കോയ മുഹമ്മദ്

ആ സ്ഥാനാർഥി ജയിക്കാതെ പോയിരുന്നെങ്കിലോ?

പത്രത്തിന്റെ ഡസ്ക് ഇലക്ഷൻ കാലത്തെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്? അതും ഒരു പാർട്ടി പത്രമായാലോ? ഒരു മണ്ഡല അവലോകനത്തിന്റെ ഹെഡിംഗിലൂടെ ഡെസ്ക് പിടിച്ച പുലിവാലിനെക്കുറിച്ചെഴുതുന്നു, കോയ മുഹമ്മദ്.

ന്നെങ്ങാനും മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ അത് കാതിൽ ഒട്ടിച്ചുപിടിപ്പിക്കേണ്ടിവന്നേനെ. ഇടതുകൈയുടെ കാര്യം പിന്നെ പറയേണ്ടതുമില്ലല്ലോ. എന്തൊരു ഭാരമായിരുന്നു, 'നോക്കിയ' യുടെതാണെങ്കിലും, ആദ്യത്തെ മൊബൈൽ ഹാൻഡ് സെറ്റിന്.

1996- ലെ പൊതുതെരഞ്ഞെടുപ്പു കാലം. പത്രങ്ങളെല്ലാം ഇലക്‌ഷൻ വാർത്തകൾ പൊട്ടും പൊടിയും പോലും ചോരാതെ വായനക്കാർക്കെത്തിക്കാൻ സുസജ്ജം. ദേശാഭിമാനിയും അതെ. തിരുവനന്തപുരത്തോ കൊച്ചിയിലോ ആണ് ദേശാഭിമാനിയുടെ സെൻട്രൽ ഇലക്ഷൻ ഡസ്ക് പ്രവർത്തിക്കാറ്. കാലേക്കൂട്ടി ഡസ്ക്കിലേക്ക് സബ് എഡിറ്റർമാരെയും ചീഫ് സബ്ബുമാരെയും ന്യൂസ് എഡിറ്ററെയുമെല്ലാം നിയോഗിച്ചിരിക്കും. ന്യൂസ് എഡിറ്റർമാരായ സി.എം. അബ്ദുറഹിമാനോ കെ. എം. അബ്ബാസോ ഗോപാലകൃഷ്ണനോ ഒക്കെയാണ് ഡസ്കിന്റെ തലപ്പത്തുണ്ടാവുക. ബ്യൂറോകളെ ഏകോപിപ്പിച്ചും പുറത്തുനിന്നുള്ള വിദഗ്ധരെ ബന്ധപ്പെടുത്തിയും തെരഞ്ഞെടുപ്പുകാല പത്രത്തിലേക്കുള്ള ഉരുപ്പടികൾ തയാറാക്കി പ്രത്യേക പേജുകൾ ഒരുക്കി അന്നന്ന് വിവിധ എഡിഷനുകളിലേക്കു കൈമാറും.

ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ

തെരഞ്ഞെടുപ്പ് ജനാധിപ‌ത്യത്തിന്റെ ഉത്സവമാണ്. ദേശാഭിമാനി വായനക്കാർ അതിൽ ആണ്ടുമുങ്ങുന്നവരുമാണ്. പത്രത്തിന്റെ സർക്കുലേഷൻ കുതിച്ചുയരുന്ന സമയം. (കോവിഡ് ഇടവേളക്കുശേഷം ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് 2022 മുതൽ നടത്തിയ മൂന്ന് ഓഡിറ്റ് കാലയളവിലും മലയാള ദിനപത്രങ്ങളിൽ പ്രചാരത്തിൽ വളർച്ച രേഖപ്പെടുത്തിയത് ദേശാഭിമാനി മാത്രമാണെന്ന വസ്തുത വേറെ). അവസരോചിതമായി ദേശാഭിമാനി മാനേജ്മെന്റ് ഇക്കാലത്ത് സടകുടഞ്ഞെഴന്നേൽക്കുന്നു.

സ്വാഭാവികമായും, കോഴിക്കോട്ടായാലും മറ്റു എഡിഷനുകളിലായാലും വായനക്കാർക്കു വിളമ്പാൻ തെരഞ്ഞെടുപ്പ് സെൻട്രൽ ഡസ്കിൽ നിന്ന് കിട്ടുന്ന വിഭവങ്ങളൊന്നും മതിയാവാതെവരുന്നു. സ്വന്തം പരിധിയിലെ മണ്ഡലങ്ങളുടെയെല്ലാം ഓരോ ഘട്ടത്തിലെയും സമഗ്രചിത്രം വായനക്കാർക്കു നൽകാൻ അവലോകനങ്ങളും, കൗതുകകരവും വിജ്ഞാനപ്രദവുമായ മറ്റു പംക്തികളും കൈകാര്യം ചെയ്യാൻ അതാതു പ്രൊഡക്‌ഷൻ സെൻററുകളിൽ പ്രത്യേക വിഭാഗവും പ്രവർത്തിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായാലും ദൈനംദിന സംഭവവികാസങ്ങളെല്ലാം ബ്യൂറോകളും അതാതിടത്തെ മെയിൻ ഡസ്ക്കും കൈകാര്യം ചെയ്തു പോന്നു.

1987- ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കാനിരുന്ന ദിവസത്തെ മാതൃഭൂമി പത്രത്തിൽ യു ഡി എഫിന് 113 സീറ്റ് കിട്ടുമെന്നായിരുന്നു ലീഡ്. ഫലം പ്രഖ്യാപിച്ചപ്പോൾ, എൽ ഡി എഫിന് 78- ഉം യു ഡി എഫിന് 61-ഉം സീറ്റ് എന്ന് പിറ്റേന്ന് പത്രത്തിന് ലീഡ് കൊടുക്കേണ്ടിയും വന്നു.

കോഴിക്കോട്ടെ പ്രാദേശിക തെരഞ്ഞെടുപ്പു ഡസ്ക്ക് തയാറാക്കിയ ഒരു മണ്ഡലാവലോകനം ഞങ്ങളെയെല്ലാം വിഷമസന്ധിയിലാക്കിക്കളഞ്ഞതാണ് പറഞ്ഞുവരുന്നത്. അന്ന് വീട്ടിൽ ഫോണില്ല. ഓഫീസിൽ എത്തിയപ്പോഴാണറിയുന്നത്. എഡിഷൻ പ്രത്യേക പേജിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ സഹിതം ഉൾപ്പെടുത്തിയ പേരാമ്പ്ര നിയമസഭാ മണ്ഡലം അവലോകനം അച്ചടിച്ചുവന്നത് 'ഇത്തവണ കണക്കു തീർക്കും' എന്നു തന്നെയോ ആ അർഥം വരുന്ന മറ്റു പദാവലിയിലോ ('ഇത്തവണ പകരം വീട്ടും' എന്നോ മറ്റോ) ഉള്ള ശീർഷകത്തിലായിരുന്നു. 'കണക്കു തീർക്കും', 'കൈപ്പിഴ തിരുത്തും' എന്നൊക്കെയുള്ള പ്രയോഗങ്ങൾ നാലോ അഞ്ചോ ദിവസം കൂടുമ്പോൾ ഇത്തരം അവലോകനങ്ങൾക്ക് ശീർഷകസ്ഥാനം അലങ്കരിക്കുക അസാധാരണമല്ല. പുതുമയും മൗലികതയും തേടാൻ സാവകാശമില്ലെന്ന ന്യായീകരണമുണ്ട്. ക്ലിഷേയാണെങ്കിലും വിശേഷിച്ചാരും അതിൽ കുറ്റം പറയാറുമില്ല. ചിലപ്പോഴെങ്കിലും അത്തരം ശീർഷകങ്ങൾ പ്രശംസിക്കപ്പെടാറുമുണ്ട്. അതു പക്ഷേ, പത്രത്തിന്റെ വായനാസമൂഹത്തെ (കോൺസ്റ്റിറ്റ്യുവൻസി) കണക്കിലെടുത്തുകൊണ്ടുള്ള എഴുത്തിൽ. (1987- ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കാനിരുന്ന ദിവസത്തെ മാതൃഭൂമി പത്രത്തിൽ യു ഡി എഫിന് 113 സീറ്റ് കിട്ടുമെന്നായിരുന്നു ലീഡ്. ഫലം പ്രഖ്യാപിച്ചപ്പോൾ, എൽ ഡി എഫിന് 78- ഉം യു ഡി എഫിന് 61-ഉം സീറ്റ് എന്ന് പിറ്റേന്ന് പത്രത്തിന് ലീഡ് കൊടുക്കേണ്ടിയും വന്നു. ആ 'പ്രവചനം' നടത്തിയ പി. രാജൻ എന്ന പ്രമുഖ പത്രപ്രവർത്തകനോട് അധികം വൈകാതെ കേരള പ്രസ് അക്കാദമിയിൽ നടന്ന ഒരു പത്രപ്രവർത്തക ക്യാമ്പിൽ, എന്തടിസ്ഥാനത്തിലാണ് അങ്ങനെ എഴുതിയതെന്ന് നേരിട്ടുചോദിച്ചപ്പോൾ ‘ഓരോ പത്രത്തിനും ഓരോ കോൺസ്റ്റിറ്റ്യുവൻസിയുണ്ട്; അതുമറന്ന് റിപ്പോർട്ടർക്ക് എഴുതാൻ പറ്റില്ല’ എന്നായിരുന്നു മറുപടി കിട്ടിയത്).

2024 ഏപ്രീല്‍ 10ല്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

ഇവിടെ അവലോകനം നടത്തിയത് വായനാലോകത്തെയും കൺമുന്നിലെ അവസ്ഥയും ഏറെക്കുറെ കണക്കിലെടുത്തുകൊണ്ടു തന്നെയായിരുന്നു. അതായത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയസാധ്യതയാണ് രാഷ്ട്രീയ ബലാബലം വിശ്വസനീയമായവതരിപ്പിച്ച് ഊന്നിപ്പറഞ്ഞത്. എന്നാൽ, തലക്കെട്ടോ അതിനു ചേരാത്തവിധവും. ആ തലക്കെട്ടും ഒരു വേള അങ്ങനെയൊരു അവലോകനത്തിനു ചേർന്നെന്നു വന്നെനേ, നിലവിൽ എതിർ മുന്നണിയുടെ പക്കലുള്ള സീറ്റായിരുന്നു അതെങ്കിൽ. ഇവിടെ ഇടതുജനാധിപത്യമുന്നണിയുടെ ഇതേ സ്ഥാനാർഥി തന്നെയായിരുന്നു നിലവിൽ മണ്ഡലത്തിലെ എം എൽ എ. തൊട്ടുമുമ്പത്തെ തവണ യു ഡി എഫിൽ നിന്ന് എൽ ഡി എഫും മുന്നണിയുടെ ഈ സ്ഥാനാർഥിയും പിടിച്ചെടുത്തതായിരുന്നു ഈ മണ്ഡലം. തലക്കെട്ട് പ്രശ്നമായത് അതുകൊണ്ടൊക്കെത്തന്നെ. എന്നുവെച്ചാൽ, അവലോകനത്തിൽ പറഞ്ഞതിനു കടകവിരുദ്ധമായി, ഈ സ്ഥാനാർഥിയെ കൈകാര്യം ചെയ്യുമെന്ന ആശയം ഉൾക്കൊണ്ടതിനാൽ.

വോട്ടെടുപ്പ് കഴിഞ്ഞ ശേഷത്തെ മാന്ദ്യത്തിന്റെ ഇടവേളയിലെ കൂട്ടലിന്റെയും കിഴിക്കലിന്റെയും മുഹൂർത്തങ്ങളിലായിരുന്നു ശരിക്കും പ്രശ്നം. മനസ്സറിഞ്ഞുകൊണ്ട് ഒരു കാര്യം ആഗ്രഹിക്കുന്നത്, മോഹിക്കുന്നതല്ല, പ്രാർഥനയാണെങ്കിൽ, ആ മുഹൂർത്തങ്ങളിൽ കോഴിക്കോട് ദേശാഭിമാനി ഡസ്കിലെ ഞങ്ങളിൽ ചിലർ അന്ന് പ്രാർഥിക്കുകതന്നെ ചെയ്തിട്ടുണ്ട്.

സ്വാഭാവികമായും, പലഭാഗത്തുനിന്നും പരാതിയായി. കോഴിക്കോട് എഡിഷനിലെ മെയിൻ ഡസ്കിന്റെ അന്നത്തെ പ്രൊഡക്ഷൻ ചുമതലക്കാരനെന്ന നിലക്ക് ലാൻഡ് ഫോൺ ശബ്ദിക്കുന്നത് കേൾക്കുമ്പോഴേക്കും മനസ്സും ശരീരവും ഒരുപോലെ അസ്വസ്ഥമായി. അതിനേക്കാളൊക്കെ നേരിട്ട് ഉത്തരവാദപ്പെട്ട കൂടുതൽ കനപ്പെട്ട പ്രശ്നങ്ങൾ പിൽക്കാലത്ത് നേരിടേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊക്കെ മൊബൈൽ ഫോൺ എന്ന മാരണം 'അൺലിമിറ്റഡ് ' പ്രഹരശേഷിയുമായി ശരീരത്തിന്റെ മറ്റൊരവയവമായി ഒപ്പമുണ്ടായിരുന്നുതാനും. ഒരുവേള, ആ ഘട്ടങ്ങൾ താണ്ടാൻ ത്രാണിയേകിയത് തൊട്ടാൽ പൊട്ടുന്നതരത്തിലുള്ള ഈ പ്രശ്നമാവാം. അന്വേഷണങ്ങൾ തരുതുരെ. താഴെ നിന്നും മുകളിൽ നിന്നും. സ്ഥാനാർഥി തന്നെയും പരാതിപ്പെട്ടു. നേതാക്കളും മണ്ഡലത്തിലെ പ്രവർത്തകരും പരാതി ഉന്നയിച്ചു. അതും അത്രമേൽ സ്വാഭാവികം. ഐറ്റം എഡിറ്റു ചെയ്ത് തലക്കെട്ടു നൽകിയ ആളെ പ്രത്യേകിച്ച് തെരഞ്ഞു പോകേണ്ടതൊന്നുമുണ്ടായിരുന്നില്ല. സംഭവിച്ച ഗ്ലാനിയുടെ ഗൗരവമത്രയും ഉൾക്കൊണ്ട് ആൾ ഹാജരുണ്ടായിരുന്നു. അത്തരമൊരു വീഴ്ച പറ്റുമെന്ന് ഒട്ടുമേ പ്രതീക്ഷിക്കപ്പെടാത്ത ആളായിരുന്നു അതെന്നത് വിരോധാഭാസം പോലുമായി. ഒരു മ്ലാനത അന്തരീക്ഷത്തിൽ തങ്ങിനിന്നു. പക്ഷേ, പത്രമാപ്പീസല്ലേ. മ്ലാനതയായാലും ഉന്മാദമായാലും അവിടെ ആർഭാടം. നൊടിയിടയിൽ എല്ലാം പഴയതുപോലെയായി.

എൻ.കെ. രാധ

വോട്ടെടുപ്പ് കഴിഞ്ഞ ശേഷത്തെ മാന്ദ്യത്തിന്റെ ഇടവേളയിലെ കൂട്ടലിന്റെയും കിഴിക്കലിന്റെയും മുഹൂർത്തങ്ങളിലായിരുന്നു ശരിക്കും പ്രശ്നം. മനസ്സറിഞ്ഞുകൊണ്ട് ഒരു കാര്യം ആഗ്രഹിക്കുന്നത്, മോഹിക്കുന്നതല്ല, പ്രാർഥനയാണെങ്കിൽ, ആ മുഹൂർത്തങ്ങളിൽ കോഴിക്കോട് ദേശാഭിമാനി ഡസ്കിലെ ഞങ്ങളിൽ ചിലർ അന്ന് പ്രാർഥിക്കുകതന്നെ ചെയ്തിട്ടുണ്ട്.

ഒടുവിൽ ഫലപ്രഖ്യാപനം വന്നു. പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് എൽ ഡി എഫിലെ സി പി ഐ-എം സ്ഥാനാർഥി എൻ.കെ. രാധ വിജയിച്ചു. ഞങ്ങളുടെ പ്രാർഥന ഫലം കണ്ടുവെന്നാണോ പറയേണ്ടത്, ജനങ്ങൾ വിധിയെഴുതിയെന്നോ.

എങ്ങാനും ആ സ്ഥാനാർഥി ജയിക്കാതെ പോയിരുന്നെങ്കിലോ?


കോയ മുഹമ്മദ്​

ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്ററും കൈരളി ടി വി യുടെ വാർത്താ വിഭാഗം അസോസിയേറ്റ് ഡയരക്ടറുമായിരുന്നു. ദേശാഭിമാനി വാരികയിൽ ചലച്ചിത്ര പംക്തി കൈകാര്യം ചെയ്തിരുന്നു.

Comments