AI ബൈലൈൻ,
പണം കൊടുത്ത് വാങ്ങുന്ന
ബ്രാൻഡഡ് ന്യൂസ്;
2026-ലെ വാർത്താലോകം

‘‘2026-ൽ വസ്തുതാ പരിശോധന മാധ്യമ സ്ഥാപനങ്ങളുടെ പ്രധാന അജണ്ടയാകണം” - 2025-ലെ വാർത്താലോകത്തുനിന്ന് 2026-ലേക്ക് എത്തുമ്പോഴുള്ള മാറ്റങ്ങളെ വിശകലനം ചെയ്യുന്നു, ഡോ. ആന്റോ പി. ചീരോത.

"വെള്ളം, വെള്ളം സർവത്ര, തുള്ളി കുടിക്കാൻ ഇല്ലത്ര" - സാമുവൽ ടെയ്‌ലർ കോളറിഡ്ജിന്റെ “ദി റൈം ഓഫ് ദി എൻഷ്യന്റ് മാരിനർ" എന്ന കവിതയിൽ കുടുങ്ങിപ്പോയ നാവികരുടെ നിലവിളി അതാണ്. ഇന്ന് നാം സമാനമായ വൈരുദ്ധ്യത്തിലാണ്: "വാർത്തകൾ, വാർത്തകൾ എല്ലായിടത്തും, സ്ക്രീനുകളിലും ഫീഡുകളിലും അലേർട്ടുകളിലും നിറഞ്ഞ് ഒഴുകി വരുന്നു, എന്നാൽ വിശ്വസിക്കാവുന്ന വാർത്ത ഒരു തരിപൊലും ഇല്ല." മാധ്യമങ്ങളാൽ നയിക്കപ്പെടുന്ന, ഡിജിറ്റൽ ഫസ്റ്റ് ആയ മാധ്യമ അന്തരീക്ഷത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. നമ്മുടെ ഇഷ്ടവും വിശ്വാസവും അല്ല, മറിച്ച് മാധ്യമ പരിപ്രേക്ഷ്യങ്ങളും നിർമ്മിതികളും നമ്മളെ നിർബന്ധിച്ച് അനുഭവിപ്പിക്കുന്നു. പുതിയ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, 2025-ലെ മാധ്യമ പരിസരത്തിലെ ശ്രമങ്ങളേയും, പ്രവണതകളെയും ഒരു പുനരവലോകനത്തിന് വിധേയമാക്കാനുള്ള ശ്രമമാണ് കുറിപ്പിൽ. അതോടൊപ്പം, പുതിയ വർഷത്തിലെ മാധ്യമ ആവാസവ്യവസ്ഥ കടന്നു പോകേണ്ടുന്ന വിപ്ലവകരമായി രൂപാന്തരീകരണത്തെ സംബന്ധിച്ചും പരിശോധിക്കുന്നു.

സ്ക്രീനുകളിലൂടെ നമ്മൾ കണ്ട യുദ്ധം

ആഗോള മാധ്യമപ്രവർത്തനത്തിൽ 2025 വർഷം ഓർമ്മിക്കപ്പെടുമെങ്കിൽ, അത് പ്രധാനമായും യുദ്ധത്തിന് മാധ്യമങ്ങൾ നൽകിയ കവറേജിനെ അടിസ്ഥാനപ്പെടുത്തി കൂടിയായിരിക്കുമെന്നാണ് തോന്നുന്നത്. ഇസ്രായേൽ-പലസ്തീൻ, റഷ്യ-യുക്രൈൻ സംഘർഷങ്ങൾ എങ്ങനെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു? അവ റിപ്പോർട്ട് ചെയ്യപ്പെടുക മാത്രമല്ലല്ലോ ചെയ്തത്, തുടർച്ചയായി അൽഗോരിതം പുനഃക്രമീകരിച്ച് കൊണ്ട് നമ്മളിലേക്ക് സ്ട്രീം ചെയ്തു, റിമിക്സ് ചെയ്തു, വിശകലനങ്ങൾ നൽകി. ഒരു തരത്തിൽ 2025-ൽ നമ്മൾ ‘വാർത്തകളേക്കാൾ’ കുടുതൽ അനുഭവിച്ചത് ‘വാർത്ത വിശകലനങ്ങളാണ്’ എന്ന് തോന്നിപ്പോകുന്നു. പ്രത്യേകിച്ച് ഗാസയിലെ തുടർച്ചയായ നാശ നഷ്ടങ്ങളെല്ലാം അശ്രാന്തമായ ഒരു ദൃശ്യപരതയായി ഒഴുകി. സോഷ്യൽ മീഡിയ റീലുകളായും, വൈകാരികമായി ചാർജ്ജ് ചെയ്ത യൂട്യൂബ് ഷോർട്സുകളായും യുദ്ധം നമ്മളെ കൊണ്ട് അനുഭവിപ്പിച്ചു. എന്നാൽ 2025-ലെ ഈ വിപുലമായ യുദ്ധ കവറേജുകൾ വ്യക്തതയിലേക്കോ ധാർമ്മിക യോജിപ്പിലേക്കോ വിവർത്തനം ചെയ്തിട്ടുണ്ടോ എന്നത് സംശയമാണ്.

സംഘർഷമേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ തങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്നത് 2025-ലെ സംഘർഷ റിപ്പോർട്ടിങ്ങിന്റെ നിർണായക സവിശേഷതയാണ്.

സംഘർഷമേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ തങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്നത് 2025-ലെ സംഘർഷ റിപ്പോർട്ടിങ്ങിന്റെ മറ്റൊരു നിർണായക സവിശേഷതയാണ്. ഭാഷ തന്നെ ഒരു രാഷ്ട്രീയ മാധ്യമ ആഖ്യാനത്തിനുളള ടൂളായി പലപ്പോവും 2025-ൽ മാറി. അത് നല്ല കാര്യമാണ്. പക്ഷേ മനുഷ്യരുടെ കഷ്ടപ്പാടുകളെ, വിലാപങ്ങളെ, മനുഷ്യാവകാശ ധ്വംസനങ്ങളെ എന്തോ ഒരു ‘Selling point’-ലേക്ക് മാത്രമായി ചുരുക്കുന്നതായി 2025-ലെ പല സംഘർഷ റിപ്പോർട്ടുകളും വായിക്കുമ്പോൾ തോന്നിപ്പോയി. ‘വേദനകളെ വിറ്റ് കാശാക്കുന്ന മാധ്യമ അൽഗോരിതങ്ങൾ’ നമുക്ക് ഗുണം ചെയ്യില്ല. ‘നമ്മൾ - അവർ’ ദ്വന്തത്തെ (Us –Them) പിന്തുണക്കുന്ന പദങ്ങൾ വളരെ സ്വതന്ത്രമായി പ്രചരിച്ചു. ഇത് പദാവലിയുടെ പരാജയം മാത്രമല്ല, 2025-ലെ ആഗോള വാർത്താ പ്രവാഹത്തിനുള്ളിലെ ആഴത്തിലുള്ള ഘടനാപരമായ പക്ഷപാതത്തിന്റെ പ്രതിഫലനമായി കാണാം. പൗരരുടെ ജീവിതാനുഭവം ഭൗമരാഷ്ട്രീയത്തിന്റെ അമൂർത്തതയുമായി മത്സരിക്കാൻ പാടുപെട്ടു. യുദ്ധം അനന്തമായി വിശദീകരിക്കപ്പെട്ടുവെങ്കിലും അതിന്റെ പുറകിലുളള ഭൗമമരാഷ്ട്രീയം അപൂർവ്വമായി മാത്രമേ കവറേജിൽ ഇടംപിടിച്ചിട്ടുള്ളൂ.

നാം 2026-ലേക്ക് നീങ്ങുമ്പോൾ, സംഘർഷാത്മക മാധ്യമപ്രവർത്തനത്തിന്റെ ഭാവി ഒരു നിർണായക ഘട്ടത്തിലാണ്. ഒരു വശത്ത്, മുഖ്യധാരാമാധ്യമങ്ങളുടെ യുദ്ധ റിപ്പോർട്ടിംങിലുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞിട്ടുണ്ടെന്നത് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ചും വ്യവസ്ഥാപിത മാധ്യമസ്ഥാപനങ്ങൾ നൽകുന്ന വാർത്തകളേക്കാൾ സ്വതന്ത്ര മാധ്യമപ്രവർത്തകർ, സിറ്റിസൺ ആർക്കൈവുകൾ, ഇൻഫ്ലുവൻസർമാർ തുടങ്ങിയവരെ കൂടുതലായി ആശ്രയിക്കുന്ന സവിശേഷ മാധ്യമ സാഹചര്യം പുതിയ വർഷത്തിൽ സംജാതമായിട്ടുണ്ട്. എന്നാൽ, ഈ ബദൽ ഇടങ്ങൾ തന്നെ തെറ്റായ വിവരങ്ങൾ, അമിത വൈകാരികത, പ്ലാറ്റ്ഫോം ക്യാപിറ്റലിസം എന്നിവയ്ക്ക് ഇരയാകുന്നുവെന്നത് 2026-ലെ മാധ്യമ ആവാസവ്യവസ്ഥയെ ദുർബലപ്പെടുത്തുമോ എന്ന് സംശയിക്കുന്നു?

ഗാസയിലെ തുടർച്ചയായ നാശനഷ്ടങ്ങളെല്ലാം അശ്രാന്തമായ ഒരു ദൃശ്യപരതയായി ഒഴുകി. സോഷ്യൽ മീഡിയ റീലുകളായും, വൈകാരികമായി ചാർജ്ജ് ചെയ്ത യൂട്യൂബ് ഷോർട്സുകളായും യുദ്ധം നമ്മളെ കൊണ്ട് അനുഭവിപ്പിച്ചു.
ഗാസയിലെ തുടർച്ചയായ നാശനഷ്ടങ്ങളെല്ലാം അശ്രാന്തമായ ഒരു ദൃശ്യപരതയായി ഒഴുകി. സോഷ്യൽ മീഡിയ റീലുകളായും, വൈകാരികമായി ചാർജ്ജ് ചെയ്ത യൂട്യൂബ് ഷോർട്സുകളായും യുദ്ധം നമ്മളെ കൊണ്ട് അനുഭവിപ്പിച്ചു.

2025-ലെ ഗാസയുടെ കവറേജ് ഒരു കാര്യം വേദനാജനകമായി വ്യക്തമാക്കുന്നുണ്ട്. ‘Seeing is NOT believing’. എല്ലാം കാണുക എന്നതിനർത്ഥം എല്ലാം മനസ്സിലാക്കുകയോ വിശ്വസിക്കുകയോ അല്ല. സ്ക്രീനുകളിലൂടെ മാധ്യമങ്ങൾ യുദ്ധത്തിന് മധ്യസ്ഥത വഹിക്കുമ്പോൾ, അതിനകത്ത് ചരിത്രപരമായ ആഴവും ധാർമ്മികതയിൽ ഊന്നിയുള്ള ഭാഷാ ആഖ്യാനവും ഇല്ലാതാക്കിയേക്കാം. അത് ശ്രദ്ധ നേടുന്നതിനായി മത്സരിക്കുന്ന മാധ്യമ ഉള്ളടക്കത്തിന്റെ മറ്റൊരു പ്രവാഹം മാത്രമായി മാറുന്നു. 2026-ൽ മാധ്യമപ്രവർത്തനത്തിന് മുമ്പിലുള്ള പ്രധാന ദൗത്യവും വെല്ലുവിളിയും സാധ്യമാകുന്നിടത്തെല്ലാം സംഘർഷ ലഘൂകരണ - സമാധാന മാധ്യമ പ്രവർത്തനത്തെ വീണ്ടെടുക്കാനുള്ള ശ്രമമായിരിക്കണം.

പഹൽഗാം ആക്രമണത്തിന്റെയും
ഓപ്പറേഷൻ സിന്ദൂറിന്റെയും മാധ്യമ കവറേജ്

2025 ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂർ ടാഗ് ലൈനിൽ ഇന്ത്യയുടെ തുടർന്നുള്ള സൈനിക പ്രതികരണവും മാധ്യമങ്ങൾ എങ്ങനെ രൂപപ്പെടുത്തി എന്നത് കഴിഞ്ഞ വർഷത്തെ പ്രധാന സംഭവമായി കാണുന്നു. വാർത്താ പ്ലാറ്റ്ഫോമുകളിലുടനീളം, ഒരു സുരക്ഷാ സംഭവത്തിൽ നിന്ന് ഈ പരിപാടി അതിവേഗം ഉയർന്ന ‘തീവ്രതയുള്ള ദേശീയ മാധ്യമ’ കാഴ്ചയായി മാറി. വൈകാരികമായ ഭാഷ, വിഷ്വൽ നാടകീയവൽക്കരണം, ദേശീയവാദ ചട്ടക്കൂട് എന്നിവ ഈ മാധ്യമ കവറേജിന്റെ സവിശേഷതകളായി വന്നു.

പുതിയ വർഷത്തിൽ കുറച്ച് കൂടി വസ്തുതാപരമായ മാധ്യമ കവറേജുകളാണ് നമ്മുടെ സമൂഹത്തിന് ആവശ്യം. 2026-ലും കഥപോലെ വായിക്കാവുന്ന മനോഹരമായ ‘ഫീച്ചർ’ സ്റ്റോറികൾ ഉണ്ടാകട്ടെ, പക്ഷേ അതിനകത്ത് ‘ഫാക്ടുകൾ’ ഉണ്ടാകണം.

സൈനിക നടപടി പുരോഗമിക്കുമ്പോൾ, മാധ്യമ കവറേജുകൾ കൂടുതലായി യുദ്ധത്തിന്റെയും പ്രതികാരത്തിന്റെയും ആഖ്യാനമാണ് സ്വീകരിച്ചത്. ‘യുദ്ധമല്ല മറിച്ച് ഓപ്പറേഷനാണ്’ എന്ന് ഔദ്യോഗിക വിശദീകരണമുണ്ടായിട്ടും എന്തോ നമ്മുടെ മാധ്യമങ്ങൾക്ക് ഒരു ഇന്ത്യാ – പാക്കിസ്ഥാൻ യുദ്ധം വേണമെന്ന പോലെയായിരുന്നു. സന്ദർഭോചിതമോ ചരിത്രപരമോ ആയ സൂക്ഷ്മതയ്ക്ക് പരിമിതമായ ഇടം നൽകിക്കൊണ്ട് "ഞങ്ങൾ" വേഴ്സസ് "അവർ" എന്ന ബൈനറി മാധ്യമങ്ങൾ ഇത്തരം കവറേജിലൂടെ സ്യഷ്ടിച്ചു. പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള പ്രസ്താവനകൾ കൃത്യത, തന്ത്രപരമായ നിയന്ത്രണം, പരിമിതമായ ലക്ഷ്യങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയപ്പോൾ, മാധ്യമ വിവരണങ്ങൾ പലപ്പോഴും ഓപ്പറേഷനെ സൈനിക പ്രതികരണത്തേക്കാൾ ‘ദേശീയ അഭിമാനത്തിന്റെ പ്രതീകാത്മക പ്രഖ്യാപനമായി’ രൂപപ്പെടുത്തുകയാണ് ചെയ്തത്.

ഹൈപ്പർ- നാഷണലിസ്റ്റ് വികാരം വർദ്ധിപ്പിക്കുക എന്നത് 2025-ലെ പഹൽഗാം കവറേജിന്റെ ശ്രദ്ധേയമായ സവിശേഷതയായിരുന്നു. ‘Online Media Narratives and the Digital Spectacleof Hyper-Nationalism: Post-Pahalgam Attack’ എന്ന തലക്കെട്ടിലെ എന്റെ പിയർ റിവ്യൂഡ് പഠനത്തിൽ ഇത് വ്യക്തമായി വിശദീകരിക്കുന്നുമുണ്ട്.

പഹൽഗാമിന് ശേഷമുള്ള 2025-ലെ മാധ്യമ കവറേജുകൾ സംഘർഷ റിപ്പോർട്ടിങ് രീതിയിൽ വലിയ പരിവർത്തനം ആവശ്യപ്പെടുന്നുണ്ട്. പുതിയ വർഷത്തിൽ വൈകാരിക തീവ്രത സ്യഷ്ടിക്കലും ഹൈപ്പർ ദേശീയതാ രൂപീകരണവുമായിരിക്കരുത് മാധ്യമങ്ങൾ ലക്ഷ്യം വെയ്ക്കേണ്ടത് മറിച്ച് ധാർമ്മികതയിലൂന്നിയുള്ള ‘സൊലൂഷൻ ജേണലിസം’ ശൈലിയാകണം.

ഹൈപ്പർ-നാഷണലിസ്റ്റ് വികാരം വർദ്ധിപ്പിക്കുക എന്നത് 2025-ലെ പഹൽഗാം കവറേജിന്റെ ശ്രദ്ധേയമായ സവിശേഷതയായിരുന്നു.
ഹൈപ്പർ-നാഷണലിസ്റ്റ് വികാരം വർദ്ധിപ്പിക്കുക എന്നത് 2025-ലെ പഹൽഗാം കവറേജിന്റെ ശ്രദ്ധേയമായ സവിശേഷതയായിരുന്നു.

2025ലെ ‘മഹാമാധ്യമ’കുംഭമേള

2025 ജനുവരിക്കും ഫെബ്രുവരിക്കും ഇടയിൽ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേള ഇന്ത്യൻ വാർത്താ കവറേജിൽ ഈ വർഷത്തെ ഏറ്റവും വിപുലമായ മധ്യമ സംഭവങ്ങളിലൊന്നായി മാറി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടയുള്ള സകല മാധ്യമങ്ങളിലും മേള ഒരു മതപരമായ ഒത്തുചേരലായി മാത്രമല്ല, ആത്മീയത, ദേശീയ പ്രഖ്യാപനം, സാംസ്കാരിക അഭിമാനം എന്നിവ സംയോജിപ്പിച്ച് ഒരു ‘ദേശീയ കാഴ്ചയായായാണ്’ രൂപപ്പെടുത്തിയത്. തത്സമയ പ്രക്ഷേപണങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ആഴത്തിലുള്ള ഡിജിറ്റൽ കഥപറച്ചിൽ എന്നിവ ഉപയോഗിച്ച് മഹാകുംഭമേളയെന്ന ആഘോഷത്തെ ‘ഹിന്ദുത്വ അജൻഡക്കായി’ ഉപയോഗിച്ചതായി കവറേജുകൾ കണ്ടാൽ തോന്നിപ്പോകും.

ഇന്ത്യയുടെ പുരാതന പൈതൃകത്തിന്റെയും ആഗോള സാംസ്കാരിക നിലവാരത്തിന്റെയും തെളിവായി മാധ്യമ റിപ്പോർട്ടുകൾ ഈ സംഭവത്തെ ഇടയ്ക്കിടെ സ്ഥാപിക്കുകയും ഹിന്ദു മത സ്വത്വം ദേശീയ സ്വത്വവുമായി അടുത്ത ബന്ധമുള്ള ഒരു ആഖ്യാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. "144 വർഷത്തെ" മഹാകുംഭം പോലുള്ള പരാമർശങ്ങൾ, വിശ്വാസം, പാരമ്പര്യം, ചരിത്രപരമായ വസ്തുത എന്നിവ തമ്മിലുള്ള അതിർത്തി മങ്ങിക്കുന്ന തരത്തിൽ പലപ്പോഴും ചരിത്രപരമായ വിശദീകരണമില്ലാതെ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.

READ: മഹാ‘മാധ്യമ’കുംഭമേള

കുംഭമേളയെ ഡിജിറ്റൽ പ്രദർശനമാക്കി മാറ്റുന്നതിൽ ഇന്ത്യൻ മാധ്യമങ്ങളും നിർണായക പങ്ക് വഹിച്ചു. എന്നാൽ മഹാകുംഭമേള സൃഷ്ടിക്കുന്ന പാരിസ്ഥിതിക സമ്മർദ്ദം, നദീ മലിനീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ സമ്മർദ്ദം, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പരാജയങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ മാധ്യമങ്ങൾ താരതമ്യേന നിശ്ശബ്ദമായി എന്നാണ് തോന്നിയത്.

മേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആളപായം ഉണ്ടായത് ചുരുക്കം ചില പ്ലാറ്റ്ഫോമുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത് എന്നത് ശ്രദ്ധേയമാണ്. 2025 ലെ ഒരു കേസ് സ്റ്റഡി മാധ്യമ കവറേജാണ് മാഹാകുംഭമേളയെന്നാണ് മനസിലാക്കിയത്. ഇവിടെ ആഘോഷപരവും പ്രതീകാത്മകവുമായ വിവരണങ്ങളും പലപ്പോഴും ഉത്തരവാദിത്തത്താൽ നയിക്കപ്പെടുന്ന മാധ്യമപ്രവർത്തനത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പുതിയ വർഷത്തിൽ കുറച്ച് കൂടി വസ്തുതാപരമായ മാധ്യമ കവറേജുകളാണ് നമ്മുടെ സമൂഹത്തിന് ആവശ്യം. 2026-ലും കഥപോലെ വായിക്കാവുന്ന മനോഹരമായ ‘ഫീച്ചർ’ സ്റ്റോറികൾ ഉണ്ടാകട്ടെ, പക്ഷേ അതിനകത്ത് ‘ഫാക്ടുകൾ’ ഉണ്ടാകണം.

ഇന്ത്യയുടെ പുരാതന പൈതൃകത്തിന്റെയും ആഗോള സാംസ്കാരിക നിലവാരത്തിന്റെയും തെളിവായി മാധ്യമ റിപ്പോർട്ടുകൾ ഈ സംഭവത്തെ ഇടയ്ക്കിടെ സ്ഥാപിക്കുകയും ഹിന്ദു മത സ്വത്വം ദേശീയ സ്വത്വവുമായി അടുത്ത ബന്ധമുള്ള ഒരു ആഖ്യാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയുടെ പുരാതന പൈതൃകത്തിന്റെയും ആഗോള സാംസ്കാരിക നിലവാരത്തിന്റെയും തെളിവായി മാധ്യമ റിപ്പോർട്ടുകൾ ഈ സംഭവത്തെ ഇടയ്ക്കിടെ സ്ഥാപിക്കുകയും ഹിന്ദു മത സ്വത്വം ദേശീയ സ്വത്വവുമായി അടുത്ത ബന്ധമുള്ള ഒരു ആഖ്യാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാധ്യമപ്രവർത്തനത്തിന്റെ നിശബ്ദ പങ്കാളിയായപ്പോൾ

സംഘർഷ റിപ്പോർട്ടിംങ് 2025-ൽ മാധ്യമപ്രവർത്തനത്തിന്റെ ധാർമ്മിക പിഴവുകൾ തുറന്നുകാട്ടുകയാണെങ്കിൽ, ന്യൂസ് റൂമുകൾക്കുള്ളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദ്രുതഗതിയിലുള്ള വളർച്ച ന്യൂസ് റൂമിനകത്ത് അതിന്റെ സ്ഥാപനപരമായ ആശങ്കൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാനിലെ ഡോൺ ദിനപത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളടക്കം (AI artefact) എഡിറ്റ് ചെയ്യാതെ അച്ചടിച്ചത് നമ്മുടെ മുന്നിൽ ഉദാഹരണമായുണ്ട്.

2025 വർഷാവസാനത്തോടെ, യന്ത്രസഹായത്തോടെയുള്ള തലക്കെട്ടുകൾ, ഓട്ടോമേറ്റഡ് സംഗ്രഹങ്ങൾ, AI-ജനറേറ്റുചെയ്ത വിവർത്തനങ്ങൾ, അൽഗോരിതം ഇമേജ് സെലക്ഷൻ എന്നിവ ആഗോള വാർത്താ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത് പതിവായിത്തീർന്നു. റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് - 2025 അനുസരിച്ച്, പ്രേക്ഷകർ അതിന്റെ വിശ്വാസ്യതയെയും സുതാര്യതയെയും കുറിച്ച് അനിശ്ചിതത്വത്തിലാണെങ്കിലും, ഭൂരിഭാഗം പ്രമുഖ ന്യൂസ് റൂമുകളും ഇപ്പോൾ ഉള്ളടക്ക നിർമ്മാണത്തിലോ വിതരണത്തിലോ ഏതെങ്കിലും തരത്തിലുള്ള AI ഉപയോഗിക്കുന്നതായി പറയുന്നു. 2025-ൽ AI-അസിസ്റ്റഡ് ജേണലിസം അതിവേഗം വികസിച്ചപ്പോൾ, പ്യൂ റിസർച്ച് സെന്റർ സർവേകളും സൂചിപ്പിക്കുന്നത് AI-ജനറേറ്റുചെയ്ത വാർത്തകളിൽ പ്രേക്ഷകരുടെ വിശ്വാസം കുറവാണെന്നാണ്.

പ്രധാനപ്പെട്ട ഭാഗങ്ങൾ യന്ത്രസഹായത്തോടെയാണെങ്കിൽ പിന്നെ എന്തിനാണ് ലേഖനങ്ങൾക്ക് മനുഷ്യ ബൈലൈനുകൾ മാത്രം നിലനിർത്തുന്നത്? യന്ത്രങ്ങളേയും സഹ-സൃഷ്ടാക്കളാണെന്ന് (Co-authors) പറയാനുള്ള ആർജ്ജവം മാധ്യമ സ്ഥാപനങ്ങൾ 2026-ൽ കാണിക്കുമോ? പ്രത്യേകിച്ചും രാഷ്ട്രീയം, സംഘർഷം, പൊതുനയം, കലാവസ്ഥ വ്യതിയാനം പോലെ സുസ്ഥിരത ആവശ്യപ്പെടുന്ന പാരിസ്തിഥിക വിഷയങ്ങളിൽ പൂർണമായി നിർമ്മിത ബുദ്ധി സംവിധാനങ്ങൾ വാർത്തകൾ കൈകാര്യം ചെയ്യുന്നത് പ്രേക്ഷകർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായി പിയർ റിവ്യൂ പഠനങ്ങളിൽ വായിച്ചു. ഇത് ന്യൂസ് റൂം പരിശീലനവും പ്രേക്ഷകരുടെ പ്രതീക്ഷയും തമ്മിൽ ഒരു വിടവ് സൃഷ്ടിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ് എൻട്രി ലെവൽ മാധ്യമപ്രവർത്തനങ്ങളായ - ഡാറ്റ കംപൈലേഷൻ, ബേസിക് റിപ്പോർട്ടിംഗ്, വിവർത്തനം, സംഗ്രഹം എന്നിവയെ ആനുപാതികമായി ബാധിക്കുന്നുവെന്നാണ് വാൻ-ഇഫ്രയുടെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്

പുതിയ വർഷത്തിൽ നിർമ്മിത ബുദ്ധി സംവിധാനങ്ങൾ ജേണലിസം തൊഴിൽ മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ് എൻട്രി ലെവൽ മാധ്യമപ്രവർത്തനങ്ങളായ - ഡാറ്റ കംപൈലേഷൻ, ബേസിക് റിപ്പോർട്ടിംഗ്, വിവർത്തനം, സംഗ്രഹം എന്നിവയെ ആനുപാതികമായി ബാധിക്കുന്നുവെന്നാണ് വാൻ-ഇഫ്രയുടെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 2026-ൽ ഈ ജോലികൾ കൂടുതലായി യാന്ത്രികമാകുമ്പോൾ, മാധ്യമപ്രവർത്തനവും അതിന്റേതായ പരിശീലന - അക്കാദമിക ആവാസവ്യവസ്ഥയും നവീകരിക്കപ്പെടേണ്ടി വരുമെന്നത് തീർച്ചയാണ്. ‘മാധ്യമപഠനം’ എന്ന അക്കാദമിക ശാഖയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നു വരവും ഇവിടെ കാണാം. ഉദാഹരണമായി പല പ്രൈവറ്റ് യൂണിവേഴ്സിറ്റികളും ജേണലിസം കോഴ്സിന്റെ ടൈറ്റിലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി ചേർത്താണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എന്തോ AI വന്നാൽ കോഴ്സിന് ആളെ കിട്ടുമെന്നാണ് വിചാരമെന്ന് തോന്നിപ്പോകും.

2026-യിലെ മാധ്യമ പ്രവർത്തനത്തിന് മുന്നിലുള്ള വെല്ലുവിളി AI ഉപയോഗിക്കണമോ വേണ്ടയോ എന്നതല്ല, മറിച്ച് അത് എത്ര ബോധപൂർവ്വവും ഉത്തരവാദിത്വത്തോടെയും തിരഞ്ഞെടുത്ത് ഉപയോഗിക്കണം എന്നതാണ്. മുകളിൽ സൂചിപ്പിച്ച ഡോൺ ദിനപത്രത്തിന് സംഭവിച്ച അമളി ഇവിടെ ഉദാഹരണമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു ന്യൂട്രൽ ഇൻഫ്രാസ്ട്രക്ചർ അല്ല; അത് ഒരു ആഖ്യാന ശക്തിയാണ്. പ്യൂ റിസർച്ച് ഗവേഷണം നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, സാങ്കേതികവിദ്യയല്ല, വസ്തുതയിലൂന്നിയുള്ള ആധികാരികതയാവണം (Credibility) 2026-ലെ മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും വലിയ സ്വത്ത്.

2025ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാധ്യമപ്രവർത്തനത്തിന്റെ നിശബ്ദപങ്കാളിയായി. 2026-ൽ, അത് ഒഴിവാക്കാനാവാത്ത സഹ-സൃഷ്ടാക്കളാണെന്ന് (Co-authors) പ്രഖ്യാപിക്കപ്പെടട്ടെ! 2026-ൽ മാധ്യമപ്രവർത്തനം അഭിമുഖീകരിക്കേണ്ട ചോദ്യം, വാർത്തകൾ എത്ര വേഗത്തിൽ നിർമ്മിക്കാമെന്നതിലല്ല, മറിച്ച് അതിനെ ഗ്രൗണ്ട് ലെവലിൽ നിന്നുകൊണ്ട് വസ്തതുകൾ ശേഖരിച്ച് വെളിപ്പെടുത്തണമെന്നതിലാണ്. വസ്തുതകൾ സംസാരിച്ച് കൊണ്ട് മാധ്യമ സ്ഥാപനങ്ങൾക്ക് പല പക്ഷപാതങ്ങൾ ഉണ്ടാകട്ടെ. അതിൽ ജനങ്ങൾ അവരുടെ സത്യം തിരിച്ചറിയട്ടെ. അതിന് കുറച്ച് സമയം എടുത്താലും പ്രേക്ഷർ ക്ഷമിയ്ക്കുമെന്നാണ് എന്റെ പ്രതീക്ഷ. ചിലപ്പോൾ പുതിയ വർഷത്തിലെ ട്രെൻഡ് Slow Journalism ആകാം. നമ്മൾ ബ്രേക്കിങ് ന്യൂസ് കണ്ട് മടുത്തിരിക്കാം.

കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാനിലെ ഡോൺ ദിനപത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളടക്കം (AI artefact) എഡിറ്റ് ചെയ്യാതെ അച്ചടിച്ചത് നമ്മുടെ മുന്നിൽ ഉദാഹരണമായുണ്ട്.
കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാനിലെ ഡോൺ ദിനപത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളടക്കം (AI artefact) എഡിറ്റ് ചെയ്യാതെ അച്ചടിച്ചത് നമ്മുടെ മുന്നിൽ ഉദാഹരണമായുണ്ട്.

പോഡ്കാസ്റ്റിംങ് സംസ്കാരം

2025-ൽ, പോഡ്കാസ്റ്റിംങ് ആഗോള മാധ്യമ ആവാസവ്യവസ്ഥയിലെ ഒരു കേന്ദ്ര ഫോർമാറ്റായി സ്വയം സ്ഥാപിച്ചു. ഈ പോഡ്കാസ്റ്റിങ് ട്രെൻഡ് പ്രേക്ഷകർ വാർത്തകൾ, വ്യാഖ്യാനങ്ങൾ, സാംസ്കാരിക വിവരണങ്ങൾ എന്നിവ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പുനർരൂപകൽപ്പന ചെയ്തുവെന്നാണ് തോന്നുന്നത്. പോഡ്കാസ്റ്റ് ശ്രവിക്കുന്നത് മാധ്യമ വിപണികളിലുടനീളം ക്രമാമാനുഗതമായി, പ്രത്യേകിച്ചും യുവ, നഗര പ്രേക്ഷകർക്കിടയിൽ. വളർന്നുകൊണ്ടിരുന്നതായി റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് 2025-ൽ പറയുന്നു. വേഗമേറിയ മാധ്യമ അന്തരീക്ഷത്തിൽ പ്രേക്ഷകർക്കുള്ള മടുപ്പായിരിക്കുമോ ഈ പോഡ്കാസ്റ്റിങ് ട്രെൻഡിന് പുറകിൽ? അതോ ഇവ യുവ സമൂഹത്തിന് കൂടുതൽ പ്രതിഫലിപ്പിക്കുന്നതും ഇടപഴകലിനുള്ള ഇടങ്ങളായി തോന്നിയിരിക്കാമോ? പോഡ്കാസ്റ്റുകളിലെ വിശ്വാസം പലപ്പോഴും സ്ഥാപനങ്ങളിൽ കുറവും വ്യക്തിഗത ഹോസ്റ്റുകളിൽ കൂടുതലുമാണ്. അതുകൊണ്ട് തന്നെ ആഗോളതലത്തിൽ, വ്യക്തിത്വങ്ങൾ നയിക്കുന്ന നയിക്കുന്ന പോഡ്കാസ്റ്റുകളുടെ ആധിപത്യം ഈ വർഷത്തെ അടയാളപ്പെടുത്തി.

കഴിഞ്ഞ നവംബറിൽ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയപ്പോൾ, ട്രംപിനൊപ്പം വേദിയിൽ എത്തിയ യുഎഫ്സി ചീഫ് എക്സിക്യൂട്ടീവ് ഡാന വൈറ്റ് ആവേശഭരിതരായ ജനക്കൂട്ടത്തോട് പറഞ്ഞു;

“I want to thank the Nelk Boys, Adin Ross, Theo Von, Bussin’ with the Boys and, last but not least, the mighty and powerful Joe Rogan!”

പോഡ്‌കാസ്റ്റ് എന്നത് വെറും ഒരു സാങ്കേതികവിദ്യയല്ല, അതൊരു സംസ്കാരമായി മാറുന്നത് കഴിഞ്ഞ വർഷം കണ്ടു. ഡിജിറ്റൽ ഇടത്തിലെ പുതിയ കേൾവിയുടെ ഒരു സംസ്കാരം.

ചുരുക്കത്തിൽ ട്രംപിനെ അധികാരത്തിൽ തിരിച്ചെത്തിച്ചതിൽ പ്രശസ്ത പോഡ്കാസ്റ്റർമാരായ ജോ റോഗനും, തിയോഡോർ കാപിറ്റാനി വോണിനേയും വാനോളം പുകഴ്ത്തുന്നതാണ് മേൽപ്പറഞ്ഞ മാസ് ഡയലോഗ്. കൂട്ടത്തിൽ കനേഡിയൻ-അമേരിക്കൻ യൂട്യൂബ് ചാനലും വിനോദ കമ്പനിയുമായ നെൽക്ക് ബോയ്സിനും അമേരിക്കൻ ഇന്റർനെറ്റ് വ്യക്തിത്വവും ഓൺലൈൻ സ്ട്രീമറുമായ അഡിൻ ഡേവിഡ് റോസിന്റെ പേരും പരാമർശിക്കുന്നുണ്ട്. എന്നാൽ പോഡ്കാസ്റ്റർമാരുടെ പവർ ഒന്നു വേറെ തന്നെയാണെന്ന് ചടങ്ങിൽ അവർക്ക് ലഭിച്ച സ്വീകാര്യതയിൽ നിന്ന് വ്യക്തം.

ഇന്ത്യയിലും പോഡ്കാസ്റ്റിംങ് ട്രെൻഡ് ഭാഷാപരമായ വൈവിധ്യത്തിലും മറ്റും ശ്രദ്ധേയമായ വികാസത്തിനാണ് 2025 സാക്ഷ്യം വഹിച്ചത്. സ്വതന്ത്ര മാധ്യമപ്രവർത്തകരും മാധ്യമ കൂട്ടായ്മകളും തിരഞ്ഞെടുപ്പ്, സംഘർഷങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയിൽ ബദൽ കാഴ്ചപ്പാടുകൾ വാഗ്ദാനം ചെയ്തുകൊണ്ട് സ്ഥാപനപരമായ പരിമിതികളെ മറികടക്കാൻ പോഡ്കാസ്റ്റുകൾ ഉപയോഗിച്ചുവെന്നത് കാണാം. അതേസമയം, പാരമ്പര്യ മാധ്യമ സ്ഥാപനങ്ങൾ പോഡ്കാസ്റ്റുകളെ അവരുടെ ഡിജിറ്റൽ തന്ത്രങ്ങളുമായി കൂടുതലായി സംയോജിപ്പിക്കുകയും ബ്രാൻഡ് ഐഡന്റിറ്റി വിപുലീകരിക്കുന്നതിനും സബ്സ്ക്രിപ്ഷൻ അധിഷ്ഠിത മോഡലുകൾ പരീക്ഷിക്കുന്നതിനുമുള്ള ഒരു മാർഗമായി കഴിഞ്ഞ വർഷം ഏറ്റെടുത്തിട്ടുണ്ട്.

പോഡ്‌കാസ്റ്റ് എന്നത് വെറും ഒരു സാങ്കേതികവിദ്യയല്ല, അതൊരു സംസ്കാരമായി മാറുന്നത് കഴിഞ്ഞ വർഷം കണ്ടു. ഡിജിറ്റൽ ഇടത്തിലെ പുതിയ കേൾവിയുടെ ഒരു സംസ്കാരം. പോഡ്‌കാസ്റ്റ് ഇന്നത്തെ സാംസ്‌കാരിക പശ്ചാത്തലത്തിൽ ഒരേ സമയം അരികുവൽക്കരിക്കപ്പെട്ട ശബ്ദങ്ങൾക്കും, മുഖ്യധാരാ വേദികളിൽ നിന്നും പുറത്താക്കിയവർക്കും, സ്വന്തം കഥകൾ പറയാനുള്ള സൗകര്യപ്രദമായ വേദിയായി മാറിയിരിക്കുന്നു. അതിനാൽ ആധുനിക ലോകത്തിന്റെ തിരക്കിൽ, ദ്യശ്യഭാഷയുടെ ആധിക്യത്തിൽ - അതിൽ നിന്നെല്ലാം വിട്ടുനിന്ന് സമൂഹത്തോടും വ്യക്തിയോടുമുള്ള ആന്തരിക സംഭാഷണമാകാൻ 2026-ലും പോഡ്കാസ്റ്റിന് കഴിയട്ടെയെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കഴിഞ്ഞ നവംബറിൽ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയപ്പോൾ, ട്രംപിനൊപ്പം വേദിയിൽ എത്തിയ യുഎഫ്സി ചീഫ് എക്സിക്യൂട്ടീവ് ഡാന വൈറ്റ് .
കഴിഞ്ഞ നവംബറിൽ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയപ്പോൾ, ട്രംപിനൊപ്പം വേദിയിൽ എത്തിയ യുഎഫ്സി ചീഫ് എക്സിക്യൂട്ടീവ് ഡാന വൈറ്റ് .

വ്യാജൻമാർ, ഡീപ്ഫേക്കുകൾ

ജനറേറ്റീവ് AI ഉപകരണങ്ങളുടെ സഹായത്തോടെ നിർമ്മിക്കുന്ന കൃത്രിമ ചിത്രങ്ങൾ, വീഡിയോകൾ, വോയ്സ് ക്ലോണുകൾ എന്നിവയുടെ പ്രചരണം 2025 യിലെ മാധ്യമ ആവാസവ്യവസ്ഥയെ പുനർനിർവചിച്ചിട്ടുണ്ട്. റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് 2025 അനുസരിച്ച്, ഓൺലൈൻ വാർത്താ ദൃശ്യങ്ങളിലുള്ള പൊതുജനവിശ്വാസം ഗണ്യമായി കുറഞ്ഞതായി വ്യക്തമാക്കുന്നു. ബി.ബി.സി പോലെയുള്ള പരമ്പരാഗത മാധ്യമ സ്രോതസ്സുകളിൽ നിന്ന് പോലും വിശ്വസിക്കാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് കൂടുതൽ അനിശ്ചിതത്വം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

ഡീപ്ഫേക്കുകളും കൃത്രിമമായ ഉള്ളടക്കവും പൊതു വ്യവഹാരത്തെ രൂപപ്പെടുത്തിയ ഒന്നിലധികം സംഭവങ്ങൾക്ക് ഇന്ത്യൻ മാധ്യമ ആവാസവ്യവസ്ഥ സാക്ഷ്യം വഹിച്ചു. തിരഞ്ഞെടുപ്പ് കാലങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ ശബ്ദങ്ങൾ അനുകരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ച വീഡിയോകൾ വാട്ട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും വ്യാപകമായി പ്രചരിച്ചു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെ ആവർത്തിച്ചുള്ള ഉപദേശങ്ങൾ നൽകാൻ പ്രേരിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ടിംങിൽ, പഴയ റീസൈക്കിൾ ചെയ്ത എ.ഐ ചിത്രങ്ങൾ പലപ്പോഴും സമകാലീന ഫ്ലാഷ് പോയിന്റുകളിൽ നിന്നുള്ള ദൃശ്യങ്ങളായി അവതരിപ്പിക്കപ്പെട്ടു. അതിർത്തി സംഘർഷങ്ങളും വർഗീയ സംഭവങ്ങളും ഉൾപ്പെടെയുള്ള പല വാർത്തകളിലും മുഖ്യധാരാ മാധ്യമ പ്ലാറ്റ്ഫോമുകൾ പോലും വാർത്തകൾ നിർമ്മിക്കാനുള്ള തങ്ങളുടെ ഓട്ടത്തിൽ ഈ തെറ്റായ ദൃശ്യങ്ങൾ അശ്രദ്ധമായി പ്രചരിപ്പിച്ചു.

പ്രേക്ഷകർ ഇപ്പോൾ വിശ്വാസത്തേക്കാൾ സംശയത്തോടെയാണ് വിഷ്വൽ വാർത്തകളെ സമീപിക്കുന്നതെന്ന് പ്യൂ റിസർച്ച് സെന്റർ (2025) അഭിപ്രായപ്പെടുന്നത്. ഉപയോക്താക്കൾ ഉള്ളടക്കത്തിന്റെ ആധികാരികതയെ ബൌദ്ധികമായി സംശയിക്കുമ്പോൾ തന്നെ വൈകാരികമായി പങ്കിടുന്ന ഒരു വിരോധാഭാസം സൃഷ്ടിക്കുന്നുണ്ട്. 2025-ൽ ആൾട്ട് ന്യൂസ്, ബൂം ലൈവ് തുടങ്ങിയ വസ്തുത പരിശോധിക്കുന്ന സ്ഥാപനങ്ങൾ ഈ പ്രശ്നത്തിൽ നിർണായക തിരുത്തൽ പങ്ക് വഹിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തനം 2026-ലേക്ക് നീങ്ങുമ്പോൾ, എഡിറ്റോറിയൽ ഉത്തരവാദിത്തം വ്യാജ ഉള്ളടക്കം തിരിച്ചറിയുന്നതിനപ്പുറം, വിശ്വാസ്യത പുനർനിർമ്മിക്കുന്നതിലേക്ക് വ്യാപിക്കുന്നതായി കാണാം. വസ്തുത പരിശോധന നൈപുണി (Fact Checking Skill) 2026-ലെ പ്രധാന സോഫ്റ്റ് സ്കില്ലായി മാറുമെന്നുറപ്പാണ്. ഇത് മനസിലാക്കി പുതിയ വർഷത്തിൽ വസ്തുത പരിശോധന നൈപുണി വികാസം നമ്മുടെ സ്കൂൾ-കോളേജ് പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.

സ്വതന്ത്ര – ബദൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും പോഡ്കാസ്റ്റുകളും സിവിൽ സമൂഹത്തിൽ നിന്നുള്ള ശബ്ദങ്ങൾക്ക് ഇടം വാഗ്ദാനം ചെയ്തത് പ്രതീക്ഷയാണ്. ഇത്തരം സ്വതന്ത്ര – ബദൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കൈയിൽ നിന്ന് പൈസ മുടക്കി നമ്മൾ സബ്സ്ക്രൈബ് ചെയ്ത് പ്രോത്സാഹിപ്പിക്കണം.

പുതിയ വർഷത്തിൽ വേണം,
സമാധാന മാധ്യമപ്രവർത്തനം

2025-ൽ ആവർത്തിച്ചുള്ള ആഗോള പ്രതിസന്ധികൾക്കിടയിലും, സമാധാന മാധ്യമപ്രവർത്തനം (Peace Journalism) മുഖ്യധാരാ മാധ്യമ സമ്പ്രദായങ്ങളിൽ നാമമാത്രമായി തുടർന്നു. പ്രേക്ഷക സ്വീകാര്യതയും മത്സര സമ്മർദ്ദങ്ങളും കാരണം സമാധാന നിർമ്മാണ കാഴ്ചപ്പാടുകളേക്കാൾ സംഘർഷം വർദ്ധിപ്പിക്കുന്ന ആഖ്യാനങ്ങൾക്ക് വാർത്താ സംഘടനകൾ മുൻഗണന നൽകുന്നത് തുടരുകയാണെന്ന് യുനെസ്കോ-ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (2025) റിപ്പോർട്ട് ഉയർത്തിക്കാട്ടിയത്.

നയതന്ത്ര ശ്രമങ്ങൾ, മാനുഷികമായ വെടിനിർത്തൽ അല്ലെങ്കിൽ താഴേത്തട്ടിൽ അനുരഞ്ജനം പോലുള്ള സമാധാനപരമായ ചട്ടക്കൂടുകൾക്ക് ഇന്ത്യൻ മാധ്യമ ആഖ്യാനങ്ങളിൽ പരിമിതമായ ഇടമാണ് 2025-ൽ ലഭിച്ചത്. എന്നാൽ, സ്വതന്ത്ര – ബദൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും പോഡ്കാസ്റ്റുകളും ഇടയ്ക്കിടെ സമാധാന മാധ്യമപ്രവർത്തന സമീപനങ്ങൾ പരീക്ഷിക്കുകയും, സിവിൽ സമൂഹത്തിൽ നിന്നുള്ള ശബ്ദങ്ങൾക്ക് ഇടം വാഗ്ദാനം ചെയ്യുകയും ചെയ്തത് പ്രതീക്ഷയാണ്. ഇത്തരത്തിലുള്ള സ്വതന്ത്ര – ബദൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കൈയിൽ നിന്ന് പൈസ മുടക്കി നമ്മൾ സബ്സ്ക്രൈബ് ചെയ്ത് പ്രോത്സാഹിപ്പിക്കണം. 2026-ലേക്ക് നോക്കുമ്പോൾ, നിരന്തരമായ ഡിസ്ട്രക്ടീവായ ജേണലിസത്തിൽ പ്രേക്ഷകർ മടുപ്പ് അനുഭവിക്കുന്നതിനാൽ സമാധാന മാധ്യമപ്രവർത്തനത്തിന്റെ പ്രസക്തി വർദ്ധിക്കുമെന്നാണ് തോന്നുന്നത്.

ജനറേറ്റീവ് AI ഉപകരണങ്ങളുടെ സഹായത്തോടെ നിർമ്മിക്കുന്ന കൃത്രിമ ചിത്രങ്ങൾ, വീഡിയോകൾ, വോയ്സ് ക്ലോണുകൾ എന്നിവയുടെ പ്രചരണം 2025 യിലെ മാധ്യമ ആവാസവ്യവസ്ഥയെ പുനർനിർവചിച്ചിട്ടുണ്ട്.
ജനറേറ്റീവ് AI ഉപകരണങ്ങളുടെ സഹായത്തോടെ നിർമ്മിക്കുന്ന കൃത്രിമ ചിത്രങ്ങൾ, വീഡിയോകൾ, വോയ്സ് ക്ലോണുകൾ എന്നിവയുടെ പ്രചരണം 2025 യിലെ മാധ്യമ ആവാസവ്യവസ്ഥയെ പുനർനിർവചിച്ചിട്ടുണ്ട്.

‘ബ്രാൻഡഡ് വാർത്ത’ പണം കൊടുത്ത് വാങ്ങിയാലോ?

ബ്രാൻഡഡ് ഉൽപന്നങ്ങൾ വാങ്ങാൻ ആവേശം കാണിക്കുന്ന നമ്മൾ എന്തുകൊണ്ടാവും ‘ബ്രാൻഡഡ് വാർത്തകൾ’ വാങ്ങാൻ ആ ആവേശം കാണിക്കാത്തത്? ഗുണനിലവാരമുള്ള വാർത്തകൾ (Quality news) നമ്മുടെ മാനസികാരോഗ്യത്തെ ബാധിയ്ക്കുമെന്ന് പുതിയ വർഷത്തിൽ നാം തിരച്ചറിയണം. അതിനാൽ അത്തരം വാർത്തകൾ പോക്കറ്റിൽ നിന്ന് പൈസ കൊടുത്ത് വായിക്കണം.
2025-ൽ വാർത്താ ഓർഗനൈസേഷനുകൾ പരസ്യ വരുമാനം കുറയുന്നതുമായി മല്ലിട്ടതോടെ സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള മീഡിയ മോഡലുകൾക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചതായി തോന്നുന്നു. ബ്രേക്കിംഗ് ന്യൂസ് മാത്രം നൽകുന്നതിനുപകരം വിശ്വാസ്യത, ആഴം, വ്യാഖ്യാന മൂല്യം എന്നിവ വാഗ്ദാനം ചെയ്യുന്ന വാർത്തകൾക്ക് പണം നൽകാൻ പ്രേക്ഷകർ കൂടുതൽ സന്നദ്ധരായിക്കുന്നുവെന്ന് റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് 2025 വ്യക്തമാക്കുന്നു.

ഇന്ത്യയിൽ സബ്സ്ക്രിപ്ഷനുകൾ പ്രധാനമായും നഗര, വരേണ്യ കേന്ദ്രീകൃതമായാണ് ഇപ്പോൾ തുടരുന്നത്. ഇംഗ്ലീഷ് ഭാഷാ ഔട്ട്ലെറ്റുകളാണ് പ്രധാനമായും ഇതിൽ മുൻപന്തിയിൽ. 2026-ൽ കൂടുതൽ പ്രാദേശിക ഭാഷാ മാധ്യമ സംരംഭങ്ങൾ സബ്സ്ക്രിപ്ഷൻ മോഡലുമായി മികച്ച വാർത്തകൾ വിതരണം ചെയ്യട്ടെ!

ഗുണനിലവാരമുള്ള മാധ്യമപ്രവർത്തനത്തിലേക്കുള്ള പ്രവേശനമായി സബ്സ്ക്രിപ്ഷൻ ജേണലിസം മോഡൽ 2026-ൽ വികസിക്കുമോ?

പണം നൽകാൻ സാധിക്കാത്ത പ്രേക്ഷകരെ സൗജന്യവും എന്നാൽ വിശ്വസനീയമല്ലാത്തതുമായ ഉള്ളടക്കത്തിലേക്ക് തള്ളിവിടുന്നതിലൂടെ, പുതിയ വർഷത്തിൽ സബ്സ്ക്രിപ്ഷൻ മോഡൽ വിവര അസമത്വം (Information Divide) ആഴത്തിലാക്കാനും സാധ്യതയുണ്ട്. അതിനാൽ സബ്സ്ക്രിപ്ഷൻ ജേണലിസത്തിന്റെ ഭാവിയും അതിന്റെ സുസ്ഥിരതയും ഇത്തരത്തിലുള്ള നിരവധി കാര്യങ്ങളെ സന്തുലിതമാക്കുന്നതിനെ ആശ്രയിച്ചിരിക്കും. ഗുണനിലവാരമുള്ള മാധ്യമപ്രവർത്തനത്തിലേക്കുള്ള പ്രവേശനമായി സബ്സ്ക്രിപ്ഷൻ ജേണലിസം മോഡൽ 2026-ൽ വികസിക്കുമോ?

2025-ലെ മാധ്യമ ആവാസവ്യവസ്ഥ സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നതായിരുന്നു. പുതിയ വർഷത്തിലും AI-നയിക്കുന്ന ന്യൂസ് റൂമുകൾ വളരെയധികം കാര്യക്ഷമമാകും. എന്നാൽ ഇത് വലിയ ഉത്തരവാദിത്വവും എഡിറ്റോറിയൽ ബോർഡിന് നൽകും. വേഗത കൂടുമ്പോൾ - യന്ത്രങ്ങൾക്ക് വൈകാരികമായ ഒരു ബന്ധം പ്രേക്ഷകരുമായി സ്യഷ്ടിക്കാനാവില്ല. അതിനാൽ 2026-ലെ വാർത്താ മുറിയിൽ മനുഷ്യരുടെ സ്യഷ്ടിപരത വേണ്ടുവോളം ഉറപ്പാക്കണം. ഒരു കാരണവശാലും നിർമ്മിത ബുദ്ധി സംവിധാനങ്ങളെ കയറൂരി വിടരുത്.

എഐ സൃഷ്ടിച്ച ഉള്ളടക്കത്തിന്റെ വ്യക്തമായ ലേബലിംഗ്, ദൃശ്യങ്ങളുടെ സുതാര്യമായ ഉറവിടം, സെൻസിറ്റീവ് സ്റ്റോറികൾക്കുള്ള മന്ദഗതിയിലുള്ള പ്രസിദ്ധീകരണ പ്രോട്ടോക്കോളുകൾ എന്നിവ സ്റ്റാൻഡേർഡ് ന്യൂസ് റൂം രീതികളായി മാറണം. ഇത്തരത്തിൽ 2026-ലേക്ക് പ്രവേശിക്കുമ്പോൾ, വെല്ലുവിളി പുതിയ ഉപകരണങ്ങളുമായി പൊരുത്തപ്പെടുക മാത്രമല്ല, ഡിജിറ്റലായി പൂരിതമായ ഒരു പൊതുമേഖലയ്ക്കുള്ളിൽ ജേണലിസം തൊഴിലിന്റെ ധാർമ്മിക അടിത്തറ വീണ്ടും ഉറപ്പിക്കുക എന്നത് കൂടിയാണ്. എഡിറ്റോറിയൽ പകരക്കാരനല്ല മറിച്ച് ഒരു സഹായ ഉപകരണമായി AI-യെ കണക്കാക്കണം. മനുഷ്യന്റെ ന്യായവിധി, ധാർമ്മിക ന്യായവാദം, സന്ദർഭോചിതമായ അറിവ് എന്നിവ യാന്ത്രികമാക്കാൻ കഴിയില്ല. മാധ്യമപ്രവർത്തകർക്കുള്ള എ.ഐ സാക്ഷരതയിൽ ന്യൂസ് റൂമുകൾ നിക്ഷേപം നടത്തണം, ഓട്ടോമേഷൻ മാധ്യമപ്രവർത്തന ഉത്തരവാദിത്തത്തെ ഇല്ലാതാക്കുന്നതിനുപകരം വർദ്ധിപ്പിക്കുകയാണ് ചെയ്യുക. ഡീപ്ഫേക്കുകളുടെയും സിന്തറ്റിക് മാധ്യമങ്ങളുടെയും കാലഘട്ടത്തിൽ, 2026-ൽ വസ്തുതാ പരിശോധന മാധ്യമ സ്ഥാപനങ്ങളുടെ പ്രധാന അജണ്ടയാകണം. പ്ലാറ്റ്ഫോം ക്യാപിറ്റലിസത്തിൽ നിന്നും അൽഗോരിതം സമ്മർദ്ദങ്ങളിൽ നിന്നും എഡിറ്റോറിയൽ സ്വയംഭരണാധികാരം വീണ്ടെടുക്കുക വലിയ വെല്ലുവിളിയാകും.

Comments