അറസ്​റ്റിനുശേഷം ജയിലിലേക്കുകൊണ്ടുപോയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പിന്തുടർന്നെത്തിയ ചാനൽ സംഘങ്ങൾ ജയിൽ കവാടത്തി​നടിയിലൂടെ ക്യാമറകൾ ജയിൽ വളപ്പിലേക്ക്​ തിരിച്ചുവച്ചിരിക്കുന്നു /ഫോട്ടോ: ഹസനുൽ ബസരി പി.കെ.

കോവിഡ് കാലത്തെ മാധ്യമ നീതി:
​‘അതങ്ങ് പള്ളിയിൽ പറഞ്ഞാൽ മതി'

കേരളത്തിനും മലയാളികൾക്കും വേണ്ടി സംസാരിക്കാനാവാത്തവയായി മാധ്യമങ്ങൾ പരിവർത്തനപ്പെട്ടിരിക്കുന്നുവെന്നാണ് ഈ മഹാമാരിക്കാലത്തെ മാധ്യമനീതികൾ കാണിച്ചു തരുന്നത്

ലയാള മുഖ്യധാരാ മാധ്യമങ്ങൾ ഇത്രയേറെ ജനരോഷത്തിനും വിമർശനത്തിനും പരിഹാസത്തിനും ഇരയായി പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവന്ന ഒരു കാലം മുമ്പൊന്നും ഉണ്ടായിട്ടില്ല. മാധ്യമങ്ങളുടെ വിശ്വാസ്യതയിൽ ജനങ്ങൾ സംശയാലുക്കളായി മാറിക്കഴിഞ്ഞതിന്റെ കൂടി തെളിവാണല്ലോ കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു ഫലം? തുറന്ന വിമർശനത്തിനും അഭിപ്രായങ്ങൾക്കും ബാഹ്യനിയന്ത്രണങ്ങളില്ലാതെ ഇടം നൽകുന്ന ഡിജിറ്റൽ മാധ്യമങ്ങളിലൂടെ സാധാരണക്കാരായ ടി.വി പ്രേക്ഷകരും പത്രവായനക്കാരും ഈ മാധ്യമങ്ങളെ വിചാരണ ചെയ്തുകൊണ്ടിരിക്കയാണ്. ഇതിന്റെ ഫലമാണ് മാധ്യമങ്ങൾ ജനങ്ങളിൽ നിന്ന് നേരിടുന്ന സാർവത്രിക തിരസ്‌കാരം. ടെലവിഷൻ വാർത്തയെ പ്രേക്ഷകരും പത്രങ്ങളെ വായനക്കാരും കയ്യൊഴിയുന്നു. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചും ബോണസ് നിർത്തിയും പത്രപ്പേജിന്റെ എണ്ണം പകുതിയാക്കിയും കോവിഡ് മഹാമാരി വരുത്തിവച്ച പ്രതിസന്ധിയേക്കാൾ കടുപ്പമാണിത്.

വിശ്വാസരാഹിത്യത്തിന്റെ പാരമ്യം

വാർത്ത സംശുദ്ധമെന്ന മാധ്യമവിജ്ഞാനത്തിന് അടിവരയിടുന്ന നിഷ്‌കളങ്ക സമൂഹമല്ല ഇന്ന് മലയാളികൾ. ‘പത്രത്തിൽ വായിച്ചതാണ്', ‘ടി.വിയിൽ കണ്ടതാണ്' എന്നൊക്കെയുള്ള സാക്ഷ്യങ്ങളിൽ മലയാളിക്ക് വിശ്വാസരാഹിത്യം വന്നിട്ട് കാലമേറെയായി. മാധ്യമവ്യവഹാരത്തെ അഴിച്ചുപണിയുന്നതിൽ മലയാളി സമൂഹം ഏറെ മുന്നിലാണ്. ഇത് ബോധ്യപ്പെടാത്തവർ മുഖ്യധാരാ മാധ്യമങ്ങൾ മാത്രവുമാണ്. അവർ വരുത്തിവച്ച വിശ്വാസരാഹിത്യത്തിന്റെ പാരമ്യമാണ് കോവിഡ് കാലത്തെ മലയാള മാധ്യമ പ്രവർത്തനം മലയാളികൾക്ക് വെളിപ്പെടുത്തിയത്.

കോവിഡ് കാലത്തെ പ്രതിപക്ഷ സമരങ്ങളിലൊന്ന് / Photo: @chennithala,Twitter

കോവിഡ് വ്യാപനത്തിലേക്ക് കേരളം നീങ്ങിക്കൊണ്ടിരുന്ന ആദ്യ മൂന്നു മാസം മാധ്യമങ്ങൾക്കും ജനങ്ങൾക്കും ആശങ്കയുടേതായിരുന്നു. ‘ആശങ്ക' ആയിരുന്നല്ലോ, അന്ന് മാധ്യമ വാർത്തകളിൽ നിറഞ്ഞു നിന്ന വാക്കും. രോഗത്തിന്റെ ഗൗരവവും ദുരന്തവ്യാപ്തിയും മുന്നറിയിപ്പുകളും ജനങ്ങളെ അറിയിച്ച് വിപത്ക്കാലം നേരിടാൻ മാധ്യമങ്ങൾ ജനങ്ങളെ സജ്ജരാക്കിയ കാലം. ടി.വി ചർച്ചകളിൽ രാഷ്ട്രീയക്കാർക്കുപകരം ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും നിറഞ്ഞുനിന്നു. ടി.വി റെയ്റ്റിംഗിൽ മുഖ്യമന്ത്രിയുടെ ആറുമണി വാർത്താസമ്മേളനം റെക്കോർഡിട്ടു.
കാലാന്തരത്തിൽ ആരോഗ്യ വിദഗ്ധരുടെ പ്രൊഫഷനൽ മികവിനെ അവമതിക്കാനായി അൽപവിഭവരായ അവതാരകരുടെ ശ്രമം. രോഗപ്രതിരോധ പ്രവർത്തനത്തിൽ രാപ്പകൽ പങ്കാളിയായ ഒരു യുവഡോക്ടർക്കു നേരെ, അദ്ദേഹം സർക്കാരിന്റെ കോവിഡ് പ്രതിരോധ വിദഗ്ധ സമിതിയുടെ പ്രതിനിധിയായതു കൊണ്ടു മാത്രം ഒരു ചാനൽ അവതാരക തട്ടിക്കയറി തന്റെ "കോവിഡ് ചികിത്സാ വൈദഗ്ധ്യം' പുറത്തെടുത്തു. തന്നെ സംസാരിക്കാനനുവദിക്കാതെ തന്റെ അണ്ണാക്കിലേക്ക് അസംബന്ധങ്ങൾ കുത്തിക്കയറ്റിയ അവതാരകയുടെ ധാർഷ്ട്യത്തിലുള്ള പ്രതിഷേധം ആ യുവഡോക്ടർ ഡിജിറ്റൽ മാധ്യമത്തിലൂടെ അറിയിക്കുകയും മേലിൽ ആ ചാനലിൽ ചർച്ചക്ക് പോകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു!

സ്​പ്രിങ്ക്​ളർ വിവാദം എന്ന വെടിക്കെട്ട്

മൂന്നു മാസത്തെ സംയമന കാലത്തിനുശേഷം മാധ്യമങ്ങൾ സർക്കാരിന്റെ രോഗ പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന വാർത്താ നിർമിതിക്കും ആൾക്കൂട്ട സമാഹരണത്തിനും നേതൃത്വം നല്കുന്നതാണ് കേരളം കണ്ടത്. ഈ വിവാദ നിർമിതി കാലം കണ്ട ആദ്യ വെടിക്കെട്ടായിരുന്നു ‘സ്​പ്രിങ്ക്​ളർ വിവാദം'.
മലയാളിയായ രാഗി തോമസിന്റെ നേതൃത്വത്തിൽ ന്യൂയോർക്കിൽ പതിനൊന്നു വർഷമായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ സേവന സ്ഥാപനമാണ് Sprinklr. ആഗോള പ്രശസ്തിയുള്ള നിരവധി കമ്പനികൾ ഈ സ്ഥാപനത്തിന്റെ കസ്റ്റമർമാരാണ്. കേരളത്തിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സമാഹരണത്തിനും വിശകലനത്തിനുമായി സർക്കാർ ഈ കമ്പനിയുമായി ഒരു കരാർ ഒപ്പിടുന്നു. രോഗവ്യാപനം അത്യന്തം ആപത്കരമായ അളവിലേക്ക് കുതിച്ചുയരാമെന്നും അതിലൂടെ നമ്മുടെ ആശുപത്രി സംവിധാനങ്ങൾ തകിടം മറിയാമെന്നും വിദഗ്ധർ നല്കിയ മുന്നറിയിപ്പിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ കൈക്കൊണ്ട ഒരു തീരുമാനം. പക്ഷേ, മാധ്യമങ്ങൾ അതീവ കൗശലത്തോടെ ഈ ഉദ്യമത്തെ സംശയത്തിന്റെയും ഭീതിയുടെയും നിഴലിലേക്ക് തിരിച്ചുവിട്ടു. അതുവരെ സർക്കാരിന്റെ രോഗപ്രതിരോധ പ്രവർത്തനത്തിന്റെ മികവും ജനകീയമായ കരുതലും കണ്ട് നിരായുധരായി നിന്ന പ്രതിപക്ഷം സ്പ്രിങ്ക്‌ളർ ഉടമ്പടിയെ മുന്നിൽ നിർത്തി അഴിമതിക്കഥകൾ മെനഞ്ഞെടുത്തു.

പാസ് ഇല്ലാതെ വാളയാറിൽ കൂട്ടത്തോടെ എത്തിയവരെ സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കളെത്തിയപ്പോൾ

അഴിമതിയാരോപണങ്ങൾ ഗഡുക്കളായി ദിവസേന പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനമായി സംപ്രേഷണം ചെയ്തു. മാധ്യമങ്ങൾ സ്വന്തം കഥകൾ വേറെയും സൃഷ്ടിക്കുന്നു! ‘എൺപത്തിയേഴുലക്ഷം കേരളീയരുടെ റേഷൻ കാർഡിലെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്കു വിറ്റ് ഇരുനൂറു കോടിയുടെ അഴിമതി. സ്പ്രിങ്ക്ളർ കരാറിലെ ഒപ്പ് വ്യാജം. കരാർ നിയമവകുപ്പിനെ അറിയിക്കാതെ മറച്ചു വച്ചു. സ്പ്രിങ്ക്‌ളർ കരാറുമൂലമുള്ള നഷ്ടം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഐ ടി സെക്രട്ടറി എം. ശിവശങ്കറിൽ നിന്നും ഈടാക്കണം' - ആരോപണങ്ങൾ വാർത്താ കഥകളായും ചാനൽ ചർച്ചകളായും അമ്പരപ്പിച്ചു.

രോഗ ഭീതിയെ അവഗണിച്ചും ആൾക്കൂട്ടത്തെ തെരുവിലിറക്കാൻ മാധ്യമങ്ങൾ വസ്തുതാ പരിശോധനയേതുമില്ലാതെ നടത്തിയ പ്രചാരണം നന്നായി ഫലിച്ചു. രോഗവ്യാപനം പിടിച്ചു നിർത്താൻ ആരോഗ്യ പ്രവർത്തകർ നടത്തുന്ന കഠിന പരിശ്രമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ആൾക്കൂട്ട അരാജകത്വത്തിന് മാധ്യമങ്ങൾ അസാധാരണ കവറേജ് ഉറപ്പുവരുത്തി! മാധ്യമങ്ങൾ ആസൂത്രണം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ നടപ്പാക്കുന്ന സമരങ്ങളായി അവയെല്ലാം. സമരങ്ങളെ കോടതിക്കു വിലക്കേണ്ടിയും വന്നു. സ്​പ്രിങ്ക്​ളർ കരാർ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു.

വ്യാജവാർത്ത ഫൈസറിന്റെ ശ്രദ്ധയിൽ വന്നതോടെ എല്ലാവരും അതങ്ങു മുക്കി. അത്ര തന്നെ! ഒരാഗോളക്കമ്പനിയുടെ മാനനഷ്ടക്കേസു താങ്ങാനുള്ള കെൽപുണ്ടോ നമുക്ക്?

സ്​പ്രിങ്ക്​ളറിന്റെയും അവരുടെ സേവനം ഉപയോഗിക്കുന്ന ഫൈസർ എന്ന ആഗോള ഔഷധക്കമ്പനിയുടെയും വെബ് സൈറ്റുകളിൽ ആർക്കും ലഭ്യമാകുന്ന വിവരങ്ങൾ പോലും ‘ബ്രേക്കിംഗ് ' ആയി അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിക്കുന്ന ജേണലിസവും കണ്ടു. സ്​പ്രിങ്ക്​ളർ ശേഖരിച്ച മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ മരുന്നു കമ്പനിക്കു വിറ്റുവെന്ന് ഒരു ചാനൽ വിളിച്ചുകൂവാൻ തുടങ്ങിയപ്പോൾത്തന്നെ മറ്റുള്ളവരും അതേറ്റുപിടിച്ചു. ക്ഷണനേരത്തെ ആയുസ്സു മാത്രമേ ആ ‘വാർത്ത 'യ്ക്കു ഉണ്ടായുള്ളൂ. വ്യാജവാർത്ത ഫൈസറിന്റെ ശ്രദ്ധയിൽ വന്നതോടെ എല്ലാവരും അതങ്ങു മുക്കി. അത്ര തന്നെ! ഒരാഗോളക്കമ്പനിയുടെ മാനനഷ്ടക്കേസു താങ്ങാനുള്ള കെൽപുണ്ടോ നമുക്ക്?

‘സ്​പ്രിങ്ക്​ളർ വിവാദം' ജനങ്ങളിൽ പടർത്തിയ ഭീതിയും ആശയക്കുഴപ്പങ്ങളും പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം.ശിവശങ്കറിനെ ചുമതലപ്പെടുത്തുന്നു. സ്പ്രിങ്ക്‌ളർ കരാറിൽ സർക്കാറിനു വേണ്ടി ഒപ്പുവച്ചത് അദ്ദേഹമാണല്ലോ. ദീർഘകാലത്തെ ഭരണപരിചയമുള്ള ആ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങൾ ഓരോന്നിനെയും അങ്ങോട്ടു ചെന്ന് കാണുകയാണ്. വാർത്താ ചാനലുകൾ ആഘോഷപൂർവ്വം ശിവശങ്കറുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തു.

സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യലിനായി എൻ.ഐ.ഐ ഓഫീസിലെത്തിയ എം.ശിവശങ്കറിനു ചുറ്റുംകൂടിയ മാധ്യമക്യാമറകൾ

സർക്കാറും ശിവശങ്കറും തെറ്റുകാരാണെന്ന മുൻവിധിയോടെ മെനഞ്ഞെടുത്ത ചോദ്യങ്ങൾ ആവർത്തിച്ചും തങ്ങൾ ഐ.ടി സെക്രട്ടറിക്കു മുകളിൽ നില്ക്കുന്ന സാങ്കേതിക ജ്ഞാനികളാണെന്ന് സ്വയം വെളിപ്പെടുത്താനുള്ള വ്യഗ്രതയോടെയും അഭിമുഖകാരൻമാർ, ഇരുപത്തിയൊമ്പതു വർഷത്തെ സുദീർഘമായ ഭരണ പരിചയമുള്ള ഉദ്യോഗസ്ഥനു നേരെ ആക്രോശിച്ചു. അവരുടെ ക്ഷോഭത്തിനു മുന്നിൽ വിനീതനായിരുന്ന് ആ ഉദ്യോഗസ്ഥൻ സകല ചോദ്യങ്ങൾക്കും മനസ്സാന്നിധ്യത്തോടെ വിശദീകരണം നല്കുന്ന കാഴ്ച മലയാളികൾ കണ്ടു. അവയിലാദ്യം സംപ്രേഷണം ചെയ്ത സുദീർഘമായ അഭിമുഖത്തിലെ അവതാരകന്റെ, എം.ശിവശങ്കറിനു നേരെയുള്ള ക്ഷുഭിത പ്രയോഗമാണ് ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉദ്ധരിച്ചത്.

ശത്രുതയുടെ രാഷ്ട്രീയം

രോഗവ്യാപനം പിടിച്ചുനിർത്താൻ സർക്കാർ നടപ്പാക്കിയ ഓരോ ശ്രമവും പരാജയപ്പെടുത്തണമെന്ന വാശി മാധ്യമ റിപ്പോർട്ടുകളിൽ വായിച്ചെടുക്കാമായിരുന്നു. സാലറി ചാലഞ്ച്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം, പൊലീസിന്റെ റൂട്ട് മാർച്ച്, പ്രവാസികളുടെയും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും കേരളത്തിലേക്കുള്ള വരവിൽ ഏർപ്പെടുത്തിയ നിയന്ത്രണം എന്നിവയെല്ലാം എതിർക്കപ്പെട്ടു. അനുമതി പാസ് വാങ്ങാതെ വാളയാറിൽ കൂട്ടത്തോടെയെത്തിയവർക്ക് രക്ഷകരെന്നോണം പാഞ്ഞെത്തിയ മുതലെടുപ്പു രാഷ്ട്രീയത്തെ തത്സമയ സംപ്രേഷണത്തിലൂടെ ചാനലുകൾ ഊതി വീർപ്പിച്ചു.

മാർച്ച് 29ന് പായിപ്പാട് അന്തർസംസ്ഥാന തൊഴിലാളികൾ നടത്തിയ സമരം

പായിപ്പാട്ട് അതിഥിത്തൊഴിലാളികളെ പ്രലോഭിപ്പിച്ച് കൂട്ടത്തോടെ തെരുവിലിറക്കാൻ ഗൂഢമായി പ്രവർത്തിച്ചു ചില ടെലവിഷൻ ചാനലുകൾ! ജനങ്ങളുടെ ജീവനും രോഗപ്രതിരോധവും മാധ്യമ ജാഗ്രതയിൽ നിന്നും മാഞ്ഞുപോവുകയും പകരം ശത്രുതയുടെ രാഷ്ട്രീയം മേൽക്കൈ നേടുകയും ചെയ്യുകയായിരുന്നു. ചാനൽ ചർച്ചകളിൽ ആരോഗ്യ വിദഗ്ധരെ പുറംതള്ളി രാഷ്ട്രീയ താരങ്ങൾ തിരികെ വന്നു. കൊവിഡ് രോഗിക്കുള്ള ആംബുലൻസ് പത്തുമിനിറ്റ് വൈകിയതു പോലും വലിയ പാതകമായി അവതാരകരെ ക്ഷുഭിതരാക്കി!

ഇനിയും എന്തു പ്രതീക്ഷ?

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ തന്നെ പ്രശംസിക്കപ്പെട്ടതിനെ അഭിമാനപൂർവം ഏറ്റെടുക്കാനുള്ള ഉദാരത പോലും തങ്ങൾക്കില്ലെന്ന് മാധ്യമങ്ങൾ സ്വയം വെളിപ്പെടുത്തി. ബി.ബി.സി, ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ദ എക്കണോമിസ്റ്റ്, ഗാർഡിയൻ എന്നിങ്ങനെ അമ്പതോളം അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തെ അഭിനന്ദിച്ചത് പക്ഷേ, ഡിജിറ്റൽ മാധ്യമങ്ങളിൽ മാത്രം നിറഞ്ഞുനിന്നു. തങ്ങൾ പിന്തുടരുന്ന നിഷേധാത്മക റിപ്പോർട്ടിംഗുമായി ഇത്തരം അഭിനന്ദനങ്ങളെ ചേർത്തു വയ്ക്കാൻ മാധ്യമങ്ങൾക്ക് ജാള്യത തോന്നിയതാവുമോ?

കേരളത്തിനും മലയാളികൾക്കും വേണ്ടി സംസാരിക്കാനാവാത്തവയായി മാധ്യമങ്ങൾ പരിവർത്തനപ്പെട്ടിരിക്കുന്നുവെന്നാണ് ഈ മഹാമാരിക്കാലത്തെ മാധ്യമാനീതികൾ കാണിച്ചു തരുന്നത്. അമിതാധികാരവും ഭരണഘടനാനിന്ദയും ജനാധിപത്യ നിരാസവും മുഖമുദ്രയായി കൊണ്ടുനടക്കുന്ന കേന്ദ്രഭരണത്തോടും മാധ്യമങ്ങൾ നിസംഗരാണ്. പൗരത്വനിയമ സമരങ്ങളുടെ പേരിൽ രണ്ടു ദൃശ്യ മാധ്യമങ്ങൾ നേരിട്ട നിരോധനത്തിനെതിരെ ഒന്നു മോങ്ങാൻ പോലുമാവാതെ വിരണ്ടുപോയ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഇനിയും എന്തു പ്രതീക്ഷയാണ് മലയാളികൾ വച്ചു പുലർത്തേണ്ടത്? ▮


എൻ.കെ. രവീ​ന്ദ്രൻ

അധ്യാപകൻ, മാധ്യമപ്രവർത്തകൻ. മൗനത്തിന്റെ നാനാർത്ഥങ്ങൾ (എഡിറ്റർ), സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴിയില്ല, സ്വാതന്ത്ര്യത്തിനായുള്ള സാംസ്‌കാരിക പ്രവർത്തനം, പെണ്ണെഴുതുന്ന ജീവിതം എന്നിവ പ്രധാന കൃതികൾ.

Comments