Media is an extension of power, but when we recognise that we become aware of official drivel and understand that the truth is subversive. It always is' - ജേണലിസത്തെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ പില്‍ജറിന്റെ വാക്കുകളാണിത്.
ഒരുപക്ഷേ ലോകത്തെ ഏറ്റവും മനോഹര ജോലികളിലൊന്നായി കണക്കാക്കാവുന്ന തൊഴില്‍ മേഖല, മാധ്യമപ്രവര്‍ത്തനമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്ത ഒരാളാണ് ഇതെഴുതുന്നത്. അത് ജോണ്‍ പില്‍ജര്‍ പറഞ്ഞതുപോലെ മനുഷ്യരെ അറിയാനും അതിനുവേണ്ടി അലയാനും ഇതുപോലെ പറ്റുന്നൊരു പണി വേറെയില്ലെന്ന പ്രിവിലേജും കൂടിയാണ്. ‘ദ ബെസ്റ്റ് അവൈലബിള്‍ വേര്‍ഷന്‍ ഓഫ് ദ ട്രൂത്ത്’ എന്നൊരു പ്രയോഗം ജേണലിസത്തിലുണ്ട്. പക്ഷേ, ട്രൂത്ത് എന്ന വാക്ക് എടുത്തുമാറ്റപ്പെട്ടാൽ പിന്നെയത് ‘അവൈലബിള്‍ ഇന്‍ഫര്‍മേഷന്‍’ എന്ന കനമില്ലാത്ത വിവരത്തിന്റെ ഒരു ചീന്ത് മാത്രമായോ പാതിവെന്ത സത്യമായോ മാത്രം അവശേഷിക്കും എന്നതാണ് അതിന്റെ തന്നെ ‘പ്രോബ്ലമാറ്റിക് ഡിലൈമ’. പലപ്പോഴും മാധ്യമപ്രവര്‍ത്തനം ഭിന്നതരത്തില്‍ അതിന്റെ ആത്യന്തികമായ സത്യവസ്തുതകളില്‍ നിന്ന്, അതായത് അവൈലബിള്‍ വേര്‍ഷന്‍ ഓഫ് ദ ട്രൂത്തില്‍ നിന്ന്, അവൈലബിള്‍ വേര്‍ഷന്‍ ഓഫ് ദ ലൈസ് എന്നോ ഫെയ്ക്ക് എന്നോ വിളിക്കാവുന്ന തരത്തില്‍ വഴിമാറുന്നതും മത്സരാധിഷ്ഠിത കമ്പോള മാധ്യമലോകത്തിന്റെ പോസിബിള്‍ ഫാക്ടറായി നിലനില്‍ക്കുന്നതും കാണാം; പ്രത്യേകിച്ച് പുതിയ സോഷ്യല്‍ മീഡിയ കാലത്ത്.
ഒളിവര്‍ സ്റ്റോണിന്റെ സൗത്ത് ഓഫ് ദ ബോര്‍ഡർ എന്ന ഡോക്യുമെന്ററി സിനിമയുണ്ട്. വെനീസ് മേളയിലടക്കം പ്രശംസ നേടിയ ഡോക്യുമെന്റി. അതിന്റെ പുറകിൽ പ്രവര്‍ത്തിച്ച പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ താരിഖ് അലി പറഞ്ഞ കമന്റ്; ഇതൊരു പൊളിറ്റിക്കല്‍ റോഡ് മൂവിയാണ് എന്നാണ്. അതിനൊരു കാരണമുണ്ട്. പക്ഷേ, അതിനെ വിമര്‍ശിക്കാന്‍ യു.എസ്.- ബ്രിട്ടീഷ് മാധ്യമലോബികള്‍ക്ക് മറ്റൊരു കാരണവുമുണ്ടായിരുന്നു. ന്യൂയോര്‍ക്ക് ടൈംസും വാള്‍ സ്ട്രീറ്റ് ജേണലും അലിയുടേയും സ്റ്റോണിന്റെയും ഹ്യൂഗോ ചാവേസ് അനുകൂലവും യു.എസ്. ഓട്ടോക്രസിയ്‌ക്കെതിരായ മുനയുള്ളതുമായ ഡോക്യുവിനെ വിമര്‍ശിച്ചു. ടെലഗ്രാഫും ഗാര്‍ഡിയനും മയത്തില്‍, മാന്യമായ ഭാഷയില്‍, ‘സംഗതി വാച്ചബിളാണ്, പക്ഷേ…’ എന്ന രീതിയിലും വിമര്‍ശനമൊഴിവാക്കാതെ പറഞ്ഞുവെച്ചു. എന്നാല്‍ എന്തുകൊണ്ട് സൗത്ത് ഓഫ് ദ ബോര്‍ഡര്‍ ശ്രദ്ധിക്കപ്പെട്ടുവെന്നതിന് ഒരുത്തരമേയുള്ളൂ. അതിന്റെ സാമൂഹ്യ- രാഷ്ട്രീയ പക്ഷപാതിത്വം.
വർഗീയ ചേരിതിരിവിന്റെ കോമഡികളും ആക്ഷേപഹാസ്യങ്ങളും ന്യൂനപക്ഷ സർക്കാസങ്ങളും ആക്ഷേപിക്കലുകളും നോര്‍ത്ത് ഇന്ത്യന്‍ ലോക്കല്‍ ചാനലുകള്‍ ശ്രദ്ധിച്ചാല്‍ കാണാം, പലയിടത്തും. ഇങ്ങനെയെല്ലാമുണ്ടായിട്ടും ഈ പണി വൃത്തിക്ക് ചെയ്യാന്‍ കഴിയുന്ന നല്ലൊരു ശതമാനം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഈ രാജ്യത്തുണ്ട്.
യു.എസ്. അധിനിവേശാനന്തര ലോകത്തിലേക്ക് പുതിയ ക്രമങ്ങളും വിമര്‍ശനങ്ങളുമായി പുതിയ സോഷ്യലിസ്റ്റ് നേതാക്കളിലൂടെ ലാറ്റിനമേരിക്ക ശക്തിപ്പെടുന്നുവെന്നതാണ് ഡോക്യുമെന്ററിയുടെ ലൈന്‍. ഒരുപക്ഷേ ചാവേസിനെതിരെ പ്രതിപക്ഷമോ ചില മാധ്യമങ്ങളോ ആരോപിച്ച ഏകാധിപത്യ പ്രവണതകളോട് ചിത്രം മുഖംതിരിച്ചുവെന്ന് വിമര്‍ശനമുണ്ടായപ്പോള്‍ താരിഖ് അലി പറഞ്ഞ മറുപടി: പുതിയ ക്രമത്തിന്റെ സ്ഥാപനവത്കൃത അവശേഷിപ്പുകളെ സോഷ്യല്‍ ഓഡിറ്റ് ചെയ്യാനുള്ള കാലമാകുന്നതേയുള്ളൂ എന്നായിരുന്നു. ഇതൊരു ഒപ്പീനിയന്‍ഡ് ഡോക്യുമെന്ററിയാണ്. ഇത് സൃഷ്ടിക്കാന്‍ തയ്യാറെടുക്കുന്ന സമയത്തേ ഇതിനൊരു നിലപാടും സമീപനവും തീരുമാനിക്കപ്പെട്ടിരുന്നു എന്നാണ് താരിഖ് അലി പറഞ്ഞത്. ഇതേ വാദത്തില്‍ നിന്നുകൊണ്ട്, അമേരിക്കൻ നിലപാടിനോടുള്ള എതിർപ്പു തന്നെയാണ് പില്‍ജറിന്റെ തന്നെ വാര്‍ ഓണ്‍ ദ ഡെമോക്രസി എന്ന ഡോക്യുമെന്ററിയും പറയുന്നത്. പക്ഷേ കുറച്ചുകൂടി ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചുവെന്നുമാത്രം.
നിയമവിരുദ്ധ ഫോണ്‍ ടാപ്പിങുകളും സ്‌പൈ കാം സ്‌കാൻഡലുകളുമാണ് യൂറോപ്പിലെ പല റെഗുലേറ്ററി സമിതികൾക്കും തുടക്കമിട്ടത്. പിന്നീട് ലെവ്‌സണ്‍ എന്‍ക്വയറിയും അവരുടെ റിപ്പോര്‍ട്ടും എതിർപ്പും സ്വയംവിമര്‍ശനങ്ങളും ഐ.പി.എസ്.ഒയും (ഇന്‍ഡിപെന്‍ഡന്റ് പ്രസ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍) എഡിറ്റേഴ്‌സ് കോഡ് ഓഫ് പ്രാക്ടീസും ഇംപ്രസും (ഇന്‍ഡിപെന്‍ഡന്റ് മോണിറ്റര്‍ ഫോര്‍ ദ പ്രസ്) അടക്കമുള്ള മാധ്യമവിചാരണ- സ്വയംവിമര്‍ശന സംവിധാനങ്ങളുണ്ടായി, അതിന്റെ എതിര്‍ ഗ്രൂപ്പുകളും അവാന്തര വിഭാഗങ്ങളും സമിതികളുമെല്ലാമുണ്ടായി. യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഇത്തരം സംവിധാനങ്ങളുണ്ടായിട്ടും ഭരണകൂട- കോര്‍പ്പറേറ്റ് താല്‍പര്യ സംരക്ഷണം ഒരുവശത്തും അതിനെതിരായ മാധ്യമപ്രവര്‍ത്തന റാഡിക്കല്‍ രീതികൾ (നേരത്തെ പറഞ്ഞ സര്‍വേഴ്‌സീവ് ട്രൂത്ത്) മറുവശത്തുമായുള്ള കോൺഫ്ലിക്റ്റും ഒപ്പം, അതിന്റെ സ്വയം നവീകരണവും ലോകമെമ്പാടും നടക്കുന്നുണ്ട്. അത്രയും ആശ്വാസം. അതുകൊണ്ടുതന്നെ ഒരുവശത്ത് അണ്‍ എത്തിക്കല്‍ മത്സരങ്ങള്‍ നടക്കുന്നു, പക്ഷേ പുതിയ സാങ്കേതികവിദ്യകളും ഫാക്ട് ചെക്ക് ടൂളുകളുമായി മറുവശത്ത് സക്രിയമായ വസ്തുതാ ജേര്‍ണലിസം അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതൊരു ആശ്വാസം തന്നെയാണ്.
ന്യൂസ് ഗ്രൂപ്പുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ പ്രചാരം കൂടിവന്നതോടെ അത്തരം സംവിധാനങ്ങളെ മാധ്യമപ്രവര്‍ത്തനം എത്ര കണ്ട് വിലമതിച്ച് ഉപയോഗിച്ചുവോ, അതേ വഴിയിലൂടെ അതിന്റെ ക്രെഡിബിലിറ്റിയെ ഇല്ലാതാക്കുന്ന മാധ്യമപ്രവര്‍ത്തന താല്‍പര്യങ്ങളും വര്‍ധിച്ചു.
ഇന്ത്യയിലേക്ക് വന്നാലോ? ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ നല്‍കുന്ന ഇന്‍ഡെക്‌സ് പ്രകാരം 180- ല്‍ ഇന്ത്യയുടെ പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് 161 ആണ്. അതായത് പരമാവധി മോശം അവസ്ഥയലാണ് ഇന്‍ഡക്‌സ്. പൊളിറ്റിക്കല്‍ ഇന്‍ഡിക്കേറ്റര്‍ 169 ആണ്. അത്രമേല്‍ കലുഷിതമാണെന്ന് ചുരുക്കം. ഏതാണ്ട് 90,000- ലധികം പത്രങ്ങളും 35000-ലേറെ വീക്കിലികളുമെല്ലാമായി ഇന്ത്യയിലെ പരമ്പരാഗത മാധ്യമലോകം. അതിനുപുറമേയാണ്, നൂറിലേറെ ചാനലുകളും ലക്ഷക്കണക്കിന് ഓണ്‍ലൈന്‍ മാധ്യമങ്ങളും യൂട്യൂബ് സ്ട്രിങേഴ്‌സുമുള്‍പ്പെട്ട ലക്ഷണക്കിന് ഹാന്‍ഡിലുകള്‍. ഇതെല്ലാം കലങ്ങിമറിഞ്ഞ് വാര്‍ത്തയുടെ വിളവെടുക്കുന്നു, പരസ്പരം മത്സരിക്കുന്നു, അതേസമയം അവശ്യമായ എത്രയോ കാര്യങ്ങള്‍ ജനത്തിന് നല്‍കുന്നു, ഭരണകൂടത്തിന്റെ അന്തഃസ്സാരശൂന്യതകള്‍ക്കെതിരെ പോരാടുന്നു… നിരവധിയായ ഈ മാധ്യമങ്ങളോടെയാണ് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ലോകം നിലനില്‍ക്കുന്നത്. അതിനിടെ പല സംസ്ഥാനങ്ങളിലേയും ചില മേഖലകളില്‍ നിന്ന് വരുന്ന വാര്‍ത്തയുടെ വിശ്വാസ്യത ഉറപ്പുവരുത്താനും ക്രോസ് ചെക്ക് ചെയ്യാനും പരിമിതികളുമുണ്ട്.
ഇതിനില്ലാമിടെ വംശീയ- വര്‍ഗീയ താല്‍പര്യങ്ങളുടേതായ ക്ലിക്ക് ബൈറ്റ് സ്‌പ്രെഡുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ട്. വർഗീയ ചേരിതിരിവിന്റെ കോമഡികളും ആക്ഷേപഹാസ്യങ്ങളും ന്യൂനപക്ഷ സർക്കാസങ്ങളും ആക്ഷേപിക്കലുകളും നോര്‍ത്ത് ഇന്ത്യന്‍ ലോക്കല്‍ ചാനലുകള്‍ ശ്രദ്ധിച്ചാല്‍ കാണാം, പലയിടത്തും. ഇങ്ങനെയെല്ലാമുണ്ടായിട്ടും ഈ പണി വൃത്തിക്ക് ചെയ്യാന്‍ കഴിയുന്ന നല്ലൊരു ശതമാനം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഈ രാജ്യത്തുണ്ട്. അവരുടെ കഞ്ഞിയിലേക്ക് മണ്ണ് വാരിയിടുന്നത് അധികാരത്തിലുള്ളവരോ അവരുടെ പിന്നില്‍ നില്‍ക്കുന്ന കോര്‍പ്പറേറ്റ് ലോകമോ മാത്രമല്ല, ഒരു വിഭാഗം മാധ്യമങ്ങളും പ്രവര്‍ത്തകരും കൂടി ആ പണിയേറ്റെടുത്തു നടത്തുന്നുണ്ട്. ഇത്തരത്തില്‍ ഇരുതല മൂര്‍ച്ചാവാളുകളായ വെസ്റ്റഡ് ഇൻററസ്റ്റഡ് ന്യൂസ് സ്ട്രക്ചറിനും ഫാക്ട് ക്രോസ് ചെക്കിനുമിടെയാണ് ഇന്ത്യയിലെ സ്വതന്ത്രമോ നീതിപൂര്‍വ്വമോ സാമൂഹ്യനന്മയെ കരുതിയുള്ളതോ ആയ മാധ്യമലോകത്തിന്റെ സര്‍വൈവല്‍. അതുകൊണ്ടുതന്നെ പലതരം പ്രശ്‌നങ്ങളെ ഒരേ സമയം നേരിടേണ്ട ഉത്തരവാദിത്വം കൂടി മാധ്യമങ്ങള്‍ക്കുണ്ടെന്നുചുരുക്കം.
2010- നുശേഷം സംഭവിച്ച സാങ്കേതികപുരോഗതിയുടെ വളര്‍ച്ചയെ, ന്യൂസ് ഡെന്‍സിറ്റിയുടെ എക്‌സ്‌പോഷറിനെ എത്രമാത്രം ഉപയോഗപ്പെടുത്തി നല്ല വാര്‍ത്ത നിര്‍മിക്കാന്‍ ശ്രമിച്ചുവെന്നതിന് ഇന്ത്യന്‍ മാധ്യമലോകത്ത് തന്നെ നല്ല ഉദാഹരണങ്ങളുണ്ട്. ബ്ലോഗുകളിലൂടെയും വാര്‍ത്താ ഓണ്‍ലൈനുകളിലൂടെയും സ്‌പെസിഫിക് മേഖലകളില്‍ കൂടുതല്‍ സവിശേഷമായ ന്യൂസ് ഓറിയന്റേഷനുകള്‍ക്ക് പല സ്ഥാപനങ്ങളും വ്യക്തികളും നല്ല രീതിയില്‍ ശ്രമിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, 2010- നുശേഷം സിറ്റിസണ്‍ ജേര്‍ണലിസമെന്നത് (നവാബ് രാജേന്ദ്രന്റെ കാലത്തെ ശൈലിയില്‍ നിന്ന് അത് മുന്നോട്ടുവന്ന്) നെറ്റിസണ്‍ ജേര്‍ണലിസത്തിലേക്ക് എങ്ങനെ വഴിമാറി എന്നത് അന്വേഷിച്ചാല്‍ മതി. അതൊരു വലിയ ന്യൂസ് ഗാതറിങ് സാധ്യയയെ കൂടി മുന്നോട്ടുവെച്ചുവെന്നത് നേട്ടം തന്നെയാണ്.
2017- ല്‍ യു.പിയിൽ യോഗി ആദിത്യനാഥ് വരുന്നതിനുമുമ്പ് എസ്.പി ഭരിക്കുമ്പോൾ, ഷാജഹാന്‍പുര്‍ സമാചാര്‍ എന്ന വാര്‍ത്താപത്രികയുടെ നടത്തിപ്പുകാരനായ സിറ്റിസന്‍ ജേര്‍ണലിസ്റ്റ് ജഗേന്ദ്രസിങിനെ വധിച്ച കേസുണ്ടായി. സിറ്റിസണ്‍ ജേണലിസ്റ്റായിരുന്ന അയാള്‍ ഖനി മാഫിയക്കെതിരെയും ഒരു എസ്.പി. മന്ത്രിയ്‌ക്കെതിരെയും എഴുതുകയും എഫ്.ബി. പേജിലൂടെ വാര്‍ത്താ വീഡിയോകള്‍ പുറത്തുവിട്ടതുമാണ് കൊല ചെയ്യപ്പെടാന്‍ കാരണം. സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് പതിയെ നെറ്റിസണ്‍ ആയതോടെ അയാളുടെ വാര്‍ത്തയുടെ റീച്ച് മാത്രമല്ല കൂടിയത്, അയാള്‍ക്കെതിരായ ആക്രമണസാധ്യതയുടെ റീച്ചും കൂടി എന്നാണ് അന്ന് ആ സംഭവം തെളിയിച്ചത്. ഇത് ഒരു തരത്തില്‍ വാര്‍ത്തയുടെ മേന്മയേയും ഈ പണിയുടെ അന്തസ്സിനേയും തന്നെയാണ് വ്യക്തമാക്കിത്തരുന്നത്.
എന്നാല്‍, 2015- നുശേഷം സംഭവിച്ചത് വലിയ സാങ്കേതിക വിസ്‌ഫോടനങ്ങളാണ്. ന്യൂസ് ഗ്രൂപ്പുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ പ്രചാരം കൂടിവന്നതോടെ അത്തരം സംവിധാനങ്ങളെ മാധ്യമപ്രവര്‍ത്തനം എത്ര കണ്ട് വിലമതിച്ച് ഉപയോഗിച്ചുവോ, അതേ വഴിയിലൂടെ അതിന്റെ ക്രെഡിബിലിറ്റിയെ ഇല്ലാതാക്കുന്ന മാധ്യമപ്രവര്‍ത്തന താല്‍പര്യങ്ങളും വര്‍ധിച്ചു. 2014- ഓടെ മോദി യുഗത്തിന് തുടക്കം കുറിക്കുക കൂടി ചെയ്തതോടെ, 2018 നകം, എങ്ങനെ ദേശീയ മാധ്യമങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങളെ സര്‍ക്കാരിന്റെ അജണ്ടയും രാഷ്ട്രീയതന്ത്രവും ടാക്കിള്‍ ചെയ്തുവെന്നതും കാണാം.
യു.പിയില്‍ 2017- ലെ തെരഞ്ഞെടുപ്പില്‍ പതിനായിരക്കണക്കിന് വാട്സ്ആപ്പ് കൂട്ടായ്മകളിലൂടെ ബി.ജെ.പി വലിയ നിശ്ശബ്ദ പ്രചാരണം നടത്തിയെന്ന് അവരുടെ മീഡിയ കോര്‍ഡിനേറ്റര്‍മാര്‍ തന്നെ വിജയശേഷം വിശദീകരിക്കുകയുണ്ടായി. പലതും വ്യാജ കണക്കുകളുടെയും അസത്യപ്രസ്താവങ്ങളുടെയും കൂടി പ്രചാരണമായിരുന്നു എന്നോര്‍ക്കുക.
അതേ സംവിധാനം മലയാളത്തിലടക്കം വലിയ സൗകര്യമായി, 2018- നുശേഷം ഇപ്പോഴും ‘ഫെയ്ക് വാര്‍ത്തകളും വാര്‍ത്തകളാണ്’ എന്ന തരത്തിലുള്ള മാധ്യമ ഐഡൻറിറ്റിയെ അപനിര്‍മിച്ചുകൊണ്ട്, സക്രിയമായി ഇവിടെ നിലനില്‍ക്കുകയും ചെയ്തു. അതുകൊണ്ടാണ് വ്യാജവാര്‍ത്തകളുടെ ഭദ്രസനാധിപന്‍മാരായ മഞ്ഞ വാര്‍ത്താ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്കെതിരെ പോലും നടപടികളുണ്ടാകുമ്പോള്‍ വലിയ രാഷ്ട്രീയബഹളമാകുന്നതും അവർക്ക് ചില പ്രത്യേക പോക്കറ്റുകളില്‍ നിന്ന് പിന്തുണകളുണ്ടാകുന്നതും രാഷ്ട്രീയത്തിലെ ചിലര്‍ പോലും അവരെ കള്‍ട്ട് ഫിഗറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നത്. ഇന്ന് നിങ്ങള്‍ക്ക് മാധ്യമ നിലനില്‍പ്പിന്റെ വാണിജ്യലോകത്ത് മത്സരബുദ്ധിയോടെ തൊഴില്‍ ചെയ്യാന്‍ ഇത്തരം ക്ലിക്ക് ബൈറ്റ് ശൈലികളോ ഫ്ലേവേഡ് കണ്ടന്റുകളോ ആവശ്യമാണെന്ന് തര്‍ക്കത്തിന് പറയാം, കാരണം ഇതൊരു തൊഴിലാളി പ്രശ്‌നം കൂടിയായതുകൊണ്ട്. പക്ഷേ, കൊള്ളാവുന്ന ഈ പണിയുടെ എല്ലാ യശസ്സും നശിപ്പിക്കുന്നതിന് അതൊരു നീതീകരണമാവില്ല എന്നതില്‍ സംശയമില്ല.
മലയാളത്തിലേക്കു വന്നാല്‍ വാര്‍ത്തയെന്ന വിനോദത്തിനോട് ജനത്തിനും ഇഷ്ടമുണ്ട്. എന്നാല്‍ അതിലെ മസാലയെ മാര്‍ക്കറ്റ് ചെയ്യേണ്ടതുണ്ടെന്ന് മാധ്യമങ്ങളും തീരുമാനിച്ചുവെന്നതാണ് സത്യം.
വാർത്ത കൊടുക്കുമ്പോള്‍ നല്ലൊരു ശതമാനം മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു ഉള്‍വിളിയുണ്ട്. ഇത് ക്രോസ് ചെക്ക്ഡ് ആണോ എന്നത്. ഇത് പാതിവെന്ത സത്യമോ ഫാക്ട് ചെക്ക് സംഗതി നടക്കാത്തതോ ആണെങ്കില്‍ ഒരുപക്ഷേ ഉണ്ടാകാനിടയുള്ള ജാള്യതാപ്രശ്‌നങ്ങളുമുണ്ട്. ക്രെഡിബിള്‍ ജോലിയുടെ ഭാഗമായുള്ള ഐഡിന്റിയുടെ ക്രൈസിസാണത്. ആ തോന്നലോ ഉള്‍വിളിയോ നിങ്ങളെ അലട്ടാവുന്നതോടെ ഒരു മാധ്യമപ്രവര്‍ത്തനത്തിന്റെ പതനവും അവിടെ സംഭവിക്കുന്നു. ഇപ്പോൾ, നല്ലൊരു ശതമാനം മാധ്യമപ്രവര്‍ത്തകര്‍ക്കും പല വാര്‍ത്തകളും പഴകിയതോ പുളിച്ചതോ വ്യാജ സത്യങ്ങളോ എന്നതൊരു പ്രശ്‌നമല്ലാതാവുന്നു. അതിലും കോണ്‍ഫിഡന്‍സ് വരുന്നുവെന്നത് അത്ഭുതകരമായ മാധ്യമസംസ്‌കാരം കൂടി സൃഷ്ടിക്കാനിടയാകുന്നു. കാരണം, ഇന്നത്തെ പത്രം നാളെ പഴംപൊരി പൊതിയാനുള്ള കടലാസ് മാത്രമാണ് എന്ന ചൊല്ല് പത്രപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അതിന്റെ വകഭേദം ചാനല്‍ ലോകത്തിനും ബാധകമായിരിക്കുന്നു. പഴകിയ വാര്‍ത്തയെ ക്ലിക്ക് ബൈറ്റിലൂടെ ആളിലേക്കെത്തിക്കാനോ അവതരിപ്പിക്കാനോ അവര്‍ക്ക് മടിയില്ലാതാകുന്നു. ഒരു വശത്ത് കശ്മീരി ജേണലിസ്റ്റ് ഇര്‍ഫാന്‍ മെഹ്റാജിനെ പോലുള്ളവര്‍ അകത്താകുന്നു. കാരവനും ദ വയറിനും ഇന്ത്യന്‍ എക്‌സ്പ്രസിനും വേണ്ടി എഴുതിയിരുന്ന ജേണലിസ്റ്റാണ് ഇര്‍ഫാന്‍. രാജ്യദ്രോഹകുറ്റമാണ് പക്ഷേ ചുമത്തപ്പെട്ടത്. മറുവശത്ത് കമ്യൂണല്‍ സ്‌പ്രെഡ് ഉണ്ടാക്കുന്ന ചാനലുകളും റിപ്പോര്‍ട്ടര്‍മാരും ആഘോഷിക്കപ്പെടുന്നു- ഇതാണ് പുതിയ കാലത്തെ ദുര്യോഗം.
മലയാളത്തിലേക്കു വന്നാല്‍, വാര്‍ത്തയെന്ന വിനോദത്തിനോട് ജനത്തിനും ഇഷ്ടമുണ്ട്. എന്നാല്‍ അതിലെ മസാലയെ മാര്‍ക്കറ്റ് ചെയ്യേണ്ടതുണ്ടെന്ന് മാധ്യമങ്ങളും തീരുമാനിച്ചുവെന്നതാണ് സത്യം. കാള്‍ബെന്‍സ്റ്റീന്‍ കാലത്തല്ല മലയാളിയുടെ മാധ്യമലോകമെന്നറിയാം. അതുകൊണ്ട്, പഴയത് നല്ലത് എന്ന കാല്പനികവാദവുമല്ല. പക്ഷേ ഷാജന്‍ സ്‌കറിയ സ്‌കൂള്‍ ഓഫ് ജേണലിസത്തിലേക്ക് പോകേണ്ടതുണ്ടോ എന്നതാണ് വിഷയം. എന്നാൽ, അത്തരം മാധ്യമരീതികളോടുള്ള വിമര്‍ശനവും അതൃപ്തികളും മാധ്യമലോകത്ത് തന്നെയുണ്ടാകുന്നുണ്ട് എന്നതാണ് ആശ്വാസകരം. അതായത്, കൊള്ളാവുന്നതും മാന്യമായതുമായ മാധ്യമരീതികളെ ഉള്‍ക്കൊള്ളുന്നവരും അത്തരം വാര്‍ത്താശൈലിയിലൂടെ ഇവിടെ സ്വയം അവതരിപ്പിക്കേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നവരും നല്ലൊരു ശതമാനം ഇപ്പോഴുമുണ്ടെന്നതാണ് വസ്തുത. പക്ഷേ സംഭവിക്കുന്നത് എന്താണ്, മലയാളിയുടെ പോപ്പുലര്‍ കള്‍ച്ചറില്‍, ബിഗ് ബോസ് ശൈലി ആവശ്യപ്പെടുന്ന വാര്‍ത്താ പാറ്റേണുകളേ ന്യൂസിനും ബാധകമാകേണ്ടതുള്ളൂ എന്ന് നല്ലൊരു വിഭാഗം മലയാളി പ്രേക്ഷകരും വിശ്വസിക്കുന്നുണ്ട് എന്ന് തോന്നുന്നു. മലയാളത്തിലെ മാധ്യമലോകം റിപ്പബ്ലിക് ചാനലിനെയോ അര്‍ണാബ് ഗോസാമിയേയോ അനുകരിക്കാനുള്ള ശ്രമം നടത്തുന്നുവെന്നത് മാത്രമല്ല, വാര്‍ത്തയിലെ ഫാക്ട് ചെക്ക് രണ്ടാമത്തേതാണ് എന്നും വരുന്നു. ആദ്യം ന്യൂസ് ബ്രേക്ക് ചെയ്യലാണ് പ്രധാനം എന്ന് വിശ്വസിക്കുന്നതിലേക്ക് എത്തിച്ചേരുന്നു. ചാനല്‍ ന്യൂസ് ലോകം സൃഷ്ടിച്ചെടുത്ത വാണിജ്യതയുടെ കൂടി ബാക്കിപത്രമാണിത്. അതായത്, ഇന്നത്തെ പത്രം നാളത്തെ പഴം പൊരി പൊതിയാനേ ഉപകരിക്കൂവെന്ന തമാശ പോലെ, നാളെ മറ്റൊരു മുതലാളി തുടങ്ങുന്ന ബ്രാഹ്മാണ്ഡ ന്യൂസ് ചാനലിന്റെ ഫസ്റ്റ് ബ്രേക്കിങ്, പഴകിയ വാര്‍ത്ത പുതിയ പാക്കറ്റില്‍ പൊതിഞ്ഞതുമാകാം.
പ്രധാനവും രൂപപ്പെട്ട് തിടം വെച്ചതുമായ മറ്റൊരു എലമെൻറ്, അതിലെ ഇടതുപക്ഷ വിരുദ്ധത കൂടിയാണ്. ഇടതുപക്ഷത്തിന്റെ അനുഭാവി പോലുമാകേണ്ട, സഹയാത്രികനായാൽ പോലും വാര്‍ത്തയുടെ പ്രൈം ടൈമില്‍ അവരുടെ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവര്‍ത്തികളെ പര്‍വ്വതീകരിക്കുന്ന പ്രവണതയാണ് മെയിന്‍സ്ട്രീം മീഡിയയുടെ മുഖമുദ്ര എന്നു കരുതുന്നതിലേക്ക് മലയാള മാധ്യമലോകം എത്തിയിരിക്കുന്നു. അതേസമയം, സ്വന്തം മാനേജ്‌മെന്റ് നിലപാടിലെ വിചിത്രകളെ ചോദ്യം ചെയ്യുന്നതിൽ ഇത്തരം സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന അഴകൊഴമ്പന്‍ സമീപനവും, മുഖ്യധാരാ ഇടതുപക്ഷത്തിലെ ചിലര്‍ക്ക് സംഭവിക്കുന്ന ചെറിയ വീഴ്ച്ചകളോ അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ട വെളിപ്പെടുത്തലുകളോ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നതിലെ താല്‍പര്യ സംരക്ഷണവും തമ്മില്‍ പൊരുത്തക്കേടുകളുണ്ട് എന്നതാണ് വസ്തുത.
ജേണലിസമെന്ന കരിയറിന്റെ നിലനില്‍പ്പും നിലവാരവും ‘മാ പ്ര’ വിളികളിലെ അബോധപരിഹാസങ്ങള്‍ കൊണ്ട് തകര്‍ന്നുപോകേണ്ടതല്ല.
പല മാധ്യമസുഹൃത്തുക്കളും ഓസ്‌കാര്‍ നേടിയ സ്‌പോട്ട് ലൈറ്റ് പോലുള്ള സിനിമകളെങ്കിലും മിനിമം കാണാതെ പോകുന്നുണ്ടോ എന്ന് വ്യക്തിപരമായി ചിന്തിക്കാറുണ്ട്. അവരെല്ലാം ജേണലിസ്റ്റ് എന്ന് വിളിക്കാനാകാത്ത, യൂട്യൂബ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂസ് ഫാക്ടറിയുടെ ഫാന്‍ ഫോളോവേഴ്‌സ് ആകുകയോ സ്വയം മാറുകയോ ചെയ്യുന്നത് എന്തുകൊണ്ടാകാം. അവരുടെ ഭാഷ എന്തുകൊണ്ടാണ് ഒന്നുകില്‍ പൈങ്കിളിയോ അല്ലെങ്കില്‍ മസാല മിക്‌സോ ആയിപ്പോകുന്നത്?
ഫാക്ട് ചെക്ക് എന്നത് ന്യൂസ് ലോണ്‍ഡ്രി പോലുള്ള മാധ്യമങ്ങള്‍ ചെയ്യേണ്ട പണിയാണെന്നും അത് വാര്‍ത്ത നല്‍കുന്ന, അഥവാ ബ്രേക്ക് ചെയ്യുന്ന നമ്മുടെ പണിയല്ലെന്നുമുള്ള വ്യാജ ബോധമാണ് ഇന്ത്യന്‍ ന്യൂ മീഡിയ ലോകത്തെ ശാപം. അത് സെന്‍സേഷണലിസമെന്ന ഓമനയെ മാത്രം നോക്കി വലുതാക്കി താലോലിച്ച് വളര്‍ത്തുകയാണ് എന്നുവരുന്നത് പുതിയ കാലത്ത് ആശാസ്യമല്ലെന്നു തന്നെ പറയേണ്ടിവരും. ഇവയുടെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. പക്ഷേ, മറുനാടന്‍ മലയാളി മാധ്യമരീതിയെ എത്ര പൂട്ടിക്കെട്ടിയാലും അതിന്റെ തന്നെ സവിശേഷ ക്ലോണുകള്‍ വളര്‍ന്നുവരാനിടയാക്കുന്നത് ഇത്തരത്തിലുള്ള മാധ്യമ സമീപനം മൂലമാണ് എന്നതാണ് സത്യം.
ഒരു കാര്യമുറപ്പാണ്. ഇതൊരു മനോഹര ജോലിയാണ്. അതായത് ഒരുപാട് പൊട്ടന്‍ഷ്യലുള്ള, ലോകത്തെ മാറ്റിത്തീര്‍ത്ത പണിയാണ് മാധ്യമപ്രവര്‍ത്തനം. അതിന്റെ ക്രെഡിബിലിറ്റി അറിഞ്ഞാണ് ആ തൊഴിലെടുക്കുന്നവരെങ്കില്‍ നിങ്ങളെ സംബന്ധിച്ച് അത് സത്യവുമാണ്. അതുതന്നെയാണ് ജേണലിസമെന്ന കരിയറിന്റെ നിലനില്‍പ്പും നിലവാരവും. ആ നിലവാരവും പരപ്പും ആഴവും അങ്ങനെത്തന്നെ ആയിരിക്കുകയും വേണം. അത് ‘മാ പ്ര’ വിളികളിലെ അബോധപരിഹാസങ്ങള്‍ കൊണ്ട് തകര്‍ന്നുപോകേണ്ടതല്ല. ആ വിളികള്‍ക്ക് പ്രേരകമാകുന്ന തരത്തില്‍ പരിമിതിപ്പെടേണ്ട പണിയുമല്ല. അര്‍ണാബുമാരും ഷാജന്‍ സ്‌കറിയമാരും എത്ര കണ്ട് വളര്‍ന്നാലും കള്‍ട്ട് ആയാലും ആ പണിയുടെ യശസ്സ് നിലനില്‍ക്കുക തന്നെ ചെയ്യും, അതിനുകാരണം അതിന്റെ യഥാര്‍ത്ഥ പൊട്ടന്‍ഷ്യലാണ്. അതായിരിക്കണമല്ലോ തീര്‍ച്ചയായും, ഫോര്‍ത്ത് എസ്റ്റേറ്റ് എന്നത്.