എസ്. ജയചന്ദ്രൻ നായർ

പത്രാധിപരുടെ കാലവും സാക്ഷ്യവും

ർത്തമാനകാലത്തോടൊപ്പം ശ്രദ്ധയോടെ നടക്കുക എന്നാൽ നാളത്തെ ചരിത്രത്തോടൊപ്പം നടക്കുക എന്നുതന്നെയാണ്. ഇന്നത്തെ ജീവിതമാണ് നാളത്തെ ചരിത്രം. അങ്ങനെ, തന്റെ കാലത്തോടൊപ്പം കരുതലോടെ നടന്ന പത്രാധിപരാണ് എസ്. ജയചന്ദ്രൻ നായർ. ഒന്നും കാണാതിരുന്നില്ല. ഒന്നിനോടും പ്രതികരിക്കാതിരുന്നുമില്ല. വിമർശിച്ചും തലോടിയും പ്രോത്സാഹിപ്പിച്ചും എതിർത്തും തകർത്തും മുന്നേറിയ ഒരു ഒറ്റയാൻ പോരാളി.

2012-ൽ നീണ്ട കാലത്തെ പത്രപ്രവർത്തനം അവസാനിപ്പിച്ച്​ എസ്. ജെ സമകാലിക മലയാളം വാരികയുടെ പടിയിറങ്ങി. വാരിക മാനേജുമെന്റുമായുള്ള അഭിപ്രായവ്യത്യാസം മൂർച്ഛിച്ചതോടെ അദ്ദേഹം സ്വയം എടുത്ത തീരുമാനം. ആ വിടപറയൽ കേരളത്തിൽ വാർത്തയായി, ചർച്ചയായി. പലരും പല കാരണങ്ങളും പറഞ്ഞു പരത്തി. പ്രധാനമായും പ്രചരിപ്പിച്ചത് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം പാതിവഴിയിൽ പ്രസിദ്ധീകരണം നിർത്തിവെച്ച പ്രഭാവർമ്മയുടെ ശ്യാമമാധവം മുന്നോട്ടുവെച്ച വിവാദമായിരുന്നു. ഒന്നിനും വിശദീകരണം പറയാതെ എസ്. ജെ മൗനിയായി രംഗം വിട്ടു.

എസ്. ജെയിപ്പോൾ വായനയുടെ ലോകത്ത് ഒതുങ്ങിക്കഴിയുകയാണ്. കേരളം കണ്ട വലിയ വായനക്കാരൻ കൂടിയാണ് ഈ പത്രാധിപർ. വായനയിലെ വിശാലമായ താൽപര്യത്തിലും അതിന്റെ വേഗതയിലും വായനയിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത് എഴുതുന്നതിലും എസ്. ജെ ഒരത്ഭുതമാണ്. വായന ഒരു ലഹരിയാണ് ഈ മനുഷ്യന്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും മാധ്യമ ജീവിതത്തെയും സാംസ്‌കാരിക ഇടപെടലുകളെയും ജീവിതത്തെയും അടുത്തറിയാനായാണ് ഈ ദീർഘ സംഭാഷണത്തിലേർപ്പെട്ടത്. ഇപ്പോൾ ബംഗ്ലൂരിൽ വിശ്രമജീവിതം നയിക്കുന്ന ജയചന്ദ്രൻ നായരുമായി ഇ-മെയിൽ വഴിയാണ് സംഭാഷണം തയ്യാറാക്കിയത്.

എൻ. ഇ. സുധീർ: നമുക്ക് വർത്തമാനകാല ഇന്ത്യയെപ്പറ്റി ചിന്തിച്ചുകൊണ്ട് തുടങ്ങാം. രാഷ്ട്രീയത്തിന്റെ തപമറിഞ്ഞ് പ്രവർത്തിച്ച പത്രാധിപരാണ് താങ്കൾ. ദൈനംദിന പത്രപ്രവർത്തനരംഗത്തു നിന്ന് മാറിനിന്നിട്ടിപ്പോൾ എട്ടുവർഷം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ ഇവിടെ നടമാടിയത് വിപൽകരമായ രാഷ്ട്രീയമാറ്റങ്ങളാണ്. രാജ്യം ഒരു മതഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പിടിയിലായിരിക്കുന്നു. നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി തന്നിഷ്ടം പോലെ രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നു. കോൺഗ്രസ്​ വലിയൊരു തകർച്ച നേരിടുന്നു. ബദൽ മുന്നേറ്റം എങ്ങും കാണാനില്ല. എന്താണ് ഇന്ത്യക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ലോകം അമ്പരപ്പോടെ നോക്കിക്കാണുന്നു. നമ്മൾ ഭയന്നത് യാഥാർഥ്യമാവുകയായിരുന്നോ? ഇത്തരമൊരു പ്രതിസന്ധി രാജ്യത്തിന്റെ മുന്നിലുണ്ടെന്ന് എപ്പോഴാണ് തോന്നിത്തുടങ്ങിയത്? ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട ഇങ്ങനെ ഇത്രയെളുപ്പം വേരോടുമെന്ന് കരുതിയിരുന്നുവോ? വർത്തമാനകാല ഇന്ത്യയെപ്പറ്റിയുള്ള ഒരു സമഗ്രവിശകലനമാണ് താങ്കളിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നത്.

എസ്. ജയചന്ദ്രൻ നായർ: ബീഹാറിന്റെ അതിർത്തിയിൽ വെച്ച് അദ്വാനിയുടെ നേതൃത്വത്തിലുള്ള രഥയാത്ര തടയപ്പെട്ടതിൽ നിന്നുണ്ടായ സംഭവപരമ്പരകൾ നമുക്കോർക്കാം. ബാബറി മസ്ജിദിന്റെ തകർച്ചയിലും ഗുജറാത്തിലെ നരനായാട്ടിലും പിന്നിട്ട് വാജ്‌പേയിയിലൂടെ നരേന്ദ്ര മോദിയിൽ ദേശീയരാഷ്ട്രീയം വന്നുനിൽക്കുന്നതും. ഇവിടെയൊക്കെ കശാപ്പു ചെയ്യപ്പെടുന്നത് താരും തളിരുമണിഞ്ഞ മതനിരപേക്ഷതയായിരുന്നു.

ബാബറി മസ്ജിദ് കർസേവകർ തകർക്കുന്നതിന് മുമ്പ്‌/ photo: Wikimedia commons

അതിന്റെ സ്ഥാനം, ബലാത്കാരമായി കവർച്ച ചെയ്ത് സ്വന്തമാക്കാൻ ശ്രമിക്കുന്നത് "മൗലിക ഹൈന്ദവത'യാണ്. നൂറ്റാണ്ടുകളിലൂടെ ഗംഗാപ്രവാഹമായൊഴുകി ഇന്ത്യക്കാരെ പരിരംഭണം ചെയ്തു നിൽക്കുന്ന ഹിന്ദുത്വത്തെ പറ്റി ഗാന്ധിജി വീക്ഷിക്കുന്നത് ഇങ്ങനെയാണ്, ""പ്രതികരണത്തിന്റെ നേർക്ക് കവാടങ്ങൾ കൊട്ടി അടക്കാതെ എല്ലാം ഉൾകൊള്ളുകയും അവിരാമമായി വളരുകയും ചെയ്യുന്ന ഹൈന്ദവ വിശ്വാസത്തോടാണ് എനിക്ക് പരിചയം. ഊഹങ്ങൾക്കും യുക്തിക്കും അത് നിയന്ത്രണം കൽപിക്കുന്നില്ല. എന്നാൽ ഹൈന്ദവതയുടെ സൂക്ഷിപ്പുകാരെന്ന് കരുതപ്പെടുന്ന പുരോഹിതന്മാർക്ക് ചുറ്റുമായി വളർന്നു പെരുകുകയാണ് അന്ധവിശ്വാസങ്ങളും മുൻവിധികളും''.

അങ്ങനെ മതനിരപേക്ഷതയെ നിരാകരിക്കുകയോ ധ്വംസിക്കുകയോ ചെയ്യുന്ന വിശ്വാസപ്രമാണമാണ് ആർ.എസ്.എസിന്റെ കൈശാഖയായി രൂപീകരിക്കപ്പെട്ട ബി.ജെ.പി പ്രചരിപ്പിക്കുകയും ഒരു ജനതയിൽ അത് അടിച്ചേൽപ്പിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നത്. ആർ.എസ്.എസിന്റെ സ്ഥാപക നേതാക്കളിലൊരാളായ മാധവ് സദാശിവ ഗോൾവാൾക്കറിന്റെ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ പ്രഖ്യാപനം ഇതിന് അടിവരയിടുന്നു.

അദ്ദേഹം ഇങ്ങനെ എഴുതി. ""വിശാലമായ സമീപനവും ഉദാരതയും സഹിഷ്ണുതയും സത്യവും ത്യാഗവും ജീവിത പ്രേമവും ഉൾക്കൊള്ളുന്നതാണ് ഒരു ശരാശരി ഹിന്ദുവിന്റെ ജീവിതം. പാശ്ചാത്യ സ്വാധീനത്തിനു പോലും ഈ ഹൈന്ദവ സംസ്‌കാരത്തെ മലീമസമാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിൽ അസഹിഷ്ണുത നിറഞ്ഞ സമീപനവും നാടിനോടുള്ള കൃതഘ്‌നതയും അഹിന്ദുക്കൾ ഉപേക്ഷിക്കേണ്ടതാണ്. ഹിന്ദുരാഷ്ട്രത്തിന് വിധേയരായി അവർ ജീവിക്കണം. പൗരത്വമോ, മറ്റേതെങ്കിലും പ്രത്യേക അവകാശങ്ങളോ അവർക്കില്ലെന്ന് തിരിച്ചറിയണം''.

ഈ നിലപാട് സാക്ഷാത്കരിക്കാനുള്ള ആർ.എസ്.എസിന്റെ കൈശാഖയായി രൂപീകരിക്കപ്പെട്ട ബി.ജെ.പിയുടെ രാഷ്ടീയ യാത്രയിൽ അതിനിർണായകമായ നാഴികക്കല്ലായിരുന്നു രഥയാത്രയും അതിനു പിന്നാലെ നടന്ന ബാബറി മസ്ജിദിന്റെ തകർക്കലും. ദീർഘകാലത്തെ ആസൂത്രണം അതിനു പിന്നിലുണ്ടായിരുന്നു. മുഗളാക്രമണത്തിൽ തകർക്കപ്പെട്ട രാമക്ഷേത്രത്തിന്റെ അടിത്തറയിലാണ് ആ പള്ളി കെട്ടിയുയർത്തിയതെന്നു സ്ഥാപിക്കാനും വിശ്വസിപ്പിക്കാനും വേണ്ടി, കാലത്തിന്റെ പ്രഹരമേറ്റ് തകർന്നുകൊണ്ടിരുന്ന ആ പള്ളിയുടെ ഒരു കോണിൽ രാമവിഗ്രഹം പ്രതിഷ്ഠിച്ചത് അതിന്റെ ആദ്യഘട്ടമായിരുന്നു.

കെ.കെ നായർ

(ഹിന്ദുക്കളും മുസ്​ലിംകളും തമ്മിൽ വളർന്നുപെരുകുന്ന സ്പർധക്കും അവിശ്വാസത്തിനും ആയാസമുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു ക്ഷേത്രത്തിലെ കോൺഗ്രസ് ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ അവിടെ രാമവിഗ്രഹം സ്ഥാപിച്ചത്. അന്നവിടെ കളക്ടറായിരുന്ന കെ.കെ. നായർ എന്ന ഒരു മലയാളിയായിരുന്നു ഈ കൃത്യം നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ടതെന്നത് മറ്റൊരു കഥ)

ഇതിനെ തുടർന്നുണ്ടായ രാഷ്ട്രീയഭൂകമ്പങ്ങൾക്കൊടുവിൽ ഡൽഹിയിൽ ബി.ജെ.പി എത്തുക മാത്രമല്ല ഉണ്ടായത്. ഗുജറാത്തിൽ നിന്ന് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഡൽഹിയിലെത്തി. അതാകട്ടെ, ആർ.എസ്.എസിന്റെ രാഷ്ടീയ വിശ്വാസം പ്രയോഗികമാക്കാനുമായിരുന്നു. (ഗുജറാത്തിലെ മനുഷ്യക്കുരുതികളുടെ പശ്ചാത്തലത്തിൽ അന്നവിടെ മുഖ്യമന്ത്രിയായിരുന്ന മോദിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണമെന്ന് വാജ്‌പേയി ആവശ്യപ്പെട്ടതിന് എതിരായി നിലകൊണ്ട്, ബി.ജെ.പിയുടെ അതിശക്തനായ നേതാവായിരുന്ന അദ്വാനി "നരേന്ദ്രനിലുള്ള തന്റെ വിശ്വാസം ആവർത്തിച്ചതായി' ഒരു വാർത്ത അക്കാലത്തു പ്രചരിച്ചിരുന്നു. അതിനു കാരണം രഥയാത്രയിലൂടെ താൻ കൂടി പങ്കാളിയായി നടപ്പാക്കാൻ ആഗ്രഹിച്ചിരുന്ന രാഷ്ട്രീയ വിശ്വാസം പ്രായോഗികമാക്കാൻ, ഒരു കോൺഗ്രസ്സ് നേതാവ് പരിഹസിച്ച "ഒരു ചായ വില്പനക്കാരന്' കരുത്തും പ്രതിജ്ഞാബദ്ധതയുമുണ്ടെന്ന വിശ്വാസമായിരുന്നു.)

ഇതൊന്നും ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവം തകർന്നുപോയതിൽ കോൺഗ്രസിന്റെ പലപ്പോഴായുള്ള നിലപാടുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബി.ജെ.പി യുടെ വളർച്ചക്ക് സാഹചര്യമൊരുക്കിയ ഇന്ത്യൻ സാഹചര്യത്തെപ്പറ്റി പറയാമോ? ജനാധിപത്യത്തിലെ ഘടനാപരമായ മാറ്റത്തെപ്പറ്റിക്കൂടി ഇതിനോടൊപ്പം ചിന്തിക്കേണ്ടതില്ലേ?

നമ്മളിതുവരെ പറഞ്ഞ സംഭവവികാസങ്ങൾക്ക് അരങ്ങൊരുക്കിയത് കോൺഗ്രസ്സായിരുന്നു എന്ന യാഥാർഥ്യം എന്തുകൊണ്ട് നാം തിരിച്ചറിയുന്നില്ല. ഭിന്ദ്രൻ വാലയിലൂടെ വേരോടിക്കൊണ്ടിരുന്ന സിഖ് മൗലികതയെ തകർക്കാനായി സിഖുകാരുടെ വിശുദ്ധ ആരാധനാലയമായ സുവർണക്ഷേത്രം ബ്ലൂസ്റ്റാർ എന്ന കുപ്രസിദ്ധമായ ആക്രമണത്തിലൂടെ തകർക്കാൻ പട്ടാളത്തെ നിയോഗിച്ച ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയപദ്ധതിയും സിഖുകാവൽക്കാരനാൽ അവർ വധിക്കപ്പെടുകയും തുടർന്ന് അതിന്റെ പ്രതികാരമായി അരങ്ങേറിയ സിഖുവേട്ടയും ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യവിശ്വാസത്തെ ആഴത്തിൽ മുറിവേൽപ്പിക്കുകയുണ്ടായി.

1984ലെ ഓപറേഷൻ ബ്ലൂസ്റ്റാറിൽ കേടുപാടു പറ്റിയ സുവർണക്ഷേത്രത്തിന്റെ ഒരു ഭാഗം

അങ്ങനെ മതമൗലികത നേരിടാൻ ബലപ്രയോഗമാകാമെന്ന ധാരണ ഭരണകേന്ദ്രങ്ങളിൽ പ്രബലമായി. മറ്റൊരു വിധത്തിൽപ്പറഞ്ഞാൽ, പ്രമുഖ രാഷ്ട്രീയചിന്തകനായ എ. ജി. ഗ്രെയിലിങ്ങ് എഴുതിയതു പോലെ, "രാഷ്ട്രീയമായ മൗലികത'യാണ് ഇതിനു കാരണം. ആ നിരീക്ഷണം അദ്ദേഹം ഇങ്ങനെ വിശദമാക്കുന്നു. ""ഭരണകർത്താക്കളിലൂടെ പല രാജ്യങ്ങളിൽ, വ്യത്യസ്ത പേരുകളിൽ രാഷ്ട്രീയമായ മൗലികത നിലനിൽക്കുന്നുണ്ട്. റോബർട് മുഗാബേയും ഈദി അമിനും സദ്ദാം ഹുസൈനും ഇറാനിലെ ഇമാമുമാരും സൗദി അറേബ്യയിലെ രാജകുടുംബവും സിംഗപ്പൂരിലെ ലിക്വാൻ കൂവും ഇതിന്റെ പ്രയോക്താക്കളാണ്. അവർ അതിനെ ജനാധിപത്യസമ്പ്രദായമെന്ന് നാമകരണം ചെയ്യാറുണ്ട്. യാഥാർഥ്യം അതല്ല, രാജഭരണത്തിൽ നിന്ന് ജനക്കൂട്ടത്തിന്റെ വാഴ്ച (Ochlocracy) യിലേക്ക് പലപ്പോഴും അത് വഴുതിവീഴാറുണ്ട് എന്നതാണ്. മറ്റു ചില അവസരങ്ങളിൽ സംഭവിക്കുന്നത് ഫാഷിസത്തിന്റെ സ്ഥാപനമായിരിക്കും''.

നാസി നേതാവായ ഹിറ്റ്‌ലറിന്റെ ആത്മഹത്യക്കു ശേഷം മുസ്സോളിനിയെ ജനങ്ങൾ വേട്ടയാടി വധിച്ച് വഴിവക്കിലെ വിളക്കുകാലിൽ തൂക്കിയിടുകയും സ്റ്റാലിനിസത്തിന്റെ അപ്പോസ്തലനായ സ്റ്റാലിൻ മരിക്കുകയും (ഹൃദ്രോഗം മൂലം അവശനായ സ്റ്റാലിനെ പരിചരിക്കാൻ തക്ക സമയത്ത് ഡോക്ടർമാരെ നിയോഗിക്കാതെ മരണം ഉറപ്പായെന്ന് അറിഞ്ഞ ശേഷം മാത്രം ഡോക്ടറെ ആ വിവരം അറിയിച്ചാണ് സഹപ്രവർത്തകർ പ്രതികാരം ചെയ്തത്) ചെയ്തതോടെ അധികാരകേന്ദ്രങ്ങളിൽ നിന്ന് രാഷ്ട്രീയ മൗലികത അപ്രത്യക്ഷമാവുകയും തൽസ്ഥാനത്ത് കാലും കൈയും ഒടിഞ്ഞ ജനാധിപത്യസമ്പ്രദായത്തെ പുനഃസ്ഥാപിക്കുകയും ചെയ്തതായി കരുതുന്നു.

യാഥാർഥ്യം ഇതിന് വിരുദ്ധമാണ്. റഷ്യയിലെ പുട്ടിനും സിറിയയിലെ അസദും തുർക്കിയിലെ എർദ്വാനും ഫാഷിസത്തിന് മരണമില്ലെന്നാന്ന് പ്രഖ്യാപിക്കുന്നത്. ആ സംഘത്തിൽ ഒരംഗമാവാനുള്ള കഠിനപരിശ്രമത്തിലാണ് നരേന്ദ്ര മോദി. അതിന് അദ്ദേഹത്തിന് സാധിക്കുമോ? രാഷ്ട്രീയപ്പാർട്ടികൾ അപ്രസക്തങ്ങളാവുകയും പ്രസിദ്ധചിന്തകനും നോവലിസ്റ്റുമായ ഉംബർട്ടോ എക്കോ ചിത്രീകരിച്ചതു പോലെ ""വോട്ടർമാരെ ടാക്‌സികളിൽ കൊണ്ടു പോകുന്നതാണ് ജനാധിപത്യമെന്ന'' അവസ്ഥ സംജാതമാവുകയും ചെയ്യുമ്പോൾ ചരിത്രം അവസാനിക്കുകയാണോ? അതൊരു സങ്കൽപം മാത്രമാണെന്നും, ലിബറിലസം കൂടുതൽ ദൃഢവും ശക്തവുമാവുകയാണെന്നും പ്രമുഖപണ്ഡിതർ നിരീക്ഷിക്കുന്നതിൽ വലിയ കഴമ്പില്ലെന്നാണ് മോദിയെപ്പോലുള്ള ഭരണകർത്താക്കൾ തെളിയിക്കുന്നത്. അത്തരക്കാരുടെ സ്ഥാനാരോഹണത്തിന് സന്ദർഭങ്ങൾ ഉണ്ടാവുകയോ അവ നിർമ്മിക്കപ്പെടുകയോ ചെയ്യുന്നു. എപ്പോൾ എന്ന് ആർക്കും മുൻകൂട്ടി കാണാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. മറിച്ച്, ഇതിനൊരു അന്ത്യം ഉണ്ടാവുമോ? എപ്പോൾ, എങ്ങനെയെന്നൊന്നും നിർണ്ണയിക്കാവുന്നതല്ല അക്കാര്യം. ഏതായാലും സ്വാതന്ത്ര്യം നേടിയെടുത്ത കോൺഗ്രസ്സ് വെറും കാഴ്ചക്കാരായി നിലനിൽക്കുമെന്നത് ഉറപ്പാണ്.

"War is peace, freedom is slavery, ignorance is strength' ( 1984 എന്ന നോവലിൽ ഓർവെൽ എഴുതിയത്) എന്നീ വാക്യങ്ങൾ നാഗ്പൂരിൽ നിന്ന് അലയടിച്ചുയരുന്നത് കേട്ടിരിക്കേണ്ടി വരുമോ?

യഥാർഥത്തിൽ കോൺഗ്രസിന് എന്താണ് സംഭവിച്ചത്?

സ്വാതന്ത്ര്യലബ്ധിയോടെ കോൺഗ്രസിന്റെ രാഷ്ട്രീയദൗത്യം അവസാനിച്ചുവെന്നും സ്വയം പിരിയുകയോ പിരിച്ചുവിടുകയോ ചെയ്ത ശേഷം ജനസേവാ സമിതിയായി അത് രൂപാന്തരപ്പെടണമെന്നുമുള്ള ഗാന്ധിജിയുടെ അഭിലാഷത്തെ പ്രസക്തമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇന്ദിരാഗാന്ധിയുടെ മരണശേഷമാണ്, ഒരു വടവൃക്ഷം പോലെ ഇന്ത്യയിൽ തണൽ പരത്തി നിന്ന കോൺഗ്രസ്സ് ഉണങ്ങിത്തുടങ്ങുന്നത്. അതിശക്തമായ ഒരു കാറ്റ് വീശിയാൽ നിലംപൊത്തുമെന്ന അവസ്ഥയിലാണ് ആ മഹാപ്രസ്ഥാനം. അധികാരം നശിപ്പിക്കുന്നു എന്ന ചൊല്ലിനെ ഇത് ശരിവെക്കുന്നു.

നിരവധി കൊല്ലങ്ങളായി കൈകാര്യം ചെയ്ത അധികാരം കോൺഗ്രസിന്റെ സാരഥികളെ കൊടിയ അഴിമതിക്കാരാക്കുക മാത്രമല്ല, വംശാധിപത്യത്തിന്റെ ചെളിക്കുഴിയിൽ അതിനെ വീഴ്ത്തുകയുമുണ്ടായി. ഇന്ദിരാഗാന്ധിക്കു ശേഷം ഭരണരംഗവുമായി യാതൊരു പരിചയവുമില്ലാതിരുന്ന, പൈലറ്റായ രാജിവ് ഗാന്ധിയെ അധികാരത്തിലേറ്റാൻ ചുവപ്പു പരവതാനി വിരിച്ചതെന്തിനായിരുന്നു? ഭരണ പ്രാപ്തിയുള്ള നേതാക്കളുടെ അഭാവമായിരുന്നോ, അതോ നെഹ്‌റു കുടുംബത്തോടുള്ള വിധേയത്വമായിരുന്നോ ഇതിനു കാരണം. വംശാധിപത്യത്തിലേക്ക് കോൺഗ്രസ്സ് വഴുതിപ്പോവുകയാണെന്ന് അറിയാമായിരുന്നവർ എന്തുകൊണ്ട് മൗനികളായി?

രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും

ദേശീയ ജീവിതത്തിലെ ഈതോസുമായി ബന്ധമില്ലാത്ത സോണിയ ഗാന്ധി കോൺഗ്രസ്സിന്റെ ഭരണകർത്താവാകുമ്പോൾ, ആ രാഷ്ട്രീയ പ്രസ്ഥാനത്തിനു നഷ്ടപ്പെട്ടത് വിശ്വാസ്യതയായിരുന്നു. ഈ വക കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്ത്, തൃപ്തികരമായ പരിഹാരത്തിലെത്താതെ, നാശം നേരിടുന്ന കോൺഗ്രസ്സിനെ രക്ഷിക്കാൻ ആർക്കും സാധിച്ചില്ലെന്നു വരും. അതിന് പ്രാപ്തനായ ഒരു ‘വിമോചകൻ' എത്തുമോ എന്നതാണ് ഇപ്പോൾ എല്ലാവരേയും പോലെ ഞാനും ഉറ്റുനോക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ പ്രതീക്ഷയും പ്രതിസന്ധിയും നിറഞ്ഞ ഒന്നായിരുന്നല്ലോ. ഗാന്ധിജിയുടെ പിന്തുടർച്ചാവകാശിയായി എത്തിയ നെഹ്‌റുവിന്റ നേതൃത്വം, അദ്ദേഹം നേരിട്ട സാമൂഹ്യ പ്രതിസന്ധികൾ, അദ്ദേഹത്തിന്റെ പരാജയങ്ങൾ അങ്ങനെ വർത്തമാന ഇന്ത്യയെ ഇവിടെയെത്തിച്ച പരിസരത്തെക്കുറിച്ച് കൂടി ഒന്നു വിശദീകരിക്കാമോ?

"കിഴക്കിലെ ക്രിസ്തു' വിന്റെ ശിഷ്യയാകാൻ, ഫ്രഞ്ചു നോവലിസ്റ്റായ റെമെയിങ്ങ് റോളണ്ട് നൽകിയ ഉപദേശം സ്വീകരിച്ച് ഇന്ത്യയിലെത്തിയ മീര ബെന്നിനെ ഒടുവിൽ സങ്കടപ്പെടുത്തിയവരായിരുന്നു ഗാന്ധിജിയുടെ നിഴലിൽ കാലുറപ്പിച്ച ദേശീയ നേതാക്കൾ. "Absolute power corrupts absolutely' എന്ന ആക്ടൻ പ്രഭുവിന്റെ നിരീക്ഷണത്തെ സാക്ഷാത്ക്കരിക്കുകയായിരുന്നു അവരിൽ പലരും. അനധികൃതമായി പണം വാരിക്കൂട്ടുന്നതിൽ നിന്ന് തങ്ങളെ തടയാൻ പറ്റിയ പ്രത്യയശാസ്ത്ര പ്രതിബദ്ധതയൊന്നും അവർക്കുണ്ടായിരുന്നില്ല. നാടിന്റെ മോചനത്തിനായി ത്യാഗം അർപ്പിച്ചതിന്റെ പ്രതിഫലമായി മാത്രം അവിഹിതമായി ഉണ്ടാക്കിയ സമ്പാദ്യങ്ങളെ അവർ കണ്ടു. അതിനൊരു വിരാമമിടാൻ നെഹ്‌റുവിന് സാധിച്ചില്ല.

കുപ്രസിദ്ധമായ മുണ്ഡ്രാ അപവാദത്തെത്തുടർന്ന്, അധികാരം ഒഴിയാൻ ടി.ടി. കൃഷ്ണമാചാരിയെപ്പോലുള്ളവർ നിർബന്ധിതരായത് ഒരു അപവാദം മാത്രമായിരുന്നു. ആ സംഭവത്തിന്റെ ചുവടുപിടിച്ച് അധികാരത്തിന്റെ ഈജിയൻ തൊഴുത്തു കഴുകി വൃത്തിയാക്കാൻ നെഹ്‌റുവിന് കഴിയുമായിരുന്നു. തന്റെ ആത്മസ്‌നേഹിതനായിരുന്നിട്ടും, ജീപ്പ് അപവാദത്തിൽ കൃഷ്ണമേനോനെ വലിച്ചിഴച്ചപ്പോൾ അസത്യമാണ് ആ ആരോപണങ്ങളെന്ന് മുദ്ര കുത്തി നിരാകരിക്കാൻ നെഹ്‌റുവിന് കഴിയുമായിരുന്നു. സ്വമേധയാ സ്വേച്ഛാധിപതിയായാൽപ്പോലും ആർക്കും ചോദ്യം ചെയ്യാനാവാത്ത വിധം ജനങ്ങളിൽ നിന്നുള്ള സ്‌നേഹവും ആരാധനയും അദ്ദേഹം നേടിയിരുന്നു. അതൊക്കെ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ അതൊന്നും പരിഗണിക്കാതെ നിയമവിധേയമായ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. കൃഷ്ണമേനോനിൽ നേരിയ സംശയത്തിന്റെ നിഴൽ പോലും വീണിട്ടില്ലെന്നതായിരുന്നു അന്വേഷണ കമ്മറ്റിയുടെ കണ്ടെത്തൽ.

പൊതുജീവിതത്തെ സംശുദ്ധമാക്കാൻ യാതൊരു വിട്ടുവീഴ്ചക്കും ഒരുങ്ങാത്ത നെഹ്‌റുവിന്, ഭരണ ജീവിതത്തെ കാർന്നുതിന്നു തുടങ്ങിയ അഴിമതിയും കൈക്കൂലിയും നിർമാർജ്ജനം ചെയ്യാൻ സാധിക്കാതെ പോയത് എന്തുകൊണ്ടായിരുന്നു? (നെഹ്‌റു സ്വേച്ഛാധിപതിയാവാൻ ശ്രമിച്ചാൽ എന്തു സംഭവിക്കുമെന്ന ചോദ്യം ഉന്നയിച്ചു കൊണ്ട് കൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മോഡേൺ റിവ്യുവിൽ കള്ളപേരിൽ നെഹ്‌റു തന്നെ ഒരു ലേഖനമെഴുതുകയുണ്ടായി).

അതുപോലെ, സാമൂഹ്യ ജീവിതത്തിന്റെ ശാപമായിരുന്ന ജാതീയമായ ഉച്ചനീചത്വം ഇല്ലാതാക്കാനും അദ്ദേഹം ഫലപ്രദമായി ഒന്നും ചെയ്തില്ല. ഹരിയുടെ മക്കൾ എന്ന് വിശേഷിപ്പിച്ച് അധ:സ്ഥിതരെ ഉയർത്തിക്കൊണ്ടുവരാൻ നെഹ്‌റു മുതിരാത്തതെന്തെന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിൽ, കീഴാളസമീപനം അദ്ദേഹത്തിനില്ലായിരുന്നു. കാശ്മീരി ബ്രാഹ്‌മണന്റെ സവർണത്വത്തിന്റെ നിഴലിൽ നിന്ന് മുക്തനാകാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ മറിച്ചായിരുന്നു, ഗാന്ധിജിയുടെ വിശ്വാസ പ്രമാണം. നെഹ്‌റുവിന്റെ മിക്ക സഹപ്രവർത്തകരും സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ജാതീയമായ അവർണ- സവർണ സമീപനം പുലർത്തിയിരുന്നു. അക്കാര്യത്തിൽ നമ്മൾ ആത്മപരിശോധന നടത്തുമ്പോൾ അറിയാം, ജാതീയമായ വ്യത്യാസം എല്ലാവരുടെയും ചോരയിൽ അലിഞ്ഞു ചേർന്ന ഒരു യാഥാർഥ്യമാണെന്ന്. ജന്മം കൊണ്ട് ആരും കീഴാളരാകുന്നില്ലെന്ന് ഇനിയും നാം തിരിച്ചറിയുന്നില്ല. ഇന്ത്യയുടെ ശാപവും ഇതാണ്. ഒരു ഗാന്ധിജി മാത്രം പ്രയത്‌നിച്ചാൽ, ആഴത്തിൽ വേരോടിയിരിക്കുന്ന ഈ മരത്തെ മുറിച്ചു മാറ്റാനാവില്ല. സോഷ്യലിസമോ കമ്യൂണിസമോ ഇതിനൊരു പരിഹാരമാകുന്നില്ല.

യുവാൽ നോവ ഹരാരി/ ഫോട്ടോ: ട്വിറ്റർ

സാപിയൻസ് എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തനായ യുവാൽ നോവ ഹരാരി ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘‘ഏഴു ബില്യൺ വരുന്ന ജനങ്ങൾക്ക് അത്രയും തന്നെ അജണ്ടകൾ ഉണ്ട്. രണ്ടു മക്കളെ വളർത്താനായി മുംബൈയിലെ ചേരിയിൽ താമസിക്കുന്ന ഒരമ്മയുടെ ഉത്കണ്ഠ, അവർക്ക് ഭക്ഷണം കണ്ടുപിടിക്കാൻ എങ്ങനെ സാധിക്കുമെന്നതിലാണ്. മെഡിറ്ററേനിയൻ കടലിൽ തോണിയിൽ സഞ്ചരിക്കുന്ന അഭയാർത്ഥികൾ കാത്തുകഴിയുന്നത് കരയെത്താറായോ എന്ന ഉത്കണ്ഠയോടെയാണ്. രോഗികളെക്കൊണ്ട് നിറഞ്ഞ ലണ്ടനിലെ ഒരാശുപത്രിയിൽ മരണത്തോട് മല്ലിടുന്ന ഒരു രോഗി അന്ത്യശ്വാസം വലിക്കാനുള്ള വെപ്രാളത്തിലാണ്’’.

അങ്ങനെ വ്യത്യസ്ത തലത്തിൽ ജീവിച്ച് കഠിനമായ ക്ലേശങ്ങളെ അതിജീവിക്കുന്ന ജനങ്ങളെ ജാതിവ്യത്യാസം ശാപമായി പിന്തുടരുക തന്നെ ചെയ്യുമോ? ആരുടെ കയ്യിലുണ്ട്, ഇതിനൊരുത്തരവും പരിഹാരവും? ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് മതങ്ങൾ തമ്മിലുള്ള, വിശേഷിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന സ്പർധ. അതിന്റെ അസ്ഥിവാരത്തിലാണല്ലോ ആർ. എസ്.എസ് കെട്ടി ഉയർത്തപ്പെട്ടിരിക്കുന്നത്. മുസ്ലിം ന്യൂനപക്ഷം ഹിന്ദുക്കളിൽ നിന്ന് എല്ലാം അപഹരിക്കുന്നു എന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ബാബറിപ്പള്ളി ' പ്രശ്‌നം അവർ കെടാതെ നിലനിർത്തിയത്.

ആക്രമണകാരികളായെത്തിയ മുഗളന്മാരെ ഇന്ത്യ ഉൾക്കൊള്ളുക മാത്രമല്ല ചെയ്തത്. അവരെ അതിസമ്പന്നമായ ഇന്ത്യയുടെ സംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. വെട്ടിപ്പിടിക്കലുകൾക്കും ചോരച്ചൊരിച്ചിലുകൾക്കും അതീതമായിട്ടാണ് മുഗള സംസ്‌കാരം ഇന്ത്യയുടെ സംഗീതത്തേയും ചിത്രരചനയേയും സാഹിത്യത്തേയും സ്വാധീനിച്ചിട്ടുള്ളത്. ഇതു കൂടി ഗൗരവമായി പരിഗണിച്ചു മാത്രമേ മുസ്​ലിം ന്യൂനപക്ഷത്തോടുള്ള നിലപാടിന് രൂപം നൽകാനാവൂ. അക്കാര്യത്തിൽ ഇന്ത്യയുടെ മാതൃക ഗാന്ധിജിയാണ്. അഭിഭാഷകനായി ജോലി ചെയ്ത് ജീവിക്കാനായി സൗത്ത് ആഫ്രിക്കയിലെ ദർബനിലെത്തിയ ശേഷം, ആദ്യകാലത്ത് വെള്ളക്കാരിൽ നിന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്ന അനുഭവങ്ങൾ മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്നവയായിരുന്നു. ദാദാ അബ്ദുള്ള എന്ന കച്ചവടക്കാരന്റെ അഭിഭാഷകനായി, യൂറോപ്യൻ വേഷമണിഞ്ഞെത്തിയ കരംചന്ദിനോട് അദ്ദേഹം ധരിച്ചിരുന്ന ഗുജറാത്തി തലപ്പാവ് മാറ്റാൻ മജിസ്‌ട്രേറ്റ് കല്പിച്ചു. അത് വിസമ്മതിച്ച ചെറുപ്പക്കാരനായ അഭിഭാഷകനോട് കോടതി മന്ദിരത്തിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുക മാത്രമല്ല ആ വെളളക്കാരൻ ചെയ്തത്. തന്റെ ശിപായിയെ ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. മറ്റൊരവസരത്തിൽ, ഒന്നാം ക്ലാസ് ടിക്കറ്റുമായി ട്രെയിനിൽ കയറിയ കരംചന്ദിനോട് മൂന്നാം ക്ലാസ് കമ്പാർടുമെന്റിൽ പോകാൻ ആജ്ഞാപിച്ച കണ്ടക്ടർ, അതനുസരിക്കാർ വിസമ്മതിച്ച അദ്ദേഹത്തെ പ്രഹരിക്കുകയും ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആ അനുഭവങ്ങൾ ഓർക്കവേ, ""എന്റെ അഹിംസ അതിൽ നിന്നായിരുന്നു തുടങ്ങിയത്'' എന്ന് ഗാന്ധിജി എഴുതിയിട്ടുണ്ട്. അങ്ങനെ കറുത്ത തൊലിക്കാരോട് വെള്ളക്കാർ പുലർത്തിയിരുന്ന വിവേചനത്തിന്റെ മറ്റൊരു രൂപമായാണ്, മത ന്യൂനപക്ഷങ്ങളോടുള്ള സവർണരുടെ മനോഭാവത്തേയും സമീപനത്തേയും ഗാന്ധിജി കണ്ടത്. അതിനെതിരെ പ്രവർത്തിക്കുകയാണ് തന്റെ ജീവിതദൗത്യമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സ്വന്തം ജീവനായിരുന്നു അതിനദ്ദേഹം വിലയായി നൽകിയത്.

ഗാന്ധി വധത്തിൽ കുറ്റാരോപിതരയാവർ. ഇരിക്കുന്നവരിൽ രണ്ടാമത് വി.ഡി. സവർക്കർ, വലതുവശത്ത് നാഥുറാം വിനായക് ഗോഡ്‌സെ

സവർക്കറുടെ മൗനാനുമതിയോടെ ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ മതിഭ്രമം ബാധിച്ച വ്യക്തിയായിരുന്നില്ല. നിരവധി കൊല്ലം നീണ്ട ആലോചനകൾക്കു ശേഷമാണ് സന്ധ്യാ പ്രാർത്ഥനക്കെത്തിയ മഹാത്മാവിനെ അയാൾ നിഷ്ഠൂരം വധിച്ചത്. അതിൽ നിന്ന് ആർക്കുണ്ടായി നേട്ടങ്ങൾ ? നിരായുധനും നിസ്സഹായനുമായ ഒരു മനുഷ്യന്റെ ജീവൻ അപഹരിക്കുകയെന്ന ക്രൂരകൃത്യം നടത്തിയ അയാൾ പിന്നീട് പശ്ചാത്തപിക്കുക പോലും ചെയ്തില്ലത്രേ.

സവർക്കറുടെ പേരോർക്കുമ്പോൾ ലണ്ടനിൽ നടന്ന പഴയ ഒരു സംഭവത്തെപ്പറ്റി വായിച്ചത് മനസിലെത്തുകയാണ്. ഒരിക്കൽ സന്ദർശകനായി ഗാന്ധിജിയെത്തുമ്പോൾ സവർക്കർ ഭക്ഷണം തയ്യാറാക്കുകയായിരുന്നു. അതിൽ പങ്കുചേരാനുള്ള സവർക്കറുടെ ക്ഷണം ഗാന്ധിജി സ്വീകരിച്ചില്ല. താനൊരു സസ്യഭുക്കാണെന്നാണ് ഗാന്ധിജി അദ്ദേഹത്തോട് മറുപടി പറഞ്ഞത്. മത്സ്യ-മാംസാദികൾ ഭക്ഷിക്കാതെ ശക്തരായ ബ്രട്ടീഷുകാരെ എങ്ങനെ നേരിടും എന്നായിരുന്നു സവർക്കറുടെ മറുചോദ്യം. ആ സവർക്കറാണ്, വിധ്വംസക പ്രവർത്തനത്തിന് കുറ്റാരോപിതനായി ശിക്ഷിക്കപ്പെട്ട് ആൻഡമാനിൽ കഴിയവെ, ഭാവിയിൽ ബ്രിട്ടീഷ് ഭരണകൂടത്തെ സേവിക്കാമെന്ന ഉറപ്പു നൽകുന്ന പ്രതിജ്ഞാ പത്രം ഭരണാധികാരികൾക്ക് സമർപ്പിച്ച് മോചിതനായത്! അങ്ങനെ ചിന്തയും പ്രവർത്തിയും തമ്മിൽ യാതൊരു പൊരുത്തവുമില്ലെന്ന് സവർക്കറെ പോലുള്ള ഉന്നതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, മുസ്​ലിംക​ളോടുള്ള ശത്രുത ഒരൽപം പോലും മയപ്പെടുത്താൻ അവർ തയ്യാറാകുന്നില്ല. വർണവിവേചനം കുഴിച്ച് മൂടപ്പെട്ടുവെങ്കിലും കറുത്ത വർഗത്തെ നീചന്മാരായി വീക്ഷിച്ച് ആ വിധത്തിൽ പെരുമാറുന്ന വെള്ളക്കാരന്റെ ഔദ്ധത്യത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്, ആധുനികതയുടെ പര്യായമെന്ന് കരുതുന്ന അമേരിക്കയിൽ പലപ്പോഴും പൊട്ടിപ്പുറപ്പെടാറുള്ള കറുത്ത തൊലിക്കാർക്കെതിരേയുള്ള ആക്രമണങ്ങൾ.

ഇതൊക്കെ പറയുമ്പോഴും നെഹ്‌റു വിമർശനാതീതനായിരുന്നില്ലല്ലോ. അന്നു തന്നെ നെഹ്‌റുവിനെ എതിർത്തു കൊണ്ട് യംഗ് ടർക്കുകളും മറ്റും രംഗത്തെത്തിയ ചരിത്രമുണ്ടല്ലോ

ആർക്കും ചോദ്യം ചെയ്യാനാവാത്ത വിധം സ്‌നേഹബഹുമാനങ്ങൾ ആർജ്ജിച്ച നെഹ്‌റുവിനേയും നെഹ്‌റുയിസത്തേയും ഇല്ലായ്മ ചെയ്യാൻ വ്യാപക ശ്രമങ്ങൾ അന്നും നടന്നിരുന്നു. ലോക് സഭാംഗങ്ങളായിരുന്ന നാഥ് പേയി, അശോക് മേത്ത, മോഹൻ ധാരിയ എന്നിവരായിരുന്നു ആ ശ്രമത്തിന് നേതൃത്വം നൽകിയത്. ഇവരിൽ നിന്നാണ് യംഗ് ടർക്കി പ്രയോഗം പ്രചാരത്തിലായത്. അവരുടെ ശ്രമമൊന്നും ഫലവത്തായില്ല. സാമ്പത്തികകാര്യ വിദഗ്ധനായി അറിയപ്പെട്ടിരുന്ന അശോക് മേത്ത പിന്നിട് ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ അംഗമാവുക മാത്രമല്ല, റിസർവ് ഗോൾഡ് ലണ്ടനിലെ ഇംപീരിയൽ ബാങ്കിൽ നിക്ഷേപിച്ച് പണം സ്വരൂപിച്ചാണ് സാമ്പത്തിക പ്രതിസന്ധി നേരിടാൻ അദ്ദേഹം വഴി കണ്ടെത്തിയത്. മുമ്പൊന്നും ആരും അത്തരം കാര്യങ്ങൾ നടത്തിയിരുന്നില്ല. രാജ്യത്തെയാകെ അപമാനിക്കുന്നതായിരുന്നു ആ നിലപാട്. അങ്ങനെ യുവതുർക്കികൾ, വ്യക്തികളെ അക്രമിക്കുന്നതിൽ മാത്രം സമർത്ഥരാണെന്ന് സ്വയം തെളിയിച്ചു. ഇതൊക്കെ ഓർത്തുകൊണ്ട് തിരിഞ്ഞു നോക്കുമ്പോഴും നെഹ്‌റുവും കൃഷ്ണമേനോനും ജീവിച്ചിരുന്ന കാലത്തെ, സ്വതന്ത്ര ഇന്ത്യയുടെ "സുവർണ്ണയുഗം' എന്ന് വിശേഷിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

നെഹ്‌റുവും വി. കെ കൃഷ്ണമേനോനും യു.എൻ സന്ദർശനത്തിനിടെ/ photo: Wikimedia commons

അവർ നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു എന്ന് ആ കാലത്തിന്റെ സാക്ഷിയായ എനിക്ക് ഇപ്പോൾ തോന്നാറുണ്ട്. ഇന്ത്യക്കാരനെന്ന് പറയാൻ ആത്മാഭിമാനം തോന്നിയ കാലം. ആരുടെ മുന്നിലും കൂസാതെയും ആരേയും വണങ്ങാതെയും നിൽക്കാൻ അന്ന് കഴിഞ്ഞിരുന്നു. അവരുടെ സ്ഥാനത്ത് മോദിയും അമിത് ഷായും എത്തിയതോടെ തീർന്നു, എന്റെ സ്വപ്നം. അതൊരു ദുഃസ്വപ്നമാകാൻ ഇനി അധികകാലം വേണ്ടി വരില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ഒപ്പം അത്തരമൊരു ദുരന്തം സംഭവിക്കരുതേ എന്ന ആഗ്രഹവും.

നെഹ്‌റുയിസത്തിന് സമാന്തരമായി ഒരു സോഷ്യലിസ്റ്റ് പാത വളർന്നു വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നോ? ജയപ്രകാശിന്റെയൊക്കെ നിലപാടുകൾ ശ്രദ്ധിച്ചു കാണുമല്ലോ?

നെഹ്‌റുയിസത്തിന് സമാന്തരമായി വളർന്നുവന്ന ചിന്താഗതിക്ക് പ്രായോഗിക രൂപം നൽക്കുന്നത് ജയപ്രകാശ് നാരായണനായിരുന്നു. അമേരിക്കയിലായിരുന്നു അദ്ദേഹം പഠിച്ചത്. നെഹ്‌റു നടപ്പാക്കിയിരുന്ന സോവിയറ്റു മോഡൽ സോഷ്യലിസവുമായി അദ്ദേഹം യോജിച്ചിരുന്നില്ല. ഗാന്ധിജിയുടെ പ്രിയപ്പെട്ട ശിഷ്യനും അനുയായിയുമായിരുന്ന അദ്ദേഹത്തിന്റെ പത്‌നി ബ്രഹ്‌മചര്യം സ്വീകരിച്ച് വാർദ്ധാ ആശ്രമത്തിൽ തന്നെ താമസിച്ചു.

നെഹ്‌റുവും ജയപ്രകാശ് നാരായണും

അങ്ങനെ കുടുംബഭാരത്തിൽ നിന്ന് അകന്നു മാറിയ അദ്ദേഹം രാജ്യ സേവനത്തിനായി ജീവിതം അർപ്പിച്ചു. ഒടുവിൽ പൊതുജീവിതത്തെ സംശുദ്ധമാക്കാനും അഴിമതിയിൽ മുങ്ങിത്താണ ഇന്ദിരാഗാന്ധിയുടെ ഭരണത്തിന് വിരാമമുണ്ടാക്കാനും ലക്ഷ്യം വെച്ച് ജയപ്രകാശ് വീണ്ടും രംഗത്തുവന്നു. പെർമനന്റ് റവല്യൂഷൻ എന്ന പേരിൽ അറിയപ്പെട്ട, അദ്ദേഹം സൃഷ്ടിച്ച മുന്നേറ്റം അത്യുന്നതങ്ങളായ ആദർശങ്ങളിൽ ഉറച്ചു നിന്നു. അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഇത് വഴി തെളിക്കുമെന്ന പ്രതീക്ഷ അക്കാലത്ത് പ്രബലമായിരുന്നു. എന്നാൽ അതൊന്നും സംഭവിച്ചില്ല. അതിനു പ്രധാന കാരണം ജയപ്രകാശിന്റെ സഹപ്രവർത്തകരുടെ യാഥാസ്ഥിതികത്വവും വലതുപക്ഷ പക്ഷപാതിത്തവുമായിരുന്നു. അവർ മാതൃകയാക്കാൻ ശ്രമിച്ചത് മുതലാളിത്ത സമ്പ്രദായത്തിൽ ഊന്നി നിൽക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യ ശീലങ്ങളായിരുന്നു. ആ പ്രസ്ഥാനത്തിന്റെ സന്തതിയായിട്ടാണ്, വി.പി.സിംഗിനെ നമ്മൾ കാണുന്നത്. "പരാജയപ്പെട്ട പ്രവാചകൻ' എന്ന പ്രയോഗം അദ്ദേഹത്തിന് നന്നേ ഇണങ്ങും. ലിബറലിസത്തിന്റെ വക്താവായിരുന്ന അദ്ദേഹം നെഹ്‌റുയിസത്തിന് വിപരീതമായി നടക്കാൻ ഉദ്യമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. മുൻപ്, ഏറെക്കാലത്തിന് മുമ്പ് നെഹ്രുവിനെ എതിർക്കാനായി അദ്ദേഹത്തിന്റെ സ്‌നേഹിതനായ മിനു മസാനി പരിശ്രമിച്ചതാണ് ഇതിനു സമാന്തരമായി ഞാനോർക്കുന്നത്. ധനകാര്യ വിദഗ്ദ്ധനായിരുന്നു അദ്ദേഹം. അർജന്റീനയിലെ ഇന്ത്യൻ അംബാസിഡറായും പ്രവർത്തിച്ചു. നെഹ്‌റുവിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അധികാരത്തിൽ നിന്ന് ഒഴിഞ്ഞ മസാനി ഒടുവിൽ ചെന്നുനിന്നത് സ്വതന്ത്രാപാർട്ടിയുടെ രൂപീകരണത്തിലായിരുന്നു. രാജാജിയുടെ അനുഗ്രഹത്തോടെ നിലവിൽ വന്ന സ്വതന്ത്രാപാർട്ടിയുടെ രാഷ്ട്രീയ പരിപാടി "ഫ്രീ എന്റർപ്രൈസിനെ വളർത്തുകയെന്നതായിരുന്നു. അതുവഴി സോഷ്യലിസത്തിന്റെ നട്ടെല്ലൊടിച്ച് മുതലാളിത്തം സ്ഥാപിക്കാനായിരുന്നു അവർ ശ്രമിച്ചത്. അങ്ങനെ വിജയം കാണാതെ അവസാനിച്ച പല പല പരീക്ഷണങ്ങൾ അക്കാലത്തുണ്ടായിരുന്നു.

സത്യത്തിൽ ഇതൊന്നും നേരായ വഴി തുറന്നുതന്നില്ല എന്ന് നമുക്കിപ്പോൾ തിരിച്ചറിയാം. ലോകവും ഇതേ കാലയളവിൽ ഇങ്ങനെ പല പരീക്ഷണങ്ങളിലൂടെ കടന്നു പോയി. അവിടെയും പ്രതീക്ഷകൾ ലക്ഷ്യം കണ്ടില്ല. ഇപ്പോൾ മുന്നിലുള്ള പുതിയ ഡിജിറ്റൽ യുഗം അലോസരപ്പെടുത്തുന്നുണ്ടോ?

ഫാസിസവും കമ്യൂണിസവും തകർക്കപ്പെട്ട സാഹചര്യത്തിൽ ലിബറലിസം ലോകമെങ്ങും ശക്തിപ്പെടുകയായിരുന്നു. അതിലൂടെ ജനാധിപത്യത്തിന് ലോകത്തിലെ മനുഷ്യരുടെ ജീവിതത്തെ ഭദ്രമാക്കാനും പുതുക്കിപ്പണിയാനും ആവുമെന്ന വിശ്വാസമാണ് ഇപ്പോൾ തകർന്നുകൊണ്ടിരിക്കുന്നത്.

21 lessons for the 21st century എന്ന കൃതിയിൽ യുവാൽ നോവ ഹരാരി നടത്തുന്ന ഒരു നിരീക്ഷണം, ലിബറിലിസത്തിന്റെ പേരിൽ വേഷപ്രച്ഛന്നനായി നിയോലിബറലിസമെന്ന മേൽവിലാസത്തിൽ മുതലാളിത്തം മടങ്ങി വരുന്ന ഈ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. ‘ഇൻഫർമേഷൻ ടെക്‌നോളജിയും ബയോ ടെക്‌നോളജിയും മുഷ്യരാശിയുടെ ഭാവിയെ നിയന്ത്രിക്കുന്ന ഘടങ്ങളായിരിക്കുകയാണ്' എന്ന് എഴുതുന്ന അദ്ദേഹം ‘ഡിജിറ്റൽ ഡിക്ടേറ്റർഷിപ്പിലേക്കാണ് ലോകം യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്’ എന്നാണ് സൂചിപ്പിക്കുന്നത്. അതിന്റെ അർത്ഥം, ചെറിയ ഒരു സംഘത്തിന്റെ നിയന്ത്രണത്തിലാവുകയാണ് മനുഷ്യസമൂഹം എന്നു തന്നെയാണ്.

ഇന്ത്യയുടെ വർത്തമാന സാഹചര്യത്തിൽ ആശങ്ക തോന്നുന്നുണ്ടോ? മോദിയും കൂട്ടരും കൂടി ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങൾ ഇന്ത്യയെ എങ്ങോട്ടാണ് നയിക്കുക? അവർ ജുഡിഷ്യറിയെപ്പോലും ഭയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു എന്നാണല്ലോ സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്.

പ്രതിയോഗികളെ നിസ്‌തേജരാക്കാൻ സി.ബി.ഐ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗിക്കുന്നത് നമ്മുടെ രാജ്യത്ത് പുതിയൊരു കാര്യമല്ല. എന്നാൽ മോദിയുടെ ഭരണകൂടം നടത്തുന്ന വേട്ടകൾ ആരെയൊക്കെയാണ് ഭയപ്പെടുത്തുന്നത്? പെട്ടെന്ന് എനിക്കോർമ്മ വരുന്നത് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവിലൂടെ സോണിയാഗാന്ധിയെ മുൾമുനയിൽ നിർത്തിയ നീചമായ പ്രവർത്തിയാണ്. അതുപോലെ ജുഡിഷ്യറിയെ വാലാട്ടികളാക്കാൻ ഒളിഞ്ഞും തെളിഞ്ഞും മോദിയും സംഘവും നിരന്തരം ശ്രമിക്കുന്നുണ്ട്.

ജസ്റ്റിസ് ബ്രിജ്‌ഗോപാൽ ഹരികൃഷ്ണൻ ലോയ

ഇക്കൂട്ടത്തിൽ, ഗുജറാത്തിൽ നടന്ന വംശഹത്യയിൽ അമിത് ഷായുടെ പങ്കിനെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ആരംഭിച്ച വിചാരണക്കിടയിൽ ജഡ്ജി ലോയ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത് ഞെട്ടിക്കുന്ന മറ്റൊരു ദൃഷ്ടാന്തമാണ്. ജുഡീഷ്യൽ അന്വേഷണങ്ങളെപ്പോലും പ്രഹസനങ്ങളാക്കുകയാണ് ഈ ഭരണകൂടം. കാശ്മീരിൽ നടത്തിയ ജനാധിപത്യവിരുദ്ധ നടപടികൾ, മോദി പുലർത്തുന്ന രാഷ്ട്രീയ വിശ്വാസത്തിന്റെ മൂടുപടം വലിച്ചു കീറി അതിനകത്ത് ഒളിച്ചിരിക്കുന്ന ഫാസിസത്തിന്റെ പേടിപ്പെടുത്തുന്ന മുഖം പുറത്തു കാണിക്കുന്നു. ജൂതന്മാർ അനുഭവിച്ച കഷ്ടപ്പാടുകളെയാണ് ഇവയൊക്കെ ഓർമിപ്പിക്കുന്നത്. അഭയാർത്ഥികളെന്നു മുദ്രകുത്തി ന്യൂനപക്ഷങ്ങളോടു കാണിക്കുന്ന ക്രൂരത സിറ്റിസൺ ബില്ലിലൂടെ പുറത്തു വന്നതാണല്ലോ. അവർക്കു പ്രത്യേകമായ പാർപ്പിടങ്ങൾ നിർമ്മിച്ചതിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ എനിക്ക് ഹിറ്റ്‌ലർ നിർമ്മിച്ച ഗെറ്റോകളെ ഓർമ വന്നു.

മതനിരപേക്ഷത മോദിയെ സംബന്ധിച്ച്​ പൊള്ളയായ വാക്കുകൾ മാത്രമാണ്. നെഹ്റുയിസത്തെ പാടേ തുടച്ചു മായ്ക്കുകയാണ്, ഇന്ത്യ മാറോടു ചേർത്തു സൂക്ഷിക്കുന്ന മതനിരപേക്ഷത ഇല്ലാതാക്കാനുള്ള വഴിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിന്​ എല്ലാ ശ്രമവും നടക്കുന്നുണ്ട്. തലസ്ഥാന നഗരമായ ഡൽഹിയെ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി നെഹ്‌റുവിന്റെ കാൽപ്പാടുകൾ മായാതെ അവശേഷിക്കുന്ന സ്ഥാപനങ്ങൾ ഇന്നലെയുടെ കഥകളാക്കാൻ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. ഇങ്ങനെ മോദിയും കൂട്ടരും പടിപടിയായി അവരുടെ ഹിന്ദുത്വ കാഴ്ചപ്പാട് നടപ്പിലാക്കി ഇന്ത്യയെ ഒരു മതരാഷ്ടമാക്കി മാറ്റുമോ? സത്യത്തിൽ ഞാൻ ഭയപ്പെടുന്നുണ്ട്.

(തുടരും)


എസ്. ജയചന്ദ്രൻ നായർ

മുതിർന്ന പത്രാധിപർ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ 1957ൽ പുറത്തിറങ്ങിയ കൗമുദിയിൽ പത്രപ്രവവർത്തനം തുടങ്ങി. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു, പിന്നീട് സമകാലിക മലയാളം വാരികയുടെ എഡിറ്ററായ അദ്ദേഹം 2012ൽ രാജിവെച്ചു. എന്റെ പ്രദക്ഷിണ വഴികൾ, റോസാദലങ്ങൾ, പുഴകളും കടലും തുടങ്ങിയവ പ്രധാന കൃതികൾ. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'പിറവി', 'സ്വം' എന്നീ സിനിമകൾക്ക് കഥയും തിരക്കഥയുമെഴുതി.

എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments