ആനന്ദ്​ / ഫോട്ടോ: ഉണ്ണി ആർ.

പർദ്ദയിൽ ഉടക്കിയ ഒരു സംഭാഷണം

​കൈ വെട്ടലി​ന്റെയും കല്ലെറിഞ്ഞു കൊല്ലലിന്റെയും വംശഹത്യയുടെയും നിലപാടുകളിൽ ആന്തരികമായി നങ്കൂരമിടുകയും, പുറമെ സംവാദത്തിന്റേയും മതസൗഹാർദ്ദത്തിന്റേയും ശബ്ദങ്ങളുണ്ടാക്കുകയും ചെയ്യുന്നവർക്കിടയിൽ നമുക്കെങ്ങനെ സംവദിക്കാം?.

രു അനുഭവം പറയാം.
കുറച്ചു കാലം മുമ്പ് മാധ്യമം ആഴ്​ചപ്പതിപ്പ്​, ഞാനും കെ. അരവിന്ദാക്ഷനും തമ്മിലുള്ള ഒരു സംഭാഷണം പ്രസിദ്ധീകരിക്കുവാൻ താൽപര്യം പ്രകടിപ്പിച്ചു. എനിക്ക് വേണ്ടെന്ന് തോന്നിയെങ്കിലും അരവിന്ദാക്ഷൻ പരീക്ഷിക്കാമെന്ന് പറഞ്ഞു. ഒട്ടും വിടാതെ ചെയ്യാമെന്ന് അവർ ഉറപ്പു പറഞ്ഞു.
മൂന്നു നാല് ലക്കം കഴിഞ്ഞപ്പോൾ അവർ പെട്ടെന്ന് അത് നിർത്തി.
ചോദിച്ചപ്പോൾ അവർ പറഞ്ഞു, ബാക്കി ഭാഗം അവരുടെ പോളിസിക്ക് യോജിക്കില്ലെന്ന്.
പർദ്ദയായിരുന്നു വിഷയമെന്നാണ് ഓർമ.
ധാരണ അങ്ങനെയായിരുന്നില്ലെന്ന് പറഞ്ഞപ്പോൾ ഉത്തരമൊന്നും പറഞ്ഞില്ല.
ഒരു മുഖവരയോടു കൂടി ഞങ്ങൾ ബാക്കി ഭാഗം കലാകൗമുദിക്ക് കൊടുത്തു.
​അവർ പ്രസിദ്ധീകരിച്ചു, പക്ഷെ കമ്യൂണിസ്റ്റ് സർക്കാറിനെ പറ്റിയുള്ള കുറച്ചു ഭാഗങ്ങൾ അവരും വെട്ടിക്കളഞ്ഞു.

ഇനി വേറൊരു കഥ പറയാം.
1920 കളിൽ ജോർജ് തോംസൺ എന്ന ശാസ്ത്രജ്ഞന് നോബെൽ പുരസ്‌കാരം കിട്ടി, ഇലക്​ട്രോണുകൾ തരംഗങ്ങളാണെന്ന് സ്ഥാപിച്ചതിന്. അതിനുമുമ്പ് അദ്ദേഹത്തിന്റെ പിതാവ് ജെ.ജെ. തോംസണ് അതേ പുരസ്‌കാരം ലഭിച്ചിരുന്നു; ഇലക്​ട്രോണുകൾ particles ആണെന്ന് തെളിയിച്ചതിന്. അച്ഛൻ മകന്റെ പുരസ്‌കാരത്തിന് സന്നിഹിതനായിരുന്നു! രണ്ട് സമ്മാനങ്ങളും ന്യായീകരിക്കാവുന്നതായിരുന്നു. അത് ശാസ്ത്രത്തിന്റെ വഴി.

റിച്ചാർഡ് ഫെയ്ൻമാൻ ശാസ്ത്രത്തിന്റെ വഴിയെ ഇങ്ങനെ സമാഹരിക്കുന്നു: പുതിയ വഴികളിലേക്ക് നോക്കുവാൻ സാധിക്കുകയും നമ്മുടെ അജ്ഞതയെ അംഗീകരിക്കാൻ കഴിയുകയും ചെയ്താലേ പുതിയ ആശയങ്ങൾ ലഭിക്കൂ. അല്ലെങ്കിൽ സത്യമെന്താണെന്ന് നമുക്ക് അറിയാമെന്ന് നാം കരുതും. അതുകൊണ്ട് ശാസ്ത്രീയമായ അറിവ് എന്ന് നാം പറയുന്നത്, തീർച്ചയുടെ പല തലങ്ങളിലുള്ള ഒരുപാട് സ്​റ്റേറ്റുമെന്റുകളുടെ ഒരു സഞ്ചയമാണ്. ചിലതിനെപ്പറ്റി നമുക്ക് കാര്യമായ നിശ്ചയമൊന്നുമില്ലായിരിക്കും. ചിലത് ഏറെക്കുറെ നിശ്ചയമായിരിക്കും. പക്ഷെ മുഴുവനായും തീർച്ച പറയാവുന്ന ഒന്നുമുണ്ടാവില്ല. ശാസ്ത്രജ്ഞർ ഈ അവസ്ഥയുമായി ജീവിക്കാൻ ശീലമുള്ളവരാണ്.

fact is stranger than fiction എന്ന് പറയാറുണ്ട്. കാരണം ഫിക്ഷൻ ഇന്ന് ഞാനോ നിങ്ങളോ എഴുതുന്ന ഒരു കഥയാണ്. ഫാക്​റ്റ്​ ആകട്ടെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഒന്നും. ഇന്നലത്തേത് ആകണമെന്നില്ല ഇന്നത്തേത്. ഇന്നത്തേത് നാളത്തേതും.

സംവാദം എന്ന ഒന്ന് സാധ്യമാകണമെങ്കിൽ (അതിനാണല്ലോ നാം മാധ്യമങ്ങളെ സമീപിക്കുന്നത്) നമുക്ക് പൊതുവായ ഒരു ഇടം ആവശ്യമാണ്. എന്താണ് അത് നമ്മുടെ കാലമല്ലാതെ? ഇന്നത്തെ ജീവിതയാഥാർത്ഥ്യങ്ങളല്ലാതെ? ആ ഇടത്തേക്ക് പ്രവേശിക്കാതെ, ഓരോരുത്തരും നൂറ്റാണ്ടുകൾ വ്യത്യാസമുള്ള ഇടങ്ങളിൽ ഇരുന്നാൽ, തങ്ങളുടെ അടിത്തറകളാണ് സാർവ്വകാലിക- സാർവ്വലൗകിക സത്യങ്ങളെന്ന് വാദിച്ചാൽ സംവാദം സാധ്യമാവില്ല. cacophony-യേ ആകൂ.

മതങ്ങൾ ഓരോ തരത്തിലുള്ള ഫിക്ഷനുകളാണ്.
കോപ്പിറൈറ്റും textual purtiy-യും അവകാശപ്പെടുന്നവ. ( മിത്തുകൾ പലതും ഉള്ളിൽ നിന്നുള്ള ചോദ്യം ചെയ്യലാണെന്ന് ഇടയ്ക്ക് പറഞ്ഞു വെക്കട്ടെ. സ്വതന്ത്ര സോഫ്​റ്റ്​വെയർ എന്ന് കെ.സി. നാരായണൻ). ഈ ശുദ്ധിയുടെ വാദം പലപ്പോഴും തിരിഞ്ഞു കൊത്തും. വംശീയ ശുദ്ധിയുടേയും തിരഞ്ഞെടുക്കപ്പെട്ട വംശത്തിന്റേയും വാദം ആദ്യം കൊണ്ടുവന്നത് യഹൂദരാണ്. അവർ തന്നെയായി അതിന്റെ ഏറ്റവും വലിയ ഇരകൾ, വേറൊരു കൂട്ടർ അതൊക്കെ അവകാശപ്പെട്ടപ്പോൾ.

ഇത്തരം cross fire-കളിൽ പെട്ടുകിടക്കുകയാണ് ലോകം.
ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, യഹൂദർ തുടങ്ങി ബുദ്ധമതക്കാർ വരെ.
​കൈ വെട്ടുവാനും, കല്ലെറിഞ്ഞു കൊല്ലാനും, വംശഹത്യക്കും തയ്യാറുള്ളവർ. ഇത്തരം നിലപാടുകളിൽ ആന്തരികമായി നങ്കൂരമിടുകയും, പുറമെ സംവാദത്തിന്റേയും മതസൗഹാർദ്ദത്തിന്റേയും ശബ്ദങ്ങളുണ്ടാക്കുകയും ചെയ്യുന്നവർക്കിടയിൽ നമുക്കെങ്ങനെ സംവദിക്കാം? ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ആനന്ദ്

മലയാളത്തിലെ മുതിർന്ന എഴുത്തുകാരൻ, ചിന്തകൻ. ആൾക്കൂട്ടം, അഭയാർത്ഥികൾ, ഗോവർദ്ധന്റെ യാത്രകൾ, മരണ സർട്ടിഫിക്കറ്റ്, ജൈവ മനുഷ്യൻ തുടങ്ങിയവ പ്രമുഖ കൃതികൾ.

Comments