നികത്തപ്പെടരുത്​, ‘മറുനാടൻ മലയാളി’യുടെ വിടവ്​

ഒന്നര പതിറ്റാണ്ടുകാലം മറുനാടൻ മലയാളി കേരളസമൂഹത്തിലുണ്ടാക്കിയ വിപത്തുകൾചില്ലറയല്ല. അത് പഠനവിധേയമാക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമായ സംഗതിയാണ്. ‘മറുനാടൻ യുഗം’ അവസാനിച്ചാലും ‘മറുനാടൻ’ അവശേഷിപ്പിക്കുന്ന വിടവ് ഉപയോഗപ്പെടുത്താൻ നിലവിലുള്ള വലതുപക്ഷ പോപ്പുലിസ്റ്റ് ഓൺലൈൻ മാധ്യമങ്ങൾ ശ്രമിക്കും. ഇനിയും പല മാധ്യമങ്ങളും കൂണുപോലെ മുളച്ചുപൊന്തുകയും ചെയ്യും.

2016 ഡിസംബർ നാലിന് വൈകുന്നേരം മൂന്നുമണിയോടടുത്ത സമയം.
വാഷിങ്ടൺ ഡി സിയിലെ കണക്റ്റിക്കട്ട് അവെന്യൂവിലുള്ള കോമറ്റ് പിങ്ങ്‌പോങ്ങ് പിസാ ജോയിന്റിലേയ്ക്ക് ഒരു യുവാവ് പാഞ്ഞുകയറി. അയാൾ ഒരു എ ആർ 15 റൈഫിൾ ചൂണ്ടിയിരുന്നു. അയാളുടെ ഇടുപ്പിലെ തുകലുറയിൽ ഒരു പിസ്റ്റളും ഉണ്ടായിരുന്നു.
തോക്കുമായി വരുന്ന ഇയാളെ കണ്ടതും പിസാ ജോയിന്റിൽ കഴിച്ചുകൊണ്ടിരുന്നവരും ജീവനക്കാരും ചിതറിയോടി. ഞായറാഴ്ചയായതിനാൽ കുടുംബമായി പിസ കഴിക്കാൻ വന്നവരും റെസ്റ്റോറന്റിൽ ടേബിൾ ടെന്നീസ് കളിക്കുന്നവരുമെല്ലാം ഉണ്ടായിരുന്നു. അവരെയെല്ലാം ഓടിച്ചുവിട്ടശേഷം യുവാവ് റെസ്റ്റോറന്റിൽ എന്തോ പരതി നടന്നു. ഒരു അലമാരയുടെ ലോക്ക് വെടിവെച്ച് തകർത്ത് അയാൾ അത് തുറന്നുനോക്കി. വീണ്ടും ഇരുപത് മിനിട്ട് അവിടെ പരതി നടന്ന ശേഷവും താൻതെരഞ്ഞത് കണ്ടെത്താനാകാതെ അയാൾ പൊലീസിന് കീഴടങ്ങി.

നോർത്ത് കരോലിന സ്വദേശിയായ എഡ്ഗർ മാഡിസൺ വെൽഷ് തന്റെ കാർ ഡ്രൈവ് ചെയ്താണ് വാഷിങ്ങ്ടണിലെത്തിയത്. മേൽപ്പറഞ്ഞ പരാക്രമം കാണിക്കുന്നതിനും അതിന് പിന്നീട് നാലുവർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനും ഒരു കൊളേജ് ഡ്രോപ്പൗട്ടും ലോക്കൽ സിനിമാ അഭിനേതാവുമായ വെൽഷിനെ പ്രേരിപ്പിച്ച ഘടകത്തെ ലോകം പിന്നീട് പേരിട്ട് വിളിച്ചത് 'പിസാ ഗേറ്റ് കോൺസ്പിരസി തിയറി' എന്നായിരുന്നു. ഡൊണാൾഡ് ട്രംപ് എന്ന പോപ്പുലിസ്റ്റ് വലതുപക്ഷ ബിസിനസ് മാഗ്‌നറ്റിനെ അമേരിക്കൻ ജനതയുടെ നേതാവായി ഉയർത്തുന്ന പ്രോജക്ടിന്റെ ഭാഗമായി ഉണ്ടാക്കിയതായിരുന്നു ഈ ഗൂഢാലോചനാ സിദ്ധാന്തം. ഹിലരി ക്ലിന്റണിന്റെ പ്രസിഡൻഷ്യൽ ക്യാമ്പയിനിന്റെ ചുമതല വഹിച്ചിരുന്ന ജോൺ പൊഡസ്റ്റയുടെ ഇ- മെയിൽ അക്കൗണ്ട് റഷ്യൻ സൈബർ ഹാക്കർ ഗ്രൂപ്പായ ഫാൻസി ബയർ ഹാക്ക് ചെയ്യുകയും അതിൽ നിരവധി മെയിലുകൾ വിക്കിലീക്‌സ് പുറത്തുവിടുകയും ചെയ്തതാണ് എല്ലാറ്റിനും തുടക്കമായത്. പൊഡസ്റ്റയുടെ മെയിലുകളിൽ ഹിലരിയുടെ ക്യാമ്പയിൻ തന്ത്രങ്ങളെക്കുറിച്ച് എല്ലാമുണ്ടായിരുന്നു.

Photo: Wikipedia
Photo: Wikipedia

എന്നാൽ ഈ വിവാദങ്ങൾക്കെല്ലാമുപരി മറ്റൊരു സംഗതിയായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്ന ചില തീവ്ര വലത് സോഷ്യൽ മീഡിയാ ഹാൻഡിലുകൾ പ്രചരിപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയുടെ ഉന്നത നേതാക്കൾ ഉൾപ്പെടുന്ന ഒരു ചൈൽഡ് സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള ചില രഹസ്യവിവരങ്ങൾ കോഡ് ഭാഷയിൽ ഈ മെയിലുകളിൽ ഉണ്ടായിരുന്നുവെന്നായിരുന്നു പ്രചാരണം. ഈ ഗൂഢാലോചനാ സിദ്ധാന്തം വല്ലാതെ പ്രചരിപ്പിക്കപ്പെട്ടു. കോമറ്റ് പിങ്ങ്‌പോങ്ങ് പിസാ ജോയിന്റിൽ സാത്താനികമായ ദുരാചാരങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നും അതിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ഉന്നതർക്ക് പങ്കുണ്ടെന്നും സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിൽ ഒരു യൂസർ പോസ്റ്റിടുകയായിരുന്നു. അതിന്റെ തെളിവ് എന്ന രീതിയിൽ ഒരു വ്യാജരേഖയും അയാൾ പ്രദർശിപ്പിച്ചു. ഇൻഫോവാർസ്, പ്ലാനറ്റ് ഫ്രീവിൽ തുടങ്ങിയ തീവ്ര വലത് വ്യാജ വാർത്താ വെബ്‌സൈറ്റുകൾ ഈ റെഡ്ഡിറ്റ് പോസ്റ്റിനെ വാർത്തയായി പ്രചരിപ്പിച്ചു. ഈ പ്രചാരണങ്ങളുടെ ദുരന്തഫലമായിരുന്നു നോർത്ത് കരോലിന സ്വദേശിയായ ഒരു യുവാവിന് ഇത് പരിശോധിക്കണമെന്ന തോന്നലുണർത്തിയതും അയാളെ വാഷിങ്ങ്ടണിൽ എത്തിച്ചതും.

സമൂഹമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും കൂണു പോലെ മുളച്ചുപൊന്തുകയും മാന്യതയില്ലായ്മയുടെയും സാമാന്യ യുക്തിയില്ലായ്മയുടെയും അതിർവരമ്പുകൾ തേടി യാത്രയാകുകയും ചെയ്യുന്ന ഒരു കാലത്താണ് മറുനാടൻ മലയാളിയും ഷാജൻ സ്‌കറിയയും ചർച്ചകളിൽ നിറയുന്നത്.

ഈയടുത്ത് മധ്യകേരളത്തിലെ കത്തോലിക്ക മാനേജ്‌മെന്റിന്റെ കീഴിലുള്ള കോളേജിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം വലിയ ചർച്ചയായിരുന്നു. അത്തരമൊരു സംഭവമുണ്ടായാൽ മാനേജ്‌മെന്റിനെതിരായി നടക്കുന്ന സ്വാഭാവികമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പക്ഷേ വിലയിരുത്തപ്പെട്ടത് മറ്റൊരു ആംഗിളിലായിരുന്നു. എസ് എഫ് ഐയെപ്പോലെയുള്ള ഒരു ഇടത് വിദ്യാർത്ഥി സംഘടന നടത്തിയ സമരത്തിന്റെ ഉത്തരവാദിത്തം അതുമായി ഒരു ബന്ധവുമില്ലാത്ത മുസ്​ലിംകളുടെ മുകളിൽ കെട്ടിവെയ്ക്കപ്പെട്ടു. കൃസ്ത്യൻ മാനേജ്‌മെന്റിനെതിരായ 'മുസ്​ലിം ഗൂഢാലോചന'യായി ഈ പ്രക്ഷോഭങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്തു. ഈ ഇല്ലാത്ത ഗൂഢാലോചനയിൽ പ്രതിഷേധിച്ച് കത്തോലിക്കാ വിഭാഗം തെരുവിൽ പ്രതിഷേധിക്കുകയും കത്തോലിക്കാ സഭയുടെ പ്രതിനിധിയായി ഒരു യുവതി മുസ്​ലിം സമുദായത്തിനെതിരായി വിദ്വേഷം നിറഞ്ഞ പ്രസ്താവനകൾ നിറഞ്ഞ പ്രസംഗം നടത്തുകയും ചെയ്തു. ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ സംഘപരിവാർ അനുഭാവവും മുസ്​ലിം വിരോധവും കുത്തിവെയ്ക്കുന്നതിൽ 'മറുനാടൻ മലയാളി' എന്ന മാധ്യമം കുറച്ചുനാളുകളായി നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമായിരുന്നു ഈ സംഭവം.

മറുനാടൻ മലയാളിയുടെ മോഡൽ കേരളത്തിലെ മാത്രം സവിശേഷമായ സംഗതിയല്ല എന്നും അതെത്ര അപകടമാണ് ലോകമെങ്ങും വിതയ്ക്കുന്നതെന്നുമാണ് സൂചിപ്പിക്കാൻ ശ്രമിച്ചത്. സമൂഹമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും കൂണു പോലെ മുളച്ചുപൊന്തുകയും മാന്യതയില്ലായ്മയുടെയും സാമാന്യയുക്തിയില്ലായ്മയുടെയും അതിർവരമ്പുകൾതേടി യാത്രയാകുകയും ചെയ്യുന്ന ഒരു കാലത്താണ് മറുനാടൻ മലയാളി എന്ന ഓൺലൈൻമീഡിയയും അതിന്റെ ‘ഐക്കണോ ക്ലാസ്റ്റ്’ ആയ ഷാജൻ സ്‌കറിയയും ചർച്ചകളിൽ നിറയുന്നത്. ഈ പ്രതിഭാസത്തെ പൂർണമായും മനസിലാക്കാൻ നാം ഇതിന്റെ ചരിത്രത്തിലൂടെയും പരിണാമത്തിലൂടെയും ഒന്ന് യാത്ര ചെയ്യേണ്ടതായി വരും.

ടാബ്ലോയ്ഡ് ജേണലിസം

തെറ്റായതോ സൂക്ഷ്മപരിശോധന നടത്തിയിട്ടില്ലാത്തതോ ആയ വിവരങ്ങളെ നാടകീയമായും വികാരപരമായ തലക്കെട്ടുകളിലൂടെയും അവതരിപ്പിക്കുന്ന മാധ്യമപ്രവർത്തനരീതിയെ ആണ് ടാബ്ലോയ്ഡ് ജേണലിസം എന്ന് വിളിക്കുന്നത്. താരതമ്യേന വലിപ്പം കുറഞ്ഞ (A3 സൈസ്) പേപ്പറുകളിൽ പ്രിന്റ് ചെയ്യുന്നതുകൊണ്ടാണ് ഇവയെ ഈ പേര് വിളിച്ചിരുന്നത്. മറ്റ് മുഖ്യധാരാ ദിനപ്പത്രങ്ങളെ ബ്രോഡ് ഷീറ്റ് എന്ന് വിളിക്കുന്നതും ഇതേ കാരണം കൊണ്ടാണ്. എന്നാൽ പിന്നീട് ഈ പേരുകൾ മാധ്യമപ്രവർത്തനശൈലിയുടെ പേരായി മാറി.

ടാബ്ലോയ്ഡുകളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ചെന്നു നിൽക്കുന്നത് 18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും നിലനിന്നിരുന്ന 'സ്‌കാൻഡൽ ഷീറ്റുക'ളിലാണ്. 1772-ൽ ലണ്ടനിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച ദ മോണിങ്ങ് പോസ്റ്റ് എന്ന സ്‌കാൻഡൽ ഷീറ്റ് സമൂഹത്തിലെ ഉന്നതരായവരെയും അല്ലാത്തവരെയും കുറിച്ച് ഗുരുതരമായ അപവാദങ്ങൾ പ്രചരിപ്പിക്കുന്ന സംവിധാനമായിരുന്നു. ഇത്തരത്തിൽ പ്രസിദ്ധീകരിക്കാതിരിക്കുന്നതിന് ആളുകളെ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്ന ചരിത്രവും ഇവർക്കുണ്ട്. മാത്രമല്ല, പോസിറ്റീവായി എഴുതി മഹത്വവൽക്കരിക്കുന്നതിനും ഇവർ ആളുകളുടെ കയ്യിൽ നിന്ന് പണം വാങ്ങിയിരുന്നു. അതായത്, ഒരു സാധാരണ മാധ്യമത്തിന് കിട്ടുന്ന വരുമാന മാർഗങ്ങൾ, പരസ്യം വഴിയും സർക്കുലേഷൻ വഴിയും മാത്രമായിരുന്നെങ്കിൽ ടാബ്ലോയ്ഡുകൾക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാതിരിക്കുന്നതിനുള്ള ഹഫ്തയും പോസിറ്റീവ് വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള കൂലിയും അധികമായി ലഭിക്കുമായിരുന്നു. അതേസമയം, ബ്രോഡ്ഷീറ്റ് പത്രങ്ങളുടെ അത്രയും നിക്ഷേപമോ മനുഷ്യാധ്വാനമോ ടാബ്ലോയ്ഡുകൾ പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമില്ല. ഇക്കിളിക്കഥകളും അപവാദങ്ങളും വായിക്കുക എന്ന നമ്മുടെയെല്ലാം ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന ജനിതകചോദനയെ ഉണർത്തുക എന്ന ധർമം മാത്രമാണ് അവർക്ക് നിർവഹിക്കാനുള്ളത്.

ഇടതുപക്ഷ പോപ്പുലിസത്തിന്റെ ഒരു പരിമിതി, അവർ തങ്ങളുടെ കൂട്ടർ എന്നതരത്തിൽ നിർവചിക്കുന്ന ഒരു കൂട്ടത്തിൽസാധാരണക്കാർക്ക് അവരും ഉൾപ്പെട്ടതായി തോന്നുകയില്ല. നൂറു ശതമാനം രാഷ്ട്രീയശരികളുള്ളവരെ മാത്രമേ സൈബറിടങ്ങളിൽ ഇടതുപക്ഷക്കാർ ഒപ്പം കൂട്ടുകയുള്ളൂ.

പോപ്പുലിസം

പൊതുജനത്തെ ഒരു നന്മയുടെ ശക്തിയായി പ്രഖ്യാപിക്കുകയും ആ ശക്തിയുടെ എതിർഭാഗത്ത് തിന്മയുടെ ശക്തിയായി ഒരു വരേണ്യ സ്ഥാപിത സംവിധാനത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന രീതിയാണ് പോപ്പുലിസം. സ്ഥാപിത താല്പര്യങ്ങൾക്കായി സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന ഒരു വർഗത്തെയോ, രാഷ്ട്രീയ ചേരിയെയോ, മതവിഭാഗത്തെയോ, മേൽപ്പറഞ്ഞ വരേണ്യവിഭാഗമായി ചിത്രീകരിക്കുന്നതാണ് പോപ്പുലിസ്റ്റുകളുടെ രീതി. ഇടതുപക്ഷ പോപ്പുലിസവും വലതുപക്ഷ പോപ്പുലിസവും ഉണ്ട്. പലപ്പോഴും സാമൂഹിക വിഷയങ്ങളെ നേരിടുന്നതിന് ഒരളവുവരെ പോപ്പുലിസം സഹായകമാകാറുണ്ട്. എന്നാൽ പോപ്പുലിസം മിക്കപ്പോഴും തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടുകയും സമൂഹത്തിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യാറുണ്ട്. അപരരെ കാട്ടിയുള്ള വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രചാരണത്തിനാണ് പോപ്പുലിസം പലപ്പോഴും ഉപയോഗിക്കപ്പെടുക. ഇത്തരത്തിൽ അപരവിദ്വേഷത്തിന്റെ രാഷ്ട്രീയം പോപ്പുലിസ്റ്റ് രീതിയിൽ ഉപയോഗിച്ച് അധികാരത്തിലെത്തുന്നവർ ആ അധികാരം നിലനിർത്താനും ഈ രീതികൾ ഉപയോഗിക്കും.

പോപ്പുലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കുഴപ്പം പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിൽപ്പറയുന്ന 'ജനം' എന്ന വാക്കിന്റെ വ്യാപ്തിയാണ്. ആരെ വേണമെങ്കിലും ഉൾക്കൊള്ളാവുന്ന ഒരു ടൂൾ ആയി ഇതിനെ ഉപയോഗിക്കുന്നതുപോലെതന്നെ പല വിഭാഗങ്ങളെയും ബഹിഷ്‌കരിക്കാനും രാഷ്ട്രീയമായ ധ്രുവീകരണവും ഗോത്രീയതയും സൃഷ്ടിക്കാനുമുള്ള സാധ്യതയും അതിനുണ്ട് എന്ന് സോഫിയ റോസൻഫീൽഡ് അവരുടെ 'ഡെമോക്രസി ആൻഡ് ട്രൂത്ത്- എ ഷോർട്ട് ഹിസ്റ്ററി' എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്.

അതേസമയം, ഇടതുപക്ഷ പോപ്പുലിസത്തിന്റെ ഒരു പരിമിതി, അവർ തങ്ങളുടെ കൂട്ടർ എന്നതരത്തിൽ നിർവചിക്കുന്ന ഒരു കൂട്ടത്തിൽ സാധാരണക്കാർക്ക് അവരും ഉൾപ്പെട്ടതായി തോന്നുകയില്ല. നൂറു ശതമാനം രാഷ്ട്രീയശരികളുള്ളവരെ മാത്രമേ സൈബറിടങ്ങളിൽ ഇടതുപക്ഷക്കാർ ഒപ്പം കൂട്ടുകയുള്ളൂ. ഒരു കമൻറ് ബോക്‌സ് ചർച്ചാ ത്രെഡിലായാൽപ്പോലും തങ്ങൾക്കനുകൂലമായി സംസാരിക്കുന്ന ഒരാളുടെ രാഷ്ട്രീയശരികളെ ഇടതുപക്ഷക്കാർ ചോദ്യം ചെയ്യുകയും അവരെ തള്ളിപ്പറയുകയും ചെയ്യുന്നത് സ്ഥിരം കാണാൻ കഴിയുന്ന കാഴ്ചയാണ്. അതേസമയം വലതുപക്ഷത്തിന് ഇത്തരം പരിമിതികളില്ല. സംഘപരിവാറിനെതിരെ സംസാരിക്കുന്ന ഒരു ഇടതുപക്ഷ അനുഭാവിയായ സിനിമാനടിയെ അവരുടെ വസ്ത്രത്തിന്റെ പേരിൽ സ്ലട് ഷെയിം ചെയ്യുന്ന സംഘപരിവാർ അനുഭാവിയുടെ പോസ്റ്റ് ഷെയർ ചെയ്യാൻ മുസ്​ലിം ലീഗ് അനുഭാവികൾക്ക് ഒരു മടിയും ഉണ്ടാകാറില്ല എന്നത് നാം പലപ്പോഴും കാണാറുള്ളതാണ്. ഈ കമന്റ് ത്രെഡുകളുടെ ഒരു ഇന്റഗ്രേഷനായി സമൂഹത്തെ കണ്ടാൽ, എന്തുകൊണ്ട് വലതുപക്ഷ പോപ്പുലിസം ഒരു കേഡർ സ്വഭാവം പോലുമില്ലാതെ ഒരു വലിയ ക്രൗഡിനെ കൂടെനിർത്തുന്നുവെന്നും ഇക്കാര്യത്തിൽഇടതുപക്ഷം അത്ര കണ്ട് വിജയിക്കുന്നില്ല എന്നും കാണാൻ കഴിയും.

ഷാജൻ സ്‌കറിയ
ഷാജൻ സ്‌കറിയ

ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ഉദാഹരണത്തിൽ അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയിലെ ഉന്നതരായിരുന്നു പൊതുസമൂഹത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കപ്പെട്ട വരേണ്യവർഗം. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തുന്നതിനുപയോഗിച്ച എല്ലാ കരുക്കളും പോപ്പുലിസത്തിന്റേതായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജനങ്ങളുടെയിടയിൽ കുടിയേറ്റക്കാർക്കും കറുത്തവർഗക്കാർക്കുമെല്ലാമെതിരെ വെറുപ്പ് പ്രചരിപ്പിക്കാൻ ട്രംപിനും അദ്ദേഹത്തിന്റെ കാമ്പയിൻ മെക്കാനിസത്തിനും കഴിഞ്ഞു.

ഡൊണാൾഡ് ട്രംപിന്റെ ഉയർച്ചയും ഇന്ത്യയിലെ നരേന്ദ്ര മോദിയുടെ വളർച്ചയും താരതമ്യപ്പെടുത്താവുന്ന സംഗതികളാണ്. ഈ രണ്ട് നേതാക്കളും ഉപയോഗിച്ച അപരവിദ്വേഷത്തിന്റെ ആശയങ്ങൾ സമൂഹത്തിന്റെ താഴേക്കിടയിലുള്ള ബുദ്ധിജീവികളല്ലാത്ത ജനങ്ങൾക്ക് അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഇത്തരം വെറുപ്പുകളെ പരസ്യമായി പറയുവാനുള്ള ആത്മവിശ്വാസം പ്രദാനം ചെയ്തു.

രാജ്യദ്രോഹമെന്നോ ഹിന്ദുവിരുദ്ധമെന്നോ ചിത്രീകരിച്ച് മാധ്യമങ്ങളെ വേട്ടയാടിയാൽ പൊതുബോധത്തിൽ വലിയ ചലനമൊന്നും ഉണ്ടാകാത്ത ഒരു വർത്തമാനകാല ഇന്ത്യയാണ് നമുക്ക് മുന്നിലുള്ളത്.

1925-ലാണ് ഇന്ത്യയിൽ രാഷ്ട്രീയ സ്വയം സേവകസംഘം രൂപീകരിക്കപ്പെടുന്നത്. രാജ്യത്തിന്റെ ഒന്നാമത്തെ ശത്രുക്കളായി മുസ്​ലിംകളെയും രണ്ടും മൂന്നും ശത്രുക്കളായി യഥാക്രം കൃസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും പ്രതിഷ്ഠിക്കുന്ന അവരുടെ ഗോൾവാൾക്കറിസത്തെ പരസ്യമായി ആശ്ലേഷിക്കാൻ പൊതു ഇന്ത്യൻ സമൂഹം ഒരു കാലത്തും തയ്യാറായിരുന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ നെഹ്​റുവും അംബേദ്കറും നയിച്ച ആധുനിക മതേതര മൂല്യങ്ങളെയാണ് ഒരു 'മോറൽ ഹൈഗ്രൗണ്ട്' ആയി കണ്ടിരുന്നത്. മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കണമെന്നും കാവിക്കൊടി ദേശീയപതാകയാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രക്ഷോഭം നടത്തിയിരുന്ന ഒരു കാലത്ത് നമ്മുടെ രാഷ്ട്രത്തിന്റെ ശിൽപികൾ മേൽപ്പറഞ്ഞ മൂല്യങ്ങളിൽ ഉറച്ചുനിന്നതാണ് അതിന്റെ കാരണം.

എൻ എച്ച് 10 എന്ന സിനിമയിൽ ഹരിയാണയിലെ ഒരു പൊലീസുകാരൻ നായികയോട് പറയുന്ന ഒരു ഡയലോഗുണ്ട്: 'ഗുഡ്ഗാവിലെ അവസാനത്തെ മാളില്ലേ? അവിടം വരെയേ ഉള്ളൂ നിങ്ങളുടെ ഭരണഘടന.'.
ഹരിയാണയിലെയും ബിഹാറിലെയും യു.പിയിലെയും ഗ്രാമങ്ങളിൽ ഖാപ്പ് പഞ്ചായത്തുകളുടെ ഭരണവും രീതികളും തുടരുമ്പോഴും ഇന്ത്യയുടെ ദേശീയരാഷ്ട്രീയത്തിന് എക്കാലവും ഒരു മതേതരമുഖം (പൗഡറിട്ട് മിനുക്കിയാണെങ്കിലും) ഉണ്ടായിരുന്നു.

Photo: Wikipedia
Photo: Wikipedia

ഇന്ത്യയുടെ ചരിത്രം, വിഭജനം തുടങ്ങിയ ഘടകങ്ങൾഹിന്ദു പൊതുബോധത്തിൽ മുസ്​ലിംകൾക്ക് എപ്പോഴും ഒരു അപരസ്ഥാനം കൽപ്പിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. ശരിയായ രാഷ്ട്രീയബോധമില്ലാത്ത സാധാരണക്കാർക്ക് അത്തരം അപരമത വിദ്വേഷ ചിന്തകളുണ്ടെങ്കിലും അത് നാലാളുകൂടുന്ന സ്ഥലത്ത് പരസ്യമായി പറയുന്നത് ഒരു ടാബൂ ആയിരുന്നു. അഥവാ അല്പം മുസ്ലീം വിരോധം പറയേണ്ടി വന്നാൽ 'ഞാനൊരു വർഗീയവാദിയൊന്നുമല്ല, പക്ഷേ' എന്നൊരു മുഖവുരയോടെയും അല്പം ജാള്യത്തോടെയും പറയേണ്ട സാഹചര്യം ഇവിടെയുണ്ടായിരുന്നു. ഉദാഹരണമായി, കേരളത്തിൽ ഒരു 2010-ന് മുൻപു വരെ 'അനാശാസ്യം, യുവാവിനെയും യുവതിയെയും നാട്ടുകാർ പൊലീസിലേൽപ്പിച്ചു' എന്ന് പറയാറുണ്ടായിരുന്ന കാര്യം പിന്നീട് മാറിമറിഞ്ഞതെങ്ങനെയാണെന്ന് നോക്കാം. തസ്‌നി ബാനുവിനെയും സുഹൃത്തിനെയും ഇൻഫോ പാർക്കിനടുത്ത് ചില സദാചാരഗുണ്ടകൾ തടഞ്ഞുവെച്ചപ്പോൾ അവർ അതിനെതിരെ ശബ്ദമുയർത്തുകയും അത് ചർച്ചയാകുകയും ചെയ്തതോടെയാണ് ഇത്തരം സംഭവങ്ങളെ നമ്മുടെ മാധ്യമങ്ങൾ 'സദാചാര പൊലീസിങ്ങ്' എന്ന് അഡ്രസ് ചെയ്യാൻ തുടങ്ങിയത്. അതിന് ശേഷം 'ഞാനൊരു സദാചാര പൊലീസല്ല, പക്ഷേ' എന്നായി പൊതുബോധം. ഇത്തരത്തിൽ മുഖ്യധാരാ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സാംസ്‌കാരിക നായകരുടെയും വൊക്കാബുലറിയും നിലപാടും പൊതുബോധത്തെ സ്വാധീനിക്കാറുണ്ട്.

പൊതുസമൂഹം അത്രകണ്ട് പുരോഗമിച്ചതൊന്നും അല്ലെങ്കിലും സാമൂഹികമാറ്റങ്ങളുടെ ഒരു പൊതുബോധം സൃഷ്ടിക്കാൻ മാധ്യമങ്ങൾക്കും രാഷ്ട്രീയനേതൃത്വത്തിനും സമൂഹത്തിൽ സ്വാധീനമുള്ള അക്കാഡമിക് ബുദ്ധിജീവികൾക്കും സാധിക്കുമെന്നതാണ് ഇതിലൂടെ നമുക്ക് കാണുവാൻ സാധിക്കുക. പല പിന്തിരിപ്പൻ സംഗതികളെയും പൊതിഞ്ഞ് വെയ്ക്കാനെങ്കിലും ഇത് സഹായിക്കും.

നുണകളും പ്രൊപ്പഗാൻഡയും വസ്തുതകളിൽ നിന്നും വേർതിരിച്ചറിയാൻ സാധിക്കാത്ത ഒരുതരം അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സമകാലീന ഇന്ത്യയിലും ട്രംപിന്റെ കാലത്തെ അമേരിക്കയിലുമെല്ലാം സംഭവിച്ചത്.

എന്നാൽ നരേന്ദ്രമോദിക്കാലം നമുക്ക് സമ്മാനിച്ചത് ഇത്തരം പിന്തിരിപ്പൻ ചിന്താഗതികളുടെ പൂക്കാലമാണ്. 'നമ്മൾ നർമ്മദയിലെ വെള്ളം കൊണ്ടുവന്നത് ശ്രാവണത്തിലാണ്. കോൺഗ്രസിനത് വേണ്ടിയിരുന്നത് റംസാനിലായിരുന്നു', 'അപകടകരമായരീതിയിൽ ജനസംഖ്യ വർധിപ്പിക്കുന്നവരെ നാം ഒരു പാഠം പഠിപ്പിക്കണം' എന്നിങ്ങനെയുള്ള പ്രസ്താവനകൾ പറഞ്ഞ് ഒരു സംസ്ഥാനത്തെ കലാപാനന്തര അന്തരീക്ഷത്തിൽ അധികാരം ഊട്ടിയുറപ്പിച്ചയാൾ അതേ വർഗീയ പ്രസ്താവനകൾ ഉറക്കെ ദേശീയതലത്തിൽ വിളിച്ചുപറഞ്ഞപ്പോൾ ഉള്ളിൽ വർഗീയത ഒളിപ്പിച്ചുവെച്ചിരുന്നവർക്ക് അത് നൽകിയ ആത്മവിശ്വാസം ചെറുതല്ല. നരേന്ദ്ര മോദി നല്ലൊരു പ്രാസംഗികനാണ്. നല്ല മനോഹരമായ കാവ്യഭംഗിയുള്ള ഹിന്ദിയിൽ അദ്ദേഹം സംസാരിക്കുന്നത് എല്ലായ്‌പ്പോഴും സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിലാണ്. അതുമാത്രമല്ല, അദ്ദേഹം എല്ലായ്‌പ്പോഴും താൻ താഴേത്തട്ടിൽ നിന്നും ഉയർന്നുവന്ന ഒരാളാണെന്ന് വിളിച്ചുപറയുകയും ചെയ്യാറുണ്ടായിരുന്നു. അത്തരത്തിൽ എല്ലാ അർത്ഥത്തിലും ഒരു 'ഹീറോ ഓഫ് അവർ ക്ലാസ്' ആയിട്ടാണ് വലിയ രാഷ്ട്രീയ പ്രബുദ്ധതയൊന്നുമില്ലാത്ത, അല്പസ്വല്പം വർഗീയതയൊക്കെ മനസിലൊളിപ്പിച്ച സാധാരണക്കാർ അദ്ദേഹത്തെ കണ്ടത്. ഇതായിരുന്നു നരേന്ദ്ര മോദിയുടെ വിജയവും. പക്ഷേ അദ്ദേഹത്തിന്റെ വിജയം ഇന്ത്യയിലെ പൊതുബോധത്തിൽ വർഗീയതയ്ക്കും വിദ്വേഷരാഷ്ട്രീയത്തിനും സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഇതുതന്നെയാണ് അമേരിക്കയിൽ ഡൊണാൾഡ് ട്രംപും ചെയ്തത്.

എം.എസ് ഗോൾവൾക്കർ
എം.എസ് ഗോൾവൾക്കർ

പോപ്പുലിസവും
ഡിജിറ്റൽ മീഡിയയുടെ ഉദയവും

നരേന്ദ്ര മോദി ആദ്യകാലത്ത് മാധ്യമങ്ങൾക്ക് നൽകിയിരുന്ന അഭിമുഖങ്ങളിൽ, താൻ 2006 കാലഘട്ടം മുതൽ ഇന്റർനെറ്റിനെ ഗൗരവമുള്ള സംഗതിയായി കണ്ടതെങ്ങനെയാണെന്ന് വിശദീകരിക്കുന്നുണ്ട്. ഒരുപക്ഷേ സമൂഹമാധ്യമങ്ങളുടെ സാധ്യത ആദ്യം മുതൽ തിരിച്ചറിയുകയും അത് ഉപയോഗിക്കുകയും ചെയ്ത ഒരാളാണ് മോദി എന്ന് പറയാം. ഇന്ത്യയിൽ ഇന്റർനെറ്റിന്റെ വളർച്ചയ്‌ക്കൊപ്പമായിരുന്നു മോദിയുടെയും മോദിരാഷ്ട്രീയത്തിന്റെയും വളർച്ച. ഇന്റർനെറ്റ് ഇന്ത്യയിലെ സാധാരണ മനുഷ്യരെ വളരെയധികം ശാക്തീകരിച്ചു. എന്നാൽ ആ ശാക്തീകരണം ഗുണങ്ങൾക്കൊപ്പം തന്നെ വലിയ ദോഷങ്ങൾക്കും വഴിവെയ്ക്കുകയുണ്ടായി. പോസ്റ്റ്കാർഡ് ന്യൂസും മറുനാടൻ മലയാളിയുമെല്ലാം ഈ ഇന്റർനെറ്റ് കാലത്ത് നമ്മുടെ സമൂഹത്തിൽ ഉണ്ടായി വന്നവയാണ്.

വലതുപക്ഷ പോപ്പുലിസ്റ്റ് ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ചയെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരുകാലമാണിത്. ഡിജിറ്റൽ മാധ്യമങ്ങളുടെ ഉദയം തൊണ്ണൂറുകളുടെ അവസാനകാലത്ത് തന്നെ അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളുടെ തലവന്മാരെ അസ്വസ്ഥരാക്കിയിരുന്നു. 1997 ജൂൺ മാസത്തിലെ ഒരു വൈകുന്നേരം അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളുടെ തലവന്മാരും എഴുത്തുകാരും ഇക്കാര്യം ചർച്ച ചെയ്യുന്നതിന് ഹവാർഡ് ഫാക്കൽട്ടി ക്ലബ്ബിൽ ഒത്തുകൂടിയ കാര്യം അന്ന് അവിടെ അവിടെ സന്നിഹിതരായിരുന്ന ബിൽ കോവാക്‌സും ടോം റോസെൻസ്റ്റീലും 'ദ എലമന്റ്‌സ് ഓഫ് ജേർണലിസം' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. മാധ്യമങ്ങളിലുള്ള വിശ്വാസ്യത കുറഞ്ഞുവരുന്ന ഒരുകാലമായിരുന്നു അത്. അച്ചടി മാധ്യമങ്ങളിൽ നിന്ന് മൾട്ടിമീഡിയയിലേയ്ക്കുള്ള വളർച്ച മാധ്യമസംസ്‌കാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. 1920- കളിൽ രംഗപ്രവേശം ചെയ്ത റേഡിയോയും 1950-കളിൽ എത്തിയ ടെലിവിഷനും മാധ്യമങ്ങളുടെ സംവേദനത്തിന് പുതിയ മാനങ്ങൾ നൽകി. മൊത്തം ആശയവിനിമയരീതിയ്ക്ക് ഒരു എന്റർടെയിന്മെന്റ് സ്വഭാവം കൈവന്നു. ഇത് തീർച്ചയായും ജേണലിസത്തിന്റെ അടിസ്ഥാനമൂല്യമായ ഒബ്ജക്ടിവിറ്റിയെ ബാധിച്ചുതുടങ്ങിയിരുന്നു. ഈ കാലഘട്ടത്തിലാണ് ഇന്റർനെറ്റിന്റെ വരവ്. തീർച്ചയായും ഇന്റർനെറ്റിന്റെ ലിബറൽ സ്വഭാവം മാധ്യമങ്ങളുടെ സ്വഭാവത്തെ കൂടുതൽ കുഴപ്പത്തിലാക്കുമെന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ വക്താക്കൾ ഭയന്നിരുന്നു. അവരുടെ ഭയം ഒരുപരിധിവരെ ശരിയാണെന്ന് തെളിയിക്കുന്ന ഒരുകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

പ്രബുദ്ധ കേരളത്തിൽ, ബി ജെ പി സർക്കാരിനെ ശക്തമായ ഭാഷയിൽ വിമർശിക്കുകയോ അവർക്കെതിരായ വാർത്തകൾക്ക് പ്രാധാന്യം നൽകുകയോ ചെയ്യുന്ന ചാനലുകൾ ഇല്ല എന്നുതന്നെ പറയാം.

മാധ്യമങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ കുഴപ്പം പിടിച്ച ഒരു പ്രയോഗമാണ്. സർക്കാർ സംവിധാനങ്ങൾ നമ്മുടെ പരമ്പരാഗത മാധ്യമങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായിരുന്നു ഡൽഹി കലാപത്തിലെ ചില വസ്തുതകൾ റിപ്പോർട്ട് ചെയ്തതിന് ഏഷ്യാനെറ്റ് നേരിട്ട നടപടിയും കോടതിയിലെ 'സീൽഡ് കവർ' രാഷ്ട്രീയത്തിലൂടെ കേന്ദ്ര സർക്കാർ മീഡിയവണ്ണിനെ പൂട്ടിക്കാൻ ശ്രമിച്ചതും. പക്ഷേ, രാജ്യദ്രോഹമെന്നോ ഹിന്ദുവിരുദ്ധമെന്നോ ചിത്രീകരിച്ച് മാധ്യമങ്ങളെ വേട്ടയാടിയാൽ പൊതുബോധത്തിൽ വലിയ ചലനമൊന്നും ഉണ്ടാകാത്ത ഒരു വർത്തമാനകാല ഇന്ത്യയാണ് നമുക്ക് മുന്നിലുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയ്ക്ക് മാധ്യമങ്ങളെ ബലം പ്രയോഗിച്ച് നിശ്ശബ്ദരാക്കേണ്ടി വന്നു. എന്നിട്ടും ഒഴിഞ്ഞ എഡിറ്റോറിയൽ പേജുമായി ഇന്ത്യൻ എക്‌സ്പ്രസ് പോലെയുള്ള മാധ്യമങ്ങൾ പ്രതിഷേധിച്ചു.

പോളണ്ടിലെ പട്ടാളനിയമകാലത്തെ സർക്കാർ ടെലിവിഷനിൽ വാർത്ത വരുന്ന വൈകുന്നേരം ഏഴരമണിക്ക് സ്വിഡ്‌നിക് പട്ടണത്തിലെ പൗരന്മാർ നായയെയും കൊണ്ട് നടക്കാനിറങ്ങി. ചില പട്ടണങ്ങളിൽ ജനങ്ങൾ ടെലിവിഷനുകൾ ജനാലയുടെ അടുത്ത് തെരുവിലേയ്ക്ക് തിരിച്ചുവെച്ചു. നിങ്ങളുടെ വീക്ഷണത്തിലൂടെയുള്ള വസ്തുതകൾ ഞങ്ങൾ നിരാകരിക്കുന്നുവെന്ന് അവർ പറയാതെ പറഞ്ഞു. എന്നാൽ വർത്തമാനകാല ഇന്ത്യയിലെ മാധ്യമങ്ങൾ കുനിയാൻ പറയുന്നതിന് മുൻപുതന്നെ നിലത്ത് കിടന്നിഴയുന്നു. പ്രബുദ്ധകേരളത്തിൽ, ബി ജെ പി സർക്കാരിനെ ശക്തമായ ഭാഷയിൽ വിമർശിക്കുകയോ അവർക്കെതിരായ വാർത്തകൾക്ക് പ്രാധാന്യം നൽകുകയോ ചെയ്യുന്ന ചാനലുകൾ ഇല്ല എന്നുതന്നെ പറയാം. മീഡിയാവണ്ണും കൈരളിയും ചിലപ്പോഴൊക്കെ മനോരമ ന്യൂസും കേന്ദ്രസർക്കാരിനെ വിമർശിക്കാറുണ്ട്. ബാക്കിയുള്ള മാധ്യമങ്ങൾ കയ്യുയർത്തി ബി.ജെ.പിയ്ക്ക് കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. വലതുപക്ഷ പോപ്പുലിസ്റ്റ് ക്യാമ്പയിനുകൾ ഉയർത്തിക്കാട്ടുന്ന പണി നമ്മുടെ ടെലിവിഷൻ ചാനലുകൾ ഉടൻ ആരംഭിക്കും. എന്നാൽ നിലവിൽ മലയാളത്തിൽ റിപ്പബ്ലിക് ടിവിയോ ടൈസ് നൗവോ സീ ന്യൂസോ പോലെ ഒരു ടെലിവിഷൻ ചാനൽ ജനം ടിവിയല്ലാതെ (അത് ബി.ജെ.പിയുടെ മൗത്ത് പീസ് ആണല്ലോ) വേറേയില്ല. ജനം ടിവിയ്‌ക്കൊക്കെ ശബരിമലക്കാലത്ത് അൽപ്പം റേറ്റിങ്ങ് കിട്ടി എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഇവിടെ റിപ്പബ്ലിക് ടിവിയുടെ ധർമം വിജയകരമായി നിർവഹിച്ചു പോരുന്നത് മറുനാടൻ മലയാളിയാണ്.

എന്നാൽ നുണകളും പ്രൊപ്പഗാൻഡയും വസ്തുതകളിൽ നിന്നും വേർതിരിച്ചറിയാൻ സാധിക്കാത്ത ഒരുതരം അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സമകാലീന ഇന്ത്യയിലും ട്രംപിന്റെ കാലത്തെ അമേരിക്കയിലുമെല്ലാം സംഭവിച്ചത്. 'ഫ്രൂട്ടിയിൽ എയിഡ്‌സ് രോഗിയുടെ രക്തം കലർന്നതിന്റെ’ ഇ മെയിൽ ഫോർവേർഡുകൾ മുതൽ‘നമ്മുടെ ദേശീയഗാനത്തെ മികച്ച ദേശീയഗാനമായി യുനസ്‌കോ തെരെഞ്ഞെടുത്തു', 'മോദിയെ മികച്ച പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭ തെരെഞ്ഞെടുത്തു' എന്നതരത്തിലുള്ള മോദിക്കാലത്തെ വാട്‌സാപ്പ് സന്ദേശങ്ങൾ വരെയുള്ളവ ഈ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള വലതുപക്ഷ അജണ്ടയുടെ ഭാഗമാണ്. ആരോ തമാശയ്ക്ക് സൃഷ്ടിക്കുന്നതെന്ന് നാം കരുതുന്ന ഹോക്‌സുകൾ പോലും ഇത്തരം ഒരു പ്രോസസിന്റെ ഭാഗമാകാം.

ഇത്തരത്തിൽ വിവരം അഥവാ ജ്ഞാനത്തെക്കുറിച്ച് ഒരുതരം അരാജകത്വം സൃഷ്ടിക്കപ്പെടുകയാണ്. ശരിക്കും അരാജകത്വമാണുള്ളതെന്ന് നമുക്ക് തോന്നുമ്പോഴും ജ്ഞാനവിതരണത്തിന്റെ ശരിയായ നിയന്ത്രണം ഈ രാഷ്ട്രീയാധികാരം കയ്യാളുന്ന സംഘത്തിന്റെ കയ്യിലാകും ഉള്ളത്. ഒരു സമഗ്രാധിപത്യ സ്വഭാവമുള്ള സർക്കാരിനു കീഴിലാണെങ്കിൽ അതിന്റെ നിയന്ത്രണം അവർക്കാകും ഉണ്ടാകുക. ഇന്ത്യയെ സംബന്ധിച്ച് കുറഞ്ഞത് രണ്ട് ദശകമായി ഒരു ഡീപ് സ്റ്റേറ്റ് എന്നതരത്തിൽ സംഘപരിവാർ നമ്മുടെ സമൂഹത്തിൽ വലിയ സോഷ്യൽ എഞ്ചിനീയറിങ്ങ് നടത്തിവരുന്നുണ്ട്. അവർക്ക് പൂർണമായും അധികാരമില്ലാതിരുന്ന കാലം മുതൽ തന്നെ അവർ ഈ പണി തുടങ്ങി എന്നതാണ് സത്യം. 2014-ൽ മോദി അധികാരത്തിലെത്തുമ്പോഴേയ്ക്ക് ഈ ജ്ഞാനവിതരണത്തിന്റെ സമഗ്രാധിപത്യം വിർച്വലായി അവർ നേടിക്കഴിഞ്ഞിരുന്നു. ഈ പ്രക്രിയയിലൂടെ ഒരു ജനതയെ അപ്പാടെ ഒരുതരം ചിന്താപരമായ നിസംഗതയിൽ എത്തിക്കാൻ ഭരണവർഗത്തിന് സാധിക്കും. ഒരു സമഗ്രാധിപത്യ പരിതസ്ഥിതിയിൽ ജീവിക്കുന്ന മനുഷ്യർ വസ്തുതയും സങ്കല്പവും തമ്മിലുള്ള വേർതിരിവുകൾ മായ്ക്കപ്പെടുന്നത് തിരിച്ചറിയാൻ ശ്രമിക്കാതെ 'എന്തും നടക്കും' എന്ന് വിശ്വസിക്കുന്ന യുക്തിരാഹിത്യത്തെ ആശ്ലേഷിക്കുക എന്ന അവസ്ഥയിലേയ്ക്ക് മാറുമെന്ന് ജർമൻ ചരിത്രകാരിയായ ഹന്നാ അരെൻഡ്ത്തന്റെ 'ദ ഒറിജിൻസ് ഓഫ് ടോട്ടലിറ്റേറിയനിസം (The Origins of Totalitarianism)' എന്ന പുസ്തകത്തിൽ പറയുന്നു.

സമൂഹമാധ്യമങ്ങളുടെ ഉപയോഗം വ്യാപകമാകുന്നതോടൊപ്പം, വികസിതമായി വന്ന ഈ പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രത്തിന്റെ സാധ്യതകളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്ന ധർമമാണ് ഷാജൻ സ്‌കറിയ എന്ന വ്യക്തി മറുനാടൻ മലയാളിയിലൂടെ നിർവ്വഹിച്ചത്.

ശാസ്ത്രീയമായ ജ്ഞാനത്തോടും അപഗ്രഥനപരമായ സമീപനത്തോടുമുള്ള വിരക്തി പോപ്പുലിസത്തോടൊപ്പം തന്നെ വളർന്നുവരുന്ന ഒരു സംഗതിയാണ്. ഈ ബൗദ്ധിക വിരുദ്ധത അഥവാ ലളിതയുക്തികളോടുള്ള ആസക്തി വലതുപക്ഷപോപ്പുലിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ വർധിച്ചുവരികയും ചെയ്യും. ഉദാഹരണത്തിന്, കാൻസർ എന്നത് പല രീതിയിലുള്ള ചികിൽസകൾ ആവശ്യമുള്ളതും സങ്കീർണ്ണമായ കാരണങ്ങളുള്ളതുമായ നിരവധി രോഗങ്ങളുടെ ഒരു ക്ലാസ് ആണെന്ന് വിശദീകരിക്കുന്നത് കേൾക്കുന്നതിനേക്കാൾ സാധാരണക്കാരനായ ഒരാൾക്ക് ഇഷ്ടം, 'ചക്ക കഴിച്ചാൽ കാൻസർ മാറും' എന്ന വാട്‌സാപ്പ് ഫോർവേഡിനോടായിരിക്കും. സാധാരണക്കാരനായ ഒരു വെൽഡിങ്ങ് വർക്ക്‌ഷോപ്പ് ജീവനക്കാരൻ ഒരു ഡൈനാമോയിൽ ഒരു മോട്ടർ ഘടിപ്പിച്ച് അതിനെ ഊർജത്തിന്റെ ഒരു അക്ഷയപാത്രമാക്കാൻ ശ്രമിക്കുന്ന വീഡിയോ വല്ലാതെ ഷെയർ ചെയ്യപ്പെടും. അതേസമയം അത് പെർപെച്വൽ മെഷീൻ എന്ന ഒരിക്കലും സാധ്യമല്ലാത്ത സംഗതിയാണെന്നും ഊർജസംരക്ഷണ നിയമത്തിനെതിരാണെന്നും വിശദീകരിക്കുന്ന ഒരു വീഡിയോയിൽ ആർക്കും താല്പര്യം കാണുകയുമില്ല. ലയൺ എന്ന സിനിമയിൽ ദിലീപ് അവതരിപ്പിക്കുന്ന നായകൻ, ‘കറന്റുണ്ടാക്കുന്നത് വെള്ളത്തീന്നല്ലേ? പിന്നെന്താ വെള്ളത്തിൽ തൊട്ടാ ഷോക്കടിക്കാത്തത്?' എന്ന് ചോദിക്കുമ്പോൾ 'അവൻ പറഞ്ഞതിലും കാര്യമുണ്ട്.' എന്ന് പറയുന്ന കൊല്ലം തുളസിയുടെ കഥാപാത്രം അത്ര അസാധാരണമല്ലെന്ന് സാരം. ലളിതയുക്തിയെ ഉണർത്തി അതിലൂടെ സംവേദനം നടത്തുന്ന ഈ വിജ്ഞാനശാസ്ത്രത്തെ 'പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രം' (Populist Epistemology) എന്നാണ് പൊതുവേ പറയാറുള്ളത്.

പോപ്പുലിസ്റ്റ് വിജ്ഞാനപ്രപഞ്ചത്തിലെ
സാധാരണ പൗരർ

കേരളം ഒരു സ്വയം പര്യാപ്തതയുമില്ലാത്തെ സംസ്ഥാനമാണെന്നും ഇടത്- വലത് ഭരണകൂടങ്ങൾ ഭരിച്ചുമുടിച്ചതുമൂലം ഇവിടുത്തെ വികസനമാകെ താറുമാറായിക്കിടക്കുകയാണെന്നും കേരളത്തിന്റെ ഭൂതകാലസമൃദ്ധി നശിച്ചുവെന്നുമുള്ള പ്രചാരണം ഈ പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രത്തിന്റെ കൃത്യമായ പ്രയോഗമാണ്. നൊസ്റ്റാൾജിയ അഥവാ ഭൂതകാലക്കുളിര്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ 'ഗോൾഡൻ ഏജ് തിങ്കിങ്ങ് ഫാലസി' ലളിതയുക്തിയിൽ പെട്ടെന്ന് ദഹിക്കുന്ന ഒരു സംഗതിയാണ്. അല്പം കൂടി സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ 'എന്റെയൊക്കെ കുട്ടിക്കാലത്തെ ഓണമായിരുന്നു ഓണം' എന്ന് ഒരു ബാലതാരത്തിന് പോലും പറയാൻ തോന്നുന്ന വികാരം. മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാൽഅതിന്റെ സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ആകെമൊത്തം പുരോഗതിയുടെ ഗ്രാഫ് എക്കാലവും മുകളിലേയ്ക്കാണ് പോകുന്നതെന്ന് യുവാൽ നോവ ഹരാരിയെപ്പോലെ നിരവധി പേർ വസ്തുതാപരമായി വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ കേരളമെന്നല്ല ഏത് നാടിന്റെ കാര്യത്തിലും അരനൂറ്റാണ്ട് പുറകിലുള്ള ഈ ഗതകാല സ്മരണകളെ വലിയ കാര്യമായി അവതരിപ്പിക്കുന്നത് വസ്തുതാപരമല്ല.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കേരളത്തിലെ പൗരന്മാരുടെ ശരാശരി ആയുസ് 40 ആയിരുന്നുവെന്നും ഇന്ന് അത് 73 ആണെന്നും മാത്രം പറഞ്ഞാൽ 'എന്റെ അപ്പൂപ്പന്റെ അച്ഛനൊക്കെ 80 വയസുവരെ ജീവിച്ചിരുന്നിട്ടുണ്ടല്ലോ?' എന്ന് തിരിച്ചു ചോദിക്കും ഈ ലളിതയുക്തിക്കാർ. ഈ അപ്പൂപ്പന് എത്ര സഹോദരങ്ങൾ ഉണ്ടായിരുന്നുന്നെന്നും അതിലെത്ര പേർ ബാലമരണങ്ങളെയും യൗവ്വനത്തിലെ രോഗങ്ങളെയും അതിജീവിച്ചുവെന്നും ചോദിച്ച ശേഷം, അവരുടെയെല്ലാം പ്രായത്തിന്റെ ശരാശരി എടുത്ത് എങ്ങനെയാണിത് കണക്കുകൂട്ടുക എന്ന് പറഞ്ഞുമനസിലാക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ്. കേരളം രാജ്യത്തെ തന്നെ എല്ലാ സൂചികകളിലും ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണെന്നും ബി ജെ പി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നിതി ആയോഗിന് പോലും ഒരുതരത്തിലും ആ വസ്തുതയെ നിഷേധിക്കാൻ കഴിയുന്നില്ലെന്നും വിശദീകരിക്കുന്നതും അത്ര എളുപ്പമല്ല. ഇനി അങ്ങനെ പറഞ്ഞാൽ തന്നെയും അത്തരം ആധികാരികമായ ഡേറ്റ ഒന്നും പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രത്തിന്റെ ഇരകൾ സ്വീകരിക്കുകയുമില്ല. പേഴ്‌സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജി ബുള്ളറ്റിനിൽ 2018-ൽ പ്രസിദ്ധീകരിച്ച Using Power as a Negative Cue: How Conspiracy Mentality Affects Epistemic Trust in Sources of Historical Knowledge എന്ന പഠനത്തിൽ ഇത് തെളിയിക്കുകയും വിശദമാക്കുകയും ചെയ്യുന്നുണ്ട്.

മറുനാടൻ മലയാളിയുടെ
പ്രയോഗശാസ്ത്രം

സമൂഹമാധ്യമങ്ങളുടെ ഉപയോഗം വ്യാപകമാകുന്നതോടൊപ്പം, വികസിതമായി വന്ന ഈ പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രത്തിന്റെ സാധ്യതകളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്ന ധർമമാണ് ഷാജൻ സ്‌കറിയ എന്ന വ്യക്തി മറുനാടൻ മലയാളിയിലൂടെ നിർവ്വഹിച്ചത്. 2008-ൽ ആരംഭിച്ച ഈ വെബ്‌സൈറ്റ് പ്രധാനമായും മാതൃകയാക്കിയത് യു.കെയിലെ ടാബ്ലോയ്ഡ് ആയ ഡെയ്ലി മെയിലിനെ ആണ്. നീളമുള്ള തലക്കെട്ടുകളും കുത്തിനിറച്ച ചിത്രങ്ങളുള്ള വലിയ തംബ് നെയിലുകളുമായി ഡെയ്ലി മെയിലിന്റെ ഓൺലൈൻ പിന്തുടർന്നിരുന്ന അതേ ശൈലിയായിരുന്നു ഷാജനും പകർത്തിയത്. സാധാരണഗതിയിൽ മറുനാടൻ മലയാളി നൽകാറുള്ള തലക്കെട്ടിനോട് സാമ്യമുള്ള രീതി അവലംബിച്ചാൽ ഈ ലേഖനത്തിന്റെ തലക്കെട്ട് ''ശബരിമല വിഷയത്തിലെ കൊലവിളി; ലവ് ജിഹാദിന്റെ പ്രചാരണം; ഷാജൻ സ്‌കറിയയുടെ രീതികൾ കുഴപ്പമുണ്ടാക്കിയത് അങ്ങ് അമേരിക്കയിലും: മറുനാടൻ ചർച്ചയാകുമ്പോൾ'' എന്നായിരിക്കും.

ഒരു മലയോര ക്രിസ്​ത്യാനിയുടെ കഠിനാധ്വാന ശീലം കൈമുതലായിരുന്ന ഷാജൻ എല്ലാ ദിവസവും രാവിലെ അഞ്ചുമണിയ്ക്ക് പത്രക്കെട്ടുകൾ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ അവ കൈക്കലാക്കുകയും അതിലെ ഉൾപ്പേജുകളിലെ പ്രാദേശിക വാർത്തകൾ വിശദമായി വായിച്ച ശേഷം അതിന് തലക്കെട്ടുകളിലും കണ്ടന്റിലും ടാബ്ലോയ്ഡ് സ്വഭാവം വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു. തുടക്കകാലത്തുതന്നെ മഞ്ഞപ്പത്രം എന്ന പേര് സമ്പാദിച്ചെങ്കിലും സാമ്പത്തികമായി ഷാജൻ വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറുകയായിരുന്നു. അതത് കാലത്തെ പൾസിനനുസരിച്ച് ഷാജൻ ഗ്യാലറിയ്ക്കായി കളിക്കുകയായിരുന്നു. അതേസമയം, മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെയ്ക്കുന്ന വ്യവസായികളുടെ പേരുകൾ ഉറക്കെപ്പറഞ്ഞും സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതരത്തിലുള്ള കൊലപാതകങ്ങൾക്കും റേപ്പുകൾക്കും പല ആംഗിളിലുള്ള കവറേജുകൾ മറ്റുമാധ്യമങ്ങളിലില്ലാത്ത വിശദാംശങ്ങളോടെ നൽകിയും 'കോമൺസി'ന്റെ ഹീറോ എന്ന ഇമേജും ഷാജൻ സ്വന്തമാക്കി.

ആദ്യകാലത്തെല്ലാം ഷാജൻ ഏറെക്കുറെ സി.പി.എം അനുകൂല നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷ അനുഭാവികൾക്ക് അത്യാവശ്യം മേൽക്കൈ ഉണ്ടായിരുന്ന ആ കാലത്ത് ഏറ്റവും അനുയോജ്യമായ നിലപാട് അതായിരുന്നു എന്ന് ഷാജൻ മനസിലാക്കിയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ജനരോഷം ശക്തമായിരുന്ന കാലത്ത് ഷാജൻ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ മറുനാടനിലൂടെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. 2008-ൽ ഷാജൻ മറുനാടൻ തുടങ്ങിയ കാലത്ത് ബ്ലോഗുകളിലും ഗൂഗിൾ പ്ലസിലുമെല്ലാം രാഷ്ട്രീയവും സാഹിത്യവും വിജ്ഞാനവുമെല്ലാം ചർച്ച ചെയ്തിരുന്ന ഒരു വരേണ്യവിഭാഗം ഫെയ്‌സ്ബുക്കിലേയ്ക്ക് ചേക്കേറി എന്നൊരു മാറ്റവും സംഭവിച്ചിരുന്നു. മലയാളത്തിലെ സമൂഹമാധ്യമ പ്രപഞ്ചത്തിൽ കാര്യമായ പരിണാമം സംഭവിച്ച ഒരു കാലമായിരുന്നു അത്.

സമൂഹമാധ്യമങ്ങളിലെ
മലയാളിയുടെ പരിണാമം

ബ്ലോഗുകളെയും ഗൂഗിൾ പ്ലസിനെയും പോലെ തന്നെ ഫെയ്‌സ്ബുക്കിനെയും മലയാളികൾ ഒരു ചർച്ചാവേദിയായാണ് കണ്ടിരുന്നത്. പിന്നീട് വിഷയാധിഷ്ഠിതമായി ചർച്ചകൾ സംഘടിപ്പിക്കുന്ന ഗ്രൂപ്പുകൾ ഉണ്ടായി. ആദ്യഘട്ടത്തിലെല്ലാം യുക്തിവാദികളും മതവാദികളുമായിരുന്നു പ്രധാനമായും ഏറ്റുമുട്ടിയിരുന്നത്. പ്രത്യേകിച്ച് അജണ്ടകളൊന്നുമില്ലാത്ത മതവിശ്വാസികളിൽ പലരും ആദ്യം യുക്തിവാദികളുമായി ആശയപരമായി ഏറ്റുമുട്ടുകയും പിന്നീട് യുക്തിവാദിയായി മാറുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അതുപോലെ, മതവിശ്വാസികൾ യുക്തിവാദികളുമായുള്ള ഏറ്റുമുട്ടലിന്റെ ഫലമായി തീവ്രമതവാദികൾക്കൊപ്പം ചേരുന്നതും പതിവായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇവരെല്ലാം കേഡർ സ്വഭാവമുള്ള ഗ്രൂപ്പുകളായി തിരിയാൻ തുടങ്ങി. രാഷ്ട്രീയത്തിന്റെ കാര്യത്തിലും ഇത് സംഭവിച്ചു. നിക്ഷ്പക്ഷരായി ചർച്ചകൾ വായിച്ച് നിലപാടുകൾ സ്വീകരിക്കുന്ന രീതിയിൽ നിന്നും ഗോത്രങ്ങൾക്കൊപ്പം നിൽക്കുന്ന രീതി ഉണ്ടായി വന്നു. ഈ സാഹചര്യത്തിലാണ് ആൻഡ്രോയ്ഡ് ഫോണുകളും കൂടെ വാട്‌സാപ്പും ഇവിടെ പോപ്പുലറായത്. അതുവരെ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉപയോഗിക്കുന്ന ഒരു വരേണ്യവർഗം ഉപയോഗിച്ചിരുന്ന ഇന്റർനെറ്റ് അതോടെ സാധാരണക്കാരായ ഇടത്തരക്കാരുടെ കൂടി ഇടമായി മാറി.

നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയാകുകയും കേരളത്തിൽ സംഘപരിവാർ അനുഭാവികൾക്കും നേതാക്കൾക്കും അല്പം കൂടി മുഖ്യധാരയിൽ ഇടം ലഭിക്കുകയും ചെയ്തതോടെ അതിന്റെ സാധ്യതകൾതിരിച്ചറിഞ്ഞ ഷാജൻ ഒരു ബി ജെ പി- മോദി അനുകൂല നിലപാടിലേയ്ക്ക് പതിയെ തിരിയുകയായിരുന്നു.

എന്നാൽ, ഫെയ്‌സ്ബുക്കിലേക്ക് കുടിയേറിയ ഇടത്തരക്കാരെ സ്വാഗതം ചെയ്തത് ഗോത്രങ്ങളായി തിരിഞ്ഞ വെള്ളം കടക്കാത്ത അറകളായിരുന്നു. ഈ കൂട്ടങ്ങൾക്കൊപ്പം ചേരുക എന്ന രീതിയിലേയ്ക്ക് ഇവർ മാറാൻ തുടങ്ങി. ഈ ഗ്രൂപ്പുകൾ പലപ്പോഴും പലതായി പിളരുന്ന സാഹചര്യങ്ങൾ ഉണ്ടായി. കമ്യൂണിസ്റ്റ് അനുഭാവികളുടെ തന്നെ പല ഗ്രൂപ്പുകൾ ഉണ്ടായി വന്നു. 2010 മുതൽ 2013 വരെ ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയത്.

2013-ൽ നരേന്ദ്ര മോദിയെ ദേശീയ നേതാവായി ഉയർത്തിക്കാട്ടുന്ന ഗുജറാത്ത് മോഡലിന്റെ ക്യാമ്പയിനുകൾ ഇവിടെയുമെത്തി. കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ വലിയ പ്രാധാന്യമൊന്നുമില്ലാതിരുന്ന ബി ജെ പി ചർച്ചകളിൽ നിറയാൻ തുടങ്ങി. ബാബരി അനന്തരം കേരളത്തിൽ ചെറുതായി പച്ചപിടിച്ചു തുടങ്ങുകയും പിന്നീട് സ്ലീപ്പർ സെല്ലുകളായി മാറുകയും ചെയ്ത സംഘപരിവാർ അനുഭാവികൾ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങി. അൽഫോൺസ് കണ്ണന്താനത്തെപ്പോലെയുള്ള ബ്യൂറോക്രാറ്റുകളും ചില എലീറ്റുകളും ബി ജെ പിയിൽ ചേരുകയും നരേന്ദ്ര മോദി എന്ന വികസനനായകനെയും ഗുജറാത്ത് എന്ന സ്വപ്നഭൂമിയെയും കുറിച്ച് ക്ലാസുകൾ എടുക്കാൻ തുടങ്ങുകയും ചെയ്തു. ഇതൊന്നും കൃത്യമായ രാഷ്ട്രീയ ബോധവും സ്വന്തമായ രാഷ്ട്രീയ അഭിപ്രായങ്ങളുമുള്ള കേരളജനതയെ കാര്യമായി സ്വാധീനിച്ചിരുന്നില്ല. എങ്കിലും ഉള്ളിൽ ഹിന്ദുത്വവും ജാതീയതയും സൂക്ഷിച്ചിരുന്ന പലരും ഒളിഞ്ഞും തെളിഞ്ഞും ഗുജറാത്ത് മോഡലിനെ പുകഴ്ത്താനും സ്വയം വെളിപ്പെടാനും ഇത് കാരണമായി.

മഹേഷ് ഹെഗ്‌ഡെ
മഹേഷ് ഹെഗ്‌ഡെ

രാജ്യമൊട്ടാകെയുള്ള സൈബർ ഇടങ്ങളിൽ ഗുജറാത്ത് മോഡലിനെയും നരേന്ദ്ര മോദിയെയും കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളുടെ ഒരുതരം ക്ലസ്റ്റർ ബോംബിങ്ങ് നടക്കുന്ന കാലമായിരുന്നു അത്. വ്യാജവാർത്തകളുടെയും അവകാശവാദങ്ങളുടെയും ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായി. ഗുജറാത്തിലെ നഗരങ്ങളെന്ന പേരിൽ ബീജിങ്ങിന്റെയും ആംസ്റ്റർഡാമിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. ഈ വ്യാജ അവകാശവാദങ്ങളെ പൊളിച്ചടുക്കുന്നതിനും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വസ്തുതകൾ സമൂഹമാധ്യമങ്ങളിലെത്തിക്കുന്നതിനുമായി പ്രതീക് സിൻഹ എന്ന അഹമ്മദാബാദ് സ്വദേശിയായ സോഫ്​റ്റ്​വെയർ എഞ്ചിനീയർ ആരംഭിച്ച ട്രൂത്ത് ഓഫ് ഗുജറാത്ത് ഒരു ഫെയ്‌സ്ബുക്ക് പേജായും പിന്നീട് വെബ്‌സൈറ്റായും മാറി. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഫാക്ട് ചെക്കിങ്ങ് വെബ്‌സൈറ്റുകളിലൊന്നായി മാറിയ ഓൾട്ട് ന്യൂസിന്റെ ആദ്യ രൂപമായിരുന്നു ഇത്. എന്നാൽ പ്രതീകിനോ ഇത്തരം ഫാക്ട് ചെക്കിങ്ങ് ഗ്രൂപ്പുകൾക്കോ ഒന്നും ടീം മോദി സൃഷ്ടിച്ച പോപ്പുലിസ്റ്റ് എപ്പിസ്റ്റമോളജിയുടെ സ്വാധീനത്തെ ആദ്യഘട്ടത്തിൽകാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഈ ക്യാമ്പയിനുകളിലൂടെ സ്വാധീനം വർധിച്ച നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഇത് കേരളത്തിന്റെ സാഹചര്യത്തിലെ മതേതര അന്തരീക്ഷത്തിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന പല ഹിന്ദുത്വവാദികൾക്കും മൃദുഹിന്ദുത്വ ആരാധകർക്കും വല്ലാത്ത ആത്മവിശ്വാസമാണ് നൽകിയത്.

ഈ കാലയളവിൽ ഉഡുപ്പി ആസ്ഥാനമായി മഹേഷ് ഹെഗ്‌ഡെ ആരംഭിച്ച പോസ്റ്റ് കാർഡ് ന്യൂസ് എന്ന സംവിധാനം വ്യാജവാർത്തകളുടെ ഒരു ഡാം തന്നെ തുറന്നുവിട്ടിരുന്നു. തീവ്രവലത് ഹിന്ദുത്വ പോപ്പുലിസത്തെ കൃത്യമായി ഉപയോഗിക്കുക എന്നതായിരുന്നു ഇത്തരം മാധ്യമങ്ങളുടെ രീതി. ഇതിൽ 'അപകടത്തിലായ ഹിന്ദുക്കൾ' ഒരു വശത്തും മുസ്ലീങ്ങളും പാകിസ്ഥാനും ക്രിസ്ത്യാനികളും, സോണിയാഗാന്ധിയുടെ ഇറ്റലി പൗരത്വവും, കോൺഗ്രസിന്റെ കുടുംബവാഴ്ചയും, രാജ്യത്തെ മൊത്തം അഴിമതിയും സംവരണവും എല്ലാം മറുഭാഗത്തും നിർത്തിയുള്ള ഒരു പോപ്പുലിസ്റ്റ് നറേറ്റിവ് ആയിരുന്നു സംഘപരിവാർ അക്കാലത്ത് മുന്നോട്ട് വെച്ചത്. ഈ പട്ടികയിൽപ്പറഞ്ഞ പലകാര്യങ്ങളും തമ്മിൽ കാര്യമായ ബന്ധമില്ലെങ്കിലും അവയെ വിദഗ്ദ്ധമായി കൂട്ടിയിണക്കുന്ന രാഷ്ട്രീയ നിർവചനങ്ങളും അവർ സൃഷ്ടിച്ചെടുത്തിരുന്നു. ഉദാഹരണത്തിന് സംവരണത്തിനെതിരായ 'യൂത്ത് ഫോർ ഇക്വാളിറ്റി' സമരങ്ങളുടെ തുടർച്ചയായി കൊണ്ടുവന്ന ഇന്ത്യ ‘എഗെയിൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനം രാജ്യത്തെ അഴിമതികളുടെ ഒരു പ്രധാന കാരണം സംവരണമാണെന്നതരം പ്രചാരണങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായിരുന്നു ശ്രമിച്ചത്. ഇതിന്റെ രണ്ടിന്റെയും ഭാഗമായിരുന്ന നേതാക്കൾ പലരും ഒരേ ആളുകളായിരുന്നു എന്നും ഓർക്കുക.

സംഘപരിവാർ ചായ്വുള്ള വാർത്തകളുടെ പോസ്റ്റുകൾക്ക് താഴെ വിമർശിക്കാനെത്തിയ ഇടതുപക്ഷക്കാരുടെ കമന്റുകളും മറുനാടന്റെ റീച്ച് വർധിപ്പിക്കുവാൻ ഉപകരിച്ചു. ഷാജൻ സ്‌കറിയ പരീക്ഷിച്ച ബിസിനസ് മോഡൽ പതിയെ വിജയം കൈവരിക്കുകയായിരുന്നു.

മോദിയുടെ വരവും
ഷാജൻ സ്‌കറിയയുടെ മാറ്റവും

നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയാകുകയും കേരളത്തിൽ സംഘപരിവാർ അനുഭാവികൾക്കും നേതാക്കൾക്കും അല്പം കൂടി മുഖ്യധാരയിൽ ഇടം ലഭിക്കുകയും ചെയ്തതോടെ അതിന്റെ സാധ്യതകൾതിരിച്ചറിഞ്ഞ ഷാജൻ ഒരു ബി ജെ പി- മോദി അനുകൂല നിലപാടിലേയ്ക്ക് പതിയെ തിരിയുകയായിരുന്നു. ഒറ്റരാത്രികൊണ്ട് തന്റെ എഡിറ്റോറിയൽ പോളിസി അപ്പാടെ മാറ്റുന്ന രീതിയല്ല ഷാജൻ സ്വീകരിച്ചത്. ബി ജെ പി രാഷ്ട്രീയത്തിനും മോദി രാഷ്ട്രീയത്തിനും അല്പം കൂടി ഇടം കൊടുക്കുന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഈ കാലയളവിൽ കേരളത്തിൽ ബി ജെ പി ഐ.ടി സെല്ലിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തുടങ്ങിയിരുന്നു. കാവിപ്പട, അഘോരി തുടങ്ങിയ പേരുകളിൽ നിരവധി ഗ്രൂപ്പുകൾ ഉണ്ടായി വരികയും അതിലൂടെ സംഘപരിവാർ അനുകൂലികളുടെ ഒരു സംഘടിത ഗ്രൂപ്പ് അലിഖിതമായി നിർമ്മിക്കപ്പെടുകയും ചെയ്തു. അക്കൂട്ടർ മറുനാടൻ മലയാളിയുടെ വാർത്തകൾ പങ്കുവെയ്ക്കുകയും കമന്റുകളിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ റീച്ച് വർധിപ്പിക്കുകയും ചെയ്തു. അതുമാത്രമല്ല, ഇടത് പോപ്പുലിസം പരീക്ഷിച്ച കാലത്ത് ഷാജന് ഇടതുപക്ഷക്കാർ നൽകാതിരുന്ന സ്വീകാര്യതയും അംഗീകാരവും ഇവർ നൽകാൻ തുടങ്ങി. സംഘപരിവാർ ചായ്വുള്ള വാർത്തകളുടെ പോസ്റ്റുകൾക്ക് താഴെ വിമർശിക്കാനെത്തിയ ഇടതുപക്ഷക്കാരുടെ കമന്റുകളും മറുനാടന്റെ റീച്ച് വർധിപ്പിക്കുവാൻ ഉപകരിച്ചു. ഷാജൻ സ്‌കറിയ പരീക്ഷിച്ച ബിസിനസ് മോഡൽ പതിയെ വിജയം കൈവരിക്കുകയായിരുന്നു.

പ്രതീക് സിൻഹ
പ്രതീക് സിൻഹ

ഈ കാലയളവിൽ ഈസ്റ്റ്‌കോസ്റ്റ് വിജയൻ ആരംഭിച്ച ഈസ്​റ്റ്​കോസ്റ്റ് എന്ന ഓൺലൈൻ പോർട്ടൽ പൂർണമായും സംഘപരിവാർ അനുകൂല ന്യൂസ് പോർട്ടൽ എന്ന മാതൃകയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ താൻ തുടർന്നുവന്ന പോപ്പുലിസ്റ്റ് മാതൃകയെ പതിയെ വലത്തേയ്ക്ക് ചായ്ച്ച് കൊണ്ടുപോകുക എന്ന രീതിയാണ് ഷാജൻ സ്‌കറിയ അവലംബിച്ചത്. അപ്പോഴേയ്ക്കും മറുനാടൻ മനോരമ ഓൺലൈനിനെ ഒക്കെ വെല്ലുവിളിക്കുന്നതരം റീച്ചിലേയ്ക്ക് വളർന്നുകഴിഞ്ഞിരുന്നു. 2015-16 കാലഘട്ടമായപ്പോഴേയ്ക്കും ഷാജൻ സ്‌കറിയ ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോം ആയ യൂട്യൂബിന്റെ സാധ്യതകൾ തിരിച്ചറിയുകയും അതിലേയ്ക്ക് തിരിയുകയും ചെയ്തു. റിപ്പോർട്ടർ ചാനലിൽ അല്പം അറിയപ്പെടുന്ന ഇടത് പോപ്പുലിസ്റ്റ് സ്വഭാവമുള്ള യദു നാരായണൻ എന്ന റിപ്പോർട്ടറെ ആയിരുന്നു ഷാജൻഇതിനായി ഉപയോഗിച്ചത്. വാർത്തകൾ ബ്രേക്ക് ചെയ്യുമ്പോൾ അതിന്റെ തലക്കെട്ടും അടിസ്ഥാന വിവരങ്ങളും മാത്രം ഉപയോഗിച്ച് ക്യാമറയുടെ മുന്നിൽ ലൈവായി നിന്ന് ഇടർച്ചയില്ലാതെ തുടർച്ചയായി സംസാരിക്കാൻ കഴിയുന്ന ഒരാളെ ആയിരുന്നു ഷാജന് ആവശ്യം. അന്ന് ഓൺലൈനിൽ ലൈവ് സ്ട്രീമിങ്ങ് ആരും ചെയ്യുന്നുണ്ടായിരുന്നില്ല. ഗ്രൗണ്ടിൽ നിന്നും ചാനലിനായി റിപ്പോർട്ട് ചെയ്ത് ശീലമുള്ള യദുവിന് അത് വിദഗ്ദ്ധമായി ചെയ്യാൻ സാധിച്ചു.

വീഡിയോ അവതരണത്തിലേയ്ക്ക് ഷാജൻ രംഗപ്രവേശം ചെയ്യുന്നത് അപ്പപ്പോൾ വരുന്ന വാർത്തകളെ തന്റെ വീക്ഷണത്തിലൂടെ വിശകലനം ചെയ്യുന്ന 'ഇൻസ്റ്റന്റ് റെസ്‌പോൺസ്' എന്ന പരിപാടിയിലൂടെയായിരുന്നു. ഈ പരിപാടി മൃദുഹിന്ദുത്വ സ്വഭാവത്തിൽ അവതരിപ്പിച്ചപ്പോഴാണ് ഷാജൻ അതിന്റെ സാധ്യതകൾ കൂടുതൽ മനസിലാക്കിയത്. കേവലം വാർത്തകൾക്കപ്പുറം പക്ഷപാതപരമായ വാർത്താവിശകലനങ്ങൾക്ക് വലിയ ഒരുകൂട്ടം ആവശ്യക്കാരുണ്ടെന്ന് ഷാജൻ തിരിച്ചറിഞ്ഞു. ഈ കാലയളവിൽ ആൻഡ്രോയ്ഡ് ഫോണുകൾ ഇടത്തരക്കാരിലും താഴേത്തട്ടിലുള്ളവരിലും എത്തി എന്ന് മാത്രമല്ല, കീപാഡുള്ള ഫോണുകൾ മാത്രം ഉപയോഗിച്ചിരുന്ന മധ്യവയസ്‌കരും വയോവൃദ്ധരുമായവർ ടച്ച് സ്‌ക്രീനുള്ള ആൻഡ്രോയ്ഡ് ഫോണുകൾ പരീക്ഷിക്കാനും തുടങ്ങിയിരുന്നു.

സി പി ഐ- എമ്മിന്റെ ഔദ്യോഗിക നിലപാടുകളെ അല്പമെങ്കിലും വിമർശിക്കുന്ന വാർത്തകൾ വന്നാൽ അപ്പോൾത്തന്നെ ആ മാധ്യമത്തെ പൂർണമായും തള്ളിപ്പറയുന്ന ക്യാൻസൽ കൾച്ചർ സിപിഐ എം അനുകൂല സൈബർ ടീം പാലിച്ചിരുന്നു.

അതേസമയം, 25-40 പ്രായപരിധിയിലുള്ളവർ ഫെയ്‌സ്ബുക്കിൽ സജീവമായിരുന്നതിനാൽ യൂട്യൂബിന്റെ വരവ് അവരെ വല്ലാതെ ആകർഷിച്ചിരുന്നില്ല. ഷാജൻ അടക്കം യൂട്യൂബിനെ ഉപയോഗിച്ചിരുന്നവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്ത് കാണാനുള്ള ഒരിടമായി മാത്രമായിരുന്നു അവർ യൂട്യൂബിനെ അന്ന് കണ്ടത്. എന്നാൽ ആദ്യമായി ആൻഡ്രോയ്ഡ് ലോകത്തേയ്ക്ക് പിച്ചവെച്ച മുതിർന്ന പൗരന്മാരെ പ്രധാനമായും ആകർഷിച്ചത് യൂട്യൂബിന്റെ വീഡിയോ ഫീഡുകൾ തന്നെ ആയിരുന്നു. വാട്‌സാപ്പിൽ തങ്ങളുടെ സമപ്രായക്കാരുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന മറുനാടന്റെയും ആയിടയ്ക്ക് ആരംഭിച്ച കർമ ന്യൂസ് എന്ന സംഘപരിവാർ ജിഹ്വയുടെയും ലിങ്കുകളായിരുന്നു അവരെ യൂട്യൂബിലേയ്ക്ക് നയിച്ചത്. അവരുടെ ഫീഡ് ഏതായിരിക്കണം എന്ന് യൂട്യൂബിന്റെ അൽഗോരിതം തീരുമാനിച്ചതും ഈ ഫീഡുകളിലൂടെ ആയിരുന്നു. എന്നാൽ അവരെ സംബന്ധിച്ച് യൂട്യൂബ് ഒരു ബ്ലാക്ക് ഹോൾആയി മാറുകയായിരുന്നു. ആ യൂട്യൂബ് ഫീഡിൽ നിന്നും അവർ ഒരിക്കലും പുറത്തിറങ്ങിയില്ല. അക്കൂട്ടരിൽ ശക്തമായ രാഷ്ട്രീയ അനുഭാവമില്ലാത്തവരെല്ലാം ഭാഗികമായോ പൂർണമായോ മേൽപ്പറഞ്ഞ തരം വലതുപക്ഷ പോപ്പുലിസ്റ്റ് മാധ്യമങ്ങളുടെ സ്വാധീനത്തിലകപ്പെട്ടു.

കേരളത്തിലെ സൈബറിടത്ത് സംഘടിതരായ രണ്ട് കൂട്ടരാണ് അക്കാലത്തുണ്ടായിരുന്നത്. അവയിൽ ഒന്ന് സംഘപരിവാർ അനുഭാവികളുടെ ഗ്രൂപ്പും മറ്റൊന്ന് സി പി ഐ- എം അനുഭാവികളുടെ ഗ്രൂപ്പുമായിരുന്നു. ഒരു മാധ്യമത്തിന് സി.പി.എം അനുഭാവികളുടെ ഇടയിൽ നിന്നും സ്ഥിരമായി വായനക്കാരെ സംഘടിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. സി പി ഐ- എമ്മിന്റെ ഔദ്യോഗിക നിലപാടുകളെ അല്പമെങ്കിലും വിമർശിക്കുന്ന വാർത്തകൾ വന്നാൽ അപ്പോൾത്തന്നെ ആ മാധ്യമത്തെ പൂർണമായും തള്ളിപ്പറയുന്ന ക്യാൻസൽ കൾച്ചർ സിപിഐ എം അനുകൂല സൈബർ ടീം പാലിച്ചിരുന്നു. കൂടാതെ രാഷ്ട്രീയശരികളുടെ പേരിലുള്ള ഓഡിറ്റിങ്ങ് ഉള്ളതിനാൽ അല്പമെങ്കിലും പോപ്പുലിസ്റ്റ് നിലപാടെടുക്കുന്ന മാധ്യമങ്ങൾക്ക് ഇടതുപക്ഷക്കാരെ ആകർഷിക്കാൻ കഴിഞ്ഞതുമില്ല. അതേസമയം ഇത്തരം സൈദ്ധാന്തിക ബാധ്യതകളൊന്നും സംഘപരിവാർ അനുഭാവികൾക്ക് ഉണ്ടായിരുന്നില്ല എന്നതിന്റെ സൗകര്യം ഏറ്റവുമാദ്യം മനസിലാക്കിയത് ഷാജൻ സ്‌കറിയ ആയിരുന്നു.

ശരിക്കും കേരളത്തിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ പക്ഷം ചേരുന്നതിനേക്കാൾ എളുപ്പം ഏതെങ്കിലും ഒരു സംഘടിത ഗ്രൂപ്പിന്റെ വിരുദ്ധർ ആകുന്നതാണ്. ഉദാഹരണത്തിന്, ഇടതുപക്ഷത്തെ കാര്യമായി എതിർക്കുന്ന ഒരു പോപ്പുലിസ്റ്റ് മാധ്യമത്തിന് ഇടതുപക്ഷ വിരുദ്ധരായ കോൺഗ്രസുകാർ, ലീഗുകാർ എന്നിങ്ങനെ മുഴുവൻ യു ഡി എഫുകാരുടെയും സംഘപരിവാറിന്റെയും പോപ്പുലർഫ്രന്റ്, ജമാ അത്തെ ഇസ്​ലാമി പോലെയുള്ള മൗലികവാദികളുടെയും കാര്യമായ പിന്തുണ കിട്ടും. സി പി ഐ- എമ്മിനെ പോപ്പുലിസ്റ്റ് രീതിയിൽ വിമർശിക്കുന്ന ഒരു കണ്ടന്റ് ഇക്കൂട്ടരെല്ലാം കണ്ണും പൂട്ടി ഷെയർ ചെയ്യാറുണ്ട് എന്നത് നാം കാണാറുള്ള കാഴ്ചയാണ്. ഇവിടെയാണ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ വിജയിക്കുന്നത്. അതുപോലെ, സംഘപരിവാർ വിരുദ്ധരായ മാധ്യമങ്ങൾക്കും ഇവിടെ മാർക്കറ്റുണ്ട്. സി പി ഐ- എം അനുഭാവികൾ, കോൺഗ്രസ് അനുഭാവികളിലെ കടുത്ത സംഘപരിവാർ വിരുദ്ധർ, മുസ്​ലിം ലീഗ് അനുഭാവികൾ, പിന്നെ മറ്റ് മുസ്​ലിം സംഘടനകൾ, ഒരു വിഭാഗം ക്രിസ്ത്യാനികൾ, നിക്ഷ്പക്ഷരായ മതേതരവാദികൾ എന്നിവരുടെ പിന്തുണ നേടാൻ ഇവർക്ക് കഴിയും (അപ്പോഴും സി.പി.ഐ- എം / ഇടത് അനുഭാവികളുടെ ക്യാൻസൽ കൾച്ചറിന്റെ വാൾ അവരുടെ തലയ്ക്ക് മുകളിൽ ഉണ്ടെങ്കിലും.). പക്ഷേ ഈ സാധ്യതയെ അധികം മാധ്യമങ്ങൾ ഒരു പോപ്പുലിസ്റ്റ് രീതിയിൽ കൃത്യമായി ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടുമില്ല.

ഷാജന്റെ ആരാധകർ

യൂട്യൂബിൽ ചേക്കേറി ഈ ബ്ലാക്ക് ഹോളിലകപ്പെട്ട, പോപ്പുലിസ്റ്റ് വിജ്ഞാനശാസ്ത്രം മയക്കുമരുന്ന് പോലെ സേവിക്കുന്ന ആ സൈബർ ആൾക്കൂട്ടം അഞ്ചുമുതൽ പത്തുലക്ഷം വരെ ജനസംഖ്യയുള്ള ഒന്നാണ്. ഷാജൻ സ്‌കറിയ നേരിട്ട് അവതരിപ്പിക്കുന്ന വീഡിയോകളുടെ ശരാശരി കാഴ്ചക്കാരുടെ എണ്ണം ഏകദേശം രണ്ടുലക്ഷം ആണ്. അത് ഏഴ് ലക്ഷം വരെയൊക്കെ പോകാറുണ്ട്. യൂട്യൂബിലെ മറുനാടന്റെ വീഡിയോയുടെ താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും ഷാജനെ ഒരു സാമൂഹ്യ പരിഷ്‌കർത്താവോ പോരാളിയോ ഒക്കെയായി കാണുന്ന തരത്തിലുള്ളവയാണ്. അവർക്ക് ഈ ലോകത്തുള്ള എന്തിനെയും പരിചയപ്പെടുത്തിക്കൊടുക്കുന്ന 'സഞ്ജയനാ'ണ് ഷാജൻ സ്‌കറിയ. ഇവരിൽ പലരും ഗൾഫിൽ നിന്നോ യൂറോപ്പിൽ നിന്നോ മടങ്ങിയെത്തി വിശ്രമജീവിതം നയിക്കുന്നവരോ വിരമിച്ച സൈനികരോ സർക്കാർ ജീവനക്കാരോ, ഇപ്പോഴും വിദേശത്ത് ജോലി ചെയ്യുന്ന മധ്യവയസ്‌കരോ ഒക്കെയാണ്. ഉന്നതവിദ്യാഭ്യാസമുള്ളവർ ഉണ്ടെങ്കിലും തങ്ങളുടെ 'ആയകാലത്ത്' രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുകയും 'എല്ലാവരും കള്ളന്മാരാണ്' എന്ന പോപ്പുലിസ്റ്റ് മോറൽ ഹൈഗ്രൗണ്ടിൽ കയറിനിന്ന് ലോകത്തെ വീക്ഷിക്കുകയും ചെയ്യുന്നവരാണ് ഇവർ. ഇവരെ എളുപ്പം കേരളത്തിലെ 'കമ്മി-ജിഹാദി' വരേണ്യരോട് പോരാടുന്ന 'പാവം ഹിന്ദുക്കളോ, സവർണ ക്രിസ്ത്യാനികളോ' ആക്കി മാറ്റി എന്നതിലാണ് ഷാജൻ വിജയിച്ചത്. ഒരു പ്രാദേശികമായ കൊലപാതകമോ റേപ്പോ മുതൽ സംസ്ഥാനരാഷ്ട്രീയവും ആഗോള രാഷ്ട്രീയവും വരെയുള്ള കാര്യങ്ങൾ ഇവർ നോക്കിക്കണ്ടത് ഷാജന്റെ വീക്ഷണകോണിലൂടെ മാത്രമാണ്. ഷാജൻയൂട്യൂബിൽ സൃഷ്ടിച്ച വെള്ളം കടക്കാത്ത അറകളിലാണ് അവർ ജീവിക്കുന്നത്. എന്നാൽ ഇവരാരും ഈ വർഗീയത മനസിൽ നിന്നും തികട്ടി സമൂഹത്തിൽ കലാപമുണ്ടാക്കാനൊന്നും സാധ്യതയില്ല. പൊതുവെ അത്തരം 'മെനക്കേടുള്ള' പണികളിലൊന്നും താല്പര്യമില്ലാത്തവരാണിവർ. സമൂഹമാധ്യമങ്ങളിൽ സ്വന്തമായി ഒരു പാരഗ്രാഫ് എഴുതിയിടാനുള്ള കഴിവുപോലുമില്ലാത്ത ഇവർ ഷാജന്റേതുപോലെയുള്ള പോപ്പുലിസ്റ്റ് മാധ്യമങ്ങളുടെ വീഡിയോകൾ ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കുന്നത് സാമൂഹ്യപ്രവർത്തനമാണെന്ന് വിശ്വസിച്ച് ജീവിക്കുന്നവരാണ്. അതേസമയം ഇവരിൽ പലരും മുസ്ലീം ആയവരുമായി അകാരണമായി അകലം പാലിച്ചുവരുന്നതായി കാണാൻ കഴിയും.

ഇത്തരത്തിൽ കടുത്ത വിധേയത്വവും കൺസിസ്റ്റൻസിയുമുള്ള ഒരു കൂട്ടം പ്രേക്ഷകർക്കുള്ള കണ്ടന്റാണ് ഷാജൻ പ്രസിദ്ധീകരിക്കുന്നത്. ഇത് ഷാജന് നേടിക്കൊടുക്കുന്ന വരുമാനം ചില്ലറയൊന്നുമല്ല. പലരും കരുതുന്നതുപോലെ ബി ജെ പിയുടെ ഫണ്ട് വാങ്ങിയല്ല ഷാജൻ സ്‌കറിയ ഇത്തരത്തിൽ ബി ജെ പി അനുകൂലമായ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത്. മറിച്ച് ബി ജെ പി അനുഭാവികളായവരോ അല്ലാത്തവരോ ആയ മൃദുഹിന്ദുത്വവാദികളുടെ മേൽപ്പറഞ്ഞതുപോലെയുള്ള ഒരു കൂട്ടത്തെ യൂട്യൂബ് പോലെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് അക്ഷരാർത്ഥത്തിൽ വിൽക്കുകയാണ് ഷാജൻ ചെയ്തിരുന്നത്. പോസ്റ്റ് കാർഡ് ന്യൂസ് സംഘപരിവാർ അനുകൂല ഫെയ്ക് ന്യൂസുകൾ പ്രസിദ്ധീകരിച്ച് ഓൺലൈൻ റവന്യൂ ഉണ്ടാക്കിയതിനെക്കുറിച്ച് ഓൾട്ട് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു റിപ്പോർട്ടിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

അതേസമയം, ഷാജൻ സ്‌കറിയ എന്ന വ്യക്തിയെയോ മറുനാടൻ മലയാളി എന്ന മാധ്യമത്തെയോ അറിയുന്നവർ ഈ പറഞ്ഞ കൂട്ടർ മാത്രമല്ല. കേരളത്തിലെ അറിയപ്പെടുന്ന ഒരാൾ തന്നെയാണ് ഷാജൻ. മറുനാടൻ മലയാളിയിലെ ഏതെങ്കിലുമൊക്കെ വീഡിയോകളോ കണ്ടന്റോ സാധാരണക്കാരായ മലയാളികൾ എപ്പോഴെങ്കിലുമൊക്കെ കാണാനിടവരുന്നുണ്ട്. എന്നാൽ അവരെല്ലാവരും മറുനാടൻ മുന്നോട്ടുവെയ്ക്കുന്ന ആശയപ്രപഞ്ചത്തിന്റെ ഇരകളായി മാറുന്നില്ല എന്നതാണ് പ്രധാനം. എന്നാൽ 'ഷാജൻ ആരെയും വകവെയ്ക്കില്ല', 'ഷാജനെപ്പോലെയും ചിലർ സമൂഹത്തിൽ ആവശ്യമുണ്ട്', 'മറുനാടൻ പലതും പുറത്തുകൊണ്ടുവരുന്നില്ലേ?' എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ഈ പറഞ്ഞ സാധാരണജനങ്ങൾക്കിടയിൽ പലർക്കും ഉണ്ട് താനും.

നാടൻ പിസാ ഗേറ്റുകൾ

2018-ൽ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം മറുനാടൻ മലയാളി ഒരു കാമ്പയിനായി ഏറ്റെടുക്കുകയായിരുന്നു. ആർ എസ് എസിന്റെ ചാനലായ ജനം ടിവിയ്ക്ക് ശബരിമല വിഷയത്തിൽ മറുനാടൻ ചെലുത്തിയതിന്റെ പകുതി സ്വാധീനം പോലും ചെലുത്താൻ സാധിച്ചിട്ടുണ്ടാകില്ല. അയ്യപ്പജ്യോതി തെളിക്കാനും ശബരിമലയിൽ സ്ത്രീകളെ തടയുന്നതിനും സംഘപരിവാറിന് മാനസികമായ പിന്തുണ നൽകുന്ന തരത്തിലേയ്ക്ക് ഒരു വലിയ വിഭാഗം ഹിന്ദുക്കളുടെയിടയിൽ സ്വാധീനം ചെലുത്താൻ മറുനാടൻ മലയാളിയ്ക്ക് സാധിച്ചു. ഇത്തരം വിഷയങ്ങളെ മുസ്​ലിം ആരാധനയുമായി താരതമ്യപ്പെടുത്തുന്ന സംഘപരിവാർ രീതികൾ അവലംബിച്ചതിലൂടെ തന്റെ വീഡിയോകളിലൂടെ കടുത്ത മുസ്​ലിം വിരുദ്ധതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഷാജന് സാധിച്ചു. (ഓർക്കുക ശബരിമല സ്ത്രീ പ്രവേശനത്തിൽ മുസ്​ലിംകൾക്കോ മുസ്​ലിം സംഘടനകൾക്കോ ഒരു പങ്കുമില്ലാതിരുന്നിട്ടും അതിന്റെ ഭാഗമായി ഉണ്ടായ രോഷം മുസ്ലീങ്ങളെക്കെതിരെ തിരിക്കാൻ സംഘപരിവാറിനും ഈ മാധ്യമങ്ങൾക്കും സാധിച്ചിരുന്നു.). ലവ് ജിഹാദ് എന്ന സംഘപരിവാർ സൃഷ്ടിയായ വർഗീയ ആരോപണത്തിന് മലയാളികളുടെയിടയിൽ വിശ്വാസ്യത വർധിപ്പിച്ചതിൽ ഷാജൻ സ്‌കറിയയ്ക്ക് വലിയ പങ്കാണുള്ളത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വീഡിയോകളാണ് ഷാജൻ തന്നെ നേരിട്ട് അവതരിപ്പിച്ചതും മറ്റ് അവതാരകർ അവതരിപ്പിച്ചതുമായി മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിൽ ഉള്ളത്. ഇതിന്റെയെല്ലാം തംബ് നെയിലുകൾ മുസ്​ലിം വിഭാഗത്തിന് നേരേ കടുത്ത വെറുപ്പ് സൃഷ്ടിക്കാൻ പര്യാപ്തതയുള്ളവയായിരുന്നു.

1994-ൽ റുവാണ്ടൻ പ്രസിഡന്റ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ കുപ്രസിദ്ധമായ റുവാണ്ടൻ വംശഹത്യയുടെ എരിതീയിൽ എണ്ണയൊഴിക്കാൻ- Thousand Hills Free Radio and Television (Radio Télévision Libre des Mille Collines -RTLM) എന്ന റേഡിയോ സ്റ്റേഷൻ വഴി നടത്തിയ മാരത്തോൺ ബ്രോഡ്കാസ്റ്റുകളോട് സാമ്യമുള്ള രീതിയിലാണ് ഇത്തരം ചില വീഡിയോകൾതുടർച്ചയായി പ്രസിദ്ധീകരിക്കുന്നത്. സമാധാനജീവിതം കാംക്ഷിക്കുന്ന കേരളത്തിലെ മതേതര സമൂഹത്തെ വർഗീയവൽക്കരിക്കാൻ ഷാജൻ സ്‌കറിയ ഓവർടൈം പണിയെടുക്കുന്നുണ്ടെന്ന് സാരം. ഇതിലൂടെ ഷാജൻ ലക്ഷ്യം വെയ്ക്കുന്നത് മുകളിൽ സൂചിപ്പിച്ച അഞ്ചുമുതൽ പത്തുലക്ഷം വരെ വരുന്ന ആളുകളുടെ പിന്തുണയും അതുവഴിയുള്ള സാമ്പത്തിക നേട്ടവും മാത്രമാണ്.

തങ്ങൾക്കെതിരെ മറുനാടൻ ചെയ്യുന്ന വാർത്തയ്‌ക്കെതിരെ ആരെങ്കിലും സൈബറിടത്തിലോ മറ്റോ പ്രതികരിച്ചാൽ ഒരുതരം വെറിയോടെ അവരെ പിന്തുടർന്ന് വീഡിയോകൾ ചെയ്ത് അപമാനിക്കുന്ന വ്യക്തിത്വ വൈകല്യത്തിന്റെ ഉടമകൂടിയാണ് ഷാജൻ.

മറുനാടന്റെ വ്യക്തിഹത്യകൾ

മറുനാടൻ മലയാളിയുടെ സ്ഥിരം പ്രേക്ഷകരുടെ എതിർഭാഗത്ത് വരുന്ന ആർക്കെങ്കിലുമെതിരായി എന്തെങ്കിലും വാർത്തകൾ വന്നാൽ അതിനെ പൊലിപ്പിച്ച് കാണിക്കുക ഷാജൻ സ്‌കറിയ ആസ്വദിച്ച് ചെയ്യാറുള്ള ഒരു 'മാധ്യമ പ്രവർത്തന'മാണ്. ഷാജൻ സ്‌കറിയയുടെ വ്യക്തിഹത്യയ്ക്കിരയായവരിൽ പലരും മറുനാടൻ വാഗ്ദാനം ചെയ്ത ഏതെങ്കിലും സഹകരണം നിരസിച്ചവരാണ്. ഉദാഹരണത്തിന് മറുനാടൻ മലയാളി പ്രഖ്യാപിച്ച ഒരു അവാർഡ് നിരസിച്ചതിനാണ് ദീപ നിഷാന്ത് ക്രൂരമായി വേട്ടയാടപ്പെട്ടത്. അവർ ഉൾപ്പെട്ട വിവാദം ഒരിക്കലും മുന്നൂറിലധികം വീഡിയോകൾ ചെയ്ത് അവരെ എല്ലാത്തരത്തിലും അവഹേളിക്കാൻ മാത്രമുള്ളതായിരുന്നില്ല. അത്തരത്തിൽ ഒരു വീഡിയോയിൽ ' സൗന്ദര്യം മാത്രം വില്പനച്ചരക്കാക്കിയ ദീപ നിഷാന്ത്' എന്നാണ് ഷാജൻപരാമർശിച്ചത്. എഴുത്തിലൂടെയും അധ്യാപനത്തിലൂടെയും രാഷ്ട്രീയ നിലപാടുകളിലൂടെയും അറിയപ്പെടുന്ന ഒരു സ്ത്രീയെ വളരെ മോശം രീതിയിൽ ചിത്രീകരിക്കുന്ന ഈ പരാമർശം ഷാജന്റെ വ്യക്തിഹത്യകളുടെ ഒരു ചെറിയ ഉദാഹരണം മാത്രം. ഇടതുപക്ഷത്തുള്ള ഒരാളെ വ്യക്തിഹത്യ ചെയ്യാൻ തീരുമാനിച്ചാൽ അയാളെക്കുറിച്ച് സംഘപരിവാർ അനുകൂല നിലപാടെടുക്കുന്ന ഒരു പ്രസക്തിയുമില്ലാത്ത ഒരാൾ ഇടുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റോ വാട്‌സാപ്പ് മെസേജോ പോലും ഷാജൻ സ്‌കറിയയ്ക്ക് ഒരു വീഡിയോയ്ക്കുള്ള ഉള്ളടക്കമാണ്. പൊതുസമൂഹത്തിൽ ഒരു പ്രസക്തിയുമില്ലാത്ത ഇത്തരക്കാരെ ഷാജൻ, 'പിണറായിയ്‌ക്കെതിരെ ഉത്തരം മുട്ടിക്കുന്ന ചോദ്യവുമായി ശ്രീ ചെറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്', 'കമ്മികളെ കണ്ടം വഴി ഓടിച്ച് ശങ്കു ടി. ദാസ്' എന്നതരത്തിലുള്ള തലക്കെട്ടുകളിലൂടെ തന്റെ പ്രേക്ഷകർക്കിടയിൽ പോപ്പുലർ ആക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽഷാജൻ വായിച്ച ഒരു വാട്‌സാപ്പ് മെസേജായിരുന്നു യൂസഫലി അദ്ദേഹത്തിന്റെ ഭാര്യയെ രണ്ടാമത് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു എന്നത്. ഈ വസ്തുതാവിരുദ്ധമായ പ്രചാരണത്തെ ശക്തമായി നേരിടാൻ യൂസഫലി തീരുമാനിച്ചതാണിപ്പോൾ ഷാജന് വിനയായി മാറിയതും. തങ്ങൾക്കെതിരെ മറുനാടൻ ചെയ്യുന്ന വാർത്തയ്‌ക്കെതിരെ ആരെങ്കിലും സൈബറിടത്തിലോ മറ്റോ പ്രതികരിച്ചാൽ ഒരുതരം വെറിയോടെ അവരെ പിന്തുടർന്ന് വീഡിയോകൾ ചെയ്ത് അപമാനിക്കുന്ന വ്യക്തിത്വ വൈകല്യത്തിന്റെ ഉടമകൂടിയാണ് ഷാജൻ.

ദീപ നിശാന്ത്‌
ദീപ നിശാന്ത്‌

ഡൗൺഫാൾ

ഇത്തരത്തിൽ ഷാജൻ ഒരുതരം ഔട്ട് ലോ ആയി വളർന്നതോടെ പൊലീസിനും രാഷ്ട്രീയ നേതൃത്വത്തിനുമടക്കം അയാളെ ഭയമായിത്തുടങ്ങിയിരുന്നു. പലരും ഷാജൻ ബ്ലാക്ക്‌മെയിൽ ചെയ്തതായും പണം ആവശ്യപ്പെട്ടതായുമൊക്കെ പറയുകയും സംസ്ഥാനത്തൊട്ടാകെ പലയിടത്തും പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്‌തെങ്കിലും ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാൻ പൊലീസും ഭരണകൂടവും ഭയന്നിരുന്നു. ഷാജനെ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നും ഷാജനെ അറസ്റ്റ് ചെയ്താൽ 'കേരളം കത്തു'മെന്നും ഒരു തെറ്റിദ്ധാരണ നിലനിന്നിരുന്നു. ഈ തെറ്റിദ്ധാരണയാണ് എം എ യൂസഫലിയും പിവി അൻവർ എന്ന രാഷ്ട്രീയനേതാവുമെല്ലാം ചേർന്ന് പൊളിച്ചടുക്കിയത്. അതോടെ ഷാജന് ഇക്കാലമത്രയും ചെയ്ത നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ എല്ലാ പ്രവൃത്തികൾക്കും നിയമത്തിന് മുന്നിൽ മറുപടി പറയേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മാത്രമല്ല, ഇത്തരത്തിൽ വർഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്നവരെ ശരിക്കും നിയമം കൈകാര്യം ചെയ്താൽ അവരെ കാത്തിരിക്കുന്നത് എന്തായിരിക്കും എന്നതിന്റെ ഒരു റഫറൻസ് കൂടിയായിരിക്കും ഇനി നടക്കാൻ പോകുന്ന സംഭവങ്ങൾ.

ഇക്കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം മറുനാടൻ മലയാളി കേരള സമൂഹത്തിലുണ്ടാക്കിയ വിപത്തുകൾചില്ലറയല്ല. അത് ശരിക്കും പഠനവിധേയമാക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമായ സംഗതിയാണ്. കേരള ഹൈക്കോടതി നിരീക്ഷിച്ചതുപോലെ ഷാജൻ സ്‌കറിയ മാധ്യമപ്രവർത്തനത്തിന്റെ നല്ല മാതൃകയല്ല. അദ്ദേഹം ഇക്കാലമത്രയും ചെയ്തിരുന്നത് മാധ്യമപ്രവർത്തനവുമല്ല. മറുനാടൻ യുഗം അവസാനിച്ചാലും മറുനാടൻ അവശേഷിപ്പിക്കുന്ന വിടവ് ഉപയോഗപ്പെടുത്താൻ നിലവിലുള്ള വലതുപക്ഷ പോപ്പുലിസ്റ്റ് ഓൺലൈൻ മാധ്യമങ്ങൾ ശ്രമിക്കും. ഇനിയും പല മാധ്യമങ്ങളും കൂണുപോലെ മുളച്ചുപൊന്തുകയും ചെയ്യും. ആർ എസ് എസിന്റെയും ബി ജെ പിയുടെയും ഉന്നതനേതാവായ ബി.എൽ. സന്തോഷ് കഴിഞ്ഞയാഴ്ച കൊച്ചിയിൽ കർമ ന്യൂസ്, മലയാളി വാർത്ത തുടങ്ങിയ അബ്കമിങ് മറുനാടന്മാരുമായി ചർച്ചനടത്തിയത് ഗൗരവമുള്ള സംഗതിയാണ്. നിക്ഷപ്ക്ഷ മതേതര മുഖമുള്ള സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ പ്രതിനിധി ആ യോഗത്തിൽ പങ്കെടുത്തത് അതിനേക്കാൾ ഗൗരവമുള്ള സംഗതിയാണ്. നാട്ടിലെ നിയമസംവിധാനത്തെ കൃത്യമായി ഉപയോഗിച്ച് വിദ്വേഷപ്രചാരണങ്ങളെയും വ്യാജവാർത്തകളെയും ശക്തമായി നേരിടുക എന്നതാണ് ഇക്കാര്യത്തിൽ സർക്കാരിനെടുക്കാൻ കഴിയുന്ന ഉചിതമായ നിലപാട്.

Comments