പുതിയ മാധ്യമം
പുതിയ ഭാഷ
പുതിയ ട്രെൻഡ്​

നവമാധ്യമങ്ങളും ഡിജിറ്റൽ ടെക്​നോളജിയും അടക്കമുള്ള സംവിധാനങ്ങൾ ഭാഷാസംസ്​കാരത്തിൽ വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്യപ്പെടുന്നു.

ലയാള ഭാഷയുടെ വികാസത്തിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വലുതാണ്. അച്ചടി മാധ്യമമായിരുന്നു ഭാഷയെ ആദ്യകാലങ്ങളിൽ സ്വാധീനിച്ചത് എങ്കിൽ പിൽകാലത്ത് ശ്രവ്യ, ദൃശ്യ മാധ്യമങ്ങൾക്കും ഭാഷയുടെമേൽ കാര്യമായ സ്വാധീനം ചെലുത്താനായി. കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ നവമാധ്യമങ്ങൾ, ഇ-മാധ്യമങ്ങൾ എന്നിവയും പലവിധത്തിൽ ഭാഷാസംസ്‌കാരത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചുവരുന്നു. 21-ാം നൂറ്റാണ്ടിൽ വന്നുചേരുന്ന മാറ്റങ്ങൾ ഭാഷയെ വികലമാക്കുന്നതായ തോന്നൽ ചിലർക്കെങ്കിലുമുണ്ട്.

എന്തൊക്കെയാണ് മാധ്യമങ്ങളിലൂടെ തുടക്കമിട്ട ഭാഷാമാറ്റങ്ങൾ?
അവ നമ്മുടെ ധാരണകളെ എങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നു? ഇത്തരം അന്വേഷണങ്ങൾക്ക് പ്രസക്തിയുണ്ട്.

മാധ്യമങ്ങൾ നടപ്പിലാക്കുന്ന പ്രയോഗങ്ങൾ ഭാഷാരീതിയിൽ മാറ്റം ഉത്തേജിപ്പിക്കുകയും അത് സമൂഹം അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ ഭാഷയിൽ വന്നുചേരുന്ന സ്വാഭാവിക പരിണാമമായി അവയെ കണക്കാക്കും. പുതിയ പദങ്ങൾ മാധ്യമത്തിലൂടെ ആവർത്തിച്ചുപയോഗിക്കുന്നതിനാൽ അവ പുതിയ ഭാഷാരീതിയായി സ്വീകരിക്കപ്പെടുകയും ചെയ്യും.
മറ്റൊരു നിരീക്ഷണവും കൂടി പരിഗണിക്കേണ്ടതുണ്ട്. അത് നഷ്ടപ്പെട്ടുപോകുന്ന മലയാള പദങ്ങളാണ്. പുതിയ പ്രയോഗങ്ങൾ മാധ്യമങ്ങളിലൂടെ നമ്മിലെത്തുന്നത് നിലവിലുള്ള പദസമ്പത്ത് നഷ്ടപ്പെടുത്തിയാകുന്നത് ശരിയല്ല എന്ന ചിന്തയും ഗൗരവമുള്ളതാണ്. ഉപേക്ഷിക്കപ്പെടുന്ന പദങ്ങൾക്കുപകരം ഇതരഭാഷകളിൽ നിന്ന് കടംകൊള്ളുകയാണ് പതിവുരീതി. മാധ്യമങ്ങൾ ഇതേറെക്കുറെ ഇംഗ്ലീഷ് ഭാഷയിൽ നിന്ന് മതി എന്ന നിലപാടിലാണെന്നു തോന്നും ചിലപ്പോൾ.
ആശയവിനിമയം, വിദ്യ, വിനോദം, തുടങ്ങി ഏതു വിഷയവുമായിക്കോട്ടെ, മാറ്റങ്ങൾ ഉണ്ടാകേണ്ടതാണ്. പുതിയ പ്രയോഗങ്ങൾ വരുന്നതും പഴയ ഭാഷാപദങ്ങൾ ക്രമേണ അപ്രത്യക്ഷമാകുന്നതും പൂർണമായി തടയാനാവില്ല. എന്നാലിത് ഏതെങ്കിലും ഒരു ദിശയിൽ തന്നെയാകുന്നത് പ്രശ്നമാകുന്നു.

ഇപ്പോൾത്തന്നെ ചിഹ്നങ്ങളും ചുരുക്കെഴുത്തും ഇമോജികളും മലയാള കഥയിലും കവിതയിലും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇത് ഡിജിറ്റൽ ഭാഷയുടെ ഹൈബ്രിഡിറ്റിയെ സൂചിപ്പിക്കുന്നുണ്ടാകാം.

പത്രങ്ങൾ തന്നെയാണ് കേരളത്തിലെ പ്രധാന മാധ്യമം. ആനുകാലികങ്ങൾ എന്ന് വിളിക്കാവുന്ന രണ്ടു പ്രസിദ്ധീകരണങ്ങൾ 1847-ൽ ഹെർമൻ ഗുണ്ടർട്ട് മുൻകൈയെടുത്ത് വിതരണം ചെയ്തിരുന്നു. വർത്തകളേക്കാൾ ചരിത്രം, മതപഠനം, ശാസ്ത്രം എന്നിവയ്ക്ക് പ്രാധാന്യം നല്കിയിരുന്നതിനാൽ ഇവയെ പത്രങ്ങളായി പരിഗണിക്കേണ്ടതില്ല. എന്നാൽ സാക്ഷരത പരിമിതമായിരുന്ന അക്കാലത്ത് വായനയിലേക്ക് കുറേപ്പേരെയെങ്കിലും കൊണ്ടുവരുന്നതിന് ആദ്യകാല ശ്രമങ്ങൾ സഹായിച്ചിട്ടുണ്ടെന്നു കരുതാം. ഈ പരീക്ഷണങ്ങൾ തന്നെയാണ് പത്രം എന്ന മൂർത്തമായ മാധ്യമത്തിലേക്ക് നയിച്ചത്. മലയാള പത്രമാധ്യമത്തിന്റെ പിതാവ് എന്ന പരിഗണനയർഹിക്കുന്നത് ദേവ്ജി ഭിംജി എന്ന ഗുജറാത്തി സംരംഭകനാണ്. അദ്ദേഹം കൊച്ചിയിൽ നിന്ന്​1881 മുതൽ ‘കേരളമിത്രം' പ്രസിദ്ധീകരിച്ചുതുടങ്ങി. ആഴ്ചയിൽ ഒന്ന് എന്നകണക്കിൽ പുറത്തുവന്ന പത്രം വാർത്തകൾ, ആനുകാലികപ്രശ്‌നങ്ങൾ, ഭാഷ, സാഹിത്യം, തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു.
സാക്ഷരത നന്നേ കുറവായിരുന്ന കാലത്ത് പത്രം തുടങ്ങുക ഒരു സാഹസം തന്നെയായിരിക്കണം. അന്നത്തെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള ചരിത്രരേഖകളാകട്ടെ, തികച്ചും പരിമിതവും. ജനജീവിതത്തെക്കുറിച്ചറിയാൻ ലഭ്യമായ ചില നിരീക്ഷണങ്ങളേയോ ഇതര രേഖകളേയോ ആശ്രയിക്കുകയല്ലാതെ നിവർത്തിയില്ല.

ഹെർമൻ ഗുണ്ടർട്ട് 1847ൽ തലശ്ശേരിയിൽ വെച്ച് അച്ചടിച്ച് പ്രസിദ്ധീകരിച്ച ക്രിസ്തു സഭാചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്‌കാൻ. ഗുണ്ടർട്ടിന്റെ രചനകൾ ചരിത്രം, മതപഠനം, ശാസ്ത്രം എന്നിവയ്ക്ക് പ്രാധാന്യം നല്കിയിരുന്നതിനാൽ ഇവയെ പത്രങ്ങളായി പരിഗണിക്കാൻ കഴിയില്ലെങ്കിലും, സാക്ഷരത പരിമിതമായിരുന്ന കാലത്ത് വായനയിലേക്ക് കുറേപ്പേരെയെങ്കിലും കൊണ്ടുവരുന്നതിന് ആദ്യകാല ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്. / Photo: Shiju Alex, shijualex.in

വാർഡ്, കോണർ എന്നീ രണ്ടു സർവേ ഉദ്യോഗസ്ഥർ 1816-20 കാലത്ത് തിരുവിതാംകൂർ- കൊച്ചി മേഖലയിൽ നടത്തിയ സർവേ റിപ്പോർട്ട് അക്കാലത്തെ സാമൂഹികാവസ്ഥയുടെ രേഖപ്പെടുത്തൽ കൂടിയാണ്. ഇവിടെ താമസിക്കുന്നവർക്ക് പുറംനാടുകളെപ്പറ്റിയോ, സ്വന്തം നാടിനെപ്പറ്റിയോ കൂടുതൽ അറിവുണ്ടാകണമെന്ന ആഗ്രഹമില്ല. അയൽക്കാരെക്കുറിച്ചറിയാനും അവരുമായി ഇടപെടാനും വൈമുഖ്യം കാട്ടുന്നു. മറ്റുള്ളവരെല്ലാം തങ്ങളേക്കാൾ മോശക്കാരാണെന്ന ചിന്തയും ഇല്ലാതില്ല. എന്തെങ്കിലും സാഹസികത്വം ജീവിതത്തിൽ ഉണ്ടാകണമെന്ന ചിന്ത അശേഷമില്ലെന്നു കരുതാം. ജില്ലകളിൽ അങ്ങിങ്ങായി ഏതാനും സ്‌കൂളുകൾ ഉണ്ടെങ്കിലും വിദ്യാഭ്യാസം പ്രത്യേക ശ്രദ്ധയാകർഷിക്കുന്നതായി തോന്നുന്നില്ല.

വാർഡ്, കോണർ റിപ്പോർട്ട് സമർപ്പിച്ച് അമ്പതുവർഷം കഴിഞ്ഞാണ് തിരുവിതാംകൂറിൽ ആദ്യ സെൻസസ് നടക്കുന്നത്. സെൻസസിലെ (1875) കണ്ടെത്തലുകളെക്കുറിച്ച് സാമുവേൽ മറ്റിർ (Samuel Mateer: The Native Life in Travancore, 1883) അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. ആകെ ജനസംഖ്യയുടെ 5.74% പേർക്ക് എഴുതാനും വായിക്കാനും അറിയാം. പഠനത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായ തിരുവനന്തപുരത്ത് 15% പേർ സാക്ഷരരായിരുന്നപ്പോൾ കുന്നത്തൂർ താലൂക്കിൽ അത് 2.79% മാത്രമായിരുന്നു. ഈ സാഹചര്യത്തിൽ എത്രപേർക്ക് പത്രവായനയിൽ താത്പര്യമുണ്ടാകാനിടയുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദലിത്, ഈഴവ സമൂഹങ്ങളിൽ 1891-ലെ സാക്ഷരത യഥാക്രമം 0.09, 1.57 ശതമാനം വീതം ആയിരുന്നത് 1941 ആയപ്പോൾ 17.0, 46.5 ശതമാനം എന്ന നിലയിലായി. ഇതേ കാലഘട്ടത്തിലാണ് മലയാളത്തിൽ പത്രങ്ങളും പുസ്തകങ്ങളും ധാരാളമായി പുറത്തുവരാൻ തുടങ്ങിയത്.

ടെക്​സ്​റ്റിലൂടെ പല സാംസ്‌കാരികചിഹ്നങ്ങളും അടയാളങ്ങളും കടത്തിവിടാം എന്നതിനാൽ ഡിജിറ്റൽ യുഗത്തിൽ മാധ്യമഭാഷ പ്രത്യയശാസ്ത്രങ്ങളുടെയും ചിന്താഗതികളുടെയും പരീക്ഷണശാല കൂടിയാകും എന്നുറപ്പ്.

എന്നാൽ 1980 കളായപ്പോൾ വായന സംസ്‌കാരത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നൂറോളം വാരികകളും എഴുപതിൽപരം ദിനപത്രങ്ങളും കൊണ്ട് കേരളം നിറഞ്ഞുവെന്നുവേണം പറയാൻ. പത്രപ്രവർത്തനം ഒരു സൗജന്യ സേവനമോ, സാമൂഹ്യപ്രവർത്തനമോ അല്ല, അതിലുപരി, വിപുലമായ അടിത്തറയുള്ള വ്യവസായമായി. വ്യവസായമായി നിലനിൽക്കണമെങ്കിൽ അതിന്​ ജനഹൃദയത്തിൽ സ്ഥാനമുണ്ടായിരിക്കുകയും അവരെ സ്വാധീനിക്കാനുള്ള കഴിവാർജിക്കുകയും വേണം. പത്രങ്ങളുടെ സ്വാധീനം നിലപാടുകളിലും നയങ്ങളിലുമെന്നപോലെ ഭാഷയിലുമുണ്ട്. പത്തിൽ ഒമ്പതുപേർക്കും എഴുത്തും വായനയും വശമാണെന്നിരിക്കെ ആറുപേരെങ്കിലും ഏതെങ്കിലും പത്രം വായിക്കുന്നവരാണെന്നനുമാനിക്കാം. ഇപ്രകാരം പത്രങ്ങൾക്ക് വളരാനുള്ള സാഹചര്യം കേവലം സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മാത്രമൊതുങ്ങുന്നതല്ല; അക്കാലത്തെ സാമൂഹിക- രാഷ്ട്രീയ മാറ്റങ്ങൾ സാധാരണക്കാരെ വായനയിലേക്കടുപ്പിക്കാൻ പോന്നതായിരുന്നു. കേരളത്തിലെ ബഹുജനമുന്നേറ്റങ്ങൾ, സംഘർഷങ്ങൾ, മർദനങ്ങൾ, തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾ അറിഞ്ഞിരുന്നത് പത്രങ്ങളിലൂടെയായിരുന്നല്ലോ. പാരായണവും തുടർന്നുള്ള ചർച്ചകളും കേരളത്തിലെങ്ങും സജീവമായത് ഭാഷയെ സ്വാധീനിച്ചതെങ്ങനെ എന്ന് പരിശോധിക്കാം.

കണ്ടത്തിൽ വർഗീസ് മാപ്പിള. മലയാള മനോരമയ്ക്ക്് മുമ്പ് 1881-ൽ ദേവ്ജി ഭിംജി ആരംഭിച്ച കേരളമിത്രത്തിന്റെ ആദ്യ എഡിറ്റർ വർഗീസ് മാപ്പിളയായിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ കൈയിലെത്തുന്ന അനവധി റിപ്പോർട്ടുകളും, ന്യൂസ് ബിറ്റുകളും, തർജമ ചെയ്ത്​മലയാളത്തിലാക്കി അച്ചടിക്കാൻ പറ്റുംവിധം തയ്യാറാക്കണം. വിളനിലത്തിന്റെ (Vilanilam, JV.- ‘മാധ്യമങ്ങളും ആനുകാലിക സാമൂഹിക പ്രശ്‌നങ്ങളും') അഭിപ്രായത്തിൽ, ‘ഇംഗ്ലീഷ് ഭാഷയിലുള്ള പലതും വായിച്ചുമനസ്സിലാക്കി തർജമ ചെയ്യുകയെന്നത് മിക്ക പത്രറിപ്പോർട്ടർമാരും സബ് എഡിറ്റർമാരും അവശ്യം ചെയ്യേണ്ട കാര്യമാണ്. മിക്ക വാർത്താ ഏജൻസി റിപ്പോർട്ടുകളും - ദേശീയമോ അന്തർദേശീയമോ ആകട്ടെ - ടെലിപ്രിന്ററുകൾ, അല്ലെങ്കിൽ കമ്പ്യൂട്ടർ മോണിറ്റർ വഴി ഇംഗ്ലീഷിലാണ് മിക്ക പത്രസ്ഥാപനങ്ങളിലും എത്തുക.'
അങ്ങനെ തർജമ എന്നത് പത്രഭാഷയുടെ പ്രധാനഘടകമെന്നു വരുന്നു; തർജമ പ്രായോഗിക മലയാളത്തിലെ ആദ്യ സ്വാധീനങ്ങളിൽപെടുന്നു. തത്സമയം തർജമ ചെയ്യുന്നവരുടെ കരസ്പർശം മുഖപ്രസംഗം, ലേഖനങ്ങൾ എന്നിവയിലും ഉണ്ടാകാതിരുന്നില്ല. ഇ.എം.എസ്.​ (Namboothirippad, E M S., Selected Essays, Ch 13, 1st Ed., Kerala Sahitya Akademy,1998) കരുതുന്നത്, ഇംഗ്ലീഷ് ഭാഷയ്ക്ക് മലയാളത്തിനുമേൽ ലഭിച്ച സ്വാധീനം ഈ പത്രപ്രവർത്തനം മൂലമാണ് എന്നുതന്നെ. പലവിധത്തിലുള്ള ശൈലീഭംഗങ്ങളും അബദ്ധങ്ങളും ദിനപത്രത്തിൽ സ്ഥാനംപിടിക്കുകയും സാധാരണക്കാരെ അതുമായി പരിചയപ്പെടുത്തുകയും ചെയ്തുപോന്നു.

കൂടാതെ, പരിഭാഷകളിൽ അന്യഭാഷാ പദഭ്രമം മലയാള മാധ്യമങ്ങളിൽ ഏറെയുണ്ട്. ലളിതവും ഓജസ്സുറ്റതുമായ മലയാളപദങ്ങൾക്കുപകരം സംസ്‌കൃതപദങ്ങൾ ഉപയോഗിക്കുന്ന രീതിയിലെത്തിക്കാൻ അഖിലേന്ത്യ റേഡിയോ നൽകിയ സംഭാവനയും ചില്ലറയല്ല. അച്ഛൻ, അമ്മ, മകൻ, ഭാര്യ തുടങ്ങിയ പച്ചമലയാള പദങ്ങൾക്കുപകരം പത്രമാധ്യമങ്ങൾ പ്രചരിപ്പിച്ചത് പിതാവ്, മാതാവ്, പുത്രൻ, പത്നി മുതലായ വാക്കുകളാണ്. ഈ പദങ്ങളെ ഔപചാരിക ഭാഷയായും അച്ഛൻ, അമ്മ തുടങ്ങിയ പദങ്ങൾ വാമൊഴി ഭാഷയായും വേർതിരിക്കാൻ പത്രങ്ങൾ സഹായിച്ചു. ഇത്തരം അനേകം വാക്കുകളിലേക്ക് ഇ.എം.എസ്.​ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ബനാന (banana) നേന്ത്രപ്പഴത്തെ മാത്രം സൂചിപ്പിക്കുന്നു. കമ്പോളം (market) വിപണിയും, പങ്കുപാട്ടം (share cropping) ഭാഗമനുസരിച്ച കൃഷിയും, പണം (ധനം) എന്ന അർഥത്തിൽ ഉപയോഗിക്കുന്ന resource വിഭവം ആകുന്നതും പത്രത്തിലൂടെയാണ്. പദാനുപദ തർജമയോടും സംസ്‌കൃതവത്കരണത്തോടും വിപ്രതിപത്തിയുണ്ടെങ്കിലും അങ്ങനെതന്നെയാണ് സംഭവിച്ചത്. ശുദ്ധമലയാള പദങ്ങൾ അനൗപചാരികവും സംഭാഷണം പ്രയുക്തവും (colloquial) ആയി തിരസ്‌കരിക്കപ്പെട്ടു. ബോട്ടിൽനെക് (bottleneck) കുപ്പിക്കഴുത്തും, ബുക്മേക്കർ (bookmaker) പുസ്തക വ്യാപാരിയുമായി ഉപയോഗിച്ചുകണ്ടു.

അപൂർണമായ ഔപചാരികതയാണ് പത്രഭാഷയുടെ ശക്തിയും സൗന്ദര്യവും. എന്നാൽ നമ്മുടെ പത്രങ്ങൾ മലയാളമില്ലാമലയാളവും കട്ടിയായ സംസ്‌കൃതവും ചിലപ്പോൾ തെരുവുശൈലിയും പ്രായോഗിക ഭാഷയിൽ കൊണ്ടുവന്നു. ഇതിനെതിരായ ശ്രമങ്ങളും ചിലപ്പോഴൊക്കെ നടന്നിട്ടുണ്ട്.

അച്ചടിമാധ്യമം ഭാഷയ്ക്ക് പുതിയൊരു ശൈലി സമ്മാനിച്ചു. പത്രങ്ങളുടെ വാക്യസഞ്ചയം (reading passage) ആകസ്മിക ഭാഷണത്തിന്റെയും ഗ്രന്ഥശൈലിയുടെയും ഇടയ്ക്കെവിടെയോ നിലകൊള്ളുന്നു. ശബ്ദത്തിലും ശബ്ദമില്ലാതെയും പാരായണം ചെയ്യാവുന്നതാണെല്ലോ പത്രങ്ങൾ. ഒറ്റയ്ക്ക് കോലായിൽ നിശബ്ദമായും, ചായക്കടകളിലും പീടികകളിലും ഇരുന്ന് കൂട്ടായും വായിക്കുമ്പോഴും പത്രം നമ്മോട് നേരിട്ടുസംസാരിക്കുന്നുവെന്ന് തോന്നൽ നൽകണം. സല്ലാപശൈലി വർജിക്കുകയും വേണം. ഇതാണ് പത്രഭാഷയുടെ രീതി. അപൂർണമായ ഔപചാരികതയാണ് പത്രഭാഷയുടെ ശക്തിയും സൗന്ദര്യവും. എന്നാൽ നമ്മുടെ പത്രങ്ങൾ മലയാളമില്ലാമലയാളവും കട്ടിയായ സംസ്‌കൃതവും ചിലപ്പോൾ തെരുവുശൈലിയും (slang) പ്രായോഗിക ഭാഷയിൽ കൊണ്ടുവന്നു. ഇതിനെതിരായ ശ്രമങ്ങളും ചിലപ്പോഴൊക്കെ നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, കെ.സി. കേശവപിള്ളയുടെ, ‘ചില പ്രയോഗഭേദങ്ങൾ' എന്ന മാധ്യമലേഖനത്തെ സ്വദേശാഭിമാനി ആക്രമിച്ചത്, അതിലെ ഒരു പ്രയോഗത്തിന്റെ പേരിലാണ്. ‘ഭാഷാപരിഷ്‌കാരം കൊണ്ടുപിടിച്ചു നടന്നുവരുന്നു' എന്ന വാക്യത്തിൽ ‘കൊണ്ടുപിടിച്ചു' എന്നല്ല, ‘ഊർജിതമായി' ആണ് ശരി എന്നതായിരുന്നു തർക്കത്തിന് ഹേതു.

ഇ.എം.എസ്. കരുതുന്നത്, ഇംഗ്ലീഷ് ഭാഷയ്ക്ക് മലയാളത്തിനുമേൽ ലഭിച്ച സ്വാധീനം പത്രപ്രവർത്തനം മൂലമാണ് എന്നുതന്നെ.

പുതുപദനിർമിതികൾ പലതും പ്രചാരത്തിൽ വന്നത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ ആവിഷ്‌കരിച്ച വാക്കുകൾ പാരായണക്കാർ ആവർത്തിച്ചപ്പോൾ അവ സാധാരണക്കാരുടെ നാവിൻതുമ്പിലെത്തി. കടുകട്ടിയായ ഇംഗ്ലീഷ്, സംസ്‌കൃതം പദങ്ങളോടൊപ്പം മലയാളപദങ്ങളും പ്രചാരത്തിലായി. കർഷക ആത്മഹത്യ, കോഴ വിവാദം, മാഫിയ, കാണാച്ചരട്, പനിമരണം, സിൻഡിക്കേറ്റ്, വ്യാജരേഖ, കൈപ്പുസ്തകം, വെട്ടിനിരത്തൽ, കരിംപണം, കരിമ്പട്ടിക, കളങ്കിതർ, താക്കോൽസ്ഥാനം, മഹാമാരി, എന്നിവ ക്രമേണ പുതിയ ആശയങ്ങൾ കൈവരിച്ച പദങ്ങളാണ്. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ട്​ നിർമിക്കാനുപയോഗിച്ച ‘നാടൻകൂട്ട്', ചാകരക്കൊയ്ത് നടത്താനുള്ള ‘തട്ടുമടി' രീതി എന്നിവയെ മാധ്യമങ്ങൾ കൈയൊഴിഞ്ഞു.

വ്യക്തികളുടെ പേരുകൾ മാധ്യമങ്ങൾ സജീവമായി ഇടപെട്ട മറ്റൊരിടമാണ്. റോബ്‌സപ്യേ എന്നത് റോബസ്പിയറും, അൽബേർ കമ്യൂ എന്നത് ആൽബർട്ട് കാമസ്-ഉം ആയി. ജവാഹർലാൽ, ദേസായ്, മോദി എന്നീ പേരുകളെ ജവഹർലാൽ, ദേശായി, മോഡി എന്നിങ്ങനെ സമൂഹമനസ്സിൽ സ്ഥാപിച്ചതും മാധ്യമങ്ങളാണ്. സ്ത്രീശാക്തീകരണം, കോവിഡാനന്തരം, ആഗോളവൽകരണം (ശക്തീകരണം, കോവിഡനന്തരം, ആഗോളീകരണം പോരെ?) എന്നിവ മറ്റ്​ ഉദാഹരണങ്ങൾ. പോസ്റ്റ് ട്രൂത്ത് മാധ്യമങ്ങളിലൂടെ വന്നപ്പോൾ സത്യാനന്തരം എന്ന ആശയത്തിലേയ്ക്ക് ചുരുങ്ങിയതും ശ്രദ്ധിക്കുക. ഇടപെടൽ (intervention), ഉൾച്ചേർത്ത വിദ്യാഭ്യാസം (inclusive education), സ്വവർഗാനുരാഗം (gay, same-sex) എന്നിവയും അർഥപൂർണമാണോ എന്ന സംശയം നിലനിൽക്കുന്നു.

ഓരോ പത്രവും ഇഷ്ടപ്പെട്ട ഭാഷാഭേദം തിരഞ്ഞെടുക്കുന്നതോടെ വായനക്കാരുടെമേൽ അതുമായി പൊരുത്തപ്പെടാനുള്ള സമ്മർദമേറും. ക്രമേണ മാധ്യമങ്ങൾ നമ്മുടെ വായനഭാഷ പത്രത്തിന്റെതുമായി സമാനമാക്കുന്നു.

ലഘുവായ ഭാഷാശൈലിയും ചെറിയ വാക്യങ്ങളുമാണ് പത്രങ്ങളെ സംവേദനക്ഷമമാക്കുന്നത്. ഗ്രാമ്യഭാഷയും (colloquial) തെരുവുഭാഷയും (slang) ഉപയോഗിക്കുന്നവർക്കും ഭാഷാഭേദങ്ങളും, ഉപഭാഷകളും സ്വന്തമായവർക്കും പത്രഭാഷ കൃത്രിമമെന്ന തോന്നലുണ്ടാകാം. ഓരോ പത്രവും ഇഷ്ടപ്പെട്ട ഭാഷാഭേദം തിരഞ്ഞെടുക്കുന്നതോടെ വായനക്കാരുടെമേൽ അതുമായി പൊരുത്തപ്പെടാനുള്ള സമ്മർദമേറും. ക്രമേണ മാധ്യമങ്ങൾ നമ്മുടെ വായനഭാഷ പത്രത്തിന്റെതുമായി സമാനമാക്കുന്നു. നേരത്തെ ഉപഭാഷകളിൽ നിലനിന്ന പല പദങ്ങളും പ്രയോഗങ്ങളും സാർവത്രിക ഭാഷാരീതിക്ക് കീഴടങ്ങുന്നതും കാണാം. ചില വാക്കുകൾ പണ്ട് പ്രചാരത്തിലിരുന്നുവെന്ന് വിശ്വസിക്കുകപോലും പ്രയാസമാണിപ്പോൾ. ഏതാനും പദങ്ങൾ നോക്കാം; പിടിവാറണ്ട് (സമൻസ്), കൊക്ക (പൂട്ട്), തമി (മഞ്ഞൾ), വല്ലാരി (സവാള), മടയൻ (ക്ഷേത്രകാര്യസ്ഥൻ), വട്ടളം (വാർപ്പ്). അതുപോലെ, പുതിയ ഇംഗ്ലീഷ് വാക്കുകൾക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന അനേകം മലയാളപദങ്ങളുണ്ട്. കടലാസ് (paper), ഗുമസ്തൻ (clerk), മുറി (room), പിഞ്ഞാണം (plate), കക്കൂസ് (toilet/ ശുചിമുറി), തിരശീല/ ശീല (curtain), ഇനാം/ കിഴിവ് (discount), കമ്പോളം (market) എന്നിവ ഉദാഹരണമായി കാണാം.

മാധ്യമ ഭാഷകളുടെയും ജനകീയ ഭാഷകളുടെയും പാരസ്പര്യം വ്യത്യസ്തമായ ഫലങ്ങൾ ഉളവാക്കിക്കാണണം. ഒന്ന്, പ്രായേണ ശക്തമായതും സാമൂഹിക സാംസ്‌കാരിക ഔന്നത്യം അവകാശപ്പെടാവുന്നതുമായ ഭാഷാഭേദങ്ങൾ ശക്തിയാർജിക്കുകയും ഏറെക്കുറെ മാനകഭാഷ (standard language) എന്ന അവസ്ഥയിലെത്തുകയും ചെയ്യും. രണ്ട്, ദുർബലമായ ഉപഭാഷകളിലെ വിശേഷപ്പെട്ട പ്രയോഗങ്ങളും ശൈലികളും തിരസ്‌കരിക്കപ്പെടുകയോ അന്തസ്സുറ്റവയല്ലാത്തതെന്ന് കരുതപ്പെടുകയോ ചെയ്യും. മൂന്ന്, ഭാഷാഭേദങ്ങൾ, പ്രത്യേകിച്ച് ഉപഭാഷകൾ അവയുടെ നൈസർഗിക വാസനകളോടെ നിലനിൽക്കുന്നത് ശരിയല്ലെന്ന തോന്നൽ ക്രമേണ ശക്തിപ്പെടുമ്പോൾ ലേശം കൃത്രിമത്വമുണ്ടെങ്കിലും അച്ചടിഭാഷയ്ക്ക് സ്വീകാര്യതയുണ്ടാകും.

മലയാള മനോരമ ദിനപത്രത്തിന്റെ '100 വർഷം മുൻപ്' പംക്തി. അച്ചടിമാധ്യമം ഭാഷയ്ക്ക് പുതിയൊരു ശൈലി സമ്മാനിച്ചു. പത്രങ്ങളുടെ വാക്യസഞ്ചയം (reading passage) ആകസ്മിക ഭാഷണത്തിന്റെയും ഗ്രന്ഥശൈലിയുടെയും ഇടയ്ക്കെവിടെയോ നിലകൊള്ളുന്നു.

ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ പരകീയ പദങ്ങൾക്ക് പകരംവെയ്ക്കാൻ തത്തുല്യമായ മലയാളപദങ്ങൾ കണ്ടെത്താൻ ശ്രമം തുടങ്ങിയിരുന്നു. പാഠ്യപദ്ധതികളിൽ മലയാള വാക്കുകളുടെ ദൗർലഭ്യം പരിഹരിക്കുകയും അതുവഴി സാമൂഹികവ്യവഹാരത്തിലെ ഭാഷ സമ്പുഷ്ടമാക്കുകയും പദ്ധതി ലക്ഷ്യമിട്ടിരുന്നു. ഇതേക്കുറിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ‘ത്രിഭാഷാപദ്ധതി: ഒരു പുനരവലോകനം' എന്ന ലേഖനത്തിൽ പറയുന്നതിങ്ങനെ: ‘‘അവയിൽ ഉപയോഗിച്ച ഭാഷാശൈലി പലപ്പോഴും കൃത്രിമമാകുന്നു. ഇംഗ്ലീഷ് സാങ്കേതിക പദങ്ങൾക്ക് തത്സമമായ സംസ്‌കൃതപദങ്ങൾ കണ്ടുപിടിക്കാനുള്ള ശ്രമം, ശുദ്ധമലയാളത്തിൽ പറയാവുന്ന കാര്യങ്ങൾ പോലും സംസ്‌കൃതത്തിൽ പറയാനുള്ള പ്രവണത, മുതലായ പല വൈകല്യങ്ങളുമുണ്ട്. ശാസ്ത്ര- സാങ്കേതിക കാര്യങ്ങളിൽ നമ്മുടെ ഭാഷ താരതമ്യേന ദരിദ്രമാണെങ്കിലും മലയാളപദങ്ങൾ ഉപയോഗിക്കാവുന്നിടത്തുപോലും സംസ്‌കൃതപദങ്ങൾ ഉപയോഗിക്കാനുള്ള പ്രവണത മുതലായവ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളിൽ ധാരാളമുണ്ട്. അവയെല്ലാം പരിശോധിച്ച് കഴിയുന്നത്ര ‘മലയാളത്തനിമ'യോടുകൂടിയ മലയാള ഭാഷ ഗ്രന്ഥങ്ങൾ രചിക്കാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ സംസ്‌കൃതപദങ്ങൾക്കോ ഇംഗ്ലീഷ് പദങ്ങൾക്കോ പ്രതികൂലമായ പക്ഷപാതം കാണിക്കാതിരിക്ക കൂടി വേണം.’’

അതായത്, പദങ്ങൾ മാത്രമല്ല കടംകൊള്ളുന്നത്; ഭാഷാശൈലി കൂടി കടംകൊള്ളുന്നത് സാധാരണയായി. ഇംഗ്ലീഷ് വാചകങ്ങളുടെയും ആശയങ്ങളുടെയും പരിഭാഷയെന്നു തോന്നിപ്പിക്കുന്ന മലയാളം വാർത്തകളിലും ലേഖനങ്ങളിലും മാത്രമല്ല പരസ്യങ്ങളിലും കാണാനാകും. പരസ്യവാചകങ്ങൾ ദിവസങ്ങളോളം നമ്മുടെ മനസ്സിൽ തങ്ങും. മാധ്യമപ്പരസ്യങ്ങളിൽ വ്യക്തമായ ആംഗലസ്വാധീനം എന്നുമുണ്ടായിരുന്നു. ഏതാനും ഉദാഹരണങ്ങൾ പരിശോധിക്കാം:

1. ടൈപ്പിസ്റ്റുമാരെ നിങ്ങൾക്ക് ഇതറിയാമോ?
റോയൽ ടൈപ്പ്റൈട്ടറിന്റെ തംബ് സ്‌ക്രൂ കുറച്ചൊന്നു തിരിച്ചാൽ വിരലുകൊണ്ടമർത്തേണ്ട ശക്തി നിങ്ങളുടെ ഒരോരുത്തരുടെയും ഇഷ്ടംപോലെ കുറയ്ക്കുകയും കൂട്ടുകയും ചെയ്യാം.
ടൈപ്പിസ്റ്റ്മാരുടെ പ്രവൃത്തി എളുപ്പത്തിൽ ചെയ്തുതീർക്കുവാൻ സഹായിക്കുന്ന റോയലിന്റെ അനവധി ഗുണങ്ങളിൽ ഒന്നാണ് ഇത്. റോയൽ മുഖേന നിങ്ങൾക്ക് നിങ്ങളുടെ പ്രവൃത്തി എത്രയും എളുപ്പത്തിലും വിശേഷപ്പെട്ട തരത്തിലും ചെയ്തുതീർക്കാം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 18, 1932. പഴയ ഏടുകളിൽ നിന്ന് വീണ്ടും പ്രസിദ്ധീകരിച്ചത് ജൂലൈ 1, 2007.)

2. സെനിത്ത് ഏതു വീട്ടിനും ഒഴിച്ചുകൂടാത്ത ആവശ്യമാണ്.
ക്ലേശരഹിതമായ പ്രവർത്തനം, ഭാഗങ്ങൾ മാറ്റിവെയ്ക്കാനുള്ള സൗകര്യം, കൈകൊണ്ടോ, കാൽകൊണ്ടോ, പ്രവർത്തിക്കാവുന്നതും, മടക്കിവെക്കാവുന്നതും, വൈദ്യുതീകൃതവുമായ മാതൃകകൾ. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 29, 1962.)

ഡിജിറ്റൽ ടെക്​നോളജി ഭാഷയിൽ പുതിയ സാധ്യതകളും തരംഗങ്ങളും ഒരുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രധാന ഭാഷ ഇംഗ്ലീഷ് ആകയാൽ പുതിയ ആംഗല പ്രഭാവകാലത്തിലാണ് നാമിപ്പോൾ

ഇംഗ്ലീഷിന്റെ സ്വാധീനം തോന്നിപ്പിക്കുന്ന വാചകങ്ങൾ ശ്രദ്ധയിൽ പെടാതിരിക്കുന്നതെങ്ങിനെ? ഈ നൂറ്റാണ്ടിലും ആംഗലസ്വാധീനം ഇല്ലാതായിട്ടില്ല. കയർ ബോർഡ് നൽകിയ ജൂലൈ 24, 2007-ലെ പരസ്യം നോക്കാം.‘ആറന്മുള കണ്ണാടി പോലെ അമൂല്യം', ‘ഡാർജീലിങ് ചായ പോലെ അപൂർവം.'‘ഓരോ നാടിനും അതിന്റേതായ തനിമയുണ്ട്. അതിന്റെ പേരിലായിരിക്കും ആ നാട് പ്രശസ്തമാകുന്നതും. ഇതാണ് ഭൂപ്രദേശ സൂചനയായി പിന്നീട് അറിയപ്പെടുന്നത്.'
ലോക വാണിജ്യ സംഘടന (WTO) 2007-ൽ ആലപ്പുഴ കയർ ഭൂപ്രദേശ സൂചനയായി അംഗീകരിച്ചു. അതിന്റെ പശ്ചാത്തലത്തിൽ കയർ ബോർഡ് പുറത്തുവിട്ട പരസ്യമാണ് നാം കണ്ടത്. ആശയം ഇംഗ്ലീഷിൽ എഴുതി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ ശീലുണ്ടിതിന്. മാത്രമല്ല, ആദ്യ വാചകങ്ങളുടെ ഘടന ശ്രദ്ധിക്കുക: ആറന്മുള എങ്ങനെയാണ് കണ്ണാടി പോലെ അമൂല്യമാകുന്നത്? എന്തുകൊണ്ട് ആറന്മുളക്കണ്ണാടിപോലെ അമൂല്യമായിക്കൂടാ? അല്ലെങ്കിൽ ചായ പോലെ അപൂർവമാണോ ഡാർജീലിങ്?

പരസ്യത്തിലെ തുടർന്നുവരുന്ന ഖണ്ഡികയിലും പ്രശ്‌നങ്ങൾ അനവധിയുണ്ട്. മലയാളമല്ലെന്നു തോന്നിപ്പിക്കുന്ന ചില പ്രയോഗങ്ങൾ ഇവയാണ്: ‘ഭൂപ്രദേശ സൂചനയായി പിന്നീട് അറിയപ്പെടുന്നത്’, ‘ദശകങ്ങളുടെ പ്രയത്‌നം തന്നെ വേണ്ടിവരും', ‘ആഗോളകീർത്തിയും അപൂർവ ശ്രദ്ധയും', ‘ആലപ്പുഴ കയർ ഭാരത സർക്കാറിന്റെ'.
ഇതൊക്കെ തെറ്റോ ശരിയോ എന്ന ചോദ്യം ഇപ്പോൾ അപ്രസക്തമാണ്. മാധ്യമഭാഷയുടെ രീതി ഇങ്ങനെയാണെന്ന് കരുതുകയാണ് ശരി.

ഡിജിറ്റൽ ടെക്​നോളജി ഭാഷയിൽ പുതിയ സാധ്യതകളും തരംഗങ്ങളും ഒരുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രധാന ഭാഷ ഇംഗ്ലീഷ് ആകയാൽ പുതിയ ആംഗല പ്രഭാവകാലത്തിലാണ് നാമിപ്പോൾ. സോഷ്യൽ മീഡിയയിൽ എഡിറ്റിങ്, സ്‌റ്റൈൽ എന്നിവയ്ക്കൊന്നും ശ്രദ്ധ നൽകുന്നില്ല. മലയാളത്തിൽ എഴുതുമ്പോഴും പുതിയ ആംഗലപദങ്ങൾ ഉപയോഗിക്കപ്പെടുന്നു; അക്ഷരതെറ്റുകൾ പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. സെൽഫി, ഇമോജി, ട്രോൾ, സൈബർ ആക്രമണം തുടങ്ങി അനേകം പ്രയോഗങ്ങൾ ഉദാഹരണമായി കാണാം. സിംബലുകൾ, ഇമോജികൾ, ചുരുക്കെഴുത്തുകൾ എന്നിവ ട്രെൻഡ് ആയി രൂപപ്പെടുകയും ജനപ്രിയമാകുകയും ചെയ്യാറുണ്ട്; മറ്റൊരു ട്രെൻഡിന് വഴിമാറിക്കൊടുക്കുകയും ചെയ്യും.

ശബ്ദത്തിലും ശബ്ദമില്ലാതെയും പാരായണം ചെയ്യാവുന്നതാണെല്ലോ പത്രങ്ങൾ. ഒറ്റയ്ക്ക് കോലായിൽ നിശബ്ദമായും, ചായക്കടകളിലും പീടികകളിലും ഇരുന്ന് കൂട്ടായും വായിക്കുമ്പോഴും പത്രം നമ്മോട് നേരിട്ടുസംസാരിക്കുന്നുവെന്ന് തോന്നൽ നൽകണം. സല്ലാപശൈലി വർജിക്കുകയും വേണം. ഇതാണ് പത്രഭാഷയുടെ രീതി.

ഇപ്പോൾത്തന്നെ ചിഹ്നങ്ങളും ചുരുക്കെഴുത്തും ഇമോജികളും മലയാള കഥയിലും കവിതയിലും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇത് ഡിജിറ്റൽ ഭാഷയുടെ ഹൈബ്രിഡിറ്റിയെ സൂചിപ്പിക്കുന്നുണ്ടാകാം. സ്‌റ്റൈലിലും ഭാഷാരീതിയിലും വരുന്ന മാറ്റങ്ങൾ പുതുഭാഷയെ പഴയതലമുറയ്ക്ക് അപ്രാപ്യമാക്കും; പുതുതലമുറയ്ക്ക് ഇന്നോവേഷൻ സാധ്യത നല്കി നമുക്ക് പ്രവചിക്കാനാകാത്ത സാധ്യതകളും സംഘർഷങ്ങളും ഒരുക്കും. ടെക്​സ്​റ്റിലൂടെ പല സാംസ്‌കാരികചിഹ്നങ്ങളും അടയാളങ്ങളും കടത്തിവിടാം എന്നതിനാൽ ഡിജിറ്റൽ യുഗത്തിൽ മാധ്യമഭാഷ പ്രത്യയശാസ്ത്രങ്ങളുടെയും ചിന്താഗതികളുടെയും പരീക്ഷണശാല കൂടിയാകും എന്നുറപ്പ്.

മറ്റു രീതികളിലും ഡിജിറ്റൽ ടെക്​നോളജി ഭാഷയെ സ്വാധീനിക്കും. നാളിതുവരെ സാധ്യമാകാത്ത രീതിയിൽ വ്യത്യസ്ത ഭാഷകൾ, സംസ്‌കാരങ്ങൾ, പെരുമാറ്റരീതികൾ എല്ലാം നമുക്ക് പ്രാപ്യമാകും. ശബ്ദത്തിൽ നിന്ന് ടെക്സ്റ്റും തിരിച്ചും മാറ്റാനുള്ള കഴിവ്, തത്സമയ പരിഭാഷ എന്നിവ മറ്റു ഭാഷകളിലേയ്ക്ക് കടക്കാനും അവയിലെ പ്രയോഗങ്ങളും ശീലുകളും മലയാളത്തിലേയ്ക്ക് കൊണ്ടുവരാനും യഥേഷ്ടം സാധിക്കുന്നു. കുറേക്കൂടി വലിയ ഭാഷകളായ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, കൊറിയൻ, ജാപ്പനീസ്, അറബി എന്നിവയിലെ സാഹിത്യം, സംഗീതം, കല എന്നിവയുമായി ഇഴുകിച്ചേർന്ന ധാരാളം പേരിപ്പോഴുണ്ട്. തമിഴ്, ഹിന്ദി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളും ജനപ്രിയമായിവരുന്നത് നാം കാണുന്നു. കൈയിലൊതുങ്ങുന്ന സ്മാർട്ട് ഫോണുകൾ പുതിയ ഭാഷാസംസ്‌കാരം നമ്മിലേയ്ക്കാനായിക്കും. കൊളോണിയൽ സമ്പർക്കം, വാണിജ്യം, സംസ്‌കാരങ്ങൾ തമ്മിൽ നടക്കുന്ന വിനിമയം എന്നിവയൊന്നുമില്ലാതെ ഭാഷകളുടെ കയറ്റിറക്കങ്ങളെ സാക്ഷാത്കരിക്കാൻ സ്മാർട്ട് ഫോണുകളും ടെക് നോളജിയും മതി. ഭാഷ പഠിക്കുന്ന കുട്ടികൾക്കോ, മറ്റൊരു ഭാഷയുടെ സ്വനിമങ്ങൾ (phonemes) പ്രയാസമില്ലാതെ മനസ്സിലാക്കാനാകും.

ഒരു ഭാഷാലോകത്ത്​ ജീവിക്കുന്ന കുട്ടികൾക്ക് അതിവേഗം ഇതരഭാഷകളുടെ ആശയലോകങ്ങളെ പരിചയപ്പെടാനും അവയോട് ഒത്തുപോകാനും സാധിക്കും. ഇത് കുട്ടികളുടെ ഭാഷാപഠനത്തിൽ പുതിയ സാധ്യതകളാണ് തുറക്കുന്നത്.

ഒരു ഭാഷാലോകത്ത്​ ജീവിക്കുന്ന കുട്ടികൾക്ക് അതിവേഗം ഇതരഭാഷകളുടെ ആശയലോകങ്ങളെ പരിചയപ്പെടാനും അവയോട് ഒത്തുപോകാനും സാധിക്കും. ഇത് കുട്ടികളുടെ ഭാഷാപഠനത്തിൽ പുതിയ സാധ്യതകളാണ് തുറക്കുന്നത്. പ്രത്യേകിച്ച്, ചെറുഭാഷകൾക്ക് താരതമ്യേന വലിയ ഭാഷകളുടെ ആവിഷ്‌കാര സാധ്യതകൾ തങ്ങളിലേയ്ക്ക് ആനയിക്കാൻ അവസരമുണ്ടാകുന്നു. ഇത് നമ്മുടെ ഭാഷാഭേദങ്ങൾക്കും (dialects) ബാധകമാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഉപഭാഷകളും, നാടോടിഭാഷകളും, അരങ്ങത്തും പാട്ടിലും സാഹിത്യത്തിലും ആവിഷ്‌കരിക്കുന്നതിൽ വൻ വർധനവാണ് കഴിഞ്ഞ ദശകത്തിലുണ്ടായത്.

ചുരുക്കിപ്പറഞ്ഞാൽ തരംഗങ്ങളായി ഓരോ കാലത്തും മാധ്യമങ്ങൾ ഭാഷയെയും അതിന്റെ​ സാംസ്‌കാരിക പരിസരത്തെയും സ്വാധീനിക്കുന്നു. അലൻ ബെൽ രചിച്ച ഗവേഷണ ഈ വിഷയം പരിഗണിക്കുന്നു. പ്രധാനമായും നാലുഘടകങ്ങൾ പ്രധാനമാണെന്നദ്ദേഹം കരുതുന്നു.
ഒന്ന്, മീഡിയ ഭാഷയുടെ അനായാസമായ പ്രാപ്യത (access) ഉറപ്പാക്കുന്നു. ഇത് പഠനത്തിനും ഗവേഷണത്തിനും അത്യാവശ്യമാണുതാനും.

രണ്ട്, മീഡിയ ഉപയോഗിക്കുന്നവരിലൂടെ പ്രയോഗത്തിലും നിലപാടിലും പുതിയ സാമൂഹിക ഭാഷാശില്പങ്ങൾ സാധ്യമാകുന്നു. ഏറ്റവും ഭാഷാവിനിമയം നടത്തുന്ന ഏജൻസിയെന്ന നിലയിൽ നമ്മുടെ ദൈനംദിന ആശയവിനിമയത്തിൽ അത് പങ്കാളിയാകുന്നു. രണ്ടാം ഭാഷ പരിശീലിക്കുന്നവർക്കാകട്ടെ, അതിനുള്ള സാഹചര്യം മീഡിയ മാത്രമായിരിക്കും. ഇംഗ്ലീഷോ, ഫ്രഞ്ചോ, ഹിന്ദിയോ പഠിക്കുന്ന മലയാളിക്കിത് മനസ്സിലാകും.

മൂന്ന്, വെറുതെ വർത്തമാനം പറയുകമാത്രമല്ല, നമ്മുടെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ആശയങ്ങളും ആവിഷ്‌കാരങ്ങളും ഉള്ള അന്തരീക്ഷത്തിൽ നമ്മളെ ആമഗ്‌നരാക്കും. വാർത്തകൾ, കല, പരസ്യം, ചർച്ച, മീമുകൾ (memes), ട്രോൾ, അങ്ങനെ എന്തുമാകാം നമ്മെ സ്വാധീനിക്കുന്നത്.

നാല്, പ്രബലമായ സാമൂഹികസ്ഥാപനമെന്ന നിലയിൽ നമ്മുടെ സംസ്‌കാരം, രാഷ്ട്രീയം, സാമൂഹികജീവിതം, മറ്റെന്തും നമുക്കനുഭവവേദ്യമാകുന്നത് മീഡിയയിലൂടെ തന്നെ. അപ്പോൾ അവിടെ ആശയങ്ങൾ ഉണ്ടാകുന്നതിലും, രൂപപ്പെടുന്നതിലും, വിനിമയം ചെയ്യപ്പെടുന്നതിലും മീഡിയ സ്വാധീനിക്കാതിരിക്കുമോ? ▮​


ഡോ. യു. നന്ദകുമാർ

എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്​സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു.

Comments