ഫോ​ട്ടോകൾ: വി.എസ്​. സനോജ്​

സോനാഗാച്ചിയെ പറ്റിച്ച നോട്ടുകളും
കുമാർതുലിയ്ക്ക് വേണ്ട പച്ചമണ്ണും

കോവിഡ് മഹാമാരിയുടെ, അടച്ചിരുപ്പുകാലത്ത് കുമാർതുലിയുടെ സർഗാത്മക ജീവിതരേഖയ്ക്ക് മങ്ങൽ വീണു കാണും. സോനാഗാച്ചിയുടെ ദാരിദ്ര്യരേഖാവലുപ്പം കൂടി വരികയാകും. ആചാരത്തിനായി നിഷിദ്ധൊപള്ളിയിലെ ഗൃഹങ്ങൾക്ക് മുന്നിലെ മണ്ണെടുപ്പല്ല, സാമൂഹിക വീണ്ടെടുപ്പാണ് വേണ്ടതെന്ന് ബംഗാളിന്റെ ആവേശ-ആചാര- വിശ്വാസ കമ്മിറ്റിക്കാർ അറിയുന്നുണ്ടാകുമോ?

ശോഭ ബസാർ മെട്രോ സ്റ്റേഷൻ, എസ്​പ്ലനേഡോ, രബീന്ദ്രസദനോ, പാർക്ക് സ്ട്രീറ്റ് സ്റ്റേഷനോ പോലെയല്ലെന്ന് ചെന്നിറങ്ങിയപ്പോൾ തന്നെ ബോധ്യപ്പെട്ടു.
തനി മുഷിപ്പൻ സ്റ്റേഷൻ. രൂപവും മുഖവുമെല്ലാം പഴഞ്ചൻ.
ചുവരുകൾ നിറം മങ്ങി, ലൈറ്റുകൾ വല്ലാതെ കുറവ്, വെളിച്ചക്കുറവ് കാര്യമായി തോന്നിപ്പിച്ചു. പരിമിത സൗകര്യം മാത്രമുള്ള, അനാർഭമായ, എന്തൊക്കെയോ ശ്രദ്ധക്കുറവുകളുള്ള ഒരു മെട്രോ സ്റ്റേഷനായി അത് തോന്നിച്ചു. പൊതുവേ മെട്രോ സ്റ്റേഷനുകൾക്ക് ഹൈടെക് രൂപമാണെങ്കിൽ ഇതങ്ങനെയല്ല. കൊൽക്കത്തയിലെ മെട്രോ സ്റ്റേഷനുകൾക്ക് പൊതുവേ പകിട്ടും ശോഭയും അല്പം കുറവുണ്ട്. ഏറെക്കാലം മുമ്പേ നിലവിൽ വന്നതുകൊണ്ടാകാം. ഇപ്പോൾ ഒരുപക്ഷേ മോടിയോ ശോഭയോ കൈവന്നിരിക്കാം.

ഇന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിലാണ് കൊൽക്കത്തയിലേത്, ഇന്ദിരാഗാന്ധി തറക്കല്ലിടുകയും സഖാവ് ജ്യോതിബാസു മുഖ്യമന്ത്രിയായിരുന്നപ്പോൾ സർവ്വീസ് ആരംഭിക്കുകയും ചെയ്ത അക്കാലത്തെ, ഏറ്റവും വലിയ പുരോഗതി സൂചകമായ പദ്ധതി. ബംഗാളിൽ അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്താണ് മെട്രോ റെയിൽ യാഥാർത്ഥ്യമായത്. പിന്നിട് പല കാലങ്ങളിൽ പദ്ധതി പുതുക്കി മെട്രോപാത ദൂരത്തേക്ക് നീണ്ടു.

മൺപാത്ര നിർമാണവും മണ്ണിലെ കരവിരുതും ഒരുവശത്ത്, അപ്പുറം, ലൈംഗികവൃത്തി തൊഴിലാളി നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തെരുവ്. രണ്ട് പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് കാലം കഴിയ്ക്കുന്ന ജനത

ശോഭ ബസാർ സ്റ്റേഷനിൽ പോയത് കുറച്ചു വർഷം മുമ്പാണ്.
ആ മെട്രോ സ്റ്റേഷന് ഇത്ര ശ്രദ്ധ കിട്ടാൻ കാരണം മറ്റൊന്നുമല്ല, സോനാഗാച്ചിയും കുമാർതുലിയും. കൊൽക്കത്തയുടെ ശിൽപവൈഭവത്തിന്റെ ലോകമാണ് കുമാർതുളി. ദൈവങ്ങളും പ്രതിമകളും മൺപാത്രങ്ങളും കരകൗശല വസ്തുക്കളും നിർമിക്കുന്ന പലതരം ഉപസനാമൂർത്തികളെ വിരലു കൊണ്ട് സൃഷ്ടിച്ചെടുക്കുന്ന തൊഴിലാളികളുടെ കേന്ദ്രം. തൊട്ടപ്പുറത്ത്, രണ്ട് ഇടവഴികൾക്കപ്പുറം, ഒട്ടും ദൂരത്തല്ലാതെ, ലൈംഗിക തൊഴിലാളികളുടേയും ലോകം. കുലത്തൊഴിലിന്റെ ഭാഗമായും അല്ലാതെയും കുമാർതുലിയുടെ തെരുവിൽ തൊഴിലാളികൾ, മണ്ണുകൊണ്ട് സർഗാത്മകതയുടെ ഉരുക്കഴിക്കുന്നത് കാണാനായാണ് അവിടെ പോയത്. മൺപാത്ര നിർമാണവും മണ്ണിലെ കരവിരുതും ഒരുവശത്ത്, അപ്പുറം, ലൈംഗികവൃത്തി തൊഴിലാളി നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തെരുവ്. രണ്ട് പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് കാലം കഴിയ്ക്കുന്ന ജനത. ഏറ്റവും പുരാതനമായ രണ്ട് തൊഴിലുകളിലൂടെ അതിജീവിതം നടത്തുന്ന മനുഷ്യായുസ്സുകളുടെ വംശപരമ്പര രണ്ടിടത്തും. രണ്ടും പഴക്കമുള്ള തൊഴിലുകൾ.

കുമാർതുലി തെരുവിലെ ശിൽപ നിർമാണം

ലൈംഗികവൃത്തി പാരമ്പര്യമായി നടത്തിയിരുന്ന കുലങ്ങൾ ലോകത്ത് പലയിടത്തുമുണ്ടല്ലോ, ഇപ്പോഴും. അതുകൊണ്ടുതന്നെ, ശോഭബസാർ (ബംഗാളികൾക്ക് സോവബസാർ) മെട്രോ സ്റ്റേഷനിലിറങ്ങിയാൽ രണ്ട് നടപ്പു സഞ്ചാര സാധ്യതകളുണ്ട് യാത്രികർക്ക്. കുമാർതുലിയിൽ പോകാം, അല്ലെങ്കിൽ സോനാഗാച്ചി, വേണമെങ്കിൽ രണ്ടിടത്തുമാകാം സന്ദർശനം. നോർത്ത് കൊൽക്കത്തയിലാണ്; മനുഷ്യർ, ദൈവങ്ങളെ സൃഷ്ടിക്കുന്ന കുമാർതുലി. സുതാനട്ടി എന്ന പഴയ പ്രദേശത്തെ ഗല്ലികളിലൊന്നിന്റെ പേരാണത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ ആസ്ഥാനമായിരുന്നതിനാൽ ബ്രിട്ടീഷ് ഭരണ- നഗര പരിഷ്‌കാരത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ജനതയെ മാറ്റിപ്പാർപ്പിച്ച ഇടങ്ങളിലൊന്നാണത്. അങ്ങനെയാണ്, കുംഭാരന്മാരുടെ കുലത്തൊഴിൽ കേന്ദ്രമായി അക്കാലത്ത് കുമാർതുലി മാറിയത്. സ്റ്റേഷനിൽനിന്ന് കുമാർതുലിയിലേക്ക് അധികം ദൂരമില്ല, ഹൂഗ്ലിയുടെ തീരത്തേക്കുമതെ.

ഉണ്ടാക്കുന്ന ദൈവരൂപങ്ങളിൽ ഭൂരിഭാഗവും മഹിഷാസുരമർദ്ദിനിയായ ദുർഗയാണെങ്കിലും ഫുട്‌ബോളർമാരും രാഷ്ട്രീയക്കാരും വരെയുണ്ട് ചില നിർമാണപ്പുരകളിൽ

മെട്രോയിറങ്ങി നടന്നു. ശോഭാബസാറിനും അഹിർതൊലയ്ക്കുമിടയിലാണ് കുമാർതുലി. ശ്യംപുകൂറും ബർത്തലയും ജൊരശങ്കോയുമെല്ലാം അടുത്തുള്ള ഇടങ്ങളാണ്. ഇരുവശവും ചെറിയ പീടികകൾ, തേൻ തുളുമ്പുന്ന പോലത്തെ രസഗൊല നിറച്ച ഭരണികളുള്ള പ്രാചീന സ്വഭാവമുള്ള, എന്നാൽ അത്ര വൃത്തിയൊന്നുമില്ലാത്ത ബേക്കറികൾ, കഛോരിയും ഇഞ്ചിച്ചായയും കിട്ടുന്ന തട്ടുകടകൾ, ലൊട്ടുലൊടുക്ക് വസ്തുക്കൾ വിൽക്കുന്ന പഴയ പീടികകൾ, സൈക്കിൾ റിക്ഷകൾ, ഉന്തുവണ്ടിക്കാർ, പെട്രോമാക്‌സ് വാടകയ്ക്ക് കൊടുക്കുന്ന കട, ചില ക്ലബ്ബുകൾ, ഇടത്തരം പെയിന്റും സിമന്റും മറ്റും വിൽക്കുന്ന കടകൾ, പന്തൽ പണിയ്ക്കുള്ള വസ്തുക്കളും വാടകയ്ക്ക് നൽകുന്ന, അവ അടുക്കും ചിട്ടയുമില്ലാതെ, നിറച്ചിട്ട കൊച്ചു പീടികമുറികൾ, ബാൻറ്​ വാദ്യോപകരണങ്ങൾ സൂക്ഷിച്ച കടമുറികൾ, അയയിൽ തൂക്കിയിട്ട രാജാപാർട്ട് വേഷം പോലത്തെ ബാൻറ്​ വാദ്യ കലാകാരൻമാരുടെ യൂണിഫോമുകൾ, പഴയ ആർക്കിടെക്ചറുള്ള വീടുകൾ, വലിയ ജനവാതിലുകൾ, ചുവരിൽ ചുവപ്പും മഞ്ഞയും, പെയിന്റടിച്ച ചില്ലു ജനാലകളുള്ള ഇടത്തരം ഇരുനില വീടുകൾ, അതിനുമുകളിലെ പ്രാവുകൾ, അവയുടെ വിസർജ്ജ്യത്താൽ ആലേഖനം ചെയ്യപ്പെട്ട പാരപ്പെറ്റുകൾ, മതിലുകൾ, റോഡരികിലെ സ്ലാബുകൾ, നിറയെ വൃക്ഷങ്ങൾ... അങ്ങനെ പോകുന്നു ഇരുവശത്തേയും കാഴ്​ചകൾ.

റോഡിൽ ട്രാമിനു വേണ്ടിയുള്ള ഇരുമ്പുപാളത്തിന്റെ വിടവ് പതിഞ്ഞുകിടപ്പുണ്ട്, ഗതകാല സ്മരണ കണക്കെ. അതൊരു പഴയ ട്രാം റൂട്ടാണെന്ന് മനസ്സിലായത് അപ്പോഴാണ്. ട്രാം സർവീസ് പിന്നീട് ഇല്ലാതായി. മുന്നോട്ടുപോയി. പ്രധാന വീഥിയായ രബീന്ദ്ര സരണിയിൽ നിന്ന് ചില പ്രതിമാ കടകളുടെ സമീപത്തുകൂടെ, ഒരു മന്ദിറിനോട് ചേർന്ന് ഇടത്തോട്ട് കാണുന്ന ഗല്ലിയിലേക്ക് തിരിഞ്ഞു, കുമാർതുലി. ഇരുവശവും നിറയെ പണിപ്പുരകൾ, വില്പനക്കടകൾ, ദൈവങ്ങളെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. പണ്ട്, ഇവിടത്തുകാർ മാത്രമായിരുന്നു ശിൽപികൾ. ഇപ്പോൾ പല ദേശക്കാരാണ് പണിക്കാർ. പലയിടത്തു നിന്നെത്തി കൂലിയ്ക്ക് പണിയെടുത്തു പോകുന്നവരാണ് കൂടുതലും. മുതിർന്നവരും ചെറുപ്പക്കാരും കുട്ടികളും. സ്‌കൂൾ കുട്ടികൾ മുതൽ ഡിഗ്രി വിദ്യാർഥികൾ വരെ. ഭൂരിഭാഗവും നാദിയ, മുർഷിദാബാദ്, പശ്ചിം മേദിനിപുർ ജില്ലകളിൽനിന്ന് വരുന്നവരാണ്. തുച്ഛ വേതനമാണ് വിദ്യാർത്ഥികൾക്ക്. കൊൽക്കത്തയിലേക്ക്, ഫൈൻ ആർട്‌സ് കോഴ്‌സ് പഠിക്കാനെത്തി, വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന അതിജീവനക്കാർ ഇവിടെ പണിയ്‌ക്കെത്തുന്നു.

മൺപാത്രങ്ങളും മണ്ണുകൊണ്ടുള്ള ശില്പങ്ങളുടേയും സൃഷ്ടാക്കളുടെ പിൻതലമുറയ്ക്ക് ജീവിതപ്രശ്‌നങ്ങൾക്ക് കുറവില്ല. വരുമാനം കുറവ്. അവർ പരിവേദനങ്ങൾ നിരത്തി.

ചെറിയ ദൈവവിഗ്രഹത്തിന് ഒരാ​ഴ്​ചയാണ് സാധാരണ എടുക്കുകയെന്ന് ഒരു ശിൽപി പറഞ്ഞു. മൺപാത്രവും പ്രതിമയുണ്ടാക്കുന്നവരുമെല്ലാം പലതരം പണികളിലാണ്. ഉണ്ടാക്കുന്ന ദൈവരൂപങ്ങളിൽ ഭൂരിഭാഗവും മഹിഷാസുരമർദ്ദിനിയായ ദുർഗയാണെങ്കിലും ഫുട്‌ബോളർമാരും രാഷ്ട്രീയക്കാരും വരെയുണ്ട് ചില നിർമാണപ്പുരകളിൽ. സന്ദർശകർക്കും പടമെടുപ്പുകാർക്കും ഒട്ടും കുറവില്ലാത്ത ഇടമായതിനാൽ ആൾക്കാരുടെ വരവുകണ്ട്, മടുത്ത ശിൽപ്പികൾ ആരെയും ശ്രദ്ധിക്കില്ല. പോയ കാലത്ത് സെൽഫിയെടുക്കുന്ന അനുഷ്ഠാനകലാരൂപം നിലവിൽ വന്നിരുന്നില്ല. അതിനാൽ ആ ശല്യത്തിൽ നിന്ന് അവരൊഴിവാക്കപ്പെട്ടു. മൺപാത്രങ്ങളും മണ്ണുകൊണ്ടുള്ള ശില്പങ്ങളുടേയും സൃഷ്ടാക്കളുടെ പിൻതലമുറയ്ക്ക് ജീവിതപ്രശ്‌നങ്ങൾക്ക് കുറവില്ല. വരുമാനം കുറവ്. അവർ പരിവേദനങ്ങൾ നിരത്തി. ദിവസക്കൂലിയും ആഴ്ചക്കൂലിയും മാസ ശമ്പളക്കാരുമുണ്ട്. ശില്പികളിൽ ഭൂരിഭാഗത്തിനും സ്ഥിരംവാസസ്ഥലമല്ല അത്. പോയി വരുകയാണ് വീടുകളിലേക്ക്. വർഷത്തിൽ എട്ടുമാസത്തോളം പണിയുണ്ടാകും. നൂറുകണക്കിന് ശില്പികൾക്ക് അതുവഴി ജീവിതം മുന്നോട്ടുപോകും കഷ്ടിച്ച്. അഹിർതൊലയിലേക്ക് ഫെറി വഴിയും എത്താനാകും. ഹൗറയിൽ നിന്ന് ഹൂഗ്ലിയിലൂടെ ഘാട്ടിലേക്ക്. അവിടെ നിന്ന് നടക്കാവുന്ന ദൂരം മാത്രം കുമാർതുലിയ്ക്ക്.

ബംഗാളിയുടെ നവരാത്രിയുത്സവത്തിലെ ദുർഗ്ഗാരൂപ നിർമ്മിതിക്ക് മറ്റൊരു വിശ്വാസം കൂടിയുണ്ട്. സമൂഹത്തിന്റെ കണ്ണിലെ, നിഷിദ്ധൊപള്ളി-കളായി അവർ കരുതുന്ന (പള്ളിയെന്നത്- സ്ഥലം, ഇടം എന്ന അർത്ഥത്തിൽ) പ്രദേശത്തു നിന്നുള്ള മണ്ണ് കൂടി ചേർത്ത് കുഴച്ചാലേ പൂർണവിശുദ്ധി വരൂവെന്നൊരു അന്ധവിശ്വാസം. അതൊരു ചടങ്ങാണ്. ആദ്യ വിഗ്രഹരൂപത്തിനുള്ള മണ്ണ് കുഴയ്ക്കൽ പണി അങ്ങനെയാണവർ തുടങ്ങുക. സോനാഗാച്ചിയിലേയും കാളിഘാട്ടിലേയും ഗണികാഗൃഹങ്ങൾക്കു മുന്നിലെ മണ്ണ് അതിനുവേണ്ടി എത്തിക്കുകയാണ് പതിവ്. ഗംഗയുടെ മണ്ണും, ഗോമൂത്രവും, ചാണകവും നിഷിദ്ധൊപള്ളിയിലെ ഒരു പിടി മണ്ണും ചേർത്ത് കുഴച്ച് ആദ്യത്തെ ദൈവ ശിൽപമുണ്ടാക്കും. അതാണ്, കോമ്പിനേഷൻ. ദുർഗയെ സൃഷ്ടിക്കുന്നതിലെ പ്രധാന ചടങ്ങായി പൂജാരികളെ കൊണ്ട് ഇത് ചെയ്യിച്ചിരുന്നു. ഇപ്പോഴും ചില ശിൽപികൾ ഈ ആചാരം പാലിച്ചുപോരുന്നുണ്ട്. വ്യാപകമായി ഉണ്ടോ എന്നറിയില്ല. പണ്ടത്തെ പോലെ സോനാഗാച്ചിയിൽ നിന്നുള്ള മണ്ണ് വാരലിനോട് വിമുഖതയും വിയോജിപ്പും കൂടിവന്നതോടെ പ്രതീകാത്മകമാണ് ഇതെല്ലാം. കാളിഘാട്ട് പരിസരത്ത് ദുർഗാപൂജയുടെ സമയത്ത് ഈ പേരിൽ തന്നെ മണ്ണ് വിൽപനയ്ക്കുവന്നു തുടങ്ങി. പരിശുദ്ധ കർമ്മം കേവലം പ്രഹസമെന്ന തിരിച്ചറിവുള്ള ലൈംഗിക തൊഴിലാളികളിൽ ചിലരും ഇതിനോട് വിമുഖത കാണിച്ചത് വലിയ വാർത്തയായി പിന്നീട്.

ഒരേസമയം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനം വേരൂന്നിയ മണ്ണും കടുത്ത വിശ്വാസവും ആചാരവും പുലർത്തിയ മനുഷ്യരുള്ള ലോകവുമാണ് ബംഗാൾ.

ഇതിന് നിഷിദ്ധോപള്ളി മാട്ടി എന്ന് പറയും. പള്ളി എന്നാൽ സ്ഥലം. ചൗബീസ് പള്ളി എന്നെല്ലാം കൊൽക്കത്തയിൽ സ്ഥലങ്ങൾക്ക് പേരുണ്ട്. നിഷിദ്ധൊയെന്നാൽ നിഷേധിക്കപ്പെട്ട, വിലക്കപ്പെട്ട, വിശുദ്ധമല്ലാത്ത ഇടം. പുണ്യൊമട്ടി, (മാട്ടി) എന്നും പറയാറുണ്ട്. സമൂഹത്തിൽ നിന്ന് പുറംതള്ളപ്പെട്ടവരെ കൂടി ഉൾപ്പെടുത്തലാണ് ആചാരത്തിന് പിന്നിലെന്നും വ്യാഖ്യാനങ്ങളുണ്ട്. അവിടത്തെ മണ്ണ് ചേർത്തു കുഴക്കുന്നതോടെ പാപങ്ങൾക്കുമപ്പുറം വിശുദ്ധമോക്ഷമുണ്ടാകും എന്ന് വലിയൊരു വിഭാഗം ബംഗാളികൾ വിശ്വസിക്കുന്നു. നവകന്യകകളുടെ കയ്യിൽ നിന്ന് മാട്ടി സ്വീകരിച്ച ശേഷം നിർമാണം തുടങ്ങുക എന്ന രീതി പണ്ട് ഉണ്ടായിരുന്നു. പല തൊഴിലുകൾ ചെയ്തിരുന്നവർ ഉൾപ്പെട്ടിരുന്നു. പലതരം ഉർവ്വരതാനുഷ്ഠാനങ്ങളുടെ കലങ്ങിമറിയലുകൾ ഈ ആചാരങ്ങളിൽ പൂണ്ട് കിടപ്പുണ്ട്. നിർമാണ തൊഴിലാളികൾ മിക്കവരും ദളിത് വിഭാഗക്കാരാണ്. പണ്ട് ജമീന്ദാർ വീടുകളിൽ ഇവരെ കൊണ്ടുപോയി വിഗ്രഹരൂപങ്ങളും പ്രതിമകളും ഉണ്ടാക്കുമായിരുന്നു ദുർഗാപൂജയുടെ കാലത്ത്.

ഒരേസമയം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനം വേരൂന്നിയ മണ്ണും കടുത്ത വിശ്വാസവും ആചാരവും പുലർത്തിയ മനുഷ്യരുള്ള ലോകവുമാണ് ബംഗാൾ. സുനിൽ ഗംഗോപാധ്യായയുടെ കൃതികളിൽ അത് ധാരാളമായി പറയുന്നുണ്ട്. കൊൽക്കത്തയിലെ ഗല്ലികളുടെ ചരിത്രമെഴുതിയ തങ്കപ്പൻനായർ എന്ന ബംഗാളി മലയാളിയുടെ പുസ്തകം വിപുലമായി കൊൽക്കത്തയുടെ ലോകവും അവിടത്തുകാർക്കു പോലും അറിയാത്ത പ്രാദേശിക ചരിത്രവും വരച്ചുകാണിച്ചിട്ടുണ്ട് ചില പുസ്തകങ്ങളിൽ. വിചിത്ര വിശ്വാസങ്ങൾ പലതുമുള്ള ലോകം കൂടിയാണല്ലോ ബംഗാൾ. ഇപ്പോൾ ചിലതെല്ലാം ഇല്ലാതായിട്ടുമുണ്ട്. കുമാർതുലി കണ്ടും അലഞ്ഞും പടമെടുത്തും പലരോടും സംസാരിച്ചും രസഗൊല കഴിച്ചും അവിടെ നിന്ന് അന്ന് മടങ്ങി. പിന്നീടും ശോഭബസാർ മെട്രോ സ്റ്റേഷനിൽ ചെന്നിറങ്ങി, ഒരുതവണ ശ്യാംബസാറിലും, ആ പോക്കിന് സോനാഗാച്ചിയുമായാണ് ബന്ധം.

സന ബ്രിസ്‌കിയും റോസ് കൗഫ്മാനും ചെയ്ത -ബോൺ ഇൻ ടു ബ്രോതൽസ്- എന്ന വിഖ്യാത ഡോക്യുമെന്ററി ഓസ്‌കാർ നേടിക്കഴിഞ്ഞ് അരഡസൻ വർഷമെങ്കിലും പിന്നിട്ട കാലത്താണ് വാർത്താന്വേഷണം പ്രമാണിച്ച് സോനാഗാച്ചിയിലെ ചിലരോട് സംസാരിക്കാനായി പോയത്. സന്നദ്ധ പ്രവർത്തകരെ കണ്ടു. രണ്ട് വാർത്തകളുമെഴുതി. ആശയവിനിമയം നടത്താനുള്ള സൗകര്യം ഡോക്യുമെന്ററി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ബംഗാളി സുഹൃത്ത് ഒരുക്കിത്തന്നു. അദ്ദേഹം ചില എൻ.ജി.ഒകളുടെ ഭാഗമായിരുന്നു. വാർത്തയിൽ ആദ്യത്തേത്, സോനാഗാച്ചി തെരുവുകൾ നീളുന്ന പ്രദേശത്ത് കള്ളനോട്ട് വ്യാപകമായതിനെ തുടർന്നുണ്ടായ കൗതുകകരമായ ചില അനുബന്ധങ്ങളെക്കുറിച്ചായിരുന്നു. ഈ മേഖലയിൽ വ്യാപകമായി കള്ളനോട്ട് പ്രചരിപ്പിക്കുന്നതായി പോലീസും ബാങ്ക് അധികൃതരും കണ്ടെത്തിയപ്പോൾ അവരുടെ അന്വേഷണം ചെന്നെത്തിയത് സോനാഗാച്ചിയിലാണ്. ലൈംഗികവൃത്തിയ്ക്ക് എത്തി, കള്ളനോട്ട് നൽകി വഞ്ചിച്ചുപോരുന്ന ഇടപാടുകാരായിരുന്നു വ്യാജ കറൻസിപ്പെരുക്കത്തിനു പിന്നിൽ.

പണിയെടുത്തു കിട്ടുന്ന പണം വ്യാജ കറൻസിയാണ് എന്നറിയാതെ ലൈംഗിക തൊഴിലാളികൾ പല ആവശ്യങ്ങൾക്കായി പണം വിനിയോഗിക്കുകയും സ്വാഭാവികമായും മിക്കപ്പോഴും പിടിക്കപ്പെടുകയും ചെയ്തു. സോനാഗാച്ചിയിലെ അന്തേവാസികളായതിനാൽ വ്യാജ കറൻസിയുമായി പിടിക്കപ്പെട്ടാൽ സത്യം പറഞ്ഞാലും അത് വിശ്വസിക്കുക അസാധ്യം. കള്ളനോട്ട് മാഫിയയുമായി ബന്ധമുണ്ട് എന്നും കരുതും. അവരുടെ വാക്കിലെ സത്യത്തിന് ലോകത്ത് ഒരു വിലയുമില്ലാത്തതിനാൽ സാമൂഹ്യ പ്രശ്‌നമായി ഇതുമാറി. വ്യാജ കറൻസി വിനിമയം ഏറെക്കാലം ലൈംഗിക തൊഴിലാളികൾക്ക് മനസ്സിലായതുമില്ല. കള്ളനോട്ട്, പ്രദേശത്ത് കൂടി വന്നത്, ബാങ്കുകളുടെ ശ്രദ്ധയിൽപ്പെട്ടു, എൻ.ജി.ഒകളുമറിഞ്ഞു. അതോടെ പുതിയ പദ്ധതി അവർ ആസൂത്രണം ചെയ്തു. വ്യാജ കറൻസികളുമായി എത്തുന്ന ഇടപാടുകാരെ തിരിച്ചറിയാൻ ലൈംഗിക തൊഴിലാളികൾക്ക് പരിശീലനം ആവശ്യമുണ്ടെന്ന് അവർക്ക് മനസ്സിലായി. അതിനായി ഒരു പ്ലാനുണ്ടാക്കി, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ. ബാങ്ക് ജീവനക്കാരുടെ സഹായം ഇതിനായി തേടി.

ലൈംഗിക തൊഴിലാളികൾ പ്രായമാകുന്നതോടെ തെരുവിൽ ഭിക്ഷ യാചിച്ച് നടക്കുന്നവരായി മാറുന്നത് പതിവാണ്. സോനാഗാച്ചിയിലും കാളിഘാട്ടിലും ഇത്തരക്കാരെ കാണാം. എയ്ഡ്‌സ് രോഗികളായിരിക്കും പലരും

അങ്ങനെ സോനാഗാച്ചിയിൽ വ്യാജ കറൻസികൾക്കെതിരായ വിദഗ്ദ്ധ പരിശീലന കളരി സംഘടിപ്പിക്കപ്പെട്ടു. ഇടപാടുകാർ നൽകുന്ന കറൻസി, വ്യാജനാണോ എന്നറിയാനുള്ള പരിശീലനം സന്നദ്ധ സംഘടനകളുടെ അഭ്യർത്ഥന മാനിച്ച് ചില ബാങ്കുദ്യോഗസ്ഥർ ഏറ്റെടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവിലെത്തി ലൈംഗിക തൊഴിലാളികൾക്ക് അവർ ക്ലാസുകളെടുത്തു. അടിയന്തരപ്രശ്‌നമാണ് ഇതെന്ന് ബോധ്യപ്പെട്ട ലൈംഗിക തൊഴിലാളികൾ ക്ലാസുകൾക്കെത്തി. വ്യാജനോട്ട് വീശിയെറിഞ്ഞ് കാര്യം സാധിച്ച് പോകുന്നവരെ കയ്യോടെ പിടികൂടാനുള്ള ആഗ്രഹമുള്ളതിനാൽ മറ്റ് ബോധവത്ക്കരണ പരിപാടികളെ അവഗണിക്കാറുള്ള അവരിൽ പലരും ക്ലാസ് മുടക്കിയില്ല. അത് തന്നെയായിരുന്നു വാർത്തയും.

ബോധവത്കരണ ക്ലാസ് ഒഴിവ് ദിനങ്ങളിലും പ്രവർത്തി ദിനങ്ങളിലെ ഇടവേളകളിലുമായി നടന്നു. നോട്ട് കയ്യിൽ പിടിച്ച് തൊട്ട് ഇരപ്പിച്ച് പലതരത്തിൽ നോക്കി തിരിച്ചറിയാനുള്ള പ്രാഥമികരീതി ബാങ്ക് ജീവനക്കാർ ലൈംഗിക തൊഴിലാളികളെ പഠിപ്പിച്ചു. ശതാബ്ദി സാഹ എന്ന ബാങ്ക് ജീവനക്കാരിയുടെ നേതൃത്വത്തിലാണ് ഇത് ചെയ്തുകൊടുത്തത്. മറ്റൊരു നീക്കം കൂടി അവിടെയുണ്ടായി. വ്യാജകറൻസി തിരിച്ചറിയാനായി ബാങ്കുകൾ ഉപയോഗിക്കുന്ന തരം മെഷിൻ, സോനാഗാച്ചിയിലെ സഹകരണ സ്റ്റോർ ഓഫീസിൽ സ്ഥാപിച്ചു. പൊതുവേ, മറ്റ് ചുവന്ന തെരുവുകളെ അപേക്ഷിച്ച്, സോനാഗാച്ചി, ട്രേഡ് യൂണിയൻ ഏകോപനം കൂടുതൽ ഫലപ്രദമായ ഇടമായതിനാൽ അവിടത്തെ തൊഴിലാളികൾക്ക് ഇത് കൂടുതൽ ആത്മവിശ്വാസം നൽകി. വ്യാജ വിലാസം വെച്ച് വരുന്ന ഇടപാടുകാരെ നേരിടാൻ ഇതായിരുന്നു നല്ല വഴി, സ്ത്രീകൾക്കും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങൾക്കും. ഇതല്ലാതെ അവർക്ക് വേറേ മാർഗമില്ല എന്നവർ സ്വയം തിരിച്ചറിഞ്ഞു.

ഉഷ മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കാഷ് കൗണ്ടർ

ഉഷ മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയും സോനാഗാച്ചിയിലെ തൊഴിലാളികളുടെ ക്ഷേമത്തിനുള്ള സഹകരണ യൂണിയനായ ദർബാർ മഹിള സമന്വയ് സമിതിയും ചേർന്നതാണ് ഈ ക്ഷേമപ്രവർത്തനം നടത്തിയത്. പതിനായിരത്തിലധികം തൊഴിലാളികൾ അംഗങ്ങളായ സൊസൈറ്റിയാണ് ഉഷ മൾട്ടി പർപ്പസ് സൊസൈറ്റി. അവർ കുട്ടികൾക്ക് പഠനപ്രവർത്തനവും മറ്റ് ജോലികളും കമ്പ്യൂട്ടർ പഠനസഹായവും ചെയ്തുകൊടുത്തിരുന്നു. അരമണിക്കൂർ വീതം ഏറെനാൾ, വ്യാജനോട്ട് തിരിച്ചറിയാനുള്ള ക്ലാസുകൾ നടത്താനായി ബാങ്ക് ജീവനക്കാരെത്തി. കിട്ടുന്ന തുച്ഛമായ തുക, വ്യാജ കറൻസിയാണെങ്കിൽ ലൈംഗിക തൊഴിലാളികളുടെ അവസ്ഥ പറയാനില്ല. തൊഴിലാളികൾ വ്യാജകറൻസിയുമായി പോയി പലയിടത്തും പിടിക്കപ്പെടുകയും കേസുകളിൽ അകപ്പെടുകയും ചെയ്തതോടെയാണ് പരിശീലനം നൽകാൻ തീരുമാനിച്ചതെന്ന് ദർബാർ മഹിളാ സമന്വയ സമിതി നേതാവ് ഭാരതി ദേയ് അന്ന് പറയുകയും ചെയ്തു. പിന്നീട് രണ്ട് തവണ കൂടി ചില വാർത്തകൾക്കായി നഗരത്തിൽ അവരെ തേടി. ലൈംഗിക തൊഴിലാളികളുടെ അവകാശത്തിനായി സംഘടിപ്പിച്ച തൊഴിലാളി സംഗമം കാണാനും മറ്റൊന്ന് വൃദ്ധരായ സോനാഗാച്ചിയിലെ സ്ത്രീകളുടെ പുനരധിവാസത്തെക്കുറിച്ച് വാർത്ത നൽകാനും.

ദർബാർ മഹിളാ സമന്വയ സമിതി നേതാവ് ഭാരതി ദേയ്

കൊൽക്കത്ത നഗരത്തിലെ ട്രയാംഗുലർ പാർക്കായിരുന്നു ദർബാർ മഹിള സമന്വയ് സമിതി സംഘടിപ്പിച്ച തൊഴിലാളി സംഗമ വേദി. 3,000 ത്തോളം ലൈംഗിക തൊഴിലാളികളെത്തിയ പരിപാടി. സാമൂഹ്യശാസ്ത്രജ്ഞനായ സമർജിത് ജനയെ പോലുള്ളവരായിരുന്നു മൊഡ്യൂൾ തയ്യാറാക്കിയത്. സർക്കാരിന്റെ നേതൃത്വത്തിൽ, ലൈംഗിക തൊഴിലാളികളായിരുന്ന വൃദ്ധകളുടേയും ഇത്തരം ഇടങ്ങളിലെ കുട്ടികളുടേയും പുനരധിവാസ പദ്ധതി പിന്നീട് സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ വാങ്ങിയ പ്രത്യേക ഭവനങ്ങളിലേക്ക് സൗജന്യ സഹായങ്ങളോടെ മാറ്റിപ്പാർപ്പിക്കുന്ന പദ്ധതി മമതയുടെ കാലത്തേതാണ്. ടോളിഗഞ്ചിൽ ഇവർക്കായി വീടുകൾ കണ്ടെത്തി. രക്ഷാബന്ധൻ എന്നോ മറ്റോ ആയിരുന്നു പദ്ധതിയുടെ പേര്. ലൈംഗിക തൊഴിലാളികൾ പ്രായമാകുന്നതോടെ തെരുവിൽ ഭിക്ഷ യാചിച്ച് നടക്കുന്നവരായി മാറുന്നത് പതിവാണ്. സോനാഗാച്ചിയിലും കാളിഘാട്ടിലും ഇത്തരക്കാരെ കാണാം. എയ്ഡ്‌സ് രോഗികളായിരിക്കും പലരും. സോനാഗാച്ചി പോല വിപുലമല്ലെങ്കിലും കാളിഘാട്ടിന് അരികിലും ലൈംഗിക തൊഴിലാളി തെരുവുണ്ട്. അവരുടെ കുട്ടികൾ ഇതിലേക്ക് എത്തിപ്പെടുന്ന സ്ഥിതിയുമുണ്ട്. പദ്ധതിയുടെ ലക്ഷ്യം ഈ സാഹചര്യം മാറ്റലായിരുന്നു.

വൃദ്ധരുടേയും കുട്ടികളുടേയും ഭക്ഷണം, താമസം, ചികിത്സ, കുട്ടികൾക്കുള്ള സൗജന്യ നിർബന്ധിത വിദ്യാഭ്യാസം എന്നിവ സർക്കാർ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് വിജയകരമായി നടപ്പാക്കിയോ എന്നറിയില്ല. കോവിഡ് മഹാമാരിയുടെ, അടച്ചിരുപ്പു കാലത്ത് കുമാർതുലിയുടെ സർഗാത്മക ജീവിതരേഖയ്ക്ക് മങ്ങൽ വീണുംകാണും. സോനാഗാച്ചിയുടെ കാര്യം പറയാനുമില്ല. ദാരിദ്ര്യരേഖയുടെ വലുപ്പം കൂടി വരികയാകാം അവിടെയിപ്പോൾ. ആചാരത്തിനായുള്ള നിഷിദ്ധൊപള്ളിയിലെ ഗൃഹങ്ങൾക്ക് മുന്നിലെ മണ്ണെടുപ്പല്ല, ജീവിതത്തിന്റെ പുനരധിവാസത്തിനുള്ള സാമൂഹിക വീണ്ടെടുപ്പാണ് വേണ്ടതെന്ന് ബംഗാളിന്റെ ആവേശ-ആചാര-വിശ്വാസ കമ്മിറ്റിക്കാർ അറിയുന്നുണ്ടാകുമോ? അങ്ങനെ രണ്ടോ നാലോ യാത്രകളിലൂടെ ശോഭബസാർ എന്ന മെട്രോ സ്റ്റേഷന്റെ പരിസരലോകം കണ്ടു, ഹൂഗ്ലിയും അഹിർതൊലയും കുമാർതുലിയും ശ്യാംപുകൂറും ടഗൊറെന്ന ഠാക്കൂറിന്റെ ബാടിയുള്ള ജൊരശങ്കോയുമെല്ലാം മനസ്സിലുണ്ട്. കുമാർതുലിയുടെ ദൈവരൂപങ്ങൾ നിറഞ്ഞ തെരുവുകളിൽ നിന്ന് സോനാഗാച്ചിയിലേക്ക് നീളുന്ന വഴികളുടെ ഓർമ. ​▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments