Article 51-A (h) of the Indian Constitution states that "it shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform".
അന്ധവിശ്വാസത്തിന്റെ ചുവടുപിടിച്ച് അടുത്തിടെ നിരവധി കൊലപാതകങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വലിയ ഭയം നിറയുന്ന സാംസ്കാരിക അന്തരീക്ഷവും ഒപ്പം ക്രിയാത്മകമായ ചർച്ചകളും ഈ സമയം കേരളത്തിൽ വേണമെന്ന ആഖ്യാനം മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് എളുപ്പം മനസിലാക്കാം. കുറച്ചുനാൾ മുൻമ്പ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ മന്ത്രവാദത്തിന്റെയും നരബലിയുടേയും പേരിൽ നടന്ന കൊലപാതകവും ദുർമന്ത്രവാദിയുടേയും മന്ത്രവാദിയുടേയും ഉപദേശപ്രകാരം പ്രതികൾ കാട്ടികൂട്ടുന്ന അക്രമങ്ങളെല്ലാം നമ്മുക്ക് ഇതിനോട് ചേർത്ത് വായിക്കാം. കുറച്ച് ദിവസം മുൻമ്പ് സാത്താനെ പ്രീതിപ്പെടുത്താനെന്ന തരത്തിലെ മാധ്യമ ആഖ്യാനത്തിൽ പ്രജിൻ ജോസ് നടത്തിയ കൊലപാതകം, ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന വിചിത്രകാരണത്തിന് മാതാപിതാക്കളേയും സഹോദരിയേയും അടക്കം നാലുപേരെ കൊന്ന പ്രതി കേഡൽ ജീൻസൺ രാജ, മറ്റ് മനുഷ്യ മാംസം കഴിക്കാൻ വേണ്ടി നടത്തുന്ന കൊലപാതകങ്ങൾ….ഇങ്ങനെ പോകുന്നു ഉയർന്ന സാക്ഷരതയും രാഷ്ട്രീയ ബോധവുമുണ്ടെന്ന് അവകാശപ്പെടുന്ന നമ്മുടെ കേരള സമൂഹത്തിലെ അന്ധവിശ്വാസത്തിന്റെ ചുവടുപിടിച്ചുള്ള കൊലകൾ!

ശാസ്ത്രീയ അവബോധം (Scientific Temper) വളർത്താൻ ശ്രമിക്കേണ്ട നമ്മുടെ മാധ്യമങ്ങൾ അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്നുണ്ടോ (Promote)? അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ള അക്രമ സംഭവങ്ങളെ എന്തോ വലിയ Entertainment ഐറ്റങ്ങളായി അവതരിപ്പിക്കുന്നുണ്ടോ? ശാസ്ത്രീയവും യുക്തിസഹവുമായ വിശദീകരണങ്ങൾ നൽകുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെടുന്നുണ്ടോ? അന്ധവിശ്വാസങ്ങളിൽ നിലനിൽക്കുന്ന Knowledge Gap നെ പരമാവധി ഉപയോഗപ്പെടുത്തി ഒരു തരത്തിലുള്ള ന്യായവൈകല്യം (Mediated Logical Fallacies) മാധ്യമ ആഖ്യാനങ്ങളിൽ നിറക്കാൻ ശ്രമിക്കുന്നുണ്ടോ?
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2021 ലെ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത് സംസ്ഥാനത്ത് "child/human sacrifice" തലക്കെട്ടിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്. മാത്രവുമല്ല, അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടുത്തിടെ നടത്തിയ "Some of the things happening here are beyond the limits of absurdity. Today it is human sacrifice. I wonder where Kerala is going" എന്ന പ്രസ്താവനയ്ക്കും സവിശേഷ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു. മാത്രവുമല്ല, വരുന്ന ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിന്റെ പശ്ചാത്തലത്തിലുമാണ് അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ മാധ്യമ ആഖ്യാനങ്ങൾ ലേഖനത്തിൽ പരിശോധിക്കാൻ ശ്രമിക്കുന്നത്.

ഗൂഗിൾ ന്യൂസ് ഡാറ്റ ബേസിൽ നിന്നും 2018 – 2024 കാലയളവിലെ അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ള മുപ്പത് ഓൺലൈൻ വാർത്ത റിപ്പോർട്ടുകളാണ് വിശകലനം ചെയ്തിരിക്കുന്നത്. വിശകലനം ചെയ്ത ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ലേഖനത്തിൽ പരാമർശിക്കുന്നത്. ‘Superstitions & Crimes in Kerala’ എന്ന താക്കോൽവാക്ക് (Keyword) ഉപയോഗപ്പെടുത്തിയാണ് സെർച്ച് നടത്തിയത്. ‘വൈകാരികത (Sensationalism) നിറയുന്ന ആഖ്യാനം’, ‘ശാസ്ത്രീയവും യുക്തിസഹവുമായ വിശദീകരണങ്ങൾ’, ‘നിയമപരമായ വശങ്ങൾ എടുത്തുകാണിക്കുന്ന ആഖ്യാനങ്ങൾ’, ‘ബോധവൽക്കരണവും വിദ്യാഭ്യാസവും നൽകുന്ന ആഖ്യാനങ്ങൾ’ എന്നീ വിശകലന വിഷയങ്ങളിലൂന്നിയാണ് (Theme of Analysis) അന്ധവിശ്വാസങ്ങളും അക്രമ സംഭവങ്ങളും ബന്ധപ്പെടുത്തിയുള്ള മാധ്യമ റിപ്പോർട്ടുകളുടെ നരേറ്റീവ് പരിശോധിക്കാൻ ശ്രമിക്കുന്നത്.
വൈകാരികത (Sensationalism) നിറയുന്ന; കുറ്റകൃത്യത്തെ പൊലിപ്പിക്കുന്ന ആഖ്യാനം ഒഴിവാക്കേണ്ടതല്ലെ?
‘Superstition is a belief or practice resulting from ignorance, fear of the unknown, trust in magic or chance, or a false conception of causation’ (Merriam-Webster online dictionary)
അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങളുടെ റിപ്പോർട്ടിങ്ങില്‍ വായനക്കാരെ ആകർഷിക്കുന്നതിനായി അതിശയോക്തിപരമോ നാടകീയമോ ആയ സംഭവങ്ങൾ കുത്തിനിറയുക്കുന്നതായി വിശകലനത്തിൽ മനസിലാക്കാം. ‘Crime’ ഫോക്കസ് ചെയ്യുന്നതിന് പകരം ‘ദുരൂഹത’ (അന്ധവിശ്വാസം) വർധിപ്പിക്കുന്ന തരത്തിൽ ഭയപ്പെടുത്തുന്ന മറ്റു ചില നിരീക്ഷണങ്ങളിലേക്ക് മനപൂർവ്വം വായനക്കാരെ കൊണ്ടുപോകുന്ന തരത്തിലാണ് ആഖ്യാനം. ഉദാഹരണത്തിന് മനോരമ ഓൺലൈൻ 04.04.2024 ന് Search for extraterrestrials, life after death: Arunachal case reveals bizarre details എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ‘അന്യഗ്രഹജീവികളുമായുള്ള’ ഇരകളുടെ കണക്ഷനിലേക്കാണ് പിന്നീട് അങ്ങോട്ട് ഈ വാർത്ത പോകുന്നത്.

കൊലപാതകത്തിൽ നിന്ന് ഫോക്കസ് മാറ്റി ആഖ്യാനം മുഴുവൻ കേന്ദ്രീകരിക്കുന്നത് ‘അന്യഗ്രഹജീവികളുമായുള്ള’ ആഖ്യാനങ്ങളിലാണ്. പ്രസക്തമോ പ്രധാനപ്പെട്ടതോ ആയ വിഷയത്തിൽ നിന്ന് മനപ്പൂർവ്വം വ്യതിചലിപ്പിക്കുന്നതായി തോന്നാം. യുക്തിസഹമാക്കാൻ വസ്തുതകൾ നിരത്തി ശാസ്ത്രീയമായ വിശദീകരണത്തിന് ശ്രമിക്കാതെ ഒരു യുക്തിസഹമായ ന്യായവൈകല്യത്തിനാണ് (Logical Fallacy) ഇവിടെ ആഖ്യാനങ്ങളിൽ ശ്രമിക്കുന്നത്. അന്ധവിശ്വാസമെന്ന പ്രധാന പ്രശ്നത്തെ യുക്തിസഹമായി വിശദീകരിക്കാതെ അപ്രസക്തമായ ഒരു വിഷയത്തെയോ വാദത്തെയോ മുന്നോട്ടുവെയ്ക്കുന്ന ലോജിക്കൽ ഫാലസിയാണ് red herring. അടിസ്ഥാനപരമായി ബന്ധമില്ലാത്ത എന്തെങ്കിലും മുന്നോട്ട് വെച്ച് (ഉദാഹരണത്തിന് Extraterrestrials, Astro Projection, Black magic തുടങ്ങിയ) എന്നിങ്ങനെയുള്ള വിഷയങ്ങളിലേക്ക് ആഖ്യാനം ഫോക്കസ് ചെയ്യുന്നതായി തോന്നുന്നു.
ഹിന്ദു പോസ്റ്റ് ഓൺലൈൻ 16.12.2022 ന് Islamist black-magic horror in Kerala, woman tortured by husband to ‘exorcise evil spirits എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ‘ഇസ്ലാമിക മതവിഭാഗത്തെ’ മുഴുവനായി ബ്ലാക്ക് മാജിക്കെന്ന അന്ധവിശ്വാസത്തിന്റെ ഉറവിടമെന്ന തരത്തിലാണ് വിവരിക്കുന്നത്. ‘Islamist black-magic horror’ എന്ന അവ്യക്തമായ പദപ്രയോഗത്തിലൂടെ ആ മതവിഭാഗത്തിൽപ്പെട്ടെല്ലാവരും തന്നെ ബ്ലാക്ക് മാജിക്കുക്കാരാണെന്ന തരത്തിലേക്ക് ആഖ്യാനം പോകുന്നുണ്ട്. ഇത്തരത്തിൽ അവ്യക്തമായ പദപ്രയോഗത്തിലൂടെ വായനക്കാരെയോ ശ്രോതാക്കളെയോ തെറ്റിദ്ധരിപ്പിക്കാനോ ആശയക്കുഴപ്പത്തിലാക്കാനോ രൂപകൽപ്പന ചെയ്യുന്ന യുക്തിസഹമായ ന്യായവൈകല്യമാണ് Equivocation എന്നത്. അന്ധവിശ്വാസവുമായി ബന്ധപ്പെട്ടിട്ടുള്ള ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളിലെ വലിയൊരു ശതമാനം ആഖ്യാനങ്ങളും ‘അന്ധവിശ്വാസത്തെ’ കുടുതൽ കൂടുതൽ ഊട്ടി ഉറപ്പിക്കുന്ന (Reinforce) വിധമാണെന്ന് തോന്നിയാൽ തെറ്റ് പറയാനാകില്ല.

മനോരമ ന്യൂസ് ഓൺലൈൻ 22.07.2024 ന് 'ആസ്ട്രൽ പ്രൊജക്ഷൻ';7 വർഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ അന്ധവിശ്വാസമെന്ന പ്രധാന പ്രശ്നത്തെ യുക്തിസഹമായി പ്രതിനിധീകരിക്കാതെ ‘Astral Projection’ എന്ന മറ്റൊരു വിഷയത്തിലേക്ക് വായനക്കാരെ മനപൂർവ്വം കൂട്ടികൊണ്ടുപോകുന്നുണ്ട്. ഇവിടെ നേരത്തെ സൂചിപ്പിച്ച തരത്തിൽ ഒരു ‘Straw man’ എന്ന ലോജിക്കൽ ഫാലസിയോ Slippery Slope എന്ന ന്യായവൈകല്യമോ കാണാം. യഥാർത്ഥ വസ്തുതകളെ കുറിച്ച് Ground level സോഴ്സുകളിലൂടെ മാധ്യമങ്ങൾക്ക് ആഖ്യാനങ്ങൾ മെനയാൻ കഴിയാതെ വരുമ്പോൾ പിന്നെ കൂട്ടുപിടിക്കുന്നത് ഇത്തരത്തിലുള്ള ലോജിക്കൽ ഫാലസികൾ സ്യഷ്ടിക്കുന്ന ആഖ്യാനങ്ങളിലൂടെ വായനക്കാരുടെ പരിപ്രക്ഷ്യത്തെ (Perspective) സ്വാധീനിക്കുകയെന്നതാണ്. ഇവിടെ ഇന്ത്യയിൽ നടന്ന ചാരക്കേസുകൾ സംബന്ധിച്ച (Espionage Cases) മാധ്യമ റിപ്പോർട്ടുകളും അതിലെ ആഖ്യാനങ്ങളും എടുത്തു പരിശോധിച്ചാൽ വളരെ വേഗം മുകളിൽ പറഞ്ഞ മാധ്യമ ന്യായവൈകല്യങ്ങളെ (Mediated Logical Fallacies) സംബന്ധിച്ച് എളുപ്പം പിടികിട്ടും. ISRO ചാരക്കേസിൽ നമ്പി നാരായണൻ എന്ന വ്യക്തിയെ മുൻനിർത്തി പെടച്ച് വിട്ട ‘ഊഹാപോഹങ്ങൾ’ മാധ്യമ ന്യായവൈകല്യങ്ങളെ കുറിച്ച് പഠിക്കാനുള്ള കേസ് സ്റ്റഡിയാണ്.

ടൈംസ് ഓഫ് ഇന്ത്യ ഓൺലൈൻ 29.12.2023 ന് 2023 crime file: Murders most foul expose 'modern Malayali' facade എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ആഖ്യാനം പരിശോധിച്ചാൽ വളരെ വേഗമാണ് (ഒരു ശാസ്ത്രീയ വിശദീകരണവും റിപ്പോർട്ടിൽ ആഖ്യാനിക്കാതെ) കേരളത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ പേരിൽ കേരള സമൂഹത്തെ മുഴുവൻ 'Modern Malayali Facade' എന്ന പ്രയോഗത്തിലൂടെ സാമാന്യവൽക്കരിച്ച് ലജ്ജിതരാക്കുന്നുണ്ട്. കേരള സമൂഹം അന്ധവിശ്വാസത്തിന്റേയും ദുരഭിമാനക്കൊലകളുടേയും മറ്റ് അക്രമസംഭവങ്ങളുടേയും പ്രഭവകേന്ദ്രമായി മാറുന്നു എന്ന പരിപ്രേക്ഷ്യം ആഖ്യാനത്തിലൂടെ നൽകാനാണ് റിപ്പോർട്ട് ശ്രമിക്കുന്നത്

ശാസ്ത്രീയവും യുക്തിസഹവുമായ വിശദീകരണങ്ങൾ നൽകുന്ന മാധ്യമ ആഖ്യാനങ്ങൾ
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുന്നോട്ട് വെച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ (Press Council of India NORMS OF JOURNALISTIC CONDUCT – 2022) ജ്യോതിഷ പ്രവചനങ്ങൾ, അന്ധവിശ്വാസങ്ങൾ സംബന്ധിച്ച് ക്യത്യമായ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ജ്യോതിഷ പ്രവചനങ്ങളും അന്ധവിശ്വാസ രീതികളും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മാധ്യമ ആഖ്യാനങ്ങൾ വായനക്കാരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും, അതിനാൽ ശാസ്ത്രീയ മനോഭാവം (scientific Attitude) പ്രോത്സാഹിപ്പിക്കുന്നതിലും അന്ധവിശ്വാസങ്ങളിൽ ശാസ്ത്രീയ വിശദീകരണം നൽകാൻ എഡിറ്റർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ പോളിസി ഡോക്യുമെന്റിൽ പറയുന്നുണ്ട്.
https://presscouncil.nic.in/WriteReadData/Pdf/Norms2022.pdf
ടൈംസ് ഓഫ് ഇന്ത്യ ഓൺലൈനിൽ തന്നെ 13.10.2022 ന് Kerala 'human sacrifice' case: 61 packets of body parts found, mastermind a sadist എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ കേരളത്തിലെ ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നിഗൂഢമായ രീതിയിൽ കൊലപ്പെടുത്തിയ കേസിൽ 52 കാരനായ മുഹമ്മദ് ഷാഫിയെയും രണ്ട് കൂട്ടാളികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നതാണ് ലീഡ്. എന്നാൽ ലീഡ് പാരഗ്രാഫിനുശേഷം റിപ്പോർട്ടിൽ പൊലീസ് പറയുന്നയായി പറഞ്ഞ് “Shafi is a psychopath and sexual pervert who killed people for sadistic pleasure, and his history in crime is a decade long” എന്ന പ്രസ്താവന നൽകുന്നുണ്ട്. കുറ്റകൃത്യത്തിൽ അദ്ദേഹത്തിന്റെ ചരിത്രം ഒരു പതിറ്റാണ്ട് നീണ്ടതാണെന്ന് പറയുന്ന പൊലീസിന് അത് വെച്ച് ഷാഫി ‘സൈക്കോപാത്തും’ ‘സാഡിസ്റ്റുമാണെന്ന്’ പറയാനുള്ള Expertise കേരള പൊലീസിനുണ്ടോ എന്ന് ആഖ്യാനത്തിൽ സംശയിക്കാം. അതോ പറയാത്ത കാര്യം കേരളപൊലീസിന്റെ പെടലിയ്ക്ക് വെച്ചുകൊടുത്തതാണോ?

കോവിഡ് സമയത്ത് 06-04-2024 ന് നിക്കി ഏഷ്യയിൽ (Nikkei Asia) വന്ന Opinon Piece ഈ ചർച്ചയിൽ പ്രധാനപ്പെട്ടതാണെന്ന് തോന്നുന്നു. ‘India's media must promote science, not superstition, in COVID-19 fight’ എന്നതാണ് തലക്കെട്ടും ആഖ്യാനവും. ദില്ലിയിൽ കൊറോണ വൈറസിന് പരിഹാരമായി ഗോമൂത്രം കുടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഹിന്ദു മതവിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ഒരു ഹിന്ദു സ്ത്രീ ഗോമൂത്രം കുടിക്കുന്ന അസോസിയേറ്റഡ് പ്രസിന്റെ (AP) വാർത്ത ചിത്രവും റിപ്പോർട്ടിൽ കാണാം. വായനക്കാരേയൊ കാഴ്ചക്കാരെയോ ആകർഷിക്കുന്നതിനായി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന ആഖ്യാനങ്ങൾ ഒഴിവാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

The Conversation ഓൺലൈൻ 02.07.2018 ന് The science of superstition – and why people believe in the unbelievable എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയും ടൈംസ് ഓഫ് ഇന്ത്യ ഓൺലൈൻ 12.03.2020 ന് Science & Superstition എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലും ശാസ്ത്രീയ അവബോധം (To develop scientific temper) വളർത്താൻ മാധ്യമങ്ങൾ എത്രത്തോളം ശ്രമിക്കണമെന്ന് പറഞ്ഞു തരുന്നുണ്ട്.

https://timesofindia.indiatimes.com/readersblog/changingminds/science-superstition-10521/
അന്ധവശ്വാസത്തെ ശാസ്ത്രീയമായി പൊളിച്ചടുക്കാൻ ശ്രമിക്കാതെ Normalize ചെയ്യുന്ന ആഖ്യാനങ്ങൾ ഒട്ടും ഭൂഷണമല്ല. ദ ഹിന്ദു ഓൺലൈനിൽ 18.06.2024 ന് Superstition claims infant’s life, grandfather arrested for murder എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ആഖ്യാനത്തിൽ ‘ഒരു ആൺകുഞ്ഞിന്റെ ജനനം കുടുംബത്തിന് നല്ലതല്ലെന്നും സാമ്പത്തിക ബാധ്യതയ്ക്കു കാരണം കുഞ്ഞിന്റെ ജനനമാണെന്നുമുള്ള’ അന്ധവിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്ന ട്രൻഡ് കാണാം. അന്ധവിശ്വാസങ്ങളുടെ ലേബലിൽ 58 കാരനായ വീരമുത്തു നടത്തിയ ‘കൊലപാതകത്തിനെ’ മാധ്യമ ആഖ്യാനങ്ങൾ Normalize ചെയ്യുന്നുണ്ടോ? വീരമുത്തുവിന്റെ കുഴപ്പമല്ല മറിച്ച് അയാൾ വെച്ച് പുലർത്തിയ അന്ധവിശ്വാസത്തിന്റെ കുഴപ്പമാണെന്ന ലളിതവൽക്കരണവും ഇവിടെ മാധ്യമങ്ങൾ നടത്തുന്നുണ്ടോ എന്ന് സംശയിക്കാം.

നിയമപരമായ വശങ്ങൾ എടുത്തുകാണിക്കുന്ന ആഖ്യാനങ്ങൾ
വിചിത്രമോ അമാനുഷികമോ ആയ ഘടകങ്ങൾ കുത്തി നിറച്ച് പിടിച്ചിരുത്തുന്ന ആഖ്യാനം (Persuading Narrative) സ്യഷിടിക്കുന്ന ശ്രമത്തിന്റെ കുറച്ച് സമയം പ്രസ്തുത വിഷയത്തിന്റെ നിയമപരമായ വശങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, അത്തരം കുറ്റകൃത്യങ്ങളുടെ വിശാലമായ സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവയിൽ മാധ്യമ ആഖ്യാനങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് തോന്നുന്നു.
FirstPost ഓൺലൈൻ 14.10.2022 ന് The Evil in God’s Own Country: How Kerala has failed to bring laws against superstition and black magic എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ അന്ധവിശ്വാസങ്ങൾക്കും മാന്ത്രികവിദ്യകൾക്കുമെതിരെ നിയമനിർമ്മാണം നടത്താനുള്ള അടിയന്തര സാഹചര്യത്തെ ചരിത്ര വസ്തുതകളിലൂടെ ആഖ്യാനിക്കുന്നുണ്ട്. 2006-2011 വി. എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും 2014-ൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ‘The Kerala Exploitation by Superstition (Prevention) Act 2014’. എന്ന പേരിൽ ഒരു ഡ്രാഫ്റ്റ് നിയമം തയ്യാറാക്കിയിരുന്നതായും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നത് നന്നായി തോന്നി. 2019-ൽ the Kerala Prevention of Eradication of Inhuman Evil Practices, Sorcery and Black Magic Bill-2019 എന്ന പേരിൽ കേരള നിയമ പരിഷ്കരണ കമ്മീഷൻ ഒരു കരട് ബിൽ തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുമുണ്ടെന്നും പറയുന്നു. ഇത്തരത്തിൽ ഒരു അന്ധവിശ്വാസങ്ങളെ ചെറുക്കുന്നതിൽ നിയമസംവിധാനത്തിന്റെ പ്രാധാന്യം എടുത്തു പറയുന്ന മാധ്യമ ആഖ്യാനങ്ങൾ കൂടുതൽ വരണമെന്നാണ് വിശകലനത്തിൽ വ്യക്തമാകുന്നത്.

ഡെക്കാൻ ഹെറാൾഡ് 06.11.2022 ന് Law against superstition a tightrope walk for Kerala government എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ അന്ധവിശ്വാസങ്ങൾക്കെതിരായ നിയമം പാസാക്കുന്നതിലെ പ്രാക്ടിക്കൽ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നുണ്ട്. ഈ നിയമങ്ങൾ എങ്ങനെ നിലനിൽക്കുന്ന മതാചാരങ്ങൾക്കെതിരല്ലാതെ നടപ്പാക്കാം എന്നതായിരിക്കും വെല്ലുവിളിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ‘All Kerala Thantri Samajam’ ഈ പ്രശ്നത്തെ സർക്കാരിനു മുൻമ്പിൽ അവതരിപ്പിക്കുന്നുമുണ്ട്. “A law against superstitions could be a double-edged sword and hence the government was cautiously drafting it” എന്ന CPI(M) അഭിപ്രായവും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 2019-ൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് മുന്നോട്ട് വെച്ച കരട് ബില്ലിൽ ശാരീരിക പരിക്കുകൾ ഉണ്ടാക്കുന്ന എല്ലാ രീതികളും നിരോധിക്കണമെന്ന് (all practices causing bodily injuries should be banned) നിർദ്ദേശിച്ചതും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.

ദ ഹിന്ദു ഓൺലൈൻ 20.10.2022 ന് Explained: What are the laws against black magic and superstition in India? എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയും 13.10.1022 ന് Explained: States with laws against superstitions and black magic എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലും വളരെ വിശദമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങലിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമങ്ങളെ പറ്റി ആഖ്യാനിക്കുന്നുണ്ട്. വായനക്കാർക്ക് കേരളത്തിന് പുറത്ത് ഈ പ്രതിഭാസത്തെ സംബന്ധിച്ച് നിയമപരിസരത്ത് നിന്ന് കൊണ്ടുള്ള ധാരണ ലഭിക്കാൻ ഇത്തരം ആഖ്യാനങ്ങൾ സഹായിച്ചേക്കും. മഹാരാഷ്ട്ര സർക്കാർ നടപ്പാക്കിയ The Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013 എന്നീ ക്രിമിനൽ നിയമങ്ങൾ


ദ ക്വിന്റ് (thequint.com) ഓൺലൈൻ 15.10.2022 ന് 'Human Sacrifice' Case: Kerala To Rework 2019 Black Magic Bill, but Why a Delay? എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ജ്യോതിഷിയും മാന്ത്രികവിദ്യ അഭ്യസിക്കുന്നയാളുമായ കൃഷ്ണനെയും കുടുംബത്തേയും കൃഷ്ണന്റെ 'അമാനുഷിക ശക്തികൾ' ആഗ്രഹിച്ച 'ശിഷ്യൻ' അനീഷ് നാല് വർഷം മുൻമ്പ് കൊലപ്പെടുത്തിയ വാർത്തയാണ് ലീഡ്. മാന്ത്രികവിദ്യയ്ക്കും മനുഷ്യത്വരഹിതമായ തിന്മകൾക്കുമെതിരെ (Draft bill against black magic and inhuman evil practices) 2019-ൽ കേരള നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയ കരട് ബിൽ എത്രയും വേഗം പാസാക്കണമെന്ന ആവശ്യവും റിപ്പോർട്ടിൽ ഊന്നി പറയുന്നുണ്ട്.

ബോധവൽക്കരണവും വിദ്യാഭ്യാസവും നൽകുന്ന ആഖ്യാനങ്ങൾ വളരെ നല്ലതാണ്
അന്ധവിശ്വാസവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം, അന്ധവിശ്വാസത്തിലേക്ക് നയിക്കുന്ന അക്രമങ്ങൾ തടയാൻ സഹായിക്കുന്ന പ്രതിരോധ നടപടികൾ, നിയമ ചട്ടക്കൂടുകൾ, ബോധവൽക്കരണ പ്രചാരണങ്ങൾ എന്നിവ ഉൾചേരുന്ന മാധ്യമ ആഖ്യാനങ്ങൾ വലിയ രീതിയിൽ നമ്മുടെ സമൂഹത്തെ സഹായിക്കും. ഡെക്കാൻ ഹെറാൾഡ് ഓൺലൈൻ 12.10.2022 ന് Why is 'literate Kerala' society witnessing superstition-driven horrifying crimes? എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ അന്ധവിശ്വാസങ്ങളെയും അമാനുഷിക ശക്തികളേയും കൂട്ടുപിടിച്ച് വേഗം ജീവിത വിജയം, പണം, ആനന്ദം എന്നിവ നേടാനുള്ള മനുഷ്യന്റെ വ്യഗ്രതയെ ശക്തമായ ശാസ്ത്രീയതയിലൂന്നിയുള്ള മാധ്യമ സന്ദേശങ്ങളിലൂടെ ഒരു പരിധിവരെ എതിർത്ത് തോൽപ്പിക്കാൻ പറ്റുമെന്ന ആഖ്യാനമാണ് ഉള്ളത്.

ഡാറ്റ അടിസ്ഥാനപ്പെടുത്തി രാജ്യത്ത് ഏറ്റവും കൂടുതൽ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും, സമൂഹത്തിലെ ഏറ്റവും വലിയ ശാപമായ അന്ധവിശ്വാസത്തെ തുടച്ചുനീക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ‘Many crimes are symptoms of a sick society, not just individual moral failings’ എന്ന് ജർമ്മൻ-അമേരിക്കൻ മനശാസ്ത്രജ്ഞനും മാനവിക ചിന്തകനുമായ എറിക് ഫ്രോം (Eric Fromm) അഭിപ്രായപ്പെടുന്നുണ്ട്. അന്ധവിശ്വാസം നമ്മുടെ സമൂഹത്തെ (So called educated) എങ്ങനെ വികലമാക്കുന്നുവെന്ന് അദ്ദേഹത്തിന്റെ The Sane Society (1955) എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുമുണ്ട്. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളെ "സാധാരണ" (Normal) മായി കണക്കാക്കുന്നത് പലപ്പോഴും ആഴത്തിലുള്ള സമൂഹത്തിന്റെ രോഗലക്ഷണമായി ഫ്രോംമിന്റെ നോർമൽസിയുടെ പാത്തോളജി (Pathology of Normalcy) എന്ന ആശയത്തെ അടിസ്ഥാനമാക്കി കാണാം. ഇത് ഒരു സമൂഹത്തെ മുഴുവൻ മാനസികമായി അനാരോഗ്യകരമാക്കാമെന്ന് എറിക് ഫ്രോം അഭിപ്രായപ്പെടുന്നു.
കേരള കൗമുദി ഓൺലൈൻ 11.03.2024 ന് Black magic, witchcraft, human sacrifice and cannibalism: 10 murders in Kerala from 1981 that shocked human conscience എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലും മാതൃഭൂമി ഓൺലൈൻ 08.07.2023-ല്‍Kerala govt scraps Draft bill against superstitions and religious malpractices എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലും അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ മൂലകാരണങ്ങളെ ആധുനിക സമൂഹം അഭിസംബോധന ചെയ്യണമെന്നുള്ള അവബോധം നൽകാൻ ശ്രമിക്കുന്നുണ്ട്.


ഒരു സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങളെ നീക്കം ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വലിയൊരു പങ്കുണ്ടെന്ന് ലിപ്മാൻ, 1922 തന്റെ പഠനത്തിൽ പറയുന്നു. മാധ്യമങ്ങൾ സ്യഷ്ടിക്കുന്ന യാഥാർത്ഥ്യത്തിന്റെ പരിസരവും വസ്തുതകളും ദൈനംദിന യാഥാർത്ഥ്യത്തിന്റെ വസ്തുതകളായി പ്രേക്ഷകർ/വായനക്കാർ അംഗീകരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗെർബ്നെറും കൂട്ടരും (Gerbner et al. 2002) വാദിക്കുന്നു. അതിനാൽ അന്ധവിശ്വാസങ്ങളെയും അനുബന്ധ കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള മാധ്യമ ആഖ്യാനങ്ങളിൽ ജേണലിസ്റ്റുകള്‍ കുറച്ചുകൂടി ജാഗ്രത പുലർത്തണമെന്നാണ് നിരീക്ഷണം. സെൻസേഷണലിസം ഒഴിവാക്കേണ്ടത് നിർണായകമാണ്, കാരണം ഇത് ദോഷകരമായ സ്റ്റീരിയോടൈപ്പുകളെ ശക്തിപ്പെടുത്തുകയും സമൂഹത്തിൽ മുഴുവൻ ഒരു ‘ഭയം’ ഉളവാക്കുകയും ചെയ്യും. അന്ധവിശ്വാസങ്ങളെ മഹത്വവൽക്കരിക്കാതെ ശാസ്ത്രീയ വീക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകണം. അത്തരം വിശ്വാസങ്ങൾക്ക് ആക്കം കൂട്ടുന്ന സാമൂഹിക-സാംസ്കാരിക ഘടകങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ സംവേദനക്ഷമതയും (Sensitivity) ഉത്തരവാദിത്തവും (Responsibility) പുലർത്തണം. അതിനാൽ അന്ധവിശ്വാസം ഊട്ടിഉറപ്പക്കുന്നതിന് പകരം അന്ധവിശ്വാസത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്ന ശാസ്ത്രീയ വിശദീകരണങ്ങൾ നൽകുന്നതിലും വിദഗ്ദ്ധ ചർച്ചകൾ നടത്തുന്നതിലും മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് An investigation of television programmes that illustrates superstition and its effect on viewers എന്ന പഠനത്തിൽ വ്യക്തമാക്കുന്നു. അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിലെ നിയമപരവും മാനസികവും സാമൂഹിക-സാമ്പത്തികവുമായ മാനങ്ങൾ അന്വേഷിക്കുന്നതും നന്നായിരിക്കും.
References:
Gerbner, G., Gross, L., Morgan, M., Signorielli, N., and Shanahan, J., 2002. Growing up with television: Cultivation processes. In: J. Bryant and D. Zillmann, eds., LEA’s communication series. Media effects: Advances in theory and research. Mahwah, NJ, US: Lawrence Erlbaum Associates Publishers. pp.43-67.
Lippmann, W., 1922. Public Opinion. Ch.1.: The world outside and the pictures in our heads. New York: MacMillan Co.
Tobacyk, J.J., Nagot, E., and Miller, M., 1988. Paranormal beliefs and locus of control: A multidimensional examination. Journal of personality assessment, 52(2), pp.241-246.
Wiseman, R. and Watt, C., 2004. Measuring superstitious belief: Why lucky charms matter. Personality and Individual Differences, 37(8), pp.1533-1541.
Wuthnow, R., 1976. Astrology and marginality. Journal for the Scientific Study of Religion, 15(2), pp.157-168.
*** Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013. Nagpur: Maharashtra Legislative Assembly.