സര്‍ക്കാര്‍ എന്നാല്‍ കുറേ
കളികളുണ്ടാകുമെന്ന ഗോസിപ്പ് വര്‍ത്തമാനത്തിന്റെ
അടിമകളാണ് ചില ജേണലിസ്റ്റുകള്‍
സര്‍ക്കാര്‍ എന്നാല്‍ കുറേ കളികളുണ്ടാകുമെന്ന ഗോസിപ്പ് വര്‍ത്തമാനത്തിന്റെ അടിമകളാണ് ചില ജേണലിസ്റ്റുകള്‍
സംഘപരിവാര്‍ സ്വാധീനം, മാനേജുമെന്റ് താല്‍പര്യങ്ങളുടെ ഇടപെടല്‍, ഇടതുവിരുദ്ധത, സെന്‍സേഷണലിസത്തിലൂന്നിയുള്ള റിപ്പോര്‍ട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തില്‍നിന്നും മാധ്യമങ്ങള്‍ക്കകത്തുനിന്നും വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തില്‍ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ സംസാരിക്കുന്നു.
20 Jun 2022, 12:38 PM
ഷഫീക്ക് താമരശ്ശേരി: മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആര്‍.എസ്.എസ് അനുഭാവമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും എഡിറ്റര്‍മാര്‍ക്കുമുള്ള ആവശ്യകത വര്‍ധിക്കുകയാണെന്നുമുള്ള തരത്തില്‍ ആരോപണങ്ങള്‍ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളില്‍ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?
പ്രമോദ് രാമൻ: മലയാളത്തിലെ മാധ്യമങ്ങളിലെ മുന്‍നിരയില്‍ ഭരണകൂട ഉപാസകര്‍ പ്രത്യക്ഷമായിക്കഴിഞ്ഞു എന്നതൊരു വെറുംപറച്ചില്‍ അല്ല. അതിന്റെ തെളിവുകള്‍ ഇപ്പോള്‍ ഇടയ്ക്കിടെ കാണാം. വ്യക്തമായ വലതുപക്ഷ അജന്‍ഡയോടുകൂടി തയ്യാറാക്കപ്പെടുന്ന പ്രോഗ്രാമുകള്‍ ഇപ്പോള്‍ ചില ചാനലുകളില്‍ വന്നുകഴിഞ്ഞു. സംഘപരിവാര്‍ സ്വാധീനം നേരത്തെ തന്നെ യുക്തിബോധത്തില്‍ സംഭവിച്ചുകഴിഞ്ഞിരുന്ന ഇടത്തേക്കാണ് നയപരമായ വലതുവത്കരണം കൂടി കടന്നുവരുന്നത്. ഇത് ദീര്‍ഘകാല പദ്ധതിയാണ്, സംഘത്തിന്റെ പ്രത്യയശാസ്ത്രപദ്ധതിയാണ്. വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വാര്‍ത്തയുടെ/ചര്‍ച്ചയുടെ ദിശ നിശ്ചയിക്കുന്നതിലും ചില ഒഴിവാക്കലുകലാണ് ആദ്യം സംഭവിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശയങ്ങളോ ആവശ്യങ്ങളോ ഒരിക്കലും മുഖ്യചര്‍ച്ചയാവാത്തവിധം ചാനലുകളുടെ ദൈനംദിന പ്രവര്‍ത്തനം പ്രോഗ്രാം ചെയ്യപ്പെടുകയാണ്.
തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ എന്ന വലിയ സൗജന്യവര്‍ത്തമാനം പറഞ്ഞുകൊണ്ട് ഭരണകൂടത്തെ തൊട്ടും തലോടിയും നാള്‍ കഴിക്കുക എന്നതായിരിക്കും സമീപനം. സംഘപരിവാര്‍ നേതൃത്വം നല്‍കുന്നത് പ്രത്യയശാസ്ത്രത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഗവണ്മെൻറ് ആണെന്ന സവിശേഷ കാഴ്ച അവര്‍ക്ക് അവസാനിച്ചു. ഇതുവരെ കാണാത്ത ജനാധിപത്യവിരുദ്ധതയും വംശീയ വിദ്വേഷവും നാട്ടില്‍ പരക്കുമ്പോള്‍ അതിനെ ചോദ്യംചെയ്യുക എന്ന പ്രേരണ ഉപേക്ഷിച്ചിരിക്കുന്നു.
മാധ്യമങ്ങളോട് സംസാരിക്കാത്ത പ്രധാനമന്ത്രി എന്ന സവിശേഷമായി ഉണ്ടാകേണ്ട സമീപനം നരേന്ദ്രമോദിയോട് കാണിക്കില്ല. അതുകൊണ്ട് അദ്ദേഹം അമ്മയുടെ കാല്‍കഴുകി പൂജിക്കുമ്പോള്‍ അതിനേക്കാള്‍ ഭക്ത്യാദരപൂര്‍വം റിപ്പോര്‍ട്ട് ചെയ്യും. വിദ്വേഷപ്രസംഗങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരാവസ്ഥ fringe elements ന്റെ മാത്രം പ്രശ്‌നമാണെന്ന യുക്തിയില്‍ കുടുങ്ങുകയും ചെയ്യും. പ്രധാനപ്പെട്ട മാധ്യമങ്ങളുടെ ഉന്നത നേതൃത്വത്തിന്റെ തീരുമാനങ്ങളെ ഭരിക്കുന്നത് സംഘപരിവാര്‍ നാട്ടില്‍ വ്യാപിപ്പിച്ച് കഴിഞ്ഞ ഭൂരിപക്ഷ വികാരമാണ്.

അതായത്, വംശഹത്യാ പ്രത്യയശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ആളുകള്‍ ഭരണത്തിലുള്ളതിനെ സാമാന്യത്തില്‍ കവിഞ്ഞ് ശ്രദ്ധിക്കാന്‍ തയ്യാറാവണം എന്ന ചിന്ത ഇല്ലാതിരിക്കുക. സംഘപരിവാറിന് മാധ്യമങ്ങളില്‍ വേണ്ടത് ഈ സാധാരണത്വമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അസ്വസ്ഥകരമായ എന്തോ ആക്കി മാറ്റും വിധമുള്ള ഭൂരിപക്ഷ സാധാരണത്വം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളില്‍ തുല്യപ്രാതിനിധ്യം നേടാന്‍ ടെലിവിഷന്‍ ന്യൂസ്‌റൂമുകള്‍ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?
ഇക്കാര്യത്തില്‍ 2014 ഒരു game changer ആയിരുന്നു. അതോടെ, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ന്യൂസ് റൂം ഡിബേറ്റുകളില്‍ അവര്‍ക്ക് ഒരു കസേര സ്വന്തമായി. ദേശീയ വിഷയങ്ങളില്‍ മറുപടി പറയേണ്ട കക്ഷിയെന്ന പ്രാധാന്യം ഒരു imagined major player ആക്കി അവരെ മാറ്റി. രണ്ടുവര്‍ഷം കഴിഞ്ഞുവന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം നേടുക മാത്രമല്ല ആകെ വോട്ട് ഷെയര്‍ 15 ശതമാനത്തിലേക്കു വര്‍ധിക്കുകയും ചെയ്തു. ഇന്ത്യ മാറുകയാണ് എന്ന പ്രതീതി കേന്ദ്ര ഭരണത്തില്‍ ഉണ്ടാക്കുകയും കേരളത്തില്‍ ചിലപ്പോള്‍ അവര്‍ പ്രധാന റോളിലേക്ക് വരും എന്നതരത്തില്‍ വിലയിരുത്തലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെ സംസ്ഥാന വിഷയങ്ങളിലും ഒരു ത്രികക്ഷി അഭിപ്രായ പ്രകടനം സാധാരണയായി. ഇത് സംഘപരിവാറിന് കേരളീയ സ്വീകരണമുറികളില്‍ ഞങ്ങളും ഇവിടെയുണ്ട് എന്നുപറയാന്‍ അവസരമൊരുക്കി. ബി.ജെ.പി സാന്നിധ്യം ആവശ്യമേയില്ലാത്ത വിഷയങ്ങളില്‍ പോലും അവരെ കണ്ടുതുടങ്ങി. 2019 വരെയൊക്കെ അതേനില തുടര്‍ന്നു. അവര്‍ കേരളത്തില്‍ ഒരുനിലയ്ക്കും ഒരു നിര്‍ണായകശക്തിയാകില്ലെന്ന് തെളിയിക്കപ്പെട്ട പിന്നീടുള്ള തിരഞ്ഞെടുപ്പുകളോടെ മാധ്യമങ്ങളുടെ സമീപനവും മാറുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതേസമയം, നേരത്തേ സൂചിപ്പിച്ചപോലെ പ്രത്യക്ഷത്തില്‍ അല്ലാതെ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ചിലരെ നിരീക്ഷക ഗണത്തില്‍ പെടുത്തി അവതരിപ്പിക്കുന്നു എന്ന കൂടുതല്‍ വലിയ അപകടം അവിടെയുണ്ട് താനും.
മാനേജ്‌മെന്റുകളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളില്‍ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
മാനേജ്‌മെന്റുകളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഏതൊരു മാധ്യമത്തിന്റെയും ജീവിതത്തിന്റെ ഭാഗമായിരിക്കും. നല്ലനിലയ്ക്കാണെങ്കില്‍ അങ്ങനെ, മറിച്ചാണെങ്കില്‍ അങ്ങനെയും. ഉദാഹരണത്തിന് ട്രൂകോപ്പിക്ക് ഒരു രാഷ്ട്രീയ താല്പര്യം ഉണ്ടല്ലോ. നിശ്ചിതമായ രാഷ്ട്രീയമാണല്ലോ അതിനെ നയിക്കുന്നത്. അത് തീര്‍ച്ചയായും ഉള്ളടക്കത്തെ നിശ്ചയിക്കും. മീഡിയ വണിന് രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം കൂടി ഉള്‍പ്പെട്ട പോളിസിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ഇതൊന്നും പക്ഷെ അജന്‍ഡകളല്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടുള്ള കൂറ് മാനേജ്‌മെന്റിന്റെ താല്‍പര്യമായി വരുമ്പോള്‍ ആണ് വാര്‍ത്താപ്രവര്‍ത്തനം ഇടുങ്ങിയതാകുന്നത്. കേരളത്തിലെ മാധ്യമങ്ങളില്‍ രണ്ടു മൂന്ന് ചാനലുകള്‍ മാത്രമേ ആ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്നുള്ളൂ. അവിടെയൊന്നും ഞാന്‍ ജോലി ചെയ്തിട്ടില്ല.

ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമധര്‍മം നിര്‍വഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടതുവിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങള്‍ക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
സംഘടിത ഇടതുപക്ഷം മാധ്യമങ്ങള്‍ക്കെതിരെ നിര്‍മിച്ചെടുത്തിട്ടുള്ള വലിയൊരു മിത്താണിത്. ഇടതുപക്ഷ ആശയങ്ങള്‍ തന്നെ കൈവിട്ടു നില്‍ക്കുന്നവരെ വിമര്‍ശിക്കുന്നത് എങ്ങനെ ഇടതുവിരുദ്ധമാകും? മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിക്കുകയെന്ന നടപടി ഒരു സര്‍ക്കാരില്‍ നിന്നുണ്ടാകുമ്പോള്‍ അതിനെ വിമര്‍ശിക്കുന്ന, മനുഷ്യാവകാശം സംരക്ഷിക്കണം എന്നുപറയുന്നവരല്ലേ യഥാര്‍ഥ ഇടതുപക്ഷം? കേരളത്തില്‍ ഏറ്റവുമധികം ഓഡിറ്റ് ചെയ്യപ്പെടുന്ന പാര്‍ട്ടി സി.പി.എം തന്നെ. അതില്‍ സംശയമൊന്നുമില്ല. അതില്‍ അവര്‍ അഭിമാനിക്കുകയല്ലേ വേണ്ടത്? കുറ്റംപറഞ്ഞവര്‍ക്ക് വാക്ക് കൊണ്ടല്ല, പ്രവര്‍ത്തനം കൊണ്ട് മറുപടി നല്‍കാന്‍ കഴിയുന്നവരല്ലേ അവര്‍? പിന്നെ എന്തിന് മാധ്യമങ്ങളെ എതിരാളികളായി കാണണം?
കേരളത്തിലെ ടെലിവിഷന്‍ ജേണലിസം ശരിയായ പാതയില്‍ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം, റിപ്പോര്‍ട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആ വിമര്‍ശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?
സര്‍ക്കാര്‍ അല്ലെങ്കില്‍ ഭരണം എന്നുപറഞ്ഞാല്‍ അതിനകത്ത് കുറെ കളികള്‍ ഉറപ്പായിട്ടും ഉണ്ടാകും എന്നൊരു യുക്തിരഹിതമായ ഗോസിപ്പ് വര്‍ത്തമാനത്തിന്റെ അടിമകളാണ് ചില ജേണലിസ്റ്റുകള്‍. അവര്‍ക്ക് നേരെ മുന്നില്‍ കാണുന്ന ഒന്നിനെക്കാളും ആവശ്യം പിന്നാമ്പുറത്ത് എന്തോ ‘ഉണ്ടാകും' അതിനെയാണ്. എന്നാല്‍ വാര്‍ത്ത വസ്തുതാപരമാണെന്ന് കാണിക്കുകയും വേണം. സ്വപ്ന പറയുന്നതിനുപിന്നിലെ കളികളാണ് മനസ്സില്‍. ഈ അബോധപ്രേരണ ‘സ്വപ്ന സുരേഷ് എപ്പിസോഡി’നെ കാര്യമായി നയിച്ചിട്ടുണ്ട്. സത്യം ഒട്ടും ലളിതമാകാന്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധം ഉള്ളതുപോലെ തോന്നും. സംഘപരിവാര്‍ പിന്തുണയോടെയാണ് സ്വപ്ന പ്രവര്‍ത്തിക്കുന്നത് എന്ന് പറയുകയെങ്കിലും ചെയ്യുക എന്നത് പ്രധാനമായ കാര്യമാണ്. അത് പറയുന്നത് പക്ഷെ ഭൂരിപക്ഷ വികാരത്തെ തൃപ്തിപ്പെടുത്തില്ല. പകരം, സ്വപ്ന പറഞ്ഞതിലെ ബിരിയാണി ചെമ്പ് പോലുള്ള ഇമേജറികളെ ഉപയോഗിച്ച് കൗതുകം ജനിപ്പിക്കാനാണ്, അവരുടെ ഭാഷ്യത്തെ വൈവിധ്യവത്കരിക്കാനാണ് മുന്‍നിരയില്‍ ശ്രമം.

ഇങ്ങനെയൊക്കെയാണെങ്കിലും, സ്വപ്ന സുരേഷിന്റെ വാര്‍ത്താസമ്മേളനങ്ങളും അവര്‍ പുറത്തുവിട്ട ഓഡിയോയും കാര്യമായിത്തന്നെ കവര്‍ ചെയ്യേണ്ട വാര്‍ത്തയാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം, ചുരുങ്ങിയത് മൂന്ന് പ്രധാന കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസുകളിലെ പ്രതി നല്‍കിയ 164 മൊഴിയില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിയുടെ ദൂതനായി ഒരാള്‍ വന്നുവെന്ന് പ്രതി പറഞ്ഞാല്‍ അത് വലിയ വാര്‍ത്തയാണ്. അതിന് തെളിവായി ഓഡിയോ പുറത്തുവിടുന്നു എന്നുപറഞ്ഞാല്‍ അത് തല്‍സമയം നല്‍കാന്‍ മാധ്യമങ്ങള്‍ കാത്തിരിക്കുന്നതില്‍ ഒരു തെറ്റുമില്ല. ശ്രദ്ധിക്കേണ്ടത് ആരു പറയുന്നു എന്നതിനൊപ്പം ആരെക്കുറിച്ച് പറയുന്നു എന്നതുകൂടിയാണ്. നമുക്ക് നല്ലത് മാത്രം പ്രതീക്ഷിക്കാം.
എഡിറ്റർ, മീഡിയ വണ്‍.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ഉണ്ണി ബാലകൃഷ്ണൻ
Jun 24, 2022
14 Minutes Read
സി.എല്‍. തോമസ്
Jun 22, 2022
5 Minutes Read
എം.പി. ബഷീർ
Jun 21, 2022
9 Minutes Read
സ്മൃതി പരുത്തിക്കാട്
Jun 21, 2022
5 Minutes Read
എം.ജി.രാധാകൃഷ്ണന്‍
Jun 20, 2022
7 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch