ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷനാണ് ‘ഓപ്പറേഷൻ സിന്ദൂർ’. പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താ സമ്മേളനങ്ങളിലൊക്കെ പാക്കിസ്ഥാനെതിരെ നമ്മൾ നടത്തുന്നത് യുദ്ധമല്ലെന്നും, ഭീകരവാദികളേയും അവരുടെ ഒളിത്താവളങ്ങളേയും മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന ഓപ്പറേഷനാണെന്നും ആവത്തിച്ച് പറയുന്നുണ്ട്. മന്ത്രാലയത്തിന്റെ വാർത്താസമ്മേളനങ്ങൾ പരിശോധിച്ചാൽ ‘Precision, controlled, restrained, calibrated, responsible’ എന്നീ വാക്കുകൾ നിരവധി തവണ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പിന്നെ എന്തിനാണ് പഹൽഗാം ആക്രമണത്തെത്തുടർന്നുള്ള മാധ്യമ വിവരണങ്ങളും ആഖ്യാനങ്ങളും സംഘർഷം വർദ്ധിപ്പിക്കുന്ന തരത്തിലാകുന്നത്? ഇവിടെയാണ് തലക്കെട്ടിൽ സൂചിപ്പിച്ചത് പോലെയുള്ള ഉത്തരവാദിത്വ മാധ്യമപ്രവർത്തനമാണോ (Responsible Journalism) മാധ്യമങ്ങൾ നടത്തുന്നതെന്ന സംശയം ഉയരുന്നത്.
പാക്കിസ്ഥാനെ വലിയ ഭീഷണിയായി ചിത്രീകരിച്ച് ഒരു തരത്തിലുള്ള അതിദേശീയത ഡിജിറ്റൽ കാർണിവൽ സ്യഷ്ടിക്കുകയാണോ (Digital Spectacle of hyper-nationalism) നമ്മുടെ ഓൺലൈൻ മാധ്യമങ്ങൾ? ദേശീയ വികാരത്തെ പൊലിപ്പിക്കുന്നതിനുള്ള ഉപകരണമായി മാത്രം സൈനിക നടപടികളെ ചുരുക്കി കാണിക്കുന്നുണ്ടോ? പഹൽഗാം ആക്രമണത്തിന് ശേഷം, ഇന്ത്യയുടെ ഡിജിറ്റൽ മാധ്യമങ്ങളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും പ്രതികാരം ആവശ്യപ്പെടുന്ന, സൈന്യത്തെ മഹത്വവൽക്കരിക്കുന്ന, പാകിസ്ഥാനെ പൈശാചികവൽക്കരിക്കുന്ന എഴുത്തുകളാൽ നിറഞ്ഞതായി കാണാം. 'War is not romantic, not your Bollywood movie' എന്ന് കഴിഞ്ഞദിവസം മുൻ കരസേന മേധാവി മനോജ് നരവനയുടെ പ്രസ്താവന ഇവിടെ പ്രസക്തമാണ്. ഈ പശ്ചാത്തലത്തിലാണ് പഹൽഗാം ആക്രമണത്തെത്തുടർന്നുള്ള ഓൺലൈൻ മാധ്യമങ്ങളിലെ വാർത്താ റിപ്പോർട്ടുകളുടെ ആഖ്യാനം വിശകലനം ചെയ്യുന്നത്.
ഗൂഗിൾ ന്യൂസ് ഡാറ്റ ബേസിൽ നിന്ന് ഈ അടുത്ത ദിവസങ്ങളിൽ ലഭിച്ച 30 ഓൺലൈൻ വാർത്താ റിപ്പോർട്ടുകളാണ് വിശകലനം ചെയ്തിരിക്കുന്നത്. വിശകലനം ചെയ്തവയിൽ ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്.
‘Operation Sindoor’, ‘Post Pahalgam India-Pak Conflict’ എന്ന താക്കോൽവാക്കുകൾ (Keyword) ഉപയോഗപ്പെടുത്തിയാണ് സെർച്ച് നടത്തിയത്. ‘യുദ്ധം മതിയെന്ന തരത്തിലുള്ള ആഖ്യാനങ്ങൾ’, ‘അതിദേശീയതാ ആഖ്യാനങ്ങൾ’, ‘വിദേശ ഓൺലൈൻ മാധ്യമങ്ങളിലെ ആഖ്യാനങ്ങൾ’, ‘സംഘർഷത്തിലെ വ്യാജവാർത്തകൾ’, ‘സംഘർഷ പരിഹാരത്തിനായി ശ്രമിക്കുന്ന ആഖ്യാനങ്ങൾ’ എന്നീ വിശകലന വിഷയങ്ങളിലൂന്നിയാണ് (Theme of Analysis) ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളുടെ നറേറ്റീവ് പരിശോധിക്കാൻ ശ്രമിക്കുന്നത്.
സോഴ്സുകളില്ലാത്ത ആക്രമണം
പഹൽഗാം ആക്രമണത്തിനുശേഷമുള്ള ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ കവറേജിൽ ആശങ്കാജനകമായ മാറ്റം വ്യക്തമാണ്. സന്തുലിതവും (Balanced), വസ്തുതാപരവും (Objective), സമാധാനപ്രേരകവുമായിരിക്കണം (Peace building) സംഘർഷ സമയത്തെ മാധ്യമ കവറേജിന്റെ പൊതു സ്വഭാവം. എന്നാൽ, ആ സ്ഥാനത്ത് അതിദേശീയതാപരവും വൈകാരികവും യുദ്ധാത്മകവുമായ ആഖ്യാനമാണ് വലിയൊരു ശതമാനം ഓൺലൈൻ മാധ്യമ ആഖ്യാനങ്ങളിലും ഉള്ളത്. അതുകൊണ്ടുതന്നെ ഡിജിറ്റൽ ഇടത്തിൽ ജേണലിസമാണോ ജിംഗോയിസമാണോ (Jingoism) നടക്കുന്നതെന്ന സംശയം ഉയരുക സ്വാഭാവികം.
ടൈംസ് ഓഫ് ഇന്ത്യ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (‘Any future act of terror will be treated as act of war’: India warns Pakistan amid escalating conflict, 11.05.2025) ‘top sources’- ന്റേതാണ് ഈ പ്രസ്താവന എന്നു പറയുന്നു. എന്നാൽ വാർത്തയിലെവിടേയും ടോപ്പ് സോഴ്സിനെ വ്യക്തമാക്കുന്നില്ല. എന്നാൽ ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം നടത്തിയ എല്ലാ വാർത്താസമ്മേള്ളനങ്ങളിലും ഇന്ത്യ നടത്തുന്നത് ഉത്തരവാദിത്വ പൂർണവും നിയന്ത്രിതവുമായ (responsible and measured) ഓപ്പറേഷൻ മാത്രമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താക്കൾ ആവർത്തിക്കുന്നുണ്ട്. പിന്നെ എവിടെ നിന്നാണ് ടൈംസ് ഓഫ് ഇന്ത്യക്കുമാത്രം ഇത്തരത്തിലൊരു ടോപ്പ് സോഴ്സ്?

സീ ന്യൂസ് (Zee news) തലക്കെട്ടിൽ തന്നെ പറയുന്നുണ്ട്, ‘ഞങ്ങൾക്ക് വേണ്ടത് ഓപ്പറേഷനല്ല മറിച്ച് യുദ്ധമാണ്’ എന്ന്. അതുകൊണ്ടാണ് ഏതോ ഒരു ‘റിപ്പോർട്ട്’ ഉദ്ധരിച്ച് ഇന്ത്യ പാക്കിസ്ഥാനിലെ കറാച്ചി പോർട്ട് ആക്രമിച്ചുവെന്ന വാർത്ത നൽകിയത്. സീ ന്യൂസ് ഓൺലൈൻ പ്രസിദ്ധീകരിച്ച ‘കറാച്ചി തുറമുഖ ആക്രമണ’ വാർത്തയ്ക്ക് (India-Pakistan War: Did Indian Navy Strike Karachi Port? Reports Say, 10.05.2025) ഒരു തരത്തിലുമുള്ള വിശ്വാസയോഗ്യമായ സോഴ്സുകളുമില്ല. കറാച്ചി പോർട്ട് പാക്കിസ്ഥാനിലെ ഏറ്റവും വലിയ വ്യവസായ ഇടനാഴിയാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു വാർത്ത പാക്കിസ്ഥാനിലെ ജനങ്ങളെ വലിയ ഭീതിയിലാക്കും. അവരും മനുഷ്യർ തന്നെയാണെന്ന ബോധ്യം വാർത്താനിർമ്മിതിയിൽ അനിവാര്യമാണ്. മലയാളത്തിലടക്കമുള്ള മറ്റ് നിരവധി പ്ലാറ്റ്ഫോമുകളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ആ പ്ലാറ്റ്ഫോമുകളിൽ പ്രസ്തുത വാർത്ത കാണാനില്ല. ചിലപ്പോൾ പാക്കിസ്ഥാൻ തന്നെ അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ തെറ്റായ വിവരങ്ങൾ നൽകുന്നതാകാനും സാധ്യതയുണ്ട്. അതിലൂടെ ഇന്ത്യ തങ്ങൾക്കെതിരെ വലിയ ആക്രമണമാണ് നടത്തുന്നതെന്നും ചിത്രീകരിച്ച് ലോകരാജ്യങ്ങളുടെ പിന്തുണ പാക്കിസ്ഥാന് ലഭിക്കുന്നതിനും ഇടയാക്കും.

സമാധാനപരമായ ബദലുകൾക്കുള്ള ഇടം കുറയ്ക്കുന്ന വൈകാരിക ആഖ്യാനവും ഭാഷാ പ്രയോഗങ്ങളും റിപ്പോർട്ടുകളിൽ പ്രകടമാണ്. ‘യുദ്ധം’, ‘പ്രതികാരം’, ‘ആക്രമണം’, ‘ശത്രു’ എന്നീ ഫ്രയിമുകളിലൂന്നിയാണ് ഭൂരിഭാഗം റിപ്പോർട്ടുകളും.
ഗോഫ്മാൻ (1974), എൻറ്റ്മാൻ (1993) എന്നിവർ ചേർന്ന് മുന്നോട്ട് വെച്ച ഫ്രയിമിങ് തിയറി ഇവിടെ വളരെ പ്രസക്തമാണ്. സംഘർഷങ്ങളുടെ നിരന്തരമായ കവറേജ് പ്രേക്ഷകരിൽ ‘ഇപ്പോൾ നടക്കുന്നത് യുദ്ധമാണ്’ എന്ന മാനസികാവസ്ഥ വളർത്തിയെടുക്കുന്നു. മാത്രവുമല്ല, ഇത് യുദ്ധ വിവരണങ്ങളെ സാധാരണ നിലയിലാക്കുകയും സമാധാന വ്യവഹാരത്തോടുള്ള പൊതുജനങ്ങളുടെ സ്വീകാര്യത കുറയ്ക്കുകയും ചെയ്യുന്നു.
ഇക്കണോമിക്സ് ടൈംസ് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിലും (Are India, Pakistan hurtling towards a full-scale war?, 10.05.2025) “revenge,” “strike back,” “no mercy,” “Pak will pay”, "Hitting back", "A fitting reply", "Crushing response", "Blood for blood" എന്നീ പ്രയോഗങ്ങൾ കാണാം. വലിയ തോതിലുള്ള യുദ്ധമല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവനയും (Khawaja Asif) വലിയ പ്രാധാന്യത്തോടെ നൽകുന്നുണ്ട് റിപ്പോർട്ടിൽ.

പഹൽഗാം ആക്രമണത്തെത്തുടർന്നുള്ള ഇന്ത്യൻ ഓൺലൈൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ വലിയൊരു ശതമാനവും “war is needed” എന്ന ആഖ്യാനത്തിനാണ് പ്രാമുഖ്യം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധത്തിനായുള്ള പൊതു താൽപര്യം മാധ്യമങ്ങൾ പലപ്പോഴും വളർത്തിയെടുക്കുന്നുണ്ടോവെന്ന് സംശയിക്കാം.
Gerbner & Gross, 1976 മുന്നോട്ട് വെച്ചിട്ടുള്ള കൾട്ടിവേഷൻ സിദ്ധാന്തം മുകളിൽ പറഞ്ഞ നിരീക്ഷണത്തെ സൈദ്ധാന്തികമായി പിന്തുണയ്ക്കുന്നുണ്ട്. പാക്കിസ്ഥാൻ നിരന്തരം ഭീകരവാദ ഭീഷണികൾ നടത്തുന്നുവെന്ന പൊലിപ്പിച്ച ഇന്ത്യൻ മാധ്യമ കവറേജുകൾ ഇന്ത്യയിലെ ജനങ്ങൾക്ക് പാക്കിസ്ഥാൻ വലിയ ഭീഷണിയാണെന്ന ബോധ്യമുണ്ടാക്കുമെന്ന് ഗെർബ്നർ Mean World Syndrome എന്ന ആശയത്തിലൂടെ വിശദീകരിക്കുന്നു.
അതിദേശീയതാ ആഖ്യാനങ്ങൾ
അതിദേശീയതാ ആഖ്യാനങ്ങളും വൈകാരികതയും (Hyper nationalism narratives and emotions) മൂർച്ഛിപ്പിക്കാനുള്ള പ്രധാന സംഭവമായി പഹൽഗാമും ശേഷമുള്ള ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷവും മാറിയതായി വിശകലനത്തിൽ വ്യക്തമാണ്. ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളുടെ ദൃശ്യ പ്രതീകാത്മകതയിലും വിവേചനപരമായ ആഖ്യാനങ്ങളിലും ഒരു തരത്തിലുള്ള ഡിജിറ്റൽ ദേശീയതാ നിർമ്മാണത്തിനുള്ള ശ്രമം കാണാം. പാക്കിസ്ഥാനെ പരമാവധി ‘അന്യവൽക്കരിച്ച്’ (Pakistan as negative other) യുദ്ധത്തെ നോർമലൈസ് ചെയ്യുന്നതായി തോന്നിപ്പോകും. പഹൽഗാം ആക്രമണത്തിനുശേഷമുള്ള ഓൺലൈൻ മാധ്യമ ആഖ്യാനങ്ങൾ മുമ്പുതന്നെ നിൽനിൽക്കുന്ന India = righteous and unified, Pakistan = eternal enemy എന്ന ബൈനറിയെ കൂടുതൽ ആഴത്തിലാക്കുന്നു.
ബെനഡിക്ട് ആൻഡേഴ്സൺന്റെ Imagined Communities: Reflections on the Origin and Spread of Nationalism (1983) എന്ന പുസ്തകം ഇവിടെ പ്രസ്ക്തമാണ്. ഓൺലൈൻ മാധ്യമങ്ങൾ വെറുതെ സംഘർഷം റിപ്പോർട്ട് ചെയ്യുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിലൂടെ ഡിജിറ്റലിടത്തിൽ ഒരു ‘ഭാവനാത്മക ദേശവും ദേശീയതയും’ സ്യഷ്ടിച്ചെടുക്കുന്നതായി നിരീക്ഷിക്കാം. ഇത്തരം സംവേദനക്ഷമതയില്ലാത്ത മാധ്യമ കവറേജുകൾ (Insensitive coverage) ഭൗമരാഷ്ട്രീയ സംഘർഷത്തിന്റേയും യുദ്ധത്തിന്റേയും കെടുതികളും പ്രശ്നങ്ങളും ജനങ്ങൾ മറന്നു പോകുന്നതിനും ഇടയാക്കും.
റിപ്പബ്ളിക്ക് ടിവി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിലെ (‘Three reasons why Pakistan begged for ceasefire agreement with India’, 11.05.2025) ‘begged’ എന്ന പ്രയോഗം പാക്കിസ്ഥാനെ ‘eternal enemey’ ആക്കുന്ന ബൈനറിയെ കൂടുതൽ ആഴത്തിലാക്കുന്നുണ്ട്.

പഹൽഗാം ആക്രമണശേഷമുള്ള ഓൺലൈൻ മാധ്യമ ആഖ്യാനങ്ങളിൽ ദേശീയ പതാകകൾ, സൈനിക യൂണിഫോം, രക്തസാക്ഷികളുടെ സംസ്കാരം, ദേശസ്നേഹഭാഷ എന്നിവയുടെ ആവർത്തിച്ചുള്ള ഉപയോഗം വ്യക്തമാണ്. ഡിജിറ്റലിടത്തിലെ ചിത്രങ്ങളും ആഖ്യാനങ്ങളും വൈവിധ്യപൂർണ്ണവുമായ ‘ഇന്ത്യ’ എന്ന ആശയത്തെ ഏകവും യോജിപ്പുള്ളതുമായ അസ്തിത്വമായി നിലനിർത്താൻ സഹായിക്കുന്നുണ്ടോ എന്ന് പഠിക്കുക കൗതുകകരമാണ്. വിശകലനത്തിലെ ചില ചിത്രങ്ങൾ ഇതാ:

വിദേശ ഓൺലൈൻ മാധ്യമ ആഖ്യാനങ്ങൾ
സംഘർഷത്തെക്കുറിച്ചുള്ള വിദേശ ഓൺലൈൻ മാധ്യമ ആഖ്യാനങ്ങൾ പരിശോധിച്ചാൽ കൗതുകകരമായ നിരീക്ഷണങ്ങൾ കാണാം. എങ്ങനെയാണ് ഇന്ത്യ- പാക് സംഘർഷം പ്രമുഖ ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്?
ഗ്ലോബൽ ടൈംസ് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (Pakistani PM vows to avenge 'our innocent martyrs'; India FM warns any attacks will be met with 'firm response': media, 08.05.2025) പാക്കിസ്ഥാന്റെ ആംഗിളിലാണ് വാർത്താ ആഖ്യാനം.

(https://www.globaltimes.cn/page/202505/1333630.shtml).
ഇതേ രീതി തന്നെയാണ് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവയുടേതും (Xinhua). സി ജി ടി എൻ (CGTN) ഉൾപ്പെടെയുള്ള ചൈനീസ് മാധ്യമങ്ങൾ വലിയ രീതിയിൽ ‘പാകിസ്ഥാൻ മാധ്യമ’ങ്ങളെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. CGTN ഓൺലൈൻ മെയ് ഒമ്പതിന് പ്രസിദ്ധീകരിച്ച India-Pakistan Tensions: Pakistan Responds to Escalating Tensions with India എന്ന തലക്കെട്ടിലുള്ള വാർത്തയിലും ഈ പാക്കിസ്ഥാൻ അനുഭാവം പ്രകടമാണ്.

https://news.cgtn.com/news/2025-05-09/VHJhbnNjcmlwdDg0Mzgw/index.html
റഷ്യൻ വാർത്താ ഏജൻസിയായ ടാസ് (TASS) അതിന്റെ നാല് പ്രധാന തലക്കെട്ടുകളിൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ ആഖ്യാനം ചെയ്തിരിക്കുന്നു. TASS ഓൺലൈൻ മെയ് പത്തിന് പ്രസിദ്ധീകരിച്ച India made series of strikes against Pakistan’s air force bases — Geo TV എന്ന വാർത്ത പാകിസ്ഥാൻ ആസ്ഥാനമായ ജിയോ ടിവിയെ ഉദ്ധരിച്ചാണ്. ഒരു മടിയും കൂടാതെ അത് അവർ അവരുടെ തലക്കെട്ടിൽ തന്നെ വ്യക്തമാക്കുന്നുമുണ്ട്.

(https://tass.com/world/1955657).
വാഷിങ്ടൺ പോസ്റ്റ് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ (Pakistan strikes sites inside India, bringing nuclear rivals nearer to war, 10.05.2025) ഫ്രയിമിങിലും ‘പാക്കിസ്ഥാൻ പക്ഷം’ വ്യക്തമാണ്.

മുകളിൽ സൂചിപ്പിച്ച റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തെ ദ ഗാർഡിയൻ വിപുലമായി റിപ്പോർട്ട് ചെയ്തതായി മനസിലാക്കാം. ഗാർഡിയൻ ഓൺലൈൻ മെയ് പത്തിന് പ്രസിദ്ധീകരിച്ച India-Pakistan military conflict: what we know so far എന്ന റിപ്പോർട്ടിൽ വസ്തുതാപരവും പക്ഷപാതരഹിതവുമായ ആഖ്യാനം സുവ്യക്തമാണ്.

ലൈവ് മിന്റ് ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (How US, UK, Russia and Chinese media covered India-Pakistan conflict: ‘Nuclear rivals nearer to war’, 10.05.2025) ലോക മാധ്യമങ്ങൾ എങ്ങനെയാണ് ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം റിപ്പോർട്ട് ചെയ്തതെന്ന് വിശകലനം ചെയ്യുന്നുണ്ട്.

വ്യാജനായാലും കുഴപ്പമില്ല,
ആളുകൾ കണ്ടാൽ മതി
“In the fog of war, truth is often the first casualty”
യുദ്ധത്തിന്റേയോ സംഘർഷത്തിന്റേയോ പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ, അത് ആളുകളിൽ തെറ്റായ അറിവ് നൽകുക മാത്രമല്ല, വിദ്വേഷം ജനിപ്പിക്കുകയും കാര്യങ്ങൾ വഷളാക്കുകയും ചെയ്യും. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകളുടെ കുത്തൊഴുക്ക് തന്നെയാണ് സംഭവിച്ചത്. വാർത്ത ഒരിക്കലും വ്യാജമാകുന്നില്ല, അതിനാൽ വ്യാജ വാർത്ത (Fake News) എന്ന് വിളിക്കുന്നതിനേക്കാൾ നല്ലത് വ്യാജ ഉള്ളടക്കം (Fake Content) എന്ന് പറയുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് എനിയ്ക്കുള്ളത്.
2023-ൽ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് മുമ്പ് പ്രചരിച്ച ഒരു പഴയ വീഡിയോ പാകിസ്ഥാൻ സൈന്യം പങ്കിടുകയും ക്ലിപ്പ് ടെലിവിഷനിലും സോഷ്യൽ നെറ്റ് വർക്കുകളിലും വേഗത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നീട് AFP ഉൾപ്പെടെയുള്ള എല്ലാ മുൻനിര വാർത്താഏജൻസികളും വാർത്ത പ്രസിദ്ധീകരിച്ചു. എന്നാൽ പിന്നീട് പിൻവലിച്ചു. ഉക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിന്റേതെന്ന തരത്തിൽ പ്രചരിച്ചിരുന്നു.
ഫ്രാൻസ് 24 ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (No truce in India – Pakistan disinformation war, 13.05.2025) സംഘർഷ പശ്ചാത്തലത്തിലെ വ്യാജ ഉള്ളടക്കങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിന്റെ ആദ്യ റൗണ്ടിനു ശേഷം, രാജ്യത്തിന് രണ്ട് വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് പാകിസ്ഥാൻ സൈന്യത്തിലെ ഒരു ജനറൽ പറയുന്ന വീഡിയോ ലോകത്താകമാനമുള്ള മാധ്യമങ്ങളിൽ പ്രചരിച്ചതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പിന്നീടാണ് അത് AFP-യുടെ വസ്തുതാ പരിശോധകർ കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

https://www.france24.com/en/live-news/20250513-no-truce-in-india-pakistan-disinformation-war
ദ ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Narratives at war: How fake news escalates India-Pakistan tensions, 10.05.2025) പ്രമുഖ ഫാക്റ്റ് ചെക്കിങ് സ്ഥാപനമായ ആൾട്ട് ന്യൂസിന്റെ സ്ഥാപകൻ മുഹമ്മദ് സുബൈറുമായുള്ള അഭിമുഖമുണ്ട്. എങ്ങനെയാണ് വ്യാജ ഉള്ളടക്കങ്ങൾ സംഘർഷാന്തരീക്ഷത്തെ വഷളാക്കുന്നതെന്ന് റിപ്പോർട്ടിലും പ്രസ്തുത വീഡിയോ അഭിമുഖത്തിലും മുഹമ്മദ് സുബൈർ വ്യക്തമാക്കുന്നു.

ന്യൂസ് ലോൺട്രി ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Fake piolets, fake missiles, fake news: How Pak weaponied disinformation against India, 12.05.2025) ഡിജിറ്റലിടത്തിൽ എങ്ങനെയാണ് ഡീപ്ഫേക്കുകൾ, പഴയ വീഡിയോകൾ എന്നിവ ഉപയോഗപ്പെടുത്തി ഡിസ് ഇൻഫോർമേഷൻ യുദ്ധം നടക്കുന്നതെന്ന് വിവരിക്കുന്നു.

ഇന്ത്യ ടി.വി ന്യൂസ് ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Pakistan continues to spread fake news: PIB Fact Check debunks misinformation on India-Pakistan conflict, 12.05.2025) സംഘർഷ സമയത്ത് ഫാക്കറ്റ് ചെക്കിങിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ മാധ്യമമായ CNN-ന്റെ ലോഗോ ഉപയോഗപ്പെടുത്തി പ്രചരിച്ച വ്യാജവാർത്ത PIB പുറത്തുകൊണ്ടുവന്നതും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ PTI ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ പ്രസ്തുത വാർത്ത പ്രസിദ്ധകരിക്കുകയും പിന്നീട് ഒഴിവാക്കുകയുമാണ് ചെയ്ത്.

വരുന്നു, ഡിജിറ്റൽ ദേശീയത
വിശകലനം ചെയ്ത ഓൺലൈൻ റിപ്പോർട്ടുകളിൽ വളരെ കുറച്ചെണ്ണത്തിൽ മാത്രമാണ് സംഘർഷം പരിഹരിക്കുന്നതിനുള്ള ആഖ്യാന ശ്രമമുള്ളത്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഇടം നൽകുന്ന ചുരുക്കം റിപ്പോർട്ടുകളിലൊന്നാണ് ഫൈനാൻഷ്യൽ എക്സ്പ്രസ് മെയ് ഒമ്പതിന് പ്രസിദ്ധീകരിച്ച Friends not for war എന്ന റിപ്പോർട്ട്. ഇന്ത്യയുടെ വാണിജ്യ പങ്കാളികളായ റഷ്യ, ചൈന, യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ജിയോ പൊളിറ്റിക്കൽ ക്യാൻവാസിൽ യുദ്ധം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം വസ്തുതാപരമായി ഈ റിപ്പോർട്ട് വിവരിക്കാൻ ശ്രമിക്കുന്നുണ്ട്.

https://www.financialexpress.com/opinion/friends-not-for-war/3837896/
ദ ഗാർഡിയൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും (From missiles to ceasefire: how India and Pakistan pulled back from the brink, 12.05.2025) സംഘർഷം പരിഹരിക്കുന്നതിനുള്ള ആഖ്യാന ശ്രമമുണ്ട്. പക്ഷേ ഇവിടെ എന്തിനാണ് അമേരിക്കൻ ഇടപെടലിന് ഇത്രമാത്രം പ്രാധാന്യം നൽകിയിരിക്കുന്നതെന്ന സംശയം തീർച്ചയായും ഉണ്ടാകും. 1972- ലെ ഷിംല കരാറിനെ (Shimla Agreement, 1972) കുറിച്ച് ദ ഗാർഡിയൻ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ഐക്യരാഷ്ട്രസഭയുടെയോ മറ്റ് അന്താരാഷ്ട്ര കക്ഷികളുടെയോ മധ്യസ്ഥതയെ പൂർണമായി നിരസിക്കുന്നതാണ് കരാർ. പിന്നെ എന്തിനാണ് അമേരിക്ക ഇടപെടുന്നതെന്ന ചോദ്യമാണ് ആഖ്യാനത്തിൽ ഉണ്ടാകേണ്ടിയിരുന്നത്.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെക്കുറിച്ചുള്ള ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളുടെ ആഖ്യാന രീതി കുറച്ചുകൂടി ഉത്തരവാദിത്വ പൂർണമാകണമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് ഉപയോക്താക്കൾ ട്വിറ്റർ, യൂട്യൂബ്, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ഹൈപ്പർബോളിക് ഉള്ളടക്കങ്ങൾ, മീമുകൾ, തെറ്റായ വിവരങ്ങൾ എന്നിവ വേഗത്തിൽ പങ്കിടുന്ന സവിശേഷ മാധ്യമ ആവാസവ്യവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ. ലേഖനത്തിൽ സൂചിപ്പിച്ച ഡിജിറ്റൽ ദേശീയതയുടെ ആവിർഭാവവും ഈ അന്തരീക്ഷം കൂടുതൽ തീവ്രമാക്കുന്നുണ്ട്.
ഭരണകൂടത്തിന്റേയും വരേണ്യവർഗത്തിന്റേയും താൽപര്യങ്ങളുമായി പൊരുത്തപ്പെടുന്ന പ്രത്യയശാസ്ത്ര ഉപകരണമായി മാധ്യമങ്ങൾ പലപ്പോഴും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഹെർമാന്റെയും ചോംസ്കിയുടെയും ‘Manufacturing Consent’ എന്ന മാതൃക അടിവരയിടുന്നു. പലപ്പോഴും സംഘർഷങ്ങളുടെ റിപ്പോർട്ടിങിൽ മാധ്യമങ്ങൾ ഔദ്യോഗിക നിലപാടിനെ മാത്രം പ്രതിനിധീകരിക്കാതെ വിയോജിപ്പുകൾ കൂടി ആഖ്യാനത്തിലേക്ക് കൊണ്ടുവരണം. സംഘർഷ കാലത്ത് ജനാധിപത്യ മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്തുകയും സമാധാനത്തിലേക്ക് നയിക്കുന്ന സംവാദാന്തരീക്ഷമൊരുക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമായിരിക്കണം.
‘The press serves as a watchdog over those in power, holding them accountable to the public’
— American Press Institute
മാധ്യമ റിപ്പോർട്ടിങ് വിശകലനം ചെയ്യുന്ന NEWS BIN കോളത്തിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം
▮
References:
1.Anderson, B. (2006). Imagined communities: Reflections on the origin and spread of nationalism (Revised ed.). Verso.
2.Gerbner, G., Gross, L., Morgan, M., & Signorielli, N. (1986). Living with television: The dynamics of the cultivation process. In J. Bryant & D. Zillmann (Eds.), Perspectives on media effects (pp. 17–40). Lawrence Erlbaum.
3.Barthes, R. (1972). Mythologies (A. Lavers, Trans.). Hill and Wang. (Original work published 1957)
4.Rajagopal, A. (2001). Politics after television: Hindu nationalism and the reshaping of the public in India. Cambridge University Press.
5.Goffman, E. (1974). Frame analysis: An essay on the organization of experience. Harvard University Press.
6.Thussu, D. K. (2007). News as entertainment: The rise of global infotainment. Sage.
7.Chopra, R. (2011). The virtuality of nationalism in India: Online media and the transformation of the Indian public sphere. South Asian History and Culture, 2(3), 357–377. https://doi.org/10.1080/19472498.2011.588650
8.Herman, E. S., & Chomsky, N. (1988). Manufacturing consent: The political economy of the mass media. Pantheon Books.