ജയറാം ജനാർദ്ദനൻ

മീഡിയസിയിൽ നിന്ന് ഇമ്മീഡിയസിയിലേക്ക്

അഥവാ, സാമൂഹിക മാധ്യമങ്ങളും ജനാധിപത്യവും തമ്മിൽ എന്തുബന്ധം?

സാമൂഹിക മാധ്യമ കൂട്ടങ്ങൾക്ക് ഒരു തരത്തിലുള്ള ഗോത്ര സ്വഭാവം ഉണ്ടെന്നു പറയാം. ഈ ഗോത്രീയതയ്ക്ക് രാഷ്ട്രീയ വിമർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കും എന്നതാണ് വെല്ലുവിളി

മാധ്യമങ്ങളെക്കുറിച്ചുള്ള ഏതാണ്ടെല്ലാ ചർച്ചകളും ഇന്ന് സാമൂഹിക മാധ്യമങ്ങളെ കുറിച്ചുള്ള ചർച്ചകളായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രിൻറ്​ മീഡിയയുടെ വായനക്കാരുടെയും ടി.വി. വാർത്തകൾ കാണുന്നവരുടെയും എണ്ണം മാത്രം പരിഗണിച്ചുകൊണ്ടുള്ള നിരീക്ഷണമല്ല ഇത്. വാർത്തകൾക്കായി പരമ്പരാഗത മാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം യഥാർത്ഥത്തിൽ കുറഞ്ഞിട്ടൊന്നുമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യൻ സാഹചര്യത്തിൽ പ്രിൻറ്​ മാധ്യമങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വളർച്ചയെ ഏറെ കൗതുകത്തോടെയാണ് ഈ മേഖലയിലെ വിദഗ്ധർ നോക്കിക്കാണുന്നത്. അപ്പോൾ സർക്കുലേഷനെ മാത്രം അടിസ്ഥാനമാക്കിയുള്ള മാധ്യമ സ്വാധീനത്തെ കുറിച്ചുള്ള ആലോചനകൾ രീതിശാസ്ത്രപരമായി തന്നെ ശരിയാവുമെന്നു തോന്നുന്നില്ല. ഇനി പ്രിൻറ്​ മാധ്യമങ്ങളുടെ വായനക്കാരുടെ എണ്ണം മുകളിലേക്കോ താഴേക്കോ പോകുന്ന അവസ്ഥയിലായാൽ പോലും അവയിലെ വാർത്തകൾ, വിഷയങ്ങൾ, ചർച്ചകളുടെ സ്വഭാവം, ഭാഷ, സംവാദത്തിന്റെ ശൈലി തുടങ്ങി അതിൽ പങ്കെടുക്കുന്ന ആളുകൾ ആരൊക്കെ എന്നിവയെല്ലാം ഒരു പരിധിവരെ സാമൂഹിക മാധ്യമ സ്വാധീനം നിഴലിക്കുന്നവയായി മാറി കഴിഞ്ഞിട്ടുണ്ട്. ഈ മാറ്റങ്ങളെ സാധ്യമാക്കുന്ന എന്തു പ്രത്യേകതയാണ് സാമൂഹികമാധ്യമങ്ങൾക്കുള്ളത്?

ദേശരാഷ്ട്രത്തിന്റെ വളർച്ചയുടെയോ വിളർച്ചയുടെയോ ഏതുഘട്ടത്തിലാണ് സാറ്റലൈറ്റ് ടെലിവിഷനുകൾ സാധ്യമാകുന്നത്? മനുഷ്യ സമൂഹത്തിന്റെ പരിണാമത്തിന്റെ ഏതു ദശയിലാണ് സാമൂഹിക മാധ്യമങ്ങൾ സാധ്യമായത്?

ഏതുതരം പരിണാമങ്ങളിലാണ് സാമൂഹിക മാധ്യമങ്ങൾ കണ്ണുവെക്കുന്നത്?

സാമൂഹിക മാധ്യമങ്ങൾക്ക്, മറ്റ് പരമ്പരാഗത മാധ്യമ പ്രവർത്തനത്തിൽ നിന്ന് വ്യത്യസ്തമായി അപരിമിതമായ അളവിൽ ആളുകളെ ഒരു സംഭാഷണത്തിന്റെ പരിധിക്കുള്ളിലേക്ക് കൊണ്ടുവരാൻ കഴിയുന്നുണ്ട് എന്നതും, അതിന്റെ ഉടനടിയായുള്ള പ്രതികരണ സാധ്യതയും ചേർന്ന് പുതിയൊരു മാധ്യമ ശൈലി ഇവിടെ രൂപപ്പെട്ടുവരുന്നുണ്ട്. അതുവഴി ഏതൊരാൾക്കും അയാളുടെ/അവളുടെ വ്യവഹാര ഭാഷയിൽ തന്നെ ആശയവിനിമയ പ്രക്രിയയിൽ ഏർപ്പെടാൻ സാധിക്കുന്നു എന്നത് സാമൂഹിക മാധ്യമങ്ങളുടെ ഒരു പ്രധാന സ്വഭാവമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത് നമ്മുടെ സംവാദങ്ങളെ പരിഗണീയമായ അളവിൽ ജനാധിപത്യവത്കരിക്കുകയും, മാധ്യമ ലോകത്തിന്റെയും മാധ്യമ വായനക്കാരുടേയും ഇടയിൽ നിലനിന്നിരുന്ന ശ്രേണീബന്ധങ്ങളെ തകർക്കാൻ കാരണമാവുന്നു എന്നും പൊതുവിൽ കരുതപ്പെട്ടുപോരുന്നു. ഇങ്ങനെ ഉള്ളടക്കത്തിൽ ഇടപെടാനും, പ്രൊഫഷണൽ നിലവാരം നിശ്ചയിക്കാനുമുള്ള ശേഷിക്കുപുറമെ വായനക്കാരനുമേൽ മാധ്യമ സ്ഥാപനങ്ങളുടെ മോറൽ - എത്തിക്കൽ നിലവാരങ്ങൾ അടിച്ചേൽപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ സാമൂഹിക മാധ്യമങ്ങൾ അവയുടെ ഘടനയിൽ തന്നെ ഉൾവഹിക്കുന്നുണ്ട് എന്നതും പലരും മേന്മയായി വിശേഷിപ്പിക്കാറുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഘടനയെയും ഓപ്പറേഷനെയും തീരുമാനിക്കുന്ന സാങ്കേതികവിദ്യയെയാണ് ഈ മാറ്റത്തിന്റെ കാരണമായി ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. ഈയൊരു അവസ്ഥ സ്വാഭാവികമായ രീതിയിൽ സംവാദങ്ങളുടെ ജനാധിപത്യ സ്വഭാവത്തെ വർധിപ്പിക്കുന്നുണ്ടോ എന്നത് പക്ഷെ സൂക്ഷ്മതലത്തിൽ ആരായേണ്ട സംഗതിയാണ്.

മാധ്യമങ്ങളും അവ പ്രവർത്തിക്കുന്ന സമൂഹവും തമ്മിലുള്ള പാരസ്പര്യത്തെ മുൻനിർത്തി വേണം ഈ അന്വേഷണം തുടങ്ങാൻ. എങ്ങനെയാണ് സമൂഹങ്ങൾ, സമുദായങ്ങൾ സാധ്യമാകുന്നത്? ഓരോ തരം മാധ്യമങ്ങളും ഏതുതരം സമൂഹത്തെയാണ് വിഭാവനം ചെയ്യുന്നത്? എന്താണ് ആ സമൂഹത്തെയും ആ മാധ്യമങ്ങളെയും സാധ്യമാക്കുന്ന സമാനമായ ഘടനകൾ? വാങ്മയ സമൂഹത്തിൽ നിന്ന്​ ലിഖിത സമൂഹത്തിലേക്കുള്ള മാറ്റം മറ്റേതൊക്കെ തരം മാറ്റങ്ങളെയാണ് സാധ്യമാക്കിയത്, സുഗമമമാക്കിയത്? സമൂഹത്തിലെ ഏതൊക്കെ തരം മാറ്റങ്ങളുടെ തുടർച്ചയും ഇടർച്ചയും ആയിരുന്നു ആശയവിനിമയ ഉപാധിയിലെ മേൽ പറഞ്ഞ മാറ്റത്തെ സാധ്യമാക്കിയത്, സുഗമമമാക്കിയത്? ചരിത്രപരമായ ഇത്തരം ചോദ്യങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളുടെ സ്വഭാവ ഘടനയെ മനസ്സിലാക്കുന്നതിൽ പ്രധാനപ്പെട്ടതാണ്.

വാർത്തകൾക്കായി പരമ്പരാഗത മാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം യഥാർത്ഥത്തിൽ കുറഞ്ഞിട്ടൊന്നുമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

ന്യൂസ്​ പേപ്പറുകളാണ് ദേശരാഷ്ട്രത്തെ സാധ്യമാക്കിയത് എന്ന് ബെനഡിക്ട് ആൻഡേഴ്സൺ പറയുന്നു. പ്രിൻറ്​ ചിതറിത്തെറിപ്പിച്ച സമൂഹത്തെ ടെലിവിഷൻ ചിതറിത്തെറിപ്പിച്ചു എന്ന്​ മാർഷൽ മക്ലൂഹൻ പറയുന്നു. അങ്ങനെയെങ്കിൽ ദേശരാഷ്ട്രത്തിന്റെ വളർച്ചയുടെയോ വിളർച്ചയുടെയോ ഏതുഘട്ടത്തിലാണ് സാറ്റലൈറ്റ് ടെലിവിഷനുകൾ സാധ്യമാകുന്നത്? മനുഷ്യ സമൂഹത്തിന്റെ പരിണാമത്തിന്റെ ഏതു ദശയിലാണ് സാമൂഹിക മാധ്യമങ്ങൾ സാധ്യമായത്? മനുഷ്യ സമൂഹത്തിന്റെ / ഏതുതരം പരിണാമങ്ങളിലാണ് സാമൂഹിക മാധ്യമങ്ങൾ കണ്ണുവെക്കുന്നത്?

മുൻധാരണകളുടെ തടവിലുള്ള മനുഷ്യൻ

ചർച്ചകളെ, വ്യക്തികളെ, സന്ദർഭങ്ങളെ വിഷലിപ്തമാക്കാനുള്ള അപാര ശേഷിയാണ് സാമൂഹിക മാധ്യമങ്ങളെ നാം ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ വിഷമകരമായ അനുഭവമാക്കി മാറ്റുന്നത്. ഈയൊരു അപാര ശേഷിയാണ് ലോകത്താകമാനം തന്നെ വലത് രാഷ്ട്രീയത്തിന്റെ പ്രിയപ്പെട്ട ആയുധമാക്കി സാമൂഹിക മാധ്യമങ്ങളെ മാറ്റുന്നതും അതിൽ സ്വന്തം മേധാവിത്വം ഉറപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നതും. ഏതൊരു ചർച്ചയും മനുഷ്യവിരുദ്ധമാക്കി മാറ്റാൻ ട്രോൾ ആർമികൾ നിറഞ്ഞു നിൽക്കുമ്പോൾ സോഷ്യൽ മീഡിയ നമ്മുടെ ജനാധിപത്യ ഇടങ്ങളുടെ വികാസം ആണ് എന്ന വാദത്തെ പല വ്യവസ്ഥകൾക്കുള്ളിൽ നിന്നു കൊണ്ടുമാത്രം സ്വീകരിക്കാൻ കഴിയുന്ന വാദമാണ്.

കൂടുതൽ വിവരങ്ങൾ, കൂടുതൽ അറിവുള്ള പൗരന്മാരെ സൃഷ്ടിക്കുമെന്നും കൂടുതൽ അറിവുള്ള പൗരന്മാർ മെച്ചപ്പെട്ട ജനാധിപത്യത്തെ സൃഷ്ടിക്കുമെന്നാണ് പൊതുവിൽ വിശ്വസിച്ചു പോന്നത്. എന്നാൽ അങ്ങനെ സംഭവിക്കില്ല എന്നാണ്​ ലിപ്മാൻ പറയുന്നത്

ഈ ഘട്ടത്തിൽ നാം പരിഗണിക്കേണ്ട ഒരു ചോദ്യം ജനാധിപത്യവും മാധ്യമങ്ങളും തമ്മിൽ സ്വാഭാവികമായ ഒരു പൊക്കിൾകൊടി ബന്ധം ഉണ്ടോ എന്നതാണ്. മാധ്യമങ്ങൾ ജനാധിപത്യത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്, അല്ലെങ്കിൽ ജനാധിപത്യം ഉറപ്പുവരുത്തുന്നത് മാധ്യമങ്ങൾ ഉള്ളതുകൊണ്ടാണ് എന്നതൊക്കെ സാമാന്യമായ പ്രസ്താവനകൾ മാത്രമാണ്. ഇവ രണ്ടും തമ്മിലുള്ള ബന്ധം പലപ്പോഴും ചർച്ച ചെയ്ത് മാത്രം അംഗീകരിക്കാൻ കഴിയുന്ന സംഗതികൾ ആണെന്നത് അവഗണിക്കാൻ കഴിയില്ല. ഏറ്റവും ജനാധിപത്യപരമായ സമൂഹങ്ങളിൽ പോലും സവിശേഷ ചരിത്ര സന്ദർഭങ്ങളിൽ മാധ്യമങ്ങൾ ഏതുരീതിയിൽ പെരുമാറി എന്നത് പരിഗണിച്ചു കൊണ്ട് മാത്രം തീരുമാനിക്കാൻ കഴിയുന്ന കാര്യങ്ങളാണ് ഇതൊക്കെ. ജനാധിപത്യവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാലോചിക്കുമ്പോൾ ഇതേക്കുറിച്ചുള്ള ക്ലാസിക്കൽ ഡിബേറ്റായി പരിഗണിച്ചുപോരുന്ന വാൾട്ടർ ലിപ്മാൻ- ജോൺ ഡിവെ സംവാദത്തെ റി വിസിറ്റ് ചെയ്യുന്നത് ജനാധിപത്യവും മാധ്യമങ്ങളും അതിന്റെ തുടക്ക കാലത്ത്​ നേരിട്ട പ്രശ്‌നങ്ങൾ എന്തായിരുന്നുവെന്ന് മനസ്സിലാക്കാനും ആ ബന്ധം രൂപപ്പെട്ട സാഹചര്യത്തെ അടുത്തറിയാനും അതുവഴി പുതിയ സാഹചര്യങ്ങളെ കരുതലോടെ മനസ്സിലാക്കാനും സഹായിക്കും.

വാൾട്ടർ ലിപ്മാൻ

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലിപ്മാൻ ചോദിച്ച നേരെ ചൊവ്വേയുള്ള ചോദ്യം ഇതായിരുന്നു: പൗരന്മാർക്ക് പൊതുകാര്യങ്ങളെ കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് നേടാനും അതുവഴി എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള റീസണബിൽ ആയ തിരഞ്ഞെടുപ്പ് നടത്താനും കഴിയുമോ? ഇല്ല എന്നായിരുന്നു ലിപ്മാന്റെ ഉത്തരം. ജനാധിപത്യം എന്താണ് എന്നതിനെ കുറിച്ചുള്ള നമ്മുടെ പറച്ചിലുകൾക്കും മനുഷ്യർ യഥാർഥത്തിൽ എന്താണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ചുള്ള നമ്മുടെ അറിവിനും ഇടയിൽ വലിയൊരു ഗ്യാപ് ഉണ്ടെന്നാണ് ലിപ്മാൻ പറയുന്നത്. ഒന്നാം ലോക മഹായുദ്ധകാലത്ത് സഖ്യ കക്ഷികൾക്കു വേണ്ടി യുദ്ധത്തിന് അനുകൂലമായ സമ്മതം ഉണ്ടാക്കിയെടുക്കുന്നതിനു രൂപീകരിച്ച പബ്ലിക് ഇൻഫർമേഷൻ കമ്മറ്റിയിലെ അംഗമായി പ്രവർത്തിച്ച അനുഭവത്തിൽ നിന്നാണ് ലിപ്മാൻ ഇത് പറയുന്നത്. കൂടുതൽ വിവരങ്ങൾ, കൂടുതൽ അറിവുള്ള പൗരന്മാരെ സൃഷ്ടിക്കുമെന്നും കൂടുതൽ അറിവുള്ള പൗരന്മാർ മെച്ചപ്പെട്ട ജനാധിപത്യത്തെ സൃഷ്ടിക്കുമെന്നാണ് പൊതുവിൽ വിശ്വസിച്ചു പോന്നത്. എന്നാൽ അങ്ങനെ സംഭവിക്കില്ല എന്നാണ്​ ലിപ്മാൻ പറയുന്നത്. കൂടുതൽ വിവരങ്ങൾ കൂടുതൽ മെച്ചപ്പെട്ട പൗരസമൂഹത്ത സൃഷ്ടിക്കില്ല. ജനങ്ങൾ എത്ര ദുർബലരും എത്രയെളുപ്പത്തിൽ പറ്റിക്കാൻ കഴിയുന്നവരുമാണെന്നു ഒന്നാം ലോക മഹായുദ്ധ കാലത്തെ പ്രോപഗണ്ട അനുഭവം ലിപ്മാനെ ബോധ്യപ്പെടുത്തി.‘ലോകം നാം കാണുന്നതിനുമുമ്പുതന്നെ അതെക്കുറിച്ച് നമ്മോടു പറയപ്പെട്ടു. അനുഭവിക്കുന്നതിനു മുമ്പ് നാം കാര്യങ്ങളെ സങ്കൽപ്പിച്ചു. അങ്ങനെ മുൻധാരണകളുടെ തടവുകാരായി നാം മാറി’.
മുൻധാരണകളുടെ ഈ തടവിൽ നിന്ന് മനുഷ്യനെ രക്ഷിക്കുക പ്രയാസമാണെന്നാണ് ലിപ്മാൻ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ, കൂടുതൽ ബഹളങ്ങളിലേക്കും കൂടുതൽ അജ്ഞതകളിലേക്കും നയിക്കും. കൂടുതൽ വിവരം കൈവശം ഉള്ളവർ കൂടുതൽ പക്ഷപാതപരമായി പെരുമാറുന്ന്​ എന്നാണു അദ്ദേഹത്തിന്റെ പക്ഷം.

ലോകത്താകമാനം വലത് രാഷ്ട്രീയത്തിന്റെ പ്രിയപ്പെട്ട ആയുധമാണ്​ സാമൂഹിക മാധ്യമങ്ങൾ

ഇതിനു കാരണമായി അദ്ദേഹം പറയുന്നത്, ജനാധിപത്യത്തെ അമേരിക്കയുടെ സ്ഥാപകർ വിഭാവന ചെയ്തതിൽ തന്നെ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നാണ്. 18ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ചെറിയ സമൂഹങ്ങളിലെ ആളുകൾ എങ്ങനെയാണോ പെരുമാറിയിരുന്നത്, അവിടങ്ങളിൽ എങ്ങനെയാണോ തീരുമാനങ്ങൾ എടുത്തിരുന്നത് അതുപോലെ തന്നെ ആയിരിക്കും വ്യവസായ വിപ്ലവാനന്തര, ദേശരാഷ്ട്ര സമൂഹങ്ങളിലും ആളുകൾ പെരുമാറുക എന്നാണ് അവർ കരുതിയത്. ചെറിയ സമൂഹങ്ങളിൽ നമുക്ക് നേരിട്ടനുഭവങ്ങളുള്ള കാര്യങ്ങളിൽ നമ്മളോട് അഭിപ്രായം ചോദിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. വലിയ സമൂഹങ്ങളിലോ, നമ്മുടെ നേരിട്ടുള്ള അനുഭവങ്ങൾ അല്ലാത്തതിലാണ് പലപ്പോഴും നമ്മുടെ അഭിപ്രായങ്ങൾ ചോദിക്കപ്പെടുന്നത്. ലിപ്മാന്റെ ചോദ്യം, പൊതുകാര്യങ്ങളെ കുറിച്ച് തീരുമാനങ്ങളെടുക്കാൻ മാത്രമുള്ള കഴിവ് സാധാരണ പൗരന് ഉണ്ടാകുമോ എന്നതല്ല, ബുദ്ധിപൂർവം കാര്യങ്ങളെ തിരഞ്ഞെടുക്കാൻ കഴിയും വിധം സാധാരണ പൗരന് എപ്പോഴെങ്കിലും കാര്യങ്ങളെ പൂർണമായും അറിയാൻ കഴിയുമോ എന്നതാണ്? ലിപ്മാന്റെ ഉത്തരം ഇല്ല എന്നാണ്.

ജനാധിപത്യ ക്രമത്തിൽ നാം നടത്തുന്ന തീരുമാനങ്ങൾ നമ്മുടെ നേരിട്ടുള്ള അനുഭവത്തെയോ കൃത്യമായ വിവരങ്ങളെയോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച്​, അനുഭവങ്ങളെ കുറിച്ചുള്ള ചില ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

നമ്മുടെ അനുഭവം മാധ്യമങ്ങളുടെ അനുഭവം

ചെറിയ സമൂഹങ്ങളിൽ നാം നേരിട്ടനുഭവിച്ച കാര്യങ്ങളെ ഇപ്പോൾ നാം അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ആദ്യത്തേത് നേരിട്ടുള്ള അനുഭവങ്ങളാണ് എങ്കിൽ രണ്ടാമത്തേത് വാർത്തകളാണ്. വാർത്തകളും വസ്തുതകളും തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്. പക്ഷെ ആ വ്യത്യാസം ഇന്നില്ലാതായിക്കഴിഞ്ഞു. വസ്തുതാപരമായ, നേരിട്ടുള്ള അനുഭവങ്ങളിൽ നിന്ന്​ ആളുകളെ വകഞ്ഞുമാറ്റപ്പെട്ടു. വ്യാജമായ പരിസ്ഥിതികളിലാണ് മനുഷ്യർ ജീവിക്കുന്നത്. നമ്മുടെ സ്വന്തം അനുഭവത്തെ, തൊട്ടടുത്ത അനുഭവത്തെ കുറിച്ചുപോലും മാധ്യമങ്ങളുടെ അനുഭവം വഴിയാണ് നാം അറിയുന്നത് എന്ന സ്ഥിതി വന്നു. ജനാധിപത്യ ക്രമത്തിൽ നാം നടത്തുന്ന തീരുമാനങ്ങൾ നമ്മുടെ നേരിട്ടുള്ള അനുഭവത്തെയോ കൃത്യമായ വിവരങ്ങളെയോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച്​, അനുഭവങ്ങളെ കുറിച്ചുള്ള ചില ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ചിത്രങ്ങൾ നമുക്ക് കിട്ടുന്നതോ മാധ്യമങ്ങളിൽ നിന്നും. മാധ്യമങ്ങൾ യഥാർഥ ചിത്രം നൽകുകയാണെങ്കിൽ, പൗരന്മാർക്ക് ജനാധിപത്യത്തിൽ ഇടപെടാൻ ആവശ്യമായ യഥാർഥ വിവരങ്ങൾ ലഭിക്കുമെന്നും അതനുസരിച്ചു തീരുമാനങ്ങൾ ഉണ്ടാകുമെന്നും കരുതാം. ഇത് സിദ്ധാന്തത്തിലെ ഉള്ളൂ, പ്രയോഗത്തിൽ സംഭവിക്കുന്നില്ല.

മാധ്യമങ്ങളുടെ ഈ വലതുപക്ഷ വത്ക്കരണം പുരോഗമന രാഷ്ട്രീയത്തിന് വലിയ ബാധ്യതയാണ് വരുത്തി വെയ്ക്കുന്നത്.

നമ്മുടെ മാധ്യമ സാഹചര്യം ഇന്ന് വൈജ്ഞാനികപ്രദമല്ല. വേഗതയാണ് അതിന്റെ അടിസ്ഥാനം. മീഡിയസിയിൽ നിന്ന്​ ഇമ്മീഡിയസിയിലേക്ക് അവ മാറിക്കഴിഞ്ഞു. അവിടെ ഏറ്റവും എളുപ്പമുള്ള, സുഖകരമായ ഒരു വിശദീകരണമാണ് ആവശ്യം. ആ വിശദീകരണത്തെ അടിസ്ഥാനമാക്കിയാണ് ആളുകൾ തീരുമാനമെടുക്കുന്നത്. പ്ലേറ്റോയുടെ ഗുഹയിലെ നിഴലുകൾ നോക്കി അതാണ് തങ്ങളുടെ യഥാർഥ രൂപം എന്ന് വിശ്വസിച്ചിരുന്ന മനുഷ്യരെ പോലെ, മാധ്യമങ്ങളിലെ വാർത്തകൾ നോക്കി ഇതാണ് യാഥാർഥ്യം എന്നുകരുതി, അതിനെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്ന ജനങ്ങൾ.

പക്ഷെ, അതിന്​ ലിപ്മാന്റെ പരിഹാരം എക്‌സ്‌പെർട്ടുകൾ ആണ്. എല്ലാ വിഷയങ്ങളിലും എക്‌സ്‌പെർട്ടുകൾ കാര്യങ്ങൾ തീരുമാനിക്കുക, ജനങ്ങൾ അത് നോക്കി നിൽക്കുക. ഫലത്തിൽ ഇത് ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കും. ഈ വിമർശനമാണ് ജോൺ ഡിവെ ഉന്നയിച്ചത്. ജനങ്ങൾക്ക് എക്‌സ്‌പെർട്ടുകളെ വിവരങ്ങൾ അറിയിക്കാൻ അവസരമില്ലാത്ത, എക്‌സ്‌പെർട്ടുകളാൽ നയിക്കപ്പെടുന്ന ഗവൺമെന്റുകൾ അടിസ്ഥാനാപരമായി കുറഞ്ഞ ആളുകളുടെ താല്പര്യം അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ആധിപത്യ സ്വഭാവമുള്ള ഗവൺമെന്റുകൾ ആയിരിക്കും. വളരെ കോംപ്ലക്‌സ് ആയ ചോദ്യങ്ങളെ പൗരന്മാർക്കാണോ എക്‌സ്‌പെർട്ടുകൾക്കാണോ ബോധോദയം വേണ്ടത് എന്ന ചോദ്യത്തിലേക്ക് ലിപ്മാൻ ചുരുക്കി എന്നും ഡിവെ പറഞ്ഞു. അതുവഴി ലിപ്മാൻ പൗരന്മാരെ വെറും കാഴ്ചക്കാരാക്കി മാറ്റി. പൊതുജനാഭിപ്രായം എന്നാൽ ഈ ലോകത്തെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കലാണ്, അങ്ങനെ കിട്ടില്ല എന്നത് കൊണ്ട് ജനങ്ങളെ അഭിപ്രായ രൂപീകരണ പ്രക്രിയയിൽ നിന്ന് എക്കാലത്തേക്കുമായി തടഞ്ഞു നിർത്തുകയാണ് ലിപ്മാൻ ചെയ്യുന്നത്.

തികഞ്ഞ പരാജയമായിരുന്നിട്ടുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാര നിലവാരം ഇപ്പോഴും 60 ശതമാനത്തിൽ അധികമായി നിൽക്കുന്നത്, മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അസത്യ പ്രചാരണത്തിലൂടെ അനുഭവ യാഥാർത്ഥ്യങ്ങളെ മറയ്ക്കാൻ കഴിയും എന്നാണ്​ കാണിക്കുന്നത്​

രാഷ്ട്രീയ ജ്ഞാനം ഉണ്ടാവുക എന്നതാണ് പ്രധാനം എന്ന് ലിപ്മാൻ വാദിച്ചു. അത് പൗരന്മാർക്കിടയിലെ സംഭാഷണങ്ങളിലൂടെ, സംവാദങ്ങളിലൂടെയാണ് രൂപപ്പെടുക. അഭിപ്രായ രൂപീകരണത്തിൽ യാഥാർഥ്യം എന്നത് പൗരന്മാർ കൂട്ടമായി നിർമിക്കുന്ന ഒന്നാണ്. ഇത് നിഷേധിച്ചാൽ ജനാധിപത്യത്തെ നിഷേധിക്കുക എന്നാണ്​ അർഥം. അതാണ് യഥാർഥത്തിൽ മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും. മാധ്യമങ്ങൾ ഉയർത്തുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി ലിപ്മാൻ നിർദേശിച്ച എക്‌സ്‌പെർട്ടുകൾ ആയി മാധ്യമങ്ങൾ മാറി എന്നതാണ് രസകരമായ വിധിവൈപരീത്യം. മാധ്യമങ്ങൾ - സോഷ്യൽ മീഡിയ ഉൾപ്പെടെ - ചെയ്യുന്നത് വ്യക്തികളെയും സംഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങളും അതിന്റെ പലതരത്തിലുള്ള അപഗ്രഥനവും വ്യാഖ്യാനവും ആണ്. ഇതിന്റെ വ്യക്തിപരമോ സാമൂഹികമോ ആയ ഉപയുക്തത എത്രത്തോളമാണ്? ഇവ കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ, നമ്മുടെ സാമൂഹിക മനോഭാവങ്ങളിൽ മാറ്റം ഉണ്ടാക്കാൻ സഹായിക്കുന്നുണ്ടോ? ഇതിനൊന്നും നേരെയുള്ള ഒറ്റ ഉത്തരം സാധ്യമല്ല. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് നിരന്തരമായി അർദ്ധസത്യങ്ങളോ നുണകൾ തന്നെയോ പ്രചരിപ്പിച്ച് കപടമായ ഒരു പ്രതീതി യാഥാർത്ഥ്യം നിർമിച്ചെടുക്കാൻ സാധിക്കും. കഴിഞ്ഞ ആറു വർഷമായി തികഞ്ഞ പരാജയമായിരുന്നിട്ടു പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാര നിലവാരം ഇപ്പോഴും 60 ശതമാനത്തിൽ അധികമായി നിൽക്കുന്നത് വ്യക്തമാക്കുന്നത് മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നിലക്കാത്ത അസത്യ പ്രചാരണത്തിലൂടെ അനുഭവ യാഥാർത്ഥ്യങ്ങളെ മറയ്ക്കാൻ കഴിയും എന്നു തന്നെയാണ്.

വേഗതയാണ് ഇന്ന്​ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനം. മീഡിയസിയിൽ നിന്ന്​ ഇമ്മീഡിയസിയിലേക്ക് അവ മാറിക്കഴിഞ്ഞു. അവിടെ ഏറ്റവും എളുപ്പമുള്ള, സുഖകരമായ ഒരു വിശദീകരണമാണ് ആവശ്യം / ചിത്രീകരണം: ദേവപ്രകാശ്

വലതുപക്ഷവൽക്കരണം

കോടിക്കണക്കിന് മനുഷ്യർ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമങ്ങൾക്ക് പൊതു സ്വഭാവം കണ്ടെത്താൻ ശ്രമിക്കുന്നത് പ്രയാസമുള്ള കാര്യമാവും. എന്നിരുന്നാലും അവയുടെ വ്യക്തിപരത എന്ന പ്രാഥമിക സ്വഭാവം എളുപ്പത്തിൽ ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ്. വ്യക്തികൾ അവരുടെ അനുഭവങ്ങൾ എഴുതുക, അവർക്ക് പരിചിതമായ സംഭവങ്ങളെപ്പറ്റിയുള്ള വിവരണങ്ങൾ എഴുതുക എന്നിങ്ങനെ അതിനെ വിപുലീകരിക്കാവുന്നതാണ്. ഇത്തരം എഴുത്തുകളുടെ വ്യക്തിപരമായ സ്വഭാവം ഒരേ സമയം അതിനെ ആകർഷകമാക്കുകയും എന്നാൽ അതിലൂടെ രൂപപ്പെടുത്തുന്ന സാമാന്യവത്കരണങ്ങൾ വലിയ പ്രയാസങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു എന്നത് കാണാതിരുന്നുകൂടാ. വ്യക്തിപരമായ എഴുത്തുകളോട് അതെഴുതുന്ന ആളുകൾക്ക് തീവ്രമായ ആത്മബന്ധം ഉണ്ട്. ഈ വ്യക്തിപരത മിക്കപ്പോഴും ഒരു സംവാദം ജനാധിപത്യപരമായി വികസിക്കുന്നതിന് തടസമാണ്. സ്ത്രീ പ്രശ്‌നം, സംവരണം, ജാതി, സ്വത്വ രാഷ്ട്രീയം, പരിസ്ഥിതി എന്നിങ്ങനെയുള്ള പല വിഷയങ്ങളിലെയും ചർച്ചകൾ നോക്കിയാൽ ഇത് വ്യക്തമാകും. പുതിയ കാല രാഷ്ട്രീയം മുന്നോട്ട് വെച്ച പ്രമേയങ്ങൾ എന്ന നിലയിൽ ഇവയോരോന്നും അതിന്റെതായ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ ചർച്ചകളുടെ പൊതു സ്വഭാവം വളരെ കർശനമായ, ഏതെങ്കിലും വിധത്തിലുള്ള പുനഃപരിശോധനകൾ അസാധ്യമാക്കുന്ന നിലപാടുകളാണ് മിക്കവാറും സ്വീകരിക്കപ്പെടുക എന്നതാണ്. ഏതർത്ഥത്തിലാണ് ഈ ചർച്ചകൾ ജനാധിപത്യ സംസ്‌കാരത്തിന്റെ വിപുലീകരണമാകുന്നത് എന്ന്​ വ്യക്തമല്ല.

പുതിയ രാഷ്ട്രീയ പ്രമേയങ്ങൾ മുന്നോട്ടുവെയ്ക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ച്, പ്രവർത്തിക്കാൻ വേണ്ട വലിയൊരു ഇടം രൂപപ്പെടുത്തുക എന്നത് ആവശ്യമാണ്. സാമൂഹിക മാധ്യമങ്ങൾ രൂപപ്പെടുത്തുന്ന എക്കോ ചേമ്പർ ഇക്കാര്യത്തിൽ വലിയ സാധ്യതകളൊന്നും തന്നെ മുന്നോട്ടുവെക്കുന്നില്ല. സാമൂഹിക മാധ്യമ കൂട്ടങ്ങൾക്ക് ഒരു തരത്തിലുള്ള ഗോത്ര സ്വഭാവം ഉണ്ടെന്നു പറയാം. ഈ ഗോത്രീയതയ്ക്ക് രാഷ്ട്രീയ വിമർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കും എന്നതാണ് വെല്ലുവിളി. സൂക്ഷ്മ രാഷ്ട്രീയ പ്രമേയങ്ങൾ ചർച്ച ചെയ്യാൻ പുതിയൊരു ഭാഷ ആവശ്യമാണ്. അതിലൂടെ മാത്രമേ അത്തരം രാഷ്ട്രീയം വിനിമയം ചെയ്യാൻ സാധിക്കൂ. അതിനുപകരം വലത് രാഷ്ട്രീയ ബോധ്യങ്ങൾ പൊതുബോധത്തിൽ പൊതിഞ്ഞു കെട്ടി രാഷ്ട്രീയ ചർച്ചകൾ നടത്തുന്നവർ സംവാദ രാഷ്ട്രീയ സാധ്യതകളെ റദ്ദ് ചെയ്യുകയാണ്. മാധ്യമങ്ങളുടെ ഈ ഈ വലതുപക്ഷവത്ക്കരണം പുരോഗമന രാഷ്ട്രീയത്തിന് വലിയ ബാധ്യതയാണ് വരുത്തി വെയ്ക്കുന്നത്. ഇത്തരം ഇടപെടലുകൾ കൊണ്ടാണ് മുസ്​ലിം ഫോബിയ പ്രചരിപ്പിക്കുന്നത് സാമൂഹിക വിമർശനമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്. ഇതിലൂടെ സാമൂഹിക പ്രക്രീയകൾ എന്നത് വിവിധ സമുദായങ്ങൾ തമ്മിലുള്ള വെല്ലുവിളികളും രഹസ്യ ഇടപാടുകളുമായി മനസിലാക്കപ്പെടും. ഒരു വിഷയത്തിലും സവിശേഷ ജ്ഞാനം ആവശ്യമില്ലാത്ത വിധത്തിൽ സാമാന്യ ബോധങ്ങൾ എല്ലാ ചർച്ചകളിലും അവസാന വാക്കായി മാറും. ഒരു വിഷയത്തിലും സവിശേഷ ജ്ഞാനം ആവശ്യമില്ലാത്തവർ, മാധ്യമങ്ങളുടെ സഹായത്തോടെ എല്ലാ മേഖലകളിലും സാവിശേഷ ജ്ഞാനം ഉള്ളവരായി മാറുകയും ചെയ്യും.

മാറിക്കഴിഞ്ഞ ജനാധിപത്യത്തെ, മാധ്യമങ്ങളെ കുറിച്ചുള്ള ഇപ്പോഴും മാറാത്ത, കാല്പനികമായ ആലോചനകൾ കൊണ്ട് നേരിടുക അസാധ്യമാണ്. ആ അസാധ്യതയാണ് സാമൂഹിക മാധ്യമങ്ങളിലെ സംവാദങ്ങളെ സാധ്യമാക്കുന്നത്.

മറ്റൊരർഥത്തിൽ, മാധ്യമങ്ങൾക്ക് എന്തെങ്കിലും കോൺട്രിബ്യൂട്ട്​ ചെയ്യാൻ കഴിയുന്ന സംവിധാനമല്ല ഇന്നത്തെ ജനാധിപത്യം. അത്​ മനസ്സിലാക്കുക എന്നതാണ് സാമൂഹിക മാധ്യമങ്ങളെയും ജനാധിപത്യത്തെയും കുറിച്ചുള്ള ആലോചനയിൽ പ്രാഥമികമായും വരേണ്ട കാര്യം. മാറിക്കഴിഞ്ഞ ജനാധിപത്യത്തെ, മാധ്യമങ്ങളെ കുറിച്ചുള്ള ഇപ്പോഴും മാറാത്ത, കാല്പനികമായ ആലോചനകൾ കൊണ്ട് നേരിടുക അസാധ്യമാണ്. ആ അസാധ്യതയാണ് സാമൂഹിക മാധ്യമങ്ങളിലെ സംവാദങ്ങളെ സാധ്യമാക്കുന്നത്. മറ്റൊരർഥത്തിൽ സംവാദങ്ങളെ സാധ്യമാക്കുക/ സാധ്യമാക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുക എന്നതിലപ്പുറം മറ്റൊന്നും തന്നെ സാമൂഹിക മാധ്യമത്തിന്റെ ലക്ഷ്യമോ മാർഗ്ഗമോ അല്ല. അതിനെ പിടിച്ചു ജനാധിപത്യത്തെ ബാധിച്ച രോഗത്തെ മെച്ചപ്പെടുത്താനും കഴിയില്ല. കാരണം ഇത് ആ രോഗത്തിനുള്ള മരുന്നല്ല. രോഗത്തിന്റെ ലക്ഷണമാണ്. ▮


ജയറാം ജനാർദ്ദനൻ

ഹയർ സെക്കൻഡറി അധ്യാപകൻ. മതം, മതേതരത്വം, മീഡിയ, ജാതി തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments