ചമ്പൽ നദി, ഫോ​ട്ടോകൾ: വി.എസ്​. സനോജ്​

ബുന്ദേലിന്റെ നദിയാഴങ്ങളിലെ, കുഞ്ഞുദേഹങ്ങൾ

കുട്ടികൾ മരിച്ചാൽ ചിതയൊരുക്കി ദഹിപ്പിക്കില്ല. പകരം, കനമുള്ള കല്ലുകെട്ടി നദിയുടെ ആഴത്തിലേക്ക് താഴ്​ത്തും. അതാണാചാരം. അതിനുള്ള ഒരുക്കമാണീ നടക്കുന്നത്. പുഴയിലിട്ടാൽ മീനുകൾ ദേഹം നിറയെ കൊത്തി വേദനിപ്പിക്കില്ലേ, കണ്ണുകൾ കൊത്തിത്തിന്നില്ലേ - കാട് കയറിയ ചിന്തകളുമായി ബുന്ദേൽഖണ്ടിലെ നദീസംഗമത്തിനരികിലെ ആൽമരത്തണലിലിരുന്നു.

ങ്ങനെയിരിക്കെ, അവിചാരിതമായി ഒരു യാത്ര കൂടി സംഭവിച്ചു.
യു.പി. ഗ്രാമങ്ങളിലൂടെ വഴിവിട്ട യാത്ര.
പോയ ചിലയിടത്തു പിന്നെയും പോവേണ്ടിവന്നു. ഒപ്പം വന്ന രണ്ട് മാധ്യമ സുഹൃത്തുക്കളാണ് അതിനുകാരണം. അവർക്കവിടെ പോകേണ്ടതുണ്ട്. കേരളത്തിൽ നിന്ന് വന്ന ചാനൽ റിപ്പോർട്ടറും ക്യാമറാമാനും. യു.പിയിലുള്ള പരിചയക്കുറവുകൂടി വെച്ചാണ് അവർ ക്ഷണിച്ചത്. സൗഹൃദ ക്ഷണത്തിനുവഴങ്ങി കൂടെ പുറപ്പെട്ടുപോയി. ബുന്ദേൽഖണ്ട് മേഖലയായിരുന്നു യാത്രയുടെ ലക്ഷ്യദേശം. ഇറ്റാവയെന്ന ചമ്പലിന്റെ വഴികളും മുലായം -പരിവാറിന്റെ- രാഷ്ട്രീയാധീശ കേന്ദ്രങ്ങളും കനൂജിന്റെ വാസനാഗ്രാമങ്ങളും താണ്ടി മൂന്നോ നാലോ ദിവസത്തെ കറക്കം. പലയിടത്തായി കർഷകരെയും തൊഴിലാളികളേയും കണ്ട്, കനൂജിലെ ചെറുകിട യൂണിറ്റുകളിൽ കേറിയിറങ്ങിയ നടപ്പ്. പെർഫ്യൂം നിർമാണത്തിന്റെ പരമ്പരാഗത ലോകമാണ് കനൂജ്. യു.പിയുടെ സുഗന്ധവാസനാകേന്ദ്രം.

വയലുകളിൽ ഉരുളകിഴങ്ങു കർഷകരുടെ രോഷവും കണ്ണീരും കണ്ടു. അവരുടെ വാക്കും പരാതികളും കേട്ട്, വെയിലും മഴയും കൊണ്ട് അവിടങ്ങളിൽ നടന്നലഞ്ഞു. പെർഫ്യൂം നിർമാണ തൊഴിലാളികളോട് സംസാരിച്ചു.

രാഷ്ട്രീയമായി വലിയ ചരിത്രമുണ്ട് ഇറ്റാവയ്ക്കടുത്തുള്ള കനൂജ് ലോക്​സഭാ പരിധിയുടെ മേഖലയ്ക്ക്. റാം മനോഹർ ലോഹ്യയുടെ പഴയ തട്ടകം. പിന്നീട്, സോഷ്യലിസ്​റ്റുമായിരുന്ന മുലായം സിങ് യാദവിന്റേയും. സോഷ്യലിസമൊക്കെ പറയുമെങ്കിലും എല്ലാത്തിനും മേലെ അവനവന്റെ - പരിവാർ- രാഷ്ട്രീയം പ്രധാനമായതുകൊണ്ട്, മുലായംസിങ്, മകനെയും കനൂജിൽ മത്സരിപ്പിച്ചു. എം.പിയായ അഖിലേഷ് യാദവ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ പക്ഷേ സംസ്ഥാന രാഷ്ട്രീയത്തിലേക്കെത്തി. അഖിലേഷ് യു.പി. മുഖ്യമന്ത്രിയായപ്പോൾ ഭാര്യ ഡിംപിൾ യാദവിനേയും ഇവിടെ നിന്ന് ലോക്​സഭയിലേക്ക് മത്സരിപ്പിച്ചു, ജയിപ്പിച്ചെടുത്തു. സോഷ്യലിസ്റ്റ് നേതാക്കളുടെ കുത്തകയായിരുന്ന കനൂജിൽ നിന്ന് പണ്ട് കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതും വിജയിച്ചിട്ടുണ്ടെങ്കിലും പക്ഷേ ആ ചരിത്രങ്ങളെല്ലാം പിന്നീട് വഴിമാറി, യുപിയിൽ പുതിയ കാറ്റ് വീശിത്തുടങ്ങിയ കാലം വന്നു. താമരയ്ക്കും മോദിയ്ക്കും യു.പിയിൽ നല്ല വളക്കൂറുണ്ടായതോടെ ബി.ജെ.പിയുടെ കയ്യിൽ ഭദ്രമായി കനൂജ് എന്ന, വറുതിയും വരൾച്ചയും ഒപ്പം സുഗന്ധം സൃഷ്ടിക്കുന്ന ഫാക്ടറികളുമുള്ള പ്രദേശം.

കനൂജ് ഗ്രാമം

കനൂജ് കണ്ടു തീർത്തിട്ടുവേണം ഇറ്റാവയുടെ ഗ്രാമങ്ങളിലൂടെ ബുന്ദേൽഖണ്ട് പിടിക്കാൻ. വയലുകളിൽ ഉരുളകിഴങ്ങു കർഷകരുടെ രോഷവും കണ്ണീരും കണ്ടു. അവരുടെ വാക്കും പരാതികളും കേട്ട്, വെയിലും മഴയും കൊണ്ട് അവിടങ്ങളിൽ നടന്നലഞ്ഞു. പെർഫ്യൂം നിർമാണ യൂണിറ്റുകളിലെ തൊഴിലാളികളോട് സംസാരിച്ചു. പെർഫ്യൂം ഉണ്ടാക്കുന്ന രാസവിദ്യ പറഞ്ഞുതന്നു, ചാനൽ സുഹൃത്തുക്കൾ അത് പകർത്തി. പലതരം സുഗന്ധങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളിലെ സുഗന്ധരഹിത ജീവിതം നയിക്കുന്ന തൊഴിലാളികളുടെ സാഹചര്യം കണ്ട്, അവരുടെ വാക്കുകളെടുത്ത് അത് വെച്ചൊരു വാർത്തയുണ്ടാക്കി. ചില യൂണിറ്റ് മാനേജർമാർ ക്യാമറയും മറ്റുമുള്ളതിനാൽ വിഷ്വലെടുക്കാൻ ആദ്യം വിസമ്മതിച്ചു. ചെറിയ യൂണിറ്റുകളിലുള്ളവർക്ക് പക്ഷേ അതൊരു പ്രശ്നമായില്ല. പെർഫ്യൂമുകളുടെ സുഗന്ധമൊന്നും ഏശാതെ, നിറംമങ്ങിയ വേഷത്തിൽ പണിയെടുത്ത് നടുവൊടിഞ്ഞ കുറെ മനുഷ്യരെയാണ് യൂണിറ്റുകളിൽ കണ്ടത്. ലഖ്നൗവിൽ നിന്ന് ഇറ്റാവയും കനൂജും കണ്ട് പലയിടങ്ങളിലൂടെ നടപ്പും യാത്രയും മുന്നോട്ടുപോയി. കനൂജിലെ ഒരു പാടത്തിന് മുന്നിലെ ബൈക്ക് ഷോറൂമിനോട് ചേർന്നുള്ള മുകൾ നിലയിലെ ഹോട്ടലിൽ വൃത്തിയുള്ള മുറി വാടകയ്ക്ക് കിട്ടി.

ബുന്ദേൽഖണ്ടിലെ ചിലയിടങ്ങൾ കൂടി പോകാനുണ്ട്. ഹോട്ടൽ മുറിയ്ക്ക് മുന്നിൽ കാണുന്നതൊരു പാടശേഖരമാണ്. കൃഷിക്കാരുടെ കൊച്ചുവീടുകളും. രണ്ടിനും നടുവിൽ റോഡും ഒറ്റവരി ട്രെയിൻപാതയും കടന്നുപോകുന്നു. രാത്രി, പേടിപ്പിക്കുന്ന കാറ്റും മഴയുമുണ്ടായി അന്ന്. പിറ്റേന്ന് രാവിലെ നടക്കാനായി പാടത്തേക്ക് പോയി, ക്യാമറയുമായി ചാനൽ സുഹൃത്തും. ചില കർഷകരെ കണ്ടു. ആയിടെ കുറച്ചുദിവസങ്ങളായി മഴ പെയ്തുകൊണ്ടിരുന്നു. ഇടവിട്ടുള്ള മഴയാൽ അവിടെയാകെ നനവുണ്ടായി. പൊതുവേ വരണ്ടതാണ് ഇവിടത്തെ നാട്ടിൻപുറങ്ങൾ. പക്ഷേ ഇത്തവണ പുല്ലു മുളച്ചു തുടങ്ങിയിരിക്കുന്നു. കൃഷി മെച്ചമുള്ള പ്രദേശമാണത്. കാഴ്ച്ചയിൽ അങ്ങനെ തോന്നി. കടുകും പരുത്തിയും എള്ളും കാബേജും കോളിഫ്ളവറും മട്ടറും കാരറ്റും മല്ലിയിലയും ഉരുളക്കിഴങ്ങുമായി കൃഷി സമൃദ്ധി കാണാനുണ്ട്. ചെന്നിടത്ത് കാബേജും കടുകുമുൾപ്പെടെ കൃഷിയുണ്ട്.

പാടത്തുള്ള കഞ്ചാവുപടർപ്പുകൾ കൃഷി സമയമാകുമ്പോൾ വെട്ടിക്കളയുകയാണ് പതിവ്. അപൂർവ്വം ചിലർ ഒട്ടും കാശില്ലാതെ വരുമ്പോൾ ഇലയും വിത്തും ചേർത്തുണക്കി ബീഡിപ്പുകയ്ക്ക് വേണ്ടി പുകയിലക്ക് പകരം വെച്ച് വലിക്കും.

കേരളത്തിലെ നെൽപാടം പോലെ ഏക്കർ കണക്കിന് ഉരുളക്കിഴങ്ങും ചക്കരക്കിഴങ്ങുമുള്ള പാടങ്ങൾ. പണിയില്ലാത്ത, തരിശിട്ട കണ്ടങ്ങളുടെ വരമ്പിൽ നിറയെ കഞ്ചാവുചെടികൾ പടർന്നുകിടക്കുന്നു, നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റ് പച്ചപോലെ. കൃഷിയില്ലാത്ത കണ്ടങ്ങളിലെല്ലാം കഞ്ചാവുചെടികൾ പടർന്നു പന്തലിക്കുന്നത് അവിടത്തെ പതിവ് കാഴ്​ചയാണ്. യു.പിയിലെ മിക്ക പാടങ്ങളിലും കമ്യൂണിസ്റ്റ് പച്ചപോലെ സ്വാഭാവികമായത് വ്യാപിച്ചു കിടക്കുന്നത് കാണാറുണ്ട്. കഞ്ചാവു ചെടിയോടുള്ള മലയാളീ കൗതുകം വെച്ചൊരു സ്റ്റോറി അപ്പോൾത്തന്നെ ചാനൽ സുഹൃത്ത് ഷൂട്ട് ചെയ്തു, കഞ്ചാവ് ചെടികൾക്ക് നടുവിൽ നിന്ന് മൈക്ക് പിടിച്ചുള്ള വിഷ്വലുകളും എടുത്തു. എത്ര വിഷ്വലെടുത്തിട്ടും അവർക്ക് മതിയാവുന്നില്ല. കേരളത്തിൽ കഞ്ചാവ് ചെടികൾ ഇത്രയുമധികം കാണണമെങ്കിൽ എക്സൈസ് വകുപ്പിന്റെ കൂടെ തോട്ടം നശിപ്പിക്കുന്നത് കാണാൻ പോകേണ്ടിവരും. പക്ഷേ യു.പിയിലെ കൃഷിക്കാർക്ക് അതൊന്നും വല്യ കാര്യമായിട്ട് തോന്നിയില്ല. ഇവരെന്തിനാണ് ഇതിത്ര കാര്യമായി പകർത്തുന്നത് എന്ന ഭാവത്തിലായിരുന്നു അവിടെ കണ്ട കർഷകരെല്ലാം.

പാടത്തുള്ള കഞ്ചാവുപടർപ്പുകൾ കൃഷി സമയമാകുമ്പോൾ വെട്ടിക്കളയുകയാണ് അവരുടെ പതിവ്. അപൂർവ്വം ചിലർ ഒട്ടും കാശില്ലാതെ വരുമ്പോൾ ഇലയും വിത്തും ചേർത്തുണക്കി ബീഡിപ്പുകയ്ക്ക് വേണ്ടി പുകയിലക്ക് പകരം വെച്ച് വലിക്കും. പക്ഷേ ഈയിനമല്ല കഞ്ചാവ് ലഹരിയ്ക്കായി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. പേര് ഗഞ്ച എന്നാണെങ്കിലും അതിന്റെ വകഭേദമായിരിക്കാം ചിലപ്പോൾ ഇതെന്ന് തോന്നി. മിക്ക പാടത്തും ധാരാളമുണ്ടെങ്കിലും അവിടത്തെ ഭൂരിഭാഗത്തിനും വല്യ താല്പര്യം കണ്ടില്ല. യു.പിക്കാർക്ക് പ്രിയം പലതരം ഫ്ളേവറുള്ള അടയ്ക്കയും പുകയിലും ചേർത്ത് മുറുക്കുന്നതിലാണ്. വലിയേക്കാൾ. മുറുക്കാനോടുള്ള ഹരം ഒരിക്കലും അവർക്ക് തീരില്ല. മുറുക്കാൻ വായിൽ ഇല്ലാത്ത യു.പിക്കാരനെ സംസാരിക്കാൻ കിട്ടുക തന്നെ പ്രയാസമാണ്, പ്രത്യേകിച്ച് ഗ്രാമത്തിൽ. ഏത് നിമിഷവും മുറുക്കിത്തുപ്പ് ഏതിടത്തുനിന്നും യു.പിയിലെ ഗല്ലികളിൽ പ്രതീക്ഷിക്കാം. ഉരുളകിഴങ്ങു നട്ട കണ്ടങ്ങൾ കഞ്ചാവുപാടമായി മാറിയ പോലെയാണ് ചിലയിടത്തെല്ലാമുള്ള കാഴ്ച്ച. കറുപ്പുചെടികൾ, പരുത്തി, കടുക്, മല്ലിയില, കോളിഫ്ളവർ, കാരറ്റ് എന്നിവയെല്ലാം കൃഷി ചെയ്യുന്ന പാടത്തുകൂടെ പടമെടുപ്പെല്ലാം കഴിഞ്ഞ് തിരിച്ചു നടന്നു. ഉച്ചയ്ക്ക് മുമ്പായി അവിടം വിട്ടു. ഇറ്റാവ വഴി ബുന്ദേലി ലോകത്തിന്റെ വരണ്ട മണ്ണിലേക്കാണിനി പോക്ക്.

ജമുനാപാരി എന്ന ഗ്രാമത്തി​ലെ, ആ പേരിൽ അറിയപ്പെടുന്ന സവിശേഷ ഇനം ആട്​

ബുന്ദേൽഖണ്ടിൽ എപ്പോ പോയാലും അലസ കാഴ്​ചകളിൽ വരൾച്ചയ്ക്കാണ് സമൃദ്ധി. ‌എന്നാൽ മഴ പെയ്ത ദിവസങ്ങളായതിനാൽ ചൂടിന് കുറവുണ്ട്, നല്ല കാലാവസ്ഥ പോലെ തോന്നിപ്പിച്ചു. ഇടയ്ക്ക് മഴ ചാറിക്കൊണ്ടിരുന്നു. ഇറ്റാവയിലെത്തിയപ്പോൾ ചമ്പലിന്റെ കൈവഴികളിലൂടെ ഗ്രാമങ്ങളിലേക്ക് വണ്ടി നീങ്ങി. അവിടെ ഏർപ്പാടാക്കിയ ഒരാൾ കൂടെ വരാനായി കാത്തുനിന്നിരുന്നു. അദ്ദേഹവും കേറി വണ്ടിയിൽ. നേരെ ഒരു ഗ്രാമത്തിലേക്ക് വണ്ടി വിടാൻ നിർദേശിച്ചു. വഴി, പുള്ളി പറഞ്ഞുകൊടുത്തു. അങ്ങനെ ജമുനാപാരി എന്ന ഗ്രാമത്തിലേക്കെത്തി. ജമുനാപാരി ആടിന്റെ ജന്മദേശം. ഇറ്റാവയിലെ ചക്കർനഗർ താലൂക്കാണ് ജമുനാപാരിയുടെ യഥാർത്ഥദേശം. ജമുനാപ്യാരി എന്നാണ് കേരളത്തിൽ പറയാറ്. പാരിയാണ്, പ്യാരി അല്ല എന്ന് അവിടത്തെ ഒരാൾ തിരുത്തി. ചക്കർനഗറും തൊട്ടപ്പുറത്തുള്ള ബുന്ദേൽഖണ്ട് മേഖലയിലെ മഹോബ ജില്ലയുടെ ഭാഗങ്ങളുമാണ് ജമുനാപാരിയുടെ ലോകം. മഹോബയിൽ ജെയ്ത്ത ബ്ലോക്ക് ഡിവിഷനിലെ എട്ടോളം ഗ്രാമങ്ങൾ ജമുനാപാരിയുടെ സ്വാഭാവിക പരമ്പരാഗത വളർത്തു കേന്ദ്രങ്ങളാണ്. ഈ ഗ്രാമങ്ങളിൽ നിന്നുള്ളയിനം ബ്രീഡിന് വലിയ ഡിമാന്റുണ്ട് മറ്റ് സംസ്ഥാനങ്ങളിൽ. കേരളത്തിലടക്കം വലിയ വിലയ്ക്കാണ് ജമുനാപാരി വിൽക്കുന്നത്. മാംസത്തിനും പാലിനും വലിയ ആദായമുണ്ടാക്കിത്തരും ഈ നീളച്ചെവിയൻ ആട്.

ചമ്പൽ നദിക്കുകുറുകെയുള്ള പാലം

മിക്ക വീട്ടിലും ജമുനാപാരി ആട് അഞ്ചും എട്ടുമൊക്കെയുണ്ട്. ഒപ്പം പശുക്കളും എരുമയുമുണ്ട്. കൃഷിക്കാരുടെ വീടുകളാണ്. പാടങ്ങളിൽ ജണ്ട കെട്ടിയും പക്ഷികളും മൃഗങ്ങളും എത്തുന്നത് നിരീക്ഷിക്കാൻ താൽക്കാലിക ഇടപ്പന്തല് കെട്ടി കാത്തിരിക്കുന്ന യുവാക്കളേയും കൃഷിയിടങ്ങളുടെ അറ്റത്ത് കൂര കെട്ടി താമസിച്ച് മൃഗപരിപാലനവുമായി കഴിയുന്നവരെയും കണ്ടു. പാടത്തിന് നടുവിലൂടെ കുറച്ചു ഉള്ളിലേക്ക് പോയി, അവരുടെ വീടുകളിൽ ജമുനാപാരികളെ കാണാൻ പോയി. പടങ്ങളെടുത്തു. ചാണകത്തിന്റെ ഗന്ധം മാത്രമുള്ള വീടുകളാണ്. തൊഴുത്താണ് അവർക്ക് വീടിനേക്കാൾ പ്രധാനം. അതാണവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതും. നല്ല ലെസി ഉണ്ടാക്കിത്തന്നു. രുചിയോടെ ലെസ്സി കുടിച്ച് മടങ്ങി. പക്ഷേ ഗ്രാമത്തിലെ പാവപ്പെട്ട കൃഷിക്കാർക്ക് കേരളത്തിൽ ലക്ഷങ്ങൾ വിലയുള്ള ആടാണ് ഇതെന്ന് അറിഞ്ഞുകൂടെന്ന് അവരുടെ സംസാരത്തിൽ നിന്ന് തോന്നി. ഇടനിലക്കാർ ചെറിയ തുകയ്ക്ക് ഈ കൃഷിക്കാരിൽ നിന്ന് ആടിനെ മേടിച്ച് വൻതുകയ്ക്ക് മറിച്ചുവിൽക്കുകയാവാം. ഇറ്റാവയിൽ നിന്ന് ജാലൂനിലേക്ക്, കാർ വിട്ടു. ജാലൂൻ- ഇറ്റാവയുമായി അതിർത്തി പങ്കിടുന്നു. നല്ല വെയിലുണ്ട്, ഇടയ്ക്ക് മഴയും ചാറുന്നു, സമ്മിശ്രഭാവമുള്ള പ്രകൃതി.

ബുന്ദേൽഖണ്ടിൽ ലേഖകൻ

വറുതിയും വരൾച്ചയുമൊക്കെ ബുന്ദേലിന്റെ ജാതകത്തിലുള്ളതാണ്. കൃഷിയാണെല്ലാം അവർക്ക്. പക്ഷേ അവരെ പലപ്പോഴും നിരാശരാക്കുന്നതും കൃഷി തന്നെ. ആധുനിക കൃഷി സൗകര്യങ്ങൾ ഇല്ലാത്തതും വരൾച്ചയും ജലസേചനത്തിന്റെ പോരായ്മയുമാണ് മുഖ്യ പ്രശ്നം. നോട്ട് നിരോധനത്തിന് ശേഷം രൂക്ഷമായ കെടുതിയുണ്ടായി ഇവിടങ്ങളിൽ. വലിയ സാമ്പത്തിക മുരടിപ്പും പണിയില്ലാത്ത അവസ്ഥയും. ഒപ്പം മഴയില്ലാത്തതും, കുടിവെള്ള ക്ഷാമവും ബുന്ദേലി മേഖലകളുടെ എക്കാലത്തേയും പ്രശ്നമാണ്. ഉരുളക്കിഴങ്ങ് പാടത്തെ കർഷകർ ആധിയും വ്യാധിയും തുറന്നു പറഞ്ഞു ഇവിടെയും. അടുത്തൊരു സ്ഥലം കൂടി കാണാമെന്ന് അവിടത്തുകാരൻ സുഹൃത്ത് പറഞ്ഞു. ജാലൂനിലെ ബിതൗലിയിലെ പുഴക്കരയിലേക്ക് പോകാൻ ഡ്രൈവറോട് പറഞ്ഞ് അയാൾ വഴി പറഞ്ഞുകൊടുത്തു. ഇവിടത്തുകാരനാണ് കക്ഷി. ഇറ്റാവയിലെ അഭിഭാഷകനും രാഷ്ട്രീയപ്രവർത്തകനും. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി. കൂടെയുള്ള ചാനൽ സുഹൃത്ത് ഏർപ്പാടാക്കിയതാണ്.

അജ്ഞാതവാസക്കാലത്തിന്റെ പലായനങ്ങളുമായി ബന്ധപ്പെടുത്താത്ത സ്ഥലങ്ങൾ യു.പിയുടെ പ്രധാന തീരങ്ങളിൽ കുറവാണ്. എന്തെങ്കിലുമൊക്കെ കഥയോ ഐതിഹ്യമോ അതുമായി ബന്ധപ്പെട്ട് കിടക്കുന്നത് കാണാം മിക്കയിടത്തും

കാർ ഏറെ വളവുതിരിവുകൾ പിന്നിട്ട് ജാലൂനിലെ നദിക്കരയിലേക്കെത്തി. നദിസംഗമ പ്രദേശമാണിത്. പഞ്ചനദ. കരയിൽ വലിയൊരു ആൽവൃക്ഷം. അവിടെ കേറിയിരുന്നു. തുളസീദാസ്, രാമചരിതമാനസ് ഇരുന്നെഴുതിയ പലയിടങ്ങളിൽ ഒന്നായി ഈ ആൽവൃക്ഷവും അടയാളപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ ബോർഡിൽ അത് എഴുതിവെച്ചത് കണ്ടു. ഒരു കൊച്ചുമന്ദിറുമുണ്ട് അരികെ. യു.പിയിൽ മിക്കയിടത്തും ഇത്തരം കഥകളുടെ അടയാളപ്പെടുത്തലുകൾ കാണാം. എഴുതിവെച്ചതോ പറഞ്ഞ് പ്രചരിപ്പിക്കുന്നതോ, വിശ്വസിച്ചുപോരുന്നതോ ആയ കഥകൾ നിറഞ്ഞ ഇടങ്ങൾ. അജ്ഞാതവാസക്കാലത്തിന്റെ പലായനങ്ങളുമായി ബന്ധപ്പെടുത്താത്ത സ്ഥലങ്ങൾ യു.പിയുടെ പ്രധാന തീരങ്ങളിൽ കുറവാണ്. എന്തെങ്കിലുമൊക്കെ കഥയോ ഐതിഹ്യമോ അതുമായി ബന്ധപ്പെട്ട് കിടക്കുന്നത് കാണാം മിക്കയിടത്തും. അതിനാൽ തുളസീദാസ് ഇരുന്നെഴുതിയ ആൽമരമെന്ന കഥയും കേട്ട് തലകുലുക്കി അവിടെ കേറിയിരിപ്പായി. വിശാലമായ നദിപ്പരപ്പാണ് മുന്നിൽ. പക്ഷേ വേനലിന്റെ സമയമായതിനാൽ വെള്ളം കുറവാണ്. കുറച്ചുദൂരം നദിയിൽ നടന്ന് ചെല്ലാവുന്നത്ര ആഴമേയുള്ളൂ.

യമുനയുടേയും ചമ്പലിന്റേയും മറ്റ് മൂന്നുനദികളേടും കൂടി കരയാണത്. അഞ്ചുനദികൾ ഒരു വഴിയ്ക്ക് ചേരുന്നയിടം. പഞ്ചനദയെന്ന പേര് വന്നത് അങ്ങനെയാണ്. ദൂരെ നദിക്കരയുടെ ഒരുഭാഗത്തേക്ക് കുറച്ചുപേർ നടന്നുവരുന്നത് കണ്ടു. എന്തോ ഏറ്റിക്കൊണ്ട് വന്ന് നിലത്തിറക്കി അവിടെ കൂട്ടം കൂടി നിൽക്കുന്നു. നദിയുടെ ഒരു ഭാഗത്താണ് അവരുടെ നിൽപ്പ്. എന്താണത് എന്ന് ചോദിച്ചു. ആരുടേയോ സംസ്കാര ചടങ്ങിനുള്ള ഒരുക്കമാണ്- സുഹൃത്ത് പറഞ്ഞു. തണ്ടിൽ കെട്ടി വെച്ചാണ് മൃതദേഹം കൊണ്ടുവന്നത്. ദൂരെ നിന്നുള്ള കാഴ്​ചയിൽ അത്ര വലുപ്പം ദേഹത്തിന് തോന്നിയില്ല. പ്രായമായ ആരെങ്കിലും ആയിരിക്കുമെന്ന് കരുതി. പക്ഷേ അവരോട് സുഹൃത്ത് സംസാരിച്ച ശേഷം തിരിച്ചുവന്ന് അതൊരു കുട്ടിയുടേതാണെന്ന് പറഞ്ഞു. സുഹൃത്തുക്കൾ അവിടേക്ക് ചെന്നു. ചില ദൃശ്യങ്ങൾ പകർത്തി. അവിടെയുള്ളവരോട് സംസാരിച്ചു. സംസ്കാരത്തിനുള്ള ഒരുക്കത്തിലാണ്. ചെറിയ പൂജാക്രിയകൾ മാത്രമേയുള്ളൂ, കുഞ്ഞുങ്ങൾക്ക് പൂജകൾ കുറവാണ്. വരിഞ്ഞുകെട്ടിയ കൊച്ചു വെള്ളത്തുണിക്കെട്ട് നദിക്കരികെ വെച്ചത് കണ്ടു. ആളുകൾ കൂട്ടംകൂടി നിൽക്കുന്നു.

പഞ്ചനദക്കരയിൽ ഒരു കുട്ടിയുടെ ശവസംസ്‌കാരത്തിനുള്ള ഒരുക്കം. കുട്ടികൾ മരിച്ചാൽ കുഞ്ഞുദേഹം നദിയുടെ ആഴത്തിലേക്ക് കെട്ടിത്താഴ്ത്തുകയാണ് ചെയ്യുക. കുഞ്ഞുശരീരം നദിയിലേക്ക് കെട്ടിത്താഴ്ത്താനുള്ള ഒരുക്കമാണിത്.

വിജനമായ പ്രദേശം. അവർ എന്തോ കാത്തുനിൽപ്പാണ്. എന്തോ തിരയുന്നത് കണ്ടു. കല്ല് തുണിയിൽ വെച്ച് മൃതദേഹത്തിനൊപ്പം കെട്ടാനാണ് പരിപാടിയെന്ന് പിന്നീടാണ് മനസ്സിലായത്. സ്ഥലം കാണിക്കാൻ കൂടെ വന്ന സുഹൃത്താണത് പറഞ്ഞുതന്നത്. അതൊരു കുഞ്ഞിന്റെ മൃതദേഹമാണെന്നും കുട്ടികൾ മരിച്ചാൽ ചിതയൊരുക്കി ദഹിപ്പിക്കില്ലെന്നും സുഹൃത്ത് പറഞ്ഞു. അത് അവരുടെ വിശ്വാസത്തിനെതിരാണ്. കല്ലുവെച്ച് കുഞ്ഞുദേഹം നദിയുടെ ആഴത്തിലേക്ക് കെട്ടിത്താഴ്ത്തും. അതാണ് ആചാരം. ഇവിടത്തെ ചില സമുദായങ്ങളുടെ സമ്പ്രദായമാണിത്. കെട്ടിത്താഴ്​ത്താനുള്ള ആചാരപരമായ ഒരുക്കം കൺമുന്നിൽ നടക്കുകയാണ്. മരിച്ചുവെങ്കിലും കുഞ്ഞുങ്ങളാണല്ലോ, മീനുകൾ കുഞ്ഞുദേഹം കൊത്തി വേദനിപ്പിക്കുമോ, കുട്ടിയുടെ കണ്ണ് കൊത്തിത്തിന്നുമോ. തുണിയിൽ പൊതിഞ്ഞ് വെയിലത്ത് കിടത്തിയിരിക്കുന്നത്, കുഞ്ഞുമകളോ - മകനോ- ആണ്, പലതരം ചിന്തകൾ കടന്നുപോയി. ഒരു വേദന പൊന്തിവന്നു ഉടലാകെ. കനമുള്ള കല്ലുകൾ തുണിയോട് ചേർത്ത് കയർ കൊണ്ട് വരിയുകയാണ് കുട്ടികൾ മരിച്ചാൽ ചെയ്യുക, ശേഷം ഏറ്റവും ആഴമുള്ള ഇടത്തേക്ക് ഇട്ടുകൊടുക്കും. ആദ്യമായാണ് അങ്ങനെയൊരു കാര്യം കേൾക്കുന്നത്.

മൃതദേഹം നദിയിൽ വിലയിക്കാൻ വിട്ട ശേഷം പ്രിയപ്പെട്ടവർ മടങ്ങുന്ന ശീലം പലയിടത്തുമുണ്ടല്ലോ. പക്ഷേ ഇതങ്ങനെയല്ല. കുഞ്ഞുങ്ങളുടെ മൃതദേഹം കല്ലുകെട്ടി താഴ്​ത്തുകയാണ്. ദേഹം പൊങ്ങില്ല, എങ്ങോട്ടും ഒഴുകി പോകില്ല.

ശവം കെട്ടിത്താഴ്​ത്തുന്നതിനുള്ള മുമ്പുള്ള കർമങ്ങൾ തുടങ്ങി.
പാതാളത്തോളം താഴ്​ചയുള്ള ഇടമാണത്- പുഴയിലെ താഴ്​ചയുള്ള ഭാഗം ചൂണ്ടിക്കാട്ടി അക്കൂട്ടത്തിലൊരു വൃദ്ധൻ പറഞ്ഞു. ചടങ്ങുകളൊന്നും ഒഴിവാക്കാനാവാത്ത ജനത. വിശ്വാസവും ആചാരവും മാറ്റിവെച്ചാൽ പിന്നെയീ ലോകം തന്നെ ഇല്ലെന്ന് കരുതുന്ന മനുഷ്യരുടെ നാട്. ആചാരങ്ങളുടെ രാജ്യം. പല ഭാഷയും രീതികളും സമ്പ്രദായങ്ങളും ക്രമവും വിശ്വാസവും കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ജനപഥങ്ങൾ. വിശ്വാസികൾ ആശ്വാസത്തിനുവേണ്ടിയും ദൈവപ്രീതിയ്ക്ക് വേണ്ടിയും പലതും ചെയ്തുകൂട്ടുന്നു. മൃതദേഹം നദിയിൽ വിലയിക്കാൻ വിട്ട ശേഷം പ്രിയപ്പെട്ടവർ മടങ്ങുന്ന ശീലം പലയിടത്തുമുണ്ടല്ലോ. പക്ഷേ ഇതങ്ങനെയല്ല. കല്ലുകെട്ടി താഴ്​ത്തുകയാണ്. ദേഹം പൊങ്ങില്ല, എങ്ങോട്ടും ഒഴുകി പോകില്ല. ജലത്തിന്റെ ആഴത്തിലേക്ക് പതിക്കാനുള്ള കുഞ്ഞുദേഹം, നദീസംഗമതീരത്തെ പൊരിവെയിലിൽ ഊഴം കാത്തുകിടക്കുന്നത് കണ്ട് നദിപ്പരപ്പിൽ നിന്ന് ആൽവൃക്ഷ തണലിലേക്ക് നടന്നു. ആൽവൃക്ഷത്തിന് അരികിലേക്ക് നല്ല ദൂരമുണ്ടെന്ന് തോന്നി. അത്രയ്ക്കുണ്ട് സത്യത്തിൽ, പുഴയുടെ വിസ്തൃത വടിവ്.

ബുന്ദേൽഖണ്ട് ഗ്രാമം

കുട്ടികളെ കത്തിക്കുന്നത് അവരുടെ കണ്ണിൽ, വേദനാജനകമായിരിക്കാം. കത്തിച്ചാൽ പുനർജ്ജന്മമുണ്ടാകുമെന്നോ മറ്റോ കരുതുന്നുണ്ടാകാം ഒരുപക്ഷേ. അന്ധവിശ്വാസം അവർക്ക് ആശ്വാസമുണ്ടാക്കുന്നു എന്നുംവരാം. ബിതൗലിയുടെ തീരത്തിന് പഞ്ചനദെന്നും പച്നദ് എന്നെല്ലാം പറയാറുണ്ട്. മാൽവ പ്രദേശത്തൂടെ മധ്യപ്രദേശിൽ നിന്ന് ഒഴുകിയെത്തുന്ന സിന്ധ്, ബുന്ദേലി മേഖലയിലെ പഹുജ്, മധ്യപ്രദേശിൽ നിന്നുമെത്തുന്ന ബേട് വാ നദിയുടെ കൈവഴിയായ കൻവരി (കവ് രി, ക്വാരി) യു.പിയുടെ സ്വന്തം ചമ്പൽ നദി എന്നിവ യമുന(ജമുന)യുമായി ചേരുന്നയിടമാണിത്. അഞ്ചുനദികളും സംഗമിച്ച് ഒന്നായി, യമുനായി അലഹബാദിലേക്ക് ഒഴുകി, ത്രീവേണിസംഗമത്തിൽ ഗംഗയുമായി ചേരുന്നു. മധ്യപ്രദേശിലെ ബിന്ദ, യു.പിയിലെ ഔരയ്യ, ഇറ്റാവ ജില്ലകളുടെ അതിർത്തി പ്രദേശം കൂടിയാണിത്. കൻവരിയും പഹുജും ആ മേഖലയിൽ നിന്ന് വരുന്നവയാണ്. പഹുജ് നദി, ഝാൻസി വഴിയാണ് എത്തുന്നത്. യമുനാനദിയെ ബുന്ദേലികൾ ജമുന എന്നാണ് പറയുന്നത്. ലളിത്പുർ, മദൻപുർ മേഖയിലൂടെ ബേട്ടുവാ നദിയും ജാംനിയും കെൻ നദിയും ഒഴുകുന്നുണ്ട്. ചെറിയ നദികളെല്ലാം യമുനയിലോ ചമ്പലിലോ സിന്ധിലോ ലയിച്ച് ഒഴുകിയെത്തുന്നു ഒടുക്കം ഗംഗയിലേക്ക്.

നദീതീരത്ത് വെള്ളപൊതിഞ്ഞു കിടപ്പുള്ള കുഞ്ഞുദേഹം, മരകഷ്ണങ്ങൾ വെച്ച് കെട്ടിയ തണ്ട്, പ്രിയപ്പെട്ടവരുടെ ആ നിൽപ്പ്, നദീസംഗമത്തിലെ ആഴത്തിലേക്ക് പോകുന്ന കുഞ്ഞുദേഹം...

പുഴക്കരയിലെ വഴിയോടുചേർന്നുള്ള കൂറ്റൻ ആൽമരത്തിന്റെ ചുവട്ടിലിരുന്ന് നദീസംഗമക്കാഴ്​ച കണ്ട് ഇരിപ്പായിരുന്നു അത്രയും നേരം. അല്പം വിശ്രമം എന്ന് കരുതി. നദിയുടെ ചിലയിടത്തു മാത്രമേ വേനലിൽ ആഴമുള്ളൂ, വേനലിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങിയ, മഴദിവസ യാത്രയായതുകൊണ്ട് നല്ല ആശ്വാസമുണ്ട്. മഴ ബുന്ദേൽഖണ്ടിന് സന്തോഷമുണ്ടാക്കും കാരണം, അതവർക്ക് കൂടപ്പിറപ്പല്ല, വല്ലപ്പോഴും കേറിവരുന്ന അതിഥി മാത്രം. അവിടെ ആശ്വസിച്ച് ഇരിക്കവേയാണ് തണ്ടിൽ ശവം ഏറ്റി വരുന്നവരെ കണ്ടതും കൂടുതലറിഞ്ഞതും. തിരികെ പോരുമ്പോഴേക്കും മഴ കനത്തുതുടങ്ങി. ബുന്ദേൽഖണ്ടിൽ എപ്പോ ചെന്നാലും വരൾച്ചയുടെ കാഴ്ച്ചകളാണ് പതിവ്. പക്ഷേ ആ പതിവ് ഇത്തവണ തെറ്റിയിരിക്കുന്നു. പടങ്ങളെടുത്തു മൊബൈലിൽ. മഴയുണ്ടെങ്കിൽ റോഡാകെ ചെളിയാകും. ഗ്രാമത്തിൽ ഉള്ളവർക്ക് കാര്യമായ യാത്രകളൊന്നും കാണില്ല. അവർ ഉള്ളത് വലതും വെച്ച് കഴിച്ചും, കന്നുകാലികളെ നോക്കിയും മുറുക്കാൻ ചവച്ചും ഗഞ്ച ഇല ചുരുട്ടി വലിച്ച് പുകയെടുത്തും കഴിയും. കുഞ്ഞുങ്ങളെ കല്ലിൽ കെട്ടി താഴ്​ത്തുന്ന ആചാരമുള്ളത് ചില ഗ്രാമങ്ങളുടെ മാത്രം രീതിയാണോ ഏത് സമുദായമാണ് അത് ചെയ്യുന്നത് എന്ന് അന്വേഷിച്ചില്ല. അപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ ചോദിക്കാനൊന്നും തോന്നിയില്ല. പക്ഷേ അത് അറിയാൻ ശ്രമിക്കാമായിരുന്നുവെന്ന് പിന്നീട് തോന്നി.

ബുന്ദേൽഖണ്ട് ഗ്രാമം

വെയിലും മഴയും മാറിമാറി വഴികളിലൂടെ മറ്റൊരിടത്തേക്ക് വണ്ടി നീങ്ങി. തിരിച്ചുമടങ്ങുമ്പോഴും മനസ്സിൽ ആ ദൃശ്യം തന്നെയായിരുന്നു. അത് ഏറെക്കാലം നിറഞ്ഞുനിന്നു, ഇപ്പോഴുമത് വ്യക്തമായുണ്ട്, നോവലോ സിനിമാദൃശ്യമോ പോലെ. നൈജീരിയൻ എഴുത്തുകാരനായ ചിന്നു അച്ചബെയുടെ നോവൽ തിങ്സ് ഫാൾ എപ്പാർട്ട്- ഓർമ വരും ഇടയ്ക്ക് അത് ഓർത്താൽ. കുഞ്ഞിനെ ബലിയർപ്പിക്കാൻ രാത്രി നിലാവിൽ നടന്നുപോകുന്ന ഒരു പിതാവിന്റെ ദൃശ്യമുണ്ടതിൽ. പഞ്ചനദയിൽ കണ്ടത് അങ്ങനെയൊന്നല്ല, എങ്കിലും നദിയിൽ കുഞ്ഞിനെ തനിച്ചാക്കി മടങ്ങുന്ന തോന്നൽ ചില രക്ഷിതാക്കളിൽ ഉണ്ടായിരിക്കാൻ ഇടയില്ലേ എന്ന് തോന്നാറുണ്ട്. നദീതീരത്ത് വെള്ളപൊതിഞ്ഞു കിടപ്പുള്ള കുഞ്ഞുദേഹം, മരകഷ്ണങ്ങൾ വെച്ച് കെട്ടിയ തണ്ട്, പ്രിയപ്പെട്ടവരുടെ ആ നിൽപ്പ്, ബിതൗലിയിലെ നദിക്കരയിലെ കൂറ്റൻ ആൽമരം, വിസ്തൃത നദിപ്പരപ്പ്, നദീസംഗമസ്ഥാനം, വെയിൽ, കാറ്റ്, നദീസംഗമത്തിലെ ആഴത്തിലേക്ക് പോകുന്ന കുഞ്ഞുദേഹം. ഇടയ്ക്കിടെ ആ കാഴ്ചകൾ ഓർമയിലേക്ക് പൊന്തിവരും. ബുന്ദേൽഖണ്ട്, എപ്പോഴും അങ്ങനെയാണ്. ഉള്ള, യാത്രാനുഭവം വെച്ച് പറഞ്ഞാൽ, കാണാത്ത ലോകങ്ങളെ കാണിച്ചുകൊണ്ടേയിരിക്കുന്ന ദേശം. ▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments