ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭിന്നശേഷിക്കാരുടെ അവസ്ഥയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനുമാണ് ഐക്യരാഷ്ട്ര സംഘടന (UN) ഡിസംബർ മൂന്ന് International Day of Perosns with Disabilities (IDPD) ആയി ആചരിക്കുന്നത്. Amplifying the leadership of persons with disabilities for an inclusive and sustainable future എന്നതാണ് 2024-ലെ ദിനാചരണ വിഷയം. ഈ ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാരെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിലെ ആഖ്യാനങ്ങൾ പരിശോധിക്കാം.
ഭിന്നശേഷി മാധ്യമ റിപ്പോർട്ടുകളിലെ (News Reports about Differently abled) ഭാഷയിൽ - ആഖ്യാനങ്ങളിൽ ഭിന്നശേഷിക്കാരെ അമാനുഷികരായി ചിത്രീകരിക്കുകയോ, അവഹേളിക്കുകയോ അവരെ കൂടുതൽ പാർശ്വവൽക്കരിക്കുകയും ചെയ്യുന്നുണ്ടോ? അവരുടെ നേട്ടങ്ങളും കഴിവുകളും പറയാതെ ‘വൈകല്യത്തെക്കുറിച്ച്’ പൊലിപ്പിച്ച് ഒരു Inspiration Porn സൃഷ്ടിച്ചെടുക്കുന്നുണ്ടോ? സിനിമയിൽ ഭിന്നശേഷിക്കാരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നത് വിവേചനവും അസമത്വവും നിലനിർത്തുമെന്ന് സുപ്രീംകോടതി അടുത്തിടെ നടത്തിയ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലും ഭിന്നശേഷിക്കാരെ കുറിച്ചുള്ള മാധ്യമ ആഖ്യാനങ്ങൾ വിശകലനം ചെയ്യേണ്ടതിന് സവിശേഷ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു.
‘ഇക്കണോമിസ്റ്റി’ന്റെ വിവാദ കവർ
ഭിന്നശേഷിക്കാരെ കുറിച്ചുള്ള മാധ്യമ പ്രതിനിധാനങ്ങളിലും, മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷാപരമായ ആഖ്യാനങ്ങളിലും അതീവ ജാഗ്രത വേണമെന്നാണ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായിരുന്ന ബെഞ്ച് നിരീക്ഷിച്ചത്. വൈകല്യത്തെ സ്റ്റീരിയോടൈപ്പ് ചെയ്യുന്ന ‘afflicted', ‘suffering', ‘victim' എന്നീ ഭാഷാപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും പറയുന്നു. കഴിഞ്ഞ ജൂലൈയിലെ ദി ഇക്കണോമിസ്റ്റ് (The Economist) മാഗസിന്റെ കവർപേജ് വലിയ ചർച്ചയായത് ഓർക്കുന്നുണ്ടാവുമല്ലോ.
‘Why Biden Must Withdraw' എന്ന കവർ സ്റ്റോറിയിൽ ‘No Way to Run a Country' എന്ന വാക്കുകൾക്ക് അടുത്തായി പ്രസിഡൻഷ്യൽ മുദ്രയുള്ള ഒരു വാക്കറിന്റെ (Walker) ചിത്രം ഉൾപ്പെടുത്തിയിരുന്നു. പ്രസിഡന്റ് ബൈഡന്റെ പ്രായവും പ്രസിഡന്റ് സ്ഥാനത്തിരിക്കാനുള്ള ശാരീരികക്ഷമതയെക്കുറിച്ചും വിമർശിച്ചായിരുന്നു കവർസ്റ്റോറി. എന്നാൽ ശാരീരിക വൈകല്യം അനുഭവിക്കുന്നവരെ ‘Walker Mobility Aid'- ന്റെ ചിത്രം ഉപയോഗപ്പെടുത്തി സ്റ്റീരിയോടൈപ്പ് ചെയ്യുന്നതായി ആരോപിച്ച് ഭിന്നശേഷിക്കാരുടെ നിരവധി സംഘടനകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നു.
ഭിന്നശേഷിക്കാരെ പറ്റിയുള്ള മാധ്യമ പ്രതിനിധാനങ്ങളും ആഖ്യാനങ്ങളും എത്രത്തോളം ‘ഭിന്നശേഷിയേയും' (Differently Abled) ‘ഭിന്നശേഷിക്കാരുടെ ശരീരത്തെ' (Differently abled Bodies) പറ്റിയുമുള്ള സാമൂഹിക പരിപ്രേക്ഷ്യം നിർമ്മിച്ചെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണെന്ന് കവർപേജുമായി ബന്ധപ്പെട്ട ചർച്ചകൾ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ ഭിന്നശേഷിക്കാരെ പറ്റിയുള്ള മാധ്യമ പ്രതിനിധാനങ്ങളും ആഖ്യാനങ്ങളും എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആലോചിക്കുന്ന അക്കാദമിക പഠനങ്ങളും ലേഖനങ്ങളും ഉണ്ട്. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചുവേണം ഭിന്നശേഷി മാധ്യമ റിപ്പോർട്ടുകൾ ചിട്ടപ്പെടുത്തേണ്ടതെന്ന Center for Disablity Rights മുന്നോട്ട് വെച്ചിട്ടുള്ള മാർഗ്ഗരേഖ ഉദാഹരണമാണ്. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യൻ മാധ്യമപരിസരത്ത് നിന്നുള്ള നിരീക്ഷണങ്ങളും പഠനങ്ങളും വളരെ കുറവാണ്.
ഗൂഗിൾ ന്യൂസ് ഡാറ്റാ ബേസിൽ നിന്ന് 2024 ജനുവരി - നവംബർ കാലയളവിൽ ലഭിച്ച 30 ഓൺലൈൻ വാർത്താറിപ്പോർട്ടുകളാണ് ഇവിടെ വിശകലനം ചെയ്യുന്നത്. വിശകലനം ചെയ്ത ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ലേഖനത്തിൽ പരാമർശിക്കുന്നത്. ‘Differently abled / Specially abled News Reports' എന്ന താക്കോൽവാക്ക് (Keyword) ഉപയോഗപ്പെടുത്തിയാണ് സെർച്ച് നടത്തിയത്. ‘ഭിന്നശേഷി സംസ്‌ക്കാരം' (Differently abled Culture), 'ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ' (Achievements of Differently abled), Inspiration Porn, ‘ഭിന്നശേഷിക്കാരുടെ അസ്വഭാവിക മരണങ്ങൾ' (Unnatural deaths of differently abled), ‘ഭിന്നശേഷിക്കാരെ പറ്റിയുള്ള സമൂഹത്തിന്റെ മുൻവിധികൾ' (Social Prejudice about Differently Abled) എന്നീ വിശകലന വിഷയങ്ങളിൽ (Theme of Analysis) ഊന്നിയാണ് ഭിന്നശേഷി മാധ്യമ റിപ്പോർട്ടുകളുടെ നറേറ്റീവ് പരിശോധിക്കാൻ ശ്രമിക്കുന്നത്.
ഭിന്നശേഷി സംസ്‌ക്കാരം
(Differently abled Culture)
രൂപപ്പെടുത്തുന്ന ആഖ്യാനങ്ങൾ
മധുരയിലെ യു. പി. എസ്. സി പരീക്ഷാ കേന്ദ്രത്തിലേക്ക് ‘ഇഴഞ്ഞാണ്' (made to crawl) ഭിന്നശേഷിക്കാർ പ്രവേശിച്ചതെന്നാണ് ദ ഹിന്ദു ഓൺലൈൻ 2024 ജൂൺ 17ന് പ്രസിദ്ധീകരിച്ച വാർത്ത (Differently abled candidates made to crawl inside UPSC exam centre in Madurai). ‘ഇഴഞ്ഞ്' എന്ന പ്രയോഗം ഭിന്നശേഷിക്കാരെ 'Object of Pity' ആക്കി മാറ്റുന്നതായി തോന്നാം. ഭിന്നശേഷിക്കാരെ അവരുടെ ‘വൈകല്യത്തിന്റെ' ഐഡന്റിറ്റിയിൽ ഫോക്കസ് ചെയ്താണ് ആഖ്യാനം. എന്നാൽ വാർത്തയിൽ പരീക്ഷാകേന്ദ്രം ഭിന്നശേഷി സൗഹൃദമല്ലെന്ന ആഖ്യാനം അവസാനം മാത്രമാണ് വരുന്നത്. പരീക്ഷാകേന്ദ്രത്തിൽ റാമ്പോ, ടോയ്‌ലറ്റുകൾ തുടങ്ങി ഭിന്നശേഷിക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളില്ല എന്ന, ഭിന്നശേഷി വിദ്യാർത്ഥിയുടെ പ്രസ്താവന ഉൾപ്പെടുത്തിയിരിക്കുന്നത് നല്ലതായി തോന്നി.
ഭിന്നശേഷിക്കാരായ സമൂഹത്തെ കൂടി ഉൾച്ചേർക്കുന്ന Differently- abled Culture വികസിപ്പിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. സമൂഹത്തിൽ ആ മനോഭാവത്തിന്റെ അഭാവം മാധ്യമ ആഖ്യാനങ്ങളിലും പ്രകടമാവുമ്പോഴാണ് ഭിന്നശേഷിക്കാരെ എന്തോ ‘അനുകമ്പ സ്യഷ്ടിക്കുന്നവർ' (Object of Pity) മാത്രമായി ചുരുക്കി കാണിക്കുന്നത്.
ദ ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയിൽ (CJI recalls daily struggles of specially-abled daughters; calls for inclusive policies, 28.09.24), ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അഭിപ്രയപ്പെടുന്നുണ്ട്. ഇത്തരം ഒപ്പീനിയൻ ലീഡേഴ്‌സിന്റെ അഭിപ്രായപ്രകടനങ്ങൾ ഉൾപ്പെടുത്തിയുള്ള മാധ്യമ ആഖ്യാനങ്ങൾ സമൂഹത്തിൽ ഭിന്നശേഷി സംസ്‌ക്കാരം വളർത്തിയെടുക്കുന്നതിന് സഹായിക്കും.
ഈ റിപ്പോർട്ടിൽ മുൻ ചീഫ് ജസ്റ്റിസ് തന്റെ പെൺമക്കൾ Nemaline myopathy എന്ന രോഗത്താൽ ബുദ്ധിമുട്ടുന്നതിനെ കുറിച്ചും സ്കൂളിൽ അവർ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. ഭിന്നശേഷി സംസ്‌ക്കാരം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകൾക്ക് ഭിന്നശേഷി സൗഹൃദനയം (Differently- Abled Policy) വേണ്ടതിന്റെ ആവശ്യവും റിപ്പോർട്ടിൽ മുൻ ചീഫ് ജസ്റ്റിസിനെ ഉദ്ധരിച്ച് പറയുന്നത് വളരെ മികച്ചതായി.
ബിസിനസ് സ്റ്റാന്റേഡ് പ്രസിദ്ധീകരിച്ച വാർത്തയിൽ (Centre must establish mandatory accessibility norms for specially abled: SC, 08.11.24), ഭിന്നശേഷിക്കാർക്ക് പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മൂന്ന് മാസത്തിനുള്ളിൽ നിർബന്ധിത പ്രവേശനക്ഷമതാ മാനദണ്ഡങ്ങൾ (Mandatory accessibility standards) നടപ്പാക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയതായാണ് പറയുന്നത്. ഇത്തരം നടപടികളും അവയുടെ മാധ്യമ ആഖ്യാനങ്ങളും കുറച്ചുകൂടി ഇൻക്‌ളൂസീവായി ഭിന്നശേഷി സംസ്‌ക്കാരം രുപ്പപ്പെടുത്തുന്നതിന് സഹായിച്ചേക്കും.
ഇതേപാത പിൻന്തുടർന്ന് Business Today പ്രസിദ്ധീകരിച്ച വാർത്തയിലും (Breaking Barriers, 08.10.24) ഈ ട്രൻഡ് കാണാം. ‘Inclusive' എന്നത് ഭിന്നശേഷിക്കാരെ അവരുടെ ദൈനംദിനജീവിതം മുഖ്യധാരാ സമൂഹത്തിനോടൊപ്പം മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കുന്ന അന്തരീക്ഷം ഒരുക്കികൊടുക്കുക എന്നത് കൂടിയാണെന്ന സന്ദേശമാണ് റിപ്പോർട്ട് നൽകുന്നത്. ‘Barrier Break Solutions' എന്ന സ്ഥാപനത്തെ പറ്റിയാണ് റിപ്പോർട്ട്. സ്ഥാപനത്തിലെ വലിയൊരു ശതമാനം ജീവനക്കാരും വൈജ്ഞാനിക വെല്ലുവിളികളെ (Intellectual Disability) അഭിമുഖീകരിക്കുന്ന ഭിന്നശേഷിക്കാരാണ്.
‘വൈകല്യങ്ങളല്ല’, മറിച്ച്, വ്യക്തിത്വവും നേട്ടങ്ങളുമാകണം ഹൈലൈറ്റ്
മാധ്യമ ആഖ്യാനങ്ങളിലും പൊതുവേ സമൂഹത്തിലും ‘ഭിന്നശേഷിയെ' കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള പ്രധാന മാർഗമായി മെഡിക്കൽ മോഡൽ (Medical Model of Disability) പിൻതുടരുന്നതായാണ് പഠനങ്ങൾ പറയുന്നത്. ‘ഭിന്നശേഷി' (ഇവിടെ വൈകല്യം) ആ വ്യക്തിക്കും ആത്യന്തികമായി അവരുടെ കുടുംബത്തിലും സമൂഹത്തിലും ദോഷം വരുത്തുന്ന പ്രശ്‌നമായാണ് ‘മെഡിക്കൽ മോഡൽ' കാണുന്നത്. വലിയൊരു ശതമാനം ഭിന്നശേഷി റിപ്പോർട്ടിങ്ങുകളിലും ഭിന്നശേഷിക്കാരുടെ സ്വത്വത്തിന് (Identity) പ്രാധാന്യം നൽകാതെ അവരുടെ ‘വൈകല്യം' പൊലിപ്പിച്ച് കാണിക്കുന്ന പ്രവണത ഈ മെഡിക്കൽ മോഡൽ ഇപ്പോഴും പിൻന്തുടരുന്നതുകൊണ്ടാണെന്നും നിരീക്ഷിക്കാം. ഭിന്നശേഷിക്കാരുടെ ‘വൈകല്യം' അവരുടെ സ്വത്വത്തിന്റെ ഭാഗമാണെന്നതിനാൽ ‘Identity first language' ആയിരിക്കും മാധ്യമ ആഖ്യാനങ്ങളിൽ പ്രബലമാകേണ്ടതെന്നാണ് തോന്നുന്നത്. ‘Identity first language' അവരുടെ സ്വത്വത്തിനും നേട്ടങ്ങൾക്കും പ്രാമുഖ്യം നൽകുന്നു. 'Identity first language' ആണോ അതോ ‘Perosn first language' (‘വൈകല്യത്തെ' പൊലിപ്പിച്ച് കാണിക്കുന്ന) ആഖ്യാനങ്ങളാണോ മാധ്യമങ്ങളിൽ വരേണ്ടതെന്ന ചർച്ചകൾ കൂടുതൽ സജ്ജീവമാകട്ടെ.
ഭിന്നശേഷിയുള്ള വ്യക്തികളെ ‘ദയാവായ്പ്പ് തേടുന്നവർ' (perosn as pitiable), ‘പരിഹാസ്യത്തിന്റെ പ്രതീകങ്ങൾ' (object of ridicule), ‘അക്രമം നടത്തുന്നവർ' (object of violence), ‘അതിമാനുഷരായ ഭിന്നശേഷിക്കാർ' (super cripple) തുടങ്ങിയ മാധ്യമ സ്റ്റീരിയോടൈപ്പുകളിലൂടെയാണ് ചിത്രീകരിക്കുന്നതെന്ന് Colin Barnes (1992) പഠനത്തിൽ വിശദീകരിക്കുന്നു.
ഭിന്നശേഷിക്കാരുടെ ശാക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ റാഞ്ചിയിൽ 18-ാമത് ദിവ്യ കലാ മേളക്ക് (Divya Kala Mela) ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയിൽ ‘Identity first languge' ആഖ്യാനത്തിന് ശ്രമമുണ്ട് (Ranchi to host 18th Divya Kala Mela to highlight differently-abled artists, ദ പ്രിന്റ്, 28.08.24)
പാരാലിംപിക്‌സ് സ്‌പോർട്‌സിൽ ‘കായികതാരങ്ങൾ എങ്ങനെയാണ് തങ്ങളുടെ വൈകല്യത്തെ മറികടക്കുന്നതെന്ന്' കാണാനാണ് 59% ആളുകളും ആഗ്രഹിക്കുന്നതെന്നും വളരെ ചുരുക്കും ആളുകൾ മാത്രമാണ് പാരാലിംപിക്‌സിനെ ‘ആവേശകരമായ കായിക മത്സര’മായി വീക്ഷിക്കുന്നുള്ളുവെന്നും ചാനൽ 4 നടത്തിയ ഗവേഷണത്തിൽ വ്യക്തമായി പറയുന്നു. എന്നാൽ പാരാലിംപിക്‌സിന്റെ ഭാഗമായി 2012- യിൽ ചാനൽ 4 നടത്തിയ ‘സൂപ്പർ ഹ്യൂമൻസ്' കാമ്പയിൻ (‘Superhumans' campaign) ഭിന്നശേഷി സമൂഹത്തെ പറ്റിയുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റം കൊണ്ടുവന്നതായുള്ള ലേഖനകൾ ഗൂഗിളിലുണ്ട്. ഭിന്നശേഷിക്കാരായ കായികതാരങ്ങളെ ‘അതിമാനുഷരായ ഭിന്നശേഷിക്കാർ' (super cripple) എന്ന ചട്ടക്കൂടിലൂടെയാണ് മാധ്യമങ്ങളിൽ ചിത്രീകരിക്കുന്നതെന്നത് വലിയ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് McPherosn et al. (2016) പഠനത്തിൽ പറയുന്നു.
മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിലും (Kerala govt forms ‘Rhythm' art collective for differently-abled youth, 20.10.24) ഭിന്നശേഷിക്കാരുടെ കഴിവുകളും നേട്ടങ്ങളും പറയുന്ന ‘Identity first langugae' ഉള്ളത് ഭിന്നശേഷി റിപ്പോർട്ടിങ്ങിലെ നല്ല പ്രാക്ടീസായി തോന്നുന്നു. ഭിന്നശേഷിക്കാർ ഉൾപ്പെടുന്ന കലാകൂട്ടായ്മയായ ‘റിഥം' സ്ഥാപിച്ചുകൊണ്ട് കേരള സർക്കാർ ഇൻക്‌ളൂസീവായ ഭിന്നശേഷി സംസ്‌ക്കാരത്തിന് തുടക്കം കുറിക്കുന്നുവെന്നാണ് ആഖ്യാനം.
റിപ്പബ്ലിക് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിലും (PM Modi Sends Appreciation Letter to Differently-Abled Artist, 07.11.24) ഭിന്നശേഷി സമൂഹത്തിന്റെ അതിജീവനത്തിന് വലിയ പ്രോൽസാഹനം നൽകുന്ന ആഖ്യാനമാണുള്ളത്. ചാനലിന്റെ രാഷട്രീയ പ്രത്യയശാസ്ത്രം മാറ്റിനിർത്തിയാണ് ഈ നിരീക്ഷണം.
മിഡ്-ഡെ (mid-day) ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (Differently abled athletes deserve better facilities, 28.11.24) പാരീസ് പാരാലിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് ഹർവീന്ദർ സിംഗിന്റെ നറേറ്റീവിൽ വിവിരിച്ച റിപ്പോർട്ടിലും ഭിന്നശേഷിക്കാരുടെ സ്വത്വത്തിന് (Identity) പ്രാധാന്യം നൽകുന്നു. പാരാലിമ്പിക്‌സ് കായികതാരങ്ങൾക്ക് പരിശീലനത്തിന് ഗുണനിലവാരമുള്ള നല്ല മൈതാനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ടെന്ന് ഉറപ്പാക്കുകയും അവരുടെ നേട്ടങ്ങൾക്ക് മറ്റ് കായിക താരങ്ങൾക്ക് നൽകുന്നതിന് തുല്യമായ സാമ്പത്തിക സഹായങ്ങളും നൽകണമെന്നും റിപ്പോർട്ടിൽ ഹർവീന്ദർ പറയുന്നു. ഇങ്ങനെ ഭിന്നശേഷി റിപ്പോർട്ടുകളിൽ ‘ഭിന്നശേഷിക്കാർ’ തന്നെ അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും തുറന്നുപറയട്ടെ.
Inspiration Porn ട്രെന്റ്
ഒട്ടും നല്ലതല്ല
ഭിന്നശേഷിക്കാർ സമൂഹത്തിനെ (Abled-bodies) പ്രചോദിപ്പിക്കാനും (Motivate) രസിപ്പിക്കാനും മാത്രമാണ് ജീവിക്കുന്നതെന്ന തരത്തിലുള്ള എല്ലാ ആഖ്യാനങ്ങളേയും Inspiration Porn കാറ്റഗറിയിൽ പെടുത്താം. ഓസ്‌ട്രേലിയൻ കൊമേഡിയനും, മാധ്യമപ്രവർത്തകനും, ഭിന്നശേഷി ആക്ടിവിസ്റ്റുമായ സ്റ്റെല്ല യംഗാണ് (Stella Young) Inspiration Porn എന്ന് ആദ്യമായി ഉപയോഗിച്ചെതെന്നാണ് അറിവ്. ഭിന്നശേഷിക്കാരുടെ ‘വൈകല്യങ്ങളെ' (Visible Disabilities) വലിയ മോട്ടിവേഷൻ സംഭവങ്ങളായി ഉപയോഗപ്പെടുത്തി വെറും വൈകാരിക- ലളിത ആഖ്യാനങ്ങളായി (Emotional and trivialized narratives) ചിത്രീകരിക്കുന്നു. ‘വൈകല്യത്തെ' അവരുടെ സ്വത്വത്തിന്റെ പ്രധാന ഭാഗമായി ചിത്രീകരിച്ച് അവരുടെ നേട്ടങ്ങൾ മറച്ചുപിടിക്കുന്നതായി തോന്നാം. വൈകല്യമില്ലാത്ത പ്രേക്ഷകർക്ക് (Abled-bodies) ഊഷ്മളതയും പ്രചോദനവും അനുഭവിപ്പിക്കാൻ മാത്രം ‘ഭിന്നശേഷിക്കാരുടെ’ കഥകളും ചിത്രങ്ങളും ഉപയോഗിക്കുന്നത് ഒരുതരത്തിലും നല്ല ജേണലിസം പ്രാക്ടീസായി പറയാൻ പറ്റില്ല. ഭിന്നശേഷിക്കാരെ ‘അനുകമ്പയുടെ ഒരു വസ്തുവായി’ (Object of Pity and Sympathy) ഇവിടെ ചിത്രീകരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ സാധാരണയായി ‘ഭിന്നശേഷിക്കാരെ’ ഉപരിപ്ലവമായി മാത്രം സമീപിക്കുകയും ഇത് നിലവിലുള്ള സ്റ്റീരിയോടൈപ്പുകൾ പുനർനിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുന്നതായി Barnes (1992), Clogston (1993), Haller (1999) എന്നിവരുടെ പഠനങ്ങളിൽ സൂചിപ്പിക്കുന്നു.
അയ്യപ്പന്റെ ജീവിതകഥ മനോഹരമായി വരച്ച മനോജ് കുമാറിന്റെ ഊർജ്ജസ്വലമായ ക്യാൻവാസുകളെ എടുത്തുപറയുന്നതിനുപകരം ‘Differently abled artist’, ‘defies odds’ എന്നീ തലക്കെട്ടിലെ തന്നെ പ്രയോഗങ്ങളിലൂടെ നേരത്തെ സൂചിപ്പിച്ച മോട്ടിവേഷൻ ഒബ്‌ജെക്ട്‌സായി (Motivation Objects) ഭിന്നശേഷിയെ ആഖ്യാനിക്കുന്നത് ഒട്ടും നല്ലതല്ല. ദ ഹിന്ദു ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിത് (Differently abled artist defies odds to bring Lord Ayyappa's tale to life at Sabarimala, 27.11.24).
മനോജ് കുമാറിന് അംഗവൈകല്യം ഇല്ലായിരുന്നെങ്കിൽ അവരുടെ കഥ വാർത്തകൾക്ക് യോഗ്യമാകുമായിരുന്നോ എന്ന് മാധ്യമ പ്രവർത്തകരും മാധ്യമ പ്രവർത്തനം പഠിക്കുന്ന വിദ്യാർത്ഥികളും ചിന്തിക്കണം. ‘വൈകല്യത്തെ’ മാത്രം കേന്ദ്രീകരിച്ചുള്ള ഇത്തരം Inspiration Porn റിപ്പോർട്ടുകൾ ഭിന്നശേഷിക്കാരുടെ ജീവിതങ്ങളെ കുറച്ച് കൂടി ഇരുട്ടിലാക്കുകയാണ് സത്യത്തിൽ ചെയ്യുന്നതെന്ന് തോന്നുന്നു. ഒരുതരത്തിലുള്ള വാർത്താ ചരക്കായി (News Commodity) ‘ഭിന്നശേഷി’ മാറുന്നുവെന്ന് തോന്നാം.
ദ ന്യൂ ഇന്ത്യ എക്‌സ്പ്രസ് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (Meet specially-abled Jammu cricketer Amir Hussain Lone, 18.02.24) ജമ്മു കശ്മീരിലെ ഭിന്നശേഷിക്കാരനായ അമീർ ഹുസൈന്റെ കഥ പറയുന്നുണ്ട്. ഇവിടെ ഉപയോഗിച്ചിട്ടുള്ള വാർത്താചിത്രങ്ങളിൽ നിന്നു തന്നെ, ‘അമീർ ഹുസൈന്റെ’ ക്രിക്കറ്റിലെ മിടുക്കല്ല മറിച്ച്, ‘വൈകല്യത്തെ’ കാണിച്ച് വായനക്കാരെ ഉത്തേജിപ്പിക്കുകയാണ് ഈ Inspiration Porn സ്റ്റോറിയുടെ ഉദ്ദേശ്യമെന്ന് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല.
ചിത്രങ്ങൾ: https://www.newindianexpress.com/good-news/2024/Feb/18/meet-specially-abled-jammu-cricketer-amir-hussain-lone.
മാധ്യമ വ്യവഹാരങ്ങളിലൂടെയും സിനിമകൾ പോലുള്ള സാംസ്‌കാരിക ഉൽപ്പന്നങ്ങളിലൂടെയും സമൂഹം വൈകല്യമുള്ളവരോട് എങ്ങനെ വിവേചനം കാണിക്കുന്നു എന്നതിനെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ വിശദീകരണം നൽകുന്ന പുസ്തകമാണ് Jacob Johanssen, Diana Garrisi എന്നിവർ എഡിറ്റ് ചെയ്ത 'Disability, media, and representations (other bodies). ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ, പാരമ്പര്യ മാധ്യമങ്ങൾ എന്നിവ എങ്ങനെ പോസറ്റീവായി ഭിന്നശേഷിക്കാരായ വ്യക്തിത്വങ്ങളെ പ്രതിനിധീകരിക്കണമെന്ന് പറയുന്ന ഈ പുസ്തകം ഇവിടെ പ്രസ്‌ക്തമാണെന്ന് തോന്നുന്നു.
ഭിന്നശേഷിക്കാരെ കൊല്ലുന്നതും
‘കൊലപാതകങ്ങൾ’ തന്നെയല്ലെ?
വേറെ നിവൃത്തിയില്ലാതെയാണ് ഭിന്നശേഷിക്കാരായ തന്റെ മക്കളെ ഹീരാലാൽ എന്ന പിതാവ് കൊന്നുകളഞ്ഞതെന്ന തരത്തിലുള്ള ആഖ്യാനങ്ങൾ ഭയപ്പെടുത്തുന്നതാണ്. Livemint.com പ്രസിദ്ധീകരിച്ച വാർത്ത (Delhi News: Man and his four differently-abled daughters found dead in Vasant Kunj; suicide suspected, 28.09.24) ഒരു ഉദാഹരണം മാത്രം. ഭാര്യ മരിച്ചതുമുതൽ ഹീരാലാൽ എന്ന പിതാവ് പെൺകുട്ടികളെ പരിപാലിക്കുന്നതിൽ ഒരുപാട് കഷ്ടപ്പെട്ടിരുന്നെന്നും വേറെ നിവൃത്തിയില്ലാതെയാണ് മക്കളെ കൊന്നുകളഞ്ഞതെന്നുമുള്ള ആഖ്യാനം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക.
മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിലും (Disabled man hacked to death by nephew in Kannur, 13.05.24) തലക്കെട്ടിൽ 'Disabled man' എന്ന് പ്രത്യേകം പറയുന്നതെന്തിനാണ് എന്ന് തോന്നിപ്പോകും.
ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തയിൽ (NGO says 16 disabled perosns 'murdered' in two years in Kerala, flags concern, 05.01.24) സമീപവർഷങ്ങളിൽ ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളുടെ എണ്ണം നമ്മുടെ സംസ്ഥാനത്ത് അകടകരമായ രീതിയൽ വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഈ മരണങ്ങളിൽ ചിലത് തങ്ങളുടെ വൈകല്യമുള്ള ബന്ധുക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള കുടുംബാംഗങ്ങൾ നടത്തിയ കൊലപാതകങ്ങളാണെന്ന രീതിയിലാണ് മാധ്യമങ്ങൾറിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്.
ഭിന്നശേഷിക്കാരെ കൊല്ലുന്നത് ന്യായീകരിക്കാവുന്നതും അനിവാര്യവുമാണെന്ന തരത്തിലുള്ള മാധ്യമ ആഖ്യാനങ്ങൾ ഒട്ടും ഭൂഷണമല്ല. നിങ്ങളുടെ ഭിന്നശേഷിയുള്ള കുട്ടിയെ കൊല്ലുകയാണെങ്കിൽ എന്തോ വലിയ ശ്രദ്ധയും സഹാനുഭൂതിയും ലഭിക്കുമെന്ന തെറ്റായ സന്ദേശമായിരിക്കാം ഇത്തരം ആഖ്യാനങ്ങളിലൂടെ മാധ്യമങ്ങൾ നൽകുന്നത്.
മുൻവിധികൾക്ക് (Social Prejudice) മാറ്റമുണ്ടാകുന്നുണ്ടോ?
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. ഇവിടെ മാധ്യമങ്ങൾ പിൻന്തുടരേണ്ടത് ഭിന്നശേഷിയുമായി ബന്ധപ്പെട്ട സോഷ്യൽ മോഡലാണെന്ന് തോന്നുന്നു (Social Model of Disability). What Can a Body Do? How We Meet the Built World എന്ന സാറാ ഹെൻഡ്രന്റെ പുസ്തകത്തിൽ ഈ ആശയം നന്നായി വിവിരിക്കുന്നുണ്ട്:
‘‘Ability and disability may be in part about the physical state of the body, but they are alos produced by the relative flexibility or rigidity of the built world ... [disability] reveals just how unfinished the world really is’’.
‘ഭിന്നശേഷി’ ഒരു കുറവോ പരിമിതിയോ വൈകല്യമോ അല്ലെന്നും, അത്തരം വ്യക്തികളെ പ്രാപ്യമായ രീതിയിൽ ഉൾക്കൊള്ളുന്നതിന് നമ്മുടെ ‘മുഖ്യധാരാ’ സമൂഹത്തിന്റ മനോഭാവങ്ങളിലും ഘടനയിലുമാണ് മാറ്റങ്ങൾ വരേണ്ടതെന്നാണ് ഭിന്നശേഷിയുമായി ബന്ധപ്പെട്ട സോഷ്യൽ മോഡൽ പറയുന്നത്. ‘ഭിന്നശേഷിക്കാർ’ കൂടി ഉൾച്ചേരുന്നതാകണം, നമ്മുടെ ‘മുഖ്യധാരാ സമൂഹം’.
കഴിഞ്ഞ ഏപ്രിലിൽ എറണാകുളത്ത് നടന്ന ഡോക്ടർമാരുടെ ദേശീയ സമ്മേളനത്തിന്റെ പ്രധാന സംഘാടകരായിരുന്നത് ഭിന്നശേഷിക്കാരായിരുന്നു. മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത (Differently-abled organisers, the main attraction of national conference of doctors, 06.04.24), നേരത്തെ സൂചിപ്പിച്ച സോഷ്യൽ മോഡൽ ആശയത്തിന് കരുത്തുപകരുന്നതാണ്. ഇടപ്പള്ളിയിലെ ഭിന്നശേഷിക്കാരുടെ പരിശീലന കേന്ദ്രമായ ഡേ ഡ്രീംമിലെ അംഗങ്ങളാണ് സംഘാടകരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ‘ഭിന്നശേഷിയെ’ ഒരു മെഡിക്കൽ അവസ്ഥയാക്കി (വൈകല്യമാക്കി) മാത്രം ചുരുക്കിക്കാണുള്ള പൊതു സമൂഹത്തിന്റെ മുൻവിധികളെ പൊളിക്കുന്ന ഇത്തരം നറേറ്റീവുകൾ ഭിന്നശേഷി റിപ്പോർട്ടിങിൽ വളരെ നല്ലതാണെന്ന് തോന്നുന്നു. എന്നാൽ ഇവരെക്കൊണ്ട് ഇതിനൊക്കെ സാധിക്കുമോ എന്ന സംശയം റിപ്പോർട്ടിൽ ഡോക്ടർമാർ തന്നെ ഉന്നയിക്കുന്നുണ്ട്.
നിർഭാഗ്യകരമായി, റിപ്പോർട്ടിൽ ഒരിടത്തും ഭിന്നശേഷിക്കാരായ സംഘാടകരുടെ പ്രസ്താവനകൾകണ്ടില്ല. എന്തുകൊണ്ടായിരിക്കും ഭിന്നശേഷി റിപ്പോർട്ടിങ്ങിൽ ‘ഭിന്നശേഷിക്കാരുടെ ശബ്ദം’ ഇല്ലാതെ പോകുന്നത്. ഭിന്നശേഷി റിപ്പോർട്ടിങ്ങിൽ ഭിന്നശേഷിക്കാർ തന്നെയായിരിക്കണം പ്രധാന വാർത്ത ഉറവിടങ്ങൾ. അവരുടെ അനുഭവങ്ങളും പരിമിതികളും ആഗ്രഹങ്ങളും സ്വപ്നങ്ങളും അവർ തന്നെയല്ലേ തുറന്നുപറയേണ്ട്?
ദ ട്രിബ്യൂൺ പ്രസിദ്ധീകരിച്ച വാർത്തയിലും (Kerala magician wows Chandigarh audience with interactive show promoting oscial integration for differently abled, 22.11.24) ഇത്തരം മുൻവിധികളെ പൊളിക്കുന്ന ആഖ്യാനങ്ങൾ കാണാം. മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ ക്രോസ്- കൺട്രി ‘ഇൻക്ലൂസീവ് ഇന്ത്യ’ പര്യടനത്തിന്റെ ഭാഗമായുള്ള പരിപാടിയുടെ റിപ്പോർട്ടിലെ ആഖ്യാനത്തിലും ഭിന്നശേഷിസമൂഹത്തെ മുഖ്യധാരയുമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നുണ്ട്.
The Conversation പ്രസിദ്ധീകരിച്ച വാർത്തയിലും (‘Differently abled': new Paris exhibition reveals how attitudes to paralympic sport havechanged, 27.08.24) മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിലും (Kerala govt is considering setting up sports academy for differently-abled, 26.02.24) ‘ഭിന്നശേഷി സമൂഹം’ കൂടി ഉൾപ്പെടുന്നതാണ് നമ്മുടെ മുഖ്യാധാരാസമൂഹം എന്ന പരിപ്രേക്ഷ്യം വായനക്കാരിലുണ്ടാക്കുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും വൈവിധ്യത്തെക്കുറിച്ചും അവരുടെ സാഹചര്യങ്ങളെക്കുറിച്ചും അവബോധവും ധാരണയും വർദ്ധിപ്പിക്കുന്നതിനും, സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭിന്നശേഷിക്കാർക്ക് ഫലപ്രദവും വിജയകരവുമായും ഇടപെടുന്നതിനും മാധ്യമങ്ങൾക്ക് സജീവമായി സംഭാവന നൽകാൻ കഴിയും. എന്നാൽ മാധ്യമങ്ങളിലെ ഭിന്നശേഷിക്കാരുടെ പ്രതിനിധാനങ്ങൾ വളരെ ലളിതമായ സ്റ്റീരിയോടൈപ്പുകളിലേക്ക് വീണുപോകുന്നതിനുള്ള സാധ്യതകളുമുണ്ട്.
ഭിന്നശേഷിക്കാരുടെ അനുഭവങ്ങളെ കുറിച്ച് ധാരണയില്ലാത്ത മാധ്യമപ്രവർത്തകർ മുഖ്യധാരാ മാധ്യമങ്ങളിൽ ഭിന്നശേഷിക്കാരെ ചിത്രീകരിക്കുന്നതും ഭിന്നശേഷിക്കാർ, തങ്ങളെ എങ്ങനെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നു എന്നതും തമ്മിൽ വലിയ അന്തരമുള്ളതായി cf. Thoreau (2006) പഠനത്തിൽ വ്യക്തമാക്കുന്നു.
ഭിന്നശേഷിക്കാരെ അതിശയോക്തിയില്ലാതെ, പോസിറ്റീവ് വെളിച്ചത്തിൽ ചിത്രീകരിക്കുന്നതിലൂടെ സാമൂഹിക മുൻവിധികളെ വെല്ലുവിളിക്കാം. ഭിന്നശേഷി കഥാപാത്രങ്ങളെ പ്രദർശിപ്പിക്കുന്നതിലുള്ള വൈവിധ്യവും പ്രാതിനിധ്യവും മനസിലാക്കാൻ സഹായിക്കുന്ന ചില ഉദാഹരണങ്ങളാണ് Rising Phoenix, The Theory of Everything എന്നീ ഡോക്യുമെന്ററികളും A Beautiful Mind, Margarita with a Straw, You're Not You, The Theory of Everything എന്നീ സിനിമകളും.
ഭിന്നശേഷി റിപ്പോർട്ടിങ് സെൻസിറ്റീവ് മേഖലയാണ്. അതിനാൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ (Disability Rights), നിയമങ്ങൾ, ഭിന്നശേഷി റിപ്പോർട്ടിങ്ങിൽ ഉപയോഗിക്കാവുന്ന ഭാഷ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരിപാടികൾ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിക്കാം. ഭിന്നശേഷി വ്യക്തിത്വങ്ങളെ കൃത്യമായും സംവേദനക്ഷമതയോടേയും പ്രതിനിധാനം ചെയ്യുന്നതിന് ഇത്തരം വ്യവഹാരങ്ങൾ സഹായിച്ചേക്കും.
ഭിന്നശേഷിക്കാരുടെ വ്യക്തിപരമായ അനുഭവങ്ങൾ അവരോടുതന്നെ ചോദിച്ച് അവരെ ‘ആധികാരിക ശബ്ദമായി’ (Primary Source) റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഭൂരിഭാഗം റിപ്പോർട്ടുകളിലും അവരുടെ മാതാപിതാക്കളേയോ പരിശീലിപ്പിക്കുന്ന അധ്യാപകരേയോ ഡോക്ടർമാരേയോ ആണ് വാർത്തകളുടെ പ്രാഥമിക ഉറവിടങ്ങളായി പറയുന്നത്. വിശകലനം ചെയ്ത റിപ്പോർട്ടുകളിൽ ലൈംഗിക ന്യൂനപക്ഷ സമൂഹങ്ങളിലെ ഭിന്നശേഷിക്കാരുടെ കഥകൾ തീർത്തും ഇല്ലാതായി പോയിട്ടുള്ളതും ശ്രദ്ധിക്കണം.
മാധ്യമ റിപ്പോർട്ടിങ്ങുകളെ വിശകലനം ചെയ്യുന്ന NEWS BIN കോളത്തിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം
▮
Refrerences:
Barnes Colin (1992), Disabling Imagery and the Media, An Exploration of the Principles for Media Representations of Disabled Pe ople. The First in a Series of Reports, Halifax: Ryburn Publishing.
Clogston John S. (1993), Changes in coverage patterns of disability issues in three major American newspapers, 1976-1991, paper presented on the yearly meeting of Asosciation of Education in Journalism and Mass Communication, August, Kansas City.
Haller Beth (1999), How the News Frames Disability: Print Media Coverage of the Americans with Disabilities Act, 'Research in Social Science and Disability', vol. 1, pp. 5583.
Haller Beth (2000), If they limp, they lead? News representations and the hierarchy of disability images, [in:] Dawn Braithwaite, Theresa L. Thomposn (eds.), Handbook of communication and disabled people: Research and application, Mahwah: Lawrence Erlbaum, pp. 273-288.
McPherosn Gayle, O'Donnell Hugh, McGillivray David, Misener Laura (2016), Elite athletes or superstars? Media representa tion of Para-athletes at the Glasgow 2014 Commonwealth Games, 'Disability & Society', vol. 31(5), pp. 659-675, https://doi.org/ 10.1080/09687599.2016.1197823
Thoreau Estelle (2006), Ouch!: An Examination of the Self-Representation of Disabled People on the Internet, 'Journal of Compu ter-Mediated Communication', vol. 11(2), pp. 442-468
Online Links:
https://inclusivefutures.org/covering-disability-in-the-media/
https://cdrnys.org/disability-writing-journalism-guidelines/
https://www.rosariumhealth.com/blog/importance-of-disability-representation-in-media
https://chicagolighthouse.org/sandys-view/media-and-people-with-disabilities/
https://www.rosariumhealth.com/blog/importance-of-disability-representation-in-media
https://userway.org/blog/disability-representation-in-media/
https://www.un.org/development/desa/disabilities/reosurces/disability-and-the-media.html
https://missingperspectives.com/posts/reality-tv-disability-representation/