NEWS BIN- 2
ചിലപ്പോൾ മനുഷ്യത്വരഹിതമായ വ്യാഖ്യാനങ്ങൾക്കുകൂടി ഇടം നൽകുന്ന പ്രശസ്തമായ വാക്യമാണ്, ‘If it Bleeds, It leads’ എന്നത്. അതായത്, മനുഷ്യജീവനുകൾ നഷ്ടപ്പെടുന്ന, ചോര തളം കെട്ടികിടക്കുന്ന, ഞെട്ടിക്കുന്ന, അനിതരസാധാരണമായ സംഭവങ്ങൾക്ക് വലിയ ബ്രേക്കിംഗ് കവറേജും തുടർച്ചയായ ഫോളോ അപ്പ് വാർത്തകളും ലഭിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ലഭിച്ച വലിയ മാധ്യമ കവറേജിന്റെ പശ്ചാത്തലത്തിൽ ഈ വാക്യത്തെ പുനർവിചിന്തനം (Deconstruct) ചെയ്യേണ്ടതിന്റെ സവിശേഷ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു. കാരണം, വയനാട് ദുരന്തത്തിന് ‘പ്രകൃതിദുരന്തം’ (Natural Disaster) എന്ന പ്രബല ആഖ്യാനത്തിലൂന്നിയുള്ള കവറേജാണ് നമ്മുടെ മാധ്യമങ്ങൾ നൽകിയിരിക്കുന്നത്. കവറേജിൽ മനുഷ്യനിർമ്മിത (Human Induced) ദുരന്തമെന്ന ആഖ്യാനം തീർത്തും ഇല്ലാതായി പോയിട്ടുണ്ടോ? ദുരന്തക്കാഴ്ച്ചകൾ വെറും ‘കാർണിവൽ’ കാഴ്ച്ചകളായോ (Carnival Spectacle) ‘വാണിജ്യവൽക്കരിക്കുന്ന’ കാഴ്ച്ചകളായോ (Commercialized Spectacle) മാത്രം ചുരുങ്ങി പോയിട്ടുണ്ടോ? വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ലഭിച്ച മാധ്യമ കവറേജിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദുരന്ത റിപ്പോർട്ടിങിന്റെ (Disaster Reporting) ആഖ്യാനവും മെച്ചപ്പെടേണ്ട മേഖലകളും (Narrative) വിശകലനം ചെയ്യാം.
വയനാട്ടിലെ ‘ഉരുൾപൊട്ടൽ ദുരന്തകഥകൾ’ (Disaster Stories) ദുരന്തത്തിന്റെ മാത്രം കഥകളല്ല. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശങ്ങൾ, ടൂറിസം, സമ്പദ് വ്യവസ്ഥ എന്നിവയുൾപ്പെടെ നിരവധി മുഖ്യധാരാ പ്രശ്നങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, പൊളിറ്റിക്കൽ റിപ്പോർട്ടിങ്, സ്പോർട്സ് റിപ്പോർട്ടിങ്, ബിസിനസ് റിപ്പോർട്ടിങ് തുടങ്ങിയ മേഖലകളെ പോലെ പ്രത്യേക വൈദ്ഗ്ദ്യം വേണ്ട റിപ്പോർട്ടിങ് മേഖല തന്നെയാണ് ഡിസാസ്റ്റർ റിപ്പോർട്ടിങ്. വയനാട് ദുരന്തം സംഭവിച്ച അടുത്ത നാളുകളിൽ വലിയ മാധ്യമശ്രദ്ധയും കവറേജും ലഭിച്ചു, എന്നാൽ പിന്നീടങ്ങോട്ട് താൽപര്യം കുറയുകയും മാധ്യമങ്ങൾ പിന്മാറുകയും ചെയ്യുന്നുണ്ടോ?
ഈ സാഹചര്യത്തിൽ, പ്രകൃതിദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ വാർത്താമാധ്യമങ്ങൾക്കായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ എത്ര മാധ്യമപ്രവർത്തകർ ഈ SOP ഡോക്യുമെന്റിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ട് എന്നതുതന്നെ സംശയമാണ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 2021 സപ്തംബർ 25ന് നൽകിയ നിർദ്ദേശമനുസരിച്ചാണ് പ്രസ് കൗൺസിൽ ഇത് തയ്യാറാക്കിയിരിക്കുന്നത്.
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വലിയൊരു ശതമാനം വാർത്താറിപ്പോർട്ടുകളും ഉപരിപ്ലവമായ അറിവ് നൽകുമ്പോൾ തന്നെ വാർത്താചിത്രങ്ങൾ നിറച്ചുള്ള വൈകാരിക ആഖ്യാനത്തിന് വലിയ രീതിയിൽ ശ്രമിക്കുന്നതായും കാണാം.
2021 സെപ്റ്റംബർ 23- ന് പ്രമുഖ ഒഡീഷ പ്രാദേശിക വാർത്താചാനലായ ഒ.ടി.വൈയിലെ (OTY) ചീഫ് റിപ്പോർട്ടർ അരിന്ദം ദാസ് (Arindam Das) ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്യുന്നതിനിടെ മഹാനദിയിൽ ദാരുണമായി മുങ്ങിമരിച്ച സംഭവമാണ് ഈ ഡിസാസ്റ്റർ റിപ്പോർട്ടിങ് മാർഗ്ഗരേഖ പുറത്തിറക്കാൻ കാരണമായി പറയുന്നത്.
ഗൂഗിൾ ന്യൂസ് ഡാറ്റ ബേസിൽ നിന്ന് 2024 ജൂലൈ 30 മുതൽ ഒക്ടോബർ 15 വരെ ലഭിച്ച മുപ്പതിലധികം ഓൺലൈൻ വാർത്താ റിപ്പോർട്ടുകളാണ് ഇവിടെ വിശകലനം ചെയ്യുന്നത്. ‘Wayand Landslide’ എന്ന താക്കോൽവാക്ക് (Keyword) ഉപയോഗപ്പെടുത്തിയാണ് സെർച്ച് നടത്തിയത്. ഗുണാത്മക ഉള്ളടക്ക വിശകലനരീതിയാണ് (Qualitative Content Analysis) അവലംബിച്ചിരിക്കുന്നത്.
‘മുഖ്യ വാർത്താ ഉറവിടം’ (Prime News Source), ‘അതിജീവനം’ (Resilience), മാനസികാരോഗ്യ പ്രശ്നങ്ങൾ’ (Mental Health Issues), ‘വാർത്താ ചിത്രങ്ങളുടെ ഉപയോഗം’ (Use of News Photographs), ‘ഡാറ്റ ജേണലിസം’ (Data Journalism), ‘രക്ഷാപ്രവർത്തനം’ (Rescue Activity) എന്നീ വിശകലന വിഷയങ്ങളിലൂന്നി (Theme of Analysis) ഡിസാസ്റ്റർ മാധ്യമ റിപ്പോർട്ടുകളുടെ നറേറ്റീവ് പരിശോധിക്കാൻ ശ്രമിക്കുകയാണ്.
ജനങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ വിവര സ്രോതസ്സാകണം ഡിസാസ്റ്റർ റിപ്പോർട്ടുകൾ. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനും വിഭവസമാഹരണത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും ബഹുജന മാധ്യമങ്ങൾക്ക് കഴിവുണ്ടെന്ന് മിഷേൽ ഉകോനുവിന്റെയും കൂട്ടരുടെയും (micheal ukonu et al, 2012) പഠനത്തിൽ പറയുന്നു.
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വലിയൊരു ശതമാനം വാർത്താറിപ്പോർട്ടുകളും ഉപരിപ്ലവമായ അറിവ് നൽകുമ്പോൾ തന്നെ വാർത്താചിത്രങ്ങൾ നിറച്ചുള്ള വൈകാരിക ആഖ്യാനത്തിന് വലിയ രീതിയിൽ ശ്രമിക്കുന്നതായും കാണാം. എന്നാൽ വിശകലനത്തിൽ, വയനാട് ദുരന്തത്തിന്റെ കവറേജിൽ മോംഗാബേ (Mongabay.com), ഡൗൺ ടു എർത്ത് (Down to earth), ഫ്രണ്ട് ലൈൻ (Frontline) എന്നീ പ്ലാറ്റ്ഫോമുകളുടെ ഓൺലൈൻ റിപ്പോർട്ടുകൾ ആഴത്തിലുള്ള ശാസ്തീയ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതാണ്. ഈ പ്ലാറ്റ്ഫോമുകളിലെ ജേണലിസ്റ്റുകൾക്ക് ഇത്തരം വിഷയങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിക്കുന്നതായി തോന്നി.
മോംഗാബേ പ്രസിദ്ധീകരിച്ച ലേഖനം (Lesson from Wayanad: State needs disaster mitigation rather than a disaster management strategy, 2024 ആഗസ്റ്റ് രണ്ട്), 2020-ൽ 66 പേരുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്തത്തിന്റെയും 2019-ൽ 46 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തത്തിന്റെയും 11 പേരുടെ മരണത്തിനിടയാക്കിയ പുത്തുമല ദുരന്തത്തിന്റെയും കാൻവാസിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട ദുരന്ത ലഘുകരണ (Disaster Mitigation) പ്ലാനുകളെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. യുഎസ് ആസ്ഥാനമായ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംരക്ഷണ, പരിസ്ഥിതി ശാസ്ത്ര വാർത്താപ്ലാറ്റ്ഫോമാണ് മോംഗാബേ.
ഡൗൺ ടു എർത്ത് (Down To Earth) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Wayanad district is highly vulnerable to disaster — Data and history are testament, ആഗസ്റ്റ് രണ്ട്), മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സുസ്ഥിരമല്ലാത്ത ഭൂവിനിയോഗരീതികൾ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകൾ വയനാട്ടിൽ വർദ്ധിപ്പിക്കുമെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പിൽ ഊന്നൽ നൽകിയുള്ള ശാസ്ത്രീയ സ്വഭാവമുള്ള ആഖ്യാനമാണ് നൽകിയത്. വിഷയവിദഗ്ധരായ ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങൾ ശേഖരിച്ചും ഡാറ്റാ ജേണലിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയുമാണ് രണ്ട് വാർത്താ റിപ്പോർട്ടുകളും ആധികാരികവും ശാസ്ത്രീയവുമായി മാറിയത്. ഡിസാസ്റ്റർ റിപ്പോർട്ടിങിൽ ഇത് മാതൃകയാക്കാവുന്ന ശൈലിയായി തോന്നുന്നു.
ഇതേ പാത പിന്തുടരാൻ ശ്രമിക്കുന്ന റിപ്പോർട്ടാണ് ഫ്രണ്ട് ലൈൻ (Frontline) നൽകിയത്. (Wayanad landslides: When nature rewrote the map, ആഗസ്റ്റ് 17) നോർമൽ ഫീച്ചർ സ്റ്റൈലിൽ, ‘This was Mundakkai, murmurs a rescue volunteer, pointing towards his right…. എന്ന് തുടങ്ങുന്നതാണ് ഈ റിപ്പോർട്ട്. പക്ഷേ പിന്നീട് വളരെ സീരിയസായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സൂചിപ്പിക്കുകയും ഗാഡ്ഗിൽ റിപ്പോർട്ട് പരാമർശിക്കാതെ മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. നിരവധി അക്കാദമിക പഠനങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നതും നല്ല ശൈലിയായി തോന്നി. വയനാട്ടിലെ ഉരുൾപൊട്ടൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു വിനാശകരമായ ഉദാഹരണമാണെന്ന ലണ്ടനിലെ ഇംപീരിയൽ കോളേജിലെ Grantham Institute- Climate Change and the Environment ഗവേഷകയും പഠനത്തിന്റെ രചയിതാക്കളിൽ ഒരാളുമായ മറിയം സക്കറിയയുടെ (Mariam Zachariah) പ്രസ്താവന റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് ഉദാഹരണമാണ്.
ഇനി എന്ത് ചെയ്യാൻ സാധിക്കും? എന്ന ആംഗിളിലാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്ത (What to Know About the Deadly Landslides in Southern India, ജൂലൈ 31). 2011-ൽ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അന്നത്തെ ചെയർമാനുമായ മാധവ് ഗാഡ്ഗിൽ നടത്തിയ, വയനാടും ചുറ്റുപാടുള്ളതുമായ ഭൂരിഭാഗം ഭൂമിയും പാരിസ്ഥിതികമായി ദുർബലമാണെന്ന ശാസ്ത്രീയാഖ്യാനത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
https://www.nytimes.com/2024/07/31/world/asia/india-kerala-landslides.html
മുകളിൽ സൂചിപ്പിച്ച എല്ലാ റിപ്പോർട്ടുകളിലും കാണാവുന്ന ഒരു പ്രബല ആഖ്യാനം, വയനാട്ടിൽ സംഭവിച്ച ദുരന്തം ‘പ്രകൃതിദുരന്തം’ എന്നതിനേക്കാളുപരി മനുഷ്യനിർമ്മിത ദുരന്തമായി (Human Induced Disaster) കൂടി കാണണം എന്ന് പഠിപ്പിക്കുന്ന ശാസ്ത്രീയ ആഖ്യാനശൈലിയാണ്. ഇത്തരം വിഷയങ്ങളിൽ ഒരുപാട് സാങ്കേതിക പദങ്ങളും (Terminologies), ശാസ്ത്രീയ വിശകലനങ്ങളും ആവശ്യമായി വരുന്നതിനാൽ നിർബന്ധമായും ജേണലിസ്റ്റുകൾ വിഷയവിദഗ്ധരായ ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങൾ ഉറവിടങ്ങളായി നൽകേണ്ടത് അത്യാവശ്യമാണ്. മിനിമം ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോഴെങ്കിലും ജേണലിസ്റ്റുകൾ വിഷയവിദഗ്ധരായ ശാസ്ത്രജ്ഞരോട് സംസാരിക്കണം.
നിരവധിയായ മനോരമ്യ വാർത്തകൾ (Human Interest stories) ദുരന്തമേഖലയിൽ നിന്ന് ലഭിക്കും. എന്നാൽ ഇവിടെയൊന്നും കൂടുതൽ ഇമോഷനലാക്കാൻ ശ്രമിച്ച് മാധ്യമങ്ങൾ യാഥാർത്ഥ്യത്തെ വളച്ചൊടിക്കരുത്.
റിപ്പോർട്ടിങ്ങിലെ
അതിജീവനകഥകൾ
ദുരന്തം നേരിട്ട സമൂഹത്തിന് അനുഭവം പങ്കിടാനും പ്രകൃതിദുരന്തങ്ങളുടെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് വിദഗ്ധർക്ക് ഉൾക്കാഴ്ച നൽകാനും മാധ്യമങ്ങൾ വേദി നൽകുന്നതായി റോബർട്ട് ആർ. ഉൽമറും സംഘവും (Robert R. Ulmer et al, 2007) തങ്ങളുടെ പഠനത്തിൽ വിശദീകരിക്കുന്നു. മാധ്യമ പ്രവർത്തകർ സർക്കാരിനും എൻ.ജി.ഒകൾക്കുമൊപ്പം നിന്ന് ദുരന്ത വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അത് ഡിസാസ്റ്റർ റിപ്പോർട്ടിങിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന നിരീക്ഷണങ്ങളുമുണ്ട്.
സുജാത അനിനചിറയുടേയും (Sujatha Aninachira) കുടുംബത്തിന്റേയും അതിജീവനത്തിന്റെ കഥ വൈകാരികമായും, എന്നാൽ ഒട്ടും ലളിതവൽക്കരിക്കാതെയുമാണ് Livemint.com റിപ്പോർട്ട് ചെയ്തത് (Wayanad landslide: Elephant comes to rescue woman, family; survivors recall ‘tears rolling down’ giant tusker’s eyes, ആഗസ്റ്റ് മൂന്ന്). നൂറുകണക്കിന് ആളുകൾ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത ഉരുൾപൊട്ടൽ സംഭവത്തിൽ ‘പോസിറ്റീവായി ജീവിതത്തിൽ മുന്നോട്ടുപോകണം’ എന്ന് പറയുന്നതുകൂടിയാണ് ഡിസാസ്റ്റർ റിപ്പോർട്ടിങ്. റിപ്പോർട്ടിൽ ഒരിടത്ത് സുജാത പറയുന്നു:
“It was pitch dark, and just half a meter away from us stood a wild tusker. It, too, seemed terrified. I mumbled a plea to the elephant, saying we had just survived a disaster, and asked it to lie down for the night and let someone rescue us’’.
സുജാതയുടെ പോലെ നിരവധിയായ മനോരമ്യ വാർത്തകൾ (Human Interest stories) ദുരന്തമേഖലയിൽ നിന്ന് ലഭിക്കും. എന്നാൽ ഇവിടെയൊന്നും കൂടുതൽ ഇമോഷനലാക്കാൻ ശ്രമിച്ച് മാധ്യമങ്ങൾ യാഥാർത്ഥ്യത്തെ വളച്ചൊടിക്കരുത്. ദുരന്തം മൂലം ‘തുടച്ചുനീക്കപ്പെട്ട’, കുടുംബത്തെ നഷ്ടപ്പെട്ട, അല്ലെങ്കിൽ വലിയ നിർഭാഗ്യങ്ങൾ അനുഭവിച്ച വ്യക്തികളുടെ ദുരവസ്ഥ വിവരിക്കേണ്ടതുതന്നെയാണ്. കാരണം, അത്തരം വ്യക്തികൾ മറ്റ് ഇരകളിൽ നിന്ന് ‘വേറിട്ടു’നിൽക്കുന്നു എന്ന് തോന്നുന്നതിനാലാകാം മാധ്യമങ്ങൾ അവരെ റിപ്പോർട്ട് ചെയ്യുന്നത്.
ദുരന്തറിപ്പോർട്ടിങിൽ ഫോളോ അപ്പ് സ്റ്റോറികൾക്ക് (Follow up news stories) വലിയ പ്രാധാന്യമുണ്ട്. കാരണം, ദുരന്തബാധിതരുടെ ജീവിതം ഇപ്പോൾ എങ്ങനെയാണ്? സഹായം എവിടെ പോകുന്നു, ആർക്കാണ് സഹായം ലഭിക്കുന്നത് തുടങ്ങിയ വിവരങ്ങൾ പ്രധാനമാണ്.
300- ഓളം പേരുടെ മരണത്തിനിടയാക്കിയ വയനാട് ഉരുൾപൊട്ടലിന് രണ്ട് മാസങ്ങൾക്കുശേഷവും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തതിലെ കേന്ദ്ര അനാസ്ഥക്കെതിരെ കൽപ്പറ്റയിൽ പ്രതിഷേധം നടത്തുമെന്ന ന്യൂ ഇന്ത്യൻ എക്സ്പ്രസ് സ്റ്റോറി (Wayanad landslide survivors to launch protest, ഒക്ടോബർ മൂന്ന്) ‘അതിജീവനത്തിനായുള്ള’ ഡിസാസ്റ്റർ റിപ്പോർട്ടിങ് ശൈലിക്ക് ഉദാഹരണമാണ്. പക്ഷേ, ചുരുക്കം മാധ്യമങ്ങളാണ് രണ്ട് മാസത്തിനിപ്പുറം ഇത്തരം ഫോളോ അപ്പ് നടത്തുന്നത്.
മണ്ണിടിച്ചിലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളെ നഷ്ടപ്പെട്ട എട്ട് കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകുമെന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ തുർന്നുള്ള ഡെക്കാൻ ഹെറാൾഡ് വാർത്തയാണ് മറ്റൊരു ഉദാഹരണം (Kerala to urge Centre to expedite Wayanad landslide aid, financial help for orphaned kids announced, ഒക്ടോബർ മൂന്ന്). ഈ വാർത്തയും വിശകലനത്തിൽ കണ്ടെത്തിയ മറ്റൊരു ചുരുക്കം ഫോളോ അപ്പ് വാർത്തകളിൽ ഒന്നാണ്.
ദുരന്തമുഖത്തെ
മാനസികാരോഗ്യ പ്രശ്നങ്ങൾ
പ്രകൃതിദുരന്തത്തിനുശേഷം, ദുരന്തമനുഭവിച്ചവർക്ക് സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം, നിരാശ എന്നിവ താൽക്കാലികമായെങ്കിലും സംഭവിക്കുമെന്ന് ജിം ഇവാൻസ്, സ്കോട്ട് ഹീബർഗർ (Jim Evans, Scott Heiberger- 2016) എന്നിവർ പഠനത്തിൽ വ്യക്തമാക്കുന്നു. ചില പ്രത്യേക ദുരന്തങ്ങളിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ (PTSD) പോലുള്ള മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും American Psychiatric Association (2013) നടത്തിയ ഗവേഷണത്തിലും സൂചിപ്പിക്കുന്നു. അതിനാൽ, ഡിസാസ്റ്റർ മാധ്യമ റിപ്പോർട്ടുകൾ പ്രസ്തുത മാനസികാരോഗ്യ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനും (Mitigating Mental Health Issues) നേരിടുന്നതിനും സഹായിക്കുന്നതു കൂടിയാവണം.
ജൂലൈ 30- ലെ ദുരന്തത്തിന്റെ അനന്തരഫലങ്ങൾ നിരവധിപേരെ വലിയ മാനസിക ഭീതിയിലാക്കിയതായും പലരും വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് ബിസിനസ് ലൈൻ (Some Wayanad landslides-hit areas may be out of bounds forever; survivors pin hope on govt help, ആഗസ്റ്റ് 31) പ്രസിദ്ധീകരിച്ച വാർത്ത. മണ്ണിടിച്ചിലിന്റെ ഭയപ്പെടുത്തുന്ന ശബ്ദവും ദുരന്താനുഭവവും തങ്ങളെ വിഷാദത്തിലേക്ക് നയിക്കാനിടയുണ്ടെന്ന ആഖ്യാനമാണ് നൃത്താധ്യാപികയായ ജിതിക പ്രേം, തയ്യൽക്കട നടത്തിയിരുന്ന രാജേഷ് ടി, ഗുഡ്സ് ഓട്ടോ ഡ്രൈവറായ ഉനൈസ് സി എന്നിവരുടെ പ്രസ്താവനകൾ ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ടിലുള്ളത്.
മണ്ണിടിച്ചിലിൽ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട അവന്തിക പ്രശോബ് എന്ന വിദ്യാർത്ഥിനിയുടെ ഹൃദയഭേദകമായ അനുഭവത്തിലൂന്നിയുള്ള ഡൗൺ ടു എർത്ത് റിപ്പോർട്ടും (06.09.24) ദുരന്തങ്ങളിലെ മാനസികാരോഗ്യപ്രശ്നങ്ങൾ പ്രതിനിധീകരിക്കുന്നതായി തോന്നുന്നു. A month after India’s deadliest landslide ever, Wayanad villages begin to recover എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിന് കൗൺസിലിംഗ് ടെക്നിക്കുകളിൽ അധ്യാപകർക്ക് പരിശീലനം നൽകുന്നുണ്ടെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പ്രസ്താവനയും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് നല്ല ശൈലിയായി തോന്നി.
ഒരു മൊബൈൽ ഫോൺ ഹൃദയത്തോട് ചേർത്തുപിടിച്ച് ഒരു സ്ത്രീ "Have you seen this girl or her body?" എന്ന് ചോദിക്കുന്ന BBC റിപ്പോർട്ടും ദുരന്തമുഖത്തെ മാനസികാരോഗ്യ വിഷയങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. മണ്ണിടിച്ചിലിനെ അതിജീവിച്ച അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ള അമരാവതിയുടെ കഥയും റിപ്പോർട്ടിനെ മികവറ്റുതാക്കുന്നു. ഡിസാസ്റ്റർ റിപ്പോർട്ടിങിലെങ്കിലും മിനിമം Arm Chair Journalism പ്രാക്ടീസ് ഒഴിവാക്കി Ground Zero റിപ്പോർട്ടിങ് നിർബന്ധമാക്കണം. അതിജീവനത്തിന് ഊന്നൽ നൽകുന്ന മാധ്യമ കവറേജ്, പ്രതിസന്ധി ഘട്ടങ്ങളിൽ പൊതുജനങ്ങളുടെ കാഴ്ചപ്പാടിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് ജോൺ സല്ലർ (John Raymond Zaller, 1992) തന്റെ പഠനത്തിൽ നിരീക്ഷിച്ചിട്ടുണ്ട്.
https://www.bbc.com/news/articles/c28e8xnex09o\
ജാഗ്രത വേണം,
വാർത്താചിത്രങ്ങളിൽ…
മാധ്യമ റിപ്പോർട്ടുകൾ കാണുമ്പോൾ ദുരന്തങ്ങൾ ഉത്സവക്കാഴ്ചകളായി (Spectale of Disaster Carnival) മാറുന്നുണ്ടോ എന്നു സംശയിക്കാം. വിശകലനത്തിനായി എടുത്ത എല്ലാ ഓൺലൈൻ- ഡിജിറ്റൽ മാധ്യമ റിപ്പോർട്ടുകളിലും രണ്ടിലധികം വലിയ വലുപ്പത്തിലുള്ള വാർത്താചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിൽ തെറ്റില്ല; കാരണം, 24 മണിക്കൂറും വാർത്താചാനലുകളുടെ ദുരന്തക്കാ കാഴ്ചകൾക്കൊപ്പം പിടിച്ചുനിൽക്കേണ്ടതുണ്ട്. ഇവിടെയാണ് മിഖായേൽ ബഖ്തിന്റെ (Mikhail Bakhtin) കാർണിവൽ (‘Carnival’), കാർണിവലസ്ക് (‘Carnivalesque’) എന്നീ ആശയങ്ങൾ പ്രസക്തമാകുന്നത്. റഷ്യൻ സാഹിത്യ നിരൂപകനും തത്വചിന്തകനുമായ മിഖായേൽ ബഖ്തിൻ (1895-1975) Rabelais and His World (1968) എന്ന പുസ്തകത്തിൽ വിവരിച്ച ആശയമാണ് ‘Carnivalesque’. സ്ഥാപിതമായ പരമ്പരാഗത ക്രമങ്ങളേയും ഘടനകളെയും പെരുമാറ്റങ്ങളെയും വെല്ലുവിളിക്കുന്നതും സൃഷ്ടിപരവും വിമർശനാത്മകവുമായ സ്വാതന്ത്ര്യം അനുവദിക്കുന്നതുമായ ഇടത്തെയാണ് ‘കാർണിവൽ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വയനാട്ടിലെ ദുരന്തചിത്രങ്ങൾ ഒരുപാട് നൽകി (Over Exposure) ഒരുതരത്തിൽ മാധ്യമങ്ങൾ ദുരന്തങ്ങളെ പോലും ‘കാർണിവൽ’ കാഴ്ചകളാക്കി ചുരുക്കുന്നുണ്ടോ എന്ന് സംശയിച്ചേക്കാം. ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന ഒരുപാട് പഠനങ്ങൾ ടെലിവിഷൻ ജേണലിസത്തിന്റെ പരിസരത്തിൽ കാണാം. പ്രത്യേകിച്ച്, 9/11 സംഭവത്തിന്റെ കവറേജ് മുതൽ ഇത് സുവ്യക്തമാണ്.
കൂടിയ മീഡിയ എക്സ്പോഷർ (Media Exposure) സെക്കൻഡറി ട്രോമറ്റൈസേഷന്റെ (Secondary traumatization) സാധ്യത വർദ്ധിപ്പിക്കുമെന്നും ആളുകളെ ആകർഷിക്കുന്ന അതേ ഘടകങ്ങൾ യഥാർത്ഥത്തിൽ ദുരന്തം അനുഭവിച്ചവരിലും ആവർത്തിച്ചുള്ള എക്സ്പോഷർ കാരണം ദുരന്തം അനുഭവിക്കാത്ത ആളുകളിലും സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും യുവാൽ നേരിയ, ഗ്രിഗറി എം. സള്ളിവൻ (Yuval Neria , Gregory M Sullivan Neria & Sullivan, 2011) എന്നിവർ പഠനത്തിൽ വിശദീകരിക്കുന്നുണ്ട്. ദുരന്തങ്ങളെ തുടർന്ന് വാർത്തകളിൽ വരുന്ന അസ്വസ്ഥപ്പെടുത്തുന്ന ഇമേജറികളുടെ ആവർത്തിച്ചുള്ള എക്സ്പോഷർ നെഗറ്റീവ് പ്രതിഫലനമുണ്ടാക്കുമെന്ന് ഡോ. റോബ് യംഗും കൂട്ടരും (Dr. Rob Yeung et al., 2018) തങ്ങളുടെ പഠനത്തിലും എടുത്തുപറയുന്നുണ്ട്.
ഡാറ്റയും പറയണം,
കഥകൾ
നമ്മുടെ തലച്ചോറിന് കഥകളോട് താൽപര്യക്കൂടുതലുണ്ട്. ‘ഡാറ്റ’യോട് അത്രക്ക് ഇഷ്ടമില്ല. ചില വായനക്കാർ ഡാറ്റ സ്റ്റോറികൾ കാണുമ്പോൾ തന്നെ കണ്ണ് പിൻവലിക്കും. വായനക്കാർ മാത്രമല്ല ജേണലിസ്റ്റുകളും അങ്ങനെ തന്നെ. ഡാറ്റയിൽനിന്ന് കഥയുണ്ടാക്കാൻ സാങ്കേതിക അറിവും വിശകലനശേഷിയും വേണ്ടതിനാൽ ആ പരിപാടി നമ്മുടെ മാധ്യമ പരിസരത്തിൽ കുറവാണ്.
ദ ഹിന്ദു ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (Wayanad landslides: How two villages vanished overnight, ആഗസ്റ്റ് 16) ISRO സാറ്റലൈറ്റ് ഇമേജുകൾ ഉപയോഗപ്പെടുത്തി സാധാരണ വായനക്കാർക്ക് മനസിലാകുന്ന പോലെ ഡാറ്റ നിരത്തി കഥ പറഞ്ഞിട്ടുണ്ട്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 359 പേരുടെ അന്ത്യകർമം നടത്താൻ 2,76,75,000 രൂപ ആവശ്യമാണെന്ന മനോരമ വാർത്ത (16.09.24) അടക്കമുള്ള ചുരുക്കം റിപ്പോർട്ടുകളിൽ മാത്രമാണ് ഡാറ്റാ ജേണലിസത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, Rs 2.77 crore for funerals: Why has Kerala inflated anticipated relief costs in Wayanad? എന്ന തലക്കെട്ടിൽ മനോരമ പ്രസിദ്ധീകരിച്ച വാർത്തയിൽ കുറച്ചുകൂടി നന്നായി ഡാറ്റക്ക് ദ്യശ്യപരത (Data Visualization) നൽകാമെന്ന് തോന്നി.
ഡിസാസ്റ്റർ റിപ്പോർട്ടിങ്ങും രക്ഷാപ്രവർത്തനവും
ദുരന്ത റിപ്പോർട്ടുകളിൽ രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കുന്ന സർക്കാർ യൂണിറ്റുകൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകണം. മാത്രമല്ല, രക്ഷാപ്രവർത്തന യൂണിറ്റുകളെ പ്രധാന വാർത്താ സോഴ്സായി പരിഗണിക്കുകയും വേണം. ഇന്ത്യൻ എക്സ്പ്രസ് ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ച വാർത്തയിൽ (Wayanad Landslide Highlights: Rescue ops in Chooralmala enter Day 4; death toll goes past 300) വിവിധ രക്ഷാപ്രവർത്തന യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ ചിത്രങ്ങൾ സഹിതം വിവരിക്കുന്നുണ്ട്.
റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ടുകൾ:
കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, പാരിസ്ഥിതിക തകർച്ച, ആഗോള ജനസംഖ്യാ വളർച്ച തുടങ്ങി നിരവധി പ്രശ്നങ്ങളുമായി ഡിസാസ്റ്റർ റിപ്പോർട്ടിങ് ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള മാധ്യമ കവറേജ് അതിശയോക്തിപരവും കൃത്യതയില്ലാത്തതുമായാൽ അത് പൊതുജനങ്ങളുടെ അമിത പ്രതികരണത്തിനും പരിഭ്രാന്തിക്കും (public overreaction and panic) കാരണമാകുമെന്ന് ഫിങ്ക് (Fink, 1986) തന്റെ പഠനത്തിൽ സൂചിപ്പിക്കുന്നു. അതിനാൽ, ഡിസാസ്റ്റർ റിപ്പോർട്ടിങിൽ മാധ്യമ സ്ഥാപനങ്ങൾ തങ്ങളുടെ ജേണലിസ്റ്റുകൾക്ക് പ്രത്യേക പരിശീലനം നൽകാൻ ശ്രമിക്കേണ്ടതാണ്. സംസ്ഥാന സർക്കാരിനോ മീഡിയ അക്കാദമിക്കോ പ്രസ്തുത വിഷയത്തിൽ ശിൽപശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാം.
‘പ്രക്യതി ദുരന്തം’ (Natural Disaster) എന്ന പദം തന്നെ ‘കൃത്യതയില്ലാത്തതും’ ‘ലളിതവുമാണ്’ എന്ന് കണക്കാക്കപ്പെടുന്നതിനാൽ, കൂടുതൽ കൃത്യമായ പദാവലികൾ രൂപപ്പെടുത്തുന്നത് സുതാര്യമായ ഡിസാസ്റ്റർ റിപ്പോർട്ടിങിന് സഹായിക്കും. വായനക്കാർ ദുരന്തസമയത്തെ തങ്ങളുടെ ദൈനംദിന മാധ്യമ ഉപഭോഗത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ആവശ്യമെങ്കിൽ പരിമിതപ്പെടുത്തുക. ഒരു ‘Selective Avoidance of News Strategy’ പിന്തുടർന്നാലും തെറ്റില്ല. സെൻസേഷണലായ തലക്കെട്ടുകളോ ഗ്രാഫിക് ഇമേജറികളോ നൽകുന്നതിൽ മാധ്യമങ്ങളും സവിശേഷശ്രദ്ധ കൊടുക്കണം.
▮
References:
American Psychiatric Association. (2013). Trauma- and Stressor-Related Disorders. In Diagnostic and Statistical Manual of Mental Disorders(5thed.). Washington, D.C.: American Psychiatric Association.
Neria, Y., & Sullivan, G. M. (2011). Understanding the Mental Health Effects of Indirect Exposure to Mass Trauma through the Media. JAMA, 306(12), 1374-1375. https://doi.org/10.1001/jama.2011.1358
Ukonu, M.O., C.S. Akpan and L.I. Anorue, (2012). 'Nigerian newspapers coverage of climate change', New media and mass communication, 5: 22-37.
Ulmer, R.R., T.L. Sellnow and M.W. Seeger, (2007). Effective crisis communication: Moving from crisis to opportunity. Thousand Oaks, CA: Sage Publications.
Yeung, N. C. Y., Lau, J. T. F., Yu, N. X., Zhang, J., Xu, Z., Choi, K. C. ... Lui, W. W. S. (2018). Media exposure related to the 2008 Sichuan Earthquake predicted probable PTSD among Chinese adolescents in Kunming, China: A Longitudinal Study. Psychological Trauma: Theory, Research, Practice, and Policy, 10(2), 253-262.
Zaller, J.R. (1992). The nature and origins of mass opinion. New York: Cambridge University Press. Fink, S. (1986). Crisis management: Planning for the inevitable. New York: American Management Association.