വാരണാസി / ഫോ​ട്ടോകൾ: വി.എസ്​. സനോജ്​

മദൻപുരയിൽ നിന്ന് ജയാപുരിലേക്കുള്ള മനുഷ്യാകലങ്ങൾ

മീം അക്തർ, കൈത്തറി ചലിപ്പിക്കുന്നതിടെ മനോഹരമായി പാട്ടുപാടുന്നുണ്ടായിരുന്നു.

ആ യുവാവിന്റെ പാട്ടും കേട്ടുകൊണ്ടാണ് കേറിച്ചെന്നത്, മദൻപുരയിലെ ഗല്ലിയിലേക്ക്.
മിർസാ ഗാലിബിന്റെ പാട്ടാണ്.
ഇടുങ്ങിയ വഴികളിലെ എണ്ണിയാൽ തീരാത്ത കൊച്ചുവീടുകൾ.
ഓരോ ചുവരും മതിലും ജനവാതിലും മറ്റൊന്നിനെ ബന്ധിപ്പിക്കുന്നു.
ഒരു മുറിയുടെ ചുവര്, മറ്റൊരാളിന്റെ, മറ്റൊരു വീടിന്റേത് കൂടിയാകുന്നു.
അവർക്ക് വീടുകളെന്നാൽ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള അനുഭവമല്ല, പകരം ഇഷ്ടികകളുടെ തുടർച്ചകളായി അത്, ഗല്ലികളോളം നീണ്ടുപോകുന്നു.
ഒരു ചുവരിൽ നിന്ന് മുകളിലൂടെ ഒരുപാട് വീടുകളുടെ ആകാശം കണ്ട്, താണ്ടാനാകുന്ന തരത്തിലാണ് വാസസ്ഥാനങ്ങളുടെ ജ്യോഗ്രഫിയും ഹിസ്റ്ററിയും. വേറിട്ടു നിർത്തപ്പെട്ട വീടർത്തികൾ ഈ ദരിദ്ര ഗല്ലികൾക്ക് കുറവാണ്, നോർത്തിന്ത്യയിൽ, പ്രത്യേകിച്ച് വാരണാസി പോലെയുള്ള ഇടങ്ങളിൽ.

മദൻപുരയുടെ ഗല്ലികളിൽ, ഹവേലികളിൽ എത്രയോ തലമുറകൾ ഇതുപോലെ അധിവസിക്കുന്നു. അവരുടെ ഇടർച്ചയ്ക്കും ഉയർച്ചകൾക്കുമൊപ്പം പശ്ചാത്തലമായി നെയ്ത്തുത്തറികളുടെയും ശബ്ദവുമുണ്ട്. പണ്ട്, ഹധാ സരായിയിലെ കൊച്ചുവീട്ടിലെ മുറിയിൽ നിന്ന് ഉയർന്നുകേട്ടിരുന്ന ഷെഹനായി പോലെ.

കൈത്തറികളോട് നിത്യാഭ്യാസം ചെയ്ത് കഴിഞ്ഞുകൂടുന്നവരുടെ വറുതിയും പൊറുതിയും. എക്കാലവും വാരണാസിയുടെ കൈത്തറി ലോകവും ബനാറസി പട്ടുണ്ടാക്കുന്ന ദരിദ്രരുടെ ഗതിവിഗതികളും അങ്ങനെയൊക്കെത്തന്നെ.

വാരണാസി ഘാട്ടുകളിൽ നിന്നുയർന്ന മന്ത്രധ്വനിയും പ്രാർത്ഥനയും മണിമുഴക്കങ്ങൾക്കുമൊപ്പം പട്ട് നെയ്‌തെടുക്കുന്നതിന്റെ ശബ്ദമില്ലാതെ ജീവിതക്കാഴ്ച്ചയോ കേൾവിയോ മുഴുവിക്കാനാവില്ല. നെയ്ത്തു ശബ്ദവും ഷെഹനായിയും ചേരുമ്പോഴാണ് ബനാറസിന്റെ രൂപം സമ്പൂർണമാകൂ.
ഷമീം അക്തറിന്റെ പാട്ടിന്റെ ആലാപന സൗകുമാര്യമോ ഈണസൗന്ദര്യമോ ഒന്നും നെയ്ത്തു ജീവിതത്തിനില്ലായിരുന്നു. കൈത്തറികളോട് നിത്യാഭ്യാസം ചെയ്ത് കഴിഞ്ഞുകൂടുന്നവരുടെ വറുതിയും പൊറുതിയും.
പട്ടിന്റെ വർണാഭയൊട്ടുമില്ലാതെ കെടുതികളോട് മല്ലിട്ട് ജീവിതം.
എക്കാലവും വാരണാസിയുടെ കൈത്തറി ലോകവും ബനാറസി പട്ടുണ്ടാക്കുന്ന ദരിദ്രരുടെ ഗതിവിഗതികളും അങ്ങനെയൊക്കെത്തന്നെ.
വാരണാസിയിൽ ചെന്ന് നെയ്​ത്തുഗ്രാമത്തിലേക്ക് വിടാൻ സൈക്കിൾ റിക്ഷക്കാരോട് പറഞ്ഞാൽ എത്തിച്ചുത്തരിക മിക്കവാറും മദൻപുരയിലേക്കാകും അല്ലെങ്കിൽ സോനാർപുര.

വാരണാസിയിലെ കാഴ്​ച

തെരഞ്ഞെടുപ്പു കാലത്തൊരിക്കലാണ് ആദ്യമായി മദൻപുരയിലെത്തിയത്, അവിടന്ന്, സോനാർപുരയിലും ജയാപുരിലും നാഗേപുരിലേക്കും.
നോട്ട് നിരോധനമായും ഇപ്പോൾ കോവിഡ് മരവിപ്പായും ജീവിതപരീക്ഷണങ്ങളുടെ വഴി മദൻപുരയിലെ കൊച്ചുവീടുകളിലെ നെയ്​ത്തുകാർ കണ്ടനുഭവിച്ചു. വറുതിയുടെ ക്ഷതങ്ങളിൽ പെട്ടുലഞ്ഞാണ് മദൻപുരയിലെ നെയ്​ത്തുജീവിതം ഏറെക്കാലമായി. അലഞ്ഞും, കണ്ടും, സംസാരിച്ചും നടന്നപ്പോൾ പല പല കാഴ്ച്ചയായത് തെളിഞ്ഞു. കാലം കൊണ്ട് നേരിട്ട സമാനതകളില്ലാത്ത കെടുതികളെ അവർ ജീവിതമായി പറഞ്ഞുതന്നു. പലരോടും സംസാരിച്ചു, നേരമൊരുപാട് അവരെ കേട്ടു.

നെയ്​ത്തു കഴിഞ്ഞ്, ഇടനിലക്കാർ വഴി കച്ചവടക്കാരിലേക്കും വിപണന ശൃംഖലയിലേക്കും എത്തിപ്പെടുന്ന ബനാറസ് പട്ടിന്, അതുണ്ടാക്കുന്നവന്റെ ഗതിയല്ല. ബനാറസ് ഒറിജിനൽ പട്ടിന് നല്ല പൈസ കിട്ടും. പക്ഷേ പണിക്കാരന്റെ വിഹിതം തുച്ഛം. വറുതിയുടെ വർത്തമാനം ഗല്ലികളിൽ നിന്ന് കേട്ടു. സൈക്കിൾ റിക്ഷക്കാരും നെയ്​ത്തുകാരും ചെറുകിട കച്ചവടക്കാരും സ്ത്രീകളും കുട്ടികളും നെയ്​ത്തുതറികളും അതിന്റെ ശബ്ദവും കിടക്കുന്ന നായ്ക്കളും അലയുന്ന പശുക്കളും ഇഴചേർത്തുവെച്ചതാണ് മദൻപുരയും സോനാർപുരയും.

നെയ്​ത്തുസിദ്ധികൾ വസ്ത്രലോകത്തിനു വേണം, പക്ഷേ നെയ്യുന്നവന് കയ്യിൽ കാശെത്താനുള്ള പാട് വലുത്. പഴയ ഹിന്ദിപ്പാട്ടും ഗസലുമെല്ലാം മനോഹരമായി പാടുന്ന ഷമീം അക്തർ പാട്ടും നെയ്​ത്തു തൽക്കാലത്തേക്ക് നിർത്തി പറയാൻ ശ്രമിച്ചത് ഗല്ലികളിലെ നെയ്​ത്തുതൊഴിലാളികളുടെ എല്ലാവരുടേയും കൂടി കഥയാണ്. എല്ലാം ഒന്നുതന്നെ.

അത്യാവശ്യം നല്ല രീതിയിൽ നെയ്​ത്തുപോയിരുന്ന കാലത്ത് വന്ന നോട്ട് നിരോധനം, മദൻപുരയെ വൻ പ്രതിസന്ധിയിലാക്കി. നെയ്​ത്തുകാരോടുള്ള നിരാസത്തിന് കാരണം, തങ്ങൾ മുസ്​ലിമായതാണോ എന്ന് ചോദിച്ചവരുമുണ്ട്.

ബിസ്മില്ലാഖാന്റെ മണ്ണായതുകൊണ്ട്, ഈണത്തിന്റെ ജനിതകം പലർക്കൊപ്പവുമുണ്ട്. മദൻപുരയിൽ നിന്ന് അധികം ദൂരത്തല്ല ബിസ്മില്ലാഖാന്റെ ഹധാ സരായി. ആ സംഗീതമാധുര്യവും നഷ്ടമായി. ബിസ്മില്ലാഖാന്റെ പഴയ വീടെന്ന, സ്മാരകത്തിന് സംഭവിച്ചതും അതുതന്നെ. ജീവിത കാലാന്തരത്തിൽ പലതും ഇടറിപ്പോകുന്നുണ്ട്. പാട്ടും നെയ്​ത്തുമായി കഴിയുന്ന ഷമീമിനെ പോലുള്ള പലരേയും കണ്ടുമുട്ടിയത് പലവട്ടമുള്ള സന്ദർശനങ്ങളിലൂടെയാണ്. ഏത് കഷ്ടപ്പാടിലും പാട്ട് അവന്റെ ഹൃദയത്തിലുണ്ട്. നെയ്​ത്തുഗ്രാമങ്ങളുടെ സങ്കടമോചന ഹർജികൾ പരിഗണിക്കപ്പെടാതെ പോകുന്നുണ്ടെന്ന് അവർ പറഞ്ഞു. മദൻപുരയിലെ ഗല്ലിയിൽ കൊച്ചുവീടുകൾ പലതിലും കൈത്തറി യൂണിറ്റുകളുണ്ട്. കാലങ്ങളായി നെയ്​ത്തുനെ ഉപാസിച്ചുപോരുന്നവരാണ്. ഏറെക്കാലമായി ഇവരുടെ പരിവേദനങ്ങൾ പക്ഷേ പരിഗണിക്കപ്പെടാതെ പോകുന്നു. അത്യാവശ്യം നല്ല രീതിയിൽ നെയ്​ത്തുപോയിരുന്ന കാലത്ത് വന്ന നോട്ട് നിരോധനം, മദൻപുരയെ വൻ പ്രതിസന്ധിയിലാക്കി. നെയ്​ത്തുകാരോടുള്ള നിരാസത്തിന് കാരണം, തങ്ങൾ മുസ്​ലിമായതാണോ എന്ന് ചോദിച്ചവരുമുണ്ട്.
ചിലരത് നേരിട്ട് ചോദിച്ചില്ല, ചിലർ ചോദിച്ചു; പക്ഷേ...

വാരണാസിയിലെ മുസ്​ലിംകൾ കൂടുതലുള്ള മേഖലയാണ് മദൻപുരയും സോനാർപുരയും. ഒരിക്കൽ, അസിഘാട്ടിൽ നിന്ന് ഒരു സൈക്കിൾ റിക്ഷക്കാരൻ കൊണ്ടുപോയതിൽ തുടങ്ങിയാണ് മദൻപുരയുടെ പരിസരങ്ങളിലേക്കുള്ള അലച്ചിൽ. ഇടുങ്ങിയ ഗല്ലികളിലെ ഉള്ളിലേക്ക് നീണ്ടുപോകുന്ന വഴിയുടെ മെലിഞ്ഞ വളവുതിരിവുകൾക്കരികെ പലയിടത്തും കൈത്തറിക്കാരുടെ വീടുകളുണ്ട്. എൺപത് ഘാട്ടുകൾക്കിടയിലെ ഗല്ലികളിൽ പലയിടത്തും നെയ്​ത്തു ശബ്ദമുണ്ട്. നല്ലൊരു ശതമാനം നെയ്​ത്തുകാരും മുസ്​ലിംകളാണ്. ബനാറസ് പട്ടിന് ലോകശ്രദ്ധയാണെങ്കിലും നെയ്യുന്നവന് തുച്ഛം വരുമാനം.
കാഞ്ചീപുരം പട്ട് അത് നെയ്യുന്നവന്റെ മകളുടെ വിവാഹത്തിന് ഉടുപ്പിക്കാനാവില്ലെന്ന് പറയുന്നതുപോലെ. പട്ട് കയറ്റിയയക്കപ്പെടുന്നു, വിപണനശാലയിലെത്തും. കോവിഡ് കാലത്തും. പക്ഷേ നെയ്​ത്തുകാർക്ക് ക്ഷാമമില്ലാത്തത് ദുരിതത്തിന്റെ കാര്യത്തിലാണ്.
ഇത് മദൻപുരയുടെ മാത്രം കഥയല്ല.
പല നെയ്​ത്തുഗല്ലികളുടെയും ചിത്രമിതാണ്.

മദൻപുരയിലെ കൈത്തറി തൊഴിലാളികൾ

ഇപ്പോഴും മാറ്റമൊന്നുമില്ല, കോവിഡ് വന്നതോടെ കെടുതികൾ കൂടി.
നോട്ട് അസാധുവാക്കലിന്റെ സമയത്ത് നെയ്​ത്തുഗ്രാമങ്ങളിൽ സംഭവിക്കുന്നതറിയാൻ പോയപ്പോൾ തകർന്ന അവസ്ഥയിലായിരുന്നു മദൻപുര. നെയ്​ത്തില്ലാതെയായി ഏറെനാൾ. തറികൾ ശബ്ദിക്കാനാവാത്ത വിധം യൂണിറ്റുകളിൽ പ്രതിസന്ധി വന്നു. പണിക്കാർ വരാതായി. ഒരു മാസത്തോളം യൂണിറ്റുകൾ പണിക്കാരില്ലാതെ അടഞ്ഞുകിടന്നുവെന്ന് മദൻപുരയിലെ പാണ്ഡേ ഹവേലിയിലെ നെയ്​ത്തുകാരൻ താഹിർ അഹമ്മദ് അന്ന് പറഞ്ഞു. നെയ്​ത്തിന് പ്രത്യേക പാക്കേജോ സമാശ്വാസമോ ലഭിക്കാറില്ലെന്നതാണ് ഏറെനാളത്തെ പരാതി. ആ കഥകളെല്ലാം കേട്ട് തിരിച്ച് സൈക്കിൾ റിക്ഷയിൽ തന്നെ അസിഘാട്ടിനരികിലെ മുറിയിലേക്ക്. അസിഘാട്ടിനരികിലെ വളവിലെ വെറ്റിലമുറുക്കും ലെസ്സിയും വിൽക്കുന്ന കട ഏറെ പ്രശസ്തമാണ്. അവിടെ നിന്ന് ഗ്രീൻ ലെസ്സി കുടിച്ച് അലഞ്ഞു.
അസിഘാട്ടിലെ പടവുകളുടെ ലോകം മറ്റൊരു വാരണാസിയെ കാട്ടിത്തരും, ചിലപ്പോൾ.

നൂറുകണക്കിന് ശൗചാലയങ്ങൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് പണിതു, നാട്ടുകാർക്ക് വേണ്ടി. പക്ഷേ പലർക്കുമത് ചുട്ടുപൊള്ളുന്ന അനുഭവമായി.

മദൻപുരയ്ക്കും സോനാർപുരയ്ക്കുമെല്ലാം, ക്ഷേമത്തിന്റെ കാര്യം വരുമ്പോൾ, അവഗണിക്കപ്പെട്ടു എന്നാണ് പരാതി. ‘കാശി വിശ്വനാഥ് ടെംപിൾ കോറിഡോർ’ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ട ഈയിടെ സമീപത്തെ ഗല്ലികൾ മുന്നറിയിപ്പില്ലാതെ പൊളിക്കപ്പെട്ടത് വാർത്തയായപ്പോഴും ഒരുപാട് പേരുടെ സങ്കടഹർജികൾ കേട്ടു, കണ്ടു, വാർത്തകളിൽ. പരിഹരിക്കപ്പെടാതെ, കൂടുതൽ കുരുക്കുകളിലേക്ക് അകപ്പെട്ടവരാണ് അവിടത്തെ ചില വിഭാഗങ്ങൾ. സങ്കട് മോചൻ ക്ഷേത്രമുള്ള നഗരിയാണ് വാരണാസി. പക്ഷേ ചില സങ്കടവാക്കുകൾക്ക് മോചനമില്ല. കടലാസിന്റെ വില പോലുമില്ല. അവരുടെ വാക്കിലെ ആധികൾ രോഷവും സങ്കടവുമായി അടിഞ്ഞുകൂടുന്നു ഗംഗയുടെ ഓരങ്ങളിലും നെയ്​ത്തുഗല്ലികളിലും. മദൻപുരയിലെ നെയ്​ത്തുകാരുടെ ചോദ്യം തങ്ങളുടെ ഗല്ലികളിലേക്ക് എന്തുകൊണ്ടാണ് ഈ ഫണ്ടുകളോ വികസനമോ പാക്കേജോ വരാത്തത് എന്നാണെങ്കിൽ ഇതല്ല, ജയാപുരിലേയും നാഗേപുരിലേയും സ്ഥിതി. രണ്ട് ഗ്രാമങ്ങൾക്ക് രണ്ട് തരം കാഴ്​ചയാണ്.

മദൻപുരയിലെ ഒരു കൈത്തറി ശാല

സൻസദ് ആദർശ് ഗ്രാം യോജന പദ്ധതിപ്രകാരം പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമങ്ങളാണ് ജയാപൂരും നാഗേപൂരും. കാര്യമായി ഫണ്ടുകൾ എത്തി. പക്ഷേ എത്ര ഫണ്ട് ഉപയോഗിക്കപ്പെട്ടുവെന്ന് ചോദിച്ചാൽ ആരോപണങ്ങളിലേക്ക് എത്തേണ്ടിവരുന്നു അവർക്കും. ജയാപുരിലും നാഗേപൂരിലും ഫണ്ട് വന്നു. പൈപ്പും ടോയ്‌ലറ്റും ലൈറ്റും വന്നു. റോഡ് വന്നു. ചെന്നപ്പോൾ അതിന്റെ മാറ്റങ്ങളവിടെ കണ്ടു. ഒരുപാട് പണം ചെലവഴിക്കപ്പെട്ടയിടം. പലയിടത്തായി നൂറുകണക്കിന് ടോയ്‌ലറ്റുകൾ പണിതു, ഗ്രാമത്തിൽ. പക്ഷേ ജലക്ഷാമം രൂക്ഷം. അത് കാര്യമായി പരിഹരിക്കപ്പെട്ടില്ല. കടുത്ത വേനലിൽ വെള്ളപ്രതിസന്ധി തുടർന്നു. 40 ഡിഗ്രിക്കു മുകളിൽ ചൂട് വരും വേനലിൽ; യു.പിയിൽ.
നൂറുകണക്കിന് ശൗചാലയങ്ങൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് പണിതു, നാട്ടുകാർക്ക് വേണ്ടി. പക്ഷേ പലർക്കുമത് ചുട്ടുപൊള്ളുന്ന അനുഭവമായി. പെട്ടെന്ന് ചൂടാകുന്ന തരം ഷീറ്റ് കൊണ്ടാണ് മേൽക്കൂര. വെള്ളം ഓരോ ദിക്കിലും എത്തിക്കുന്നതിലെ അപാകത കടുത്ത ജലക്ഷാമം തുടരാൻ കാരണമായി. തകിട് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയുള്ള, ശൗചാലയത്തിൽ കേറുക ദുരിതമായി. പാടത്തിനരികിലെ ഗ്രാമങ്ങളായതിനാൽ കഠിനമായ ചൂടിൽ പൊരിവെയിലത്ത് ടോയ്‌ലറ്റ് അനാഥമായി കിടക്കാൻ കടുത്ത ചൂടാണ് കാരണം. ചൂടിൽ ടോയ്‌ലറ്റിൽ കേറുക സാധ്യമല്ലെന്ന് നാട്ടുകാർ. പഴയ സമ്പ്രദായം തന്നെ അവർ തുടർന്നു. വെളിമ്പ്രദേശങ്ങൾ ധാരാളമുള്ള നാടായതിനാൽ പഴയ രീതിയ്ക്ക് മുടക്കുണ്ടായില്ല, വെള്ളവും കുറവ് മതി. ഫണ്ട് മാത്രം ചെലവായി യഥേഷ്ടം.

ജലക്ഷാമം മൂലം ശൗചാലയത്തിൽ വെള്ളമില്ലാതായപ്പോൾ മഴക്കാലത്ത് മാത്രം പലരും അതുപയോഗിച്ചു. പീന്നീട് കേടാക്കിക്കളഞ്ഞു. നാഗേപുരിലെ വൃത്തിയുള്ള ചില ശൗചാലയങ്ങൾ പല വീടുകളും ഉപയോഗിക്കുന്നത് സ്റ്റോർ റൂമായാണ്.

എള്ളും ഉരുളകിഴങ്ങും കടുകും കാബേജും ഉള്ളിയും കൃഷി ചെയ്യുന്ന പാടങ്ങളാണ് ജയാപുരിലും നാഗേപുരിലും. ലക്ഷങ്ങളോ കോടികളോ ചെലവിട്ട് രണ്ട് ഗ്രാമങ്ങളിലുമായി മുന്നൂറിന് മുകളിൽ ശൗചാലയം വന്നു. പക്ഷേ പ്രയത്‌നം പലതും പാഴായി. മദൻപുരയിലെ നെയ്​ത്തുകാർക്ക് പാക്കേജ് വരുന്നതിൽ പലർക്കും താൽപര്യമുണ്ടായിരുന്നില്ല. ജയാപുരിലും മറ്റും പക്ഷേ ഇരിക്കാനാകാത്ത ടോയ്​ലറ്റുകളും വെള്ളമില്ലാത്ത പൈപ്പുകളും നിർമിക്കാൻ വലിയ തുക ചെലവാക്കപ്പെട്ടു. ജലക്ഷാമം മൂലം ശൗചാലയത്തിൽ വെള്ളമില്ലാതായപ്പോൾ മഴക്കാലത്ത് മാത്രം പലരും അതുപയോഗിച്ചു. പീന്നീട് കേടാക്കിക്കളഞ്ഞു. നാട്ടുകാർ പലതും അതിൽ മാലിന്യവും മറ്റും കൊണ്ടിട്ട് അടച്ചു. നാഗേപുരിലെ വൃത്തിയുള്ള ചില ശൗചാലയങ്ങൾ കണ്ടപ്പോൾ മറ്റൊരു കാര്യം മനസ്സിലായി. അത് പല വീടുകളും ഉപയോഗിക്കുന്നത് സ്റ്റോർ റൂമായാണ്. വളവും മറ്റ് സാധനങ്ങളും സൂക്ഷിക്കുന്ന പുരയാക്കി. ജയാപൂർ സ്‌കൂളിന് തൊട്ടടുത്തുള്ള കൃഷിക്കാരൻ താരകേശ്വർ ശർമയും ഭാര്യയും കാട്ടിത്തന്നു, അവരുടെ ഫൈബർ ബയോ ടോയ്‌ലറ്റ് അഥവാ ന്യൂജെൻ സ്റ്റോർ റൂം.

ജയാപുരിൽ പണിത ​ടോയ്​ലറ്റുകൾ തകർന്ന നിലയിൽ

പ്രധാനമന്ത്രിയുടെ പടം വെച്ച സ്ഥലങ്ങൾ, രാവിലെയും വൈകീട്ടും നഗരത്തിലേക്ക് ബസ്, പത്തരയോടെ ഹിന്ദി പത്രം ദൈനിക് ജാഗരൺ എത്തുന്ന ബസ് സ്റ്റോപ്പ്, കടകളുടെ അരികിൽ ചിലയിടത്ത് ഇരിപ്പിടങ്ങൾ, ചില കുഴൽക്കിണറുകൾ, മിക്കതിലും വെള്ളമില്ല. ഗ്രാമത്തിൽ ബയോ ടോയ്​ലറ്റുകൾ ഘടിപ്പിച്ചത് ആദ്യ രണ്ടാഴ്ച്ചയോടെ കേടായി. ജയാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുറെ ഫൈബർ ബയോ ടോയ്​ലറ്റുകൾ കൂട്ടിയിട്ടത് കണ്ടു. പദ്ധതിയ്ക്കായി എത്തിച്ചവ വർഷങ്ങളായി ഫിറ്റ് ചെയ്യാതെ, വിതരണം ചെയ്യാതെ കിടന്ന് നാശമായി. മലവിസർജ്ജനത്തിന് വേണ്ടിയൊരുക്കപ്പെട്ടെങ്കിലും അതിനുപോലും വേണ്ടാത്ത വിസ്മൃതസ്മാരകം. 150 ശൗചാലയങ്ങളുടെ പണി ഏറ്റെടുത്ത ഒരു ഗുജറാത്തി കോൺട്രാക്ടർ 100 എണ്ണം ഒരുവിധേന പണിത് ബാക്കിയുള്ളതിന്റെ കൂടി പൈസയുമായി മുങ്ങിയെന്ന് നാട്ടുകാർ പരാതി പറഞ്ഞു. പലതും ആറുമാസം കൊണ്ടുതന്നെ തകർന്നു. നടത്തിപ്പിലെ വൈകല്യം പദ്ധതിയെ തകിടം മറിച്ചു. കടുത്ത ജലക്ഷാമമുള്ള ഗ്രാമമായ ജയാപുരിൽ ജലസേചന പദ്ധതിയൊരുക്കാതെ ടോയ്​ലറ്റുകൾ വ്യാപകമായി നിർമിക്കപ്പെട്ടതാണ് പ്രശ്‌നമായതെന്ന് അവിടത്തെ ചിലർ പറഞ്ഞു. പലർക്കും അത് പറയാൻ പേടി. വിമർശിച്ചാൽ രാത്രി വീട്ടിൽ ആളെത്തിയാലോ.

വാരണാസി

ജയാപൂർ പഞ്ചായത്ത് ഓഫീസിനരികിലും രണ്ട് ബയോ ടോയ്​ലറ്റും തകർന്നുകിടക്കുന്നത് കണ്ടു, പലതും ഗ്രാമത്തിലുള്ളവരുടെ പ്രശ്‌നം കൂടിയാണെന്ന് അവിടെ കണ്ട ചെറുപ്പക്കാരൻ അജയ് ഗുപ്ത പറഞ്ഞു. വൈദ്യുതക്ഷാമം ഗ്രാമത്തിൽ രൂക്ഷം. സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ചിലതെല്ലാം മോഷണം പോയി. സോളാർ പാനലുള്ളത് ആശ്വാസമാണ്. മൊബൈൽ ടവറുണ്ട്. വൈ ഫൈ കിട്ടും. റോഡ് ടാർ ചെയ്തിട്ടുണ്ട് എന്നത് പ്രധാന ആശ്വാസം. എല്ലായിടത്തും പ്രധാനമന്ത്രിയുടെ ചിത്രമുണ്ട്. ഗ്രാമത്തിൽ വെച്ചുകണ്ട മിക്കവരും ചോദിച്ച ചോദ്യം- വെള്ളമില്ലാതെ എങ്ങനെ ശൗചാലയം ഉപയോഗിക്കും?.

‘ഉത്തംപ്രദേശും സർവ്വോത്തം പ്രദേശും' ആക്കി മാറ്റുമെന്ന് പ്രചാരണറാലിയിൽ ആവർത്തിച്ചവരുടെ, യാന്ത്രികമായ നടത്തിപ്പു വിദഗ്ദ്ധരുടെ ലോകം, കണ്ടു. ചില വിഭാഗങ്ങളോടുള്ള അവഗണനയുടെ ചിത്രം പല ഗ്രാമങ്ങളും കാട്ടിത്തരും. മദൻപുരയിൽ കണ്ട നെയ്​ത്തുകാരന്റെ ചോദ്യം തറച്ചുനിൽക്കുന്നുണ്ടായിരുന്നു തിരിച്ചുപോരുമ്പോഴും. പല ഗ്രാമങ്ങളിലും വികസനമുണ്ടാകുന്നുണ്ട്. പക്ഷേ മദൻപുര എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു, തങ്ങൾ മുസ്​ലിംകൾ ആയതുകൊണ്ടാണോ- ആ ചോദ്യത്തിന് ഉത്തരമായിട്ടില്ല ഈ കോവിഡ് കാലത്തും. ▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments