ലോകമെമ്പാടുമുള്ള കുടിയേറ്റ സമൂഹങ്ങളുടെ വൈവിധ്യത്തെ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ദിവസമായാണ് യു.എൻ പൊതുസഭ അന്താരാഷ്ട്ര കുടിയേറ്റ ദിനമായി (International Migrants Day) ഡിസംബർ 18 ആചരിക്കുന്നത്.
“കുടിയേറ്റക്കാരുടെ സംഭാവനകളെ ആദരിക്കുക, അവരുടെ അവകാശങ്ങളെ മാനിക്കുക” (Honouring the Contributions of Migrants and Respecting their Rights) എന്നതാണ് 2024- ലെ അന്താരാഷ്ട്ര കുടിയേറ്റ ദിനത്തിന്റെ പ്രമേയം. കുടിയേറ്റത്തിന്റെ പശ്ചാത്തലമോ കാരണങ്ങളോ പരിഗണിക്കാതെ എല്ലാ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും അവകാശങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഈ ദിവസം ഊന്നിപ്പറയുന്നു.
കുടിയേറ്റ തൊഴിലാളികളെ പ്രശ്നക്കാരും ഭയപ്പെടേണ്ടവരുമായി ചിത്രീകരിച്ച് അന്യവൽക്കരണം (Alienation) മാധ്യമ ആഖ്യാനങ്ങളിൽ നടക്കുന്നുണ്ടോ? ‘ഭായി’മാർ നമ്മുടെ തൊഴിൽ - സാമ്പത്തിക മേഖലകൾക്ക് നൽകുന്ന സംഭാവനകൾ ശരിയായ വിധം മാധ്യമങ്ങളിൽ ആഖ്യാനിക്കപ്പെടുന്നുണ്ടോ? അന്താരാഷ്ട്ര കുടിയേറ്റ ദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മാധ്യമങ്ങളിൽ എങ്ങനെയാണ് നമ്മുടെ അന്തർ സംസ്ഥാന തൊഴിലാളികളെ ആഖ്യാനം ചെയ്യുന്നത് എന്ന് പരിശോധിക്കുകയാണ് ഇത്തവണ ‘ന്യൂസ് ബിന്നി’ൽ.
നമ്മുടെ രാജ്യത്തിന് കുടിയേറ്റത്തിന്റെ നീണ്ട ചരിത്രമുണ്ട്. അന്താരാഷ്ട്ര തലത്തിൽ കുടിയേറ്റത്തിലെ വർദ്ധനവ് അതത് രാജ്യങ്ങളിൽ നിലനിൽക്കുന്ന കടുത്ത അസ്ഥിരത (severe instability), സാമ്പത്തിക പ്രതിസന്ധി - സംഘർഷങ്ങൾ (economic crisis or conflict), ജനസംഖ്യാപരമായ മാറ്റങ്ങൾ (demographic change) തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണെന്ന് World Migration Report, 2020 വ്യക്തമാക്കുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അവിദഗ്ധരും അർദ്ധ വൈദഗ്ധ്യമുള്ളവരുമായ (unskilled and semi-skilled labourers) തൊഴിലാളികൾ കേരളത്തിലേക്ക് വരുന്നതായും പശ്ചിമ ബംഗാൾ, ബീഹാർ, ഒഡീഷ, ഉത്തർപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം കുടിയേറ്റക്കാർ സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്നും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എപ്ലോയിമെന്റ് (KILE) നടത്തിയ ‘INTER-STATE MIGRANT WORKERS IN KERALA’ A Study on Their Work and Life’ എന്ന പഠനത്തിൽ വിശദീകരിക്കുന്നുണ്ട്. KILE നടത്തിയ ഈ പഠനത്തെ ഒരു പ്രാധാന റഫറൻസ് സോഴ്സായി ലേഖനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
Interstate Migrant Policy Index- 2019 (IMPEX 2019) അടിസ്ഥാനമാക്കി 100- ൽ 62 സ്കോർ നേടി കുടിയേറ്റ സൗഹൃദ പോളിസികളിൽ (migrant friendly policies) കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ചില മേഖലകളിൽ നമ്മുക്ക് ഗണ്യമായ പുരോഗതി ആവശ്യമാണെന്നും IMPEX- 2019 റിപ്പോർട്ടിൽ പറയുന്നു. ഈ പശ്ചാത്തലത്തിലും അന്തർ സംസ്ഥാന തൊഴിലാളികളെ പറ്റിയുള്ള മാധ്യമ ആഖ്യാനങ്ങൾ പരിശോധിക്കേണ്ടതിന് സവിശേഷ പ്രാധാന്യമുണ്ട്.
Percentage of Inter State Migrants in Kerala (Source: KILE Report):
ഗൂഗിൾ ന്യൂസ് ഡാറ്റ ബേസിൽ നിന്ന് 2020 - 2024 കാലയളവിൽ ലഭിച്ച 30 ഓൺലൈൻ വാർത്താ റിപ്പോർട്ടുകളാണ് വിശകലനം ചെയ്യുന്നത്. ഇവയിൽ ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്. ‘Migrant Labourers in Kerala’ എന്ന താക്കോൽവാക്ക് (Keyword) ഉപയോഗപ്പെടുത്തിയാണ് സെർച്ച് നടത്തിയത്. ‘അന്തർ സംസ്ഥാന തൊഴിലാളികളെ ഒറ്റപ്പെടുത്തുന്ന (Marginalize), അന്യവൽക്കരിക്കുന്ന (Alienate) മാധ്യമ ആഖ്യാനങ്ങൾ’, ‘അന്തർ സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള പോസറ്റീവ് മാധ്യമ ആഖ്യാനങ്ങൾ’, ‘അന്തർ സംസ്ഥാന തൊഴിലാളികളെ ഉൾക്കൊള്ളുന്ന (Inclusive) മാധ്യമ ആഖ്യാനങ്ങൾ’, ‘തൊഴിൽ - സാമ്പത്തിക മേഖലയ്ക്ക് അന്തർ സംസ്ഥാന തൊഴിലാളികൾ നൽകുന്ന സംഭാവനകൾ’, ‘അന്തർ സംസ്ഥാന തൊഴിലാളികൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികൾ’ എന്നീ വിശകലന വിഷയങ്ങളിൽ (Theme of Analysis) ഊന്നിയാണ് അന്തർ സംസ്ഥാന തൊഴിലാളികളെ പറ്റിയുള്ള മാധ്യമ റിപ്പോർട്ടുകളുടെ നറേറ്റീവ് പരിശോധിക്കുന്നത്.
അന്തർ സംസ്ഥാന തൊഴിലാളികളെ ‘ഒറ്റപ്പെടുത്തുന്ന’ മാധ്യമ ആഖ്യാനങ്ങൾ
മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (Migrant labourers hit the streets in Kerala's Paippad defying lockdown, 10.12.20), അതിഥി തൊഴിലാളികളെ ‘ഒറ്റപ്പെടുത്തുന്ന’ ആഖ്യാനമുണ്ട്. ‘Migrant labourers hit the streets’ എന്ന തലക്കെട്ട് പ്രയോഗത്തിൽ ‘ഭായിമാർ പ്രശ്നക്കാരാണെന്നും, അവരെ നമ്മൾ ഒറ്റപ്പെടുത്തണമെന്നും’ പ്രഖ്യാപിക്കുന്നതിന് സമാനമായ അർഥമുണ്ട്. എന്തിനാണ് അന്തർ സംസ്ഥാന തൊഴിലാളികൾ ലോക്ക്ഡൌൺ ലംഘിച്ച് തെരുവിലിറങ്ങിയത്? ആ കാരണത്തിന് വലിയ ഇടം വാർത്തയിൽ ഇല്ലാതെ പോയത് പരിശോധിക്കപ്പെടേണ്ടതാണ്. (https://www.onmanorama.com/news/kerala/2020/03/29/kerala-migrant-labourers-protest-defying-lockdown-paippad).
ആലുവയിൽ അഞ്ചു വയസ്സുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി റേപ്പ് ചെയ്ത് കൊന്ന കേസിനുശേഷം അന്തർ സംസ്ഥാന തൊഴലാളികൾക്കെതിരെ ശത്രുത വർദ്ധിച്ചതായും ഇവർ നടത്തുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിക്കുന്നതായും നിരീക്ഷണങ്ങൾ പ്രബലമാണ്. എന്നാൽ ഈ നിരീക്ഷണങ്ങളെ പിന്തുണക്കുന്ന തെളിവുകളൊന്നുമില്ലെന്നാണ് കുടിയേറ്റ അവകാശ പ്രവർത്തകനെ ഉദ്ധരിച്ച് ദ ക്വിന്റ് ഓൺലൈൻ റിപ്പോർട്ട് പറയുന്നത് ('Kerala Achha Hai': Under Scrutiny, Migrant Workers Face Tough Perception Battle, 14.11.23). ബംഗാളിലെ ബർദ്വാൻ ജില്ലയിൽ നിന്നുള്ള അക്തർ, ഗുവാഹത്തിയിൽ നിന്നുള്ള നഗ്മ എന്നിവരുടെ അനുഭവങ്ങളുടെ ആഖ്യാനത്തിലാണ് ഈ റിപ്പോർട്ട് പുരോഗമിക്കുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾ ‘നിയമവിരുദ്ധ പ്രവർത്തനം’ നടത്തുന്നുവെന്നാരോപിച്ച് നാട്ടുകാർ സദാചാര പോലീസ് ചമഞ്ഞ് തൊഴിലാളികൾക്കെതിരെ വലിയ അക്രമണം നടത്തുന്നതായി പറയുന്ന ബദൽ മാധ്യമ ആഖ്യാനം (Alternative Media) ഒരുതരത്തിൽ ആശ്വാസകരമാണ്. ‘അന്തർ സംസ്ഥാന തൊഴിലാളികൾക്കൊപ്പം’ നിൽക്കുന്ന ഇത്തരം ആഖ്യാനങ്ങൾ കുറച്ചുകൂടി അവർ നേരിടുന്ന പ്രശ്നങ്ങളെ Grounded ആക്കുന്നു.
ദ ക്വിന്റ് ഓൺലൈൻ പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയിൽ (Guests to Suspects? Why 'Criminalising' Migrant Workers Would Only Harm Kerala, 29.08.23), എന്തുകൊണ്ടാണ് അന്തർ സംസ്ഥാന തൊഴിലാളികളെ കുറ്റവാളികളായി ചിത്രീകരിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. ആലുവ കേസിന് മുമ്പുതന്നെ അന്തർ സംസ്ഥാന തൊഴിലാളികളെ സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്നത് വ്യാപകമായിരുന്നുവെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
( https://www.thequint.com/south-india/kerala-migrant-workers-criminalisation-harmful )
കുറവാണ്, പോസറ്റീവ് മാധ്യമ ആഖ്യാനങ്ങൾ
'തൊഴിലുടമകൾ വാഗ്ദാനം ചെയ്യുന്ന ഏത് ജോലിയും ഞങ്ങൾ ചെയ്യുന്നു' എന്ന മനോഭാവം അന്തർ സംസ്ഥാന തൊഴിലാളികൾക്ക് തുടർച്ചയായ തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ഈ മനോഭാവം പ്രാദേശിക തൊഴിലാളികളിൽ നിന്ന്, പ്രത്യേകിച്ച് യൂണിയനുകൾ ശക്തമായ മേഖലയിൽ, നിന്ന് അന്തർ സംസ്ഥാന തൊഴിലാളികൾക്കെതിരെ പ്രക്ഷോഭം ക്ഷണിച്ചുവരുത്തുന്നതായും മൈത്രി പ്രസാദും അലിയമ്മയും നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു. മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (159 migrant labourers accused in criminal cases in Kerala between 2016-2022, 30.07.23), 2016നും 2022 ഒക്ടോബറിനുമിടയിൽ 159 അന്തർ സംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തുടനീളം വിവിധ കൊലപാതക കേസുകളിൽ പ്രതികളാണെന്ന് പറയുന്നു. പക്ഷെ എവിടെ നിന്നാണ് ഈ കണക്കെന്ന് റിപ്പോർട്ടിൽ എവിടേയും പറയുന്നില്ലെന്നത് നല്ല ജേണലിസം പ്രാക്ടീസായി തോന്നുന്നില്ല. ഇത്തരം റിപ്പോർട്ടുകൾ അതിഥി തൊഴിലാളികൾക്ക് തീർത്തും നെഗറ്റീവായ ഇമേജാണ് നൽകുന്നത്.
Scroll.in ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (From Odisha to Kerala, a bus of climate migrants, 10.05.23), കാലാവസ്ഥാ വ്യതിയാനം (Climate Change) എങ്ങനെയാണ് കേരളത്തിലേക്കുള്ള കുടിയേറ്റത്തിന് കാരണമാകുന്നതെന്ന വ്യത്യസ്തമായ വാർത്താ ആംഗിൾ Empirical സോഴ്സുകളിലൂടെയാണ് ആഖ്യാനിച്ചിരിക്കുന്നത്. കുടിയേറ്റത്തെയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളേയും ഗൗരവകരവും അന്തർവൈജ്ഞാനികവും (Interdisciplinary problem) അക്കാദമിക സ്വഭാവമുള്ള പ്രശ്നവുമായാണ് സമീപിച്ചിരിക്കുന്നതെന്നത് റിപ്പോർട്ടിനെ മികച്ചതാക്കുന്നു. ഇത്തരത്തിലുള്ള റിപ്പോർട്ടിങ് സമീപനം കുടിയേറ്റക്കാരുടെ പ്രശ്നങ്ങളെ (Migrant Issues) വളരെയധികം യാഥാർത്ഥ്യ ബോധത്തോടെ അവതരിപ്പിക്കുന്നതിന് സഹായിക്കുമെന്ന് തോന്നുന്നു.
ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ നിന്ന് (Kendrapara district) കേരളത്തിലെ എറണാകുളം ജില്ലയിലേക്ക് ഒരു ബസിൽ 2,000 കിലോമീറ്റർ സഞ്ചരിച്ച തൊഴിലാളികളിലൂന്നിയാണ് റിപ്പോർട്ട്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിചെയ്യുന്ന ഒഡീഷയിലെ സുദർശന്റെ അനുഭവത്തിലാണ് റിപ്പോർട്ട് പുരോഗമിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകങ്ങളിലൊന്നായ കടൽവെള്ളം ഉയരുന്നത് (Sea level rise) ഒഡീഷയിലെ പല ഗ്രാമങ്ങളേയും തുടച്ചുനീക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ‘കേരളത്തിൽ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടുള്ള കുടിയേറ്റമല്ല, മറിച്ച് ജീവൻ നിലനിർത്താനായുള്ള പലായനമാണ് ഇവർ നടത്തുന്നതെന്ന്’ റിപ്പോർട്ടിൽ പ്രത്യേകം പറയുന്നു. അന്തർ സംസ്ഥാന തൊഴിലാളികളുടെ അതിജീവനത്തിന്റെ (Resilience of migrants) ഇത്തരം കഥകൾ വളരെ പോസറ്റീവായ സമീപനമായി തോന്നാം.
(https://scroll.in/article/1048724/from-odisha-to-kerala-a-bus-of-climate-migrants)
കേരളം കുടിയേറ്റ സൗഹൃദമോ?
കേരളത്തെ കുടിയേറ്റ സൗഹൃദ സംസ്ഥാനമായി വാഴ്ത്തുന്നുണ്ടെങ്കിലും കുടിയേറ്റക്കാരെ ഉൾക്കൊള്ളുന്ന സാമൂഹിക നയങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന കാര്യത്തിൽ നമ്മൾ ഇനിയും പുരോഗതി കൈവരിക്കാനുണ്ടെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാല നടത്തിയ “Effect of Social Institution and Technological Interventions on Access to Healthcare Among Interstate Migrant Labourers in Kerala” എന്ന തലക്കെട്ടിലുള്ള പഠനത്തിന്റെ പ്രാഥമിക നിരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നത്, ഇത്തരം നയങ്ങളുടെ ഭാഗമായി അർഹതയുള്ള ആനുകൂല്യങ്ങൾ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളിലും എത്തുന്നില്ല എന്നാണ്. സയൻസ് ആൻഡ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡാണ് (SERB 2022-25) ഈ പഠനം നടത്തിയത്.
ദ ഹിന്ദു ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (159 An Inclusve Social Policy for Migrants, 06.07.23) അന്തർ സംസ്ഥാന തൊഴിലാളികൾക്കു വേണ്ടിയുള്ള സാമൂഹിക നയരൂപീകരണത്തിന്റെ പ്രാധാന്യം വിവരിക്കുന്നത് വികസനോത്മുഖ ജേണലിസത്തിന്റെ നല്ല പ്രാക്ടീസാണ്. തിരുവനന്തപുരത്ത് 2023 മെയ് 25 ന് നടന്ന അന്താരാഷ്ട്ര തൊഴിൽ കോൺക്ലേവിലെ (International Labour Conclave) ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇത്തരം നയരൂപീകരണത്തിന്റെ സമഗ്ര സംസ്കാരത്തിലേക്കുള്ള പാത തുറന്നതായി റിപ്പോർട്ടിൽ പറയുന്നു.
( https://www.thehindu.com/opinion/op-ed/an-inclusive-social-policy-for-migrants/article67046798.ece )
സംസ്ഥാനത്തെ എല്ലാ അന്തർ സംസ്ഥാന തൊഴിലാളികൾക്കും വേണ്ടിയുള്ള നിർബന്ധിത രജിസ്ട്രേഷനായി നിയമനിർമ്മാണം നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന തൊഴിൽ മന്ത്രിയുടെ പ്രസ്താവനയിൽ ഊന്നിയുള്ള ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് മറ്റൊരു ഉദാഹരണമാണ് (Kerala: Registration of all migrant workers in the pipeline, 31.07.23). എല്ലാ കുടിയേറ്റ തൊഴിലാളികളുടെയും സമഗ്ര വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന 'അതിഥി' ആപ്പ് പുറത്തിറക്കുമെന്ന പ്രാഖ്യാപനവും റിപ്പോർട്ടിന് Inclusiveness നൽകുന്നു.
(https://www.newindianexpress.com/states/kerala/2023/Jul/31/kerala-registration-of-all-migrant-workers-in-the-pipeline-2600305.html)
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു അന്തർ സംസ്ഥാന തൊഴിലാളിയുടെ മകൻ ശിവരാജ് മോഹിതേയുടെ പത്താം ക്ലാസ് പരീക്ഷയിലെ ഉന്നത വിജയത്തെ പ്രകീർത്തിച്ചുകൊണ്ടാണ് അടുത്ത വാർത്ത. ഇന്ത്യൻ എക്സ്പ്രസ് ഓൺലൈൻ 24.05.24 ന് How a Kerala district helped migrant workers’ kids excel in school എന്ന തലക്കെട്ടിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ ‘റോഷ്നി’ (Project Roshni) പദ്ധതിയുടെ ഭാഗമായാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കൾ ഉന്നത വിജയം നേടിയതെന്നാണ് റിപ്പോർട്ടിലുള്ളത്. സർക്കാർ പദ്ധതികളും സംവിധാനങ്ങളും ‘അന്തർ സംസ്ഥാന തൊഴിലാളികൾക്കൊപ്പം’ എന്ന ഫീൽ ഇത്തരം ആഖ്യാനങ്ങൾ നൽകുന്നുണ്ട്.
അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് ഭാഷാപരമായ തടസ്സങ്ങൾ മറികടക്കാനും അവരുടെ അക്കാദമിക പ്രകടനം മെച്ചപ്പെടുത്താനും പ്രാപ്തരാക്കുകയാണ് എറണാകുളം ജില്ലയിൽ നടപ്പാക്കുന്ന റോഷ്നി പദ്ധതി (Project Roshni) ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിച്ചിരുന്ന പ്രത്യേക ടീമിനെ മാറ്റി വിദ്യാഭ്യാസ വകുപ്പിലേക്ക് പദ്ധതി നടപ്പാക്കൽ കൈമാറ്റം ചെയ്യപ്പെട്ടതോടെ പദ്ധതിയുടെ മുന്നോട്ട്പോക്ക് ഇപ്പോൾ പ്രതിസന്ധയിലാണെന്നാണ് പറയുന്നത്. ദ ഹിന്ദു ഓൺലൈൻ വാർത്തയിൽ ഇത് വ്യക്തമാണ്
മറക്കരുത്, അവരുടെ സംഭാവനകൾ
ന്യൂ ഇന്ത്യ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തയിൽ (Remittances from Kerala make North’s rural pockets rich, 20.11.24), കേരളത്തിലെ തൊഴിൽ - സാമ്പത്തിക മേഖലയ്ക്ക് അന്തർ സംസ്ഥാന തൊഴിലാളികൾ നൽകുന്ന സംഭാവനകൾ പഠനങ്ങളുടെ പിൻബലത്തിൽ ആഖ്യാനിച്ചിരിക്കുന്നത് നല്ല റിപ്പോർട്ടിങ് രീതിയാണ്. വിശകലനം ചെയ്തതിൽ വളരെ ചുരുക്കം വാർത്തകളിൽ മാത്രമാണ് അന്തർ സംസ്ഥാന തൊഴിലാളികളെ കുറിച്ച് ഇത്തരം പോസറ്റീവ് സമീപനം കാണുന്നത്. പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഡോ. ജജതി കേസരി പരിദയും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. രവി രാമനും ചേർന്ന് നടത്തിയ ‘In-migration, Informal Employment and Urbanisation in Kerala’ എന്ന പഠനവും പെരുമ്പാവൂർ ആസ്ഥാനമായ Centre for Migration and Inclusive Development (CMID) നടത്തിയ പഠനവും ഉൾപ്പെടുത്തിയിരിക്കുന്നത് റിപ്പോർട്ടിനെ ആധികാരികമാക്കുന്നു.
ദ ഹിന്ദു ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (Higher wages driving labour migration to Kerala, 16.04.21), എന്തുകൊണ്ടാണ് കേരളത്തിലേക്ക് കൂടുതൽ അന്തർ സംസ്ഥാന തൊഴിലാളികൾ എത്തുന്നത് എന്നതു സംബന്ധിച്ച നിരീക്ഷണങ്ങൾ വിവിരിക്കുന്നുണ്ട്. കൊച്ചി ആസ്ഥാനമായ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് (Centre for Socio-Economic and Environmental Studies) നടത്തിയ പഠനത്തെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഉയർന്ന പ്രതിഫലം, വനിതാ തൊഴിലാളികളുടെ സുരക്ഷ, കേരളത്തിലെ ദ്രുതഗതിയിലുള്ള നഗരവൽക്കരണം, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങൾ, നൈപുണ്യ വികസനത്തിനുള്ള മികച്ച അവസരങ്ങൾ, തൊഴിൽ ചലനാത്മകത എന്നീ ഘടകങ്ങളാണ് കേരളത്തിലേക്കുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ വരവിനെ സ്വാധീനിക്കുന്നതെന്നാണ് പഠനങ്ങളെ ഉദ്ധരിച്ചുക്കൊണ്ട് റിപ്പോർട്ടിൽ പറയുന്നത്.
‘കേരള മോഡൽ’ റിപ്പോർട്ടുകൾ
ദ ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച വാർത്തയിൽ (Unattended and vulnerable: Children of Kerala’s migrant communities face many risks, 09.09.24) അന്തർ സംസ്ഥാന തൊഴലാളികളുടെ ദുരിതപൂർണ്ണമായ ജീവത സാഹചര്യങ്ങൾ തുറന്ന് കാണിക്കാൻ ശ്രമിക്കുന്നു. ഒരു സാമൂഹിക പ്രവർത്തകയുടെ പരിപ്രേക്ഷ്യത്തിലാണ് റിപ്പോർട്ട് സംസാരിക്കുന്നത്. അന്തർ സംസ്ഥാന തൊഴിലാകൾ ജീവിക്കുന്ന മലിനമായ സാഹചര്യങ്ങളും അവരുടെ മക്കൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും റിപ്പോർട്ടിൽ Ground Level സോഴ്സുകളിലൂടെ വെളിവാക്കുന്നു.
അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക് സാമൂഹിക ആരോഗ്യ സുരക്ഷ നൽകുന്ന കേരള മാതൃക വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കുടിയേറ്റ തൊഴിലാളികൾക്കായി സർക്കാർ ആരംഭിച്ച ക്ഷേമ നടപടികൾ പ്രശംസിക്കപ്പെടുമ്പോഴും സാമ്പത്തിക സ്ഥിരതയ്ക്കായി സംസ്ഥാനത്തേക്ക് വരുന്ന കുടിയേറ്റക്കാർ നിരവധി പ്രതിസന്ധികൾ നേരിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ ക്യത്യമായി വിശദീകരിക്കുന്നു (‘Guest’ only in name: Life for migrant workers in Kerala not much better than Aadujeevitham, 22.08.24). ഈ റിപ്പോർട്ടിൽ ആനന്ദ് പനംതോട്ടം ചെറിയാനും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രന്റ്സ് ആൻഡ് ഡെവലപ്മെന്റിലെ (International Institute of Migrants and Development, IMAD) എസ്. ഇരുദയാ രാജനും നടത്തിയ Indian Families – Mediated Migration Trajectories എന്ന പഠനത്തിന്റെ റഫറൻസ് ഉപയോഗപ്പെടുത്തിയിരിക്കുന്നത് മികച്ചതായി തോന്നി.
ഔട്ട് ലുക്ക് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (Migrant Crisis In Kerala, 30.09.2), കോവിഡ് മഹാമാരിയുടെ സമയത്ത് തൊഴലാളി ക്ഷേമത്തിനായി സ്വീകരിച്ച 'ദ കേരള മോഡൽ' റിപ്പോർട്ടിൽ പ്രകീർത്തിക്കുന്നുണ്ട്. എന്നാൽ പല പ്രവർത്തനങ്ങൾക്കുംFollow up ഇല്ലാതെ പോയതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
(https://www.outlookindia.com/national/the-guest-worker-crisis-magazine-274725)
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് 0.23 ദശലക്ഷം കുടിയേറ്റക്കാർ (Migrants) വർഷത്തിൽ വരുന്നുണ്ടെന്ന് 2013- ലെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) നടത്തിയ പഠനം സൂചിപ്പിക്കുന്നുണ്ട്. 2024-ലെ കേരള ആസൂത്രണ ബോർഡ് റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 34 ലക്ഷം പേർ അന്തർ സംസ്ഥാന തൊഴിലാളികളാണുള്ളതെന്നും പറയുന്നു. ഇത്തരത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് കുറെ പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും കേരളത്തിലെത്തുന്ന തൊഴിലാളികളുടെ ക്യത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ന്യൂ ഇന്ത്യ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നത് (‘Learning from Kerala and Bengal on migrant workers’, 31.01.24). 2011-ലാണ് ഇത് സംബന്ധിച്ച അവസാന സെൻസസ് നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കുടിയേറ്റത്തിന്റെ വലിയ ചരിത്രമുള്ള ഒരു സംസ്ഥാനമെന്ന നിലയിൽ, അന്തർ സംസ്ഥാന തൊഴിലാളികളോട് ജനാധിപത്യപരവും സമഗ്രവുമായ സമീപനം സ്വീകരിക്കേണ്ടത് കേരളത്തിന് അനിവാര്യമാണ്. 1979-ൽ തന്നെ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ നിയമം (The Inter-State Migrant Workmen (Regulation of Employment and Conditions of Service) Act, 1979) നമ്മൾ നടപ്പാക്കിയിരുന്നു. എന്നാൽ ഈ നിയമം പ്രായോഗികമായി നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിലേക്കുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ തൊഴിൽ, ജീവിത സാഹചര്യങ്ങളിൽ അഭികാമ്യമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് കുമാർ (2017) തന്റെ പഠനത്തിൽ നിരീക്ഷിക്കുന്നു. എന്നാൽ ഇപ്പോഴും പ്രായോഗിക തലത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾ വേതന നിരക്കിലെ അസമത്വവും ദൈനംദിന വരുമാനം നേടുന്നതിൽ ബുദ്ധിമുട്ടും നേരിടുന്നതായി Narayana Venkiteswaran, Joseph M.P (2013) എന്നിവരുടെ പഠനം വ്യക്തമായി പറയുന്നുണ്ട്.
കുടിയേറ്റവുമായി ബന്ധപ്പെട്ട സൂക്ഷ്മതകളും സങ്കീർണതകളും തിരിച്ചറിഞ്ഞുകൊണ്ടുള്ള മാധ്യമ ആഖ്യാനങ്ങളാകണം ഈ വിഷയത്തെ കൂടുതൽ സന്തുലിതമാക്കുന്നതിന് സഹായിക്കുക. എന്നാൽ ഇവിടെ അന്തർ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച ചർച്ചകളെ നെഗറ്റീവായതും തീർത്തും ലളിതവൽക്കരിക്കപ്പെട്ടതുമായ ആഖ്യാനങ്ങളിലേക്ക് മാധ്യമങ്ങൾ ഒതുക്കുകയാണ്. ഇത്തരം ധ്രുവീകരണ (Poliarized) സ്വഭാവമുള്ള മാധ്യമ വ്യവഹാരങ്ങൾ ഇത്തരം തൊഴിലാളികളെ തീർത്തും ‘അന്യരാക്കുകയും’ ‘ഒറ്റപ്പെടുത്തുകയും’ ചെയ്യുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
Migrant-Rights.org എന്ന പ്ലാറ്റ്ഫോം, ഗൾഫ് മാധ്യമങ്ങളിൽ എങ്ങനെയാണ് കുടിയേറ്റ തൊഴിലാളികളുടെ നെഗറ്റീവ് ചിത്രീകരണം നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമകാരികളായി കുടിയേറ്റ തൊഴിലാളികളെ ചിത്രീകരിക്കുക, അവരുടെ രൂപത്തെ പരിഹസിക്കുക (Body Shaming), അവരുടെ വ്യക്തിത്വത്തെ ദുർബലപ്പെടുത്തുന്ന സ്റ്റീരിയോടൈപ്പിങുകൾ നടത്തുക എന്നിവ അവരുടെ പാർശ്വവൽക്കരണത്തിനും നിലനിൽപ്പിനും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നയായി നേരത്തെ സൂചിപ്പിച്ച പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കുടിയേറ്റക്കാരെക്കുറിച്ചുള്ള സോഷ്യൽ മീഡിയ വിവരണങ്ങൾ പലപ്പോഴും അവരെ ധ്രുവീകരിക്കപ്പെടുത്തുന്നതാണെന്ന് Leurs, et al., (2020) എന്നിവരുടെ പഠനത്തിൽ വ്യക്തമാണ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ സർവ്വവ്യാപിയായി മാറിയിരിക്കുന്നതിനാൽ എങ്ങനെയാണ് ഇവ അന്തർ സംസ്ഥാന തൊഴിലാളികളെ ചിത്രീകരിക്കുന്നതെന്നത് അന്വേഷിക്കുന്നതും അനിവാര്യമാണ്.
മാധ്യമ റിപ്പോർട്ടിങ്ങുകളെ വിശകലനം ചെയ്യുന്ന NEWS BIN കോളത്തിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം
▮
References:
Irudaya Rajan, S and K C Zachariah, 2020. New Evidences from the Kerala Migration Survey, 2018. Economic and Political Weekly Vol. 55 Issue No.4, January 2020. ISSN – 0012-997.
Kerala Institute of Labour and Employment (KILE), 2020. ‘Inter-state migrant workers in kerala’ A study on their work and life. Kerala Institute of Labour and Employment (KILE), Government of Kerala, Thiruvananthapuram.
Kumar, Dr.B.Pradeep (2016), ‘Contours of Internal Migration in India: Certain Experiences from Kerala’, MPRA Paper No. 80586; https://mpra.ub.uni-muenchen.de/80586.
Narayana, D., Venkiteswaran, C. S. Joseph, M. P. ( 2013). Study of Domestic Migrant Labour in Kerala., Department of Labour and Rehabilitation, Government of Kerala.
Prasad, M. 2016. “Migration and Production of Space: Labour, Capital and the State in Kerala, India.”Unpublished PhD thesis, Centre for Development Studies, Thiruvananthapuram/ Jawaharlal Nehru University, New Delhi.
Science and Engineering Research Board (SERB 2022-25) study titled “Effect of Social Institution and Technological Interventions on Access to Healthcare Among Interstate Migrant Labourers in Kerala” conducted by the Mahatma Gandhi University.
Online Links:
https://www.ilo.org/publications/media-representation-women-migrant-workers-critical-look
https://www.migrant-rights.org/2017/09/gulf-media-continues-to-normalise-abuse-of-domestic-workers/
https://www.openicpsr.org/openicpsr/project/115789/version/V3/view