അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയുടെ നാവാണ്.
പൗരർക്ക് മുഴുവനുമുള്ള ആ മൗലികാവകാശം തന്നെയാണ് മാധ്യമപ്രവർത്തനത്തിന്റെയും അസ്തിവാരം. പ്രൊഫഷനൽ ജേണലിസത്തിൽ (Journalism) നിന്ന് പ്രതീക്ഷിക്കുന്നത് ഈ അവകാശത്തിന്റെ നീതിപൂർവകമായ വിനിയോഗമാണ്. മാധ്യമപ്രവർത്തകർ സമൂഹത്തോടും ജനങ്ങളോടും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാവുന്നത് അവിടെയാണ്. ഇത് കണക്കിലെടുത്തുകൊണ്ടാണ് മാധ്യമലോകത്ത് വിവിധ പ്രൊഫഷനൽ - നൈതിക മാനദണ്ഡങ്ങൾ ഉരുത്തിരിഞ്ഞുവന്നത്. കേരളത്തിൽ സ്വകാര്യമേഖലയിൽ ദൃശ്യമാധ്യമപ്രവർത്തനം (Visual Media) ഉദയംകൊള്ളുന്ന സമയത്ത് ഈ ആധാരങ്ങളെക്കുറിച്ച് ആർക്കും സംശയങ്ങളുണ്ടായിരുന്നില്ല. ഏഷ്യാനെറ്റ് (Asianet) ഒരു വിനോദചാനൽ എന്ന നിലയിൽ നിലവിൽ വന്ന 1993-ൽ കേരളത്തിൽ പൊതുവേ സാംസ്കാരികരംഗത്ത് ഇടതുപക്ഷ ആശയങ്ങൾക്ക് നല്ല സ്വാധീനമായിരുന്നു. അതിന്റെ പ്രതിഫലനം പ്രോഗ്രാമുകളിൽ ഉണ്ടായി.
രണ്ടു വർഷത്തിനുശേഷം വാർത്താസംപ്രേഷണം ആരംഭിക്കുന്ന ഘട്ടത്തിൽ ഇതേ അടിസ്ഥാനാശയങ്ങളുടെ തുടർച്ച അവിടെയും സംഭവിച്ചു. ഏതൊരു വാർത്തയും ജേണലിസത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം, പിന്തിരിപ്പൻ ആശയങ്ങൾ പ്രകടമാകുന്ന വാർത്തകൾ നൽകരുത്, രാഷ്ട്രീയപക്ഷത്തോടല്ല വസ്തുതകളോട് ആയിരിക്കണം റിപ്പോർട്ടർ നീതിപുലർത്തേണ്ടത്, ഏത് സ്റ്റോറിയും മറുപക്ഷത്തെ വാദംകൂടി കേൾപ്പിക്കുന്നതായിരിക്കണം, സർക്കാരിനോടോ ഏതെങ്കിലും കച്ചവട താൽപര്യങ്ങളോടോ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല തുടങ്ങിയ അടിസ്ഥാനസംഗതികൾക്ക് അന്ന് വലിയ ഊന്നൽ നൽകി. ഒരുപക്ഷേ, ജേണലിസ്റ്റ് ആയിരിക്കുന്ന ഏതൊരാൾക്കും സന്തോഷപൂർവം പാലിക്കാൻ കഴിഞ്ഞിരുന്ന ആശയങ്ങളായിരുന്നു അവ. അതിനാൽ തന്നെ സ്വാഭിമാനം അന്ന് മാധ്യമപ്രവർത്തകർക്ക് വലിയ ബലമായിരുന്നു.
വാർത്തയുടെ ഉള്ളടക്കത്തിൽ നിന്ന് താനെന്ന വ്യക്തിയെ മാറ്റിനിർത്തണം എന്നത് റിപ്പോർട്ടർമാർക്കും ആങ്കർമാർക്കും സംശയലേശമില്ലാത്ത കാര്യമായിരുന്നു. ഞാനെന്ന പ്രയോഗം വാർത്തയിൽ ഉണ്ടാകില്ല. സ്വന്തം വ്യക്തിത്വത്തേയും ചാനൽ പ്രവർത്തകൻ എന്ന വ്യക്തിത്വത്തേയും രണ്ടായിത്തന്നെ കാണുക എന്നത് സ്വാഭാവികമായിരുന്നു. ഏഷ്യാനെറ്റിൽ ആദ്യകാലത്ത് വാർത്താസംബന്ധിയായ രണ്ട് പ്രധാനപ്പെട്ട പ്രോഗ്രാമുകൾ ‘കണ്ണാടി’യും ‘പത്രവിശേഷ’വും ആയിരുന്നു. കണ്ണാടിയുടെ അവതാരകൻ ടി.എൻ.ഗോപകുമാറോ പത്രവിശേഷത്തിന്റെ അവതാരകരായിരുന്ന സക്കറിയയോ ബി.ആർ.പി ഭാസ്കറോ സബ്ജെക്റ്റീവായി ആ പ്രോഗ്രാമുകളിൽ എന്തെങ്കിലും പറയുന്നതായി കണ്ടിട്ടേയില്ല. പത്രവിശേഷത്തിന്റെ പ്രൊഡ്യൂസറായി പ്രവർത്തിച്ച കാലത്ത്, സക്കറിയയും ബി.ആർ.പിയും പത്രങ്ങളുടെ പ്രതിവാര വിശകലനം അത്രകണ്ട് വസ്തുനിഷ്ഠമായ നിർബന്ധബുദ്ധിയോടെ കൈകാര്യം ചെയ്തിരുന്നത് നേരിട്ട് അറിയാൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിരുന്നു വാർത്താഅവതരണവും.
1995 സെപ്തംബർ 30ന് ഏഷ്യാനെറ്റിന്റെ ആദ്യവാർത്ത അവതരിപ്പിക്കുമ്പോൾ, അതൊരു വ്യക്തിപരമായ അടയാളപ്പെടുത്തലായി തോന്നിയിരുന്നില്ല. വാർത്ത എന്ത് എന്നത് മാത്രമായിരുന്നു ചിന്ത.
1995 സെപ്തംബർ 30ന് ഏഷ്യാനെറ്റിന്റെ ആദ്യവാർത്ത അവതരിപ്പിക്കുമ്പോൾ, അതൊരു വ്യക്തിപരമായ അടയാളപ്പെടുത്തലായി തോന്നിയിരുന്നില്ല. വാർത്ത എന്ത് എന്നത് മാത്രമായിരുന്നു ചിന്ത. കൊടുക്കുന്ന വാർത്ത വേണ്ടവിധത്തിൽ എഴുതിയതാണോ, നന്നായി എഡിറ്റ് ചെയ്തതാണോ എന്നതൊക്കെ മാത്രമായിരുന്നു ചിന്ത.
തിരുവനന്തപുരത്തെ ന്യൂസ് ഡെസ്കിൽ നിന്ന് തയ്യാറാക്കി ഫിലിപ്പീൻസിലെ സുബിക് ബേ എന്ന സ്വകാര്യ സ്റ്റുഡിയോയിലേക്ക് ഫാക്സ് വഴി അയച്ചുകിട്ടി അതിന്റെ ദൃശ്യങ്ങൾ വേറെ എഡിറ്റ് ചെയ്തെടുത്ത് സംപ്രേഷണം ചെയ്യുന്നതിന് ഇടയിൽ വന്നുപെടാവുന്ന മാനുഷിക- സാങ്കേതിക പിഴവുകളായിരുന്നു എല്ലാവരുടെയും ആധി. അല്ലാതെ അത് അവതരിപ്പിക്കുന്നത് പ്രമോദായാലെന്ത്, രവീന്ദ്രനായാലെന്ത് (രണ്ട് അവതാരകരേ അന്ന് ഉണ്ടായിരുന്നുള്ളൂ). അതൊരു വിഷയമായിരുന്നില്ല. പക്ഷേ ഒരു വാർത്താഅവതാരകന്റെ ഉത്തരവാദിത്തങ്ങൾ തലയിലുണ്ടായിരുന്നു താനും. പ്രേക്ഷകർക്ക് മനസ്സിലാകുംവിധം വ്യക്തമായി വായിക്കുക, വാർത്ത ആദ്യം സ്വയം ഉൾക്കൊള്ളുക തുടങ്ങിയ ബോധ്യങ്ങൾ ഉള്ളിലുണ്ട്. പക്ഷേ വാർത്താ അവതാരകൻ എന്നുപറയുന്നൊരാൾ ആ ടീമിലെ മറ്റുള്ളവരെപ്പോലെ തന്നെയുള്ള ഒരാൾ മാത്രമാണ്. വേറൊരാൾ വാർത്ത അവതരിപ്പിക്കുമ്പോൾ ആ ഷോ പ്രൊഡ്യൂസ് ചെയ്യാൻ ഉതത്തരവാദിത്തമുള്ളൊരാൾ. ഏഷ്യാനെറ്റിന്റെ ശിൽപിയും തലവനുമായിരുന്ന ശശികുമാർ മനസ്സിലാക്കിത്തന്നത് അങ്ങനെ തന്നെയായിരുന്നു; യൂ ആർ നോട്ട് എ ന്യൂസ് റീഡർ. യൂ ആർ എ ജേണലിസ്റ്റ്.
വർഷങ്ങൾക്കുശേഷം, സിംഗപ്പൂരിലേയും മദ്രാസിലേയും കാലഘട്ടങ്ങൾ കഴിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താസംപ്രേഷണം തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചശേഷമാണ് ചാനലിൽ വാർത്താസംവാദങ്ങൾ ആരംഭിക്കുന്നത്. ന്യൂസ് അവറിന്റെ ആദ്യ അവതരണവും തുടർന്നങ്ങോട്ട് അതിന്റെ അവതാരകരിൽ ഒരാളായിക്കൊണ്ടുള്ള പ്രവർത്തനവും വാർത്ത എന്ന മുഖ്യഫോക്കസിൽ നിന്ന് മാറാതെ ആയിരുന്നു.
ഉദാഹരണത്തിന് ന്യൂസ് അവർ തുടങ്ങുമ്പോൾ പൊതുവിൽ ഞങ്ങളൊക്കെ ആഗ്രഹിച്ചിരുന്ന കാര്യം അന്ന് സ്റ്റാർ ന്യൂസിൽ സംപ്രേഷണം ചെയ്തിരുന്ന എൻ.ഡി.ടി.വിയുടെ 9 മണി ന്യൂസ് അവർ പോലെ ഒന്നായിരുന്നു. തൽസമയ ഗസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരുമണിക്കൂർ ചർച്ച. പക്ഷേ ടി.എൻ.ജി അന്ന് ഉന്നയിച്ച ഒരു ചോദ്യത്തിൽ അത് ആവിയായി. ആ ഒരു മണിക്കൂർ വാർത്തയില്ലാതെ, ചർച്ച മാത്രമായി പ്രേക്ഷകർ എങ്ങനെ ചാനൽ കാണാനാണ് എന്നതായിരുന്നു ആ ചോദ്യം. അതുകൊണ്ട്, ഒരു ഗസ്റ്റിനെ കൊണ്ടുവന്ന് നേരത്തേ ചാറ്റ് എടുത്ത് അത് 3 മിനിറ്റായി ചുരുക്കി എഡിറ്റ് ചെയ്ത് വാർത്തകൾക്കിടയിൽ നൽകിയാൽ മതിയെന്നായി തീരുമാനം. ന്യൂസ് അവർ എന്നുവച്ചാൽ എല്ലാ മേഖലളിലും നിന്നുള്ള വാർത്തകൾക്കിടയിൽ ചില വിഷയങ്ങളിൽ മൂന്നുമിനിറ്റ് അതിഥി സംഭാഷണം. അതനുസരിച്ച് വി.എസിനെ (ഒരു വാക്ക് പറയാൻ 'മൂന്നുമിനിറ്റ്' എടുക്കുന്ന വി.എസിനെ) ഫ്ലോറിൽ കൊണ്ടുവന്ന് ചോദ്യങ്ങൾ ചോദിച്ച് എടുത്ത അഭിമുഖം (ആകെ 45 മിനിറ്റോ മറ്റോ വന്നു) മൂന്നുമിനിറ്റായി ചുരുക്കി കൊടുക്കേണ്ട ഗതി വന്നിട്ടുണ്ട്.
2002-ൽ സംപ്രേഷണമാരംഭിച്ച ഇന്ത്യാവിഷൻ അട്ടിമറിക്ക് തുല്യമായ ഉദാരവത്കരണം നടപ്പാക്കി. റിപ്പോർട്ടർമാരെയും ആങ്കർമാരെയും 24 x 7 വാർത്തയുടെ ദൂതർ എന്ന നിലയ്ക്കുള്ള തന്ത്രവും അടവുമായിരുന്നു ഇന്ത്യാവിഷന്റെ യു.എസ്.പി.
എന്തുകൊണ്ട് അത് വേണ്ടിവന്നു?
വാർത്ത കൊടുക്കേണ്ട സമയം കോംപ്രമൈസ് ചെയ്യാൻ പറ്റില്ല എന്ന തീരുമാനമുള്ളതുകൊണ്ട്. ഇതിൽ വിട്ടുവീഴ്ച ചെയ്ത അപൂർവം സന്ദർഭങ്ങളിലൊന്ന് കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൊടുമ്പിരിക്കൊണ്ടിരിക്കെ നടന്ന രാജ്യസഭാ തിരഞ്ഞടുപ്പിൽ കെ.കരുണാകരന്റെ നോമിനിയായ കോടോത്ത് ഗോവിന്ദൻ നായരെ തോൽപ്പിച്ച് വയലാർ രവി രാജ്യസഭാംഗമായതായിരുന്നു. അന്ന് ന്യൂസ് അവറിൽ വയലാർ രവി തൽസമയം അതിഥിയായി. ആദ്യമായി അവതാരകനെന്ന നിലയ്ക്ക് അഭിനന്ദനങ്ങൾ കിട്ടിയ ഒരു സന്ദർഭവും അതായിരുന്നു. പക്ഷേ, ഒരു വാർത്താഅവതാരകനെ/യെ ചാനലിന്റെ മുഖമായി ഉയർത്തിക്കാട്ടുന്ന സമീപനം ഉണ്ടായിട്ടില്ല. എന്തിന്, ഒരു പ്രൊമോയിൽ പോലും അവതാരകരുടെ മുഖം വന്നില്ല.
ന്യൂസ് അവറിന് അന്നത്തെ കാലത്ത് 'ന്യൂജെൻ' എന്ന് വിളിക്കാവുന്ന ഒരു പ്രൊമോ ചെയ്തതാണ് ഏഷ്യാനെറ്റ് വിടാനുള്ള തീരുമാനത്തിലേക്ക് എന്നെ നയിച്ച കാരണങ്ങളിലൊന്ന്. സഹപ്രവർത്തകരുടെ കൂടി പ്രോൽസാഹനത്തിൽ ആങ്കറെന്ന നിലയ്ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടുള്ള ഒരു പ്രൊമോ ചെയ്യുകയും അത് പാപമായി കണ്ട് സ്ഥാപനം പിൻവലിക്കുകയും ചെയ്തു. അന്ന് ഏഷ്യാനെറ്റ് വൈസ് പ്രസിഡൻറ് കെ.പി.മോഹനൻ. വാർത്താസമയത്തല്ലാതെ ചാനലിൽ അവതാരകരുടെ മുഖം വരേണ്ടതില്ല എന്നതായിരുന്നു പോളിസി.
എന്നാൽ, 2002-ൽ സംപ്രേഷണമാരംഭിച്ച ഇന്ത്യാവിഷൻ ഇക്കാര്യങ്ങളിലെല്ലാം അട്ടിമറിക്ക് തുല്യമായ ഉദാരവത്കരണം നടപ്പാക്കി. റിപ്പോർട്ടർമാരെയും ആങ്കർമാരെയും 24 x 7 വാർത്തയുടെ ദൂതർ എന്ന നിലയ്ക്കുള്ള തന്ത്രവും അടവുമായിരുന്നു ഇന്ത്യാവിഷന്റെ യു.എസ്.പി. പ്രധാന ആങ്കർ എന്ന നിലയിൽ എഡിറ്റർ കൂടിയായ എം.വി. നികേഷ് കുമാർ ആരംഭിച്ച രാത്രി 9 മണിയുടെ ന്യൂസ് നൈറ്റ് ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിനെ നിഷ്പ്രഭമാക്കി. എൻ.ഡി.ടി.വി മാതൃകയിൽ രാഷ്ട്രീയ അതിഥികളെയും സിനിമാ അതിഥികളെയും തൽസമയം ഇരുത്തിയുള്ള ചർച്ച. അത് ചിലപ്പോൾ ഒരു മണിക്കൂർ എന്നത് രണ്ടുമണിക്കൂർ വരരെ നീളുമായിരുന്നു. ഈ ലേഖകനുൾപ്പെടെ വേറെ പലരും അവതരണത്തിൽ ഒപ്പമുണ്ടായിരുന്നെങ്കിലും നികേഷ് ആയിരുന്നു ആ ഷോയുടെ നെടുംതൂൺ. അങ്ങനെ മലയാളത്തിലെ ആദ്യത്തെ ആങ്കർ ജനിച്ചു. അതുവരെ ന്യൂസ് ബുള്ളറ്റിനുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ത്യാവിഷൻ അതിനെ ന്യൂസ് ഷോ ആക്കി.
ഒരു ന്യൂസ് നൈറ്റിൽ ഫോണിൽ ജോയിൻ ചെയ്ത ടി.കെ.ഹംസ നികേഷിനെ എം.വി.ആറിന്റെ കാര്യം പറഞ്ഞ് വ്യക്തിപരമായി അപഹസിക്കുന്നു. നികേഷ് ഒരക്ഷരം മിണ്ടാനോ അതിനെ തടസ്സപ്പെടുത്താനോ പോകുന്നില്ല. ഹംസ പറഞ്ഞുനിർത്തിയപ്പോൾ 'നന്ദി ശ്രീ ടി.കെ.ഹംസ, ചർച്ചയിൽ ചേർന്നതിന്' എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു. അന്ന് അതൊരു പൊതുനിലപാടിന്റെ ഭാഗം കൂടിയായിരുന്നു.
അവതാരകസ്ഥാനത്തുള്ളയാളുടെ കഴിവും മികവും ആ ഷോയുടെ ജീവനായി. അയാളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ടെലിവിഷൻ സംജാതമായി. ആങ്കർമാരും റിപ്പോർട്ടർമാരും വാർത്തകൾക്കൊപ്പം വളർന്നു. മെസേജിനൊപ്പം മെസഞ്ചറേയും കേരളം കാണാൻ തുടങ്ങി. അപ്പോൾ പോലും ന്യൂസ് നൈറ്റിനെ നികേഷ് ഒരു 'ഞാൻ' ഷോ ആക്കിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. 'എന്റെ ചോദ്യമിതാണ്' എന്ന് അക്കാലത്തെ നികേഷ് പറഞ്ഞതായി എനിക്ക് തോന്നുന്നില്ല.
ഒരു ഉദാഹരണം കൂടി പറയാം. ഒരു ന്യൂസ് നൈറ്റിൽ ഫോണിൽ ജോയിൻ ചെയ്ത ടി.കെ.ഹംസ നികേഷിനെ എം.വി.ആറിന്റെ കാര്യം പറഞ്ഞ് വ്യക്തിപരമായി അപഹസിക്കുന്നു. നികേഷ് ഒരക്ഷരം മിണ്ടാനോ അതിനെ തടസ്സപ്പെടുത്താനോ പോകുന്നില്ല. ഹംസ പറഞ്ഞുനിർത്തിയപ്പോൾ 'നന്ദി ശ്രീ ടി.കെ.ഹംസ, ചർച്ചയിൽ ചേർന്നതിന്' എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു. അന്ന് അതൊരു പൊതുനിലപാടിന്റെ ഭാഗം കൂടിയായിരുന്നു. വാർത്തയാണ് വലുത്. വ്യക്തിപരമായ കാര്യങ്ങളല്ല. കാലം 2006 ന് മുൻപ്.
ഇതേ നികേഷ്, സ്വന്തം റിപ്പോർട്ടർ ചാനലിൽ വന്നിരുന്ന അതിഥിയോട് വ്യക്തിപരമായി അധിക്ഷേപിച്ചതിന് പൊട്ടിത്തെറിക്കുന്നതും അതൊരു കൂറ്റൻ വഴക്കായി മാറുന്നതും 2020-നു ശേഷം കാണേണ്ടിവന്നു എങ്കിൽ ഇതിനിടയിൽ മാറിവന്ന വാർത്താസംസ്കാരമാണ് അതിന്റെ കാരണം. അതിഥികളുമായി തർക്കിക്കുന്ന ഷോകൾക്ക് വലിയ ജനപ്രീതി ഉണ്ടായി. ഏഷ്യാനെറ്റിൽ വേണു ബാലകൃഷ്ണന്റെ ന്യൂസ് അവർ വാർത്താകേന്ദ്രങ്ങളെ പിടിച്ചുകുലുക്കി. ചോദ്യങ്ങളിലെ കാർക്കശ്യമായിരുന്നു വേണുവിന്റെ മുഖമുദ്ര. 2006-ൽ മനോരമ ന്യൂസ് ആരംഭിച്ച ദിവസം തൊട്ട് മനോരമ ‘ന്യൂസ് അവർ’ എന്ന നിലയിൽ ആരംഭിക്കുകയും പിന്നീട് ‘കൗണ്ടർ പോയൻറ്’ എന്ന് പേരുമാറ്റുകയും ചെയ്ത ഷോയിലൂടെ പൊടുന്നനെ വളർന്നുവന്ന മുൻ ഇന്ത്യാവിഷൻ അവതാരക കൂടിയായ ഷാനി പ്രഭാകറും കൂടി ആയതോടെ മൂന്ന് 'പുലി'കൾ - നികേഷ്, വേണു, ഷാനി - വാർത്താചാനൽ താരങ്ങളായി.
ചില രാഷ്ട്രീയ നേതാക്കൾക്ക് ചാർത്തിക്കൊടുത്തിരുന്ന രാജമാണിക്യൻ വിശേഷണം (യെവൻ പുലിയാണ് കേട്ടാ) ആങ്കർമാർക്കും കിട്ടി. ഈ താരപരിവേഷം ഒരർഥത്തിൽ കേരളീയ സമൂഹം ടെലിവിഷൻ വാർത്തയെ സമീപിച്ച രീതിയുടെ അനിവാര്യമായ ഉപോൽപന്നമായിരുന്നു. പതുക്കെപ്പതുക്കെ വാർത്തയിൽ ഒരു 'ഞാൻ' കടന്നുവന്നു. 'എന്റെ ചോദ്യമിതാണ്' എന്ന മുന്നുര അതിഥിയെ കർശനമായി ചോദ്യം ചെയ്യാനുള്ള വടിയായി മാറി. ആ വടി കഴിഞ്ഞ പത്തിരുപതു വർഷങ്ങൾക്കിടയിൽ എങ്ങനെയെല്ലാം പ്രയോഗിക്കപ്പെട്ടു എന്ന് നമുക്കറിയാം. അവതാരകരും അതിഥികളും തമ്മിൽ മാത്രമല്ല, അവതാരകർ മാത്രം പങ്കെടുക്കുന്ന ഷോകളിൽ ആ വടി പറന്നുനടക്കുന്നത് നാം കണ്ടു. അവതാരകരെല്ലാം ഞാനായി, എന്റെയായി, ഞാൻ പറയുന്നതായി, എന്നോട് കളിക്കണ്ട എന്നായി.
വർത്തമാനകാലം അതുകൊണ്ടുതന്നെ ഡീ- ആക്ടിവേറ്റ് ചെയ്യാൻ സാധിക്കാത്ത ഈ പുലിത്തരം ചാർത്തിക്കിട്ടിയ ആങ്കർമാരുടേതാണ്. ആ പുലിമഹിമ വച്ച് ജി.ആർ.പി ഉണ്ടാക്കലാണ് ഇന്ന് ഒരു ഭാഗത്ത് നടക്കുന്ന ദൃശ്യമാധ്യമ പ്രവർത്തനം. ഈയിടെ, 24 ന്യൂസ് ചാനലിന്റെ സർവതുമായ ആർ. ശ്രീകണ്ഠൻ നായരുടെ ഒരു അഭിമുഖം പുറത്തുവന്നു. രസമാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ. വിനോദചാനലും വാർത്താ ചാനലും തമ്മിൽ എന്തിനാണിത്ര അകൽച്ചയെന്ന് ചിന്തിച്ച ശ്രീകണ്ഠൻ നായർ, സ്വന്തം വാർത്താ ചാനലിന്റെ കാര്യത്തിൽ ആ അകൽച്ച ഇല്ലാതാക്കി. ഇത് തന്റെ സ്ഥാപനത്തിലെ രണ്ട് ഡിപ്പാർട്മെൻറുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ എന്തിന് രണ്ട് അറകളിലാക്കണം എന്ന ലളിതവിശാലചിന്തയുടെ പിൻബലത്തിലാണ് അദ്ദേഹം ചെയ്തത്. എന്നാൽ വാർത്തയും വിനോദവും തമ്മിലുള്ള ജീവൽപ്രധാനമായ അന്തരം അദ്ദേഹത്തിന് വിഷയമാകുന്നില്ല. വിനോദം താരനിബിഡമാണ്. വാർത്ത ഏകാകിയായ മനുഷ്യനാണ്. ഒന്ന് ഫഹദ് ഫാസിലും മറ്റേത് നവാബ് രാജേന്ദ്രനുമാണ്.
ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമയെക്കുറിച്ച് വാർത്ത കൊടുക്കുന്നുണ്ട് എന്നതുകൊണ്ട് വാർത്ത സിനിമയല്ല. അത് റിയാലിറ്റി ഷോയെക്കുറിച്ച് വാർത്ത കൊടുക്കും, പക്ഷേ അത് റിയാലിറ്റി ഷോ അല്ല. റിയാലിറ്റി ആണ്. കോട്ടും ടൈയും മാറ്റി മുണ്ട് ഉടുത്തുവന്നാൽ ഹാശ്മി ടി. ഇബ്രാഹിം ഫഹദ് ഫാസിൽ ആകില്ല. മുണ്ടും മുഷിഞ്ഞ ജുബ്ബയും ഇട്ട് വന്നാൽ ഹാശ്മി നവാബും ആകില്ല. ആർക്കും കൈ തരാത്ത ഒരു പരുക്കൻ അന്വേഷിയാണ് സർ, വാർത്ത. നവാബ് ആകാൻ കേരളത്തിൽ ഒരു മാധ്യമ പ്രവർത്തകനും കഴിഞ്ഞിട്ടില്ല (കമൽ റാം സജീവ് നവാബിനെക്കുറിച്ച് എഴുതിയ പുസ്തകം ഒരമൂല്യ പുസ്തകമാണ്). പക്ഷേ അതിലേക്കൊരു യാത്ര നടത്താനുള്ള വഴി പോലും ഇന്ന് അടഞ്ഞുപോയി.
അതിനൊരു കാരണം, ശ്രീകണ്ഠൻ സർ, താങ്കളുടെ കീഴിലുള്ള മാധ്യമ പ്രവർത്തകരോട് താങ്കൾ ഔപചാരികത അഴിച്ചുവയ്ക്കാൻ ആവശ്യപ്പെട്ടതുകൂടിയാണ് എന്ന് ഞാൻ പറയും. വാർത്തയെ അലങ്കരിച്ച് ആനയിക്കാൻ താങ്കൾ പുറപ്പെട്ടതാണ് എന്ന് ഞാൻ പറയും. മധ്യവർഗ സ്വീകരണമുറികളിൽ വാർത്തയെ സ്വീകാര്യമാക്കാൻ വിനോദ ചാനലുകളുടെ റെസിപ്പിയിൽ നിന്ന് താങ്കൾ കടമെടുത്ത സരസമൊഴികൾ കൂടിയാണ് സർ, ഒരു ന്യൂസ് ചാനലിന് കേരളത്തിന്റെ അടിസ്ഥാന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കിയത്.
അനൗപചാരികത മാത്രമല്ല ആ 'ഞാനി'ലൂടെ പുറത്തുചാടിയത്. ഏത് കോമാളിവേഷവും കെട്ടി പ്രേക്ഷകരെ രസിപ്പിക്കുക എന്ന മാർക്കറ്റിങ് സ്ട്രേറ്റജി കൂടിയാണ്. ആ രസം പിടിച്ച പ്രേക്ഷകർ ന്യൂസ് ചാനൽ സ്‌ക്രീനിൽ നിന്ന് അരസികരായ അവതാരകരെ ഓടിച്ചു. എന്തൊരു ബോറാണ് അവന്റെ / അവളുടെ അവതരണം എന്ന് ട്രോളി. ജേണലിസം ക്ലാസുകളിൽ ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്ന 'ഫൈവ് W സും വൺ H' ഉം സ്ഥലം കാലിയാക്കി. ആർഭാടങ്ങൾ ഇല്ലാത്ത വസ്തുനിഷ്ഠഭാഷ ജീവനും കൊണ്ട് ഓടി. പ്രേക്ഷകർക്ക് 'വേണ്ടത്' കൊടുക്കേണ്ട പുതിയൊരു വിനോദമാർഗമായി വാർത്ത മാറി. വിനോദത്തിൽ കഥയും തിരക്കഥയും ഴൊണറുകളും താരങ്ങളും ഒക്കെയാണല്ലോ പ്രധാനം. ആ രസക്കൂട്ടുകൾ, അതിനു വേണ്ട രാസപ്രക്രിയകൾ, പൊടിക്കൈകൾ ഇതൊക്കെ ഒരു വിനോദ ചാനലിൽ എന്നപോലെ വാർത്താചാനൽ മുറിയിലും ഉൽപാദിപ്പിക്കപ്പെട്ടു.
എന്തിനാ ഈ മസിലുപിടിത്തം? ഉള്ള കാര്യം പറഞ്ഞാപ്പോരെ? കടുകട്ടി ഭാഷയിൽ തന്നെ പറയണമെന്ന് എന്തിനാ ഈ നിർബന്ധം? കഴിയുന്നതും ഇൻഫോമൽ ആവുകയല്ലേ വേണ്ടത്? നിങ്ങൾ സാധാരണ മനുഷ്യർ പറയുന്ന പോലെയും ചെയ്യുന്ന പോലെയും ചെയ്താൽ എന്താണ് കുഴപ്പം? ഈ ചോദ്യങ്ങൾ എല്ലാ ന്യൂസ് റൂമുകളിലും ഉന്നയിക്കപ്പെട്ടു. പ്രേക്ഷകർ അതാണ് ഇഷ്ടപ്പെടുന്നതെന്ന് വാദിക്കപ്പെട്ടു. സാവധാനം വാർത്താ അവതാരകരും റിപ്പോർട്ടർമാരും 'ഞാൻ പറയുന്നു', 'എന്റെ അഭിപ്രായത്തിൽ', 'എസ്.പി എന്നെ വിളിച്ചപ്പോൾ പറഞ്ഞത്' തുടങ്ങി 'ഞാൻ ഐ ഫോൺ വാങ്ങി', 'നീ ഗോട്ട് സിനിമ കണ്ടോ' തുടങ്ങിയതിലേക്കും 'ഇന്ന് ഞങ്ങളുടെ മുതലാളിയുടെ മകളുടെ ഹാപ്പി ബർത് ഡേ ആണ്, ഹാപ്പി ബർത് ഡേ മോളേ, ചക്കര മുത്തേ' (പി.സി.ആർ റെഡി, ബർത് ഡേ സോങ് + ദൃശ്യങ്ങൾ, ഗോ) എന്നതിലേക്കും പുരോഗമിച്ചു.
വാർത്താഅവതരണം അങ്ങനെ ഒരു സുകുമാരകലയായി. വിനോദമായി. ഉളുപ്പില്ലാത്ത വേഷംകെട്ടലായി. വാർത്താ അവതാരകർ പാട്ടുപാടും, ഡാൻസ് ചെയ്യും, നാടകം കളിക്കും. കോട്ട് ഊരണം എന്നേ ഉണ്ടായിരുന്നുള്ളൂ. രാജാപാർട്ട് വേഷം കെട്ടി കുതിരപ്പുറത്ത് എഴുന്നള്ളുന്നതും മരംമുറി വിവാദം വിശദീകരിക്കാൻ കൈലിയും ബനിയനും ഇട്ട് ലോറി ഡ്രൈവറുടെ വേഷത്തിൽ വരുന്നതും ചന്ദ്രയാനിൽ പോകാൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയുടെ കോമാളി അനുകരണം നടത്തുന്നതും ഒക്കെയായി. (കോട്ട് എന്തൊരു ബോർ, ലുങ്കിയല്ലേ തനി നാടൻ). ആങ്കർമാരും റിപ്പോർട്ടർമാരും വാർത്തകൊണ്ട് സിനിമാലയും ഉപ്പും മുളകും മാറിമായവും അവതരിപ്പിച്ചു. എന്താ രസം! (വിനോദചാനലും വാർത്താചാനലും ഒന്ന്. ആഹാ. റേറ്റിങ്ങിലും കുതിച്ചുചാട്ടം. ആഹഹ. തൃശൂർ പുലികളി റിപ്പോർട്ട് ചെയ്യാൻ നമ്മുടെ പ്രമുഖ ആങ്കറെ പുലിയായി ഇറക്കിയാലോ?, ഐഡിയ!).
ഒടുവിൽ കേട്ടത് ഇതൊന്നും അല്ല സർ, ഇതിന്റെ അങ്ങേത്തലയാണ്. സ്വന്തം 'താര'മൂല്യം വച്ച് കട ഉദ്ഘാടനത്തിന് വിലപേശുന്ന വാർത്താ അവതാരത്തെക്കുറിച്ചാണ്. അതും സ്വന്തം വാർത്താപരിപാടിയിൽ (അതിനെ അങ്ങനെ വിളിക്കാമോ?) തത്സമയം സംപ്രേഷണം ചെയ്യാൻ. ഉത്തരേന്ത്യയിലെ കർഷകർക്ക് താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണമെന്ന വാർത്ത റിപ്പോർട്ട് ചെയ്യേണ്ടുന്ന ആങ്കർ സ്വന്തം താരവില (അഥവാ 'തറ'വില) വിലപേശി ഉറപ്പിച്ച് കടകളുടെ പരസ്യം വാർത്തയായി കൊടുക്കുകയാണ്. എന്തുതരം വാർത്ത? കർഷകപ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്ന അതേ റൺഡൗണിലെ ഒരു വാർത്തയാണ്. സമയം തികഞ്ഞില്ലെങ്കിൽ കർഷകരുടെ രോഷമോ മുണ്ടക്കൈയിലെ നിലവിളിയോ ആയാലും എടുത്തു ദൂരേക്കുകളഞ്ഞ് കൊടുക്കാൻ, വാങ്ങിച്ച പണം കൊണ്ട്, അയാൾ നിർബന്ധിതനായിരിക്കുന്ന, കമ്മിറ്റഡ് ആയ 'വാർത്ത'. ആ ജേണലിസ്റ്റ് അങ്ങനെ പ്രേക്ഷകരേക്കാൾ കച്ചവടക്കാരോട് കമ്മിറ്റഡ് ആയിരിക്കുന്നു. ഇത്ര ഇൻഫോമൽ ആയാൽ മതിയോ ശ്രീകണ്ഠൻ സർ?
സംവാദങ്ങൾക്കും സംഭാഷണങ്ങൾക്കും പകരം അക്രമാസക്തി പൂണ്ട താർക്കികതയിൽ അഭിരമിക്കുന്ന ഒരു നവമാധ്യമ സമൂഹം സാങ്കേതികതയുടെ വളർച്ച വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഇതൊരു ഒറ്റപ്പെട്ട കേരളീയ പ്രതിഭാസമാണെന്നല്ല പറഞ്ഞുവരുന്നത്. അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും രാഷ്ടീയഭൂമികയിൽ സംഭവിച്ചുകൊണ്ടിരുന്ന പോപ്പുലിസ്റ്റ് മാറ്റങ്ങളുടെ ഭാഗമാണ് ഇതും. കഴിഞ്ഞ മുപ്പത് വർഷത്തെ രാഷ്ട്രീയം ഇന്ത്യയിൽ ഭരണഘടനാമൂല്യങ്ങളെ പയ്യെപ്പയ്യെ വിലയിടിക്കുന്നതും വ്യക്തിയെ അരക്ഷിതനാക്കുന്നതുമായി. സംഘടിത ഭൂരിപക്ഷ വർഗീയത അധികാരത്തിലറിയതോടെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര വ്യാപനത്തിൽ നിന്ന് ഒന്നിനും മാറിനിൽക്കാൻ കഴിയാതെ വന്നു. ജനാധിപത്യസ്വഭാവം ദുർബലപ്പെടുകയും അധികാര കേന്ദ്രീകരണം സമൂഹത്തിന്റെ എല്ലാത്തട്ടുകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. ചില വ്യക്തികൾക്ക് ദൈവപരിവേഷമായി. രാഷ്ട്രീയം പ്രസിഡൻഷ്യൽ മോഡിലേക്ക് മാറാതെ തന്നെ അതിന്റെ എല്ലാ സ്വഭാവവും പ്രകടിപ്പിച്ചു. സംവാദങ്ങൾക്കും സംഭാഷണങ്ങൾക്കും പകരം അക്രമാസക്തി പൂണ്ട താർക്കികതയിൽ അഭിരമിക്കുന്ന ഒരു നവമാധ്യമ സമൂഹം സാങ്കേതികതയുടെ വളർച്ച വഴി സൃഷ്ടിക്കപ്പെടുകയും ചെയ്തു.
സൗഹൃദമില്ല, മൽസരം മാത്രം. ചർച്ചയില്ല, തീരുമാനം മാത്രം. ചോദ്യമില്ല, ഉത്തരം മാത്രം. സമൂഹമാധ്യമങ്ങളുടെ വ്യാപനത്തിലൂടെ ജനാധിപത്യം പരിപോഷിപ്പിക്കപ്പെടും എന്ന് കരുതിയിടത്ത് ഫാസിസ്റ്റ് പ്രവണതകളെ തഴച്ചുവളർത്തുന്ന അൽഗൊരിതങ്ങളാണ് വളർന്നത്. സാങ്കേതികവിദ്യയിലൂടെ പരിണാമം കൊണ്ട 'ഞാൻ' ആ പഴയ, സബ്ജെക്ടീവല്ല വാർത്ത എന്നതിനാൽ ഒരിക്കൽ പോലും പ്രയോഗിക്കാൻ മടിച്ച, സാത്വികനായ 'ഞാന'ല്ല. ഇതൊരു വലിയ, ഒന്നൊന്നര, പുലി 'ഞാനാ'ണ്. യൂ ട്യൂബിൽ, ഫേസ് ബുക്കിൽ, വാട്സാപ്പിൽ, ഇൻസ്റ്റഗ്രാമിൽ - ഇതൊക്കെയാണല്ലോ പുതിയ വാർത്താമാധ്യമങ്ങൾ - മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നത്, വാർത്തകളല്ല, അതിനെ ചവിട്ടിത്താഴ്ത്തി ഗോപുരമുകളിൽ കയറിനിന്ന് 'ഇതാണ് വാർത്ത'യെന്ന് പ്രഘോഷിക്കുന്ന ടോക്സിക് അവനവൻ ദൈവങ്ങളെയാണ്.