അധികാരത്തിന്റെ അംശവടികൾ ചുഴറ്റി മാധ്യമങ്ങളെ വരുതിക്ക് നിർത്താനുള്ള ശ്രമങ്ങൾ, അത് തോൽക്കുന്നിടത്ത് ജനാധിപത്യത്തിന്റെ പുറംതോട് നിലനിർത്തി അകക്കാമ്പു തകർക്കാനുള്ള ഭരണകൂട ബുദ്ധിയുടെ പ്രയോഗം, നിഷ്പക്ഷ സംവിധാനങ്ങളുടെ സ്വതാൽപര്യ വ്യാഖ്യാനങ്ങളിലൂടെ നിയന്ത്രണ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ, ഇതിനെല്ലാം സന്തോഷത്തോടെയുള്ള മാധ്യമങ്ങളുടെ സ്വയം വിധേയരാകൽ, ഈ വിധേയത്വത്തിലൂടെ മാഞ്ഞുപോകുന്ന മാധ്യമ പ്രവർത്തന മൂല്യങ്ങൾ- 2020ലെ ഇന്ത്യൻ മാധ്യമ പ്രയോഗങ്ങൾ ഒരു കാലിഡോസ്‌കോപ്പിലിട്ടാൽ കാണുന്ന കാഴ്ചകൾ ഇവയാണ്.
വംശീയ അധീശത്വത്തിന്റെയും അപരവിദ്വേഷത്തിന്റെയും മനുഷ്യവിരുദ്ധതയെ ഭരണകൂട നടത്തിപ്പിന്റെ തത്വസംഹിതയായി മാറ്റിയിട്ടുള്ളവർ പ്രായോഗികമാക്കിയ ചരിത്രത്തിലെ സമാന്തരങ്ങളിൽ നിന്ന് ഒട്ടും വ്യത്യാസമുള്ളതല്ല ഇന്നത്തെ ഇന്ത്യൻ മാധ്യമരംഗം തുറന്നിടുന്ന ജാലകക്കാഴ്ചകൾ. സമാന്തരങ്ങളായതുകൊണ്ടു തന്നെ ഒരിടത്തും അവ തമ്മിൽ കൂട്ടിമുട്ടി വൈരുദ്ധ്യം സൃഷ്ടിക്കുന്നില്ല. ഇരുപതും ഇരുപത്തിയൊന്നും നൂറ്റാണ്ടുകളിലെ ഫാസിസ്റ്റ് ഭരണക്രമങ്ങൾ ഘടനാപരമായി ഒന്നാണെന്ന് ഈ കാഴ്ചകൾ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്. ഇത് 2020ൽ തുടങ്ങിയതുമല്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി 2014ൽ അധികാരത്തിലെത്തി അധികനാൾ കഴിയുന്നതിനു മുമ്പ് തന്നെ ഈ പ്രവണതകളുടെ നാമ്പുകൾ മുളപൊട്ടിയിരുന്നു. ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാൻ കടമയുള്ള മാധ്യമങ്ങൾ, പ്രത്യേകിച്ചും ദേശീയ മാധ്യമങ്ങൾ, അതിൽതന്നെ ടെലിവിഷൻ വാർത്താ ചാനലുകൾ എല്ലാ ചോദ്യങ്ങളും പ്രതിപക്ഷത്തോട് മാത്രം ചോദിച്ചു തുടങ്ങിയത് ഈ ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെയാണ്. മഹാമാരി ജനതയെ ആകെ ക്ലേശങ്ങളുടെ നടുവിലേയ്ക്ക് എടുത്തെറിഞ്ഞ 2020ൽ നേരത്തെ സൂചിപ്പിച്ച മുളകൾ കരുത്താർജിച്ച് വൻമരങ്ങളായി.
ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാൻ കടമയുള്ള മാധ്യമങ്ങൾ, പ്രത്യേകിച്ചും ദേശീയ മാധ്യമങ്ങൾ, അതിൽതന്നെ ടെലിവിഷൻ വാർത്താ ചാനലുകൾ എല്ലാ ചോദ്യങ്ങളും പ്രതിപക്ഷത്തോട് മാത്രം ചോദിച്ചു തുടങ്ങിയത് ഈ ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെയാണ്
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്ക് തൊഴിലിനായി കുടിയേറിയ പാവങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് നൂറുകണക്കിന് കിലോമീറ്ററുകൾ കാൽനടയായി നാടുകളിലേയ്ക്ക് കൂട്ട പലായനം ചെയ്ത നാളുകളിൽ പോലും ആ ദൈന്യതയും അവർ നേരിട്ട ഭരണകൂട അവഗണനയും അതിക്രമങ്ങളും മുഖ്യധാരാ മാധ്യമങ്ങൾക്ക് ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങളായില്ല. വൻമാധ്യമങ്ങളിൽ അതൊക്കെ കൗതുക കാഴ്ചകൾ മാത്രമായി. ചില പ്രാദേശിക മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും മാത്രം കണ്ണുനനയ്ക്കുന്ന കാഴ്ചകളും ഉത്തരം ഉണ്ടാവേണ്ട യഥാർത്ഥ ചോദ്യങ്ങളും സമൂഹത്തിലേയ്ക്ക് എത്തിച്ചു. ഇതിനെ മറികടക്കാൻ കോടതികളെ ഉപയോഗിച്ച് സാധ്യമാവുമോ എന്ന് നോക്കിയെങ്കിലും അതിന് തൽക്കാലം തിരിച്ചടിയേറ്റിരിക്കുകയാണ്.
ഈ കുറിപ്പിൽ ആദ്യം സൂചിപ്പിച്ച എല്ലാ പ്രവണതയും സുലഭമായി പ്രയോഗിക്കപ്പെട്ട വർഷമായിരുന്നു 2020. ജമ്മു-കാശ്മീരിൽ രാജ്യസുരക്ഷ എന്ന ഉമ്മാക്കി കാട്ടി മാധ്യമ സ്വാതന്ത്ര്യം പൂർണമായും അട്ടിമറിച്ചു. സർക്കാർ ഇറക്കിയ 53 പേജുള്ള ജമ്മു-കാശ്മീർ മാധ്യമ നയം മാധ്യമ നിരോധന മാർഗരേഖ തന്നെ ആണ്. കോളനി വാഴ്ചക്കാലത്തെ സെൻസർഷിപ്പ് സംവിധാനങ്ങളേക്കാൾ കടുത്ത നിയന്ത്രണങ്ങളാണ് ഈ നയരേഖയിലൂടെ സർക്കാർ നടപ്പിലാക്കിയത്. വിവരണ ശേഖരത്തിന്റെ എല്ലാവഴിയിലും അടഞ്ഞു. (2019 ആഗസ്തിൽ തുടങ്ങിയ ഈ നടപടി ഇപ്പോഴും തുടരുന്നു). ഇതിനെതിരെ കശ്മീർ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ സുപ്രീം കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി ജനുവരി പത്തിന് സുപ്രീം കോടതി തീർപ്പാക്കി. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ വിവരവിനിമയവും ഉൾപ്പെടും എന്ന് പരമോന്നത കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. എന്നാൽ 2 ജി ഇന്റർനെറ്റ് മാത്രം മാധ്യമങ്ങൾക്ക് അനുവദിച്ച് കോടതി വിധി നടപ്പിലാക്കിയ പ്രതീതി സൃഷ്ടിക്കുക മാത്രമാണ് ഭരണകൂടം ചെയ്തത്. 3 ജിയുടെയും 4 ജിയുടെയും നിരോധനം തുടർന്നുകൊണ്ട് സർക്കാർ മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തിന് തടയിട്ടു.
കാരവൻ മാസികയുടെ മൂന്ന് മാധ്യമപ്രവർത്തകരെ സംഘപരിവാർ ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചു. സംഘത്തിലെ വനിതാ മാധ്യമപപ്രവർത്തക ലൈംഗിക അതിക്രമത്തിനും വിധേയയായി. പൊലീസിന്റെ കൺമുന്നിലായിരുന്നു ആക്രമണം
പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ സമരം നടത്തിയ ജനങ്ങളെ ആക്രമിച്ച്സംഘപരിവാർ ഡൽഹിയിൽ തുടങ്ങിയ നരനായാട്ട് കാലത്ത് മാധ്യമപ്രവർത്തകർ പൊലീസിന്റെ കൺമുന്നിൽവെച്ച് ആക്രമിക്കപ്പെട്ടു. ആക്രമണത്തിന്റെ ഇരകളുടെ സാക്ഷ്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ കാരവൻ മാസികയുടെ മൂന്ന് മാധ്യമപ്രവർത്തകരെ സംഘപരിവാർ ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചു. സംഘത്തിലെ വനിതാ മാധ്യമപപ്രവർത്തക ലൈംഗിക അതിക്രമത്തിനും വിധേയയായി. പൊലീസിന്റെ കൺമുന്നിലായിരുന്നു ആക്രമണം എങ്കിലും പൊലീസ് അനങ്ങിയില്ല. ഇതേദിവസം ആൾക്കൂട്ട ആക്രമണം റിപ്പോർട്ട് ചെയ്യാൻ പോയ നാല് മാധ്യമപ്രവർത്തകരെ ബാംഗ്ലൂരിൽ പൊലീസ് ആക്രമിച്ചു.
ഈ ആക്രമണങ്ങൾ ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ചുള്ളവ ആയിരുന്നെങ്കിൽ ഭരണകൂടം നേരിട്ട് ഇടപെട്ട് നടത്തിയ അതിക്രമമായിരുന്നു ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും നിരോധിച്ച നടപടി. ഡൽഹി വംശഹത്യയുടെ നേർ ചിത്രങ്ങൾ റിപ്പോർട്ട് ചെയ്ത് അതിലെ ഭരണകൂട പങ്കാളിത്തം പുറത്തുകൊണ്ടുവന്നതിനായിരുന്നു അത്. 2020 മാർച്ച് ആറിന് രാത്രി 7.30ന് മീഡിയാവണ്ണും ഏഷ്യാനെറ്റ് ന്യൂസും ടെലിവിഷൻ സ്‌ക്രീനുകളിൽ നിന്നും അപ്രത്യക്ഷമായി. ഒരു മണിക്കൂർ മുമ്പ് ഉപഗ്രഹത്തിലേയ്ക്ക് പരിപാടികൾ എത്തിക്കുന്ന അപ് ലിങ്കിംഗ് സ്റ്റേഷനിൽ ഉത്തരവ് കൊടുത്താണ് ഈ നിരോധനം നടപ്പാക്കിയത്. നിരോധനം നടപ്പാക്കിയശേഷം മീഡിയാവണ്ണിൽ ലഭിച്ച ഇ-മെയിൽ സന്ദേശത്തിൽ ചില വിചിത്ര ന്യായങ്ങളാണ് വാർത്താ പ്രക്ഷേപണ മന്ത്രാലയം പറഞ്ഞിരുന്നത്. ഡൽഹി വംശഹത്യയിലെ ആർ.എസ്.എസ് പങ്കാളിത്തത്തെ മീഡിയാ വൺ ചോദ്യം ചെയ്‌തെന്നും, ഡൽഹി പൊലീസിന്റെ നിഷ്‌ക്രിയ നിലപാടിനെ വിമർശിച്ചുവെന്നുമായിരുന്നു നിരോധനത്തിന്റെ കാരണങ്ങളായി പറഞ്ഞിരുന്നത്.
വ്യാപക പ്രതിഷേധത്തെ തുടർന്ന് 48 മണിക്കൂർ നിരോധനം 26 മണിക്കൂറായി കുറച്ച് പിറ്റേന്ന് രാവിലെ 9.30ന് സംപ്രേഷണം വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി നൽകി. ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേഷണം പുലർച്ചെ 1.30ന് പുനരാരംഭിച്ചിരുന്നു. നിരോധന നടപടി താൻ അറിഞ്ഞിരുന്നില്ലെന്നും ബി.ജെ.പി സർക്കാർ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞ് വാർത്താ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കർ നഗ്നമായ ഈ ജനാധിപത്യ ലംഘനത്തിൽ നിന്നും തലയൂരിയത് എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും പ്രചരണരീതികൾ സമാനമാണെന്ന് തെളിയിച്ചു.
കേട്ടുകേൾവിയില്ലാത്ത നിയമപ്രയോഗത്തിലൂടെ മാധ്യമങ്ങളെ വരുതിക്ക് നിർത്താനുള്ള ശ്രമത്തിന്റെ തെളിവായിരുന്നു സ്‌ക്രോൾ .ഇൻ എക്‌സിക്യുട്ടീവ് എഡിറ്റർ സുപ്രിയ ശർമയ്‌ക്കെതിരെ യു.പി പൊലീസ് കേസെടുത്തത്. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയെ എങ്ങനെ ബാധിച്ചു എന്ന അന്വേഷണത്തിന്റെ പേരിലായിരുന്നു ഇത്. ഇന്ത്യൻ പീനൽ കോഡിലെ എസ്.സി/എസ്.ടി നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ചാണ് കേസെടുത്തത്. മലയാളി മാധ്യമ പ്രവർത്തകർ സിദ്ദിഖ് കാപ്പൻ ഹാഥ്റസ് പെൺകുട്ടിയുടെ ദാരുണാന്ത്യം റിപ്പോർട്ടു ചെയ്യാൻ പോയതിന്റെ പേരിൽ മാസങ്ങളായി യു.പിയിലെ ജയിലിലാണ്. കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ കൊടുത്ത ഹർജിയെ തുടർന്ന് യു.പി പൊലീസ് നൽകിയ സത്യവാങ്മൂലത്തിൽ കലാപ ഗൂഢാലോചനയാണ് ഈ മാധ്യമപ്രവർത്തകനെതിരെ ആരോപിച്ചിരിക്കുന്നത്. വസ്തുതകൾ പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്ന വിരലിലെണ്ണാവുന്ന മാധ്യമപ്രവർത്തകരെ പൊലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്നതിന്റെ സമീപകാല ദൃഷ്ടാന്തങ്ങളാണിവ.
മാധ്യമ വിശ്വാസ്യത കാറ്റിൽ പറത്തി ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെയും അതിക്രമങ്ങളുടെയും പ്രചരണം സ്വയം ഏറ്റെടുത്ത് ഇന്ത്യയിലെ സാമൂഹ്യ വിഭജനത്തെ അതിവേഗമാക്കാൻ ശ്രമിക്കുന്ന മുഖ്യധാരാ മാധ്യമപ്രവർത്തന രീതി 2020ൽ അതിശക്തമായതാണ് ഇന്ത്യ കണ്ടത്.
സർക്കാറിന് ഹിതകരമല്ലാത്ത വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ പി.ടി.ഐ എന്ന വാർത്താ ഏജൻസിയെ സാമ്പത്തികമായി തകർക്കാൻ സർക്കാർ ഏജൻസിയെ ഉപയോഗിച്ചു നടത്തിയ ശ്രമവും ഈ വർഷം ഉണ്ടായി. പി.ടി.ഐയുടെ സേവനം നിർത്താൻ പോകുന്നു എന്ന പ്രസാർ ഭാരതിയുടെ ഭീഷണി ആയിരുന്നു അത്. ദേശീയ താൽപര്യത്തിന് എതിരായ വാർത്തകൾ പി.ടി.ഐ നൽകുന്നുവെന്നതാണ് കാരണമായി പറഞ്ഞത്.
വരുതിക്ക് നിൽക്കാൻ ഇപ്പോഴും തയ്യാറാവാതെ മാധ്യമപ്രവർത്തന മൂല്യങ്ങളിൽ ഇപ്പോഴും വിശ്വാസം അർപ്പിക്കുന്ന ചെറുകിട മാധ്യമങ്ങൾക്കും അവയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കും എതിരെ ഭരണകൂടത്തിന്റെ നേർക്കുനേരെയുള്ള കടന്നാക്രമണങ്ങളുടെ വിവരങ്ങളാണ് ഇവയത്രയും. എന്നാൽ മാധ്യമ വിശ്വാസ്യത കാറ്റിൽ പറത്തി ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെയും അതിക്രമങ്ങളുടെയും പ്രചരണം സ്വയം ഏറ്റെടുത്ത് ഇന്ത്യയിലെ സാമൂഹ്യ വിഭജനത്തെ അതിവേഗമാക്കാൻ ശ്രമിക്കുന്ന മുഖ്യധാരാ മാധ്യമപ്രവർത്തന രീതി 2020ൽ അതിശക്തമായതാണ് ഇന്ത്യ കണ്ടത്. ഭരണഘടനയും അത് അടിസ്ഥാനപ്പെടുത്തിയുള്ള നമ്മുടെ ജനാധിപത്യ പ്രയോഗ രീതിയും നേരിടുന്ന ഏറ്റവും കഠിനമായ വെല്ലുവിളിയാണിത്. ജമ്മുകശ്മീർ പ്രശ്‌നം, പൗരത്വനിയമ ഭേദഗതി, അതിനെതിരെയുണ്ടായ പ്രതിഷേധം, ഡൽഹി വംശഹത്യ, കോവിഡ് വ്യാപനം, കോവിഡിനെ തുടർന്നുണ്ടായ മഹാദുരിതം എന്നിവയുടെ റിപ്പോർട്ടിംഗിൽ ദേശീയ മാധ്യമങ്ങൾ പൊതുവിൽ സ്വീകരിച്ച മനുഷ്യവിരുദ്ധ രീതികളും മുഖം നഷ്ടപ്പെട്ട ഭരണകൂടത്തിന്റെ പ്രതിച്ഛായാ നിർമ്മിതിക്കുവേണ്ടി നടത്തിയ ശ്രമങ്ങളും എല്ലാവിധ മാധ്യമ മൂല്യങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടുളളതായിരുന്നു. ഈ സംഭവങ്ങളാകെ അപരവിദ്വേഷത്തിന്റെ വിഷപ്പുക പടർത്താനുള്ള അവസരമായി ദേശീയ മുഖ്യധാരാ മാധ്യമങ്ങൾ ഉപയോഗിച്ചു. റിപ്പബ്ലിക് ടി.വി, ടൈംസ് നൗ, ന്യൂസ് 18, ആജ് തക്ക് എന്നീ ടെലിവിഷൻ വാർത്താ ചാനലുകളായിരുന്നു ഈ പ്രവർത്തനത്തിന്റെ മുൻനിരയിൽ.
കാശ്മീർ ജനതയ്ക്ക് നൽകിയ പ്രത്യേക അവകാശങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ മനോഹാരിത ആയിരുന്നു, അവിടെ നരേന്ദ്രമോദി ചെയ്തത് രാജ്യനന്മയ്ക്കുവേണ്ടിയുള്ള ധീര പ്രവൃത്തി ആയിരുന്നു എന്നുമുള്ള പുത്തൻ പാഠങ്ങൾ സൃഷ്ടിക്കപ്പെട്ടു. കാശ്മീർ ജനതയുടെ ജനാധിപത്യ അവകാശങ്ങളും ഭരണഘടന ഉറപ്പുനൽകിയിട്ടുള്ളള ജനാധിപത്യ അവകാശങ്ങളും ലംഘിക്കപ്പെട്ടത് ദേശസ്‌നേഹ പ്രതീകങ്ങളായി വാഴ്ത്തപ്പെട്ടു. അവിടത്തെ ജനജീവിതത്തെ മഹാദുരിതത്തിന്റെ പതാളക്കയത്തിലേയ്ക്ക് തള്ളി വിട്ടതിന്റെ വിവരങ്ങൾ ഒരു മറയുമില്ലാതെ തമസ്‌കരിച്ചു. പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെയെല്ലാം ഈ മാധ്യമങ്ങൾ ദേശവിരുദ്ധരാക്കി. ഡൽഹിയിൽ നടന്ന വംശഹത്യ ആ രീതിയിൽ അവതരിപ്പിക്കാതെ കലാപം തുടങ്ങിയത് ആരെന്ന തർക്കം പ്രൈം ടൈംമിലെ പ്രധാന ചർച്ചാവിഷയമാക്കി. ടെലഗ്രാഫിന്റെയും ഡൽഹി ഇന്ത്യൻ എക്സ്പ്രസിന്റെയും ഹിന്ദുവിന്റെയും ഇടപെടലുകളായിരുന്നു വസ്തുതകൾക്ക് നേരെ പിടിച്ച കണ്ണാടി ആയത്.
കോവിഡ് വ്യാപനം നേരിടുന്നതിൽ കേന്ദ്രസർക്കാറിന്റെ ദയനീയ പരാജയം മുഖ്യധാരയിൽ വിഷയമായില്ല. നാലുമണിക്കൂർ മുന്നറിയിപ്പിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഈ മാധ്യമങ്ങൾക്ക് ചോദ്യങ്ങൾക്കുള്ള വിഷയമായില്ല. പട്ടിണിയിലായ ലക്ഷക്കണക്കിന് മനുഷ്യർ നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി നടത്തിയ കൂട്ട പലായനവും അവരുടെ തീവ്രദുഃഖങ്ങളും അവർക്കെതിരെ ചർച്ചയ്ക്കുള്ള വിഷയങ്ങളായി. പലായനം ചെയ്യുന്ന തൊഴിലാളികൾ രോഗം പരത്തുന്ന കോവിഡ് ബോംബുകളായി ചിത്രീകരിക്കപ്പെട്ടു. ഡൽഹിയിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ തുടർന്നുണ്ടായ രോഗവ്യാപനം കോവിഡ് ജിഹാദാക്കി ആഘോഷിച്ചു. അതിലുണ്ടായ ഭരണപരമായ വീഴ്ച നുണപ്രചാരണത്തിലൂടെ മറച്ചുവെച്ചു. അതേസമയം രോഗവ്യാപനത്തിന്റെ ദുരിതങ്ങളും ദീർഘകാല ആഘാതങ്ങളും ജനങ്ങളിലെത്തിക്കാൻ ഇന്ത്യയുടെ വടക്കേ അറ്റം മുതൽ തെക്കെ അറ്റം വരെ സഞ്ചരിച്ച ബർക്കാ ദത്തിനെപ്പോലെയുള്ള മാധ്യമപ്രവർത്തകരുടെ മാധ്യമ പ്രവർത്തന മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ഈ വർഷം കണ്ടു. ദി വയർ, ദി സ്‌ക്രോൾ തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളും വസ്തുതാപരവും ജനപക്ഷത്തുനിന്നുള്ളതുമായ മാധ്യമപ്രവർത്തനത്തിന്റെ മാതൃകകളായി. പക്ഷേ വൻകിട മാധ്യമങ്ങളുടെ ഉച്ചഭാഷിണി മുഴക്കങ്ങൾ ഇവരുടെ കുഞ്ഞുശബ്ദങ്ങളെ മുക്കിക്കളയുകയാണ്.
പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷമാണ് മാധ്യമങ്ങൾ. ഈ സാമാന്യതത്വം കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി മാധ്യമപ്രവർത്തകർ അറിഞ്ഞോ അറിയാതെയോ മറന്നതുപോലെ ആയിട്ടുണ്ട്.
ആഴമില്ലാത്ത ആഖ്യാനരീതികളും വാർത്തകളെ വിസ്മയോല്പാദന മാർഗങ്ങളാക്കുന്നതും മലയാളം വാർത്താ വിനിമയ ലോകത്തെ കുടുക്കിയിട്ട് കാലമേറെ ആയെങ്കിലും ദേശീയ വൻകിട മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവർ ഏറിയും കുറഞ്ഞും പരമ്പരാഗത വാർത്താ നിർവചനങ്ങൾക്കുള്ളിൽ നിന്നിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് മാസങ്ങളായി ബാക്കി നിന്ന നന്മകളെയാകെ തട്ടിമറിച്ചിട്ട് എവിടേയ്‌ക്കോ ഓടി എത്താനുള്ള തത്രപ്പാടുകളായി മലയാള മുഖ്യധാരാ മാധ്യമ പ്രവർത്തനവും മാറിയിരിക്കുന്നു. ജനാധിപത്യ ഭരണക്രമത്തിൽ മാധ്യമപ്രവർത്തനം പ്രതിപക്ഷ പ്രവർത്തനം തന്നെയാണ്. പക്ഷേ അത് പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനവുമായി ചേരലല്ല. പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷമാണ് മാധ്യമങ്ങൾ. ഈ സാമാന്യതത്വം കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി മാധ്യമപ്രവർത്തകർ അറിഞ്ഞോ അറിയാതെയോ മറന്നതുപോലെ ആയിട്ടുണ്ട്.
പ്രതിപക്ഷ രാഷ്ട്രീയം അധികാരത്തിലേയ്ക്ക് തിരികെ കയറാൻ നടത്തുന്ന ശ്രമങ്ങളെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ല. അതിലെ നെല്ലും പതിരും തിരിച്ചെടുത്ത് ജനങ്ങൾ തീരുമാനങ്ങൾ എടുത്തുകൊള്ളും. എന്നാൽ പ്രതിപക്ഷ മോഹങ്ങളുടെ ഏണിയായി മാധ്യമങ്ങൾ മാറുമ്പോൾ ജനവിവേകം അവയെ അകറ്റി നിർത്തും. അതിലൂടെ നഷ്ടമാവുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. അമിതാധികാര പ്രവണതകൾ ആഗ്രഹിക്കുന്നതും ഇത്തരത്തിൽ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കാലമാണ്.
കേരളം പ്രളയകാലങ്ങളിലൂടെ കടന്നുപോയപ്പോഴും കോവിഡ് വ്യാപനം ജനമനസ്സുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചപ്പോഴും ഈ നാട്ടിലെ മാധ്യമങ്ങൾ ഉത്തരവാദിത്ത മാധ്യമ പ്രവർത്തനത്തിന്റെ സമ്മോഹന മുഹൂർത്തങ്ങൾ സൃഷ്ടിച്ചു. പക്ഷേ, ഒരു രാഷ്ട്രീയ സർവേ ഫലം പ്രതിപക്ഷ രാഷ്ട്രീയം കഷ്ടകാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രവചിച്ചപ്പോൾ നിലമറന്ന് അയുക്തിക വായ്ത്താരികളും പ്രവർത്തവും കൊണ്ട് കളം തിരിച്ചുപിടിക്കാമെന്ന് കരുതിയ പ്രതിപക്ഷത്തിനൊപ്പം സ്വന്തം നിലയും നിലപാടു തറയും മറന്ന് മാധ്യമങ്ങളും ഓടി. വസ്തുതകളുടെ പിൻബലമില്ലാതെ അവതരിപ്പിക്കപ്പെട്ട എല്ലാ വാദങ്ങളുടെയും വാഹകർ മാത്രമായി മാധ്യമങ്ങൾ ചുരുങ്ങി.
കേന്ദ്രസർക്കാറിന്റെ അന്വേഷണ ഏജൻസികൾ സത്യാന്വേഷണം എന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്നും വഴിതെറ്റി രാഷ്ട്രീയ ലക്ഷ്യത്തിന്റെ പാവകളായി മാറുന്നു എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തിരിച്ചറിയാൻ കഴിഞ്ഞപ്പോഴും മാധ്യമങ്ങൾ സംഭ്രമകഥാകഥനങ്ങളിൽ മുഴുകി
ആരോപണങ്ങളുടെ കഴമ്പും കാര്യമില്ലായ്മയും വേർതിരിച്ചെടുക്കുന്നതിന് പകരം അശരീരികളായ വാർത്താ ഉറവിടങ്ങളെ അങ്ങനെ തന്നെ വിഴുങ്ങി. കേന്ദ്രസർക്കാറിന്റെ അന്വേഷണ ഏജൻസികൾ സത്യാന്വേഷണം എന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്നും വഴിതെറ്റി രാഷ്ട്രീയ ലക്ഷ്യത്തിന്റെ പാവകളായി മാറുന്നു എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തിരിച്ചറിയാൻ കഴിഞ്ഞപ്പോഴും മാധ്യമങ്ങൾ സംഭ്രമകഥാകഥനങ്ങളിൽ മുഴുകി. വീക്ഷണങ്ങൾകൊണ്ട് സത്യത്തെ മറയ്ക്കുന്ന തലക്കെട്ടുകളിൽ അഭിരമിച്ച നവമാധ്യമങ്ങൾ കണ്ണും കാതും തുറന്നിരിക്കുന്ന കാലമാണിതെന്ന് മറന്നു. രാഷ്ട്രീയ താൽപര്യങ്ങളുടെ പ്രചാരകരായ നവമാധ്യമ കൂട്ടായ്മകൾക്ക് ഇത് അവസരങ്ങളുടെ പെരുമഴക്കാലമായി. നമ്പിനാരായണൻ എന്നൊരു മനുഷ്യൻ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം തന്നെ അതിനു സമാനമായ മറ്റൊരു അനുഭവം വാർത്തെടുക്കുന്നതിനിടെ മാധ്യമങ്ങളും മറന്നു.
മലയാള മാധ്യമങ്ങളുടെ ഈ വിനിമയ രീതി ഇപ്പോൾ തുടങ്ങിയതാണെന്ന് ഈ ലേഖകൻ വിചാരിക്കുന്നില്ല. ഇത് പല സന്ദർഭങ്ങളിലും ഇവിടെ പരീക്ഷിക്കപ്പെടുന്നതാണ്. പക്ഷേ ചരിത്രം ആവർത്തിക്കുമ്പോൾ അത് കോമാളിത്ത രൂപത്തിലായിരിക്കും എന്ന് മനീഷികൾ നേരത്തെ തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്. വിശ്വാസ്യത സ്വന്തം ശക്തിയായി തിരിച്ചറിയുകയും അത് പിന്നീട് തങ്ങളുടെ പരസ്യ വാചകമായി മാറ്റുകയും ചെയ്ത മാധ്യമങ്ങളും ഈ സ്വയം പരിഹാസ്യ നാടകത്തിൽ നായകവേഷം കെട്ടി എന്നതാണ് പഴയ നാടകത്തിലെ ഈ പുതിയ അങ്കത്തിന്റെ പ്രത്യേകത.
ഇത്തരം അവസരങ്ങളാണ് അമിതാധികാര പ്രവണതയുള്ളവരുടെ കയ്യിൽ കടിഞ്ഞാണായി മാറുന്നത്. അത് കേന്ദ്രത്തിലായാലും കേരളത്തിലായാലും. സൈബർ ആക്രമണത്തിന്റെ പേരിൽ ഇവിടെ പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതി ഉദാഹരണം. ജാഗ്രതയുള്ള മനസുകളുടെ പ്രതികരണങ്ങൾ അത് പിൻവലിപ്പിച്ചുവെന്നത് വേറെ കാര്യം. വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന മാധ്യമ സമൂഹം എത്ര ബഹളം കൂട്ടിയാലും ഇത്തരം സന്ദർഭങ്ങളിൽ അത് ഏറ്റെടുക്കാൻ ജനസഞ്ചയങ്ങൾ ഉണ്ടാവില്ലെന്ന മറക്കാനാവാത്ത പാഠവുമായിരുന്നു അത്. പ്രചാരണങ്ങൾ സമൂഹാനുഭവങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അവയെ ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമൂഹം തള്ളിക്കളയും. അത്തരത്തിൽ മാധ്യമങ്ങളെ തള്ളിക്കളയൽ കൂടിയായിരുന്നു പഞ്ചായത്തു തെരഞ്ഞെടുപ്പു ഫലം എന്ന് കരുതുന്നയാളാണ് ഈ ലേഖകൻ.
ഇന്ത്യയിൽ വംശീയ വെറിയുടെയും അസത്യ പ്രചരണത്തിന്റെയും പതാകാവാഹകരായി മുഖ്യധാരാ മാധ്യമങ്ങൾ മാറിയ കാലത്ത് നിന്ന് നോക്കുമ്പോൾ സമീപഭാവിയിൽ അവിടെ നന്മകൾ പുനഃസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ല
മാധ്യമപ്രവർത്തനത്തിൽ ശരിയെന്ന് കരുതുന്ന നിയാമക തത്വങ്ങൾ നൂറ്റാണ്ടുകളിലൂടെ ദേശങ്ങളിൽ ഉരുത്തിരിഞ്ഞവയാണ്. ഇതിൽ ഒന്നാമത്തേതും പരമവുമായത് മാധ്യമ പ്രവർത്തനത്തിന്റെ പ്രാഥമിക കടപ്പാട് സത്യത്തോട് ആയിരിക്കണമെന്നതാണ്. മാധ്യമപ്രവർത്തകർ ആദ്യവസാനം വിശ്വസ്തതയുള്ളവർ ആവേണ്ടത് പൗരന്മാരോടാണ്. വാർത്താ ഉറവിടങ്ങളോട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നവരായിരിക്കണം മാധ്യമപ്രവർത്തകർ. ഇങ്ങിനെ ഒരുപാടുകാര്യങ്ങൾ മുറുകെ പിടിച്ചവർ സൃഷ്ടിച്ചെടുത്തതാണ് മാധ്യമപ്രവർത്തന സംസ്‌കാരം. ഇവയൊക്കെ പഴമയുടെ മുഖമുദ്രകൾ പേറുന്നതാവാം. സത്യം അനന്തരം മാത്രം വരുന്ന കാലത്തും ഇതൊക്കെ തിരിച്ചറിയുന്ന മാധ്യമ പ്രവർത്തനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഡൊണാൾ ട്രംപിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിവാദങ്ങൾ ഏശാതെ പോവുന്നത് അനുകരണീയ മാധ്യമ പ്രവർത്തന മാതൃകകൾ അവിടെ നിലനിൽക്കുന്നതുകൊണ്ടാണ്. വംശീയവാദം അമേരിക്കൻ സമൂഹത്തിൽ സൃഷ്ടിച്ച മുറിവുകൾക്ക് മരുന്നുകൾ ഉണ്ടെന്ന് ജോ ബൈഡൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും ഈ സാന്നിധ്യങ്ങൾ കൊണ്ടാണ്.
പക്ഷേ ഇന്ത്യയിൽ വംശീയ വെറിയുടെയും അസത്യ പ്രചരണത്തിന്റെയും പതാകാവാഹകരായി മുഖ്യധാരാ മാധ്യമങ്ങൾ മാറിയ കാലത്ത് നിന്ന് നോക്കുമ്പോൾ സമീപഭാവിയിൽ അവിടെ നന്മകൾ പുനഃസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. പെരുമ്പറകൾ മുഴങ്ങുമ്പോഴും സത്യത്തിന്റെയും നീതിയുടെയും ചെറു സാന്ത്വനങ്ങൾ ഏതെങ്കിലുമൊക്കെ കാതുകളിൽ പതിക്കുന്നുണ്ടാവാം. അത്തരം നീതിയുടെ ചെറുശബ്ദങ്ങളിലാണ് ജനാധിപത്യ മതേതര സ്വാതന്ത്ര്യ വിശ്വാസികൾക്ക് ഇപ്പോൾ പ്രതീക്ഷ അർപ്പിക്കാൻ കഴിയുക. ▮