മാധ്യമങ്ങൾ മനുഷ്യ - വന്യജീവി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴുണ്ടാവുന്ന ജാഗ്രതക്കുറവുകൾ

വന്യജീവി - മനുഷ്യ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ എന്തുകൊണ്ടാണ് മാധ്യമങ്ങൾ എപ്പോഴും വന്യജീവികളെ കൊലയാളികളായും മനുഷ്യരെ ഇരകളായും ചിത്രീകരിക്കുന്നത്? പ്രദേശവാസികളുടെ അഭിപ്രായങ്ങളോ നിലപാടുകളോ പരിഗണിക്കാതെ രാഷ്ട്രീയ പ്രവർത്തകരുടെ പ്രസ്താവനകൾക്ക് പ്രാധാന്യം ലഭിക്കുന്നത് എന്തുകൊണ്ടാണ്? മാധ്യമ റിപ്പോർട്ടിങ്ങിലെ അപാകതകൾ വിലയിരുത്തുകയാണ് ഡോ. ആന്റോ പി ചീരോത.

കേരളത്തിൽ അടുത്ത കാലത്ത് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ (Human – WildLife Conflict) കുത്തനെ ഉയരുന്നതായി കാണാം. വന്യജീവി ആവാസവ്യവസ്ഥകളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റമടക്കം ഈ പ്രതിസന്ധി വന്നുചേർന്നതിൽ നിരവധി കാരണങ്ങളുണ്ട്. ഈ വിഷയത്തിലുള്ള നിരവധി മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെടാറുണ്ട്. അവ കാണുമ്പോൾ പ്രധാനമായും മനസ്സിൽ തോന്നുന്ന ഒരു ചോദ്യം വന്യജീവികളെ എപ്പോഴും എതിർചേരിയിൽ നിർത്തിയുള്ള റിപ്പോർട്ടുകൾ നല്ല പ്രവണതയാണോ? എന്നതാണ്. പ്രത്യേകിച്ചും മനുഷ്യ - വന്യജീവി സംഘർഷങ്ങളെ നമ്മുടെ സർക്കാർ സംസ്ഥാന ദുരന്തമായി (State Specific Disaster) പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ. സംഘർഷങ്ങളെ (Conflict) ലഘൂകരിച്ച് ഒരുമിച്ചുള്ള നിലനിൽപ്പ് (Coexistence) സാധ്യമാക്കുന്നതിനുള്ള ശ്രമമല്ലേ മാധ്യമങ്ങൾ എല്ലാകാര്യത്തിലും പിന്തുടരേണ്ടത്? നമ്മുടെ മാധ്യമങ്ങൾ എങ്ങനെയാണ് മനുഷ്യ - കാട്ടാന സംഘർഷങ്ങളെ (Human – Wild Elephant Conflict) പ്രതിനിധാനം ചെയ്യുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്.

ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, മലയാള മനോരമ, മാതൃഭൂമി എന്നീ മാധ്യമ സ്ഥാപനങ്ങളുടെ ഇംഗ്ളീഷ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ കുറച്ച് കാലയളവിൽ പ്രസിദ്ധീകരിച്ച മനുഷ്യ-കാട്ടാന സംഘർഷം ചർച്ച ചെയ്യുന്ന വാർത്താ റിപ്പോർട്ടുകളാണ് ഈ ലേഖനത്തിൽ പ്രധാനമായും വിലയിരുത്തുന്നത്. ഇതിനായി മാധ്യമ ഗവേഷണത്തിലെ ഗവേഷണ രീതിശാസ്ത്രങ്ങളിലൊന്നായ വിമർശനാത്മക വ്യവഹാര സമീപനം (Critical Discourse Approach) എന്ന രീതിയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വാൻ ഡിജിക്കും താഹിറും മുന്നോട്ടുവച്ച വിമർശനാത്മക വ്യവഹാര സമീപന ഫ്രെയിം വർക്കിൽ ആധാരമാക്കിയാണ് പ്രസ്തുത വാർത്താ റിപ്പോർട്ടുകൾ തരംതിരിച്ചിരിക്കുന്നത്. പ്രസ്തുത ഫ്രെയിമിൽ 23-ലധികം ഫ്രെയിമുകൾ ചർച്ച ചെയ്യുന്നുണ്ടെങ്കിലും വിശകലനത്തിൽ കണ്ടെത്തിയവ മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്.

കേരളത്തിൽ അടുത്ത കാലത്ത് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ (Human – WildLife Conflict) കുത്തനെ ഉയരുന്നതായി കാണാം. വന്യജീവി ആവാസവ്യവസ്ഥകളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റമടക്കം ഈ പ്രതിസന്ധി വന്നുചേർന്നതിൽ നിരവധി കാരണങ്ങളുണ്ട്. / Photo: Hariharan S
കേരളത്തിൽ അടുത്ത കാലത്ത് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ (Human – WildLife Conflict) കുത്തനെ ഉയരുന്നതായി കാണാം. വന്യജീവി ആവാസവ്യവസ്ഥകളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റമടക്കം ഈ പ്രതിസന്ധി വന്നുചേർന്നതിൽ നിരവധി കാരണങ്ങളുണ്ട്. / Photo: Hariharan S

കഴിഞ്ഞ ഫെബ്രുവരി 11, 2024ന് ദ ഹിന്ദു പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ടിൽ തന്നെ “Elephants remain major killers in Kerala” എന്ന പ്രയോഗം ഉണ്ട്. ഇതേ പത്രം മാർച്ച് 7, 2024ന് പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയുടെ ലീഡ് പാരഗ്രാഫിൽ തന്നെ “Marauding wild elephants” എന്ന ഒരു പ്രയോഗവുമുണ്ട്. ഇതൊക്കെ വായിക്കുന്ന ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം കിട്ടുന്ന പരിപ്രേക്ഷ്യം കാട്ടാനകൾ കേരളത്തിലെ “കില്ലർമാരാണ്” എന്നോ അല്ലെങ്കിൽ “സംഘം ചേർന്ന് ആക്രമിക്കുന്നവരാണ് എന്നൊക്കെയാണ്. വാൻ ഡിജിക്കും താഹിറും മുന്നോട്ടുവയ്ക്കുന്ന ഫ്രെയിമുകളിൽ “Actor Description” എന്ന ഫ്രയിമിലാണ് പ്രസ്തുത ഭാഷാപ്രയോഗങ്ങൾ വരുന്നത്. വാർത്തകളിൽ ഉപയോഗിക്കുന്ന ഭാഷ യാഥാർത്ഥ്യത്തെ പുനർനിർമ്മിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് Berger & Luckman, 1976 as cited in Conboy, 2007, p.5 പഠനത്തിൽ ക്യത്യമായി പറയുന്നുണ്ട്.

മനുഷ്യരെ വളരെ ‘പോസിറ്റീവ്’ ആയി ചിത്രീകരിക്കുകയും അതിന് പുറത്തുള്ള പ്രകൃതിയിലെ വിഭവങ്ങളെ/ജീവജാലങ്ങളെ, (ഇവിടെ കാട്ടാനകളെ) “തീർത്തും നെഗറ്റീവായി” ചിത്രീകരിക്കുകയും ചെയ്യുന്നു. അതാണ് കാട്ടാനകൾ കില്ലർമാരായി, മോഷ്ടാക്കളായി, ഭീകരജീവികളായൊക്കെ മാറുന്നത്. മാധ്യമങ്ങളുടെ “നെഗറ്റീവ്” മനോഭാവം വന്യജീവികളോടുള്ള സഹിഷ്ണുത കുറയുന്നതിലേക്കും ദേഷ്യത്തിലേക്കും നയിച്ചേക്കുമെന്ന് Gullo et al. 1997, Siemer et al., 2009, 2014, McCagh et al. 2015, Sabatier and Huveneers 2018 എന്നിവരുടെ പഠനത്തിൽ വ്യക്തമാക്കുന്നു.

ദ ഹിന്ദുവിൽ വന്ന വാർത്ത:

https://www.thehindu.com/news/national/kerala/wild-or-captive-elephants-remain-major-killers-in-kerala/article67835645.ece

ഇതുപോലെ തന്നെ മാതൃഭൂമി ഓൺലൈൻ പ്ലാറ്റ്ഫോമിൽ മാർച്ച് 14, 2024-ന് “Human animal conflict becomes a matter of discussion in Kerala” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ഭാഗമായുള്ള പ്രതീകാത്മക ഗ്രാഫിക് ഇമേജ് കാട്ടാനകൾ ശരിക്കും കൊലയാളികളാണ് അല്ലെങ്കിൽ അവ മനുഷ്യർക്ക് വലിയ ഭീഷണിയാണ് എന്ന ഒരു വായന നൽകുമെന്ന കാര്യം തീർച്ചയാണ്. ഉപയോഗിക്കുന്ന വാർത്താ ചിത്രങ്ങളുടെ കാര്യത്തിലും ജാഗ്രത വേണ്ടതല്ലേ? മാധ്യമ വാർത്തകൾ മനുഷ്യ- വന്യജീവി സംഘർഷങ്ങളെ പറ്റിയുള്ള ജനകീയ ധാരണയെയും കാഴ്ചപ്പാടുകളെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. മനുഷ്യ - വന്യജീവി ഇടപെടലുകൾ എങ്ങനെ നിർവചിക്കപ്പെടുന്നു എന്നതിനെ സ്വാധീനിക്കാനും മാധ്യമങ്ങൾക്ക് കഴിവുണ്ടെന്ന് Corbett 1995; Gore and Knuth 2009 എന്നിവരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു.

മാധ്യമ വാർത്തകൾ മനുഷ്യ- വന്യജീവി സംഘർഷങ്ങളെ പറ്റിയുള്ള ജനകീയ ധാരണയെയും കാഴ്ചപ്പാടുകളെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. |Photo: Jose Kallukaran
മാധ്യമ വാർത്തകൾ മനുഷ്യ- വന്യജീവി സംഘർഷങ്ങളെ പറ്റിയുള്ള ജനകീയ ധാരണയെയും കാഴ്ചപ്പാടുകളെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. |Photo: Jose Kallukaran

മനുഷ്യ - വന്യജീവി സംഘർഷ വാർത്തകളിൽ ദുരിതം അനുഭവിക്കുന്ന പ്രദേശവാസികളുടെ (Local Sources) അഭിപ്രായങ്ങളോ നിലപാടുകളോ കാര്യമായി നൽകാറില്ലെന്നത് ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. നേരെ മറിച്ച്, രാഷ്ട്രീയ നേതാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനും, രാഷ്ട്രീയവൈര്യം തീർക്കാനുമുള്ള ഇടം നൽകുകയാണ് പല വാർത്തകളും ചെയ്യാറുള്ളത്. ദ ഹിന്ദു ഫെബ്രുവരി 10, 2024ന് “Wayanad becomes a hot spot of human wildlife conflict” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അവിടുത്തെ എംപി രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രസ്താവനകൾക്കാണ് കൂടുതൽ ഇടം നൽകിയിരിക്കുന്നതെന്ന് കാണാം. വായനക്കാരുടെ വിശ്വാസ്യത പിടിച്ചുപറ്റുവാൻ അല്ലെങ്കിൽ അവരെ ആകർഷിക്കുവാനാണ് ഇത്തരത്തിലുള്ള സർക്കസെന്നാണ് വാൻ ഡിജിക്കും താഹിറും തങ്ങളുടെ “Authority” ഫ്രെയിമിലൂടെ വ്യക്തമാക്കുന്നത്.

ഇതേ പാത പിന്തുടർന്ന് ടൈംസ് ഓഫ് ഇന്ത്യ മാർച്ച് 28, 2024ന് “Tribal Woman killed by wild elephant in Kerala forest” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന ബിജെപി നേതാവിൻെറ പരാമർശത്തിന് വലിയ പ്രാധാന്യം നൽകിയിരിക്കുന്നത് കാണാം. രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയ വൈര്യം തീർക്കാനും പരസ്പരം ചെളി വാരിയെറിയാനുമുള്ള ഇടമായി ഇത്തരം വാർത്താ റിപ്പോർട്ടുകൾ മാറരുത്. ഈ വാർത്തകളിലൊക്കെയും കാണുന്ന ഒരു പൊതു പ്രവണത ആക്രമണങ്ങളിൽ യഥാർത്ഥത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ശബ്ദത്തിന് പ്രാതിനിധ്യം നൽകുകയോ, പ്രാദേശിക വാർത്താ സ്രോതസ്സുകളെ സ്ഥിരീകരിക്കുകയോ ചെയ്യാതെ വിഷയത്തെ വളരെ വേഗം സാമാന്യവൽക്കരിക്കുകയും രാഷ്ട്രീയവൽകരിക്കുകയും ചെയ്യുന്നുവെന്നതാണ്. മനുഷ്യ - വന്യജീവി സംഘർഷം ‘വന്യജീവികളുമായി ഏറ്റുമുട്ടുന്ന മനുഷ്യർ’ എന്ന രീതിയിൽ നിർവചിക്കപ്പെടുന്നുണ്ടെങ്കിലും ഇതിന് പലപ്പോഴും മനുഷ്യ - മനുഷ്യ സംഘർഷത്തിന്റെ (Human – Human Conflict) അന്തർലീനമായ മാനമുണ്ടെന്ന് Manfredo & Dayer, 2004; Dickman, 2010 പഠനങ്ങളിൽ പറയുന്നു. മാത്രമല്ല, സംഘർഷങ്ങൾ ചിലപ്പോൾ അധികാരികളും പ്രാദേശിക ജനങ്ങളും തമ്മിലുള്ള അന്തർലീനമായ സംഘട്ടനങ്ങളുടെ പ്രകടനങ്ങളായും മാറാമെന്ന് Dickman, 2010 തന്റെ പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ, പിയർ റിവ്യൂഡ് ചെയ്ത ജേണലുകളിൽ വന്നിരിക്കുന്ന പഠനങ്ങളനുസരിച്ച് ഭൂരിഭാഗം മനുഷ്യ-വന്യജീവി സംഘർഷങ്ങളേയും ലേബൽ ചെയ്തിരിക്കുന്നത് വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നടപടികളെ പിന്തുണയ്ക്കുന്ന ആളുകളും മനുഷ്യ പ്രവർത്തനങ്ങൾക്കും ഉപജീവനമാർഗങ്ങൾക്കും മുൻഗണന നൽകണമെന്ന് വാദിക്കുന്ന ആളുകളും തമ്മിലുള്ള സംഘട്ടനമായിട്ടാണ് (Redpath et al. 2015).

ദ ഹിന്ദു ഫെബ്രുവരി 10, 2024ന് “Wayanad becomes a hot spot of human wildlife conflict” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അവിടുത്തെ എംപി രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രസ്താവനകൾക്കാണ് കൂടുതൽ ഇടം നൽകിയിരിക്കുന്നതെന്ന് കാണാം.
ദ ഹിന്ദു ഫെബ്രുവരി 10, 2024ന് “Wayanad becomes a hot spot of human wildlife conflict” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അവിടുത്തെ എംപി രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രസ്താവനകൾക്കാണ് കൂടുതൽ ഇടം നൽകിയിരിക്കുന്നതെന്ന് കാണാം.

പഠനത്തിനായെടുത്ത എല്ലാ ഓൺലൈൻ വാർത്തകളിലും “കാട്ടാനകളുമായുള്ള പോരാട്ടത്തിൽ നിരവധി ആളുകൾ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചിരിക്കുന്നു” എന്ന ഒരു ആഖ്യാനം പ്രബലമായി നിലനിൽക്കുന്നു എന്നത് കൗതുകകരമാണ്. വാൻ ഡിജിക്കും താഹിറും (Van Dijk, 2004 and Tahir, 2013) മുന്നോട്ടുവയ്ക്കുന്ന ഫ്രെയിമുകളിൽ “Victimization” (ഇരയാക്കൽ) എന്ന ഫ്രയിമിലാണ് പ്രസ്തുത ഭാഷാ ആഖ്യാനങ്ങൾ ഉൾക്കൊള്ളുന്നത്. മനുഷ്യ-കാട്ടാന സംഘട്ടനത്തിന്റെ ഇരകളായി മനുഷ്യരെ ചിത്രീകരിക്കുന്നു. മാത്രമല്ല, കാട്ടാനകളെ “നെഗറ്റീവ് രൂപങ്ങളായി” കാണിക്കുകന്നതിനായി സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റകൾ മുന്നോട്ട് വെയ്ക്കുകയും ചെയ്യുന്നു. ഉദാഹരണമായി ദ ഹിന്ദു 11/02/2024ന് പ്രസിദ്ധികരിച്ച വാർത്തയിൽ “വനംവകുപ്പിന്റെ പക്കലുള്ള രേഖകൾ പ്രകാരം 2012 മുതൽ 2023 ഫെബ്രുവരി വരെ സംസ്ഥാനത്ത് ആനകളുടെ ആക്രമണത്തിൽ 202 പേർ കൊല്ലപ്പെട്ടു” എന്ന് പറയുന്നുണ്ട്. എന്നാൽ ഇവിടെയൊന്നും മനുഷ്യരുടെ ആക്രമണങ്ങളിൽ എത്ര ആനകൾ കൊല്ലപ്പെടുന്നുണ്ടെന്നോ, കാട്ടാനകൾ ഇരയാക്കപ്പെടുന്നതിന്റേയോ മറുഭാഗം തീർത്തും കാണാതെ പോകുന്നുണ്ട്. കാട്ടാനയുടെ ആക്രമണത്തിൻറെ ഇരകൾ മനുഷ്യരാണെന്ന് കാണിക്കാൻ “ഇരയാക്കലിൻറെ” തന്ത്രം എല്ലാ വാർത്തകളിലും ഉപയോഗിക്കുന്നു. “Tribal woman killed by wild elephant in Kerala Forest” എന്ന തലക്കെട്ടിൽ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത കാട്ടാനകൾ "ദയയില്ലാത്ത ജീവികളാണെന്ന” പൊതു കാഴ്ചപ്പാട് സൃഷ്ടിച്ചേക്കാം. മാധ്യമങ്ങൾ ഒരു വിഷയം എങ്ങനെ രൂപപ്പെടുത്തുന്നു എന്നത് (Agenda set by media) പ്രസ്തുത വിഷയത്തെ പറ്റിയുള്ള പൊതുജന അഭിപ്രായത്തെ വലിയ രീതിയിൽ സ്വാധീനിക്കുമെന്ന് Feezell, 2018; McCombs & Shaw, 1972 പഠനങ്ങളിൽ സുവ്യക്തമാണ്.

https://timesofindia.indiatimes.com/city/thiruvananthapuram/tribal-woman-killed-by-wild-elephant-in-kerala-forest/articleshow/108848940.cms

കാട്ടാനകളുടെ ആക്രമണത്തിനെതിരെ ജനങ്ങളുടെ അതൃപ്തി കാണിക്കാൻ മലയാള മനോരമ ഓൺലൈൻ ഫെബ്രുവരി 20, 2024ന് “Angry Wayanad crowd tell ministers to seek vote from elephants, wild boars” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലും ഇരയാക്കലിന്റെ തന്ത്രം ഉപയോഗിക്കുന്നുണ്ട്. “Angry Wayanad Crowd" തുടങ്ങിയ പദങ്ങളുടെ ഉപയോഗം “ഇരയാക്കൽ” വാദത്തെ ബലപ്പെടുത്തുന്നു. കൂടാതെ, വാർത്തയെ മനപ്പൂർവ്വം അതിശയോക്തിപരമാക്കുന്നതിനുള്ള ചില ട്രിക്കുകളും മനോരമ ഉപയോഗിക്കുന്നതായി കാണാം. ഉദാഹരണത്തിന് ജൂലൈ 17, 2019ന് “Elephant raids uproot a remote Kerala Village” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത റിപ്പോർട്ടിൽ "Elephant Raids" പോലുള്ള വാക്കുകളുടെ മനപ്പൂർവ്വമുള്ള ഉപയോഗം “അതിശയോക്തിപരമാക്കുന്നതിനുള്ള” ട്രിക്കായി കാണാവുന്നതല്ലേ? വാൻ ഡിജിക്കും താഹിറും മുന്നോട്ടുവയ്ക്കുന്ന ഫ്രെയിമുകളിൽ “Hyperbole” (deliberate extravagance of meaning) എന്ന ഫ്രയിമിലാണ് പ്രസ്തുത ഭാഷാ ആഖ്യാനങ്ങൾ ഉൾക്കൊള്ളുന്നത്.

https://www.onmanorama.com/content/mm/en/kerala/top-news/2019/07/17/elephant-raids-uproot-a-remote-kerala-village.html

അമൂർത്തവും അപരിചിതവും സങ്കീർണ്ണവും പുതിയതും വൈകാരികവുമായ ആശയങ്ങൾ കൂടുതൽ മൂർത്തമാക്കുന്നതിലൂടെ പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ രൂപകങ്ങൾ ഉപയോഗിക്കുന്നു. മാവോവാദികൾക്കെതിരായ കാട്ടാന ആക്രമണത്തെക്കുറിച്ചുള്ള “Wild elephant attack against Maoists” എന്ന തലക്കെട്ടിൽ മനോരമ ഓൺലൈൻ ഫെബ്രുവരി 16, 2024-ന് പ്രസിദ്ധീകരിച്ച വാർത്തയിൽ മനുഷ്യ വന്യമൃഗ സംഘർഷത്തിന്റെ നിലവിലുള്ള പ്രശ്നത്തിന് പരിചിതമല്ലാത്ത പുതിയതും സങ്കീർണ്ണവുമായ ഒരു പാളി മനപ്പൂർവ്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് പറയാൻ സാധിക്കും. സമാനമായ രീതിയിൽ മാതൃഭൂമിയും ഇരയാക്കലിൻെറ തന്ത്രം ഉപയോഗിക്കുന്നുണ്ട്. മാതൃഭൂമി ഓൺലൈൻ ജനുവരി 23, 2024ന് “Bike rider’s close encounter with wild elephant in Chekadi, miraculous escape caught on video” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ഇത് വ്യക്തമാണ്. കാട്ടാനകളെക്കുറിച്ച് തെറ്റായ ആശയം (ഭാഷ പ്രയോഗങ്ങളിലൂടെ) അവതരിപ്പിച്ച് ഒരു "Negative otherness" (മനുഷ്യരെ കൊല്ലുന്ന ജീവി) വികസിപ്പിച്ചെടുക്കാനുള്ള ശ്രമവും പൊതുവിൽ ഇത്തരം റിപ്പോർട്ടിങ്ങിലെല്ലാം ഉണ്ടെന്നത് വ്യക്തമാണ്.

https://www.onmanorama.com/news/kerala/2024/02/16/human-animal-conflict-maoist-injured-elephant-attack-kanjirakolli.html

https://english.mathrubhumi.com/news/kerala/bike-riders-close-encounter-with-wild-elephant-in-chekadi-escape-1.9263920

പ്രത്യയശാസ്ത്രത്തിൽ ഊന്നിയ ആശയങ്ങളും വിശ്വാസങ്ങളും പ്രത്യേക വാക്കുകൾ ഉപയോഗിച്ച് ജനങ്ങളെ അറിയിക്കാൻ “Lexicalization” എന്ന ഫ്രെയിം ഉപയോഗിക്കുന്നു. “Elephants remain major killers” എന്ന തലക്കെട്ട് മനഃപൂർവ്വം ഉപയോഗിക്കുന്നത് കാട്ടാനകൾ ഒരു 'Negative Other' ആണെന്നും മനുഷ്യന്റെ നിലനിൽപ്പിന് പ്രശ്നമുണ്ടാക്കുന്നുവെന്നും ഒരു പൊതു കാഴ്ചപ്പാട് സൃഷ്ടിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ്. സഹവർത്തിത്വത്തിനായി പരിശ്രമിക്കുന്നതിനുപകരം മനുഷ്യരും കാട്ടാനകളും തമ്മിലുള്ള 'സംഘർഷം' തീവ്രമാക്കാനാണ് “Tribal Woman killed by elephant” എന്ന തലക്കെട്ടിലുള്ള വാർത്തയുടെ ശ്രമമെന്നും തോന്നിയേക്കാം. നെഗറ്റീവ് മാധ്യമ റിപ്പോർട്ടുകൾ തുടർച്ചയായി കാണുന്നത് പ്രേക്ഷകർക്ക് ഉത്കണ്ഠയും ഭയവും ഉണ്ടാക്കുമെന്ന് Harrell 2000, Field et al. 2001, Visser et al. 2013 പഠനത്തിൽ പറയുന്നു.

“Elephants remain major killers” എന്ന തലക്കെട്ട് മനഃപൂർവ്വം ഉപയോഗിക്കുന്നത് കാട്ടാനകൾ ഒരു 'Negative Other' ആണെന്നും മനുഷ്യന്റെ നിലനിൽപ്പിന് പ്രശ്നമുണ്ടാക്കുന്നുവെന്നും ഒരു പൊതു കാഴ്ചപ്പാട് സൃഷ്ടിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ്.| Photo: Sivarajan Kinavil
“Elephants remain major killers” എന്ന തലക്കെട്ട് മനഃപൂർവ്വം ഉപയോഗിക്കുന്നത് കാട്ടാനകൾ ഒരു 'Negative Other' ആണെന്നും മനുഷ്യന്റെ നിലനിൽപ്പിന് പ്രശ്നമുണ്ടാക്കുന്നുവെന്നും ഒരു പൊതു കാഴ്ചപ്പാട് സൃഷ്ടിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ്.| Photo: Sivarajan Kinavil

എല്ലാ മനുഷ്യ-വന്യജീവി സംഘർഷ വാർത്തകളും ഇരുകൂട്ടരും തമ്മലുള്ള “സംഘർഷങ്ങളെ” മാത്രം കേന്ദ്രീകരിക്കേണ്ടതില്ല. ഈ വാർത്താ വിശകലനത്തിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ റിപ്പോർട്ടർമാർക്ക് സംഘർഷം നിലനിർത്തി കൊണ്ടുപോകുവാൻ എന്തോ വലിയ ആഗ്രഹം ഉള്ളതുപോലെ തോന്നും. സംഘർഷ ഭരിതമായ വാർത്തകളിലേക്ക് ആകർഷിക്കപ്പെടാനുള്ള സ്വാഭാവിക പ്രവണത മാധ്യമപ്രവർത്തകർക്ക് ഉണ്ടാകും എന്നത് മുൻകാല ഗവേഷണ പഠനങ്ങളിലും സൂചിപ്പിക്കുന്നുണ്ട്. എന്നാൽ എല്ലാ വാർത്തകളിലും മനുഷ്യരെ നായകന്മാരായും മൃഗങ്ങളെ എതിരാളികളായും വിഭജിക്കുന്ന പ്രവണത നല്ലതായി തോന്നുന്നില്ല. വന്യജീവികൾ എല്ലായ്പ്പോഴും കുറ്റക്കാരാണെന്നും മനുഷ്യരാണ് അതിന്റെ ഇരകളാകുന്നതെന്നുമുള്ള ആഖ്യാനമാണ് പ്രബലം. ഇത്തരത്തിലുള്ള റിപ്പോർട്ടിങ് ശൈലികൾ മൃഗങ്ങളോടുള്ള സഹാനുഭൂതി തീർത്തും ഇല്ലാതാക്കുന്ന ഒരു പൊതുബോധം സൃഷ്ടിച്ചേക്കാം.

മനുഷ്യ-വന്യജീവി സഹവർത്തിത്വം വിശാലമായും ആഴത്തിലും ചർച്ച ചെയ്യുന്ന വിഷയമാണെന്നും, ഇത് മാധ്യമങ്ങളിലൂടെ അനുരണനം ചെയ്യപ്പെടുന്നുണ്ടെന്നും Chapron et al. 2014; Chapron & López-Bao 2016 എന്നിവരുടെ പശ്ചാത്യപഠനങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ നമ്മുടെ മാധ്യമ പരിസരത്തിൽ വാർത്തകൾ തയ്യാറാക്കുമ്പോൾ വിഷയ വിദഗ്ധരുമായും, പ്രാദേശിക വാർത്താ സ്രോതസുകളുമായും തങ്ങളുടെ ധാരണ മാധ്യമപ്രവർത്തകർ പരിശോധിക്കുന്നതിലൂടെ വന്യജീവി കവറേജ് മെച്ചപ്പെടുത്താനും കഴിയും. മനുഷ്യ – വന്യജീവി സംഘർഷത്തെ (Human – Wild Life Conflict) സംബന്ധിച്ചുള്ള എന്തെങ്കിലും മിഥ്യാധാരണകളുണ്ടെങ്കിൽ അത് തിരുത്തുന്നതിന് വിഷയ വിദഗ്ധരുമായുള്ള ചർച്ചകളും സംവാദകളും സഹായിക്കും.

മനുഷ്യ – വന്യജീവി സംഘർഷത്തിന്റെ സങ്കീർണ്ണ സ്വഭാവത്തെക്കുറിച്ച് മാധ്യമങ്ങളെ ബോധവൽക്കരിക്കണമെന്നും തോന്നുന്നുണ്ട്. ഈ പ്രക്രിയയിലൂടെ കൂടുതൽ സന്തുലിതമായ റിപ്പോർട്ടിംഗ് പ്രാപ്തമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. സംരക്ഷിത പ്രദേശങ്ങളിൽ മനുഷ്യന്റെ കടന്നുകയറ്റം വർദ്ധിക്കുന്നതിനനുസരിച്ച് മനുഷ്യ – വന്യജീവി സംഘർഷങ്ങളും വർദ്ധിക്കുന്നു. സെൻസേഷണൽ തലക്കെട്ടുകളിൽ നിന്ന് "Elephants remain major killers in Kerala" അല്ലെങ്കിൽ “elephant raids uproot a remote Kerala village” എന്നിവയിൽ നിന്ന് മാറി, കൂടുതൽ വസ്തുനിഷ്ഠമായ തലക്കെട്ടുകളിലേക്ക് (സഹവർത്തിത്വം സാധ്യമാക്കുന്ന) എത്താൻ മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും, അതിനുള്ള പരിശീലന പദ്ധതികൾ, ശിൽപശാലകൾ എന്നിവ ആസൂത്രണം ചെയ്യുകയും വേണം. വന്യജീവികളെക്കുറിച്ച് എഴുതുന്ന മാധ്യമപ്രവർത്തകർക്കായി, അതിന് പിന്നിലെ ശാസ്ത്രം ലളിതവും ഫലപ്രദവുമായ രീതിയിൽ ആശയവിനിമയം നടത്തുന്നതിനായി പരിശീലനങ്ങളും ശിൽപശാലകളും സഹായിക്കും. നിരന്തരമായ നെഗറ്റീവ് വാർത്തകൾ നൽകുന്നത് ഒഴിവാക്കുന്നതിനും പോസിറ്റീവ് സ്റ്റോറികൾ കണ്ടെത്തുന്നതിനും ഇത് സഹായിക്കുമെന്ന് തോന്നുന്നു. മനുഷ്യ – വന്യജീവി സംഘർഷ പരിസരത്തിൽ നെഗറ്റീവ് വാർത്തകളാണ് പോസിറ്റീവ് വാർത്തകളേക്കാൾ കൂടുതലെന്നും, കാട്ടാനകളെ ഇത്തരത്തിൽ എല്ലായ്പ്പോഴും നെഗറ്റീവായി ചിത്രീകരിക്കുന്ന ട്രെൻഡ് ഒരുതരത്തിലും ‘സംഘർഷത്തിന്’ പരിഹാരം കണ്ടെത്താൻ സഹായിക്കില്ലെന്നും Marianne de Nazareth and S. Nagarathinam (2012) എന്നിവരുടെ പഠനത്തിൽ വിശദീകരിക്കുന്നു. മാധ്യമങ്ങളുമായി വസ്തുതാപരവും സമയബന്ധിതവുമായ അപ്ഡേറ്റുകൾ പങ്കിടുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കുകയും ചിന്തിക്കാവുന്നതാണ്. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലും പരിസരത്തുമുള്ള മനുഷ്യ – വന്യജീവി സംഘർഷ വിവരങ്ങൾ അറിയിക്കുന്നതിനുമായി മുംബൈയിലെ വനം വകുപ്പ് മാധ്യമപ്രവർത്തകരെയും മറ്റ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഡിസൈൻ ചെയ്തത് ഉദാഹരണമായി എടുക്കാവുന്നതാണ്.

വന്യജീവികൾ എല്ലായ്പ്പോഴും കുറ്റക്കാരാണെന്നും മനുഷ്യരാണ് അതിന്റെ ഇരകളാകുന്നതെന്നുമുള്ള ആഖ്യാനമാണ് പ്രബലം. ഇത്തരത്തിലുള്ള റിപ്പോർട്ടിങ് ശൈലികൾ മൃഗങ്ങളോടുള്ള സഹാനുഭൂതി തീർത്തും ഇല്ലാതാക്കുന്ന ഒരു പൊതുബോധം സൃഷ്ടിച്ചേക്കാം.| Photo: Sivarajan Kinavil
വന്യജീവികൾ എല്ലായ്പ്പോഴും കുറ്റക്കാരാണെന്നും മനുഷ്യരാണ് അതിന്റെ ഇരകളാകുന്നതെന്നുമുള്ള ആഖ്യാനമാണ് പ്രബലം. ഇത്തരത്തിലുള്ള റിപ്പോർട്ടിങ് ശൈലികൾ മൃഗങ്ങളോടുള്ള സഹാനുഭൂതി തീർത്തും ഇല്ലാതാക്കുന്ന ഒരു പൊതുബോധം സൃഷ്ടിച്ചേക്കാം.| Photo: Sivarajan Kinavil

References:

Chapron, G. et al. (2014) ‘Recovery of large carnivores in Europe’s modern human-dominated landscapes’, Science, 346: 1517–9

Chapron, G. et al. (2014) ‘Recovery of large carnivores in Europe’s modern human-dominated landscapes’, Science, 346: 1517–9

Corbett, J. B. (1995) ‘When wildlife makes the news: an analysis of rural and urban north-central U.S. newspapers’, Public Understanding of Science, 4: 397–410

DICKMAN, A.J. (2010) Complexities of conflict: the importance of considering social factors for effectively resolving human–wildlife conflict. Animal Conservation, 13, 458–466

Field AP, Argyris NG, Knowles KA. 2001. Who’s afraid of the big bad wolf: A prospective paradigm to test Rachman’s indirect pathways in children. Behaviour Research and Therapy 39: 1259–1276

Feezell, J. T. (2018). Agenda setting through social media: The importance of incidental news exposure and social filtering in the digital era. Political Research Quarterly, 71, 482–494

Gore, M. L., and Knuth, B. A. (2009) ‘Mass media effect on the operating environment of a wildlife-related risk-communication campaign’, Journal of Wildlife Management, 73: 1407–13

Gullo A, Lassiter U, Wolch JR. 1997. Changing attitudes toward California’s cougars. Society and Animals 5: 95–116.

Harrell JP. 2000. Affective Responses to Television Newscasts: Have You Heard the News? PhD dissertation. Western Michigan University, Kalamazoo, Michigan

McCombs, M. E., & Shaw, D. L. (1972). The agenda-setting function of mass media. Public Opinion Quarterly, 36, 176

MANFREDO, M.J. & DAYER, A.A. (2004) Concepts for exploring the social aspects of human–wildlife conflict in a global context. Human Dimensions of Wildlife, 9, 1–20

McCagh C, Sneddon J, Blache D. 2015. Killing sharks: The media’s role in public and political response to fatal human–shark interactions. Marine Policy 62: 271–278

REDPATH, S.M., BHATIA, S. & YOUNG, J. (2015) Tilting at wildlife: reconsidering human–wildlife conflict. Oryx, 49, 222–225

Siemer WF, Decker DJ, Shanahan JE, Wieczorek Hudenko HA. 2014. How do suburban coyote attacks affect residents’ perceptions? Insights from a New York case study. Cities and the Environment 7 (art. 7)

Sabatier E, Huveneers C. 2018. Changes in media portrayal of human– wildlife conflict during successive fatal shark bites. Conservation and Society 18 (art. 5)

Visser M, Scholte M, Scheepers P. 2013. Fear of crime and feelings of unsafety in European countries: Macro and micro explanations in crossnational perspective. Sociological Quarterly 54: 278–301

van Dijk, T. A. (1995). Discourse analysis as ideology analysis. In C. Schaffner & A. Wenden (Eds.), Language and peace aldershot (pp. 17–33). Dartmouth Publishing.

Comments