സംരക്ഷിത വനത്തിലെ
മനുഷ്യമരണങ്ങൾ, എന്താണ് വാസ്തവം?

സമീപനാളുകളിൽ, മനുഷ്യ- വന്യജീവി സംഘർഷം എന്ന പേരിൽ സംഭവിച്ച അപകട മരണങ്ങളിൽ വലിയ ശതമാനവും റിസർവ് ഫോറസ്റ്റിനുള്ളിലായിരുന്നു. ഏകപക്ഷീയമായ രീതിയിലാണ് ഈ സംഭവങ്ങൾ അവതരിപ്പിക്കപ്പെട്ടത്. സാധാരണക്കാരായ മനുഷ്യരെ നിരന്തരം തെറ്റിദ്ധരിപ്പിച്ചും, വനത്തെയും വന്യജീവികളെയും വനപാലകരെയും പൂർണമായും ശത്രുപക്ഷത്ത് നിർത്തിയും മാധ്യമങ്ങളടക്കമുള്ളവർ നടത്തുന്ന വ്യാജ നറേറ്റീവുകളെക്കുറിച്ച് എഴുതുന്നു, ഫോട്ടോ ജേണലിസ്റ്റ് പ്രസൂൺ കിരൺ.

നുഷ്യ- വന്യജീവി സംഘർഷമെന്ന പേരിൽ പൊതുവായി അറിയപ്പെടുന്നതും, സമീപനാളുകളിൽ സംഭവിച്ചിട്ടുള്ളതുമായ അപകട മരണങ്ങളുടെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമ്പോഴാണ് ഇവയിൽ വലിയ ശതമാനവും റിസർവ്വ് ഫോറസ്റ്റിനുള്ളിലാണെന്ന വസ്തുത മനസിലാക്കാനാവുക. പതിറ്റാണ്ടുകളുടെ കൈയ്യേറ്റങ്ങൾക്കുശേഷവും ബാക്കിയിരിപ്പുള്ള, തുണ്ടുവത്ക്കരിക്കപ്പെട്ട സംരക്ഷിത വനത്തിനുള്ളിൽ.

മുഖ്യധാരാ മാധ്യമങ്ങൾ വന്യജീവി വിഷയങ്ങളിൽ നടത്തുന്ന വാർത്താവിഷവിതരണ രീതിശാസ്ത്രം കൂടി ഈ പരിശോധനയിൽ സമാന്തരമായി പൊതുസമൂഹത്തിന് മനസ്സിലാക്കാനാകും. കാടും കാട്ടാനയും വലിയ തോതിൽ രാഷ്ട്രീയ വിഷയമായി പരിവർത്തനപ്പെട്ടപ്പോൾ, എത്ര സൂക്ഷ്മമായാണ് വനത്തിനുള്ളിൽ നടക്കുന്ന അപകടങ്ങളെ വിശ്വസനീയ മാധ്യമങ്ങൾ പോലും കച്ചവട അവസരമാക്കി മാറ്റുന്നതെന്ന് തിരിച്ചറിയാൻ പ്രാദേശികമായ വിവരശേഖരണമാണ് ആധികാരികമായി സഹായിക്കുന്നത്.

കാടും കാട്ടാനയും വലിയ തോതിൽ രാഷ്ട്രീയ വിഷയമായി പരിവർത്തനപ്പെട്ടപ്പോൾ, എത്ര സൂക്ഷ്മമായാണ് വനത്തിനുള്ളിൽ നടക്കുന്ന അപകടങ്ങളെ വിശ്വസനീയ മാധ്യമങ്ങൾ പോലും കച്ചവട അവസരമാക്കി മാറ്റുന്നതെന്ന് തിരിച്ചറിയാൻ പ്രാദേശികമായ വിവരശേഖരണമാണ് ആധികാരികമായി സഹായിക്കുന്നത്.
കാടും കാട്ടാനയും വലിയ തോതിൽ രാഷ്ട്രീയ വിഷയമായി പരിവർത്തനപ്പെട്ടപ്പോൾ, എത്ര സൂക്ഷ്മമായാണ് വനത്തിനുള്ളിൽ നടക്കുന്ന അപകടങ്ങളെ വിശ്വസനീയ മാധ്യമങ്ങൾ പോലും കച്ചവട അവസരമാക്കി മാറ്റുന്നതെന്ന് തിരിച്ചറിയാൻ പ്രാദേശികമായ വിവരശേഖരണമാണ് ആധികാരികമായി സഹായിക്കുന്നത്.

ആഴ്ചകൾക്കുമുൻപ് നേര്യമംഗലം വനത്തിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികളിൽ ഒരാൾ, ആന തള്ളിയിട്ട മരം വീണ്, ദൗർഭാഗ്യവശാൽ മരിച്ചപ്പോൾ ഒരു മുഖ്യധാരാ ചാനൽ നൽകിയ കാർഡ്, “ബൈക്കിൽ പോയ വിദ്യാർത്ഥികൾക്ക് നേരെ കാട്ടാന പന പറിച്ചെറിഞ്ഞു” എന്നാണ്. അതേ വാർത്ത ‘കിഫ’ എന്ന സംഘടന നൽകിയ കാർഡിൽ, “വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന പന മറിച്ചിടുകയായിരുന്നു” എന്നാണ്. ചാനലിനും കിഫയ്ക്കും ഒരേ ലേഖകൻ ആണോയെന്നും, വനത്തിലൂടെ സഞ്ചരിക്കുന്ന ബൈക്കിന് നേരെ, മിനിറ്റുകൾ എടുത്താൽ മാത്രം തള്ളിയിടാൻ കഴിയുന്ന പന പറിച്ചെറിയാൻ, ആന അത്രയും ദൂരെ നിന്ന് ബൈക്കിന്റെ സമയം കണക്കാക്കിയിരുന്നോ എന്നും അവരോട് ചോദിക്കാൻ ആർക്കും ആർജ്ജവമുണ്ടായില്ല. വലിയൊരു പ്രേക്ഷക സമൂഹത്തിന്റെ സാമാന്യബുദ്ധിയെ പോലും പരിഹസിക്കുന്ന വിധത്തിലാണ് ഇത്തരം നറേറ്റീവുകൾ നിർമിക്കപ്പെടുന്നത്.

കാട്ടിലേക്ക് കയറിയുള്ള ഷൂട്ട് പാടില്ലെന്ന് കർശനമായി ആവശ്യപ്പെട്ട ഒരു ഫോറസ്റ്റ് ഓഫീസറുമായി ഒരു ചാനൽ ക്യാമറാമാൻ തർക്കം നടത്തിയത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു.

ഓരോ മരണവും സഹജീവികളിൽ വേദനയുണ്ടാക്കുന്ന ഒന്നാണ്. കഴിഞ്ഞ ദിവസം പശുവിനെ മേയ്ക്കാൻ പോയി ആനയുടെ മുന്നിൽ പെട്ട് യുവാവ് മരിച്ച വിഷയം സങ്കടകരമാണ്. ഉപജീവനശ്രമത്തിന്റെ ഭാഗമായുള്ള അപകടമായിരുന്നു അത്. എന്നാൽ, മാധ്യമങ്ങൾ വിഷയത്തെ കൈകാര്യം ചെയ്ത / ചെയ്യുന്ന രീതി എത്രമാത്രം അപകടകരമായാണെന്നത് വാർത്തകൾ നിരീക്ഷിച്ചാൽ മനസിലാക്കാം. വിഷയത്തെ അഡ്രസ്സ് ചെയ്ത് സംസ്ഥാന വനംവകുപ്പ് ഇറക്കിയ പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നു:

‘‘മുള്ളരിങ്ങാട് വനത്തിനുള്ളിൽ പശുവിനെ മേയ്ക്കാൻ പോയപ്പോൾ വനത്തിൽ വച്ച് കാട്ടാനയുടെ മുന്നിൽ പെട്ട് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ഇടുക്കി ജില്ലയിൽ, തൊടുപുഴ നിയോജകമണ്ഡലം, തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം പഞ്ചായത്തിൽ ഒന്നാം വാർഡിൽ അമേൽതൊട്ടി ഭാഗത്ത് പാലിയത്ത് വീട്ടിൽ ഇബ്രാഹിം മകൻ അമർ ഇലാഹി (23 വയസ്സ്) ആണ് മരണപ്പെട്ടത്. മുള്ളരിങ്ങാട് റെയിഞ്ചിലെ ചുള്ളിക്കണ്ടം സെക്ഷനിൽപ്പെട്ട 2002 അക്കേഷ്യ- മാഞ്ചിയം തോട്ടത്തിനകത്ത് ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3.15 ന് കാട്ടിൽ പശുവിനെ മേക്കാൻ പോയ സമയത്താണ് ആനയുടെ മുന്നിൽ പെട്ടത്. തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണപ്പെട്ടത്’’.

റിപ്പോർട്ടർ പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും
റിപ്പോർട്ടർ പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും

എന്നാൽ, വിഷയത്തിൽ ആധികാരികമായി കാര്യങ്ങൾ അറിയാവുന്ന, യഥാസമയം പ്രാദേശികമായി വിവരശേഖരണം സാധ്യമായ വനംവകുപ്പ് നൽകിയ ഈ പത്രക്കുറിപ്പ് ഒരൊറ്റ മാധ്യമം പോലും പ്രസിദ്ധീകരിച്ചില്ല, പകരം വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭരണകൂടത്തെയും പ്രതിസ്ഥാനത്ത് നിർത്താനുള്ള അവസരമായി സംഭവത്തെ ദുരുപയോഗിക്കുകയാണുണ്ടായത്. ഇത് പൊതുസമൂഹത്തിൽ എത്രമാത്രം അപകടകരമായ ഇംപാക്റ്റാണ് ഉണ്ടാക്കുകയെന്നത് അറിയാത്ത നിഷ്കളങ്കരാണ് ഡെസ്കിലിരിക്കുന്നതെന്ന് ആരും കരുതിക്കളയരുത്.

മൂന്ന്; ചിമ്മിണി സംരക്ഷിത വനത്തിൽ മരിച്ചുകിടന്ന വനവാസിയായ മനുഷ്യൻ.
നാല്; വയനാടുള്ള റിസോർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ രാത്രി സംരക്ഷിതവനത്തിലൂടെയുള്ള കുറുക്കുവഴിയിലൂടെ സഞ്ചരിച്ച് ആനയുടെ ചവിട്ടേറ്റ് മരിച്ചയാൾ.
അഞ്ച്; കൈയേറ്റ മാഫിയയുടെ വിഹാരഭൂമിയായ തട്ടേക്കാട് സംരക്ഷിത വനത്തിലൂടെ സഞ്ചരിച്ച, മദ്യപിച്ച മനുഷ്യൻ ആനയുടെ മുൻപിൽ അകപ്പെട്ടത്. അന്ന്, അയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്, ആനയുണ്ടെന്ന് വിവരം നൽകിയ ഓട്ടോക്കാരനോടൊപ്പം പോകാൻ തയ്യാറായതിനാൽ മാത്രമാണ് രക്ഷപ്പെട്ടത്.

ഈ വിവരങ്ങൾകൊണ്ട് ആകെയുള്ള അപകടമരണങ്ങളെയെല്ലാം സമീകരിക്കുകയല്ല, പകരം, ഏകപക്ഷീയമായി അവതരിപ്പിക്കപ്പെടുന്ന വിഷയത്തിന് വിഭിന്നവശങ്ങളുണ്ട് എന്ന് സൂചിപ്പിക്കുക മാത്രമാണ്. വന്യജീവി വിഷയങ്ങളെ വൺ മില്യൺ കണ്ടന്റാക്കാൻ മത്സരിക്കുന്ന, വേൾഡ് കപ്പ് കഴിഞ്ഞാൽ നമ്മൾ അരിക്കൊമ്പനെ ഇറക്കുമെന്നും, അരിക്കൊമ്പൻ പോയാൽ, നമ്മൾ പടയപ്പയെ ഇറക്കുമെന്നും ഡെസ്കിലിരുന്ന് ക്രൂരഹാസ്യം പറയുന്ന മാധ്യമപ്രവർത്തകർ ഏതാനും മാസങ്ങൾക്ക് മുൻപ് തങ്ങളുടെ സഹപ്രവർത്തകനായ ക്യാമറാമാൻ എങ്ങനെയാണ്, എവിടെവച്ചാണ് കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടതെന്നെങ്കിലും വസ്തുതാപരമായി അന്വേഷിക്കാൻ കൂടി മുതിരണം. തൊഴിൽപരമായി ഒരു ജേണലിസ്റ്റ് ഇന്നനുഭവിക്കുന്ന വെല്ലുവിളികൾ എത്ര വലുതാണെന്നതിന്റെ സാക്ഷ്യമായിരുന്നുവത്. നമ്മുടെ ജേണലിസ്റ്റുകളുടെ കാടിനോടുള്ള സമീപനത്തിൽ ഒരു അടിയന്തര മാറ്റം ആവശ്യപ്പെടുന്ന ഒരു സംഭവം.

റിപ്പോർട്ടർ പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും
റിപ്പോർട്ടർ പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും

കാട്ടിലേക്ക് കയറിയുള്ള ഷൂട്ട് പാടില്ലെന്ന് കർശനമായി ആവശ്യപ്പെട്ട ഒരു ഫോറസ്റ്റ് ഓഫീസറുമായി ഒരു ചാനൽ ക്യാമറാമാൻ തർക്കം നടത്തിയത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു. ചാനൽ മേധാവി തത്സമയം ചാനലിലൂടെ പ്രസ്താവിച്ചത്, "തൃശൂർ ചാലക്കുടി അതിരപ്പിള്ളിയിൽ ഞങ്ങളുടെ വാർത്താസംഘത്തിലെ അംഗത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്തുവെന്ന വാർത്ത വരുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റ കാട്ടുപന്നിയെ പകർത്തുന്നതിനിടയിലായിരുന്നു ഈ വനംവകുപ്പ് ഉദ്യോഗസ്ഥൻമാരുടെ ധാർഷ്ട്യം കലർന്ന പെരുമാറ്റം. നമ്മുടെ പ്രതിഷേധം ശക്തമായി തന്നെ രേഖപ്പെടുത്തണം. മാധ്യമ പ്രവർത്തനത്തിനിടയിൽ അവർ ഇടപെടാൻ പാടില്ല.." എന്നായിരുന്നു.

അനുവാദമില്ലാതെ കാട്ടിലേക്ക് കയറാൻ ശ്രമിച്ചാലുള്ള നടപടി ക്രമങ്ങൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനത്തിന്റേത് സ്വല്പംകൂടി മാനുഷികമാണ് എന്നത് കർണാടകയിലെ വനങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്ക് പൊതുവായി അറിവുള്ളതായിരിക്കും.

പാലക്കാടും അതിരപ്പിള്ളിയിലും നടന്ന രണ്ട് സംഭവങ്ങളും എത്ര വിരുദ്ധമാണ് എന്ന് നോക്കിയാൽ, ഒന്നാമത്തെ വിഷയം കാട്ടാനയുടെ മുന്നിൽപെട്ട് പ്രതിഭാധനനായ ഒരു മാധ്യമ പ്രവർത്തകന്റെ വിലപ്പെട്ട ജീവൻ നഷ്ടമായതാണ്. കാട്ടിൽ വനവാസിക്കും കർഷകനും മാധ്യമ പ്രവർത്തകനും ഒരേ പെരുമാറ്റച്ചട്ടമാണെന്ന് വേദനയോടെ ഓർമ്മിപ്പിക്കുന്നതായിരുന്നു സംഭവം. തൊഴിൽപരമായ മുൻകരുതലുകൾ നടത്താത്തതിനാണ് ഒന്നാമത്തെ അപകടം സംഭവിച്ചതെന്നത് എല്ലാവർക്കുമറിയാം. എന്നാൽ, അതിരപ്പിള്ളിയിൽ നിന്നുള്ള വാർത്ത നേർവിരുദ്ധദിശയിലായിരുന്നു വന്നത്. തങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽനിന്ന് ഷൂട്ട് ചെയ്യാൻ അനുവദിച്ചില്ല എന്നാണ് പറയുന്നത്. “അനുവാദമില്ലാതെ കാട്ടിലേക്ക് കയറരുത്" എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ക്യാമറയിൽ നോക്കി ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

സംഭവം നടക്കുന്നത് റിസർവ്വ് ഫോറസ്റ്റിനുള്ളിലാണ് എന്നോർക്കണം. വനംവകുപ്പിന്റെ അനുവാദമില്ലാതെ കാട്ടിൽ കയറാനോ, വനത്തിന് കുറുകെ സഞ്ചരിക്കാനോ, വനസാമീപ്യം ഉള്ളയിടങ്ങളിൽ തങ്ങളുടെ വാഹനം റോഡരികിൽ നിർത്താനോ, ക്യാമറയിൽ ഷൂട്ട് ചെയ്യുവാനോ പറ്റില്ല എന്നത് എല്ലാവർക്കും അറിവുള്ളതാണ്. അതിൽ മാധ്യമങ്ങൾക്ക് മാത്രമായി ഒരു വിധത്തിലുള്ള ഇളവും ഇല്ല. നിലവിലുള്ള വനനിയമ പ്രകാരം ക്യാമറ ഉപയോഗിക്കാൻ ഏത് പൗരർക്കും DFO യുടെ മുൻകൂർ അനുവാദവും കൂടെ ഒരു ഗൈഡും ആവശ്യമാണ്. കോർ ഏരിയയിൽ ആണ് ഷൂട്ട് ചെയ്യേണ്ടതെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുവാദവും വേണം. കാട്ടാനയ്ക്കും, കടുവയ്ക്കും മീഡിയാ കാർഡ് വായിച്ചുനോക്കാൻ അറിയില്ല എന്നതിനാൽ മാധ്യമങ്ങൾക്ക് മാത്രമായി ഒരു ഇളവും കാട്ടിൽ ലഭ്യമാക്കാൻ നാളെയും വനംവകുപ്പിന് സാധിക്കുമെന്നും തോന്നുന്നില്ല.

മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത
മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത

പാലക്കാട്ട് അപകടത്തിൽ മീഡിയാ സംഘത്തെ സംഭവസ്ഥലത്ത് നിന്നും മാറ്റിനിർത്താൻ വനം വകുപ്പ് യഥാസമയം ഇടപെട്ടില്ല എന്ന ആരോപണമായിരുന്നു കൂടുതലായി ഉയർന്നുവന്നത്. അത്തരം അപകടങ്ങളെ മുൻകൂട്ടി കണ്ട് നടപടി എടുക്കുവാൻ വേണ്ടി കൂടിയാണ് വനംവകുപ്പ് ജീവനക്കാരൻ ശമ്പളം പറ്റുന്നത്. അനുവാദമില്ലാതെ കാട്ടിലേക്ക് കയറാൻ ശ്രമിച്ചാലുള്ള നടപടി ക്രമങ്ങൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനത്തിന്റേത് സ്വല്പംകൂടി മാനുഷികമാണ് എന്നത് കർണാടകയിലെ വനങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്ക് പൊതുവായി അറിവുള്ളതായിരിക്കും. മാധ്യമപ്രവർത്തകരെ തടസ്സപ്പെടുത്താൻ പാടില്ല എന്ന് തത്സമയത്തിൽ വിമർശിച്ച അതേ അവതാരകൻ തന്നെ, അയാൾക്ക് എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കിൽ വൈകാരികമായ ശബ്ദത്തോടെ മറ്റൊരു ആംഗിളിൽ ആ വാർത്തയെ മാറ്റി പ്രതിഷ്ഠിക്കുമായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന ആരോപണം ഉയരുമായിരുന്നു. മാധ്യമപ്രവർത്തകരെ ബലികൊടുക്കാതിരിക്കാൻ വനമേഖലകളിലെ തൊഴിൽ സമ്മർദ്ദങ്ങളിൽ അയവുവരുത്താനും അതാത് സ്ഥാപനങ്ങൾ കൂടി ശ്രമിക്കേണ്ടതുണ്ട്. ഒപ്പം, സ്വന്തം വാർത്താസ്ഥാപനത്തിന് ‘സ്വയം ഒരു മില്യൻ കണ്ടന്റ്’ ആയി മാറാതിരിക്കാൻ ജേണലിസ്റ്റുകളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇടുക്കി സംഭവത്തെ മുൻനിർത്തി ഒരു ചാനലിന്റെ ‘ഇന്നത്തെ ചോദ്യം’ എന്ന പരിപാടിയിൽ ഫുൾസ്ക്രീനിൽ എഴുതി ചോദിച്ചത് “ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പേര് എന്താണ്’’ എന്നതായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ഐസ്ക്രീം സമ്മാനമെന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട തത്സമയ കാർഡിനെ വിശ്വസിക്കാനാവാതെ, ആ വാർത്ത ഒറിജിനൽ ആണോയെന്ന സംശയത്തിൽ ഓരോരുത്തരും ഇപ്പോഴും വാസ്തവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

മാസങ്ങൾക്ക് മുൻപ് ഇടുക്കിയിൽ കൊല്ലപ്പെട്ട കാട്ടാനയുടെ ഉടലിൽ നിന്ന് കിട്ടിയത് അമ്പതോളം പെല്ലറ്റുകളാണ്. കഴിഞ്ഞ വർഷം കാടിറങ്ങിയോടിയ എരുമേലിയിലെ കാട്ടുപോത്തിന് വേട്ടക്കാരിൽ നിന്നും വെടിയേറ്റിട്ടുണ്ടായിരുന്നു. കൊട്ടിയൂരിൽ കൊല്ലപ്പെട്ട കടുവയുടെ ഉടലിൽ ധാരാളം പെല്ലറ്റുകൾ ഉണ്ടായിരുന്നു. ആറളത്തെ കടുവയുടെ കാലിൽ ഇരുമ്പുകേബിൾ കൊണ്ടുള്ള പന്നിക്കെണിയുണ്ടായിരുന്നു. പാലക്കാട് തേങ്ങയിൽ ഒളിപ്പിച്ച പടക്കം പൊട്ടി വായ പൊട്ടിച്ചിതറി വെള്ളത്തിൽ മുങ്ങി നിന്ന് ദയനീയമായി മരിച്ച ഗർഭിണിയായ കാട്ടാനയുടെ ദൃശ്യം എളുപ്പമൊന്നും ആർക്കും മറക്കാനാവില്ല. മറ്റൊരാനയുടെ കുത്തേറ്റ് മരണപ്പെട്ട മുറിവാലനെന്ന് പേരിട്ട കാട്ടാനയുടെ ശരീരത്തിൽ 20 പെല്ലറ്റുകൾ ഉണ്ടായിരുന്നു.

ചിന്നക്കനാലിൽ മാലിന്യം ഭക്ഷിക്കുന്ന കാട്ടാനകൾ. 2023 ലെ ദൃശ്യം.
ചിന്നക്കനാലിൽ മാലിന്യം ഭക്ഷിക്കുന്ന കാട്ടാനകൾ. 2023 ലെ ദൃശ്യം.

വനത്തിനുള്ളിലൂടെ കടക്കുന്ന ഇലക്ട്രിക്ക് ലൈനുകളിൽ തട്ടിയും, ട്രെയിനിടിച്ചും, കുഴികളിൽ വീണും മരിക്കുന്ന കാട്ടാനകൾക്ക് എണ്ണമില്ല. വിഷപ്രയോഗങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ടുള്ള മരണങ്ങൾ വേറെയുമുണ്ട്. മരണവെപ്രാളത്തിൽ നാട്ടിൻപുറങ്ങളിലെ കടകളിലേക്ക് പോലും പാഞ്ഞുകയറുന്ന കാട്ടുപന്നികൾക്ക് പിറകിൽ ഷൂട്ടിങ് ക്ലബ്ബുകളുടെ വെടിയുണ്ടകൾ കൂടിയുണ്ടാകാറുണ്ടെന്നത് എത്രപേർക്ക് അറിയാം. വന്യജീവി വിഷയങ്ങളെ ഏകപക്ഷീയമായി മാത്രം കാണുന്ന സമീപനം തിരുത്തപ്പെടണം. കാടിറങ്ങുന്ന മൃഗങ്ങളെ മാത്രമല്ല, കാടിറക്കുന്ന കാരണങ്ങളെയും നമ്മളറിയണം. തീർച്ചയായും, വനാതിർത്തി പ്രദേശങ്ങളിൽ ഒരുപാട് സാധാരണക്കാരായ മനുഷ്യർ ദൗർഭാഗ്യവശാൽ വന്യജീവികൾക്ക് മുന്നിൽ അകപ്പെട്ട് മരണപ്പെടുന്നുണ്ട്. അതില്ലാതാക്കുക എന്നത് തന്നെയാണ് മുഖ്യവും. ഒപ്പം, സംഭവിക്കുന്ന എല്ലാ മരണങ്ങളും കാടിന് പുറത്താണെന്ന വ്യാജവാദം ഉയർത്തിക്കൊണ്ട് വരുന്നത് വിഷയത്തെ വഴിതിരിച്ചുവിടാൻ മാത്രമേ സഹായിക്കൂ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇതെല്ലാം നടക്കുന്നത് ബഫർ സോണിലാണെന്നതാണ്. കാടിനും നാടിനുമിടയിലെ സഹിഷ്ണുതാപരമായ വിടവായ ബഫർസോണിനെ മുൻനിർത്തി മുൻപ് നടന്നിട്ടുള്ള, അനുകൂലവും പ്രതികൂലവുമായ ചർച്ചകളെ ഈ അവസരത്തിലെങ്കിലും പുനർവിചിന്തനത്തിന് വിധേയമാക്കാവുന്നതാണ്.

സംസ്ഥാനത്ത് തന്നെ കടുവ / ആന സാന്ദ്രത കൂടിയ തിരുനെല്ലി അമ്പലത്തിലേക്കുള്ള വഴിയിൽ മാത്രം മേയുന്ന ആടുകളുടേയും പശുക്കളുടേയും എണ്ണമെടുത്താൽ വിഷയത്തിന്റെ ഗൗരവം എത്രയെന്ന് അറിയാം.

വയനാട് ജില്ലയിൽ മാത്രം വനത്തിൽമേയുന്ന കന്നുകാലികളുടെ എണ്ണം പതിനായിരത്തിലധികം വരും. സംരക്ഷിത വനത്തിനുള്ളിലെ കന്നുകാലിമേയ്ക്കൽ എത്രയധികം അപകട സാധ്യതയുള്ള സംഗതിയാണെന്ന ബോധ്യം അപകടം സംഭവിക്കുമ്പോൾ മാത്രമല്ല. അല്ലാത്തപ്പോഴും ഓർമ്മിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാനത്ത് തന്നെ കടുവ / ആന സാന്ദ്രത കൂടിയ തിരുനെല്ലി അമ്പലത്തിലേക്കുള്ള വഴിയിൽ മാത്രം മേയുന്ന ആടുകളുടേയും പശുക്കളുടേയും എണ്ണമെടുത്താൽ വിഷയത്തിന്റെ ഗൗരവം എത്രയെന്ന് അറിയാം. പശുക്കളും ആടുകളും കാട്ടിൽ കടുവകൾക്ക് സാധ്യമായ ഇര മാത്രമാണ്. എന്നിട്ടും കടുവ പിടിച്ച പശുക്കളുടെ എണ്ണം ആകെയെടുത്താൽ പോലും ഒരു ശതമാനം തികയില്ല. വൻകിട ബ്രോക്കർമാർ ആദിവാസികൾക്ക് കാട്ടിൽ മേയ്ക്കാൻ നൽകുകയും പിന്നീട് കളക്ട് ചെയ്യപ്പെടുന്നതുമായ കന്നുകാലികളുടെ ഭീതിതമായ എണ്ണവും, അതിലെ തൊഴിൽ ചൂഷണവും മറ്റൊരു വലിയ വിഷയമാണ്. വിഷയത്തിൽ 2023 മെയ് മാസം എ സി എഫിന്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടിട്ടുണ്ട്. പുൽവർഗ സസ്യങ്ങളുടെ ഗുരുതരശോഷണവും, വന്യമൃഗങ്ങളിലേക്കുള്ള രോഗബാധയും, ഇതിൽ പ്രധാനമായ വിഷയങ്ങളാണ്. പുൽമേടുകൾ ഉൾക്കൊള്ളുന്ന ചതുപ്പുകളിൽ ഏറിയ ശതമാനവും മനുഷ്യവാസ മേഖലകളോട് ചേർന്നോ, അതിന്നുള്ളിലോ ആണെന്നുള്ളത് വന്യജീവികളെ കാടതിരുകളിലെ തുറസ്സുകളിലേക്ക് ആകർഷിക്കാൻ കാരണമാകുന്നു. സസ്യഭുക്കുകളായ ജീവികൾ ഇത്തരം ഇടങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതോടെ മാംസഭുക്കുകളായ മൃഗങ്ങളും സ്വാഭാവികമായും ഈ ഇടങ്ങളിലേക്ക് ജീവസന്ധാരണത്തിന്റെ ഭാഗമായി കേന്ദ്രീകരിക്കുന്നു. ഇതേ, മേഖലയിലേക്ക് തന്നെയാണ് പുറത്തുനിന്നുള്ള കന്നുകാലി മേയ്ക്കലുകളും സംഭവിക്കുന്നതെന്നതാണ് വാസ്തവം.

ശേഖർ ദത്താത്രിയുടെ ഡോക്യുമെന്ററിയിൽ നിന്ന്
ശേഖർ ദത്താത്രിയുടെ ഡോക്യുമെന്ററിയിൽ നിന്ന്

മനുഷ്യ-വന്യജീവി സംഘർഷങ്ങളിലെ അടിസ്ഥാനപരമായ കാരണങ്ങളിൽ ഒന്നും ഇത് തന്നെയാണ്. പരമ്പരാഗതമായി കന്നുകാലി വളർത്തുന്നവർക്ക് പശ്ചാത്തല സൗകര്യം ഒരുക്കി നൽകുകയും, അതേസമയം, വ്യാവസായികാടിസ്ഥാനത്തിൽ വനമേഖലയിൽ വളർത്തി തിരിച്ചുനൽകാൻ ഏൽപ്പിക്കപ്പെടുന്ന കച്ചവടരീതിയെയും വേർതിരിച്ച് കണ്ട് നടപടിയെടുക്കാനുള്ള നിർദ്ദേശമാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, സഹിഷ്ണുതാപരമായ ഈ ആലോചനയെപ്പോലും കർഷക വിരുദ്ധമായും, ഉദ്യോഗസ്ഥ മേധാവിത്തമായും ചില സംഘടനകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. വനത്തിലും, വനാതിർത്തികളിലും ശ്രദ്ധാപൂർവ്വമുള്ള ഇടപെടലുകളും, നിയന്ത്രിതമായ പെരുമാറ്റങ്ങളുമില്ലാതെ പരിഹാരശ്രമങ്ങൾ സാധ്യമല്ലെന്ന പ്രാഥമികമായ വസ്തുത പോലും അംഗീകരിക്കപ്പെടാതെ പോകുകയാണ്.

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിലൂടെയുള്ള ഗതാഗതപാതയുടെ നീളം ആയിരക്കണക്കിന് കിലോമീറ്ററുകളാണ്. കാടതിരുകളുടെ നീളം മാത്രം പതിനായിരം കിലോമീറ്ററിലധികം വരും. മേൽപ്പറഞ്ഞ കാടുകളിലൂടെ തലങ്ങും വിലങ്ങുമുള്ള ഒരു ദിവസത്തെ വാഹന സഞ്ചാരങ്ങളുടെ എണ്ണം ഏറ്റവും ചുരുങ്ങിയത് ലക്ഷം കവിയും. അതിനിടയിലൂടെയാണ് കൊടും വേനലിലും വരൾച്ചയിലും പോലും പരിമിതമായ വന്യജീവി സഞ്ചാരം നടക്കുന്നത്. ഇവിടങ്ങളിൽ ആകെ നടക്കുന്ന കോൺഫ്ലിക്റ്റുകളുടെ ദുർബലമായ എണ്ണം പരിശോധിച്ചാൽ കുറേക്കൂടി വ്യക്തത കൈവരും. റിസർവ് ഫോറസ്റ്റിനുള്ളിലൂടെയുള്ള ഒരാനയുടെ ജീവസഞ്ചാരത്തിനിടയിൽ മറികടക്കേണ്ടുന്ന റോഡുകളും വാഹനങ്ങളും മനുഷ്യസാന്നിധ്യങ്ങളും ടൂറിസയാത്രകളും നമ്മൾ കരുതുന്നത് പോലെ അത്ര ചെറുതൊന്നുമല്ല. മനുഷ്യസാന്നിധ്യങ്ങളിൽ നിന്നും നിരന്തരം വഴിമാറലുകൾ നടത്തുന്നതിനാലാണ് നമ്മുടെ ലക്ഷം സഞ്ചാരങ്ങളിൽ പോലും അവ വിരലിലെണ്ണാവുന്ന വിധത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്നത്.

സാധാരണക്കാരായ കർഷകർ നേരിടുന്ന വെല്ലുവിളികളോടൊപ്പം ചേർന്ന് നിൽക്കുമ്പോഴും വിഷയത്തെ സത്യസന്ധമായി മനസ്സിലാക്കാനും, പരിഹാരം കാണാനും വകുപ്പിന്റെ ഉചിതമായ നടപടികൾക്ക് പിന്തുണ നൽകാനും കൂടി സാധിക്കണം.

അതേസമയം, വിമർശനാത്മകമായ പ്രതികരണങ്ങളെ വഴിതിരിച്ചുവിടാൻ ചില കേന്ദ്രങ്ങൾ നിരന്തരം കാണിക്കുന്ന വ്യഗ്രതയെ കൂടി പരാമർശിക്കേണ്ടതുണ്ട്. വനം കൈയ്യേറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ, ജീവിതപശ്ചാത്തലം തിരഞ്ഞ് മലകയറിയ പാവപ്പെട്ട കുടിയേറ്റ കർഷകനെക്കുറിച്ചാണെന്ന് വ്യാഖ്യാനിക്കുകയും, അതിലൂടെ വൻകിട വനം കൈവശ /കയ്യേറ്റ മാഫിയകളിൽ നിന്നുള്ള ശ്രദ്ധയെ മാറ്റുകയും ചെയ്യുക. വനങ്ങളിലെ ആവാസവ്യവസ്ഥാ ശോഷണത്തെക്കുറിച്ചും ജലദൗർലഭ്യത്തെയും പറഞ്ഞാൽ, അത് മലയോര കർഷകരുടെ കൃഷിക്ക് എതിരാണെന്ന് വരുത്തിക്കുകയും, പരിഹാരങ്ങളിലേക്കുള്ള സാധ്യതകളെ നിഷേധിക്കുകയും ചെയ്യുക. സംരക്ഷിത വനത്തിനകത്ത് നടന്ന അപകട മനുഷ്യമരണങ്ങളെക്കുറിച്ച് പറയുമ്പോൾ, വനത്തിനുപുറത്ത് വനാതിർത്തി പ്രദേശങ്ങളിൽ നടന്ന മരണങ്ങളെ കാണുന്നില്ല എന്ന് ആരോപിക്കുക. ഗുരുതരമായ വയൽ നികത്തലുകളെക്കുറിച്ച് പറയുമ്പോൾ അത് അഞ്ച് സെന്റ് നികത്തി വീടുണ്ടാക്കുന്ന സാധാരണക്കാരായ മനുഷ്യർക്കെതിരെയെന്ന് പറയുകയും, അഞ്ചും പത്തും അമ്പതും ഏക്കറുകൾ നികത്തപ്പെടുന്ന സാഹചര്യങ്ങളെ ഒളിപ്പിച്ചു നിർത്തുകയും ചെയ്യുക. ക്വാറി വിഷയത്തിൽ ആരെങ്കിലും സംസാരിച്ചാൽ അത് സാധാരണക്കാർക്ക് വീടുണ്ടാക്കാനുള്ള കല്ല് നിഷേധിക്കാനുള്ള ശ്രമമാണെന്നും, നാടിന്റെ വികസനത്തിന് എതിരാണെന്നും പറഞ്ഞ്, അതിലൂടെ അനധികൃതമായി ഖനനങ്ങളിലേക്കുള്ള ശ്രദ്ധയെ വിദൂരത്തേക്ക് മാറ്റി നിർത്തുക.

ഇത്തരത്തിലുള്ള പ്രത്യേകതരം അജണ്ടകളിലൂടെയും ഇടപെടലുകളിലൂടെയും എല്ലാ അനധികൃത വ്യവഹാരങ്ങൾക്ക് മുൻപിലും സാധാരണക്കാരായ മനുഷ്യരെ ചൂണ്ടിക്കാണിച്ച് യഥാർത്ഥ വിഷയത്തെ അപ്രസക്തമാക്കുകയാണ് ചെയ്യുന്നത്. സമീപ വർഷങ്ങളിൽ സംസ്ഥാനത്ത് നടന്നിട്ടുള്ള നെൽവയൽ സംരക്ഷണ സമരങ്ങളെല്ലാം വികസന വിരുദ്ധരുടേതെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ചില കേന്ദ്രങ്ങൾ എതിർത്ത് പോന്നിരുന്നത്. ഇത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും സമരത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ അപ്രസക്തമാക്കുവാനുമുള്ള മാർഗ്ഗങ്ങളിൽ ഒന്നായിരുന്നു. സമാനമായി തന്നെയാണ് വന്യജീവി വിഷയങ്ങളിലുള്ള സഹിഷ്ണുതാപരമായ ആലോചനകളെയും ആശങ്കകളെയും പൂർണമായും മനുഷ്യവിരുദ്ധമായ ഒന്നാക്കി,സമീപകാലത്ത് പ്രത്യക്ഷപ്പെട്ട ദുരൂഹകർഷക സംഘടനകളും നിരന്തരം ബ്രാന്റ് ചെയ്യുന്നത്.

മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത
മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത

വന്യജീവി- മനുഷ്യ സമ്പർക്കങ്ങളും അതിലൂടെയുണ്ടാകുന്ന കൃഷിനാശവും ആളപായവും സംസ്ഥാനത്തെ സംബന്ധിച്ച് സുപ്രധാന വിഷയം തന്നെയാണ്. മലയോര കർഷകരുടെ കാർഷിക സംഭാവനകൾ ഏറ്റവും വിലപ്പെട്ടതാണ്. സംസ്ഥാന സർക്കാർ മുൻപില്ലാത്ത വിധം സമഗ്രമായ കർമപദ്ധതി ആവിഷ്കരിച്ച് മുൻപോട്ട് പോകുന്ന സന്ദർഭം കൂടിയാണിതെന്ന് കഴിഞ്ഞ കാലങ്ങളിൽ ഈ വിഷയം ഫോളോ ചെയ്യുന്നവർക്ക് മനസിലാക്കാം. എന്നാൽ, വിഷയം പരിഹരിക്കാനുള്ള ശ്രമത്തിന്റെ കൂടെ നിൽക്കാതെ സാധാരണക്കാരായ മനുഷ്യരെ നിരന്തരം തെറ്റിദ്ധരിപ്പിച്ചും, വനത്തെയും വന്യജീവികളെയും വനപാലകരെയും പൂർണമായും ശത്രുപക്ഷത്ത് നിർത്തിയും അവതരിപ്പിക്കപ്പെടുകയാണ്. സംഘർഷാത്മകവും, അപകടകരവുമായ സാഹചര്യങ്ങളിലും, നന്നേ ദുർബലമായ പശ്ചാത്തല സൗകര്യങ്ങളിലും തൊഴിലെടുക്കുന്ന വനപാലകർ നേരിടുന്ന ജീവഭയത്തെയും, നിരവധിയായ ആക്രമണങ്ങളെയും, പ്രതിസന്ധികളെയും ഇന്നും പൊതുസമൂഹം ചർച്ച ചെയ്തുതുടങ്ങിയിട്ട് പോലുമില്ല. അതിനാൽ തന്നെ, ഇത്തരം ദുരൂഹ ശ്രമങ്ങളെ ഉചിതമായ സമയത്ത് സമൂഹം അഡ്രസ്സ് ചെയ്യേണ്ടതുണ്ട്. സാധാരണക്കാരായ കർഷകർ നേരിടുന്ന വെല്ലുവിളികളോടൊപ്പം ചേർന്ന് നിൽക്കുമ്പോഴും വിഷയത്തെ സത്യസന്ധമായി മനസ്സിലാക്കാനും, പരിഹാരം കാണാനും വകുപ്പിന്റെ ഉചിതമായ നടപടികൾക്ക് പിന്തുണ നൽകാനും കൂടി സാധിക്കണം. രാഷ്ട്രീയ ലക്ഷ്യം മാത്രം മുൻകണ്ട് അതിനെ നിരന്തരം വഴിതിരിച്ചുവിടാനുള്ള നീക്കങ്ങളെ പൊതുസമൂഹം യഥാസമയം തിരിച്ചറിയണം.

Read Also: മാധ്യമങ്ങൾ മനുഷ്യ - വന്യജീവി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴുണ്ടാവുന്ന ജാഗ്രതക്കുറവുകൾ

Comments