ജോസി ജോസഫ്

ഒരു പുതിയ മെയിൻസ്​ട്രീം മീഡിയയുടെ
​ജനനം സംഭവിച്ചുകഴിഞ്ഞു

മുതലാളിമാർ പത്രങ്ങളെ ഒരു കപ്പ് ചായയുടെ വില പോലുമില്ലാതെ വിൽക്കാൻ തുടങ്ങുകയും അതിൽ പേരിനുവേണ്ടി- പരസ്യങ്ങൾക്കിടയിലെ ഗ്യാപ്പുകൾ നിറയ്ക്കാൻ -വാർത്തകളെ ചുരുക്കുകയും ചെയ്തപ്പോൾ വായനക്കാരുടെ റെസ്‌പെക്റ്റ് നമുക്ക് നഷ്ടപ്പെട്ടു എന്നതാണ് യാഥാർഥ്യം.

മനില സി. മോഹൻ: രമൺ കശ്യപ്, ബിജോയ് ബനിയ. രണ്ട് ഫോട്ടോ ജേണലിസ്റ്റുകൾ. രമൺ കശ്യപ്, ഉത്തർപ്രദേശിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫറാണ്. ബി.ജെ.പി. നേതാക്കളുടെ കർഷകക്കൊലയുടെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ ബി.ജെ.പി. ഗുണ്ടകളാൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ബിജോയ് ബനിയ, അസമിൽ പൊലീസുകാർ വെടിവെച്ചുകൊന്ന അസം പൗരന്റെ മൃതദേഹത്തിൽ ചവുട്ടിക്കൊണ്ട് അപമാനിച്ച സർക്കാർ ഫോട്ടോഗ്രാഫർ. ജേണലിസത്തിന്റെ രണ്ട് വിരുദ്ധതലങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് വ്യക്തികളും സംഭവങ്ങളും രാഷ്ട്രീയവും. ഈ വൈരുധ്യം ദേശീയതലത്തിലെ രാഷ്ട്രീയ സങ്കീർണതയെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ രാഷ്ട്രീയമാറ്റത്തെ മുൻനിർത്തി, ജേണലിസം നേരിടുന്ന സങ്കീർണതയുടെ യാഥാർഥ്യത്തെക്കുറിച്ച്‌ പറയാമോ?

ജോസി ജോസഫ്​: രമൺ കശ്യപും ബിജോയ് ബനിയയും നമ്മുടെ ജേണലിസത്തിന്റെ യാഥാർഥ്യങ്ങൾ മാത്രമല്ല, larger socio- political realityയുടെ കൂടി symbol ആയി മാറിയിരിക്കുകയാണ്. ഭരിക്കുന്ന കക്ഷിയുടെ ആശീർവാദമുണ്ടെങ്കിൽ നിങ്ങൾക്ക് ആരുടെ മുതുകത്തും കയറി ചവിട്ടാമെന്നും, നിങ്ങളുടെ വണ്ടിയിടിച്ച് ആരെയും കൊല്ലാമെന്നും, നിങ്ങൾക്ക് നാർക്കോട്ടിക് ക്രൈം ബ്യൂറോയുടെ കൂടെ പോയിട്ട് ഏത് സൂപ്പർ സ്റ്റാറിന്റെ മകനെയും പിടിച്ചു കൊണ്ടുവരാമെന്നുമുള്ള ലൈസൻസുകളുടെ symbol ആണ് ബിജോയ് ബനിയ. മറുവശത്ത്, നിങ്ങൾ ഭരണകക്ഷിയുടെ കൂടെ അല്ലാ എങ്കിൽ, നിങ്ങൾ സത്യം വിളിച്ചുപറയുകയും independent journalism നടത്തുകയും ചെയ്യുന്ന ആളാണെങ്കിൽ, നിങ്ങളെ വെടിവെച്ച് കൊല്ലാനും നമ്മുടെ സിദ്ദിഖ് കാപ്പനെപ്പോലെ ജയിലിലടയ്ക്കാനുമുള്ള ലൈസൻസ് ഇന്ന് ഭരണകക്ഷിക്കുണ്ടെന്നുള്ളതിന്റെ symbol ആണ് രമൺ കശ്യപ്. ആ ഭരണകക്ഷിയുടെ ക്രിമിനലൈസേഷൻ നടപ്പാക്കാൻ വേണ്ടി മാത്രമാണ് ഈ രാജ്യത്തെ പോലീസും മറ്റ് ഏജൻസികളുമെല്ലാം എന്ന് തെളിയിക്കുന്ന രണ്ട് സംഭവങ്ങളാണ് ഈ രണ്ടു പേരും. ഒരുപക്ഷേ നമ്മുടെ തലമുറ, എന്റെയൊക്കെ തലമുറ, അടിയന്തരാവസ്ഥയ്ക്കു ശേഷം പൊതുരംഗത്തേക്ക് വന്നിട്ടുള്ള ജേർണലിസ്റ്റുകളോ പൊളിറ്റിക്കൽ അനലിസ്റ്റുകളോ-അവരാരും കണ്ടിട്ടില്ലാത്ത തലത്തിലുള്ള criminalization of state നടന്നു കൊണ്ടിരിക്കുന്നു, നരേന്ദ്ര മോഡിയുടെ കീഴിൽ. ഇവിടെ നമ്മൾ ഇനിയും നിശബ്ദരായിരിക്കുന്നതിൽ കാര്യമില്ല. ഉറക്കെ ഒച്ച വെക്കുക തന്നെയാണ് വേണ്ടത്.

നിലനിൽക്കുന്ന legacy മീഡിയകൾ കാണിച്ച തട്ടിപ്പുകളും വേണ്ടാതീനങ്ങളും കണ്ട് പേടിച്ചുനിൽക്കുകയാണ് വായനക്കാർ. അതുകൊണ്ട് അവർക്ക് പുതുതായി വരുന്നവരിൽ വിശ്വാസം കുറവാണ്.

ജേണലിസത്തിന്റെ ബിസിനസ്​ മോഡൽ പരസ്യ വരുമാനത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന മോഡൽ എന്ന നിലയിലേക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ മാറിയതിനെക്കുറിച്ച് താങ്കൾ കഴിഞ്ഞ തവണ നമ്മൾ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. സബ്സ്‌ക്രിപ്ഷൻ മോഡൽ, ഒരു സർവൈവൽ മോഡിലേക്ക് മാധ്യമങ്ങളെ എത്തിച്ചിട്ടില്ല ഇതുവരെ. ഇത് രണ്ടും ഒരു യാഥാർത്ഥ്യമായി നിൽക്കെ കമ്മിറ്റഡ് ജേണലിസം, ആഗ്രഹിച്ചാലും ചെയ്യാനുള്ള ലക്ഷ്വറി ഇന്ത്യയിലെ, കേരളത്തിലെ മാധ്യമങ്ങൾക്ക് അടുത്ത കാലത്തെപ്പോഴെങ്കിലും കൈവരുമെന്ന് കരുതുന്നുണ്ടോ? പ്രതീക്ഷയുണ്ടോ?

പൊലീസുകാർ വെടിവെച്ചുകൊന്ന അസം പൗരന്റെ മൃതദേഹത്തിൽ ചവിട്ടുന്ന സർക്കാർ ഫോട്ടോഗ്രാഫറായ ബിജോയ് ബനിയ / Photo: Photo: @ahmermkhan via Twitter

എനിക്ക് തോന്നുന്നത്, നമ്മുടെ പത്രപ്രവർത്തനം- as a trade, ജേർണലിസം എന്ന ബിസിനസ്സ്, ഒരു irretrievable ആയിട്ടുള്ള crisis ൽ ആയിക്കഴിഞ്ഞു. ഞാൻ പറയുന്നത് സർക്കാരുകൾ propaganda ചെയ്യുന്ന മെഷിനറികളെക്കുറിച്ചല്ല, ജേണലിസം ചെയ്യുന്നവരെക്കുറിച്ചാണ്. അതിനു പിറകിലെ ഉത്തരവാദികൾ ഈ പത്രമുടമസ്ഥരും നമ്മളെപ്പോലുള്ള ജേണലിസ്റ്റുകളും ഒക്കെത്തന്നെയാണ്. കാരണം മുതലാളിമാർ പത്രങ്ങളെ ഒരു കപ്പ് ചായയുടെ വില പോലുമില്ലാതെ വിൽക്കാൻ തുടങ്ങുകയും അതിൽ പേരിനുവേണ്ടി-പരസ്യങ്ങൾക്കിടയിലെ ഗ്യാപ്പുക്ൾ നിറയ്ക്കാൻ വേണ്ടി-വാർത്തകളെ ചുരുക്കുകയും ചെയ്തപ്പോൾ നമ്മുടെ വായനക്കാരുടെ റെസ്‌പെക്റ്റ് നമുക്ക് നഷ്ടപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. അതു കൊണ്ടു തന്നെ അടുത്ത കാലത്തെങ്ങും വായനക്കാർ subscription ആയി ഒരു പരിധിവിട്ട് നമുക്ക് പൈസ തരും എന്ന് എനിക്ക് തോന്നുന്നില്ല.

രണ്ട്, പരസ്യം തരുന്നത്-ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാക്കൾ ഗവൺമെൻറ്​ ഓഫ് ഇന്ത്യയും അതിന്റെ കമ്പനികളുമാണ്. അതു കഴിഞ്ഞാൽ പിന്നെ അംബാനിയും അദാനിയുമൊക്കെ. അതുകൊണ്ട് എല്ലാക്കാലത്തും, അധികാരത്തിലിരിക്കുന്നവരുടെയും immoral ആയ കോർപ്പറേറ്റുകളുടെയുമൊക്കെ പിണിയാളുകളായി നിൽക്കാൻ മാത്രമേ mainstream mediaയ്ക്ക് കഴിയൂ.
പക്ഷേ ഈ crisisലും വളരെ encouraging ആയൊരു sign ഉണ്ട്. ഒരുപാടുപേർ, നിങ്ങളെപ്പോലുള്ളവർ (Truecopy) അല്ലെങ്കിൽ ഇംഗ്ലീഷിലും പല ഭാഷകളിലും, പത്രപ്രവർത്തനത്തിലും അതിന്റെ ധാർമികതയിലും വിശ്വസിക്കുന്ന ഒരുപാടു പേർ പുതിയ experimentകൾക്ക് ശ്രമിക്കുന്നുണ്ട്. അതിൽ News laundry, Caravan, The News Minute പോലുള്ളവ, വലിയ ലാഭത്തിലല്ലെങ്കിലും അത്യാവശ്യം പിടിച്ചു നിൽക്കുന്നുണ്ട്, വളരുന്നുണ്ട് എന്നാണ് എന്റെ അറിവ്. അപ്പോൾ ഒരു പുതിയ പത്രപ്രവർത്തനം, ഒരു പുതിയ മെയിൻസ്​ട്രീമിന്റെ വളർച്ച, ഇതിൽ ചെറിയ രീതിയിലെങ്കിലും കാണുന്നുണ്ട്. കാരണം, കോവിഡോടു കൂടി പത്രങ്ങളുടെയും ചാനലുകളുടെയുമൊക്കെ മരണം-അതിന്റെ certain deathന് വേഗം കൂടിയിട്ടുണ്ട്. ഒരുപക്ഷേ നല്ല കാലമായിരിക്കും വരാൻ പോകുന്നത്. പക്ഷേ ഇന്ന് നമ്മൾ വലിയൊരു കെണിയിലാണ്. subscription ഒരു പരിധിക്കപ്പുറത്തേക്ക് വരാത്തതിനു കാരണം, കഴിഞ്ഞുപോയ, നിലനിൽക്കുന്ന legacy മീഡിയകൾ കാണിച്ച തട്ടിപ്പുകളും വേണ്ടാതീനങ്ങളും കണ്ട് പേടിച്ചുനിൽക്കുകയാണ് വായനക്കാർ. അതുകൊണ്ട് അവർക്ക് പുതുതായി വരുന്നവരിൽ വിശ്വാസം കുറവാണ്. പക്ഷേ ആ വിശ്വാസം പുതുതായി വരുന്ന പല മീഡിയാ ഹൗസുകളും പിടിച്ചെടുക്കുകയും നമ്മളും അവരും പുതിയൊരു മോഡിലേക്ക് മാറുകയും ചെയ്യും എന്നു തന്നെയാണ് എന്റെ വിശ്വാസം. കാരണം, രാഷ്ട്രീയവൽക്കരിക്കപ്പെടാത്ത, ബുദ്ധിപൂർവം എഴുതിയ വാർത്തകളും വിശകലനങ്ങളും അന്വേഷണങ്ങളും എന്നും മനുഷ്യന് ആവശ്യമുള്ളത് തന്നെയാണ്.

രമൺ കശ്യപ്

എഫ്.ബി, ഇൻസ്റ്റഗ്രാം എല്ലാം, അധികാരത്തിലിരിക്കുന്ന ഗവൺമെന്റിന്റെ, ബി.ജെ.പിയുടെ പ്രോപ്പഗാൻഡ ടൂളുകൾ എന്നതിനപ്പുറത്ത് ഒന്നുമല്ല. അതുകൊണ്ടു തന്നെയാണ് ഇസ്ലാമോഫോബിക് ആയ കണ്ടന്റുകൾ ഈ സൈറ്റുകളിൽ വളരെ ഫ്രീ ആയിട്ട് ഓടിനടക്കുന്നത്.

ഒരു മാധ്യമത്തിൽ എഴുതണോ വേണ്ടയോ എന്ന വിഷയത്തിൽ രാഷ്ട്രീയ നിലപാടിനെ മുൻനിർത്തി കേരളത്തിൽ ഇപ്പോൾ വലിയ ചർച്ച നടക്കുകയാണ്. ജമാഅത്തെ ഇസ്​ലാമിയുടെ ‘മാധ്യമ'ത്തെ മുൻനിർത്തിയാണ് ഈ ചർച്ച ഉയർന്നു വന്നിട്ടുള്ളത്. മുൻപും ഇത് ചർച്ച ചെയ്തിട്ടുണ്ട്. എന്താണ് താങ്കളുടെ നിലപാട്?

പ്ലാറ്റ്‌ഫോം ആരുടേതാണെങ്കിലും നമ്മൾ സെൻസർ ചെയ്യപ്പെടില്ലായെങ്കിൽ, നമ്മുടെ വാക്കുകൾ നമ്മൾ പറയുന്നതു പോലെ പബ്ലിഷ് ചെയ്യപ്പെടുമെങ്കിൽ, എവിടെ എഴുതുന്നതും-ഓർഗനൈസറിലാണെങ്കിലും ജമാഅത്തെ ഇസ്​ലാമിയുടെ പത്രത്തിലാണെങ്കിലും കത്തോലിക്കാസഭയുടെ പത്രത്തിലാണെങ്കിലും-അതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, എഴുത്തുകാർക്ക് വേണ്ടത് പ്ലാറ്റ്‌ഫോം ആണ്. പ്ലാറ്റ്‌ഫോമിന്റെ സ്വഭാവം എന്തായിരിക്കും എന്ന് ആലോചിച്ചു മാത്രമേ എഴുതൂ എന്ന് തീരുമാനിച്ചാൽ ഒരുപക്ഷേ അയാൾ വീട്ടിലിരുന്ന് എഴുതുകയേ ഉള്ളൂ. ആരും വായിക്കാനുണ്ടാവില്ല. അതേസമയം തന്നെ, നമ്മുടെ സോഷ്യൽ മീഡിയ- ഇന്റർനെറ്റ് റെവല്യൂഷനു ശേഷം വായനക്കാരിലെത്താൻ മറ്റു പല മാർഗങ്ങളും തുറന്നു വന്നിട്ടുണ്ട്. അപ്പോൾ ഈ പരമ്പരാഗത മാധ്യമങ്ങൾക്ക് നല്ല എഴുത്തുകാരെ ആകർഷിക്കണമെന്നുണ്ടെങ്കിൽ സെൻസർഷിപ്പില്ലാതെ, അവരുടെ വാക്കുകൾ മുഴുവനായും പ്രിൻറ്​ ചെയ്യാനുള്ള ധൈര്യം കാണിച്ചില്ലെങ്കിൽ, അവരും അവരുടെ മരണത്തിലേക്കായിരിക്കും അടുത്തു കൊണ്ടിരിക്കുന്നത്.

കേരളത്തിലെ ടെലിവിഷൻ ജേണലിസം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ വളരെ പരിതാപകരമാണ്. പരസ്പരമുള്ള ചെളിവാരിയെറിയൽ എന്ന ലളിത വിശേഷണത്തിൽ ഒതുങ്ങില്ല അത്. മതം, രാഷ്ട്രീയം, മൂലധന താത്പര്യങ്ങൾ തുടങ്ങിയവയുടെ സ്ഥാപിത താത്പര്യങ്ങൾക്കനുസരിച്ച് മനുഷ്യത്വമോ പരസ്പര ബഹുമാനമോ ഇല്ലാത്ത ഒരു പ്ലാറ്റ്ഫോം രൂപപ്പെടുത്തി അതിനുചുറ്റും ക്യാമറ വെച്ച് വാർത്തയെന്ന പേരിൽ ഒട്ടും നിലവാരമില്ലാത്ത ഉത്പന്നങ്ങൾ ഉണ്ടാക്കി എറിയുകയാണ് മാധ്യമങ്ങൾ. കേരളത്തിലെ ടെലിവിഷൻ ചരിത്രത്തിന്റെ തുടക്കക്കാർ തന്നെയാണ് ഈ ഉത്പാദനത്തിന്റെ പാചകക്കാർ എന്നതാണ് നടുക്കമുണ്ടാക്കുന്ന വസ്തുത. ടെലിവിഷൻ ജേണലിസത്തിന്റെ അവസ്ഥയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഇന്ന് ഇന്ത്യയിൽ ഏറ്റവും influential ആയ പ്ലാറ്റ്‌ഫോം ടെലിവിഷനാണ്. കാരണം, 50 ശതമാനത്തിലേറെ ഇന്ത്യൻ വീടുകളിലേക്കെത്തുന്ന ഏക ഇന്ത്യൻ പ്ലാറ്റ്‌ഫോം, മൊബൈൽ ഫോൺ കഴിഞ്ഞാൽ- ടെലിവിഷനാണ്. മൊബൈൽ ഫോണുകളിലും വരുന്നത് ടി.വി. വാർത്തകളൊക്കെത്തന്നെയാണല്ലോ. അതുവെച്ച് നോക്കുമ്പോൾ ഏറ്റവും ഇൻഫ്‌ളുവൻഷ്യൽ ആയ മീഡിയമാണ് ടി.വി. അതുകൊണ്ടുതന്നെ ആ മീഡിയത്തെ പിടിച്ചെടുക്കാൻ വേണ്ടി സമൂഹത്തിലെ ശക്തരായ ഫോഴ്‌സുകൾ കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടായി ശ്രമം നടത്തുന്നുണ്ട്.
നമ്മുടെ സമൂഹത്തിന്റെ ഒരു യാത്രയുണ്ട്-അതായത് നമ്മുടെ ഒരു ഗാന്ധിയൻ, മോറൽ സൊസൈറ്റിയിൽ നിന്ന് immoral ആയ, തെറ്റും ശരിയും തിരിച്ചറിയാനുള്ള ബോധമുണ്ടെങ്കിലും തെറ്റ് കാണിക്കുന്ന- ഒരു സമൂഹത്തിലേക്ക് എത്തുകയും അവിടെ നിന്ന് amoral ആയ, അതായത് തെറ്റും ശരിയും തിരിച്ചറിയാനുള്ള വകതിരിവു പോലുമില്ലാത്ത ഒരു പുതിയ നേതൃത്വമൊക്കെ വന്ന ഒരു സമൂഹമായി നമ്മൾ മാറിയിരിക്കുകയാണ്. ആ സാഹചര്യത്തിൽ ഈ ടെലിവിഷൻ ന്യൂസുകളെയും ചാനലുകളെയും പിടിച്ചെടുക്കുക എന്നത് ഇവിടത്തെ dominant ആയ political, religious, cultural, social ഗ്രൂപ്പുകളുടെ ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ, നമ്മുടെ കേരളത്തിലെ ചാനലുകളുടെ ഉടമസ്ഥത നോക്കിക്കഴിഞ്ഞാൽ മതി- കേരളത്തിലെന്നല്ല, ഇന്ത്യയിലെ മൊത്തം- അതിന്റെ ഉടമസ്ഥർ എന്നു പറയുന്നത് ഒരു പക്ഷേ ട്രഡീഷണൽ മീഡിയാ ഹൗസുകളാവാം. കാരണം അവർ നിലനിൽക്കുന്ന സമൂഹത്തിലെ dominant forces ആണ്.
പക്ഷേ പുതുതായി വന്ന് ചാനലുകൾ വാങ്ങിക്കുന്നവരെ നോക്കുക. അവർ ഈ ന്യൂസ് ചാനലുകളെ വാങ്ങിക്കുന്നത് ജേർണലിസത്തെ പൊലിപ്പിക്കാൻ വേണ്ടിയല്ല. അവർ കൃത്യമായി അധികാരത്തിന്റെ ആർത്തിപിടിച്ച് നടക്കുന്ന, വളരെ ബുദ്ധിമുട്ടില്ലാതെ കള്ളത്തരത്തിലൂടെയും കാപട്യത്തിലൂടെയും പൈസയുണ്ടാക്കിയ ബിസിനസ്സുകാരാണ്. ആരാണ് എന്നുള്ളതൊക്കെ വളരെ വ്യക്തമായി എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാ ഭാഷകളിലുമുണ്ട്. അപ്പോൾ, അവർ അവരുടെ അധികാരത്തിലേക്കുള്ള യാത്രയുടെയും, കൂടുതൽ പൈസ ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെയുമൊക്കെ ഒരു ടൂൾ ആയിട്ടാണ് ഇതിനെ പിടിച്ചെടുത്തിരിക്കുന്നത്. അതിന്റെ, ആ പിടിച്ചെടുക്കലിന്റെ victim ആണ് മലയാളത്തിലെ ടെലിവിഷൻ ജേണലിസവും. അതിന്റെയൊപ്പം, ഒരുപക്ഷേ ഈ മാർക്കറ്റിനൊരു പ്രത്യേകതയുണ്ട്. എല്ലാ മാർക്കറ്റിനും. മാർക്കറ്റിൽ ചിലർക്ക് മാർക്കറ്റ് അവർ പ്രതീക്ഷിക്കാത്തതും അവർ അർഹിക്കാത്തതുമായ ശമ്പളം കൊടുക്കും. ആ പ്രതിഫലം കൊടുക്കുന്നത് ഒന്ന് നിങ്ങളെ സുഖിപ്പിക്കാൻ വേണ്ടിയും മറുവശത്ത് നിങ്ങളെ deeply insecure ആക്കാനും വേണ്ടിയാവാം. അതായത് നിങ്ങൾക്ക് ഈ പൈസ തരുന്നവരുടെ propaganda - അത് എന്ത് മണ്ടത്തരമാണെങ്കിലും കാണിച്ചുകൂട്ടാൻ കൂടിയാണ് ഈ പൈസ തരുന്നത്. അങ്ങനെയുള്ള ഒരു കൂട്ടം insecure എഡിറ്റേഴ്‌സും ആങ്കേഴ്‌സും ഇന്ത്യൻ മെയിൻസ്ട്രീം പത്രപ്രവർത്തനത്തെ പിടിച്ചെടുത്തിരിക്കുകയാണ്. അല്ലാതെ ഇത് ഒരു കൂട്ടം കള്ളമുതലാളിമാരുടെ മാത്രം അജണ്ടയല്ല. ഇതിനകത്ത് ഒരു ജനറേഷൻ ഓഫ് amoral പ്രോപ്പഗാൻഡിസ്റ്റുകളുടെ -ജേർണലിസ്റ്റുകൾ എന്ന് സ്വയം വിളിക്കുന്ന പ്രോപ്പഗാൻഡിസ്റ്റുകളുടെ റോൾ കൂടിയുണ്ട്. അതു തന്നെയാണ് കേരളത്തിൽ നടക്കുന്നത് എന്നാണ് എന്റെ വിശ്വാസം.

എല്ലാ പുതിയ ടെക്‌നോളജിയും അതിന്റെ ആദ്യത്തെ വരവിൽ, അധികാരത്തിലിരിക്കുന്നവരുടെ ടൂൾ ആയി മാറും. എല്ലാ കാലത്തും. അത്, ടിപ്പു സുൽത്താൻ റോക്കറ്റ് ഉപയോഗിക്കുന്നതു മുതൽ അണ്ടർ സീ കേബിൾ വരെ എല്ലാത്തിലും കാണാം

ഓൺലൈൻ മീഡിയയിൽ ഭൂരിപക്ഷവും സോഷ്യൽ മീഡിയ വഴിയുള്ള മാർക്കറ്റിംഗിനേയും വരുമാനത്തേയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. നമുക്കറിയാം ഫേസ് ബുക്കിലും യൂട്യൂബിലും നിലനിൽക്കുന്ന ഫിൽട്ടറിംഗ് എത്തരത്തിലുള്ളതാണെന്ന്. മുസ്​ലിം വിരുദ്ധ കണ്ടൻറ്​ ഫേസ് ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നതിനെക്കുറിച്ച് കമ്പനിയ്ക്ക് അറിയാം, അഥവാ ഫേസ് ബുക്കിന്റെ സമ്മതത്തോടെത്തന്നെയാണ് ഇത് സംഭരിക്കുന്നത് എന്ന് ഫേസ്ബുക്ക് മുൻ ജീവനക്കാരി ഫ്രാൻസസ് ഹേഗൻ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. അതുപോലെത്തന്നെയാണ് ചില കണ്ടന്റുകൾക്ക് റീച്ചും വരുമാനവും ലഭിക്കാത്തത്. പ്രത്യേകിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശിക്കുന്ന കണ്ടൻറ്​. ഫേസ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയുടെ പോളിസി എന്തൊക്കെ തരത്തിലാണ് രൂപപ്പെടുന്നത്, നിയന്ത്രിക്കപ്പെടുന്നത് എന്നാണ് തോന്നിയിട്ടുള്ളത്?

എല്ലാ പുതിയ ടെക്‌നോളജിയും അതിന്റെ ആദ്യത്തെ വരവിൽ, അധികാരത്തിലിരിക്കുന്നവരുടെ ടൂൾ ആയി മാറും. എല്ലാ കാലത്തും. അത്, ടിപ്പു സുൽത്താൻ റോക്കറ്റ് ഉപയോഗിക്കുന്നതു മുതൽ അണ്ടർ സീ കേബിൾ വരെ എല്ലാത്തിലും കാണാം. അതു തന്നെയാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ, ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമുമെല്ലാം, അതത് രാജ്യങ്ങളിൽ അധികാരത്തിലിരിക്കുന്നവരുടെ പ്രോപ്പഗാൻഡ ടൂളുകൾ മാത്രമായി മാറിയിരിക്കുകയാണ്. അത് വ്യക്തമായി മനസ്സിലാക്കി അതിനെ exploit ചെയ്യുന്നതിൽ ഏറ്റവും മിടുക്കൻ നരേന്ദ്രമോദി ആയിരുന്നു. നരേന്ദ്രമോദി തുടങ്ങിയ ആ പൊളിറ്റിക്കൽ ട്രെൻഡിന്റെ അലയടികളാണ് നമ്മൾ ഇപ്പോൾ കാണുന്നത്. അതുകൊണ്ടു തന്നെ എഫ്.ബി, ഇൻസ്റ്റഗ്രാം എല്ലാം, അധികാരത്തിലിരിക്കുന്ന ഗവൺമെന്റിന്റെ, ബി.ജെ.പിയുടെ പ്രോപ്പഗാൻഡ ടൂളുകൾ എന്നതിനപ്പുറത്ത് ഒന്നുമല്ല. ഒരു പക്ഷേ നാളെ ഇത് മാറാം. പക്ഷേ ഇന്ന് അങ്ങനെത്തന്നെയാണ് നിൽക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇസ്ലാമോഫോബിക് ആയ കണ്ടന്റുകൾ, വളരെ aggressive ആയ ഹിന്ദുത്വ വയലൻറ് അജണ്ടകൾ ഒക്കെ ഈ സൈറ്റുകളിൽ വളരെ ഫ്രീ ആയിട്ട് ഓടിനടക്കുന്നത്. അതിനുള്ള ഒരുപാട് തെളിവുകൾ നമ്മൾ കണ്ടുകഴിഞ്ഞതാണ്. ഈ സ്ഥിതിവിശേഷം മാറണമെങ്കിൽ ഇവിടെ വളരെ ഫെയർ ആയ ഒരു liberal democratic space വേണം. അവിടെയാണ് പ്രതിപക്ഷത്തിന് ഭരണകക്ഷിയുടെ ഒപ്പം പിടിച്ചു നിൽക്കാനുള്ള കപ്പാസിറ്റി ഉണ്ടാവുക. പക്ഷേ ഇന്ന് ഇവിടെ നടന്നിരിക്കുന്നത് എന്താണെന്നു വെച്ചാൽ, നരേന്ദ്ര മോദി വളരെ സിസ്റ്റമാറ്റിക്കായി, അദ്ദേഹത്തിനു കിട്ടിയ ഭൂരിപക്ഷത്തിന്റെ പുറത്ത്, അദ്ദേഹം ഭരണത്തിൽ വന്നതിനുശേഷം, സ്റ്റേറ്റ് മെഷിനറിയെയും മീഡിയയെയും പല തരത്തിൽ ഉപയോഗിച്ചു കൊണ്ട് പ്രതിപക്ഷത്തെ നിർവീര്യമാക്കിയിരിക്കുകയാണ്. അതിന്റെ കൂടി ഫലമാണ് നമ്മൾ ഇന്നു കാണുന്ന ഈ സോഷ്യൽ മീഡിയയിലെ biased ആയ platformization.

കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ /Photo: Kisan Ekta Morcha, Facebook

​സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, ബാബറി മസ്ജിദിനുശേഷമുള്ള ഇന്ത്യയിൽ, ഗുജറാത്ത് വംശഹത്യാനന്തര ഇന്ത്യയിൽ, നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ മാധ്യമങ്ങളുടെ രാഷ്ട്രീയ നില വ്യത്യസ്തമായിരുന്നു, വ്യത്യസ്തമാണ്. സംഘപരിവാറിനെ ഭയക്കുന്ന, സംഘപരിവാറിനാൽ നിയന്ത്രിക്കപ്പെടുന്ന ഭൂരിപക്ഷം മാധ്യമങ്ങൾ മാത്രമല്ല, അതിനെ എതിരിടുന്ന രാഷ്ട്രീയ പ്രതിരോധം തീർക്കുന്ന മാധ്യമങ്ങളും ഉണ്ട്. അത്തരം മാധ്യമങ്ങളുടെ നിലനിൽപ് എത്രത്തോളം സാധ്യമാണ്?

എനിക്കു തോന്നുന്നത്, ഇപ്പോൾ കാണുന്ന Hindu aggression അധികകാലം നിലനിൽക്കില്ല. കാരണം, ഈ ഹിന്ദുത്വ അഗ്രഷനും, ബുദ്ധിയില്ലാത്ത സാമ്പത്തിക നയങ്ങളും, കോവിഡ് ഉണ്ടാക്കിവെച്ച നാച്ചുറൽ ഇംപാക്ടും അതിനോടുള്ള foolish responseകളുമൊക്കെയായി നമ്മുടെ സമ്പദ് വ്യവസ്ഥയെ നരേന്ദ്ര മോദി സർക്കാർ വളരെ ശക്തമായി തകർത്തിട്ടിരിക്കുകയാണ്. ഈ തകർച്ചയെന്നു പറയുന്നത്, നമ്മൾ കാണുന്നതിനപ്പുറത്ത് ഗ്രാമീണ മേഖലകളിൽ ഭയങ്കരമായ ഒരു economic distress ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെയൊക്കെ പ്രതിഫലനം കൂടിയാണ് കർഷക സമരത്തിലും മറ്റും കാണുന്നത്. അതുകൊണ്ട് എനിക്കു തോന്നുന്നത് ഇന്നത്തെ majoritarian politics ന് ഒരു push back വരും. അത് എന്നു വരും എന്ന് നമുക്കറിയില്ല. ഒരുപക്ഷേ യു.പി. ഇലക്ഷനിലാവാം. ഒരു പക്ഷേ പത്ത് വർഷത്തിനു ശേഷമാവാം. പക്ഷേ ഇത് ശാശ്വതമല്ല. കാരണം, ഈ ഒരു majoritarian narrativeൽ രാജ്യത്തിന്റെ, ജനങ്ങളുടെ സാമ്പത്തികമായ ക്ഷേമത്തിന് ഇടമില്ല. ഇന്നത്തെ ഹിന്ദുത്വ മെജോറിറ്റേറിയൻ നറേറ്റീവിൽ ആകെയുള്ളത് ഒരു പൂർവ കാലത്തിന്റെ ഗ്ലോറിയും വളരെ അസ്ഥാനത്തുള്ള ഇസ്ലാമോഫോബിയയും വളരെ അഗ്രസ്സീവ് ആയ bully പൊളിറ്റിക്‌സും മാത്രമാണ്. അല്ലാതെ, ഇന്ന് ഇവിടെ ജീവിക്കുന്ന പാവപ്പെട്ടവരുടെ സാമ്പത്തിക ക്ഷേമം അതിന്റെ അജണ്ടയല്ല. അതുകൊണ്ടു തന്നെ ഇത് അധികകാലം നിലനിൽക്കില്ല എന്നാണ് ഞാൻ കരുതുന്നത്. ഇന്ന് ഈ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ എഴുന്നേറ്റു നിൽക്കുന്ന ന്യൂജനറേഷൻ മീഡിയ ഹൗസുകളുണ്ട്. അവരൊക്കെ പിടിച്ചുനിൽക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് അവർ survive ചെയ്യുമെന്നാണ്. അവർ survive ചെയ്യുകയാണെങ്കിൽ, ഒരുപക്ഷേ നമ്മൾ ഇന്ന് കാണുന്നത് വരുംതലമുറയുടെ മെയിൻസ്ട്രീം മീഡിയയുടെ ജനനമാണ്.

തിരിച്ചടികളുണ്ടാവും എന്നു നല്ല ബോധ്യമുള്ള ആളാണ് ഞാൻ. അതു കൊണ്ടു തന്നെ, കഴിഞ്ഞ പത്തിരുപത്തഞ്ചു വർഷമായി എന്റെ ജേർണലിസത്തിൽ, ഞാൻ മെയിൻസ്ട്രീമിൽ ജോലി ചെയ്യുമ്പോഴും, ഞാൻ കണ്ടെത്തുന്ന കാര്യങ്ങൾ പുറത്തുവരണമെന്നൊരു വാശി ഉള്ളതു കൊണ്ടാണ് രണ്ട്​ പുസ്തകങ്ങളും എഴുതിയത്.

യു.പി. തിരഞ്ഞെടുപ്പ് വരുന്നു. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു പറയുന്നു. കോൺഗ്രസ് ഉത്തരേന്ത്യയിൽ ഉയിർത്തെഴുന്നേൽപ്പിന്റെ നേരിയ ലക്ഷണങ്ങൾ കാണിക്കുന്നു (യു.പി.യിൽ ഇക്കഴിഞ്ഞദിവസം പുറത്തുവന്ന നഗരസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ). അതേസമയം തന്നെ, ഭരണകൂടം സമം ദേശം എന്ന അതിതീവ്ര സ്റ്റേറ്റിസ്റ്റ് യുക്തിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് - സിദ്ദിഖ് കാപ്പനു മേൽ ചുമത്തപ്പെട്ട കുറ്റപത്രത്തിലടക്കം അത് വ്യക്തമാണ് - യോഗി സർക്കാർ ആവർത്തിക്കുന്നുമുണ്ട്. ആ യുക്തിയിൽ സ്വതന്ത്ര റിപ്പോർട്ടിങ് കുറ്റകൃത്യമാണ്. യോഗി രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം മോദി രാജ്യത്തിന്റെ തുടർച്ചയിൽ എത്രത്തോളം നിർണായകമോ സൂചകമോ ആവും?

സിദ്ദിഖ് കാപ്പന്റെ കേസ് അധികം പബ്ലിക്കായി തൽക്കാലം സംസാരിക്കാതിരുന്നതിന്റെ പ്രധാന കാരണം, സിദ്ദിഖ് കാപ്പനെതിരായ കുറ്റപത്രം കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. എന്തായിരിക്കും അതിൽ വരുന്നത് എന്നറിയാൻ. അത് നമ്മൾ ഉദ്ദേശിക്കുന്നതു പോലെത്തന്നെ പൊലീസിന്റെ മണ്ടത്തരവും വലതുപക്ഷ അജണ്ടയും മാത്രമാണ് എന്നതിൽ ഒരു സംശയവുമില്ല. ഇങ്ങനെ, പത്രപ്രവർത്തനത്തിന് പൊലീസുകാർ quality assessment നടത്തുന്നതും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ intimidate ചെയ്യുന്നതും അതുവഴി ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നതും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും പോലീസിൽ കണ്ടുവരുന്നതു തന്നെയാണ്. അതിനെതിരെ ഒരു പോരാട്ടം നമുക്കു മുൻപിലുണ്ട്. ആ പോരാട്ടത്തിന്റെ മുൻപിൽ ഞാനടക്കമുള്ളവർ ഉണ്ടായിരിക്കും. അതിൽ ഒരു സംശയവും വേണ്ട. അതിൽ ജയിക്കുമോ തോൽക്കുമോ എന്നത് രണ്ടാമത്തെ കാര്യം. കാരണം, എന്റെ പത്രപ്രവർത്തനം, സിദ്ദിഖ് കാപ്പന്റെ പത്രപ്രവർത്തനം... അത് എങ്ങനെയായിരുന്നു, അതിന്റെ പ്രോസ്സസ് എന്തായിരുന്നു... അതിനകത്ത് എഡിറ്റർമാർ ഉണ്ടായിരുന്നു, റിപ്പോർട്ടിങ്ങ് പ്രോസ്സസ് ഉണ്ടായിരുന്നു, അതിനെയക്കെ എങ്ങനെയാണ് ഇവർ assess ചെയ്യുന്നത് എന്ന് നമുക്കറിയണം. ഇങ്ങനെ victim ആയ പത്രപ്രവർത്തകർ പല സംസ്ഥാനങ്ങളിലുമുണ്ട്. മണിപ്പൂരിലുണ്ട്, കാശ്മീരിലുണ്ട്. അതുകൊണ്ട് അത് വലിയൊരു ചർച്ചയാണ്. ആ ചർച്ച, പൊതുവേദികളിൽ അധികം നടത്താൻ ഇപ്പോൾ സമയമില്ല, അതിനുള്ള സമയം ആയിട്ടുമില്ല.

സിദ്ദിഖ് കാപ്പൻ / Photo: Youtube screengrab

രണ്ട്, യു.പി. ഇലക്ഷനിൽ കോൺഗ്രസ് വലിയ മലമറിക്കുമോ എന്ന എനിക്കറിഞ്ഞുകൂടാ. ഒരുപക്ഷേ യോഗി സർക്കാർ വീണ്ടും ജയിച്ചുവരാൻ സാധ്യതയുണ്ട്. പക്ഷേ തീർച്ചയായും ഗ്രൗണ്ടിൽ കാണുന്നത് ജനങ്ങൾ അസ്വസ്ഥരാണ് എന്നുള്ളതാണ്. അതിൽ യാതൊരു സംശയവും വേണ്ട. അത്തരം അസ്വസ്ഥത ഒരു തിരിച്ചടിയോ വിപ്ലവമോ ആയി മാറാൻ വർഷങ്ങൾ എടുക്കാറുണ്ട്. അതുകൊണ്ട്, ഉടനെ വലിയൊരു മാജിക്ക് ഉണ്ടാവും എന്ന പ്രതീക്ഷയും വേണ്ട.

ശക്തവും നീതിയുക്തവുമായ ജനാധിപത്യ ഭരണകൂടത്തിന്റെ നിലനിൽപ്പിന് കുറ്റമറ്റതും മുൻവിധികളുടെ ഇരുട്ടിൽ തളച്ചിടപ്പെടാത്തതുമായ ഇന്റലിജൻസ് സംവിധാനം അനിവാര്യമാണെന്ന് ‘ദ സൈലൻറ്​ കൂ' എന്ന പുതിയ പുസ്തകത്തിൽ താങ്കൾ ആവർത്തിക്കുന്നുണ്ട്. ഇന്റലിജൻസിനെ ഇന്നത്തെ അതേപടി ഇരുട്ടിൽ നിലനിർത്തുന്നതിൽ നിക്ഷിപ്ത താൽപര്യക്കാരായ പല മാധ്യമ പ്രവർത്തകർക്കും പങ്കുണ്ടെന്നും താങ്കളുടെ പുസ്തകം സൂചിപ്പിക്കുന്നു. വലിയ പ്രലോഭനങ്ങളെ വ്യക്തിപരമായി അതിജീവിച്ചതിനെക്കുറിച്ചും താങ്കൾ പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ സർവൈലൻസ് ഏറ്റവും ശക്തമായ ഡൽഹിയിൽ ജീവിക്കുമ്പോൾ ഇത്തരമൊരു പുസ്തകം, വെളിപ്പെടുത്തലുകൾ, എന്തെങ്കിലും അരക്ഷിതബോധം ഉണ്ടാക്കുന്നുണ്ടോ?

നമ്മൾ പത്രപ്രവർത്തകർ എഴുതുന്നത്​- here and now - ഇവിടെയുള്ളതിനെ, ഇന്നുള്ളതിനെ പറ്റിയാണ്. എന്നെ സംബന്ധിച്ച് അത്, പ്രൊഫഷണൽ ജീവിതം തുടങ്ങിയതിനു ശേഷം വളരെ വ്യക്തമായി എടുത്ത തീരുമാനമാണ്. എന്റെ ഇരുപതുകളിൽ ഡൽഹിയിലെത്തിയ എനിക്ക് ഒരുപക്ഷേ ഒരു കോളമിസ്റ്റോ എഡിറ്റോറിയൽ പേജ് എഡിറ്ററോ ഒക്കെ ആയി മാറാമായിരുന്നു. അതിന് പകരം, ഇന്നത്തെ ഇന്ത്യയെക്കുറിച്ച്, എനിക്ക് ചുറ്റുമുള്ള യാഥാർഥ്യങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അത് അന്വേഷിക്കണമെന്നുമുള്ള തീരുമാനമെടുത്തത് ഞാൻ തന്നെയാണ്. ആ തീരുമാനത്തിനു മുൻപിൽ വെല്ലുവിളികളുണ്ടാവും, തിരിച്ചടികളുണ്ടാവും എന്നു നല്ല ബോധ്യമുള്ള ആളാണ് ഞാൻ. അതു കൊണ്ടു തന്നെ, കഴിഞ്ഞ പത്തിരുപത്തഞ്ചു വർഷമായി എന്റെ ജേർണലിസത്തിൽ, ഞാൻ മെയിൻസ്ട്രീമിൽ ജോലി ചെയ്യുമ്പോഴും, ഞാൻ കണ്ടെത്തുന്ന കാര്യങ്ങൾ പുറത്തുവരണമെന്നൊരു വാശി ഉള്ളതു കൊണ്ടാണ് ആദ്യത്തെ പുസ്തകവും (The feast of vultures), ഇപ്പോൾ രണ്ടാമത്തെ പുസ്തകവും (The silent coup) എഴുതിയത്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ പ്രവൃത്തികൾ, നിങ്ങൾ എഴുതുന്ന വാക്കുകൾ, പലർക്കും ബുദ്ധിമുട്ടുണ്ടാക്കും. വലിയ രാഷ്ട്രീയക്കാർക്കും വലിയ കോർപറേറ്റുകൾക്കും വലിയ ബിസിനസ്സുകാർക്കും വലിയ ഉദ്യോഗസ്ഥർക്കുമൊക്കെ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. പലരുടെയും പേര് നഷ്ടപ്പെടുന്നതു പോലുള്ള ഇംപാക്ടുകൾ ഉണ്ടാവും. അപ്പോൾ തീർച്ചയായും അതിന് തിരിച്ചടികളുണ്ടാവും. പക്ഷേ ഞാൻ എന്റെ ലാപ്‌ടോപ്പിനു മുമ്പിലിരുന്ന് എഴുതുമ്പോൾ എന്റെ മുമ്പിൽ ഒറ്റയൊരാൾ മാത്രമേയുള്ളൂ- എന്റെ വായനക്കാർ. ഞാൻ പറയുന്ന കാര്യങ്ങൾ ആ വായനക്കാർക്ക് ഒരു ഡിക്ഷണറിയുടെയും സഹായമില്ലാതെ മുഴുവനായും മനസ്സിലാവണം എന്നുള്ളതാണ് എന്റെ ഏക വാശി. ഈ എഴുതുന്ന വാക്കുകൾ കൊണ്ട് നാളെ എന്തുണ്ടാവും എന്ന് ആലോചിക്കാൻ പോയാൽ പുസ്തകം എഴുതാനോ സത്യം പറയാനോ സാധിക്കില്ല. അതുകൊണ്ട് ഞാനെന്റെ ധർമം ചെയ്യുന്നു. അതിനകത്ത് എന്തെങ്കിലും തിരിച്ചടി വരികയാണങ്കിൽ അതിനെ നേരിടുക തന്നെ വേണ്ടി വരും. അല്ലാതെ അതിൽ നിന്ന് ഒളിച്ചോടാനൊന്നും കഴിയില്ലല്ലോ. ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ജോസി ജോസഫ്

മാധ്യമപ്രവർത്തകൻ, ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസത്തെ വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന കോൺഫ്ലുവൻസ് മീഡിയയുടെ സ്ഥാപകൻ. ദ ഹിന്ദുവിന്റെ മുൻ നാഷണൽ സെക്യൂരിറ്റി എഡിറ്റർ. A Feast of Vultures: The Hidden Business of Democracy in Imdia, The Silent Coup: A History of India's Deep State എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments