ഓൺലൈൻ മാധ്യമങ്ങൾ അഭൂതപൂർവമായ വേഗതയിലാണ് പൊതുബോധത്തെ രൂപപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ മുഖ്യധാരാ മാധ്യമങ്ങളേക്കാൾ (so called legacy media houses) ഓൺലൈൻ മാധ്യമങ്ങളുടെ ആഖ്യാനങ്ങൾ സാമൂഹിക യാഥാർഥ്യത്തിന്റെ നിർമ്മിതിയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. എങ്ങനെയാണ് നമ്മുടെ ഓൺലൈൻ മാധ്യമങ്ങൾ മുസ്ലീങ്ങളെ പ്രതിനിധാനം ചെയ്യുന്നത്? അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുസ്ലീം വിരുദ്ധ വർഗീയതയുടെ അസ്വസ്ഥജനകമായ വർദ്ധനവിൽ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ വർഷവും മാർച്ച് 15 ന് ആഘോഷിക്കുന്ന ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് ഗുട്ടെറസ് ഈ പരാമർശം നടത്തിയത്.
അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ഛാവയുടെ (Chhaava) പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന ദൗർഭാഗ്യകരമായ മുസ്ലീം വിരുദ്ധ പ്രകടനങ്ങളും നമ്മുടെ മുമ്പിലുണ്ട്.
ഓൺലൈൻ മാധ്യമ റിപ്പോർട്ടുകൾ മുസ്ലീങ്ങളെ സ്ഥിരമായ പ്രശ്നക്കാരോ വില്ലന്മാരായോ ചിത്രീകരിക്കുന്നുണ്ടോ? സെൻസേഷണലൈസ് ചെയ്ത തലക്കെട്ടുകളും കഥ പറച്ചിലിലെ ആഖ്യാന രീതികളും മുസ്ലീം വിരുദ്ധ ആഖ്യാനത്തിന് ആക്കം കൂട്ടുന്നുണ്ടോ? സമൂഹമാധ്യമ അൽഗോരിതങ്ങൾ ഭിന്നിപ്പിക്കൽ ഉള്ളടക്കം വർദ്ധിപ്പിക്കുമ്പോൾ (amplify divisive content), ഇസ്ലാമോഫോബിയയെ തടയുന്നതിനോ നിലനിർത്തുന്നതിനോ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് എന്താണ് ചെയ്യാനാകുക? ഈ പശ്ചാത്തലത്തിലാണ് ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ റിപ്പോർട്ടുകൾ വിശകലനം ചെയ്യുന്നത്.

ഇസ്ലാമോഫോബിയയെ ശക്തിപ്പെടുത്തുന്നതിനും മുസ്ലിം സമുദായങ്ങളെ പാർശ്വവൽക്കരിക്കുന്നതിനും അധികാര ഘടനകൾ നിലനിർത്തുന്നതിനും എങ്ങനെയാണ് മാധ്യമഭാഷയും ആഖ്യാനവും ഉപയോഗപ്പെടുത്തുന്നത്? മാധ്യമങ്ങളിലെ മുസ്ലീം വിരുദ്ധ ആഖ്യാനങ്ങൾ വിശകലനം ചെയ്യാൻ ലേഖനത്തിൽ വിമർശനാത്മക വ്യവഹാര വിശകലനരീതി (Critical Discourse Analysis) ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനായി Teun A. van Dijk, Widdowson തുടങ്ങിയ സൈദ്ധാന്തികരുടെ നിരീക്ഷണങ്ങളാണ് ഉൾച്ചേർത്തിരിക്കുന്നത്. മറഞ്ഞിരിക്കുന്ന അജണ്ടകൾ, പക്ഷപാതങ്ങൾ, സാമൂഹിക ശ്രേണികൾ നിലനിർത്തുന്നതിന് ഭാഷ സംഭാവന ചെയ്യുന്ന വഴികൾ എന്നിവ വെളിപ്പെടുത്തുന്നതിൽ വിമർശനാത്മക വ്യവഹാര വിശകലനരീതി പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഗൂഗിൾ ന്യൂസ് ഡാറ്റ ബേസിൽ നിന്ന് 2023 - 2025 കാലയളവിൽ ലഭിച്ച 30 ഓൺലൈൻ റിപ്പോർട്ടുകളാണ് വിശകലനം ചെയ്തിരിക്കുന്നത്. വിശകലനം ചെയ്ത ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്. ‘Anti-Muslim News Reports’, ‘Muslims & Crimes’ എന്ന Keywords ഉപയോഗപ്പെടുത്തിയാണ് സെർച്ച് നടത്തിയത്. ‘മുസ്ലീം വിരുദ്ധ ആഖ്യാനത്തെ പ്രതിരോധിക്കാനുള്ള ബദൽ മാധ്യമ ശ്രമങ്ങൾ’, ‘പ്രബലമായ ഇസ്ലാമോഫോബിക് ആഖ്യാനങ്ങൾ’, ‘ദീർഘകാലമായുള്ള മുസ്ലീം വിരുദ്ധ സ്റ്റീരിയോടൈപ്പുകളെ ചോദ്യ ചെയ്യുന്ന മാധ്യമ ആഖ്യാനങ്ങൾ’, ‘ഭൌമ രാഷ്ട്രീയ അജണ്ടകളെ (Geo political Agenda) തൃപ്തിപ്പെടുത്താനായി നടത്തുന്ന മുസ്ലീം വിരുദ്ധ ആഖ്യാനങ്ങൾ’ എന്നീ വിശകലന വിഷയങ്ങളിലൂന്നിയാണ് (Theme of Analysis) മാധ്യമ റിപ്പോർട്ടുകളുടെ നറേറ്റീവ് പരിശോധിക്കുന്നത്.
ഇസ്ലാമോഫോബിക് ആഖ്യാനങ്ങൾ
“Muslim mobs attack…”, “Hindu woman falls victim to Love Jihad…” എന്നീ ആഖ്യാനങ്ങളിൽ പ്രകടമായി തന്നെ മുസ്ലീം പുരുഷന്മാരെ വലിയ ‘പ്രശ്നക്കാരായി’ ചിത്രീകരിക്കുകയോ മുസ്ലീം പുരുഷന്മാരെ ‘വേട്ടക്കാരായി’ (Predators) കാണിക്കുകയോ ചെയ്യുന്നതായി സംശയിക്കാം. ദ ഹിന്ദു ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ ( Muslim mob torches police station in Pakistan, lynches man for alleged blasphemy, 21.06.2024) ഈ സൂചിപ്പിച്ച തരത്തിലുള്ള ഭാഷാപരമായ ആഖ്യാനം വ്യക്തമാണ്.

മുസ്ലീങ്ങൾ കുറ്റാരോപിതരാകുമ്പോൾ അവരെ വലിയ ‘Negative other’ ആയി ചിത്രീകരിക്കും, എന്നാൽ അവർക്കെതിരെ ആക്രമണമുണ്ടായാൽ (മുസ്ലീംങ്ങൾ ഇരകളാകുമ്പോൾ) വളരെ നിഷ്ക്രിയമായി (Passive) അവതരിപ്പിക്കും. ഉദാഹരണത്തിന് “Far-right extremist kills Muslims” എന്ന് തലക്കെട്ട് നിരത്തുന്നതിനുപകരം “Muslims die in attack” എന്ന് മയപ്പെടുത്തുന്നതായി കാണാം.
യു.കെ, അമേരിക്ക, ഇന്ത്യ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ മുസ്ലീം വിരുദ്ധ വിദ്വേഷ സംഭവങ്ങളും വിദ്വേഷ പ്രസംഗങ്ങളും കുത്തനെ വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ മാർച്ച് 15- ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ലോകമെമ്പാടും വർദ്ധിച്ചുവരുന്ന മുസ്ലീം വിരുദ്ധ വർഗീയതയെക്കുറിച്ച് അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ വീഡിയോ പ്രസ്താവനയിൽ വംശീയ പ്രൊഫൈലിംഗ്, വിവേചനപരമായ നയങ്ങൾ, മുസ്ലിംകൾക്കെതിരായ അക്രമങ്ങൾ എന്നിവയെ അപലപിക്കുകയും ചെയ്യുന്നുണ്ട്.
മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ ആഖ്യാനത്തിൽ (Sharp rise in Islamophobia: UN warns world must act before it’s too late, 16.03.2025) മുസ്ലീം സമുദായത്തിനെതിരായുള്ള അസഹിഷ്ണുതയുടെയും അവരെ തീവ്രവാദത്തിന്റെ ഭാഗമാക്കാനുള്ള ആഗോള അജൻഡയേയും വ്യക്തമാക്കുന്നുണ്ട്.

തീവ്ര വലതുപക്ഷ മുഖ്യാധാരാ വാർത്താ മാധ്യമങ്ങളും ഒരു വിഭാഗം രാഷ്ട്രീയക്കാരും സൈബർ പോരാളികളും മുൻവിധിയോടെയാണ് മുസ്ലീംങ്ങൾക്കെതിരെ “War on Terror” എന്ന ലൈനിലുളള ആഖ്യാനങ്ങൾ മെനയുന്നതെന്ന് തോന്നിയാൽ തെറ്റ് പറയാനാകുമോ? ഈ സമുദായത്തെ തീവ്രവാദം (Terrorism), അക്രമം (Violence) എന്നിവയുമായി ബന്ധപ്പെടുത്തുന്ന സ്റ്റീരിയോടൈപ്പുകളെ സജീവമാക്കി നിർത്താൻ മാധ്യമ ആഖ്യാനങ്ങൾ വലിയ ശ്രമം നടത്തുന്നുണ്ടെന്നത് വിശകലനത്തിൽ വ്യക്തമാണ്. ഇത്തരത്തിൽ മാധ്യമങ്ങൾ ‘മുസ്ലീം വിരുദ്ധ’ നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളെ അംഗീകരിക്കുമ്പോൾ അത് മുൻവിധിയോടെയുള്ള മനോഭാവങ്ങളെ നിയമാനുസൃതമാക്കുന്നുവെന്ന് (Legitimises prejudicial attitudes) സാമൂഹിക മനഃശാസ്ത്ര ഗവേഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്.
ദ കോൺവെർസേഷൻ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (Politicians and media let us down in fight to curb rising Islamophobia, 10.10.2024) രാഷ്ട്രീയക്കാരും മാധ്യമങ്ങളും എങ്ങനെയാണ് മുസ്ലീംങ്ങളെ ‘Common enemy’ ആക്കുന്ന ആഖ്യാനങ്ങളെ ചെറുക്കേണ്ടതെന്ന് പറഞ്ഞുതരുന്നുണ്ട്.

ന്യൂയോർക്ക് ടൈംസ് 22.04.2024- ന് Modi Calls Muslims ‘Infiltrators’ Who Would Take India’s Wealth എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ നമ്മുടെ പ്രധാനമന്ത്രി തന്നെ മുസ്ലീംങ്ങളെ "നുഴഞ്ഞുകയറ്റക്കാർ" (Infiltrators) എന്ന് പറയുന്നുണ്ട്. മുസ്ലീങ്ങൾക്കെതിരെ ഹിന്ദുക്കളെ ധ്രുവീകരിക്കുന്നതിനുള്ള ഏറ്റവും മോശപ്പെട്ട ഭിന്നിപ്പിക്കുന്ന ഭാഷയാണ് (divisive language) ഇതെന്നാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്.
https://www.nytimes.com/2024/04/22/world/asia/modi-speech-muslims.html

മുസ്ലീംങ്ങൾ ഇറച്ചി തിന്നുന്നവരാണ് (Beef eaters), നുഴഞ്ഞ് കയറിയവരാണ് എന്നൊക്കെയുള്ള വിദ്വേഷ പ്രസംഗങ്ങളും പരാമർശങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്ന ഇന്ത്യയിലെ തീവ്ര വലതുപക്ഷ മാധ്യമങ്ങൾക്കുളള മറുപടിയായി middleeasteye.com റിപ്പോർട്ട് വായിക്കാം (India: Why Muslim lynchings continue unabated in Modi's third term, 12.08.2024).
https://www.middleeasteye.net/opinion/india-modi-third-time-muslim-lynchings-continue-unabated-why

മുകളിൽ സൂചിപ്പിച്ച വാർത്തയിൽ പ്രമുഖ മാധ്യമ പ്രവർത്തക റാണാ അയൂബുമായി നടത്തിയ അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത അഭിമുഖത്തിന്റെ സ്ക്രീൻ ഷോട്ടും ലിങ്കും ചുവടെ ചേർക്കുന്നു.

ദീർഘകാലമായുള്ള മുസ്ലീംവിരുദ്ധ സ്റ്റീരിയോടൈപ്പുകളെ ചോദ്യചെയ്യുന്നതായിരിക്കണം മാധ്യമ ആഖ്യാനങ്ങൾ
"എന്റെ സഹപാഠികൾ എന്നെ പാകിസ്ഥാനി തീവ്രവാദിയെന്ന് വിളിച്ചു" എന്നു പറയുന്ന ഒൻപത് വയസ്സുള്ള കുട്ടിയുടെ വൈകാരിക വെളിപ്പെടുത്തൽ മുന്നോട്ട് വെച്ചുകൊണ്ടാണ് 'Invisible in our own country': Being Muslim in Modi's India എന്ന തലക്കെട്ടിലെ BBC റിപ്പോർട്ടിന്റെ ലീഡ് പാരഗ്രാഫ്.
ഉത്തരേന്ത്യൻ നഗരമായ ആഗ്രയിലെ അറിയപ്പെടുന്ന ഒരു സ്കൂളിൽ നിന്നുള്ള ഒരു മുസ്ലീം ആൺകുട്ടിയുടെ വൈകാരിക പ്രസ്താവനയാണ് 29.04.24 ലെ ഈ റിപ്പോർട്ടിലുള്ളത്. ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളും മുഖ്യധാരാ മാധ്യമങ്ങളിലെ ചില വിഭാഗങ്ങളും "ജിഹാദ്"-"ലവ് ജിഹാദ്" ആരോപണങ്ങളിലൂടെ ഇസ്ലാമോഫോബിയയ്ക്ക് ആക്കം കൂട്ടുന്നുവെന്നും, മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് മതപരിവർത്തനം നടത്തിയെന്ന് തെറ്റായി ആരോപിക്കുന്നുവെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു. ഇന്ത്യയിലെ പേരുകേട്ട ലെഗസി മീഡിയാ ഹൗസുകൾക്ക് അവതരിപ്പിക്കാൻ സാധിക്കാത്ത ആഖ്യാനമാണ് BBC ചെയ്യുന്നത്. ഈ കാര്യത്തിൽ വിദേശ മാധ്യമങ്ങളുടെ ഇന്ത്യയിലേക്കുള്ള തുറിച്ചുനോട്ടത്തെ അഭിനന്ദിക്കണം. ഇതിനെ Media Imperialism, Postcolonial Gaze എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതാണ് നല്ലത്.
https://www.bbc.com/news/world-asia-india-68498675

പലപ്പോഴും ഇന്ത്യയുടെ സാമ്പത്തിക വളർച്ച, സാങ്കേതിക മുന്നേറ്റങ്ങൾ, രാഷ്ട്രീയ സങ്കീർണതകൾ എന്നിവയെ അവഗണിച്ച് സ്റ്റീരിയോടൈപ്പുകളെ ശക്തിപ്പെടുത്തുന്ന ആഖ്യാനവും വിദേശ മാധ്യമങ്ങളിൽ കാണാം. അതിനാൽ ദാരിദ്ര്യം, മതപരമായ പിരിമുറുക്കങ്ങൾ, ജാതിസംഘർഷങ്ങൾ, ലിംഗ അക്രമം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന് നാം സൂക്ഷ്മതലത്തിൽ പഠിക്കേണ്ട മറ്റൊരു വിഷയമാണ്.
1950 നും 2015 നും ഇടയിൽ ഇന്ത്യയിലെ ജനസംഖ്യയിൽ ഹിന്ദുക്കൾ 7.8 ശതമാനം കുറഞ്ഞുവെന്നും മുസ്ലീകൾ 43.2 ശതമാനം വർദ്ധിച്ചുവെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി 2024 മെയ് ഏഴിന് പുറത്തിറക്കിയിരുന്നു. പ്രതിപക്ഷം അധികാരത്തിൽ വന്നാൽ രാജ്യത്തെ ഹിന്ദുക്കൾ അപകടത്തിലാകുമെന്ന് BJP നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രസ്തുത ആഖ്യാനത്തെ പൊലിപ്പിച്ച് ഒരു മുസ്ലീം പോപ്പുലേഷൻ ജിഹാദ് (Population Jihad) ഉണ്ടാക്കാൻ ഗോഡി മാധ്യമങ്ങൾ (രവീഷ് കുമാറിന്റെ വാക്ക് കടമെടുത്താൽ) നല്ലതുപോലെ പരിശ്രമിച്ചു.

ഭാവിയിൽ ഹിന്ദു ജനതയെ മറികടക്കാൻ മുസ്ലീം സമൂഹം മനഃപൂർവ്വം അതിവേഗം വളരുകയാണെന്ന് സൂചിപ്പിക്കുന്ന ഒരു ഹിന്ദു ഭൂരിപക്ഷ ഗൂഢാലോചനാ സിദ്ധാന്തത്തെ ശക്തിപ്പെടുത്തുന്നതാണ് മുസ്ലിം ജനസംഖ്യാ സ്ഫോടനം (Muslim population explosion) എന്ന ആശയമെന്നാണ് അൽ ജസീറ റിപ്പോർട്ടിൽ (Four anti-Muslim claims dominating India’s election: What’s the truth?, 25.052024) സൂചിപ്പിക്കുന്നത്. മുസ്ലീംങ്ങൾക്കതിരെ ഭരണകൂടം നടത്തുന്ന ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങളെയൊക്കെ പൊളിച്ചടുക്കുന്നതാണ് അൽ ജസീറ റിപ്പോർട്ട്.

എന്നാൽ, 1950-2011 മുതൽ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളുടെയും ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത ഈ റിപ്പോർട്ട് എടുത്തുകാണിക്കാൻ ശ്രമിക്കുന്നില്ല. താഴെ നൽകിയിരിക്കുന്ന പ്യൂ റിസച്ച് ഓർഗനൈസേഷന്റെ പഠനത്തിൽ ഇത് വ്യക്തമാണ്. ഇവിടെയാണ് ഡാറ്റകളെ എങ്ങനെയാണ് ഭരണകൂടം അവരുടെ അജൻഡകൾക്കായി തെറ്റായി ഉപയോഗപ്പെടുത്തുന്നതെന്ന് മനസിലാക്കാം.

ഇന്ത്യൻ മുസ്ലീങ്ങൾ ഹിന്ദുക്കളെ മറികടക്കുക എന്ന ഉദ്ദേശ്യത്തോടെ വേഗത്തിൽ പുനർനിർമ്മിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന "പോപ്പുലേഷൻ ജിഹാദ്" എന്ന ഗൂഢാലോചനാ സിദ്ധാന്തം ഇന്ത്യയിലെ തീവ്ര വലതുപക്ഷ ആഖ്യാനങ്ങൾ വളരെക്കാലമായി മുന്നോട്ട് വക്കുന്നുണ്ട്. എന്നാൽ, സർക്കാരിന്റെ തന്നെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ എല്ലാ പ്രധാന മതവിഭാഗങ്ങളേക്കാളും മുസ്ലിം പ്രത്യുൽപാദന നിരക്ക് അതിവേഗം കുറയുന്നുവെന്ന് പറയുന്നു. 1992 നും 2021 നും ഇടയിൽ മുസ്ലീങ്ങൾക്കിടയിൽ 4.41-ൽ നിന്ന് 2.36- ആയി കുറഞ്ഞു. ഹിന്ദുക്കളിൽ ഇത് 3.3- ൽ നിന്ന് 1.94 ആയി കുറഞ്ഞുവെന്നും അൽ ജസീറയുടെ തന്നെ Has India’s Muslim population really exploded? എന്ന മറ്റൊരു റിപ്പോർട്ടിൽ വസ്തുതകളിലൂടെ വിവരിക്കുന്നു.
https://www.aljazeera.com/news/2024/5/18/has-indias-muslim-population-really-exploded#:~:text=It%20concludes%20that%20in%20the,84.68%20percent%20to%2078.06%20percent.

തെരഞ്ഞെടുപ്പ് സമയമാകുമ്പോൾ മുസ്ലിം ജനസംഖ്യാ വളർച്ച (Muslim population explosion) വീണ്ടും വാർത്തകളിൽ നിറയുമെന്നും ജനസംഖ്യാ നിയന്ത്രണം മതവുമായിട്ടല്ല, മറിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസം, ശാക്തീകരണം, മറ്റ് സാമൂഹിക-സാമ്പത്തിക- ഘടകങ്ങൾ എന്നിവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നുമാണ് Fact check: Old data, new spin in PM – EAC report on India’s population എന്ന തലക്കെട്ടിലെ ദ വയർ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പ്രസ്തുത റിപ്പോർട്ടിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോർട്ടിനെ വസ്തുതാപരമായി ചോദ്യം ചെയ്യുന്നുണ്ട്.
https://thewire.in/health/fact-check-old-data-new-spin-in-pm-eac-report-on-indias-population

പ്രശസ്ത ചരിത്രകാരിയും റട്ജേഴ്സ് സർവകലാശാലയിലെ (Rutgers University) പ്രൊഫസറുമായ ഓഡ്രി ട്രഷ്കെ (Audrey Truschke), Aurangzeb: The Life and Legacy of India's Most Controversial King എന്ന പുസ്തകത്തിൽ, ഏറെ വെറുക്കപ്പെട്ട മുഗൾ ഭരണാധികാരിയുടെ ജീവിതവും രാഷ്ട്രീയവും പാരമ്പര്യവും പര്യവേക്ഷണം ചെയ്തിരുന്നു. പ്രസ്തുത പ്രൊഫസറുമായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അഭിമുഖവും 20.03.2025 ന് Ignorance about historical Aurangzeb, anti-Muslim hate undergird calls to destroy his tomb: Audrey Truschke എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടും വളരെ കാലികപ്രസക്തമാണ്. ഔറംഗസേബിന്റെ കല്ലറ പൊളിക്കാനും മറ്റുമായി നടത്തുന്ന കലാപാഹ്വാനങ്ങളുടെ ഇന്ത്യൻ പശ്ചാത്തലത്തിൽ ഈ റിപ്പോർട്ട് ചരിത്രാവബോധത്തിന്റെ പ്രാധ്യാന്യത്തെ കുറിച്ച് എടുത്തുപറയുന്നുണ്ട്.

2024 ഡിസംബർ 20 ന് ജർമ്മനിയിലെ മാഗ്ഡെബർഗിലെ (Magdeburg) ക്രിസ്മസ് മാർക്കറ്റിൽ നടന്ന ദാരുണമായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാശ്ചാത്യ മാധ്യമങ്ങൾ എങ്ങനെയാണ് ഇത്തരം സംഭവങ്ങൾ ഫ്രെയിം ചെയ്യുന്നത് എന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമായി ഈ സംഭവത്തെ കാണാം. സാധാരണഗതിയിൽ കുറ്റവാളി ഒരു മുസ്ലീം ആയാൽ, 'റാഡിക്കൽ ഇസ്ലാം' അല്ലെങ്കിൽ 'ജിഹാദ്' പോലുള്ള വളരെ പരിചിത വാർപ്പ് മാത്യകകൾ ഉപയോഗപ്പെടുത്തി മറ്റേതൊരു സംഭവത്തെപ്പോലെയും ഈ സംഭവത്തെയും 'ഇസ്ലാമിക ഭീകരാക്രമണം' (‘Islamist terror attack’) എന്ന് മുദ്രകുത്തിയുള്ള തലക്കെട്ടുകളിൽ നിറയുമായിരുന്നു. മാഗ്ഡെബർഗിന്റെ കാര്യത്തിൽ, ഈ ആഖ്യാനം മാറി. അതിന് കാരണം ഈ സംഭവത്തിന്റെ കുറ്റവാളി നിരീശ്വരവാദിയായ, ഇസ്ലാമിക വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട സൗദി അറേബ്യൻ ഡോക്ടറായിരുന്നു.
ദ വയർ റിപ്പോർട്ടിൽ (Media framing and ideology: The case of the Magdeburg Christmas market attack, 26.12.2024) ഈ സംഭവത്തിന്റെ മാധ്യമ ആഖ്യാനത്തെ വിലയിരുത്തുന്നുണ്ട്. മുസ്ലീം വിശ്വാസ സ്വത്വവുമായി കുറ്റവാളിയെ ബന്ധിപ്പിക്കുന്നതിനു പകരം, ആക്രമണകാരിയുടെ നിരീശ്വരവാദ വിശ്വാസങ്ങളും (atheistic beliefs) വ്യക്തിപരമായ മാനസിക പ്രശ്നങ്ങളും (personal psychological issues) കേന്ദ്രബിന്ദുക്കളായി മാറ്റിയുള്ള ആഖ്യാനമാണ് ഇവിടെ പാശ്ചാത്യ മാധ്യമങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്.

ഭൗമ രാഷ്ട്രീയ അജണ്ടകളെ
തൃപ്തിപ്പെടുത്താനുള്ള
മുസ്ലീം വിരുദ്ധ ആഖ്യാനങ്ങൾ
പ്രത്യേകിച്ച് 9/11 നുശേഷം, വലിയ രീതിയിലുള്ള മുസ്ലീം വിരുദ്ധ ആഖ്യാനം ഭൗമ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി ആഗോള മാധ്യമ ഭീമൻമാർ നിർമ്മിച്ചെടുത്തിട്ടുണ്ട്.
"Framing Islam / Creating Fear: An Analysis of U.S. Media Coverage of Terrorism from 2011–2016" എന്ന കിംബർലി എ. പവലിന്റെ (2018) പഠനത്തിലും "Muslims and the Media after 9/11: A Muslim Discourse in the American Media?" എന്ന ഹലീൽ ഇബ്രാഹിം യെനിഗുന്റെ (2004) പഠനത്തിലുമടക്കം നിരവധി അക്കാദമിക നിരീക്ഷണങ്ങളിൽ ഈ പ്രവണത സുവ്യക്തമാണ്. മുസ്ലീങ്ങൾ തങ്ങളുടെ ജനാധിപത്യത്തിനും, സുരക്ഷയ്ക്കും ഭീഷണിയാണെന്നും അവർ തങ്ങളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഘടനകളുമായി ഒരു തരത്തിലും യോജിക്കുകയില്ലെന്ന ആഖ്യാനവും കാണാം.
NDTV ഓൺലൈൻ റിപ്പോർട്ടിൽ (Islam And Europe Have A Compatibility Problem": Italy PM's Old Video Is Viral, 18.12.2023) ഇസ്ലാമിക സംസ്കാരത്തിന് നമ്മുടെ നാഗരികതയുടെ അവകാശങ്ങളും മൂല്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നതിൽ പ്രശ്നമുണ്ടെന്ന ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ വീഡിയോ പ്രസ്താവനയാണുള്ളത്. അവർ ഇറ്റലിയുടെ പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ള 2018- ലെ വീഡിയോയാണിത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ (ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ) അവർ നടത്തുന്ന സൈനിക ഇടപെടലുകളെ ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള നടപടികളായാണ് ഇത്തരം പശ്ചാത്യ മാധ്യമ ആഖ്യാനങ്ങളിൽ ചിത്രീകരിക്കുന്നതെന്നും മനസിലാക്കാം. ഭൂരിഭാഗം ഇത്തരം റിപ്പോട്ടുകളെല്ലാം AP (Associated Press), AFP (Agency France-Presse) അല്ലെങ്കിൽ റോയിട്ടേഴ്സ് (Reuters) തുടങ്ങിയ വാർത്താ ഏജൻസികളിൽ നിന്ന് നമ്മൾ അതേ പടി കട്ട്- കോപ്പി- പെയ്സ്റ്റ് നടത്തുന്നതാണെന്ന് എല്ലാവർക്കുമറിയാമല്ലോ.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ അസ്ഥിരമോ അടിച്ചമർത്തുന്നതോ അക്രമാസക്തമോ ആയി ചിത്രീകരിക്കുന്ന പ്രവണത മുമ്പ് സൂചിപ്പിച്ച വാർത്താ ഏജൻസി കോപ്പികളിലും, ആഗോള മാധ്യമ ഭീമൻമാരുടെ (Media conglomerates) ആഖ്യാനങ്ങളിലും പ്രകടമാണ്. അതേ ആഖ്യാനങ്ങൾ പദാനുപദ വിവർത്തനം നടത്തി നമ്മുടെ മാധ്യമങ്ങൾ ആ പാശ്ചാത്യ ആധിപത്യ പ്രവണതയ്ക്ക് (Western media hegemony) കൂട്ടുനിൽക്കുകയാണോ എന്ന് സംശയം തോന്നാം. ഇസ്ലാമിക ഭീകരവാദം ഇന്ത്യക്കും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭീഷണിയാണെന്ന് US ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡിന്റെ പ്രസ്താവന പദാനുപദ വിവിർത്തനം നടത്തിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ഉദാഹരണമാണ് ('Radical Islamic Terrorism...': Trump Assigns First Task To New U.S. Intel Chief Tulsi Gabbard, 13.02.2025).

സമീപ വർഷങ്ങളിൽ, സിറിയയിലെയും മറ്റ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെയും സംഘർഷങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികളുടെ റെക്കോർഡ് വരവ് യൂറോപ്പ് അനുഭവിച്ചിട്ടുണ്ട്. മുസ്ലിം കുടിയേറ്റക്കാരുടെ ഈ തരംഗം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറ്റത്തെയും സുരക്ഷാനയങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. യൂറോപ്പിലെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ മുസ്ലിംകളുടെ എണ്ണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. ഈ പ്രവണതയെ സാധൂകരിക്കുന്ന ഡാറ്റ റിപ്പോർട്ടാണ് പ്യൂ റിസർച്ച് ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ചത് (Europe’s Growing Muslim Population, 29.11.2027).
https://www.pewresearch.org/religion/2017/11/29/europes-growing-muslim-population/



Source: https://www.pewresearch.org/religion/2017/11/29/europes-growing-muslim-population/
വേണം, ബദൽ മാധ്യമ ശ്രമങ്ങൾ
ബദൽ ഡിജിറ്റൽ മാധ്യമങ്ങൾ (Alternative Digital Media) വസ്തുത പരിശോധിക്കുന്നതിലൂടെയും കൗണ്ടർ നറേറ്റീവ് നിർമ്മിക്കുന്നതിലൂടേയും മുഖ്യധാരാ മാധ്യമങ്ങളുടെ മുസ്ലീം വിരുദ്ധ ആഖ്യാനത്തെ വെല്ലുവിളിക്കുന്നുണ്ടെന്നാണ് വിശകലനത്തിലൂടെ മനസിലാകുന്നത്. ഒരു വിഭാഗം മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങൾ കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത്, വൈറസ് പടർത്തിയതിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്താൻ "കൊറോണ ജിഹാദ്" (Corona Johad) പോലുള്ള പദങ്ങൾ ഉപയോഗിച്ചു, മുസ്ലീംങ്ങൾക്കെതിരെ സംഘടിത മാധ്യമ ആക്രമണം നടത്തി. ഇവരുടെ മുസ്ലീം പ്രതിനിധാനങ്ങളിലെല്ലാം ‘പ്രകോപിപ്പിക്കുന്നവർ’ എന്ന പാറ്റേണിലുള്ള ചിത്രീകരണം കാണാം.
ദ വയർ റിപ്പോർട്ടിൽ (The ‘hindutuva ecosystem’ has a new anti-muslim narrative. This time street vendors are the target, 28.06.2021) തൊട്ടുമുമ്പ് സൂചിപ്പിച്ച സംഘടിത മാധ്യമ ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ‘ഹിന്ദുത്വ ആവാസവ്യവസ്ഥയുടെ’ നിർമ്മിതിക്കായി വർഗീയാക്രമണ കേസുകളിൽ മുസ്ലീങ്ങളെ ഇരകളാണെങ്കിൽപ്പോലും ‘പ്രകോപിപ്പിക്കുന്നവരായി’ ചിത്രീകരിക്കുന്ന സമാന പാറ്റേണുകൾ കാണാമെന്ന് റിപ്പോർട്ട് പറയുന്നു. മാത്രമല്ല, "ലാൻഡ് ജിഹാദ്", "ലവ് ജിഹാദ്", "കൊറോണ ജിഹാദ്", "സിവിൽ സർവീസസ് ജിഹാദ്" എന്നിവയ്ക്കുശേഷം, "റെഡി ജിഹാദ്" (തെരുവ് കച്ചവടക്കാരുടെ ജിഹാദ്) എന്ന പേരിൽ പുതിയ തരം "ഗൂഢാലോചന" ദേശീയ തലസ്ഥാനത്തും മറ്റിടങ്ങളിലും മുസ്ലീങ്ങളെ ലക്ഷ്യമിടുന്ന ഹിന്ദുത്വ പ്രവർത്തകർ കണ്ടെത്തിയതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
https://thewire.in/communalism/hindutva-ecosystem-muslim-fruit-sellers-threat-india

തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും മുഖ്യധാരാ മാധ്യമങ്ങളിലെ ചില വിഭാഗങ്ങളും "ജിഹാദ്"-"ലവ് ജിഹാദ്" എന്നീ ആരോപണങ്ങളിലൂടെ ഇസ്ലാമോഫോബിയയ്ക്ക് ആക്കം കൂട്ടിയതായും മുസ്ലീം വിരുദ്ധ ആഖ്യാനം നോർമലൈസ് ചെയ്യുന്ന തരത്തിലാണ് ആഖ്യാനങ്ങൾ മെനയുന്നതെന്നും ദ വയറിന്റെ തന്നെ മറ്റൊരു റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട് (Will Modi Step in to Stop the Otherisation Of Muslims By His Party?, 20.03.2025). മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് മതപരിവർത്തനം നടത്തിയെന്ന് തെറ്റായി ആരോപിക്കുന്നു. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തുടർച്ചയായ മാധ്യമ ആഖ്യാനങ്ങളിലൂടെ ഒരു തരം ‘സമ്മതിയുടെ നിർമ്മിതി’ (manufacturing consent) രൂപപ്പെടുത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.
https://thewire.in/communalism/will-modi-step-in-to-stop-the-otherisation-of-muslims-by-his-party

എഡ്വേർഡ് എസ്. ഹെർമാനും നോം ചോംസ്കിയും അവരുടെ 1988- ലെ പുസ്തകമായ Manufacturing Consent: The Political Economy of the Mass Media- യിലൂടെ അവതരിപ്പിച്ച ‘സമ്മതിയുടെ നിർമ്മിതി’ (Manufacturing Consent) എന്ന ആശയം, ഒരു കൂട്ടം ഘടനാപരമായ ഫിൽട്ടറുകളിലൂടെ മുതലാളിത്ത സമൂഹങ്ങളിലെ മാധ്യമങ്ങൾ വരേണ്യ താൽപ്പര്യങ്ങൾ എങ്ങനെ നിറവേറ്റുന്നുവെന്ന് വിശദീകരിക്കുന്നു.
"ലവ് ജിഹാദ്" ആഖ്യാനത്തെ വെല്ലുവിളിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും പലപ്പോഴും ഓൺലൈൻ ട്രോളിംഗ്, നിയമനടപടി, ഭീഷണികൾ എന്നിവയുൾപ്പെടെ വലിയ തിരിച്ചടി നേരിടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.
മുസ്ലിം വിരുദ്ധ ഗൂഢാലോടൊ സിദ്ധാന്തത്തെ ആസ്പദമാക്കിയുള്ള ഇന്ത്യൻ ഫീച്ചർ ഫിലിം ‘ദി കേരള സ്റ്റോറി’ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായി. മുസ്ലീം പുരുഷന്മാർ വേട്ടക്കാരാണെന്നും ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കാനും മോഷ്ടിക്കാനും പോകുന്നുവെന്ന വലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തമായ "ലവ് ജിഹാദ്" എന്ന ആശയം പ്രചരിപ്പിക്കാൻ ഈ ചിത്രം സഹായിച്ചിട്ടുണ്ടെന്നാണ് ‘The Kerala Story’: How an Indian film ignited violence against Muslims and challenges to interfaith marriage’’ എന്ന തലക്കെട്ടിൽ ദ കോൺവെർസേഷൻ ഡോട്ട് കോം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ഐസിസിലേക്ക് റിക്രൂട്ട് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ 32,000 ഹിന്ദു പെൺകുട്ടികളെ മുസ്ലീം പുരുഷന്മാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തതായി സിനിമയുടെ ട്രെയിലറിൽ തന്നെ അവകാശപ്പെട്ടിരുന്നു.
https://theconversation.com/the-kerala-story-how-an-indian-film-ignited-violence-against-muslims-and-challenges-to-interfaith-marriage-209840

ഭരണഘടനാവിരുദ്ധവും മുസ്ലീം വിരുദ്ധവുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെത്തുടർന്ന് പാർലമെന്റിന്റെ സംയുക്ത സമിതിക്ക് അയക്കുകയും പാർലമെന്റ് ചർച്ച ചെയ്യുന്നതുമായ വഖഫ് ഭേദഗതി ബിൽ മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള മറ്റൊരു നീക്കമാണെന്ന ആഖ്യാനമാണ് ദ പ്രിന്റ് ഓൺലൈൻ പറയുന്നത് (Waqf bill, law against ‘love, land jihad’ — why BJP’s returning to polarising politics after LS setback, 09.08.2024). കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ ധ്രുവീകരണ രാഷ്ട്രീയം (Polarizing Politics) വോട്ടർമാരെ സ്വാധീനിക്കുന്നതിൽ അത്ര കണ്ട് വിജയിച്ചിട്ടില്ലെന്ന പൊതുവായ ധാരണ ഉണ്ടായിരുന്നിട്ടുപോലും "മുസ്ലീം വിരുദ്ധ" രാഷ്ട്രീയം തന്നെ തുറുപ്പുചീട്ടാക്കുകയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ഇന്ത്യയിലെ മുസ്ലിം "അന്യവൽക്കരണം” (Otherness) എന്നത് സ്വാഭാവിക സാമൂഹിക പ്രതിഭാസം മാത്രമല്ല. ഇന്ത്യയിലെ ചരിത്ര സംഭവങ്ങൾ, കൊളോണിയൽ പാരമ്പര്യങ്ങൾ, സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയുടെ സങ്കീർണ്ണമായ പരസ്പരപ്രവർത്തനത്തിൽ നിന്നാണ് ‘മുസ്ലീം അന്യവൽക്കരണം’ എന്ന ആശയം ഉയർന്നുവന്നിരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണം മുന്നോട്ട് വെച്ച ഭിന്നിപ്പിച്ചു ഭരിക്കൽ (Divide & rule) സമീപനം, ഈ അന്യവൽക്കരണത്തെ തീവ്രമാക്കിയിട്ടുണ്ടാവാം എന്ന അക്കാദമിക നിരീക്ഷണങ്ങളുണ്ട്.
തീവ്ര വലതുപക്ഷ ഡിജിറ്റൽ സ്വാധീനം ചെലുത്തുന്നവരും യൂട്യൂബ് ചാനലുകാരും പതിവായി മുസ്ലീം വിരുദ്ധ പ്രചാരണം നടത്തുകയും പക്ഷപാതവും തെറ്റായ വിവരങ്ങളും ശക്തിപ്പെടുത്തുന്ന പ്രതിധ്വനി അറകൾ (Eco chambers) സൃഷ്ടിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ ധ്രുവീകരണ ഉള്ളടക്കം വർദ്ധിപ്പിക്കുകയും മുസ്ലിം ശബ്ദങ്ങളെ കൂടുതൽ പാർശ്വവൽക്കരിക്കുകയും അതേസമയം "വാർത്ത" എന്ന മറവിൽ ഇസ്ലാമോഫോബിക് വ്യവഹാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പൊതുബോധം രൂപപ്പെടുത്തുന്നതിലും പ്രബലമായ പ്രത്യയശാസ്ത്രങ്ങളെ നിയമാനുസൃതമാക്കുന്നതിലും ബദൽ കാഴ്ചപ്പാടുകളെ പാർശ്വവൽക്കരിക്കുന്നതിലും മാധ്യമങ്ങൾ ഒരു പ്രധാന വ്യവസ്ഥാപിത സംവിധാനമായി പ്രവർത്തിക്കുന്നു. മുസ്ലിം വിരുദ്ധ ആഖ്യാനങ്ങളുടെ കവറേജും മാധ്യമ ആധിപത്യവുമായുള്ള അതിന്റെ ബന്ധവും പരിശോധിക്കുമ്പോൾ ഇത് വളരെ എളുപ്പം മനസിലാക്കാം. ഭരണവർഗ്ഗങ്ങൾ എങ്ങനെ ബലപ്രയോഗത്തിലൂടേയും പ്രത്യയശാസ്ത്രപരമായ സമീപനത്തിലൂടേയും നിലനിൽക്കുന്നുവെന്ന് അന്റോണിയോ ഗ്രാംഷിയുടെ ‘ആധിപത്യം’ (hegemony) എന്ന ആശയം വിശദീകരിക്കുന്നു. ഇവിടെ മാധ്യമ ആഖ്യാനങ്ങളെ പ്രത്യശാസ്ത്ര നിർമ്മിതിക്കുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുന്നതിലൂടെ (ഉദാഹരണത്തിന് സിനിമകളായ കാശ്മീർ ഫയൽസ്, സബർമതി എക്സ്പ്രസ്, ഛാവ) മുസ്ലീങ്ങളെ ഒരു ഭീഷണിയായി ചിത്രീകരിച്ച് അതിനെ രാഷ്ട്രീയ വരേണ്യവർഗത്തിന്റെ താൽപര്യങ്ങളുമായി യോജിപ്പിക്കുന്നു. ഇതുവഴി അവർക്കെതിരായ വിവേചനപരമായ നയങ്ങൾ, നിരീക്ഷണം, സൈനിക ഇടപെടലുകൾ എന്നിവയെ ന്യായീകരിക്കുന്ന ആധിപത്യ ലോകവീക്ഷണം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ച
‘സമ്മിതി നിർമാണം’ (ചോംസ്കി- ഹെർമാൻ ആശയം), വിയോജിപ്പുള്ള ആഖ്യാനങ്ങളെ പരിമിതപ്പെടുത്തുന്ന അധികാര ഘടനകളിലാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. അതിനാൽ ഇസ്ലാമോഫോബിയയെ വെല്ലുവിളിക്കുന്നതോ മുസ്ലീം ഇരയാക്കലിനെ ഉയർത്തിക്കാട്ടുന്നതോ ആയ ബദൽ മാധ്യമ ആഖ്യാനങ്ങളേയും മാധ്യമ സ്ഥാപനങ്ങളേയും സിനിമകളേയും ഭരണകൂടം വേട്ടയാടുക തന്നെ ചെയ്യും.
▮
References:
Gramsci, A. (1971). Selections from the prison notebooks (Q. Hoare & G. Nowell Smith, Eds. & Trans.). International Publishers.
Herman, E. S., & Chomsky, N. (1988). Manufacturing consent: The political economy of the mass media. Pantheon Books.
Powell, K. A. (2018). Framing Islam/Creating Fear: An analysis of U.S. media coverage of terrorism from 2011–2016. Religions, 9(9), 257. https://doi.org/10.3390/rel9090257
Van Dijk, T. A. (1993). Principles of critical discourse analysis. Discourse & Society. https://doi.org/10.1177/0957926593004002006
Van Dijk, T. A. (2016). Critical discourse analysis. Revista Austral de Ciencias Sociales. https://doi.org/10.1017/s0267190500001975
Widdowson, H. G. (2004). Text, Contexy, Pretext: Critical Issues in Discourse Analysis. Blackwell Publishing Ltd.
Yenigün, H. I. (2004). Muslims and the media after 9/11: A Muslim discourse in the American media? American Journal of Islam and Society, 21(3), 39–69. https://doi.org/10.35632/ajis.v21i3.507
▮
മാധ്യമ റിപ്പോർട്ടിങ് വിശകലനം ചെയ്യുന്ന NEWS BIN കോളത്തിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം