇപ്പോള്‍ ടിവിയില്‍ നടക്കുന്ന ചര്‍ച്ചകളുടെ എല്ലാം ആയുസ് ഒരു മാസം പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം.
പക്ഷെ മാധ്യമങ്ങള്‍ക്ക് അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നൊരു കാര്യം ചെയ്യാന്‍ കഴിയും. ലോകത്തിന്റെ ഗതി തന്നെ മാറ്റിയ കുറെ വാര്‍ത്തകള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ ചെയ്തിട്ടുണ്ട്. അമേരിക്കയിലെ പ്രസിഡന്റിന്റെ രാജിയില്‍ വരെ കലാശിച്ച വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വാട്ടര്‍ ഗേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ , ബോസ്റ്റണ്‍ ഗ്ലോബ് നടത്തിയ കത്തോലിക്കാ സഭയിലെ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തേക്ക് കൊണ്ടുവന്ന വാര്‍ത്ത തുടങ്ങി അനേകം ഉദാഹരണങ്ങള്‍ ഉണ്ട്. ഈ സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിലെ ഒരു ടിവി ചാനല്‍ അല്ലെങ്കില്‍ പത്രം ഇതിനെകുറിച്ച് നടത്തുന്ന ചര്‍വിതചര്‍വണം നിര്‍ത്തി, അവരുടേതായ രീതിയില്‍ അന്വേഷണം നടത്തി ഈ സ്വര്‍ണം ആരയച്ചു, അതിനു ആരൊക്കെ സഹായിച്ചു, ഇ സ്വര്‍ണം ആര്‍ക്കു വേണ്ടിയാണു അയച്ചത് എന്നൊക്കെ ഒരു investigation നടത്തിയാല്‍ ഈ പറഞ്ഞ പത്രത്തിന്റെയും ചാനലിന്റെയും റേറ്റിങ് പിടിച്ചാല്‍ കിട്ടാത്ത വിധം ഉയരും. പക്ഷെ എന്തുകൊണ്ട് അങ്ങിനെയൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്തു കാണുന്നില്ല. ഒരു കേസിലെ പ്രതികള്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി അത് തന്നെ ചര്‍ച്ച ചെയ്തുകൊണ്ട് ഇരിക്കുന്നതില്‍ ഒരു പക്ഷെ ഈ ചാനലുകളുടെ രാഷ്ട്രീയം ഒരു കാരണം ആകുന്നുണ്ടാകാം.
ഓര്‍ക്കുക പത്രപ്രവര്‍ത്തകരുടെ ആദ്യ ഉത്തരവാദിത്വം രാജ്യത്തെ പൗരന്മാരോടാണ്. കിട്ടുന്ന വാര്‍ത്തകള്‍ സ്വതന്ത്രമായി അന്വേഷിച്ച് ഉറപ്പ് വരുത്തുക എന്നതാണ് പത്രപ്രവര്‍ത്തകരുടെ രണ്ടാമത്തെ കടമ. സ്വര്‍ണക്കടത്തില്‍ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ സ്വതന്ത്രമായി അന്വേഷിച്ച് കണ്ടെത്തിയ എന്തെങ്കിലും കാര്യം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മോദിയുടെ കാര്യത്തിലായാലും പിണറായി വിജയന്റെ കാര്യത്തിലായാലും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തിലായാലും അധികാരത്തിന്റെ സ്വതന്ത്രമായ ഒരു നിരീക്ഷകര്‍ ആയി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വാര്‍ത്തകളുടെ കാര്യത്തില്‍ പൊതുജനത്തില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മാധ്യമങ്ങള്‍ ചെവി കൊടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ എല്ലാ വാര്‍ത്തകളും ആഴത്തില്‍ പരിശോദിക്കുന്ന ഇക്കാലത്ത്. വാര്‍ത്തകളുടെ മേല്‍ പൗരന്മാര്‍ക്കും അവകാശങ്ങളും കടമകളും ഉണ്ട്. ഇപ്പറഞ്ഞ എത്ര കാര്യങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ പ്രത്യേകിച്ച് ടി.വി. ചാനലുകള്‍ പിന്തുടരുന്നുണ്ട് എന്നത് മാധ്യമപ്രവര്‍ത്തകര്‍ ആലോചിക്കേണ്ട വിഷയമാണ്.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് എനിക്കുള്ള ഒരേ ഒരു അപേക്ഷ ഇതാണ്. Great minds discuss ideas; average minds discuss events; small minds discuss people. എന്നൊരു പ്രശസ്തമായ ചൊല്ലുണ്ട്. നിങ്ങള്‍ ദിവസത്തിന്റെ ഭൂരിഭാഗവും സംഭവങ്ങളെ കുറിച്ചും ആളുകളെ കുറിച്ചും ചര്‍ച്ച ചെയ്‌തോളൂ, പക്ഷെ ദിവസത്തിലെ കുറച്ചു സമയം എങ്കിലും ആശയങ്ങളെ ചര്‍ച്ച ചെയ്യാന്‍ കൂടി മാറ്റിവെയ്ക്കാന്‍ ശ്രമിക്കുക. കാരണം കേരളത്തിന്റെ ഭാവിയെ കുറിച്ച്, അടുത്ത ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ സംസ്ഥാനം എങ്ങിനെ ആയിരിക്കണം എന്നതിനെ കുറിച്ചെല്ലാം കുറെ കാര്യങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാനുണ്ട്. അതില്‍ ഭക്ഷണം, ഊര്‍ജം, ജോലി, ഗതാഗതം, സാമൂഹിക ഘടന, സാമൂഹിക തുല്യത തുടങ്ങി അനേകം കാര്യങ്ങളുണ്ട്.
മാധ്യമങ്ങളെ കുറ്റം പറയുന്നതിനോടൊപ്പം തന്നെ മേല്പറഞ്ഞ പോലെ നമ്മള്‍ കാഴ്ചക്കാര്‍ക്കും നമ്മുടെ ടിവി കാഴ്ച സംസ്‌കാരം കൂടുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ക്കായി മാറ്റി വയ്ക്കാന്‍ ശ്രമിക്കാം.
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
Think
Mar 11, 2023
3 Minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
കെ.കെ. കൊച്ച്
Mar 09, 2023
3 Minutes Read
കെ.ജെ. ജേക്കബ്
Mar 04, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read