ആർ. രാജഗോപാൽ

ഓഡിയൻസുണ്ട്,
അലറിവിളിക്കാത്ത
ജേണലിസത്തിന്…

ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷ ദിവസങ്ങളിൽ ഇന്ത്യയിലെ സോഷ്യൽ മീഡിയ എങ്ങനെയാണ് ശരിയായ വിവരങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന മാധ്യമമായി മാറിയത് എന്ന് സ്വന്തം നിരീക്ഷണത്തിന്റെ വെളിച്ചത്തിൽ വിശദീകരിക്കുകയാണ് ആർ. രാജഗോപാൽ.

യുദ്ധസമാനമായ സംഘർഷം എങ്ങനെയാണ് റിപ്പോർട്ട് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഗൈഡ്‌ലൈൻ പിന്തുരടേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. സൂക്ഷ്മമായി റിപ്പോർട്ട് ചെയ്യുക എന്ന ഗൈഡ്ലൈൻ പൊതുവെയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകാനിടയില്ല. ഉദാഹരണത്തിന്, 2019-ലെ ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. വർഷങ്ങൾ കഴിഞ്ഞായിരിക്കാം ഉത്തരം ലഭിക്കുക. അതുകൊണ്ടുതന്നെ, യുദ്ധത്തെയും യുദ്ധസമാനമായ സംഘർ​ഷത്തെയും സംബന്ധിച്ച് കാര്യങ്ങൾ പൂർണമായി വ്യക്തമാകാത്ത സാഹചര്യത്തിൽ അതീവ സൂക്ഷ്മതയോടെ ​​വേണം റിപ്പോർട്ടിങ്. സാധാരണ സമയത്ത് ഉപയോഗിക്കുന്ന രൂക്ഷമായ വാക്കുകളോ വിമർശനങ്ങളോ ഇത്തരം സാഹചര്യങ്ങളിൽ ഒഴിവാക്കുന്നതായിരിക്കും നല്ലത്. എന്നാൽ സംഘർഷം ഒഴിവായി കാര്യങ്ങൾ വ്യക്തമാകുമ്പോൾ വിമർശന ബുദ്ധിയോടെ സമീപിക്കുകയും വേണം. മാധ്യമങ്ങൾ മാത്രമല്ല, പൗരരും ഇത്തരത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്.

ഉറവിടമില്ലാത്ത
വാർത്തകൾ

ഈയൊരു മാനദണ്ഡം വച്ച് പരിശോധിച്ചാൽ പല ദൃശ്യ മാധ്യമങ്ങൾക്കും യുദ്ധ റിപ്പോർട്ടിങ്ങിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മനസിലാകും. ന്യൂസ് ചാനലുകൾ പൊതുവേ കാണാത്തതിനാൽ, സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന അവയുടെ ന്യൂസ് കാർഡുകൾ വിലയിരുത്തിയാണ് ഞാനിത് പറയുന്നത്. ‘ഭീകരവാദത്തിന്റെ വേരറത്തു’, ‘കറാച്ചിയെ തകർത്തു’, ‘പാക്കിസ്ഥാൻ ആർമി ചീഫിന് വെടിയേറ്റോ?’, ‘ആർമി ചീഫ് തടങ്കലിലാണ്’ എന്ന മട്ടിലായിരുന്നു റിപ്പോർട്ടിങ്. കാള പെറ്റുവെന്ന് കേട്ടപ്പോൾ തന്നെ കയറെടുത്ത അനുഭവമാണ് ഇത്തരം കാർഡുകൾ കണ്ടപ്പോൾ തോന്നിയത്. വളരെ നിരുത്തരവാദപരമായ റിപ്പോർട്ടിങ്. യുദ്ധ സാഹചര്യങ്ങളിൽ പരിക്കേൽക്കുന്നത് മനുഷ്യജീവനാണെന്ന കാര്യം ഈ മാധ്യമങ്ങൾ മറന്നുപോയി. മനുഷ്യ ജീവനെ സംബന്ധിക്കുന്ന കാര്യത്തെ ഇത്ര ലാഘവബുദ്ധിയോടെയും നിസ്സാരവൽക്കരിച്ചും അവതരിപ്പിക്കുന്നവരുടെ താൽപര്യം എന്തായിരുന്നുവെന്നത് വളരെ വ്യക്തമാണ്. അതൊരിക്കലും ദേശീയ താൽപര്യമല്ല, മറിച്ച് സുരക്ഷിതമായ Self interest മാത്രമാണ്.

യുദ്ധത്തെയും യുദ്ധസമാനമായ സംഘർ​ഷത്തെയും സംബന്ധിച്ച് കാര്യങ്ങൾ പൂർണമായി വ്യക്തമാകാത്ത സാഹചര്യത്തിൽ അതീവ സൂക്ഷ്മതയോടെ ​​വേണം റിപ്പോർട്ടിങ്
യുദ്ധത്തെയും യുദ്ധസമാനമായ സംഘർ​ഷത്തെയും സംബന്ധിച്ച് കാര്യങ്ങൾ പൂർണമായി വ്യക്തമാകാത്ത സാഹചര്യത്തിൽ അതീവ സൂക്ഷ്മതയോടെ ​​വേണം റിപ്പോർട്ടിങ്

ഇത്തരം റിപ്പോർട്ടിംഗിൽ പ്രേക്ഷകൻ എന്ന നിലയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയാം. ആദ്യമായി, വാർത്തകളുടെ ഉറവിടം എന്താണെന്ന് പരിശോധിക്കണം. പലപ്പോഴും സംഘർഷ സാഹചര്യങ്ങളിലെ റിപ്പോർട്ടിംഗിൽ വാർത്തയുടെ യഥാർഥ ഉറവിടം തിരിച്ചറിയാനാകില്ല. എന്നാൽ, ആ വാർത്താ സ്രോതസിന്റെ സ്വഭാവം എന്താണെന്ന് പറയാൻ കഴിയണം. അതായത്, സൈനിക വൃത്തങ്ങളിൽ നിന്നാണോ, സർക്കാർ വൃത്തങ്ങളിൽ നിന്നാണോ പാശ്ചാത്യ മാധ്യമങ്ങളിൽ നിന്നാണോ അതോ ദൃക്സാക്ഷികളെന്ന് അവകാ​ശപ്പെടുന്ന പ്രദേശവാസികളിൽ നിന്നാണോ എന്ന് വ്യക്തമാക്കാനാകണം.
പാശ്ചാത്യ മാധ്യമങ്ങളിൽ നിന്നാണെന്ന് കാടടച്ച് പറഞ്ഞാൽ പോരാ, ഏത് മാധ്യമമാണ് എന്ന് വ്യക്തമായി തന്നെ പറയേണ്ടതുണ്ട്. ദ ഗാർഡിയനാണെന്നോ ന്യൂയോർക്ക് ടൈംസാണെന്നോ ഡെയ്‍ലി ടെലിഗ്രാഫാണെന്നോ എന്ന് വ്യക്തമാക്കണം. അങ്ങനെ വരുമ്പോൾ ഈ മാധ്യമങ്ങളുടെ ക്രെഡിബിലിറ്റി എത്രമാത്രമുണ്ടെന്ന് വെച്ച് കാര്യങ്ങളെ വിശകലനം ചെയ്യാൻ സാധിക്കും.

മാധ്യമങ്ങൾ ഓഡിറ്റ് ചെയ്യപ്പെടുന്നത് എന്തുകൊണ്ടും നല്ലതാണ്. മാധ്യമങ്ങൾ അവരുടെ കാണികളെയും വായനക്കാരെയും ബഹുമാനിക്കുന്നുണ്ടെങ്കിൽ ഇത്തരം ഓഡി​റ്റിങ് നല്ലതാണ്.

തങ്ങളുടെ പ്രേക്ഷകരെ ബഹുമാനിക്കുക എന്നൊരു ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്. മാധ്യമങ്ങൾ നടത്തുന്ന അലറിവിളി പ്രേക്ഷകരോടുള്ള ബഹുമാനക്കുറവിന്റെ അടയാളമാണ്. പ്രേക്ഷകരുടെ ഏറ്റവും ബേസ് ഇൻസ്റ്റിൻക്റ്റിനെ പ്രീണിപ്പിക്കുന്ന രീതിയിൽ ഇത്തരം ജീവന്മരണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നത് വളരെ അപഹാസ്യമാണ്. അത്തരം റിപ്പോർട്ടിങ് ഉണ്ടായിട്ടുണ്ടെന്നാണ് എനിക്ക് മനസ്സിലാക്കാനായത്, നേരിട്ടു കാണാത്തതുകൊണ്ട് ആരുടെയും പേരുകൾ പറയുന്നില്ല എന്നുമാത്രം.

പത്രങ്ങളുടെ കാര്യമെടുത്താലോ?.
ന്യൂസ് ആണെങ്കിൽ തലക്കെട്ടിൽ അത് ആര് പറഞ്ഞു എന്ന് വ്യക്തമാക്കണം. ‘എഫ് 16 വിമാനങ്ങൾ വെടിവെച്ചിട്ടു’, ‘മൂന്ന് പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടു’, ‘രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയിൽ പിടിയിൽ’ തുടങ്ങിയ തലക്കെട്ടുകൾ, ആരാണ് പറഞ്ഞത് എന്ന് വ്യക്തമാക്കാതെ, തീർത്തും ആധികാരികം എന്ന മട്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇത്ര ആധികാരികതയോടെ തലക്കെട്ട് നൽകുമ്പോൾ അർഥമാക്കുന്നത്, ഈ പത്രം എല്ലാം സ്ഥീരീകരിച്ചിട്ടാണ് ഇങ്ങനെ പറയുന്നത് എന്നാണ്. ഈ പത്രങ്ങൾക്ക് അതിനുള്ള സ്രോതസ്സും ആക്‌സസും ഉണ്ടെങ്കിൽ വളരെ നല്ല കാര്യം തന്നെ. എന്നാൽ, ഈ വാർത്തകൾ റിപ്പോർട്ട് ചെയ്ത പത്രങ്ങൾ പിന്നീട് ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എഫ് 16 വിമാനങ്ങൾ വെടിവെച്ചിട്ടതും രണ്ട് പാക് പൈലറ്റുമാർ പിടിയിലായതും പിന്നേറ്റുതന്നെ ഫോളോഅപ്പ് വേണ്ട അതീവ പ്രാധാന്യമുള്ള വാർത്തകളാണ്. അത്തരം ഫോളോഅപ്പുകൾ കണ്ടില്ല.

‘എഫ് 16 വിമാനങ്ങൾ വെടിവെച്ചിട്ടു’, ‘മൂന്ന് പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടു’, ‘രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയിൽ പിടിയിൽ’ തുടങ്ങിയ തലക്കെട്ടുകൾ, ആരാണ് പറഞ്ഞത് എന്ന് വ്യക്തമാക്കാതെ, തീർത്തും ആധികാരികം എന്ന മട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
‘എഫ് 16 വിമാനങ്ങൾ വെടിവെച്ചിട്ടു’, ‘മൂന്ന് പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടു’, ‘രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയിൽ പിടിയിൽ’ തുടങ്ങിയ തലക്കെട്ടുകൾ, ആരാണ് പറഞ്ഞത് എന്ന് വ്യക്തമാക്കാതെ, തീർത്തും ആധികാരികം എന്ന മട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

മെയ് 10-ന് മാതൃഭൂമിയുടെയും മനോരമയുടെയും തലക്കെട്ടുകൾ ഏതാണ്ട് ഒരുപോലെയായിരുന്നു. ‘യാത്രാവിമാനത്തെ മറയാക്കി പാക്കിസ്ഥാന്റെ നീചതന്ത്രം’ എന്നായിരുന്നു മാതൃഭൂമി തലക്കെട്ട്. ‘പാക്കിസ്ഥാന്റെ മനുഷ്യത്വ രഹിത തന്ത്രം യാത്രാ വിമാനങ്ങളെ കവചമാക്കി’ എന്നായിരുന്നു മനോരമ തലക്കെട്ട്. പാക്കിസ്ഥാൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് മനുഷ്യത്വരഹിതമായ കാര്യം തന്നെയാണ്. അതിൽ യാതൊരു സംശയവുമില്ല. അങ്ങനെ വരുമ്പോൾ മാതൃഭൂമിയുടെയും മനോരമയുടെയും തലക്കെട്ടിൽ കുറ്റം കാണാൻ കഴിയില്ല. എന്നാൽ ആരാണത് പറഞ്ഞത്, എവിടെ നിന്നാണ് ഈ വിവരം കിട്ടിയത് എന്ന് ഹെഡ് ലൈനിൽ തന്നെ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം പത്രങ്ങൾക്കുണ്ട്. വാർത്തയിൽ അത് ഉൾപ്പെടുത്തിയിട്ടുണ്ടാകാം, അത് പോരാ, തലക്കെട്ടിൽ തന്നെ കൊടുക്കേണ്ടതുണ്ട്. രണ്ട് പത്രങ്ങൾ ഒരേ കാര്യം ഒരേ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നു, രണ്ടുപേരും ആ വാർത്ത എവിടെനിന്നാണ് എന്ന കാര്യം വ്യക്തമാക്കുന്നില്ല എ ന്നത് നമ്മുടെ ന്യൂസ് റൂമുകളിൽ എന്തോ പ്രശ്‌നമുണ്ട് എന്നതിന്റെ സൂചനയാണ്. റിസ്കുണ്ടെങ്കിൽ ആട്രിബ്യൂഷൻ വേണം, ഇല്ലെങ്കിൽ വേണ്ട എന്ന നില സ്വീകരിക്കുന്നത് ശരിയല്ല.

ഞാൻ, ഈ സംഘർഷവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അറിഞ്ഞത് സമൂഹമാധ്യമങ്ങളിൽ നിന്നാണ്. അവിടെ നിന്നു ലഭിച്ച വിവരങ്ങളിൽ ഞാൻ സംതൃപ്തനുമാണ്.

തലക്കെട്ടിന്റെ കൂടെ ചോദ്യ ചിഹ്നം പലപ്പോഴും കാണാറുണ്ട്. ചോദ്യ ചിഹ്നം നൽകിയാൽ എല്ലാം കഴിഞ്ഞുവെന്നാണ് മാധ്യമങ്ങൾ വിചാരിക്കുന്നത്. അതും ശരിയല്ല. തലക്കെട്ടിലെ ചോദ്യ ചിഹ്നം കഴിയുന്നത്ര ഒഴിവാക്കണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഉത്തരങ്ങൾ നൽകുക എന്നതാണല്ലോ മാധ്യമങ്ങളുടെ ജോലി. ചോദ്യ ചിഹ്നത്തിന്റെ അർഥമെന്താണ്? തങ്ങൾക്കു പോലും തീർച്ചയില്ലാത്ത കാര്യമാണ് അത് എന്നല്ലേ? അങ്ങനെയാണെങ്കിൽ, ‘ഞങ്ങൾക്ക് തീർച്ചയില്ല’ എന്ന കാര്യം അവർ വ്യക്തമായി പറയണം.
ഇതെല്ലാം ചെയ്യാൻ ഇപ്പോൾ മാധ്യമങ്ങളുടെ കൈവശം, ഗ്രാഫിക്സ് പോ​ലുള്ള ഒരുപാട് ജേണലിസം ടൂൾസ് ഉണ്ട്. അതിനുള്ള മനസ്സാണ് ആദ്യം വേണ്ടത്. ആട്രിബ്യൂഷൻ വെക്കാത്ത ഒരു സ്‌റ്റോറിയും ഞാൻ വായിക്കാറില്ല, സമാധാനപരമായ സാഹചര്യങ്ങളിൽ ഒഴികെ. സംഘർഷ സാഹചര്യങ്ങളിൽ ഉറപ്പായും നമ്മൾ ആശങ്കാകുലരായിരിക്കും, നമ്മുടെ മനസിനെ വെച്ചായിരിക്കും കളിക്കുന്നത്. അത്തരം വാർത്തകൾ നമ്മുടെ ഉൽക്കണ്ഠ വളർത്താൻ മാത്രമെ സഹായിക്കൂ.

മാധ്യമങ്ങൾ ഓഡിറ്റ് ചെയ്യപ്പെടുന്നത് എന്തുകൊണ്ടും നല്ലതാണ്. മാധ്യമങ്ങൾ അവരുടെ കാണികളെയും വായനക്കാരെയും ബഹുമാനിക്കുന്നുണ്ടെങ്കിൽ ഇത്തരം ഓഡി​റ്റിങ് നല്ലതാണ്. വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, തങ്ങളുടെ റിപ്പോർട്ടിങ് എങ്ങനെയായിരുന്നു എന്ന സ്വയം വിമർശനം വളരെ നല്ലതാണ്. തങ്ങൾ നൽകിയ തലക്കെട്ടുകളിലെ വിവരങ്ങൾ ശരിയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തി അതിന് വിശദീകരണം നൽകേണ്ടതുണ്ട്. ഒരു Heat of the Moment-ൽ തെറ്റ് സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ ക്രിക്കറ്റ് കളിയുടെ റിപ്പോർട്ടിങ്ങിലോ ബജറ്റ് അവതരണത്തിലോ സംഭവിക്കുന്ന പിഴവുപോലെയല്ല ഇത്. ഇതൊരു ജീവൻ മരണ പോരാട്ടമാണ്, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ Heat of the Moment എന്ന നീതീകരണത്തിന് ഇവിടെ സാധുതയില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സമാധാനപരമായും ശാന്തമായും റിപ്പോർട്ട് ചെയ്യാൻ കഴിവുള്ളവരെയാണ് നമ്മൾ എഡിറ്റർമാർ എന്നുപറയുന്നത്. അല്ലാതെ ആവേശകരമായി കാണികളെ പിടിച്ചിരുത്തുന്ന റിപ്പോർട്ടിങ് അല്ല വേണ്ടത്. അത്തരത്തിൽ നിയന്ത്രിതവും വിവേകപൂർണവുമായ റിപ്പോർട്ടിങ് രീതി പിന്തുടരാൻ ഇന്ത്യൻ മാധ്യമങ്ങൾക്ക് കഴിഞ്ഞോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്, ലെഗസി മീഡിയ അടക്കം.

രവീഷ്‌കുമാറിന്റെ വീഡിയോകൾ ശ്രദ്ധിക്കൂ. മറ്റ് ജേണലിസ്റ്റുകളോ യുട്യൂബർമാരോ ചെയ്യുന്നതു പോലെ വെറും വാചകമടിയല്ല ആ വീഡിയോകളിലുള്ളത്. ലഭ്യമായ വിവരങ്ങൾ വെച്ച്, വളരെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്.
രവീഷ്‌കുമാറിന്റെ വീഡിയോകൾ ശ്രദ്ധിക്കൂ. മറ്റ് ജേണലിസ്റ്റുകളോ യുട്യൂബർമാരോ ചെയ്യുന്നതു പോലെ വെറും വാചകമടിയല്ല ആ വീഡിയോകളിലുള്ളത്. ലഭ്യമായ വിവരങ്ങൾ വെച്ച്, വളരെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്.

ചോദ്യങ്ങൾ ചോദിച്ച
സോഷ്യൽ മീഡിയ

സമൂഹ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാം. സമൂഹമാധ്യമകാലത്തെ ആദ്യ സംഘർഷ സാഹചര്യമാണിതെന്നു പറയാം. 2019-ലെ ബാലാക്കോട്ട് ആക്രമണ സമയത്ത് സമൂഹമാധ്യമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, സംഭവത്തിനുശേഷമാണ് നമ്മൾ കാര്യങ്ങൾ അറിയുന്നത്. അത് അങ്ങനെ തന്നെയായിരിക്കണമെന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ മാധ്യമ ഡെഡ്‌ലൈൻ അനുസരിച്ചല്ലല്ലോ tactical moves നടത്തേണ്ടത്.

എന്നാൽ കഴിഞ്ഞ ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അങ്ങനെയായിരുന്നില്ല. ഒരുപാടുപേർ സമൂഹമാധ്യമങ്ങളെ വിമർശിക്കുന്നത് കണ്ടിരുന്നു. പൊതുവെ അച്ചടി മാധ്യമങ്ങളും ടെലിവിഷൻ ചാലനുകളും ഇത്തരം സന്ദർഭങ്ങളിൽ പൂർണമായും ഔദ്യോഗിക ബ്രീഫിംഗിനെയാണ് ആശ്രയിക്കുക. അതേസമയം, അത്തരം വിവരങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങേണ്ടതില്ല. ‘ഇങ്ങനെയുള്ള വിവരങ്ങളാണ് സർക്കാർ പുറത്തുവിടുന്നത്, എന്നാൽ ദേശീയ സുരക്ഷയെ മാനിച്ച് ചില കാര്യങ്ങൾ സർക്കാർ പറഞ്ഞിട്ടില്ല’ എന്നു കൂടി മാധ്യമങ്ങൾ പറയണം. എന്താണ് നമുക്ക് അറിയാവുന്നത്, അറിയേണ്ടത്, പക്ഷേ, അറിയാൻ നിർവാഹമില്ലാത്തത് എന്ന് ആവർത്തിക്കുക എന്നത് അനിവാര്യമാണ്. എന്താണ് നമ്മൾ അറിയേണ്ടത് എന്ന് പറയേണ്ട ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പല മാധ്യമങ്ങളും പരാജയപ്പെട്ടു. സർക്കാർ പറഞ്ഞത് പൂർണമായും സ്വീകരിച്ച് മറ്റൊരു വോയ്സിനും ഇട നൽകാതിരിക്കുക അത്ര ആരോഗ്യകരമായ നടപടിയല്ല. പ്രത്യേകിച്ച്, ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ. യുദ്ധമായിരുന്നു എങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരും, അപ്പോൾ സർക്കാർ വൃത്തങ്ങളിൽ നിന്നുളള വിവരങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യാൻ സാധിക്കൂ. അങ്ങനെയൊരു സാഹചര്യമായിരുന്നില്ല കഴിഞ്ഞ ദിവസങ്ങളിൽ നിലനിന്നിരുന്നത്. എന്നിട്ടും പത്രങ്ങൾ, അവയ്ക്കുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയില്ല. ടെലിവിഷൻ മാധ്യമങ്ങളും ഇക്കാര്യത്തിൽ പരാജയപ്പെട്ടു.

സോഷ്യൽ മീഡിയ നിശിതമായി വിമർശിക്കപ്പെട്ടു എങ്കിലും എനിക്ക് കിട്ടിയ കൃത്യമായ ഇൻഫർമേഷൻ സോഷ്യൽ മീഡിയയിൽനിന്നുതന്നെയായിരുന്നു. ഉദാഹരണത്തിന്, രവീഷ്‌കുമാറിന്റെ വീഡിയോകൾ ശ്രദ്ധിക്കൂ. മറ്റ് ജേണലിസ്റ്റുകളോ യുട്യൂബർമാരോ ചെയ്യുന്നതു പോലെ വെറും വാചകമടിയല്ല ആ വീഡിയോകളിലുള്ളത്. ലഭ്യമായ വിവരങ്ങൾ വെച്ച്, വളരെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. വലിയ രീതിയിലുള്ള ആക്രമണമുണ്ടായതിന്റെ പിറ്റേന്ന് അദ്ദേഹം ചെയ്‌ത വീഡിയോ, കേന്ദ്ര സർക്കാറും സൈനികവൃത്തങ്ങളും നൽകിയ വിവരങ്ങളെ ആധാരമാക്കിയാണ് ചെയ്തത്. അതിൽ അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്, പക്ഷെ അത് സർക്കാറിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലായിരുന്നില്ല. സർക്കാർ ബ്രീഫിംഗിന്റെ സ്വഭാവം വച്ച്, ഏറ്റുമുട്ടൽ കടുത്ത് വരികയാണെന്നും പാക്കിസ്ഥാനിലെ പല നഗരങ്ങളും ആക്രമിക്കപ്പെട്ടു എന്ന വാർത്ത പരന്നപ്പോൾ, ഇന്ത്യയിലെ പല വടക്കു പടിഞ്ഞാറൻ നഗരങ്ങളെയും പാക്കിസ്ഥാൻ ആക്രമിക്കാൻ മുതിരും എന്നും അത് സാഹചര്യം ഗുരുതരമാക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇതായിരിക്കാം അമേരിക്കയെയും മറ്റ് വിദേശരാജ്യങ്ങ​ളെയും ഇടപെടാൻ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം പറയുന്നു. ഇതോടൊപ്പം, വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ മെയ് എട്ടിലെ ട്വീറ്റിനെ അടിസ്ഥാനമാക്കി രവീഷ്‌കുമാർ ചില ചോദ്യങ്ങളും ചോദിക്കുന്നുണ്ട്: എന്താണ് ട്വീറ്റിന്റെ അർഥം, അമേരിക്ക പൂർണമായും ഇന്ത്യയുടെ കൂടെ ഇല്ല എന്നാണോ? വളരെ സൂക്ഷ്മമായ നിരീക്ഷണമായിരുന്നു അത്. പിന്നീട് നമുക്ക് മനസിലാക്കാൻ കഴിഞ്ഞതും അതുതന്നെയാണ്.

ലഭ്യമായ വിവരം വെച്ച്, അവയെ ഒട്ടും സെൻസേഷണലൈസ് ചെയ്യാതെ, സൂക്ഷ്മമായി വിശകലനം ചെയ്ത് രൂക്ഷമായി തന്നെ ചോദ്യങ്ങളുന്നയിക്കുകയായിരുന്നു അദ്ദേഹം. അല്ലാതെ, ‘വിഷ്ണുവിന്റെ സുദർശന ചക്രം’ എന്നൊക്കെയുള്ള ഹരം പിടിപ്പിക്കുന്ന വാക്കുകൾ പറയുകയല്ല ചെയ്തത്. ഒരു ക്ലിനിക്കൽ മൈന്റ് അല്ലെങ്കിൽ വിശകലന മനസ്സ് അദ്ദേഹത്തിന്റെ അവതരണത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതു തന്നെയാണ് എഡിറ്റർക്ക്, മാധ്യപ്രവർത്തകർക്ക് ആവശ്യം. വളരെ സൂക്ഷ്മമായി കാര്യങ്ങൾ അപഗ്രഥിക്കുക. എല്ലാവർക്കും അതിന് കഴിയണമെന്നില്ല. നമുക്ക് അറിയില്ല എന്നത് മാധ്യമപ്രവർത്തനത്തിലെ വലിയൊരു തിരിച്ചറിവാണ്. അങ്ങനെ വരുമ്പോൾ ഒരുതരം ഹ്യുമിലിറ്റിയോടെയായിരിക്കും ദിവസവും ന്യൂസ് റൂമിൽ നമ്മൾ കാലുകുത്തുന്നത്.

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ മെയ് എട്ടിലെ ട്വീറ്റിനെ അടിസ്ഥാനമാക്കി രവീഷ്‌കുമാർ ചില ചോദ്യങ്ങളും ചോദിക്കുന്നുണ്ട്:
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ മെയ് എട്ടിലെ ട്വീറ്റിനെ അടിസ്ഥാനമാക്കി രവീഷ്‌കുമാർ ചില ചോദ്യങ്ങളും ചോദിക്കുന്നുണ്ട്:

രവീഷ്കുമാറിന്റെ മേൽ സൂചിപ്പിച്ച വീഡിയോ 51 ലക്ഷം ആളുകളാണ് കണ്ടത്. ആ നിലയ്ക്ക് അദ്ദേഹം ‘വൺ മാൻ ആർമി’യാണ് എന്നുതന്നെ പറയേണ്ടി വരും. “ഛൂട്ടാ വാർ ഓഫ് ടെലിവിഷൻ ചാനൽസ്” എന്നൊരു പരിപാടി അദ്ദേഹം ചെയ്തിരുന്നു. അത് 24 മണിക്കൂറു കൊണ്ട് 61 ലക്ഷം ആളുകളാണ് കണ്ടത്. എന്തുകൊണ്ടാണ് ജനങ്ങളിത് കാണുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ അവരുടെ ഹൃദയത്തിൽ എവിടെയോ സ്പർശിച്ചിരിക്കാം.

40 വർഷമായി ഡിഫൻസ് മാറ്ററുകൾ കൈകകാര്യം ചെയ്യുന്ന പ്രവീൺ സ്വാഹ്നി എഡിറ്ററായ FORCE എന്ന ഡിഫൻസ് വെബ്സൈറ്റുണ്ട്. ‘ഓപറേഷൻ സിന്ദൂറി’നെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അദ്ദേഹം പറയുന്നുണ്ട്, താൻ പറയുന്ന കാര്യങ്ങളെല്ലാം ആപ്തവാക്യങ്ങളായി സ്വീകരിക്കേണ്ടതില്ല എന്ന്. പാശ്ചാത്യ മാധ്യമങ്ങളിൽ നിന്നും മറ്റും ലഭ്യമായ വിവരങ്ങളിൽ നിന്ന് താനെത്തി ചേർന്ന വിശകലനമാണ് എന്നു പറഞ്ഞ് വളരെ ശാന്തമായാണ് അദ്ദേഹത്തിന്റെ അവതരണം. ഭ്രാന്തമായി അലറിവിളിക്കുകയോ ആരെയും പപ്പടമാക്കുകയോ ചെയ്യുന്നില്ല. വ്യക്തമായ കാരണങ്ങൾ നിരത്തിയാണ് അദ്ദേഹത്തിന്റെ വിശകലനം. 2019-ൽ കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചത്, ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള പ്രതിരോധബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനാണ് വഴിതെളിച്ചത് എന്ന് അദ്ദേഹം പറയുന്നു. അതുവഴി പോർമുഖത്ത് വന്ന മാറ്റങ്ങളെ വളരെ ഗഹനമായി അദ്ദേഹം വിലയിരുത്തുന്നു. ചൈനയുടെ ഗ്രൗണ്ട്- എയർ സാറ്റ്‌ലൈറ്റുകൾ എങ്ങനെയാണ് പാക്കിസ്ഥാനെ സഹായിക്കുന്നതെന്നും അവ എങ്ങനെയാണ് കമ്യൂണിക്കേറ്റ് ചെയ്യുന്നത് എന്നും അദ്ദേഹം കൃത്യമായി വിവരിക്കുന്നുണ്ട്. ഇതിന് ആധാരമായി അദ്ദേഹം പറയുന്ന ഒരു ഉദാഹരണമുണ്ട്. രണ്ട് ഇന്ത്യൻ ​പൈലറ്റുമാരുടെ സംഭാഷണം എന്നവകാശപ്പെട്ട് പാക്കിസ്ഥാൻ പുറത്തുവിട്ട സംഭാഷണം. അത് ആധികാരികമാണെങ്കിൽ, അതിനർഥം നമ്മുടെ കമ്യൂണിക്കേഷൻ സംവിധാനം അവർക്ക് തകർക്കാൻ കഴിഞ്ഞു എന്നാണ്. അത് ചെനീസ് സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് എന്നതും വ്യക്തമാണ്.

ഫ്രണ്ട്‌ലൈൻ മാസികയുടെ എഡിറ്റർ വൈഷ്ണ റോയ്, വളരെ ഉത്തരവാദിത്വത്തോടുകൂടി, സൈനിക ഓപ്പറേഷൻ നടക്കുന്നതിനുമുമ്പ് വളരെ ദീർഘവീക്ഷണത്തോടെ എഡിറ്റോറിയൽ എഴുതി. നമ്മുടെ ചോദ്യങ്ങൾ മാഞ്ഞുപോവുന്നില്ല എന്ന് സർക്കാറിനെയും ജനങ്ങളെയും ഓർമിപ്പിക്കുന്ന ഒന്ന്. പഹൽഗാം ആക്രമണം മുതൽ കഴിഞ്ഞ ദിവസം വരെ ഞാൻ കണ്ട ഏറ്റവും ഉത്തരവാദിത്വപരവും പ്രസക്തവുമായ എഡിറ്റോറിയിലായിരുന്നു അത്. മാത്രമല്ല അവരുടെ കവർ പേജും വളരെ സ്‌ട്രൈക്കിങ്ങായിരുന്നു, വാക്കുകൾക്കതീതം.

ഇത്തരം കാര്യങ്ങൾ ആഴത്തിൽ വ്യാഖ്യാനിക്കാനുള്ള കഴിവ് ടെലിവിഷൻ ചാനലുകൾ കാണിക്കേണ്ടതായിരുന്നു. യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുമ്പോൾ ലഭ്യമായ വിവരങ്ങളിലൂടെ വ്യക്തതയോടെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ. അങ്ങനെ ചെയ്യുമ്പോഴും അതിന്റെ മറുപുറംകൂടി നോക്കേണ്ടതുണ്ട്. യുദ്ധസമാനമായ സാഹചര്യത്തിൽ ഔദ്യോഗിക കാര്യങ്ങൾ മാത്രം റിപ്പോർട്ട് ചെയ്താൽ മതി എന്നത് നയപരമായ തീരുമാനമാണെങ്കിൽ അതിനെ കുറ്റം പറയാനാകില്ല. അതിനൊപ്പം, മറുപുറം കൂടി വിശദമാക്കേണ്ടതുണ്ട് എന്നു മാത്രം.

40 വർഷമായി ഡിഫൻസ് മാറ്ററുകൾ കൈകകാര്യം ചെയ്യുന്ന പ്രവീൺ സ്വാഹ്നി എഡിറ്ററായ FORCE എന്ന ഡിഫൻസ് വെബ്സൈറ്റുണ്ട്. ‘ഓപറേഷൻ സിന്ദൂറി’നെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അദ്ദേഹം പറയുന്നുണ്ട്, താൻ പറയുന്ന കാര്യങ്ങളെല്ലാം ആപ്തവാക്യങ്ങളായി സ്വീകരിക്കേണ്ടതില്ല എന്ന്.
40 വർഷമായി ഡിഫൻസ് മാറ്ററുകൾ കൈകകാര്യം ചെയ്യുന്ന പ്രവീൺ സ്വാഹ്നി എഡിറ്ററായ FORCE എന്ന ഡിഫൻസ് വെബ്സൈറ്റുണ്ട്. ‘ഓപറേഷൻ സിന്ദൂറി’നെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അദ്ദേഹം പറയുന്നുണ്ട്, താൻ പറയുന്ന കാര്യങ്ങളെല്ലാം ആപ്തവാക്യങ്ങളായി സ്വീകരിക്കേണ്ടതില്ല എന്ന്.

കേരളത്തിലെ യൂട്യൂബേഴ്‌സ് സംസാരിക്കുന്നത് കേട്ടാൽ സംഭവങ്ങൾ യുദ്ധഭൂമിയിൽ നിന്ന് നേരിട്ട് കണ്ടതുപോലെയാണ്. ‘ചൈനയെ പപ്പടമാക്കും’ എന്ന തലക്കെട്ടിൽ ഒരു കാർഡ് കണ്ടിരുന്നു. 1979-നുശേഷം ചൈന ഒരു യുദ്ധവും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ചൈനയുടെ ശരിക്കുള്ള ശക്തി എന്താണെന്ന് നമുക്ക് അറിയില്ല. ഇതുവരെ നടന്ന വാർ ഗെയിമുകളിൽ ഒന്നിലും അമേരിക്കക്കുപോലും ചൈനയെ സമ്പൂർണമായി പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ള ചൈനയെ പപ്പടമാക്കുമെന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ചിലപ്പോൾ പപ്പടമാക്കാനാകുമായിരിക്കും, അങ്ങനെ ആശംസിക്കാമെന്നുമാത്രം. ഇങ്ങനെയുള്ള കാർഡുകൾ കാണുമ്പോൾ തന്നെ ആ സൈറ്റുകളിലേക്ക് പോകാൻ തോന്നില്ല. നേരെ മറിച്ച്, ചൈനയെ പപ്പടമാക്കുമെന്ന് പുതിയൊരു പഠനം പറയുന്നു എന്നാണ് കാർഡിൽ കൊടുക്കുന്നത് എങ്കിൽ നമുക്ക് വാർത്ത വായിക്കാൻ തോന്നും. അങ്ങനെയല്ലാത്ത സ്ഥിതിക്ക് അത് വായിക്കേണ്ട ആവശ്യമില്ലല്ലോ? പ്രേക്ഷകരെ ബഹുമാനിക്കുന്നില്ല എന്നൊരു പ്രശ്‌നം അവിടെയൊക്കെ നിലനിൽക്കുന്നുണ്ട്.

കേരളത്തിലെ യൂട്യൂബേഴ്‌സ് സംസാരിക്കുന്നത് കേട്ടാൽ സംഭവങ്ങൾ യുദ്ധഭൂമിയിൽ നിന്ന് നേരിട്ട് കണ്ടതുപോലെയാണ്. ‘ചൈനയെ പപ്പടമാക്കും’ എന്ന തലക്കെട്ടിൽ ഒരു കാർഡ് കണ്ടിരുന്നു.

ഞാൻ, ഈ സംഘർഷവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അറിഞ്ഞത് സമൂഹമാധ്യമങ്ങളിൽ നിന്നാണ്. അവിടെ നിന്നു ലഭിച്ച വിവരങ്ങളിൽ ഞാൻ സംതൃപ്തനുമാണ്. ശരിയായ വിവരങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന മാധ്യമമായി സമൂഹമാധ്യമം മാറിയിട്ടുണ്ട്. രവീഷ് കുമാറിന്റെ വീഡിയോകൾ, ന്യൂസ് മിനിട്ട്, സ്ക്രോൾ, ന്യൂസ് ലോൺട്രി, ദ വയർ, ഫോഴ്സ് തുടങ്ങിയവയുടെയൊക്കെ റിപ്പോർട്ടിങ് ഉത്തരവാദിത്വപരമായിരുന്നു. ഇത്തരത്തിൽ നിരവധി ഓൺലൈൻ മാധ്യമങ്ങൾ കൃത്യമായ റിപ്പോർട്ടിങ് നടത്തിയിരുന്നു. ഇവയെ കണ്ടുപിടിക്കുക എന്ന ഉത്തരവാദിത്വം നമുക്കാണ്. സമൂഹമാധ്യമങ്ങളിൽ നിന്ന് എന്ത് സ്വീകരിക്കുന്നുവെന്ന കാര്യത്തിൽ പ്രേക്ഷകർക്കും ഉത്തരവാദിത്തമുണ്ട്. ആദ്യം കാണുന്ന, ത്രസിപ്പിക്കുന്ന സൈറ്റുകളിൽ കയറാതെ എവിടെ കയറി നോക്കണമെന്ന കാര്യത്തിൽ ആദ്യം വ്യക്തത വരുത്തേണ്ടതുണ്ട്. ആരൊക്കെ പറഞ്ഞതാണ് പിന്നീട് സത്യമായി വന്നത് എന്നൊരു ഓഡിറ്റിങ് പ്രേക്ഷകർ സ്വയം നടത്തുന്നത് നല്ലതായിരിക്കും. ആരാണ് കൂടുതൽ വിശ്വസനീയമായും ലോജിക്കലായും കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്ന് മനസിലാക്കി അവയെ ആശ്രയിക്കാനുള്ള ഉത്തരവാദിത്വം കാണികൾക്കും പ്രേക്ഷകർക്കുമുണ്ട്. പ്രത്യേകിച്ച് ഈ ഓൺലൈൻ മാധ്യമങ്ങളെല്ലാം പണം കൊടുക്കാതെ തന്നെ കിട്ടുന്നതാണ്. ദിവസവും 9 രൂപ കൊടുത്ത്, അബദ്ധങ്ങൾ പറയുന്ന പത്രങ്ങൾ വാങ്ങിക്കാൻ മടി കാണിക്കുന്നില്ല എങ്കിൽ സൗജന്യമായി ലഭിക്കുന്ന ഇത്തരം വിവരങ്ങൾ കുറച്ചുകൂടി നന്നായി തെരഞ്ഞടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

ഫ്രണ്ട്‌ലൈൻ മാസികയുടെ എഡിറ്റർ വൈഷ്ണ റോയ്, വളരെ ഉത്തരവാദിത്വത്തോടുകൂടി, സൈനിക ഓപ്പറേഷൻ നടക്കുന്നതിനുമുമ്പ് വളരെ ദീർഘവീക്ഷണത്തോടെ എഡിറ്റോറിയൽ എഴുതി.
ഫ്രണ്ട്‌ലൈൻ മാസികയുടെ എഡിറ്റർ വൈഷ്ണ റോയ്, വളരെ ഉത്തരവാദിത്വത്തോടുകൂടി, സൈനിക ഓപ്പറേഷൻ നടക്കുന്നതിനുമുമ്പ് വളരെ ദീർഘവീക്ഷണത്തോടെ എഡിറ്റോറിയൽ എഴുതി.

എന്റെ അനുഭവം വച്ചുകൊണ്ട്, സമൂഹമാധ്യമങ്ങൾ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന വാദത്തോട് പൂർണമായി യോജിക്കാൻ കഴിയില്ല. മാത്രമല്ല, ഉത്തരവാദിത്വത്തോടെയുള്ള ജേണലിസത്തിന് കാണികളില്ല എന്നു പറയുന്നതും തെറ്റാണ്. നാടകങ്ങളും സർക്കസും കാണിച്ചാൽ മാത്രമേ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയൂ എന്നു പറയുന്നത് പ്രേക്ഷകരെ അപമാനിക്കുന്ന, പുച്ഛിക്കുന്ന നിലപാടാണ്.

മീഡിയ ഒരു സിവിൽ സൊസൈറ്റി
എന്ന നിലയിൽ…

ലോകരാഷ്ട്രങ്ങളുടെയെല്ലാം ഹൈ ടേബിളിൽ ഇന്ത്യക്ക് സ്ഥാനമുണ്ട് എന്ന് ഇന്ത്യ വർഷങ്ങളായി പറയുന്ന കാര്യമാണ്. യു എൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യയെ സ്ഥിരാംഗമാക്കണമെന്ന് നമ്മൾ ആവശ്യപ്പെടുന്നു. ഉറപ്പായും അതിനുള്ള അവകാശം ഇന്ത്യക്കുണ്ട്. എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. വളരെ ഉത്തരവാദിത്വത്തോടെ പെരുമാറുന്ന ആർമി സംവിധാനമാണ് നമുക്കുള്ളത്. ജനാധിപത്യ സംവിധാനത്തിനുകീഴിൽ നിന്നുകൊണ്ടേ നമ്മുടെ സൈന്യം ഇതുവരെയും പ്രവർത്തിച്ചിട്ടുള്ളൂ. അതോടൊപ്പം നമ്മളൊരു ന്യൂക്ലിയർ പവറുമാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്ത്യയെന്ന റിപ്പബ്ലിക്കിന് ഹൈ ടേബിൾ പൊസിഷനുള്ള അവകാശം തീർച്ചയായുമുണ്ട്. എന്നാൽ, അതിന്റെ കൂടെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. രാജ്യത്തെ സിവിൽ സമൂഹത്തിന്റെ ക്വാളിറ്റി കൂടി വിലയിരുത്തണം.

ഒരു റിട്ട. മേജർ, ഇന്ത്യയിൽ ചർച്ചയ്ക്കുവന്ന ഇറാനിലെ വിദേശകാര്യ മന്ത്രിയെ വളരെ മോശമായി, ഒരു മനുഷ്യനോടും പെരുമാറാൻ പാടില്ലാത്ത രീതിയിൽ, അദ്ദേഹത്തിന്റെ പിതൃത്വത്തെ ലക്ഷ്യമാക്കി ഒരു വാക്ക് ഉപയോഗിച്ചു.
ഒരു റിട്ട. മേജർ, ഇന്ത്യയിൽ ചർച്ചയ്ക്കുവന്ന ഇറാനിലെ വിദേശകാര്യ മന്ത്രിയെ വളരെ മോശമായി, ഒരു മനുഷ്യനോടും പെരുമാറാൻ പാടില്ലാത്ത രീതിയിൽ, അദ്ദേഹത്തിന്റെ പിതൃത്വത്തെ ലക്ഷ്യമാക്കി ഒരു വാക്ക് ഉപയോഗിച്ചു.

ഒരു റിട്ട. മേജർ, ഇന്ത്യയിൽ ചർച്ചയ്ക്കുവന്ന ഇറാനിലെ വിദേശകാര്യ മന്ത്രിയെ വളരെ മോശമായി, ഒരു മനുഷ്യനോടും പെരുമാറാൻ പാടില്ലാത്ത രീതിയിൽ, അദ്ദേഹത്തിന്റെ പിതൃത്വത്തെ ലക്ഷ്യമാക്കി ഒരു വാക്ക് ഉപയോഗിച്ചു. ഇറാൻ എംബസി അക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. കമന്റേറ്റർ എന്ന രീതിയിൽ ടെലിവിഷൻ ചാനലിലൊക്കെ പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് ഈ മേജർ. എന്ത് അപഹാസ്യമായാണ് നമ്മുടെ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ കൈകകാര്യം ​ചെയ്യുന്നത് എന്നു നോക്കൂ. അങ്ങനെ പരിശോധിക്കുമ്പോൾ ജുവനൈലായിട്ടുള്ള മാധ്യമമുഖമാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടത്.

ഉത്തരവാദിത്വത്തോടെയുള്ള ജേണലിസത്തിന് കാണികളില്ല എന്നു പറയുന്നതും തെറ്റാണ്. നാടകങ്ങളും സർക്കസും കാണിച്ചാൽ മാത്രമേ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയൂ എന്നു പറയുന്നത് പ്രേക്ഷകരെ അപമാനിക്കുന്ന, പുച്ഛിക്കുന്ന നിലപാടാണ്.
ഉത്തരവാദിത്വത്തോടെയുള്ള ജേണലിസത്തിന് കാണികളില്ല എന്നു പറയുന്നതും തെറ്റാണ്. നാടകങ്ങളും സർക്കസും കാണിച്ചാൽ മാത്രമേ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയൂ എന്നു പറയുന്നത് പ്രേക്ഷകരെ അപമാനിക്കുന്ന, പുച്ഛിക്കുന്ന നിലപാടാണ്.

സിവിൽ സൊസൈറ്റിയുടെ ഭാഗം തന്നെയാണ് മീഡിയ. അതുകൊണ്ട് സിവിൽ സൊസൈറ്റിയുടെയും ജനപ്രിയ സംസ്‌കാരത്തിന്റെയും വിനോദ വ്യവസായത്തിന്റെയുമെല്ലാം ഗുണനിലവാരം വിലയിരുത്തപ്പെടണം. (ഇന്ത്യയിലെ മാധ്യമങ്ങൾ നാലാം തൂണാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല). ഇതെല്ലാം രാജ്യത്തിന്റെ പക്വതയെ നിർണയിക്കുന്ന കാര്യമാണ്. സംഘർഷം നിറഞ്ഞ നാലു ദിവസങ്ങളിൽ ഇന്ത്യൻ മാധ്യമങ്ങൾ പ്രകടമാക്കിയ രീതി ഇന്ത്യൻ റിപ്പബ്ലിക്കിനെ തന്നെ അപമാനിക്കുന്നതായിരുന്നില്ലേ? ഇത്തരമൊരു പ്രതിസന്ധി വന്നപ്പോൾ മാധ്യമങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത് എന്നത് തീർച്ചയായും വിലയിരുത്തപ്പെടും. ജനങ്ങൾ വളരെ ഉത്തരവാദിത്വത്തോടെയാണ് പെരുമാറിയതെന്ന് എനിക്ക് തോന്നുന്നു. പലയാളുകളും മിതമായ ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കുന്നത് ഞാൻ കേട്ടു. അങ്ങനെ തന്നെയാണ് വേണ്ടതും. സംശയങ്ങൾ ചോദിക്കുന്നതിൽ ജനങ്ങളെ ഞാൻ കുറ്റം പറയില്ല. പക്ഷെ മാധ്യമങ്ങൾ ചെയ്ത കോപ്രായങ്ങൾ, ഇന്ത്യയെ മറ്റ് രാജ്യങ്ങളുടെ മുന്നിൽ എന്തുമാത്രം അപഹാസ്യമാക്കി എന്നൊരു ചോദ്യം ബാക്കിയാകുന്നു.

Comments