ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രാകർ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെ രണ്ട് രീതിയിൽ കാണേണ്ടതുണ്ട്.
ഒന്ന്, അദ്ദേഹത്തിൻെറ വ്യക്തിപരമായ ജീവിതം. അത് വളരെ പ്രചോദനം നൽകുന്നതാണ്. പരിമിത സാഹചര്യങ്ങളിൽ വല്ലാതെ കഷ്ടപ്പെട്ടാണ് അദ്ദേഹം വളർന്നത്. ചെറുപ്പത്തിൽ അച്ഛൻ മരിച്ചു. അമ്മയും വൈകാതെ കാൻസർ വന്ന് മരിച്ചു. സഹോദരങ്ങളെ അദ്ദേഹമാണ് വളർത്തിയത്. നാട്ടിലെ അക്രമങ്ങളും മറ്റും കാരണം ക്യാമ്പുകളിലൊക്കെയാണ് അവർ വളർന്നത്. ഇതൊന്നും വകവെക്കാതെ മുകേഷ് മാധ്യമപ്രവർത്തനം പഠിക്കുകയും സ്വന്തമായി ‘ബസ്തർ ജംങ്ഷൻ’ എന്ന പേരിൽ യൂ ട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തു. അതിന് വൻതോതിൽ വ്യൂവേഴ്സ് ഉണ്ടായി. ബസ്തറിനെ സംബന്ധിച്ച് അത് ചെറിയ കാര്യമല്ല.
ഞാനടക്കമുള്ള മാധ്യമപ്രവർത്തകർ ബസ്തറിനെ വേണ്ട രീതിയിൽ ശ്രദ്ധിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. അവിടെ ഏറ്റുമുട്ടലുണ്ടായി ആളുകൾ മരിക്കുമ്പോൾ, എത്ര പേർ മരിച്ചുവെന്ന നമ്പറുകളാണ് വാർത്തയാവാറ്. എങ്കിലും ദ ഹിന്ദു, ദ വയർ, ന്യൂസ് ക്ലിക്ക് തുടങ്ങിയ മാധ്യമങ്ങളിലൊക്കെ ഇവിടെ നിന്നുള്ള ഗ്രൗണ്ട് റിപ്പോട്ടുകൾ വന്നിട്ടുമുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ, പക്ഷേ അവിടെ നിന്നുള്ള വാർത്തകൾക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. അങ്ങനെ അപകടം പിടിച്ച ഒരു മേഖലയിൽ നിന്ന് ഇത്തരത്തിൽ റിപ്പോർട്ടിങ് നടത്തുകയെന്നത് വലിയ മാതൃക തന്നെയാണ്. അതിനെ അസൂയാവഹമെന്ന് തന്നെ വിശേഷിപ്പിക്കണം. ആ രീതിയിലാണ് മുകേഷ് അവിടുത്തെ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത്. തുച്ഛമായ വേതനവും വരുമാനവുമൊക്കെ മാത്രം കിട്ടിയിരുന്ന അദ്ദേഹം എങ്ങനെയാണ് ഇതൊക്കെ ചെയ്തതെന്ന കാര്യം അത്ഭുതത്തോടെ മാത്രമേ കാണാൻ പറ്റുകയുള്ളൂ. കുറച്ചുകാലം മാത്രമേ ജീവിച്ചിരുന്നുള്ളൂവെങ്കിലും നമ്മുടെ പല ‘മാധ്യമസിംഹങ്ങളും’ ചെയ്യുന്നതിനേക്കാൾ വലിയ കാര്യങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതിനെ പ്രൊഫഷനെന്നല്ല, സേവനമെന്നുതന്നെ വിളിക്കണം.
പ്രതിസന്ധികളെ തരണം ചെയ്ത് തങ്ങളുടെ ജോലി കൃത്യമായി എടുക്കുന്ന ഒരുകൂട്ടം മാധ്യമപ്രവർത്തകർ നമുക്കിടയിലുണ്ടെന്ന് ആരും ഓർക്കാറില്ല. അത്തരം മാധ്യമപ്രവർത്തകരുടെ ജീവിതത്തിൻെറ ദുരിതം കൂടിയാണ് മുകേഷിൻെറ കൊലപാതകത്തിലൂടെ പുറത്തുവരുന്നത്.
മാധ്യമപ്രവർത്തനം എന്നത് ഒരു പ്രൊഫഷനല്ല, സേവനമാണെന്നാണ് അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചത്. ഇങ്ങനെ ജീവിതം സേവനമായി കൊണ്ടുപോയ അധികം മാധ്യമപ്രവർത്തകരെ എനിക്ക് പരിചയമില്ല. പി. സായ്നാഥിനെ പോലുള്ളവരൊക്കെ നമുക്കുണ്ട്. അത് മറന്നുകൊണ്ടല്ല പറയുന്നത്. പക്ഷേ, സായ്നാഥിന് ‘ദ ഹിന്ദു’ പോലൊരു വലിയ മാധ്യമസ്ഥാപനത്തിൻെറ പിന്തുണയുണ്ടായിരുന്നു. വിരമിച്ച ശേഷവും സായ്നാഥ് ‘പരി’യെന്ന ഓൺലൈൻ മാധ്യമത്തിലൂടെ അടിസ്ഥാന ജനവിഭാഗങ്ങൾക്കായി മാധ്യമപ്രവർത്തനം തുടരുന്നുണ്ട്. അത് സ്തുത്യർഹമായ സേവനം തന്നെയാണ്. എന്നാൽ, അപ്പോഴേക്കും അദ്ദേഹം അന്താരാഷ്ട്രതലത്തിൽ തന്നെ പ്രശസ്തി നേടിയ മാധ്യമപ്രവർത്തകനായിരിക്കുന്നു. അതിൻെറയൊക്കെ പിന്തുണ സായ്നാഥിനുണ്ട്. ഇതൊന്നും ഇല്ലാതെയാണ് മുകേഷ് ചെറിയ കാലയളവിൽ ഇത്രയും കാര്യങ്ങൾ ചെയ്തത്. ഇതാണ് വ്യക്തിപരമായ കാര്യം.
മുകേഷിൻെറ മാധ്യമപ്രവർത്തനത്തിൻെറ രീതി എന്തായിരുന്നുവെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്. മാധ്യമപ്രവർത്തകരെ കളിയാക്കുക, അപമാനിക്കുക എന്നതൊക്കെ ഇന്നൊരു ഫാഷനാണ്. പലരും അത് അർഹിക്കുന്നുണ്ടുതാനും. കാരണം, ഇന്ന് ഇന്ത്യയിൽ വൻതോതിൽ വിദ്വേഷം പരത്തുന്നതിൽ സംഘപരിവാരമടങ്ങുന്ന വലതുപക്ഷത്തെ പോലെത്തന്നെ ഒരു വിഭാഗം മാധ്യമപ്രവർത്തകരും ഉത്തരവാദികളാണ്. എന്നാൽ, കാടടച്ച് വെടിവെക്കുന്നതുപോലെ, മാധ്യമപ്രവർത്തരെ ചീത്ത വിളിക്കുമ്പോൾ മുകേഷിനെ പോലുള്ളവരെ മറന്നുപോവുന്നു എന്നതാണ് വാസ്തവം.
ഇന്ത്യയിലെ ഉൾനാടുകളിൽനിന്ന് എത്രത്തോളം വെല്ലുവിളി നേരിട്ടാണ് അവർ ഓരോ ദിവസവും മാധ്യമപ്രവർത്തനം നടത്തുന്നതെന്ന് കൂടി നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. അതിൻെറ ഏറ്റവും ക്രൂരമായ ഇരയായി മാറുകയായിരുന്നു മുകേഷെന്ന് പറയേണ്ടി വരും. അതിക്രൂരമായാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്. വധിച്ച ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളുകയെന്നതൊക്കെ പഴയ സിനിമകളിലും മാത്രമാണ് കണ്ടിട്ടുള്ളത്. അത് 2025-ൽ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ മാധ്യമപ്രവർത്തനം എന്ന ഇൻസ്റ്റിറ്റ്യൂഷൻെറ കൂടി വലിയ പരാജയമായി ഇതിനെ കണക്കാക്കണം.
സ്ട്രിങ്ങേഴ്സിനെതിരെ പലപ്പോഴും അനാവശ്യമായി കേസുകൾ ഫയൽ ചെയ്യുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. പല പത്രമാനേജ്മെൻറുകളും ഈ കേസ് നേരിടാനുള്ള സാമ്പത്തിക സഹായമൊന്നും അവർക്ക് നൽകാറില്ല.
മുഖ്യധാരാ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർ വലിയ ശമ്പളവും ആനുകൂല്യവുമൊക്കെ പറ്റുന്നുണ്ട്. എന്നാൽ, ഉൾനാടുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നവരുടെ സ്ഥിതി പരിതാപകരമാണ്. ഞാനടക്കമുള്ളവർ ഇതിൻെറ ഉത്തരവാദികളാണ്. അത്തരം മാധ്യമപ്രവർത്തകർക്കുവേണ്ടി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. Cannon Fodder എന്ന് ഇവരെ വിശേഷിപ്പിക്കേണ്ടി വരും. മാധ്യമസ്ഥാപനങ്ങളിൽ പെട്ടെന്നൊരു പ്രതിസന്ധി വരുമ്പോൾ ആദ്യം ജോലി പോവുന്നത് ഉൾനാടുകളിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നവരുടേതായിരിക്കും. അവരെ ലോക്കൽ ഫിക്സേഴ്സ് (Local Fixers) എന്നും ലോബിയിസ്റ്റ് (Lobbiyst) എന്നുമൊക്കെ വിളിക്കാറുണ്ട്. ചിലരൊക്കെ പോലീസ് കേസുകളും മറ്റും ഒതുക്കി തീർക്കാൻ ഇടപെടാറുണ്ടെന്നത് സത്യമാണ്. അവർ അങ്ങനെയായിപ്പോവുന്നത് നിവൃത്തിയില്ലാത്തത് കൊണ്ടാണ്. എന്നാൽ, മുകേഷിനെപ്പോലുള്ളവർ ഈ ഗണത്തിൽ പെടുന്നവരല്ല. ഒരുതരം സ്വാധീനത്തിനും യാതൊരു പ്രതിഫലത്തിനും വഴങ്ങാതെയാണ് മുകേഷ് ജോലി ചെയ്തത്. റോഡ് കോൺട്രാക്ടർ മുകേഷിനെ വീട്ടിൽ വിളിച്ച് വരുത്തിയത് ആദ്യം പണം കൊടുത്തോ മറ്റോ പ്രലോഭിപ്പിക്കാൻ തന്നെയായിരിക്കണം. വൻ തുക വാഗ്ദാനം ചെയ്തിരിക്കണം. എന്നാൽ അതിനൊന്നും മുകേഷ് വഴങ്ങിയില്ലെന്ന് നമ്മൾ മനസ്സിലാക്കണം. അദ്ദേഹത്തിൻെറ കൊലപാതകം തെളിയിക്കുന്നത് അതാണ്.
ഉൾനാടുകളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ സ്ട്രിംങ്ങേഴ്സ് എന്നാണ് വിശേഷിപ്പിക്കുന്നത്. തങ്ങൾ നൽകിയ അച്ചടിച്ച വാർത്തകൾ ചരടുകൊണ്ടളന്ന്, പത്രമോഫീസിൽ കൊണ്ടു കൊടുത്ത്, ആ ചരടിൻെറ അളവിനാണ് പണ്ട് അവർക്ക് പ്രതിഫലം ലഭിച്ചിരുന്നത്. ഒരു സെൻറീമീറ്ററിന് ഇത്ര, ഒരു വാക്കിന് ഇത്ര എന്നൊക്കെയാവും പ്രതിഫലം. വലിയ വാർത്ത നൽകിയാലും അതിൽ നിന്ന് ഒന്നോ രണ്ടോ പാരഗ്രാഫ് മാത്രമൊക്കെയായിരിക്കും അച്ചടിച്ച് വരുന്നത്. അഥവാ ഒരു ഫിക്സഡ് തുക നിശ്ചയിച്ചാൽ പോലും അത് തുച്ഛമായിരിക്കും. ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് തങ്ങളുടെ ജോലി കൃത്യമായി എടുക്കുന്ന ഒരുകൂട്ടം മാധ്യമപ്രവർത്തകർ നമുക്കിടയിലുണ്ടെന്ന് ആരും ഓർക്കാറില്ല. അത്തരം മാധ്യമപ്രവർത്തകരുടെ ജീവിതത്തിൻെറ ദുരിതം കൂടിയാണ് മുകേഷിൻെറ കൊലപാതകത്തിലൂടെ പുറത്തുവരുന്നത്. അതൊക്കെ നമ്മൾ അറിയുകയും ഓർക്കുകയും ചെയ്താൽ നല്ലത്.
സ്ട്രിങ്ങേഴ്സിനെതിരെ പലപ്പോഴും അനാവശ്യമായി കേസുകൾ ഫയൽ ചെയ്യുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. പല പത്രമാനേജ്മെൻറുകളും ഈ കേസ് നേരിടാനുള്ള സാമ്പത്തിക സഹായമൊന്നും അവർക്ക് നൽകാറില്ല. സ്വന്തം ജീവനക്കാരെ മാധ്യമ മാനേജ്മെൻറുകൾ സംരക്ഷിക്കും. എന്നാൽ സ്ട്രിങ്ങേഴ്സിന് ഇത്തരം ആനുകൂല്യങ്ങളൊന്നും കിട്ടാറില്ല. സ്ഥാപനം കൂടി പ്രതി ചേർക്കപ്പെടുന്ന സാഹചര്യമൊക്കെ ഉണ്ടായാൽ സ്ഥിതി വ്യത്യസ്തമാവാറുണ്ട്. വ്യക്തിപരമായി സ്ട്രിങ്ങേഴ്സിനെതിരെ തന്നെയാണ് ബഹുഭൂരിപക്ഷം കേസുകളും കൊടുക്കാറുള്ളത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളോ വ്യവസായികളോ ഒക്കെ ഇത്തരത്തിൽ കേസ് കൊടുക്കാറുണ്ട്. അവർക്കെതിരെ റിപ്പോർട്ട് കൊടുക്കുകയോ വാർത്ത കൊടുക്കുകയോ ഒക്കെ ചെയ്യുമ്പോൾ, തങ്ങളിൽ നിന്ന് പണം ആവശ്യപ്പെട്ടുവെന്നൊക്കെ സ്ട്രിങ്ങേഴ്സിനെതിരെ ആരോപണം ഉന്നയിക്കാറുണ്ട്. വ്യക്തിപരമായി കേസ് വന്നാൽ തനിച്ച് നേരിടുകയല്ലാതെ വേറെ വഴിയില്ല. ഇത്തരം മാധ്യമപ്രവർത്തകർക്ക് കേസുകൾ നേരിടാനും മറ്റും സാമ്പത്തിക സഹായം നൽകുന്നതിന് ചില സ്വതന്ത്ര മാധ്യമ ഇനീഷ്യേറ്റീവുകൾ മുന്നോട്ട് വന്നിരുന്നു. അത് എത്രത്തോളം മുന്നോട്ട് പോയെന്ന് വ്യക്തമായി അറിയില്ല. ഇത്തരം കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകേണ്ടതുണ്ട്. അക്രഡിറ്റേഷൻ ഇല്ല എന്നൊക്കെ പറഞ്ഞ് പല ട്രേഡ് യൂണിയനുകളും ഇവർക്ക് സംഘടനയിൽ അംഗത്വം കൊടുക്കാറൊന്നുമില്ല. അത്തരം ന്യായങ്ങളൊക്കെ മാറ്റിവെച്ച് അടിത്തട്ടിൽ നിന്ന് വാർത്ത ചെയ്യുന്നവർക്കൊപ്പം സംഘടനകൾ നിൽക്കേണ്ടതുണ്ട്. മുകേഷിൻെറ മരണം ഇതൊക്കെയാണ് നമ്മളെ ഓർമ്മിപ്പിക്കുന്നത്.