മാതൃഭൂമിയുടെയും മനോരമയുടെയും വിശ്വാസക്കോൾമയിർ

ക്ഷേത്രസംബന്ധ വാർത്തകൾ പ്രധാനമാകുന്നതും രാജവാഴ്ത്തുകൾ വെണ്ടക്കയാകുന്നതും മാധ്യമരൂപകങ്ങളെല്ലാം ഏകപക്ഷീയമെന്നോണം ഹൈന്ദവമാകുന്നതും അപകടകരമായ പൊതുബോധ നിർമ്മിതിയാണ് സാധ്യമാക്കിയിരിക്കുന്നത്. ഡിസംബർ 13ന് ഇറങ്ങിയ മാതൃഭൂമിയും മനോരമയും ശബരിമല തീർഥാടകർക്ക് നേരിട്ട ദുരിതങ്ങളെക്കുറിച്ച് റിപ്പോർട്ടു ചെയ്യുന്നത് ഈയൊരു വഴിയിലൂടെയാണ്.

ലയാളവും അതിന്റെ ദേശരൂപവും ആയതുകളെ സ്വാംശീകരിക്കുന്ന സംസ്‌കാരവും എത്രമാത്രം മതാത്മകവും 'ദൈവിക'വുമാണ് എന്നത് കൂടുതൽ വ്യക്തമാകുന്ന കാലമാണിത്. അഥവാ അപ്രകാരമുള്ള ആഖ്യാനങ്ങൾ സജീവമായ കാലം. രാഷ്ട്രാടിസ്ഥാനത്തിൽതന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ടെങ്കിലും ഈയൊരു ആശയമാണ് ലോകമൊട്ടുക്കുള്ള മനുഷ്യർക്ക് പ്രത്യക്ഷമായിതന്നെ വ്യക്തമായിവരുന്നത്. മതാത്മകമായ ഒരു ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം, അതിന്റെ നൂറ്റാണ്ടടുക്കുന്ന ഘട്ടത്തിൽ ആസൂത്രിതമായിത്തന്നെ സാധ്യമാക്കിയെടുത്ത രാഷ്ട്രീയമാണത്. സ്വതന്ത്ര ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വമുണ്ടായിരുന്ന 1940- കളിൽ ഭാഗികമായെങ്കിലും പൊളിഞ്ഞുപോയ കുത്സിതശ്രമങ്ങളാണ് വർധിതവീര്യത്തോടെ തിരിച്ചെത്തി രാജ്യത്ത് അധികാരത്തിലുള്ളത്. ഇന്നത് രാഷ്ട്രത്തിന്റെ പേരുപോലും സ്വേച്ഛാനുസൃതം മാറ്റിയെടുക്കാൻ കഴിയുന്നത്ര സർവതല അധികാരശക്തിയാണ്. മതമാണ് ഇന്ധനമെന്നതിനാൽ ഒരുവിഭാഗം മനുഷ്യരുടെ പ്രത്യക്ഷ സഹായവും ഇതിനുണ്ട്. അവശേഷിക്കുന്ന വലിയ വിഭാഗം മനുഷ്യരും ഇതോട് പല നിലയിൽ കണ്ണിചേരുന്നുണ്ട് എന്നതാണ് വസ്തുത. മതമൗലികവാദമടക്കമുള്ള സങ്കുചിതവും സംഘടിതവുമായ വാദങ്ങൾ, പാർട്ടിരാഷ്ട്രീയങ്ങളുടെ അപചയം, ബദലുകളുടെ കനത്ത നിശ്ശബ്ദത, ഹൈന്ദവതയ്ക്ക് പ്രാപ്യമായിത്തീർന്നിട്ടുള്ള സ്വീകാര്യതയും സ്വാഭാവികതയും എന്നിങ്ങനെ അനേകം അനുകൂല കണ്ണികളെ കണ്ടെത്താനാവും.

ഇതിലൊന്നും പ്രത്യക്ഷത്തിൽ വരാത്തതും എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ശക്തമായി പ്രവർത്തിവരുന്നതുമായ ഒരു കണ്ണിയാണ് മാധ്യമങ്ങൾ. ഇവയുടെ പ്രവർത്തനം പലപ്പോഴും ഭാഷാപരവും അതിൽതന്നെ രൂപകാത്മകവും സൂക്ഷ്മവും ആകയാൽ തിരിച്ചറിയാതെപോകുന്നു എന്നതാണ് വസ്തുത. കേരളത്തിലെ മാധ്യമങ്ങൾ അടുത്തകാലത്തായി തങ്ങളുടെ പക്ഷവും പ്രത്യയശാസ്ത്രവും കൂടുതൽ ശക്തമായി വിനിമയിക്കുന്നതാണ് കാണുന്നത്. ഏത് ദിവസത്തെ ഏത് മാധ്യമരൂപവും അതിനുള്ള ദൃഷ്ടാന്തങ്ങൾ തരുന്നുണ്ട്.

മനോരമ ഓൺലൈനിൽ വന്ന വാർത്ത

ഇന്ത്യൻ സമൂഹം മാത്രമല്ല കേരളീയ സമൂഹവും നാൾക്കുനാൾ കൂടുതൽ വിശ്വാസ സമൂഹമാവുകയാണ്. കേരളത്തെ സംബന്ധിച്ച് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നത് ഇപ്പോൾ ടൂറിസത്തിന്റെ മാത്രം വാക്യമല്ല. മാത്രമല്ല ആ ദൈവം ആരാണെന്നതും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. മലയാളത്തിന്റെ ദേശ, ഭാഷാരൂപങ്ങൾ മാനകീകരിക്കപ്പെട്ടിരിക്കുന്നത് ഹൈന്ദവവും വരേണ്യവുമായ ആശയാവലികളും ചിഹ്നങ്ങളും ഉപയോഗിച്ചാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഏതേത് ഘടകങ്ങളെടുത്ത് പരിശോധിച്ചാലും വ്യക്തമാകുന്ന കാര്യമാണത്. ഈ ഘടകങ്ങളിൽ സമീപകാലത്ത് അതിസ്വാഭാവികമെന്നോണം പ്രബലപ്പെട്ടുവരുന്ന ഒരു സൂക്ഷ്മാശയം കേരളം ഒരു ഹൈന്ദവസമൂഹം ആയിരുന്നു എന്ന നിലയിലുള്ളതാണ്. അത് ഹിന്ദുദൈവനിർമ്മിതവും (പരശുരാമന്റെ മിത്ത് ഏതാണ്ട് ചരിത്രമൂല്യത്തോടെയാണ് പരാമർശിച്ചുവരുന്നത് എന്നോർക്കുക. ചെറിയ ക്ലാസുകളിൽതന്നെ കുട്ടികളെ ഇത് പഠിപ്പിക്കുവാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്!) ഹിന്ദുരാജാക്കന്മാരാൽ അഭിവൃദ്ധവുമത്രേ! അതുകൊണ്ടാണ് ശബരിമലക്ഷേത്രം ആശങ്കകളേതുമില്ലാതെ കേരളത്തിന്റെ 'അഭിമാനം' ആകുന്നത്. ക്ഷേത്രസംബന്ധവാർത്തകൾ പ്രധാനമാകുന്നതും രാജവാഴ്ത്തുകൾ വെണ്ടക്കയാകുന്നതും മാധ്യമരൂപകങ്ങളെല്ലാം ഏകപക്ഷീയമെന്നോണം ഹൈന്ദവമാകുന്നതും ഈയൊരു പൊതുബോധത്തിന്റെ നിർമ്മിതിയാണ് സാധ്യമാക്കിയിരിക്കുന്നത്. ഇതര മതസ്ഥർ, അവിശ്വാസികൾ ഒക്കെയും ഇതോടൊപ്പം അപരർ ആകുകയും ദേശവിരുദ്ധരാവുകയും ചെയ്യുന്നു.

2023 ഡിസംബർ 13.
ഇന്ന്, മലയാളത്തിലെ പ്രധാനപ്പെട്ട രണ്ടുപത്രങ്ങൾഎങ്ങനെയാണ് പുറത്തിറങ്ങിയിട്ടുള്ളത് എന്ന് പരിശോധിക്കുന്നത് മേല്പറഞ്ഞ ആശയങ്ങൾക്ക് വ്യക്തത വരുത്തുമെന്ന് കരുതുന്നു. മാതൃഭൂമിയും മനോരമയും പ്രധാന വാർത്തയായി നല്കിയിട്ടുള്ളത് ശബരിമലയിലെ തീർഥാടകർക്ക് നേരിട്ടിട്ടുള്ള ദുരിതങ്ങളെക്കുറിച്ചാണ്. ഒന്നാം പേജിലെ ആദ്യ വലിയ വാർത്ത മാത്രമല്ല, അകത്ത് സവിശേഷവും സചിത്രവുമായ പേജുകൾ ഈ വാർത്തയ്ക്കായി പത്രങ്ങൾ നീക്കിവെച്ചിരിക്കുന്നു. രണ്ടു പത്രങ്ങളുടെയും മുഖപ്രസംഗവും ഇന്ന് ഇതേവിഷയത്തിൽ തന്നെ. മാതൃഭൂമിയാകട്ടെ അപൂർവമായി മാത്രം പത്രങ്ങൾ സ്വീകരിക്കാറുള്ള ഒരു നില സ്വീകരിച്ച് മുഖപ്രസംഗം ഒന്നാംപേജിൽ കൊടുത്തിരിക്കുന്നു. ശബരിമലയിലെ സംഭവവികാസങ്ങൾ പ്രധാന വാർത്തയാക്കുന്നതിൽഅസ്വാഭാവികതയില്ല. എന്നുമാത്രമല്ല, അവിടെ സുഗമമായ തീർഥാടനം ഉറപ്പുവരുത്താൻവേണ്ട സജ്ജീകരങ്ങൾ ഒരുക്കണമെന്നത് ന്യായമായ ആവശ്യവുമാണ്. അതുമായി ബന്ധപ്പെട്ട വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയോ വിമർശിക്കുകയോ അധികാരികൾക്ക് ബദൽനിർദേശങ്ങൾ നല്കുകയോ മാധ്യമധർമം തന്നെയാണ്. ഇത്രയും സ്വാഗതാർഹമായി വച്ചുകൊണ്ട് ആ വാർത്തകളേയും അതിലെ ഭാഷയെയും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

മാതൃഭൂമിയുടെ മുഖ്യതലവാചകം തന്നെ 'കാണുന്നില്ലേ' എന്നാണ്. മുകളിലേക്ക് നോക്കുന്ന മുഖ്യമന്ത്രിയുടെ മുഖവും തലവാചകത്തോടൊപ്പമുണ്ട്. വലിയ ചിത്രമായി നൽകിയിട്ടുള്ളത് ഭക്തരുടെ കാത്തുനില്പിന്റെതാണ്. തലവാചകം അധികൃതരുടെ അനാസ്ഥയേയും ഭക്തരുടെ വിഷമാവസ്ഥയേയും കുറിക്കുന്നു. കാണുന്നില്ലേ എന്ന ചോദ്യം അധികാരികളോടും അയ്യപ്പനോടുമാണ് എന്ന സൂചന ചുവടെയുള്ള ഉപശീർകങ്ങളിലും മുഖ്യമന്ത്രിയുടെ ചിത്രത്തിലും വാർത്തയിലുമുണ്ട്. രാകേഷ് കെ. നായരുടെ വാർത്ത വൈകാരികവും ആലങ്കാരികവുമായ ഭാഷയിലാണ് തുടങ്ങുന്നത്. ശബരിമലയിലെത്തുന്നത് ദുരിതമല കയറി എന്നാണ് ആദ്യവാചകം. വാസ്തവത്തിൽ ഇത്തരം ഭാഷയിലേക്ക് വരുന്നതോടെ അത് വാർത്ത അല്ലാതാവുകയും കഥ അഥവാ ആഖ്യാനം മാത്രമാവുകയുമാണ് ചെയ്യുന്നത്. (വായിച്ച് വായിച്ച്, വാങ്ങിച്ച് വാങ്ങിച്ച് ഇങ്ങനെ വാർത്തയെഴുതാൻ നമ്മൾ പത്രങ്ങൾക്ക് പണ്ടേ ലൈസൻസ് കൊടുത്തിട്ടുണ്ടല്ലോ. വായിച്ച് കോൾമയിർ കൊള്ളുകതന്നെ!) അതവിടെ നില്ക്കട്ടെ, ഈ വ്യവഹാരങ്ങളുടെ രാഷ്ടീയവും തല്കാലം മാറ്റിവെക്കാം, പി.വി. ചന്ദ്രന്റെ മുഖപ്രസംഗത്തിലേക്ക് വരാം. ആദ്യഖണ്ഡിക ഇങ്ങനെ: 'കേരളത്തിന്റെ അഭിമാനമാണ് ശബരിമലക്ഷേത്രം. സമഭാവനയുടെ പുണ്യകേന്ദ്രമാണത്. ദീർഘവ്രതമെടുത്ത് മലകയറി അയ്യപ്പനെ വണങ്ങുകയെന്ന ഒരേയൊരു ചിന്തയിലാണ് ലക്ഷക്കണക്കിന് ഭക്തർ ഈ കാനനക്ഷേത്രത്തിലെത്തുന്നത്. തീർഥാടനത്തെ നിസ്സാരമായി കാണുകയും ഭക്തർ എന്തും സഹിച്ചുകൊള്ളട്ടെ എന്നു കരുതുകയും ചെയ്യുന്നത് അതിക്രൂരമെന്നേ പറയേണ്ടൂ. ലോകപ്രശസ്തവും തുല്യംവെക്കാൻ മറ്റൊന്നില്ലാത്തതുമായൊരു ആധ്യാത്മികകേന്ദ്രത്തെക്കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നതിന് ഉത്തരവാദികൾ ആരാണെന്നതിനുപോലും ഉത്തരമില്ലാത്ത സ്ഥിതിയാണിപ്പോൾ.'

ഇവിടെ കേരളത്തിന്റെ അഭിമാനം, സമഭാവന, പുണ്യകേന്ദ്രം എന്നിങ്ങനെയുള്ള സങ്കല്പനങ്ങൾ പ്രധാനമാണെന്ന് തോന്നുന്നു. ലിംഗനീതിയുടെ വിഷയത്തിൽ ശബരിമല ലോകശ്രദ്ധയിലെത്തിയപ്പോൾഇല്ലാത്ത സമഭാവനയും അഭിമാനവും പത്രത്തിന് ഇപ്പോഴെവിടെനിന്നു വന്നു എന്ന കൗതുകം ഒട്ടും ചെറുതല്ല. കേരളത്തിലെ അവിശ്വാസികൾക്കും ഹൈന്ദവേതര മതസ്ഥർക്കുമൊക്കെ ഈ അഭിമാനത്തിൽ കർതൃത്വമോ താല്പര്യമോ ഉണ്ടാവുമെന്ന് പത്രം ചിന്തിക്കുന്നതിന്റെ യുക്തി എന്തായിരിക്കുമെന്നും ആലോചിക്കേണ്ടതുണ്ട്. മുകളിൽ ആമുഖമായി സൂചിപ്പിച്ച 'പൊതു'ബോധത്തിന്റെ യുക്തിയാണത്. ശബരിമല പുണ്യകേന്ദ്രമാകുന്ന, ആകാനിടയുള്ളവരെമാത്രം ഉൾച്ചേർത്ത് പത്രമുണ്ടാക്കിയെടുക്കുന്ന 'കേരളം' എന്ത് സന്ദേശമാണ് സമൂഹത്തിന് നല്കുന്നതെന്ന് ജനായത്തബോധമുള്ളവർ ആലോചിക്കുക. സ്ത്രീകൾകൂടി വന്നാൽ ഉണ്ടാകുമായിരുന്ന സാമ്പത്തികനേട്ടത്തെ അക്കാലത്ത് പരിഗണിക്കാതിരുന്ന പത്രം ഇപ്പോഴത്തെ സ്ഥിതി തുടർന്നാലുണ്ടാകുന്ന സാമ്പത്തികനഷ്ടത്തെ മുഖപ്രസംഗത്തിൽ ഓർക്കുന്നു: 'അതിലുപരി പരിഗണനയർഹിക്കുന്നുണ്ട് ഭക്തമനസ്സുകൾ. ചാരിതാർഥ്യത്തോടെയും നിറമനസ്സോടെയും അയ്യനെ തൊഴുതുമടങ്ങാൻ ഭക്തർക്ക് സാധിക്കണം. അവരെ നിരാശരാക്കരുതെന്നും ശബരിമല തീർഥാടനത്തെ തളർത്തരുതെന്നു’മാണ് 'മാതൃഭൂമി'ക്ക് ആവശ്യപ്പെടാനുള്ളത്' എന്ന് അമൂർത്തമായ ആശയാവലികൾ നിരത്തിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്. ഇത്തരത്തിൽ 'മനസ്സു നിറയ്ക്കലും' 'സാഫല്യമടയലും' ഒക്കെ എത്രയോ തവണ അച്ചുനിരത്തിയ പത്രത്തിൽനിന്ന് ഇതിലും മികച്ച ഒന്ന് പ്രതീക്ഷിക്കുകവയ്യല്ലോ.

ഇതിന്റെ തുടർച്ചയാണ് പത്രത്തിലെ കാഴ്ചപ്പാട് പേജിലെ മുഴുനീള വാർത്തകളുടെ അവതരണവും. അവിടെ തലവാചകം തന്നെ തുറന്ന പ്രാർഥനയാകുന്നു. 'പരീക്ഷണം സ്വാമീ... മലയാത്ര' എന്നാണ് വലിയ തലക്കെട്ട്. ഉപശീർഷകങ്ങളിലൊന്ന് മറ്റൊരു പ്രാർഥനയാണ്. 'നിലയ്ക്കൽ കടക്കൽ കഠിനമയ്യപ്പാ'. പ്രധാന തലക്കെട്ടിനുതാഴെയുള്ള ബോക്‌സ് കൂടുതൽ കൗതുകകരമാണ്: 'കഠിനപാതകൾ താണ്ടിയാണ് ഓരോ ഭക്തനും മലചവിട്ടുന്നത്. അതിനവർ മാനസികമായി സജ്ജരുമാണ്. പക്ഷെ, മലയാത്രയിലെ സജ്ജീകരണങ്ങൾ പാളിയതോടെ തീർഥാടകരുടെ സഹനത്തിന്റെ പരകോടിയിലേക്കാണ് സംവിധാനങ്ങൾ എത്തിച്ചത്. വെള്ളം കുടിക്കാനാകാതെ, വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങാനാകാതെ, ഇരുട്ടിലും വെയിലും മഴയിലും പതിനായിരങ്ങൾ മണിക്കൂറുകളായി കാത്തിരിക്കുന്നു. അവരിൽ കുഞ്ഞുങ്ങളുണ്ട്, വയോധികരുണ്ട്, സ്ത്രീകളുണ്ട്.'
ഇവിടെ സഹനം, പരകോടി, സജ്ജർ, കഠിനപാത തുടങ്ങിയ പ്രയോഗങ്ങൾ ശ്രദ്ധേയമാണ്. ഇവ അനുഷ്ഠാനപരതയുടെ, വിശ്വാസത്തിന്റെ, വ്രതത്തിന്റെയൊക്കെ സൂചനകളാണ് തരുന്നത്. അതാകട്ടെ തലവാചകങ്ങളിലെ പ്രാർഥനയുടെ ഭാഗവുമാണ്. അതാണീ വ്യവഹാരങ്ങളുടെ ആകെത്തുകയെങ്കിൽ വാർത്ത പൂർണമായും അനാവശ്യമാണ്. കാരണം ആ യുക്തിയിൽ എല്ലാതരം സഹനവും ദൈവികമാണ്. നിരാശയോടെ മടങ്ങേണ്ടിവന്നാൽപോലും അത് ദൈവികമാണ് അഥവാ ദേവന്റെ ഇച്ഛയാണ്. അങ്ങനെയൊക്കെയാണ് പത്രം 'വിശ്വസിക്കുന്നതെ'ങ്കിൽ ഈ വാർത്ത അനാവശ്യം മാത്രമല്ല ദൈവനിന്ദയുമാണ്.

മലയാള മനോരമ പ്രധാന തലവാചകമാക്കുന്നത് 'പരിഹാരക്രിയ' എന്നാണ്. ഹൈന്ദവസൂചനയുള്ള പദാവലിയെ ഭാഷയിൽ ഏറ്റവും കൂടുതൽ പ്രയോഗിക്കുന്ന മലയാളപത്രം മനോരമയാണ്. പരിഹാരക്രിയ ഭാഷാപരമായി ശരിയാണെന്ന് വ്യാഖ്യാനിക്കാമെങ്കിലും അത് പ്രാഥമികമായി ക്ഷേത്രസംബന്ധവും അതേ അളവിൽ വരേണ്യ ഹൈന്ദവതയുമാണ് സ്മരണയിൽ ഉല്പാദിപ്പിക്കുക. അതാണ് ഭാഷാപരമായ ധൈഷണികവൃത്തികളുടെ പ്രവർത്തനരീതി. ശബരിമലയിൽതന്നെ മുമ്പ് സ്ത്രീ കയറിയപ്പോഴും രക്തം വീഴ്ത്തിയപ്പോഴും പരിഹാരക്രിയ ചെയ്യുന്നത് നാം കണ്ടതാണ്. അതൊക്കെ അന്ന് വലിയ വാർത്തയാക്കി ഇതേ മാധ്യമങ്ങൾ കൊടുത്തതുമാണ്. (2021 മാർച്ച് 01 ലെ മാതൃഭൂമിയിലെ പ്രധാനവാർത്തയുടെ തലക്കെട്ട് 'ശുദ്ധിക്രിയ' എന്നാണ്. ക്രിമിനൽ കേസുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ 30 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെടുന്ന കമീഷന്റെ തീരുമാനമാണ് വിഷയം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥിസംഘടനയുടെ കൊടികളും മറ്റും നീക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത 2019 ജൂലൈ 18 ന് മാതൃഭൂമി പത്രത്തിലുണ്ട്. ഇതിന്റെ തലക്കെട്ട് 'ശുദ്ധികലശം' എന്നാണ്. കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് സംഘടനയ്‌ക്കെതിരായ നടപടി. ഇതാണ് ഹൈന്ദവ പൂജാകർമങ്ങളുമായി ബന്ധപ്പെട്ട സംജ്ഞ കൊണ്ട് പത്രം മതാത്മകമാക്കുന്നത്. ഇതേദിവസത്തെ മാതൃഭൂമിയിലെ ഒരു പ്രയോഗമാണ് 'ത്രിശങ്കു'. പത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പദമാണിത്. 'ധോനി ത്രിശങ്കുവിൽ' എന്നാണ് തലക്കെട്ട്. ധോനി ടീമിൽ തുടരുമോ പുറത്താവുമോ എന്നുള്ള സന്ദിഗ്ധതയാണ് 'ത്രിശങ്കു'വിന്റെ ഇവിടുത്തെ വിവക്ഷ. 2019 മാർച്ച് 27 ലെ മനോരമയുടെ പ്രധാന വാർത്തയുടെ തലക്കെട്ട് 'കാർഷിക കടാശ്വാസം ത്രിശങ്കുവിൽ' എന്നാണ്. സർക്കാർ കടാശ്വാസം നല്കി ഉത്തരവായെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടതാണ് വാർത്തയുടെ കാതൽ. അതായത് ആനുകൂല്യം നടപ്പാവുമോ എന്നതിൽ സന്ദിഗ്ധത വന്നിരിക്കുന്നു. ഇത്തരം ഘട്ടങ്ങളിലെല്ലാം പത്രങ്ങൾ യഥേഷ്ടം തലക്കെട്ട് നിരത്തുന്ന പദമാണ് ത്രിശങ്കു. ത്രിശങ്കു എന്ന ഒരു നക്ഷത്രരാശി ഉള്ളതായി വിക്കിപീഡിയ കാണിക്കുന്നു. എന്നാൽ ഹൈന്ദവമിത്തുമായി ബന്ധപ്പെട്ടതാണ് പ്രയോഗത്തിന് അടിസ്ഥാനം. ഇതും ഒരു മതത്തിന്റെ മിത്തോളജിയുമായുള്ള സന്ധിയാണ്.)

മനോരമയുടെ എഡിറ്റോറിയൽ പേജിൽ ഇതിന്റെ തുടർവ്യവഹാരങ്ങളുണ്ട്. 'പ്രശ്‌നവിധി, ശരണവഴി' എന്നാണ് മാതൃഭൂമിയോടു ചേർന്നുനില്ക്കുന്ന ആശയത്തോടെ പത്രം വലിയ തലക്കെട്ട് കൊടുക്കുന്നത്. ഇതുമൊരു പ്രാർഥനയാണ്.

പരിഹാരക്രിയയോട് ചേർന്നുനിൽക്കുന്ന വിശ്വാസവ്യവഹാരമാണ് പ്രശ്‌നവിധിയും. 'ശരണവഴിയ്ക്ക്' ശബരിമലയിലെ അത്രപഴക്കമില്ലാത്ത പൂർവസ്മരണയുള്ളവർക്ക് ഒരു താക്കീതിന്റെ, കലാപാഹ്വാനത്തിന്റെ സൂചനയും വായിച്ചെടുക്കാൻ കഴിയും. പരിഹാരത്തിൽ ക്രിയ ചേരുമ്പോഴും പ്രശ്‌നത്തിൽ വിധി ചേരുമ്പോഴുമാണ് വാക്കുകളുടെ അർഥത്തിലേക്ക് മേൽസൂചിപ്പിച്ച അതിസൂചനകൾ വരുന്നത്. അത് തലക്കെട്ടാക്കുന്നത് ബോധപൂർവമാണ്. മനോരമക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഈ തെരഞ്ഞെടുപ്പിലുണ്ടെന്ന് പൂർവപഠനങ്ങൾ തെളിയിക്കുന്നു. (ലേഖകന്റെ 'പദപ്രശ്‌നങ്ങൾ', പുറം 76-80, ഐ ബുക്‌സ്, കോഴിക്കോട്, 2019)

മനോരമയുടെ മുഖപ്രസംഗവും അതിലെ ഭാഷാപ്രയോഗങ്ങളുംകൂടി ഈ പ്രകരണത്തിൽ പരിശോധിക്കേണ്ടതുണ്ട്: 'കഠിനവ്രതത്തിന്റെയും പൂർണസമർപ്പണത്തിന്റെയും 41 ദിന മണ്ഡലകാലത്ത് അയ്യപ്പനെ കാണാൻ ശബരിമലയിലെത്തുന്നവർക്ക് 4 സെക്കൻഡ് എങ്കിലും പുണ്യദർശനം നടത്താൻ വഴിയൊരുക്കേണ്ടത് ഏറ്റവും അടിസ്ഥാനപരമായ ആവശ്യംതന്നെയാണ്. അത് തീർഥാടകരുടെ അവകാശവുമാണ്.'

ഇങ്ങനെയാണ് മുഖപ്രസംഗം തുടങ്ങുന്നത്. ഭാഷാപരമായും ആശയപരമായും മാതൃഭൂമിയോട് ചേർന്നാണ് ഇവിടെയും മനോരമയുടെ നില. കഠിനവ്രതം, പൂർണസമർപ്പണം, അയ്യപ്പനെ കാണാൻ, പുണ്യദർശനം തുടങ്ങിയ അമൂർത്താശയങ്ങൾ ഇവിടെയും കാണാം.

ഇതിന്റെ തുടർച്ചകൾ വേറെയും കാണാം: '...തങ്കസൂര്യപ്രഭയോടെ തിളങ്ങുന്ന അയ്യപ്പന്റെ ദർശനത്തിലാണ്. ആ ദിവ്യദർശനം സാധിക്കാതെവരുമ്പോൾ അവരുടെ നെഞ്ചിലൂറുന്ന നഷ്ടബോധം അധികൃതർ അറിയാതെപോവുന്നതെന്തുകൊണ്ട്?'.

ഇവിടെ അമൂർത്തവും വസ്തുതാവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ ആശയങ്ങളാണ് പത്രം വിനിമയിക്കുന്നത്. പത്രം ഒരു വിശ്വാസിസമൂഹത്തെയാണ് അഭിസംബോധനം ചെയ്യുന്നത്. ഇതര മനുഷ്യരെ പത്രങ്ങൾ അപരരാക്കുന്നു. വാർത്തപോലുമല്ലാത്ത ശബരിമലപോലുള്ള ക്ഷേത്രവിശേഷങ്ങൾ, ചടങ്ങുകൾ വാർത്തയാക്കി, മാനകമാക്കി, പൊതുവാക്കിയാണ് ഈ മാധ്യമങ്ങളെല്ലാം സമൂഹത്തെ അവർക്കിഷ്ടമുള്ളവിധം വ്യാഖ്യാനിക്കുന്നത്. ഈ വ്യാഖ്യാനം ഏത് പ്രത്യയശാസ്ത്രങ്ങളെയാണ് സഹായിക്കുന്നത് എന്നതുകൂടി ഓർക്കുമ്പോൾ സമകാല ഫാഷിസ്റ്റുഭീതികളുടെ കർതൃപരതകൂടി മാധ്യമങ്ങളിൽ ആരോപിക്കേണ്ടിവരും.

Comments