രാജബാധയേറ്റ മനോരമയും മാതൃഭൂമിയും
ഏഷ്യാ​നെറ്റും

പുണ്യശ്ലോകനും തിരുമനസ്സും തുല്യംചാർത്തലും അവർകളും രാജ്ഞിമാരും ഹേർ ഹൈനസും തമ്പുരാട്ടിയും തുടങ്ങി അടിമുടി രാജബാധിതമലയാളം ഇക്കാലത്തും സാധുവായിരിക്കുന്നത് കേവലമൊരു മധുസൂദനൻ ‘നായരു’ടെ മാത്രം ബോധത്തിലാണോ? ചീത്തവിളി കേൾക്കേണ്ടത് അയാൾ മാത്രമാണോ? നോട്ടീസ് പിൻവലിക്കാം. പക്ഷെ രാജബാധയുള്ള ഭാഷയെ എന്തു ചെയ്യും? അത് എന്നും വെണ്ടക്ക നിരത്തുന്ന മാധ്യമങ്ങളെ എന്തുചെയ്യും? അവയുടെ ഓൺലൈൻ, യുട്യൂബ്, ചാനൽ പരിപ്രേക്ഷ്യങ്ങളെ എന്തുചെയ്യും?

സാംസ്കാരിക പുരാവസ്തുവകുപ്പിന്റെ നോട്ടീസും അതിലെ ഭാഷയുമാണല്ലോ മലയാളികളെ കടുത്ത ഞെട്ടലിൽ എത്തിച്ചിരിക്കുന്നത്. വലിയ തരത്തിലുള്ള ആക്ഷേപം വന്നതോടെ നോട്ടീസ് പിൻവലിച്ചു. അത്രയും നല്ലത്. പക്ഷെ മലയാളത്തിന്റെ / മലയാളിയുടെ രാജബാധ അത്രയെളുപ്പം ഇറങ്ങുമോ? കൊളോണിയൽ ഹാങ്ങ് ഓവറുകളേക്കാൾ എത്രയോ മടങ്ങാണ് അതിന്റെ വ്യാപനം. രാജത്തത്തിന്റെ അബോധങ്ങൾ പേറിയും അവ ‘സാധാരണം’ ആക്കിയുമാണ് മലയാളവും മലയാളികളും എത്രയോ കാലമായി കഴിഞ്ഞുപോരുന്നത്. ഭാഷയുടെയും സംസ്കാരത്തിന്റെയും മാനകീകരണത്തിൽ ഇത്ര സ്വാധീനം ചെലുത്തിയ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അത് ഇതിന്റെതന്നെ അനുബന്ധമായ സവർണ ഹൈന്ദവത മാത്രമാണ്. രാജബാധയുടെ എത്രയെങ്കിലും മാതൃകകൾ ഭാഷയിലും സംസ്കാരത്തിലുമുണ്ട്.

ആനയിക്കലും പരവതാനി വിരിക്കലും താലപ്പൊലിയൊരുക്കലും എന്നുവേണ്ട, പൊന്നാടയണിയിക്കൽവരെ എത്രയോ നിത്യക്കാഴ്ചകൾ. ഭാഷയിലും വ്യത്യസ്തമല്ല കാര്യങ്ങൾ. ‘ധന്യാത്മനി’ൽ തുടങ്ങുന്ന ഏറ്റവും പുതിയ നോട്ടീസുതന്നെ നോക്കുക. പുണ്യശ്ലോകനും തിരുമനസ്സും തുല്യംചാർത്തലും അവർകളും രാജ്ഞിമാരും ഹേർ ഹൈനസും തമ്പുരാട്ടിയും തുടങ്ങി അടിമുടി രാജബാധിതമലയാളമാണ് അതിൽ നിറയെ. ക്ഷേത്രപ്രവേശനവിളംബരത്തിന്റെതന്നെ ഭാഷ ഓർമിപ്പിക്കുന്ന ഈ പ്രയോഗങ്ങളൊക്കെയും ഇക്കാലത്തും സാധുവായിരിക്കുന്നത് കേവലം മധുസൂദനൻ ‘നായരു’ടെ മാത്രം ബോധത്തിലാണോ? ചീത്തവിളി കേൾക്കേണ്ടത് അയാൾ മാത്രമാണോ? അല്ലെന്നതാണ് വാസ്തവം. മലയാളത്തിലെ മാധ്യമങ്ങൾ ഭാഷയിലൂടെ രാജാവിനെ നിലനിർത്തുന്നതെങ്ങനെയെന്നത് കൗതുകമുള്ള അന്വേഷണമാണ്.
ചില ഉദാഹരണങ്ങൾ നമുക്ക് സ്വീകരിക്കാം. അതിനുമുമ്പ് ഈ ‘കാര്യപരിപാടി’ കൂടി പരിശോധിക്കേണ്ടതുണ്ട്.

സാംസ്‌കാരിക- പുരാവസ്തുവകുപ്പ് (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്) പുറത്തിറക്കിയ ക്ഷേത്രപ്രവേശനവിളംബര നോട്ടീസ്
സാംസ്‌കാരിക- പുരാവസ്തുവകുപ്പ് (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്) പുറത്തിറക്കിയ ക്ഷേത്രപ്രവേശനവിളംബര നോട്ടീസ്

1936- ലെ ക്ഷേത്രപ്രവേശനവിളംബരം നോട്ടീസിൽ സൂചിപ്പിച്ചതുപോലെ ‘തിരുമനസ്സ്’ ധന്യാത്മചിന്തയിൽനിന്നുണ്ടായതല്ല എന്നത് വസ്തുതയാണ്. അത് വളരെയേറെ സാമൂഹികമുന്നേറ്റങ്ങളുടെ ഫലമാണ്. മതംമാറ്റമടക്കമുള്ള ഭീഷണികളിൽ മനസ്സു കലങ്ങിയാണ് ‘തിരുമനസ്സ്’ ആ മഹത്തായ ‘തൃക്കൈ’കൊണ്ട് ‘തുല്യംചാർത്ത’ലിന് തയ്യാറാകുന്നത്. 1924- ലെ രണ്ടുവർഷക്കാലം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം മുതൽ അനവധിയായ രാഷ്ട്രീയ സാഹചര്യങ്ങളും സമരങ്ങളും ജനായത്ത വ്യവസ്ഥയിലേക്കുള്ള പരിവർത്തനഘട്ടവും ഈ സന്ദർഭത്തെ പ്രാധാന്യമുള്ളതാക്കുന്നുണ്ട്. അവർണരെന്ന് വിളിക്കപ്പെട്ട ഒരുവിഭാഗം മനുഷ്യരുടെ സ്വത്വബോധത്തിൽനിന്നാണ് മറ്റു പല നവോത്ഥാന പ്രവർത്തനങ്ങളും എന്നപോലെ ക്ഷേത്രപ്രവേശനവിളംബരവും അനിവാര്യമാക്കുന്ന ചരിത്രസന്ദർഭങ്ങൾ ഉണ്ടായിവരുന്നത്. ഈ ചരിത്രമെല്ലാം അറിഞ്ഞിരിക്കെയാണ് അതിന്റെ ചരിത്രാംശങ്ങളെ റദ്ദ് ചെയ്യുന്ന കാര്യപരിപാടിയുമായി സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഡിപ്പാർട്ടുമെന്റ് രംഗത്ത് വന്നിരിക്കുന്നത് എന്നത് പ്രധാനമാണ്. നോട്ടീസു പിൻവലിച്ചാലും ആ കാര്യപരിപാടി മാറുന്നില്ല. അതായത്, ചരിത്രത്തെ തെറ്റിദ്ധരിക്കപ്പെടാവുന്നവിധം വികലമാക്കുന്ന ആ ‘രാജകീയച്ചടങ്ങ്’ നടക്കും എന്നർഥം. കാലങ്ങളായി സർക്കാർ ചെലവിൽതന്നെ ധാരാളം പരിപാടികളും സ്വീകരണവും ലഭിച്ചുവരുന്ന ‘തമ്പുരാട്ടി’മാർ വീണ്ടും ‘ആനയിക്ക’പ്പടും. അവർ സ്വന്തം ജീവിതങ്ങളെ ദുരിതത്തിലാക്കിയ, ‘ചിത്തിര’യിൽ ജനിച്ച് കുലംമുടിച്ച ‘മഹാരാജാവി’ന് പുഷ്പാർച്ചന നടത്തും. വിളംബരത്തിൽ ഒപ്പുവെയ്ക്കേണ്ടിവന്നതും കൊട്ടാരത്തിന്റെ വാസ്തു മോശമായതുമൊക്കെ ഈ ചിത്തിരനക്ഷത്രത്തിന്റെ ദോഷമാണല്ലോ എന്ന് പുണ്യശോകരായി കണ്ണീർവാർക്കും.

വ്യവസ്ഥ മാറിയതോ ജനായത്തം വന്നതോ മാനകമലയാളത്തിന്റെ പ്രത്യക്ഷരൂപമെന്ന് കരുതിപ്പോരുന്ന മാധ്യമഭാഷ അറിഞ്ഞമട്ടില്ല.

നടക്കട്ടെ. പക്ഷെ, അതിന് നമ്മുടെ നികുതിപ്പണവും നമ്മുടെ ചരിത്രവും ഇഷ്ടപ്പടി വകമാറ്റാൻ ആരനുവാദം കൊടുത്തു എന്നത് ചോദിക്കേണ്ടതുണ്ട്. (പുരാവസ്തുവകുപ്പ് എന്ന നിലയിൽ അതീവ പുരാവസ്തുക്കളായ തമ്പുരാട്ടിമാരെ സംരക്ഷിക്കേണ്ടതും അത്രതന്നെ പുരാവസ്തുവായ ഭാഷയെ നിലനിർത്തേണ്ടതും അനിവാര്യമാണ് എന്ന് വാദിച്ചാൽ തൽകാലം ചോദ്യകർത്താക്കൾ പ്രതിസന്ധിയിലാകുമെന്ന് ആ ‘നായർ’ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കുമോ ആവോ) ആ ചോദ്യത്തിനുള്ള മറുപടി പറയാൻ സർക്കാരിനും ബാധ്യതയുണ്ട്. ‘കേരളീയ’ത്തിലെ ലിവിങ്ങ് മ്യൂസിയത്തിന്റെ മറ്റൊരു വശമാണിത്. നടപടിയും മറുപടിയും സർക്കാർതലത്തിൽനിന്നാണ് വരേണ്ടത്. ഇനി നോട്ടീസിലെ ഭാഷയെ സാധുവാക്കുന്ന മാധ്യമമലയാളത്തിലേക്ക് വരാം.

ഗൗരീപാര്‍വതീഭായി,  ഗൗരീലക്ഷ്മീഭായി
ഗൗരീപാര്‍വതീഭായി, ഗൗരീലക്ഷ്മീഭായി

മാധ്യമ മലയാളത്തിലെ രാജവ്യവഹാരങ്ങൾ

മാധ്യമ മലയാളത്തിന് രാജവാഴ്ചയോടാണ് കൂറ്. വ്യവസ്ഥ മാറിയതോ ജനായത്തം വന്നതോ മാനകമലയാളത്തിന്റെ പ്രത്യക്ഷരൂപമെന്ന് കരുതിപ്പോരുന്ന മാധ്യമഭാഷ അറിഞ്ഞമട്ടില്ല. രാജവ്യവസ്ഥയുടെ ഓർമകളെ നിരന്തരം നിലനിർത്തിയും ആവർത്തിച്ചുമാണ് മലയാള മാധ്യമങ്ങളെല്ലാം പ്രവർത്തിച്ചുവരുന്നത് എന്നത് അതിഗൗരവമുള്ള വിഷയമാണ്. കൂടുതൽ ഫലവത്തായ രീതിയിൽ ജനായത്തത്തെ അതിന്റെ പ്രായോഗികകതയിലേക്ക് സാക്ഷാത്കരിക്കേണ്ട, അതിനു പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കേണ്ട മാധ്യമങ്ങൾ വാസ്തവത്തിൽ വിപരീതദിശയിലാണ് പ്രവർത്തിക്കുന്നത്. ഭാഷയടക്കമുള്ള ചിഹ്നങ്ങളിലൂടെയാണ് മാധ്യമങ്ങൾ രാജത്തത്തോടും യുദ്ധത്തോടുമൊക്കെ ചേർന്നുനിൽക്കുന്നത്.

2019- ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവാർത്തക്ക് മലയാള മനോരമ നൽകിയ ഹെഡിംഗ് ‘വീണ്ടും സിംഹാസനം’ എന്നായിരുന്നു

ജനായത്തത്തിലെ
‘സിംഹാസനം’

2019 മെയ് 24. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന വാർത്തയായിരുന്നു ഈ ദിവസത്തെ പ്രധാന പത്രവാർത്ത. മലയാള മനോരമയുടെ ആദ്യപേജിൽ ‘വീണ്ടും സിംഹാസനം’ എന്നാണ് വലിയ തലക്കെട്ട്. (പത്രം തയ്യാറാക്കുന്ന സമയത്ത് ഏറ്റവും ആകർഷകമായ തലക്കെട്ടിനുവേണ്ടിയുള്ള ചർച്ചകൾ ഡെസ്കിൽ നടക്കാറുണ്ട്. ഇവിടെ ഈ വാർത്തകൾ തലേദിവസം തന്നെ ടെലിവിഷൻ, സൈബർ മാധ്യമങ്ങൾ, പത്രങ്ങളുടെ തന്നെ ന്യൂസ് പോർട്ടലുകൾ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നീ വിവിധ മാധ്യമങ്ങളിലൂടെ അറിഞ്ഞുകഴിഞ്ഞ ജനങ്ങളെയാണ് പത്രത്തിന് അഭിമുഖീകരിക്കാനുള്ളത് എന്ന യാഥാർഥ്യമുണ്ട്. അതുകൊണ്ട് മത്സരബുദ്ധിയോടെ തലക്കെട്ടും മേല്പറഞ്ഞ ചിത്രവുമൊക്കെ തെരഞ്ഞെടുക്കേണ്ടതുണ്ട്.)
തലക്കെട്ടും ചിത്രവും ചേർന്ന് എട്ടുകോളം വാർത്ത. ജനായത്തവ്യവസ്ഥയുടെ ഏറ്റവും കാതലായ ഒരു പ്രവർത്തനത്തിന്റെ ഫലപ്രഖ്യാപനമാണ് ഈ ദിവസം പൗരർക്കു മുമ്പാകെ പത്രത്തിന് നൽകാനുള്ളത്. ഈ വസ്തുത ഇവിടെ കൂടുതൽ പ്രസക്തമാണ്. എന്നിട്ടും പത്രം തെരഞ്ഞെടുക്കുന്നത് ‘സിംഹാസനം’ എന്ന പദമാണ്. അടിസ്ഥാനപരമായി സിംഹാസനം ഒരു ഇരിപ്പിടമാണ്. എല്ലാ ഇരിപ്പിടങ്ങളും പക്ഷെ സിംഹാസനമാവില്ല. രാജാവ് ഇരിക്കുന്ന ഇരിപ്പിടമാണത്. ശബ്ദതരാവലിയിൽ സിംഹാസനത്തിന്റെ അർഥം ‘സ്വർണനിർമ്മിത രാജാസനം’ എന്ന് കൊടുത്തിരിക്കുന്നു. ഇതും പോരാഞ്ഞ് സെർച്ച് ചെയ്യുമ്പോൾ മറ്റൊരു വാക്കും അനുബന്ധമായി നൽകുന്നു നിഘണ്ടുവിന്റെ ഡിജിറ്റൽ പതിപ്പ് - അത് രാജസിംഹാസനം എന്നാണ്. അതിന്റെ അർഥമായി കൊടുത്തിരിക്കുന്നത് ‘രാജാക്കന്മാർ ഇരിക്കുന്ന പീഠം’ എന്നാണ്.

വാസ്തവത്തിൽ ഭാഷതന്നെ അധികാരശക്തിയ്ക്കുമുമ്പിൽ കീഴടങ്ങി ‘പൗനരുക്തം’ പോലുള്ള തെറ്റ് വരുത്തുന്നത് ഇവിടെ വ്യക്തമാണ്. സിംഹാസനം തന്നെ രാജാസനം ആകയാൽ രാജസിംഹാസനം എന്ന പദം രാജ ശബ്ദാർഥങ്ങളിലൊന്നിന്റെ ഇരട്ടിപ്പാകുന്നു. ഇതിൽനിന്ന് ഭാഷയുടെ അബോധം തന്നെ ‘രാജകീയം’ ആണെന്ന് മനസ്സിലാക്കാം. ഇവിടെ സുവ്യക്തമാകുന്ന വസ്തുത, സിംഹാസനം എന്ന ശബ്ദത്തിൽ രാജാവിന്റെ എന്ന അർഥം നിഗീർണമാണ് എന്നതാണ്. സിംഹാസനം ചരിത്രപരമായ ഒരു അധികാരവ്യവസ്ഥയുടെ ചിഹ്നമാണ്. കിരീടവും ചെങ്കോലും സിംഹാസനവുമൊക്കെ രാജവാഴ്ചയുടെ (രാജത്തം എന്നാണ് തുടർന്ന് പ്രയോഗിക്കുന്നത്) അധികാരചിഹ്നങ്ങളാണ്. സിംഹാസനത്തിൽ ഇരുന്നാണ് രാജാവ് രാജ്യം ഭരിക്കുക. (ഇരുന്നരുളുക എന്ന് മലയാളം കൂടുതൽ വിധേയത്തം കാണിക്കാറുണ്ട്.) പ്രാചീനകാവ്യങ്ങളിൽ മുതൽ വസ്തുനിഷ്ഠമായ ചരിത്രരേഖകളിൽവരെ സിംഹാസനത്തെപ്പറ്റി പരാമർശിക്കുന്ന ധാരാളം ഉപാദാനങ്ങളുണ്ട്. ഇപ്രകാരം കൃത്യമായി രാജത്തത്തെമാത്രം സൂചിപ്പിക്കുന്ന ഒരു പദം / ചിഹ്നം ഉപയോഗിച്ച് ജനായത്തത്തെ സൂചിപ്പിക്കുകയാണ് പത്രം. (ജനാധിപത്യത്തിൽതന്നെ ആധിപത്യമാണുള്ളത് എന്നതിനാൽ ഇവിടെ ജനായത്തം എന്ന പദമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണം, ഭരിക്കുക എന്നീ പദങ്ങൾപോലും ജനായത്തവ്യവസ്ഥയിൽ ഉചിതമല്ല. ആശയസംവേദനത്തിന് മറ്റ് പദങ്ങൾ ഇല്ലാത്തതിനാൽ ഉപയോഗിക്കുന്നു എന്നുമാത്രം.)

2020 ജനുവരി 22 നു പുറത്തിറങ്ങിയ മാതൃഭൂമിയിലെ ഒരു വാർത്ത, ശബരിമല നട നടപ്പാചാരങ്ങളോടെ അടച്ചതുമായി ബന്ധപ്പെട്ടതാണ്. വാർത്തയുടെ തലക്കെട്ടുതന്നെ ‘രാജപ്രതിനിധി തൊഴുതിറങ്ങി; ശബരിമല നടയടച്ചു’ എന്നാണ്.

ഇന്ത്യ ഒരു ജനായത്ത രാജ്യവും പൊതുതെരഞ്ഞെടുപ്പ് അതിന്റെ ഭാഗവുമായിരുന്നു എന്ന വസ്തുത ഈ പ്രയോഗത്തിലൂടെ മറച്ചുവെയ്ക്കുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ ആണ് പത്രം ചെയ്യുന്നത്. അതായത്, ജനായത്തമെന്ന വ്യവസ്ഥയെ അബോധത്തിൽ അട്ടിമറിക്കുകയാണ് ഈ ഭാഷാപ്രയോഗം. തെരഞ്ഞെടുപ്പുഫലം തലേന്നുതന്നെ അറിഞ്ഞുകഴിഞ്ഞ ജനങ്ങളോട്, അറിഞ്ഞ ഫലത്തിന്റെ വിശേഷേണയുള്ള വിപരീതവിനിമയത്തിനാണ് പത്രം ശ്രമിക്കുന്നത്. ജനായത്തത്തിൽ ഭരിക്കാനുള്ള യോഗ്യത ലഭിച്ചവരെ പത്രം രാജത്ത സിംഹാസനത്തിലിരുത്തുമ്പോൾ അതിനുള്ള അനുമതി നൽകിയവരുടെ പൗരത്വം ഇല്ലാതാവുക കൂടിയാണ് ചെയ്യുന്നത്. അതായത്, ഭരിക്കുന്നത് സിംഹാസനത്തിൽ ഇരുന്നുള്ള രാജവാഴ്ചയാണെങ്കിൽ ആ രാജ്യത്ത് പൗരരല്ല, പ്രജകളേ ഉണ്ടാവൂ. കൈവിരലിലെ വോട്ടെടുപ്പിന്റെ മഷി മായുംമുമ്പുതന്നെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതുപോലെ പൗരരെ അവരുടെ കർതൃപദവിയുള്ള പൗരത്വത്തിൽനിന്ന് ബഹിഷ്കൃതനാക്കുകയും പകരം കർമപദവി മാത്രമുള്ള പ്രജയാക്കിത്തീർക്കുകയും ചെയ്യുന്നു ഈ വ്യവഹാരം. ഇത് സൂക്ഷ്മവും അബോധവും ആയ പ്രവർത്തനമാണ്. വരിനിൽക്കാനും വിധേയപ്പെടാനും അടിമയാകാനും ജനത ഇപ്രകാരം കൂടിയാണ് രൂപപ്പെട്ടുവരുന്നത്.

2019 മെയ് 31 ലെ പത്രം ‘രാജകീയ ചടങ്ങിൽ അധികാരമേറ്റ് ടീം മോദി’ എന്നാണ് എട്ടുകോളം വലുപ്പത്തിലുള്ള തലക്കെട്ടോടെയാണ് വരുന്നത്. അടുത്ത പേജിൽ പത്രം അതിന്റെ മുഴുവൻ വീതിയും (എട്ടുകോളം) എടുത്ത് ചുവന്ന പശ്ചാത്തലത്തിൽ ‘നമോ ഭാരതം’ എന്ന് തലക്കെട്ട് നൽകിയിരിക്കുന്നു. (‘മോദിഭാരതം 2’ എന്ന തലക്കെട്ടോടെയാണ് മാതൃഭൂമിയുടെ ഈ ദിവസത്തെ വ്യവഹാരം.)
ഇന്ത്യ ഭാരതമാക്കാൻ കോപ്പുകൂട്ടുന്ന വർത്തമാന സന്ദർഭത്തെ ദീർഘവീക്ഷണത്തോടെ കണ്ട പത്രം അത് അന്നേ സാധുവാക്കുന്നതായി ഇന്ന് ആ തലക്കെട്ടിനെ വായിക്കാം. ഭാരതം ഇനി നരേന്ദ്രമോദിയുടേത് എന്ന് മുമ്പുതന്നെ പത്രം സിംഹാസന, രാജ വ്യവഹാരങ്ങളിലൂടെ നൽകിയിട്ടുള്ള സമ്മതി ഒന്നുകൂടി ഉറപ്പിച്ചെടുക്കുകയാണിവിടെ. അതായത് തെരഞ്ഞെടുപ്പു വിജയം റിപ്പോർട്ട് ചെയ്യുമ്പോൾ തുടങ്ങിവെച്ച ഒരു വിനിമയരൂപത്തെ പത്രം സൂക്ഷ്മമായി പിന്തുടരുകയാണ് എന്നു കാണാം. സിംഹാസനത്തിൽ തുടങ്ങി ‘രാജകീയ’ സത്യപ്രതിജ്ഞ വരെ അത് നീളുന്നു. അത് കേവലമായ ഒരു സിംഹാസനത്തെ, രാജത്തത്തെ, ഏകാധിപത്യത്തെ മാത്രമല്ല വിഭാവനം ചെയ്യുന്നത്. അത് ഭാരതീയമെന്ന് സമീപകാലത്ത് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ഹൈന്ദവതയെക്കൂടിയാണ്. അതിന്റെ വർണ്ണാശ്രമപരമായ അധികാരവ്യവസ്ഥകളെ വരെ ഓർമിപ്പിക്കാൻ കഴിയുന്ന ചിഹ്നങ്ങളാണ് ഭാഷയിലും ഫോട്ടോയിലും ഒക്കെയായി പത്രം പരമ്പരയാക്കുന്നത്. സിംഹാസനം, അനുഗ്രഹം, വണങ്ങൽ, കൈകൂപ്പൽ, ക്ഷേത്രദർശനങ്ങളും പ്രാർഥനകളും, കോട്ട കാക്കൽ, കടന്നുകയറ്റം, തകർന്നടിയൽ, രാജകീയം എന്നിങ്ങനെ അനവധിയാണ് അതിന്റെ ഭാഷാപരമായ പ്രയോഗങ്ങൾ എന്നും കാണാം.

ഒരു കാലത്ത് നിലനിന്നിരുന്ന രാജത്തത്തിന്റെ ഉപയോക്താക്കളുമായുള്ള കുടുംബ പരമ്പരാബന്ധം മാത്രമാണ് ഈ സന്ദർഭത്തിലും ഒരാളെ ‘രാജാവാക്കാൻ’ മാധ്യമങ്ങൾക്കുള്ള ന്യായം.

രാജപ്രതിനിധി

2020 ജനുവരി 22 നു പുറത്തിറങ്ങിയ മാതൃഭൂമിയിലെ ഒരു വാർത്ത, ശബരിമല നട നടപ്പാചാരങ്ങളോടെ അടച്ചതുമായി ബന്ധപ്പെട്ടതാണ്. വാർത്തയുടെ തലക്കെട്ടുതന്നെ ‘രാജപ്രതിനിധി തൊഴുതിറങ്ങി; ശബരിമല നടയടച്ചു’ എന്നാണ്. വാർത്തയിലും രാജപ്രതിനിധിയുടെ പ്രാധാന്യമാണ് എടുത്തെഴുതുന്നത്. പതിവ് ആചാരങ്ങളോടെ ശബരിമല നടയടച്ചു എന്നാണ് ഈ വാർത്തയിലെ വസ്തുത. അതാകട്ടെ എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ട ഒരു വാർത്തയാണ് എന്നുപോലും (വാർത്താമൂല്യം) ഉറപ്പിച്ചു പറയാനാവാത്തതുമാണ്. (എല്ലാ മതക്കാരുടേയും ഇത്തരം വാർത്തകൾ അപൂർവമായി ‍നൽകാറുണ്ട് എന്ന ന്യായം മാധ്യമങ്ങൾക്കുണ്ടാകാം. ഇത് അംഗീകരിച്ചാൽതന്നെ ഈ വാർത്തയ്ക്ക് നീക്കിവെക്കാവുന്ന സ്ഥലം, സ്വഭാവം, പ്രാധാന്യം തുടങ്ങിയവ മറ്റൊരു ചർച്ചാവിഷയമാക്കേണ്ടി വരും.)


2018- ലെ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ടുവന്ന സുപ്രീംകോടതി വിധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് വാർത്തയുടെ ഈവിധമുള്ള ആഖ്യാനത്തിന്റെ അടിസ്ഥാനം. ആ സന്ദർഭത്തിൽ മാധ്യമങ്ങൾ കൊടുത്ത സവിശേഷമായ സ്പേയ്സിലാണ് ‘രാജപ്രതിനിധി’യും ‘രാജകുടുംബ’വും ‘രാജാവും’ ജനായത്തത്തിലേക്ക് പ്രാധാന്യത്തോടെ കടന്നുവന്നത്. ഒരു കാലത്ത് നിലനിന്നിരുന്ന രാജത്തത്തിന്റെ ഉപയോക്താക്കളുമായുള്ള കുടുംബ പരമ്പരാബന്ധം മാത്രമാണ് ഈ സന്ദർഭത്തിലും ഒരാളെ ‘രാജാവാക്കാൻ’ മാധ്യമങ്ങൾക്കുള്ള ന്യായം. രാജശബ്ദം ഉണ്ടാക്കാനിടയുള്ള ധാരണകളെല്ലാം രാജപ്രതിനിധിയും മനസ്സിൽ ഉണ്ടാക്കുകയും അർഥഗ്രഹണത്തിൽ ഇടപെടുകയും ചെയ്യും. ഉപാദാനലക്ഷണയുടെ സ്വഭാവമുള്ള വ്യവഹാരം അംശംകൊണ്ട് സാകല്യത്തെ സൃഷ്ടിക്കുന്നു. പ്രതിനിധി രാജാവ് തന്നെയായി അർഥവ്യാപനത്തിന് കാരണമാകുന്നു. ഇവിടെ രാജാവ് ഇല്ല എന്നതുകൊണ്ട് രാജപ്രതിനിധിയും സംഗതമല്ല. അഥവാ ഇല്ലാത്ത രാജാവിന്റെ പ്രതിനിധിയാണ് താൻ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് കുറ്റകൃത്യമായാവും പരിഗണിക്കുക. ഈ കുറ്റകൃത്യം പക്ഷെ ഇവിടെ മാധ്യമങ്ങളാണ്, ഭാഷയിലൂടെയാണ് ചെയ്യുന്നത്.

വസ്തുത മറയ്ക്കുന്ന
‘രാജകുടുംബ’വ്യവഹാരം

2020 ജൂലൈ 14 ലെ മാതൃഭൂമി പത്രത്തിലെ വാർത്ത വസ്തുതയെ അടിമുടി തെറ്റിച്ചാണ് തലക്കെട്ടിൽ രാജത്തം ഉറപ്പിക്കുന്നത്. ‘ക്ഷേത്രഭരണം രാജകുടുംബത്തിന്’ എന്നാണ് പ്രധാന തലക്കെട്ട്. ഈ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തയാണ് മാതൃഭൂമിക്കിത്. ‘ശ്രീപത്മനാഭസ്വാമിക്ഷേത്ര കേസിൽ സുപ്രീം കോടതി’ എന്ന് പ്രധാന തലക്കെട്ടിന് മുകളിലായി മറ്റൊരു തലക്കെട്ടും ഉണ്ട്. ക്ഷേത്രഭരണം രാജകുടുംബത്തിന് എന്ന തലക്കെട്ട് രണ്ടു വരികളായി ചുവന്ന അക്ഷരത്തിൽ വലുതായി രൂപകല്പന ചെയ്തിരിക്കുന്നു: ‘‘തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിന്റെ ഭരണഅവകാശം തിരുവിതാംകൂർ രാജകുടുംബത്തിനു തന്നെയെന്ന് സുപ്രീം കോടതി വിധി.

ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011 ജനുവരി 31 ലെ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ യു. യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചിന്റെ വിധി. തിരുവിതാംകൂർ തമ്മിലുണ്ടാക്കിയതും 1949 ജൂലൈ 1 മുതൽ പ്രാബല്യത്തിലായതുമായ ഉടമ്പടി, തിരുവിതാംകൂർ-കൊച്ചി മതസ്ഥാപന നിയമം (1950) എന്നിവയും ഭരണഘടനാ വ്യവസ്ഥകളും വ്യാഖ്യാനിച്ചാണ് വിധി. അതനുസരിച്ച്, തിരുവിതാംകൂർ ഭരണാധികാരിയായല്ല, പ്രതിഷ്ഠയുടെ ‘ഷെബൈത്ത്’ (ചുമതലയുള്ള വ്യക്തി) എന്ന നിലയ്ക്കാണ് രാജകുടുംബത്തിലെ അവകാശിക്ക് ക്ഷേത്ര സ്ഥാനീയ അവകാശം. അവകാശിപരമ്പര ഉള്ളിടത്തോളം കാലം അതു തുടരും. പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്നും കോടതി വ്യക്തമാക്കി.’’

ഈ വാർത്തയിൽ, തിരുവിതാംകൂർ ഭരണാധികാരിയായല്ല, പ്രതിഷ്ഠയുടെ ‘ഷെബൈത്ത്’ (ചുമതലയുള്ള വ്യക്തി) എന്ന നിലയ്ക്കാണ് രാജകുടുംബത്തിലെ അവകാശിക്ക് ക്ഷേത്ര സ്ഥാനീയ അവകാശം എന്ന ഭാഗം വാർത്തയുടെ കേന്ദ്രസ്ഥാനമാണെന്ന് പറയാം. കാരണം, ആ ഭാഗത്തെ വസ്തുതയെ അട്ടിമറിക്കുന്നതാണ് തലക്കെട്ടിലടക്കമുള്ള ആശയം. തലക്കെട്ടിലെ ‘രാജകുടുംബം’ എന്ന പ്രധാന ഭാഗത്തെ റദ്ദാക്കുകയാണ് ഒരർഥത്തിൽ കോടതിവിധി. അതായത്, തിരുവിതാംകൂർ ഭരണാധികാരി എന്ന നിലയിലല്ല കോടതി അപ്പീൽകക്ഷിക്ക് ക്ഷേത്രഭരണാവകാശം നൽകുന്നത്. മറിച്ച് പ്രതിഷ്ഠയുടെ ചുമതലയുള്ള വ്യക്തി എന്ന നിലയില്‍മാത്രമാണ്. ഇത് വിധിയിൽ അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടും പത്രം എന്തുകൊണ്ട് അടിസ്ഥാനപരമായ വസ്തുതതന്നെ തെറ്റിച്ചുകൊണ്ട് തലക്കെട്ടും വാർത്തയുടെ ആദ്യഭാഗവും രൂപകല്പന ചെയ്തു എന്നത് ഗൗരവമുള്ളതാണ്. ഇവിടെയാണ് ജനായത്തത്തിലേക്ക് ഇനിയും പ്രവേശിക്കാത്ത മാധ്യമങ്ങളെ കാണുന്നത്. അവർ വിഭാവനം ചെയ്യുന്ന ഒരു സമൂഹത്തെ ജനായത്ത വ്യവസ്ഥയിലേക്ക് പ്രവേശിക്കുവാൻ അനുവദിക്കാതിരിക്കുക എന്ന പ്രത്യയശാസ്ത്രവേലയാണ് ഈവിധം ഭാഷയിലൂടെ മാധ്യമങ്ങൾ ചെയ്തുവരുന്നത്.

പദ്മനാഭസ്വാമി ക്ഷേത്ര കേസിലെ  സുപ്രീം കോടതി വിധി
പദ്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധി

ഇപ്പോഴും ‘അരാജകവാദി’ സമൂഹത്തിന് ഭീഷണിയാണ് എന്ന സാമാന്യബോധമാണ് ഭാഷ ഉല്പാദിപ്പിക്കുന്നത് എന്ന് ഓർക്കുക. അരാജകസമൂഹം എന്ന പ്രയോഗം നമുക്ക് സ്വീകാര്യമല്ലാത്തത് മേല്പറഞ്ഞതുപോലെ നിരന്തരമായി രാജാവിനെ നിലനിർത്തുന്ന ഭാഷാസമൂഹം എന്ന നിലയിലാണ്. ഒരർഥത്തിൽ ഭാഷതന്നെയാണ് സമൂഹം എന്നതിനാൽ (ഭാഷയുടെ പേർ ചേർത്ത് സമൂഹത്തെ വിളിക്കുന്നത് ഉദാഹരണമായെടുക്കാം. മലയാളികൾ, അറബികൾ, ഇംഗ്ലീഷുകാർ എന്നിങ്ങനെ) ഭാഷയിൽ സജീവമായി (വർത്തമാനകാല പ്രയോഗങ്ങൾക്കൊപ്പം. ചരിത്രം പരാമർശിക്കാൻ ആ വാക്ക് വേണം. അതല്ല ഇവിടെ അർഥമാക്കുന്നത്) നിലനിൽക്കുന്ന ഒരു രാജാവ് സ്വാഭാവികമായും അനുസരിക്കുന്ന പ്രജകളെയും അധികാരത്തിന്റെ കേന്ദ്രീകരണത്തേയും സംഗതമാക്കുകയാണ് ചെയ്യുന്നത്. ഭരണാധികാരികളുടെ കർക്കശസ്വഭാവംപോലും ജനായത്തമല്ല എന്നിരിക്കെ അത് കൊണ്ടാടുന്ന ഒരു സമൂഹം ഈവിധമുള്ള മാധ്യമഭാഷയുടെകൂടി സൃഷ്ടിയാണ്. വാർത്തയിലുടനീളവും തുടർച്ചയിലും ‘പിശകുകൾ’ വേറെയും കണ്ടെത്താനാവും. ഹൈക്കോടതിയുടെ ഈ കേസിലുള്ള വിധി തിരുത്തുകയാണ് സുപ്രീംകോടതി. എന്നാൽ അത് രാജത്തത്തിന്റെ സംസ്ഥാപനമായാണ് പത്രം അവതരിപ്പിക്കുന്നത്. ‘രാജഭരണം അവസാനിച്ചതോടെ രാജകുടുംബത്തിന്റെ അവകാശവും ഇല്ലാതായെന്ന ഹൈക്കോടതിയുടെ വിലയിരുത്തലിനെ ഖണ്ഡിച്ച് ‘സുപ്രീം കോടതി നൽകിയ വിശദീകരണം’ എന്ന മുഖവുരയോടെ നാല് പോയിന്റുകൾ പത്രം അക്കമിട്ട് നൽകിയിരിക്കുന്നു. ഇതിലെ കൗതുകകരമായ കാര്യം, രാജാവകാശം രാജഭരണം അവസാനിച്ചും തുടരുമെന്ന് സുപ്രീംകോടതി പറയുന്നില്ല എന്നതാണ്. ഹൈക്കോടതിയുടെ മേൽസൂചിപ്പിച്ച വിലയിരുത്തലിനെ ഖണ്ഡിക്കുന്നില്ല സുപ്രീംകോടതി വിധി. ഷെബൈത്ത് കൈമാറി വരുന്നതുമായി ബന്ധപ്പെട്ടാണത്. അത്തരത്തിലുണ്ടായിരുന്ന ഉടമ്പടികളുടെ സാധുത അംഗീകരിക്കുകയാണ് കോടതി തത്വത്തിൽ ചെയ്തിരിക്കുന്നത്. മാത്രമല്ല രാജത്തമല്ല വിധിയുടെ കാതലെന്ന് ശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്. പത്രം പക്ഷെ വാർത്തയിൽ നിറയെ രാജത്തം നിറയ്ക്കുകയാണ് ചെയ്യുന്നത്.

അരിയിട്ടുവാഴ്ച

2021 ഏപ്രിൽ 09 ലെ മാതൃഭൂമിയുടെ ഒന്നാംപേജിലെ (പാലക്കാട് എഡിഷൻ) മൂന്നുകോളം പ്രധാന വാർത്ത ‘പാലക്കാട്ടുശ്ശേരി ശേഖരീവർമ വലിയരാജാവിനെ അരിയിട്ടു വാഴിച്ചു’ എന്നാണ്. തൊഴുകൈയ്യോടെ സിംഹാസനമെന്ന് തോന്നിക്കുന്ന ഇരിപ്പിടത്തിൽ ഇരിക്കുന്ന ഒരാളുടെ തലയിൽ അരിയിടുന്നതിന്റെ വർണചിത്രവും ഉണ്ട്. ‘തലമുറകൾ കൈമാറിവന്ന ആചാരാനുഷ്ഠാനങ്ങളോടെ പാലക്കാട്ടുശ്ശേരി ശേഖരീവർമ വലിയ രാജാവായി കിഴക്കേ കോണിക്കലിടം ചാത്തു അച്ചനെ അരിയിട്ടുവാഴിച്ചു’ എന്നാണ് വാർത്ത തുടങ്ങുന്നത്. തുടർന്ന് ‘കാർമികത്വ’മുള്ള ബ്രാഹ്മണരെക്കുറിച്ചും ചടങ്ങുകളെക്കുറിച്ചും സവിസ്തരമുള്ള വിശദീകരണവുമുണ്ട്. (‘അനുഗ്രഹനിറവിൽ അരിയിട്ടുവാഴിക്കൽ’ എന്ന് രണ്ടാംപേജിൽ വാർത്തയുടെ തുടർച്ചയും ഉണ്ട്.)

തലേന്ന് (2021 ഏപ്രിൽ 08 വ്യാഴം) മാതൃഭൂമി രണ്ടാംപേജിൽ (ഈ പേജിന്റെ പേര് നാട്ടുവർത്തമാനം എന്നാണ്) കൊടുത്തിട്ടുള്ള അഞ്ചുകോളം വാർത്തയുടെ തുടർച്ചയാണിത്. ‘പാലക്കാട്ടുശ്ശേരി ശേഖരീവർമ വലിയരാജാവിന് ഇന്ന് അരിയിട്ടുവാഴ്ച’ എന്നാണ് തലക്കെട്ട്. ചടങ്ങുകൾ നടക്കുന്ന ക്ഷേത്രത്തിന്റെ ചിത്രവും വാർത്തയോടൊപ്പമുണ്ട്. കൂടാതെ ‘അക്ഷരവെളിച്ചം പകർന്ന രാജാവ്’ എന്ന തലക്കെട്ടിൽ ഒരു ബോക്സും. അതിൽ കിഴക്കേ കോണിക്കലിടം ചാത്തു അച്ചൻ എന്നയാളുടെ ചിത്രവും അനുബന്ധവും. വാർത്ത തുടങ്ങുന്നത് ഇങ്ങനെ: ‘പാലക്കാട്ടുശ്ശേരി രാജവംശത്തിലെ ശേഖരീവർമ വലിയരാജാവായി കോണിക്കലിടം ചാത്തു അച്ചനെ അരിയിട്ടു വാഴിക്കുന്ന ചടങ്ങുകൾ വ്യാഴാഴ്ച നടക്കും.’

പ്രത്യക്ഷത്തിൽ പ്രജകളില്ലാത്ത ‘രാജാവാ’ണ് ഇതെങ്കിലും ഈ വ്യവഹാരം അബോധത്തിൽ പ്രജകളെ ഉണ്ടാക്കുന്നു. അത് ധൈഷണികമാണ്. പുതിയ തലമുറ പോലും രാജാവിന്റെ ആജ്ഞകൾക്ക് കാതോർക്കണമെന്ന് പ്രത്യയശാസ്ത്രപരമായി പറഞ്ഞുവെക്കുന്നു.

തുടർന്ന് ചടങ്ങുകളുടെ വിശദീകരണമാണ്. ഭരണഘടനാപരമായി മതനിരപേക്ഷതയിലൂന്നി ജനായത്തവ്യവസ്ഥ അംഗീകരിച്ച് നിലവിൽ വരികയും അതിനനുസൃതമായി നിയമങ്ങളും നീതിന്യായവ്യവസ്ഥയും എഴുതിയുണ്ടാക്കി തെരഞ്ഞെടുപ്പിലൂടെ പ്രായപൂർത്തിയായ മുഴുവൻ ജനങ്ങൾക്കും പ്രാതിനിധ്യം ഉറപ്പുവരുത്തി അരനൂറ്റാണ്ടിലേറെയായ ഒരു രാജ്യത്തിൽ ഇന്നും രാജാവും രാജത്തവുമുണ്ടെന്ന് വാർത്തയിലൂടെ മാതൃഭൂമി പറഞ്ഞുവെക്കുന്നത് അത്യധികം ഗൗരവമുള്ള ഒരു നിലപാടാണ്. അത് കർതൃത്വമുള്ള പൗരരുടെ സ്ഥാനത്ത് കർമഭാവമുള്ള പ്രജയെ നിർമിക്കുന്നു. പ്രത്യക്ഷത്തിൽ പ്രജകളില്ലാത്ത ‘രാജാവാ’ണ് ഇതെങ്കിലും ഈ വ്യവഹാരം അബോധത്തിൽ പ്രജകളെ ഉണ്ടാക്കുന്നു. അത് ധൈഷണികമാണ്. പുതിയ തലമുറ പോലും രാജാവിന്റെ ആജ്ഞകൾക്ക് കാതോർക്കണമെന്ന് പ്രത്യയശാസ്ത്രപരമായി പറഞ്ഞുവെക്കുന്നു. ‘നാട്ടുരാജ്യത്തിന്റെ’ വർത്തമാനമായി ‘നാട്ടുവർത്തമാനം’ പേജിലെ ഈ വാർത്തയെ വായിക്കേണ്ടിവരും. ‘രാജഭരണം അവസാനിച്ചെങ്കിലും പാലക്കാട്ടുശ്ശേരിയിൽ ഇന്നും ആചാരങ്ങൾ കീഴ് വഴക്കമനുസരിച്ച് തുടരുന്നു. കിഴക്കേ കോണിക്കലിടം ചാത്തു അച്ചനാണ് ഇപ്പോഴത്തെ വലിയരാജാവ്’ എന്ന് വാർത്തയുടെ ഉള്ളിലൊരിടത്ത് കാണാം. വ്യവസ്ഥ മാറിയത് അറിയാത്തതല്ല അംഗീകരിക്കാത്തതാണ് പത്രത്തിന്റെ നിലപാടെന്ന് വ്യക്തം. ആചാരസംരക്ഷണമാണ് നാട്ടിലെ ഏറ്റവും വലിയ പുരോഗമനം എന്ന അർഥത്തിൽ ശബരിമലയോട് ബന്ധപ്പെട്ട് ധാരാളം എഴുതിയ പത്രത്തിന് അതിന്റെ തുടർച്ച മാത്രമാണിത്. ഈ വാർത്ത അസംബന്ധമോ അനാവശ്യമോ ആകുന്നത് ഇത് സമൂഹത്തിന് എന്തു നൽകുന്നു എന്ന കാതലായ പ്രശ്നംകൊണ്ടു തന്നെയാണ്.

ഒന്നാമതായി, ഇതൊരു വാർത്തയാണൊ എന്നതാണ്. രാജാധികാരം നിലവിലില്ലാത്ത ഒരു കാലത്ത് രാജാവുമായി ബന്ധപ്പെട്ടതെന്ന് തോന്നിപ്പിക്കുന്നവ വിഡ്ഢിത്തം മാത്രമായേ കാണാനാവൂ. അഥവാ അതിന് എന്തെങ്കിലും പ്രാധാന്യമുണ്ടെങ്കിൽ അതിൽ വിശ്വസിക്കുന്ന ഒരു വിഭാഗത്തിന്റെ മാത്രം കാര്യമാണത്. ഒരേ താളിൽതന്നെ തെരഞ്ഞെടുപ്പു വാർത്തയും അരിയിട്ടുവാഴിക്കലും കൊടുക്കുന്ന പത്രം ഒരു ആധുനിക സമൂഹത്തെ അവഹേളിക്കുക കൂടിയാണ് ചെയ്യുന്നത്.
മറ്റൊരു കൗതുകം, പത്രം എല്ലാ കാലത്തും ഇത്തരം ‘അരിയിട്ടുവാഴിക്ക’ലാണ് നടത്തുന്നത് എന്നതാണ്. ഏതെങ്കിലും വിഭാഗങ്ങളോട് ചാഞ്ഞുനിൽക്കുന്ന പ്രത്യയശാസ്ത്രവിടുപണിയായി മാധ്യമപ്രവർത്തനം തത്വത്തിൽ മാറിയിട്ടുണ്ട്. (സമാനമായ ധാരാളം ഉദാഹരണങ്ങൾ രാജത്തത്തെ ഓർമിപ്പിക്കുന്നതായി കണ്ടെത്താം. 2019 ഡിസംബർ 20 ന് മനോരമയിൽ കാർഷികരംഗത്ത് വിജയിച്ച ഒരാളുടെ വാർത്തയ്ക്ക് ‘കിരീടം ചൂടിയ കൃഷി’ എന്നാണ് തലക്കെട്ട് നല്കുന്നത്. ഇതേ പത്രം 2020 ഡിസംബർ 21 ന് നഗരസഭാ അധ്യക്ഷയായി ആര്യ എന്ന വ്യക്തി വരുന്ന വാർത്ത ‘തലസ്ഥാനനഗരം ആര്യസാമ്രാജ്യം’ എന്ന തലക്കെട്ടിൽ നൽകുന്നത് കാണാം.)

ഈവിധമുള്ള രാജബാധ പത്രങ്ങളിൽ ഒതുങ്ങുന്നില്ല എന്നും ഓർക്കണം. ശബരിമലയിലെ സ്ത്രീപ്രവേശനം ചർച്ചയാകുന്ന കാലത്ത് രാജാവ് ‘പ്രത്യക്ഷനായത്’ നാം ചാനലുകളിലൂടെയാണ് ഏറെയും കണ്ടത്. കോടതിവിധി വന്ന ദിവസം മനോരമ ന്യൂസ് ചാനൽ ‘കൗണ്ടർ പോയിന്റ്’ തുടങ്ങുന്നത് (https://youtu.be/N5tvqJbhQ1s) ‘ക്ഷേത്രപ്രവേശന വിളംബരം 2018’ എന്ന തലക്കെട്ടോടെയാണ്. വിളംബരം എന്ന പ്രയോഗം തന്നെ രാജബാധയുടെ കൃത്യമായ സൂചനയാണ്.

ഒക്ടോബർ 23 ന് ഏഷ്യാനെറ്റ് ന്യൂസ് ‘രാജാവും തന്ത്രിയും മുഖ്യമന്ത്രിയും’ എന്ന തലക്കെട്ടിലാണ് ന്യൂസ് അവർ സംവാദം സംഘടിപ്പിച്ചത് (https://youtu.be/tHiiLzKibTg). ഇതിൽ തലക്കെട്ടിൽ മാത്രമല്ല ചർച്ചയിലും അവതാരകൻ രാജാവ് എന്നാണ് പ്രയോഗിക്കുന്നത്. തലക്കെട്ടിന്റെ ക്രമം ചാനലിന്റെ പ്രത്യയശാസ്ത്രത്തെ വെളിപ്പെടുത്തുന്നുണ്ട്. രാജാവ്, ശേഷം തന്ത്രി, ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി എന്നാണ് ചാനൽ സ്വീകരിച്ച ക്രമം. (തലക്കെട്ടിനൊപ്പമുള്ള ചിത്രത്തിൽ ക്രമം മാറുന്നത് കാണാം. മുഖ്യമന്ത്രിയുടെ ചിത്രം നടുവിൽ അതായത് രണ്ടാമതായാണ് നല്കിയിരിക്കുന്നത്. രാജാവെന്ന് ചാനൽ വിശേഷിപ്പിക്കുന്ന ശശികുമാരവർമ്മയുടെ ചിത്രം ഒന്നാമതും തന്ത്രിയുടേത് മൂന്നാമതും നല്കിയിരിക്കുന്നു.) ഒക്ടോബർ 24 ന് ഏഷ്യാനെറ്റ് ‘ഏതാണ് ആ രേഖ’ എന്ന ശീർഷകത്തിൽ ഈ വിഷയത്തിന്റെ തന്നെ തുടർചർച്ചയുമായാണ് വരുന്നത് (https://youtu.be/ny_qnOxekQU). രാജാവ് എന്ന പ്രയോഗം യതൊരു സങ്കോചവുമില്ലാതെ ഇവിടേയും ആവർത്തിച്ച് പ്രയോഗിക്കുന്നു. ഇതു തെളിയിക്കുന്നത് ശ്രദ്ധയില്ലായ്മയോ തെരഞ്ഞെടുപ്പിന്റെ വേഗമോ (തത്സമയ ചർച്ചകൾ എന്നാണ് പലതിന്റേയും വാദം. അതുകൊണ്ട് പ്രയോഗങ്ങളുടെ തെരഞ്ഞെടുപ്പിന് വേണ്ടത്ര സമയം ലഭിച്ചെന്നു വരില്ല) അവധാനതക്കുറവോ അല്ല ഇത്തരം പ്രയോഗങ്ങൾക്ക് പിന്നിൽ എന്നതാണ്. ഇതൊരു മനോഭാവം കൂടിയാണ്. സമൂഹത്തിലേക്ക് വിനിമയം ചെയ്തുറപ്പിക്കുന്ന മനോഭാവം. മാത്രമല്ല ഇതൊരു ഒറ്റപ്പെട്ട പ്രയോഗമോ സാന്ദർഭിക തെരഞ്ഞെടുപ്പോ അല്ല. ഭാഷയുടെ അബോധങ്ങളെ കൂട്ടുപിടിച്ച് മാധ്യമങ്ങൾ വിനിമയിച്ചുവരുന്ന സൂക്ഷ്മവും പ്രതിലോമവുമായ പ്രത്യയശാസ്ത്രമാണ്. ഒരു നവോത്ഥാനാനന്തര സമൂഹം എന്ന നിലയിൽ, ആധുനികസമൂഹം എന്ന നിലയിൽ പുരോഗമിച്ചുവരേണ്ട ചിന്താശേഷിയെ പരിമിതപ്പെടുത്തിയും നിയന്ത്രിച്ചും നിർത്തുക എന്ന പ്രതിലോമവൃത്തിയാണിത്.

ഇതിൽ മറ്റൊരു വാദം സംഗതമാണ്. നിലവിലെ സമൂഹത്തെ പ്രതിനിധാനം ചെയ്യുകയോ പ്രതിഫലിപ്പിക്കുകയോ ആണ് ഭാഷയും മാധ്യമങ്ങളും എന്നതാണ് അത്. മാത്രമല്ല സമൂഹം സ്വീകരിക്കുന്നു എന്നതുകൊണ്ടാണ് മാധ്യമങ്ങൾക്ക് ഇത് ആവർത്തിക്കാനും ആത്മവിശ്വാസത്തോടെ തുടരാനും കഴിയുന്നത്. കുറേക്കൂടി സൂക്ഷ്മമായി ആലോചിച്ചാൽ ഇത്തരം വിനിമയങ്ങൾ കൂടുതലായി ചെയ്യുന്ന മാധ്യമങ്ങളാണ് വിജയിക്കുന്നത് അഥവാ കൂടുതൽ പ്രേക്ഷകരെ ഉണ്ടാക്കുന്നത്. ഈ വസ്തുതകളെ അവഗണിക്കാൻ കഴിയില്ല. എന്നാൽ ഇങ്ങനെയൊരു സമൂഹം നിലനിൽക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് ഒട്ടും ചെറുതല്ല എന്നതും കാണണം. പ്രത്യേകിച്ച് കേരളത്തിൽ, മലയാളത്തിൽ ഒരു പൊതുസമൂഹം രൂപപ്പെട്ടുവന്നതുതന്നെ മാധ്യമങ്ങളുടെകൂടി പ്രവർത്തനഫലമായാണ്. ഇവിടെ നടന്ന നവോത്ഥാനത്തിനും മാധ്യമങ്ങളോട് കടപ്പാടുണ്ട്. ഇവിടെയൊരു പൊതുമണ്ഡലമുണ്ടായതും മാധ്യമങ്ങളുടെ പ്രവർത്തനഫലമായാണ് എന്നത് പഠിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സമൂഹത്തെ പ്രതിഫലിപ്പിക്കുകമാത്രമാണ് മാധ്യമങ്ങൾ എന്ന വാദം നിലനില്ക്കുന്നതല്ല. സമൂഹത്തിന്റെ അബോധത്തിലുള്ളതും സ്വീകാര്യമായതും പ്രിയങ്കരമായതുമായ ചിലത് മാധ്യമങ്ങൾ ഉപയോഗിക്കുന്നു എന്ന വാദവും ഭാഗികമായേ ശരിയാവുകയുള്ളൂ. സമൂഹത്തിൽ ചിലർക്ക് ഇതെല്ലാം പ്രിയങ്കരമായേക്കാം. മറ്റു ചിലർ ഇതിൽ വിനോദത്തിന്റെ ഘടകങ്ങളാകാം കാണുക. എന്നാൽ പിന്നേയും വലിയ ഒരു വിഭാഗം തുടർച്ചയായുള്ള അന്യ / അപര വത്കരണത്തിലും അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിലും നിരാശരുമാകുമെന്ന് കാണാം. സമൂഹത്തിൽ രൂപപ്പെട്ടുവന്നിട്ടുള്ള അനുലോമതകൾക്ക് മാധ്യമങ്ങളുടെ പങ്കാളിത്തമുള്ളതുപോലെ ഇപ്പോഴും ശക്തമായി നിലനിൽക്കുന്ന പ്രതിലോമതകൾ ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തവും മാധ്യമങ്ങളുടേതുകൂടിയാണ്. സാക്ഷരവും വലിയതോതിൽ മാധ്യമീകൃതവുമാണ് കേരളീയസമൂഹം എന്ന വസ്തുത കൂടി ഇതോട് ചേർത്തുവെച്ച് പരിശോധിക്കേണ്ടതാണ്. എന്നിട്ടും നവോത്ഥാനത്തിന് തുടർച്ചയില്ലാതെ പോകുന്നതിൽ മാധ്യമങ്ങൾക്ക് വിട്ടുനിൽക്കാനാവില്ല. എന്നുമാത്രമല്ല കൃത്യമായ പങ്കാളിത്തവും ഉണ്ട്. ഒരു പരിഷ്കൃത, ആധുനികസമൂഹത്തിന്റെ നിർമിതി അവിടുത്തെ മാധ്യമങ്ങളെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.

മറ്റൊരു സുപ്രധാനമായ കാര്യം, ഇതെല്ലാം ഭാഷാപരം കൂടിയാണ് എന്നതാണ്. ഭാഷാചിഹ്നങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രസന്ദർഭങ്ങൾക്ക് സമൂഹത്തിൽ ആഴത്തിലുള്ള വേരോട്ടമുണ്ടാകും. ചിഹ്നങ്ങൾ മുമ്പ് പ്രയോഗിച്ചിരുന്ന സന്ദർഭങ്ങളെ പ്രതിനിധീകരിക്കു കയോ കുറഞ്ഞപക്ഷം അതിന്റെ അടയാളങ്ങളെ പേറുകയോ ചെയ്യും. ഇതിന്റെ സാധ്യതകളെയാണ് മസ്തിഷ്കം അർഥസംവേദനങ്ങളിൽ പ്രയോജനപ്പെടുത്തുന്നത്. പത്രമടക്കമുള്ള മാധ്യമങ്ങൾ വാർത്തയറിയാൻ മാത്രമല്ല ഉപയോഗിക്കുന്നതെന്നും അത് നിത്യവൃത്തിയുടെ, ശീലത്തിന്റെകൂടി ഭാഗമാണെന്നും മനസ്സിലാക്കണം. ഏതെങ്കിലും മാധ്യമങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ ഒരു ജീവിതം ആർക്കും അസാധ്യമായ അവസ്ഥയിലാണ് മാധ്യമവ്യാപനത്തോടെ ലോകം എന്നുകൂടി ഇതോടൊപ്പം ഓർക്കേണ്ടതുണ്ട്.

ഓണം പോലെ സാമൂഹികമായി പ്രചാരമുള്ള ചില മിത്തുകളിലൂടെ രാജവാഴ്ചയെ കൊതിക്കുന്ന ഒരു സമൂഹമനസ്സ് കാലങ്ങളായി ഇവിടെയുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ‘കാണം വിറ്റും ഉണ്ണേണ്ടുന്ന’ ഓണത്തിന്റെ സാമൂഹികധർമം അതുകൂടിയാണ്. ഈ സമൂഹമനസ്സ് നിലനിർത്തുക എന്നതാണ് ഓണാഘോഷങ്ങളുടെ ആധിക്യസൂചന. കേരളപ്പിറവിയും കേരളീയവും സെറ്റുസാരിയും സദ്യയുമടക്കം നമ്മുടെ സാംസ്കാരികരംഗങ്ങളിലെല്ലാം സവർണഹൈന്ദവതയ്ക്കുകിട്ടുന്ന (ചിഹ്നപരമായതും) സ്വീകാര്യത ഈ രാജബാധയുടെ അനുബന്ധം തന്നെയാണ്. ഇത് ജനായത്തത്തെ അവിശ്വസിക്കുന്ന ഒരു സമൂഹബോധത്തെ കൂടി നിലനിർത്തലാണ്. മലയാളത്തിലെ എല്ലാ മാധ്യമങ്ങളും കൂടിയോ കുറഞ്ഞോ ഇത് ചെയ്യുന്നുണ്ട്.

ഇത്രയും ഉദാഹരണങ്ങളോടെ മാധ്യമമലയാളത്തിന്റെ രാജബാധ വിശദീകരിച്ചത് പുരാവസ്തുവകുപ്പിന്റെ പിൻവലിച്ച നോട്ടീസ് ഏതെങ്കിലും തരത്തിൽ അത്ഭുതമല്ല എന്നു സൂചിപ്പിക്കാനാണ്. ശ്രീയും ശ്രീമതിയും ഒക്കെയായി ഏറ്റവും സാധാരണമായി ഭാഷയിലും പരവതാനിയും താലപ്പൊലിയും പൊന്നാടയും അകമ്പടികളുമായി സംസ്കാരത്തിലും നമുക്കിപ്പോഴും രാജാവുണ്ട് എന്ന് വ്യക്തമാണ്. ആ രാജാവിനെ ഇല്ലാതാക്കാൻ ആർക്കാണ് കഴിയുക എന്ന ചോദ്യം ഓരോരുത്തരും ഏറ്റെടുക്കേണ്ടതാണ്. നോട്ടീസ് പിൻവലിക്കാം. പക്ഷെ രാജബാധയുള്ള ഭാഷയെ എന്തു ചെയ്യും? അത് എന്നും വെണ്ടക്ക നിരത്തുന്ന മാധ്യമങ്ങളെ എന്തുചെയ്യും? അവയുടെ ഓൺലൈൻ, യുട്യൂബ്, ചാനൽ പരിപ്രേക്ഷ്യങ്ങളെ എന്തുചെയ്യും?

Comments