ഷിരൂരിലെ മണ്ണിടിച്ചിലും മാധ്യമങ്ങളും; 'മലയാളി'യായ അർജുന് വേണ്ടി മാത്രമാവരുത് ഈ കവറേജ്

ഷിരൂരിലെ മണ്ണിടിച്ചിലും അതിന് ശേഷം നടന്ന രക്ഷാപ്രവർത്തനവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി വലിയ വിമർശനത്തിന് വിധേയമായിരുന്നു. ഒരു ജീവന് വേണ്ടി ഇത്രയും കോലാഹലം വേണോ എന്നാണ് വിമർശകരുടെ ഒരു ചോദ്യം. വേണം എന്ന് തന്നെയാണ് ഉത്തരം. മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ എഴുതുന്നു…

കർണാടകയിലെ ഷിരൂരിൽ അപകടം നടക്കുന്ന സമയത്ത് ഞാൻ നാട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ടെലിവിഷൻ ചാനലുകളുടെ കവറേജ് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനെതിരെ പല വിമർശനങ്ങളും ഉയർന്ന സമയത്താണ് ഞാൻ യൂട്യൂബിൽ പോയി വീണ്ടും വീഡിയോസ് കാണുന്നത്. അതിനെ അടിസ്ഥാനമാക്കിയാണ് ഞാൻ എന്റെ അഭിപ്രായം പറയുന്നത്. ഞാൻ കണ്ട വീഡിയോകൾ എത്രമാത്രം റെപ്രസെന്റ്റ്റീവ് ആണെന്ന് എനിക്കറിയില്ല. അതുകൊണ്ട് ഞാൻ പറയുന്ന അഭിപ്രായങ്ങൾ പൂർണമായി ശരിയായിക്കൊള്ളണമെന്നില്ല.

ചാനലുകൾ ഒരുപാട് സമയം ഈ വിഷയത്തിനുവേണ്ടി ചെലവഴിച്ചു എന്നതാണ് ഞാൻ കേട്ട ഒരു വിമർശനം. ഇതിനോട് ഞാൻ യോജിക്കുന്നില്ല. അതിന്റെ കാരണം, ഒരു വാർത്തയ്ക്ക് എത്രമാത്രം സമയവും പ്രാധാന്യവും നൽകണമെന്ന് തീരുമാനിക്കുന്നത് എഡിറ്ററുടെ മാത്രം ഉത്തരവാദിത്തമാണ്. അതിനോട് പ്രേക്ഷകർക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ചിലർക്കത് അരോചകമായി തോന്നുകയും ചെയ്യാം. അങ്ങനെ തോന്നുമ്പോൾ ആ ചാനലിനോട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാം. നിങ്ങളുടെ അഭിപ്രായം ചാനൽ മാനിക്കുന്നില്ലെങ്കിൽ അത് മാറ്റാൻ പ്രേക്ഷകർക്ക് പൂർണാധികാരമുണ്ട്.

കർണാടക ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന സ്ഥാലം
കർണാടക ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന സ്ഥാലം

അടിസ്ഥാനപരമായി ഒരു വാർത്തയ്ക്ക് എത്ര പ്രാധാന്യം നൽകണമെന്നത് എഡിറ്ററുടെ തീരുമാനമാണ്. ഞാൻ ആ സ്കൂൾ ഓഫ് ജേണലിസം അനുസരിച്ച് പ്രവർത്തിക്കുന്ന ആളാണ്. അത് മാത്രമല്ല, നമ്മുടെ പല മാധ്യമ സ്ഥാപനങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ, ചോദിക്കേണ്ട പല ചോദ്യങ്ങളും ചോദിക്കാതിരിക്കുകയും പറയേണ്ട പല കാര്യങ്ങളും പറയാതിരിക്കുകയും ചെയ്യുക എന്നതാണ്. ഈ അവസ്ഥക്കുള്ള കാരണം എഡിറ്ററിൽ നിന്ന് ഈ അധികാരം എവിടെയൊക്കെയോ നഷ്ടപ്പെട്ട് പോവുന്നുവെന്നതാണ്. എഡിറ്റർക്ക് ഈ അധികാരം തിരിച്ച് ലഭിക്കുക എന്നൊരു വലിയ വെല്ലുവിളി നമ്മുടെ മുന്നിലുണ്ട്. വാർത്തയ്ക്ക് എത്രമാത്രം പ്രാധാന്യം നൽകാമെന്ന് തീരുമാനിക്കേണ്ടത് കാണികളല്ല, എഡിറ്റർ തന്നെയാണ്.

രണ്ടാമത്തെ വിഷയം ഒരു ജീവനുവേണ്ടി ഇത്രമാത്രം കോലാഹലം ഉണ്ടാക്കേണ്ടിയിരുന്നോ എന്നതാണ്. തീർച്ചയായിട്ടും ഇതല്ല, ഇതിൽ കൂടുതൽ കോലാഹലം ഉണ്ടാക്കണമായിരുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഒരു മാധ്യമസ്ഥാപനത്തിന്റെ പ്രിൻസിപ്പിൾ റെസ്പോൺസിബിലിറ്റി എന്ന് പറഞ്ഞാൽ ബഹളം ഉണ്ടാക്കുക, കോലാഹലം ഉണ്ടാക്കുക എന്ന് തന്നെയാണ്. കുരയ്ക്കുന്ന ഒരു പട്ടിയായിരിക്കണം മാധ്യമസ്ഥാപനം. അല്ലാതെ മിണ്ടാതെയിരിക്കുന്ന ലാളിക്കപ്പെടുന്ന ഒരു പട്ടിയെയല്ല നമുക്കാവശ്യം. പല മാധ്യമങ്ങളും കൊഞ്ചിക്കുഴയുന്ന ഒരു പട്ടിയായി മാറിയെന്ന പ്രശ്നമാണ് പല കാര്യങ്ങളിലും നമ്മൾ കാണുന്നത്.

എത്രത്തോളം കോലാഹലം ഉണ്ടാക്കാൻ സാധിക്കുമോ, അത് ഉണ്ടാക്കുക. പ്രത്യേകിച്ച് അതൊരു ജീവൻ രക്ഷിക്കാൻ വേണ്ടിയാണെങ്കിൽ ഉറപ്പായും കഴിയുന്നത്ര ചെയ്യുക. എന്നാൽ മതത്തിന്റെയും മറ്റും പേരുപറഞ്ഞ് ആളുകളെ തമ്മിൽ തല്ലിക്കാനല്ല ഈ കോലാഹലം കാണിക്കേണ്ടത്. പല മാധ്യമ സ്ഥാപനങ്ങളും പലപ്പോഴും കോലാഹലങ്ങൾ ഉണ്ടാക്കുന്നത് ആളുകളെ തമ്മിലടിപ്പിക്കാനാണ്. പക്ഷെ, ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി എത്രമാത്രം കോലാഹലങ്ങൾ ഉണ്ടാക്കിയാലും കുഴപ്പമില്ലെന്നാണ് ഞാൻ കരുതുന്നത്. ഫലം എന്ത് തന്നെയായാലും. എത്രത്തോളം ബഹളമുണ്ടാക്കിയും അധികാരികളുടെ ശ്രദ്ധ വിഷയത്തിലേക്ക് കൊണ്ടുവരിക എന്നതാണ് മാധ്യമങ്ങളുടെ ധർമ്മം. അതുകൊണ്ട് കോലാഹലം ഉണ്ടാക്കിയെന്നത് ഒരു പരാതിയായി എനിക്ക് തോന്നുന്നില്ല.

കവറേജിൽ ഞാൻ കണ്ട ഒരു പ്രശ്നം, അർജുൻ ഒരു മലയാളിയായതുകൊണ്ടാണ് നമ്മുടെ ചാനലുകൾ ഇത്തരത്തിൽ പെരുമാറിയതെന്നതാണ്. ഞാൻ അറിഞ്ഞിടത്തോളം, അവിടെ എട്ടുപേരെ കാണാതായിട്ടുണ്ട്. ഒരു പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബം മുഴുവനായും അപകടത്തിൽപ്പെട്ടതായി അറിഞ്ഞു. തിമിഴ്നാട്ടുകാരനായെ ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്നാണ് അറിഞ്ഞത്. പലപ്പോഴും നമ്മൾ കൂപമണ്ഡൂകങ്ങളെ പോലെയാണ്. നമ്മളെ ബാധിക്കുന്ന കാര്യങ്ങളിൽ മാത്രം നമ്മൾ ഒതുങ്ങി പോകുന്നുണ്ടോ എന്നൊരു സംശയം. മറ്റുള്ളവർക്ക് വേണ്ടിയും ഇതേ ഉച്ചത്തിൽ സംസാരിക്കേണ്ടിയിരുന്നില്ലേ എന്നൊരു ചോദ്യമുണ്ട്.

 ഒരു ജീവനുവേണ്ടി ഇത്രമാത്രം കോലാഹലം ഉണ്ടാക്കേണ്ടിയിരുന്നോ എന്നതാണ്. തീർച്ചയായിട്ടും ഇതല്ല, ഇതിൽ കൂടുതൽ കോലാഹലം ഉണ്ടാക്കണമായിരുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഒരു മാധ്യമസ്ഥാപനത്തിന്റെ പ്രിൻസിപ്പിൾ റെസ്പോൺസിബിലിറ്റി എന്ന് പറഞ്ഞാൽ ബഹളം ഉണ്ടാക്കുക, കോലാഹലം ഉണ്ടാക്കുക എന്ന് തന്നെയാണ്. കുരയ്ക്കുന്ന ഒരു പട്ടിയായിരിക്കണം മാധ്യമസ്ഥാപനം.
ഒരു ജീവനുവേണ്ടി ഇത്രമാത്രം കോലാഹലം ഉണ്ടാക്കേണ്ടിയിരുന്നോ എന്നതാണ്. തീർച്ചയായിട്ടും ഇതല്ല, ഇതിൽ കൂടുതൽ കോലാഹലം ഉണ്ടാക്കണമായിരുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഒരു മാധ്യമസ്ഥാപനത്തിന്റെ പ്രിൻസിപ്പിൾ റെസ്പോൺസിബിലിറ്റി എന്ന് പറഞ്ഞാൽ ബഹളം ഉണ്ടാക്കുക, കോലാഹലം ഉണ്ടാക്കുക എന്ന് തന്നെയാണ്. കുരയ്ക്കുന്ന ഒരു പട്ടിയായിരിക്കണം മാധ്യമസ്ഥാപനം.

ഞങ്ങളുടെ പ്രേക്ഷകർ എന്നുപറയുന്നത് മലയാളികളാണ് എന്നാക്കെ സാധാരണഗതിയിൽ ചാനലുകൾ പറയുമായിരിക്കും. എന്നാൽ, ഒരു ജീവൻ മരണപോരാട്ടം നടക്കുന്നിടത്ത് ആളുകൾ കേരളത്തിൽ നിന്നാണോ വേറെ എവിടെ നിന്നാണോ എന്നൊക്കെ നോക്കണമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. നാളെ കർണാടകയിലെയോ മഹാരാഷ്ട്രയിലെയോ ഏതെങ്കിലും മനുഷ്യൻ ഇതുപോലെ അപകടത്തിൽ പെടുകയാണെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ ഇതുപോലെ തന്നെ റിപ്പോർട്ട് ചെയ്യുമോ എന്ന ചോദ്യവും ബാക്കിനിൽക്കുന്നുണ്ട്. അതിനുള്ള ഉത്തരം ഞങ്ങളുടെ പ്രേക്ഷകർ മലയാളികൾ ആണെന്നാണെങ്കിൽ, നമ്മളെ അലോസരപ്പെടുത്തുന്ന മറ്റൊരു ചോദ്യം ഉയരുന്നുണ്ട്. പലരും വിമർശിക്കുന്നതുപോലെ ടി.ആർ.പി റേറ്റിങ്ങിന് വേണ്ടി മാത്രമാണോ നമ്മൾ മാധ്യമപ്രവർത്തനം ചെയ്യുന്നതെന്നതാണത്. ഭാവിയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ. അങ്ങനെ ഉണ്ടായാൽ ഇതേ രീതിയിൽ തന്നെ അപകടത്തിൽപ്പെട്ടവരുടെ ജന്മദേശം ഏതാണെന്ന് നോക്കാതെ അത് എവിടെയാണ് സംഭവിച്ചതെന്ന് നോക്കാതെ ഇതുപോലെ സർക്കാരുകളെ ഉണർത്തുന്ന കവറേജുകൾ ചെയ്യണം.

മറ്റൊരു കാതലായ പ്രശ്നം, മൈക്രോ റിപ്പോർട്ടിങ്ങിനകത്ത് ഈ വിഷയം ഒരു ട്രാപ്പിനകത്ത് അകപ്പെട്ട് പോയതുപോലെ എനിക്ക് തോന്നി. നമ്മൾ പലപ്പോഴും സെൻസേഷണൽ കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെങ്കിൽ വൈകാരികമായ കാര്യങ്ങളിൽ മാത്രമേ ശ്രദ്ധിക്കുകയുള്ളു. വൈകാരികമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ തെറ്റുണ്ടെന്നല്ല ഞാൻ പറയുന്നത്. അതിൽ മാത്രം ഊന്നൽ നൽകുന്ന ഒരു പ്രശ്നം ഇവിടെയുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം മണ്ണിടിച്ചിൽ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ചർച്ചചെയ്യാനുള്ള സുവർണാവസരമായിരുന്നു ഇത്. അത് വേണ്ട രീതിയിൽ ചർച്ച ചെയ്തിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. കേരളത്തിലെ മുഴുവൻ ജനങ്ങളും അർജുന്റെ അവസ്ഥയെ ഉറ്റുനോക്കികൊണ്ടിരിക്കുകയായിരുന്നു എന്നാണ് കേട്ടത്. ഇനിയിങ്ങനെ ഒരു ദുരന്തം ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം? ഭരണാധികാരികളോട് എങ്ങനെ സമ്മർദ്ദം ചെലുത്തണം? ആർക്കുവേണ്ടിയാണ് മണ്ണെടുക്കുന്നത്? ആർക്കുവേണ്ടിയാണ് ഈ കെട്ടിടങ്ങൾ കെട്ടുന്നത്? ഇത്തരത്തിൽ വളരെ സങ്കീർണമായ ചോദ്യങ്ങൾ ഉയർത്തേണ്ട സമയമായിരുന്നു ഇത്. ചിലപ്പോൾ ചോദിച്ചിട്ടുണ്ടാവാം. എന്നാൽ, ഞാൻ അത്തരം വീഡിയോസ് അധികം കണ്ടിട്ടുണ്ടാവില്ല. അങ്ങനെ ചോദിച്ചിട്ടില്ലെങ്കിൽ അത് മാധ്യമങ്ങൾക്ക് പറ്റിയ പിഴവാണ്.

ഇത്തരം കാര്യങ്ങൾ കവർ ചെയ്യുമ്പോൾ മാധ്യമങ്ങൾ ഉപയോഗിച്ച ഭാഷയാണ് എന്നെ വേദനിപ്പിച്ച മറ്റൊരു കാര്യം. തീർച്ചയായിട്ടും പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടിയായിരിക്കും അങ്ങനെ ചെയ്തത്. ടെലിവിഷൻ ചാനലുകൾ ഭയപ്പെടുന്ന weapon of mass destruction (WMD) റിമോട്ട് കണ്ട്രോൾ എന്ന് വസ്തുവാണ്. ടെലിവിഷനെ സംബന്ധിച്ചിടത്തോളം പ്രേക്ഷകരുടെ കയ്യിലുള്ള റിമോട്ട് കൺട്രോളാണ് പ്രധാനം. ഈ റിമോട്ട് പ്രേക്ഷകർ തൊടരുത് എന്ന വാശി കാരണമായിരിക്കാം പലപ്പോഴും നമ്മൾ സാധാരണ ജീവിതത്തിൽ ഉപയോഗിക്കാത്ത നാടകീയമായ ഭാഷ ഉപയോഗിക്കേണ്ടി വരുന്നത്. ഉപരിപ്ലവമായ പ്രസ്താവനകൾ നടത്തുന്ന രീതിയും ഞാൻ കണ്ടു. രണ്ട് വാചകങ്ങൾ ഞാൻ പ്രത്യേകം ഓർക്കുന്നു.

അതിലൊന്ന് കേരളത്തിലായിരുന്നെങ്കിൽ രണ്ടാം പക്കം അർജുൻ വീട്ടിലിരുന്ന് ടി.വി കാണുമായിരുന്നു എന്നതാണ്. അർജുനെക്കുറിച്ച് നമുക്കറിയാം. വീട്ടിലെ പ്രശ്നങ്ങൾ കാരണം പത്താം ക്ലാസ്സിൽ പഠിത്തം നിർത്തി സ്വന്തം കുടുംബത്തെ സഹായിക്കാൻ ജോലിക്ക് പോയ വ്യക്തിയാണ്. പലപല ജോലികൾ ചെയ്ത് സഹോദരങ്ങളെ നല്ലനിലയിൽ എത്തിച്ച് ഒടുക്കമാണ് ഡ്രൈവിങ്ങിലേക്ക് വരുന്നത്. അന്ന് അദ്ദേഹം പോയത് തന്റെ മകന്റെ പിറന്നാൾ ആഘോഷത്തിന് പണം കണ്ടെത്താനാണ്. ഇതൊക്കെ സത്യമാണെങ്കിൽ വീട്ടിലിരുന്ന് ടി.വി കാണുന്നയാളല്ല അർജുൻ. ഒരിക്കലും അദ്ദേഹത്തെ അപമാനിക്കാൻ വേണ്ടി മാധ്യമങ്ങൾ പറഞ്ഞുവെന്നല്ല ഞാൻ പറയുന്നത്. എന്നാൽ അങ്ങനെ കേൾക്കുമ്പോൾ പലപ്പോഴും അത്തരത്തിൽ ചിന്തിച്ച് പോവും.

ഷിരൂരിൽ നടത്തിയ രക്ഷാദൗത്യത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
ഷിരൂരിൽ നടത്തിയ രക്ഷാദൗത്യത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

നമ്മളെല്ലാം ജീവിക്കുന്നത് വീട്ടിലിരുന്ന് ടി.വി കാണാനാണെന്ന ധ്വനി അറിയാതെ കടന്നുവരുന്നുണ്ട്. അത് ഒഴിവാക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്ന് ഒരു ഉറപ്പുമില്ലാത്ത സമയത്ത്. ഇത്തരത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഭാഷ ശ്രദ്ധിക്കേണ്ടതുണ്ട്. പത്രപ്രവർത്തകർക്ക് ഭാഷ കൈകാര്യം ചെയ്യാനുള്ള ട്രെയിനിങ് നൽകണം. അർജുൻ ടി.വി കാണുമായിരുന്നു എന്ന് പറഞ്ഞത് സീനിയർ ജേർണലിസ്റ്റാണ്. അദ്ദേഹത്തിന് അക്കാര്യത്തിൽ ട്രെയിനിങ് കിട്ടിയിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. തീർച്ചയായും മാധ്യമസ്ഥാപനങ്ങൾ ഇതൊരു പാഠമായെടുത്ത് സെൻസിറ്റീവായ ഭാഷ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അന്തിചർച്ചയിൽ എന്തും പറയാമെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതിന്റെയൊരു തുടർച്ചയായതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു ഭാഷ ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ ഉപയോഗിച്ച് കേട്ട മറ്റൊരു പ്രയോഗം തീയിൽ കുരുത്തവനേ.. അർജുനേ കയറി വാ എന്നതാണ്. അർജുൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ അതിജീവിച്ചതിന്റെ ബഹുമാനം എന്നോണം പറഞ്ഞ വാക്കുകളാണ്. അദ്ദേഹം അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് ഉറപ്പാണ്. പക്ഷെ ഭാഷ, അതിന്റെ ഘടന എല്ലാം ഈ സമയത്ത് അരോചകമായിട്ടാണ് തോന്നിയത്. കാരണം, കേറി വാ എന്ന് മണ്ണിനടിയിൽ കിടക്കുന്ന അർജുനോട് പറയുമ്പോൾ നമ്മൾ അറിയാതെ കയറിവരാനുള്ള ഉത്തരവാദിത്തം അർജുന് മുകളിലാണെന്ന ധാരണ സൃഷ്ടിക്കുന്നുണ്ട്. അതൊരിക്കലും നമുക്ക് അംഗീകരിക്കാൻ സാധിക്കില്ല.

രാഷ്ട്രം നിർമിച്ച ഒരു റോഡിലൂടെ രാഷ്ട്രത്തെ വിശ്വസിച്ച് ജി.എസ്.ടിയും ടാക്സും നൽകുന്ന അർജുനെ പോലെയൊരാളെ സംരക്ഷിക്കുക എന്നത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്. കയറി വരേണ്ടത് മണ്ണിൽ കുടുങ്ങി കിടക്കുന്ന അർജുനല്ല, അയാളെ കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ പറഞ്ഞ ആങ്കർ കർണാടക സർക്കാറിന്റെ പുറത്ത് സമ്മർദ്ദം ചെലുത്താൻ ഒരുപാട് കാര്യങ്ങൾ ചെയ്തത് ഞാൻ കണ്ടു. അതെല്ലാം മറക്കാതെ തന്നെ പറയട്ടെ, ഇങ്ങനെയുള്ള ഭാഷ നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. ഇത് മാധ്യമ സംഘടനകൾ ചർച്ചചെയ്യേണ്ട വിഷയമാണ്. ദുരന്തം കവർ ചെയ്യുമ്പോൾ നമ്മൾ ഭാഷ ശ്രദ്ധിച്ച് ഉപയോഗിക്കണം. കളമശ്ശേരി സ്ഫോടനത്തിന്റെ സമയത്തും ഇത്തരത്തിൽ പല മാധ്യമങ്ങളും നിരുത്തരവാദിത്തപരമായ ഭാഷ ഉപയോഗിച്ചിരുന്നു. അതായത് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

ഈ വിഷയത്തിൽ എന്നെ ഇരുത്തി ചിന്തിപ്പിച്ചത് കേരളീയം മാസികയിൽ ഷിബു രാജ് എഴുതിയ ലേഖനമാണ്. അതിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയർത്തുന്നുണ്ട്. ദുരന്തം വരുമ്പോൾ നമ്മൾ കേരളീയർ ഒരുമിച്ച് നിൽക്കാറുണ്ട്. പക്ഷേ നമ്മൾ ഈ ദുരന്തങ്ങൾക്കുവേണ്ടി കാത്തുനിൽക്കേണ്ടതുണ്ടോ? ദൈനംദിന ജീവിതത്തിൽ എത്രയോ അർജുന്മാരെ നമ്മൾ കണ്ടുമുട്ടുന്നുണ്ട്. ഇവരോടുള്ള നമ്മുടെ സമീപനം എങ്ങനെയാണ്? അതായത് മറ്റുള്ളവരോട് ഒരു എംപതി നമ്മൾക്കുണ്ടോ? എന്നെ സംബന്ധിച്ചിടത്തോളം നമ്മൾ ആരാധിക്കുന്ന സച്ചിൻ ടെണ്ടുൽക്കറേക്കാളും വിരാട് കോഹ്ലിയേക്കാളും നേട്ടങ്ങൾ അർജുന് സ്വന്തമാണ്. അവർ ഇതൊക്കെ ചെയ്യുന്നത് കോടികൾ പ്രതിഫലം വാങ്ങിയിട്ടാണ്. ഇദ്ദേഹം അങ്ങനെയായിരുന്നില്ല. നമ്മൾ അർജുനെ പോലെയുള്ളവരെ അംഗീകരിക്കുകയോ വേണ്ടരീതിയിൽ പരിഗണിക്കുകയോ ചെയ്യുന്നുണ്ടോ എന്നതാണ് ചോദ്യം. മാത്രമല്ല ഒരു സമൂഹം എന്ന നിലയിൽ നമുക്ക് ഇവരെയെല്ലാം എങ്ങനെ കൈകോർത്ത് പിടിക്കാം എന്ന് ആലോചിക്കേണ്ടതുണ്ട്. മണ്ണിനടിയിൽ പെടുമ്പോഴല്ല ജീവിച്ചിരിക്കുമ്പോൾ എങ്ങനെ കൈകോർത്ത് പിടിക്കാമെന്ന് ചിന്തിക്കേണ്ടത്.

 നമ്മൾ പലപ്പോഴും സെൻസേഷണൽ കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെങ്കിൽ വൈകാരികമായ കാര്യങ്ങളിൽ മാത്രമേ ശ്രദ്ധിക്കുകയുള്ളു. വൈകാരികമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ തെറ്റുണ്ടെന്നല്ല ഞാൻ പറയുന്നത്. അതിൽ മാത്രം ഊന്നൽ നൽകുന്ന ഒരു പ്രശ്നം ഇവിടെയുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.
നമ്മൾ പലപ്പോഴും സെൻസേഷണൽ കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെങ്കിൽ വൈകാരികമായ കാര്യങ്ങളിൽ മാത്രമേ ശ്രദ്ധിക്കുകയുള്ളു. വൈകാരികമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ തെറ്റുണ്ടെന്നല്ല ഞാൻ പറയുന്നത്. അതിൽ മാത്രം ഊന്നൽ നൽകുന്ന ഒരു പ്രശ്നം ഇവിടെയുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.

ടി.ആർ.പിയെ കുറിച്ച് ചില കാര്യങ്ങൾ അവസാനമായി പറയാനുണ്ട്. ചിലപ്പോൾ ഞാൻ നേരത്തെ പറഞ്ഞ കാര്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ വിരോധാഭാസമായി തോന്നാം. ടി.ആർ.പി ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. ടി.ആർ.പി ഒരു വൃത്തികെട്ട വാക്കാണെന്ന നിലയിലാണ് ചിലരെങ്കിലും ഉപയോഗിക്കുന്നത്. എത്രപേർ കണ്ടുവെന്നതിന്റെ അളവുകോലാണ് ടി.ആർ.പി. അതുപയോഗിച്ചാണ് എത്രപേർ കണ്ടുവെന്ന് തീരുമാനിക്കുന്നത്. അതുവെച്ചാണ് പരസ്യ റേറ്റ് തീരുമാനിക്കുന്നത്. അതൊരു എസ്റ്റാബ്ലിഷ്ഡ് സിസ്റ്റമാണ്. അതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. അത് മാർക്കറ്റ് ഇക്കണോമിയുടെ ഭാഗമാണ്. ഇത് തെറ്റായ രീതിയാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ചിലർക്ക് അങ്ങനെ തോന്നാം. ആശയപരമായ വ്യത്യാസങ്ങൾ അതിലുണ്ടാകാം. അങ്ങനെയുള്ളവർ പരസ്യമില്ലാത്ത ഫ്രീ ടു എയർ ചാനലുകൾ കാണാൻ ശ്രമിക്കുക. അതിനുള്ള അവസരങ്ങൾ ഇപ്പോഴുണ്ട്.


Summary: Journalist R Rajagopal critically analyses Malayalam media's reporting on rescue operation for Kerala Lorry driver Arjun in Karnataka's Shiroor


ആർ. രാജഗോപാൽ

കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലഗ്രാഫ്പത്രത്തിന്റെ എഡിറ്റർ അറ്റ് ലാര്‍ജ്.

Comments