കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശനാത്മകമായി നോക്കിക്കാണുന്ന ന്യൂസ് ക്ലിക്ക് എന്ന ന്യൂസ് വെബ്‌സൈറ്റിന്റെ ഓഫീസിലും അതിന്റെ എഡിറ്റർ പ്രബീർ പുരകായസ്തയുടെ വീട്ടിലും 113 മണിക്കൂറാണ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. വിമർശനം ഉന്നയിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളെ നിലയ്ക്കുനിർത്താൻ മോദി സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ന്യൂസ് ക്ലിക്കിനെതിരായ കൈയേറ്റം.
ലോക വ്യാപകമായി തന്നെ ഈ സംഭവം വിമർശിക്കപ്പെട്ടു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. അതേസമയം, ചില ഇന്ത്യൻ മാധ്യമങ്ങൾ ഈ വാർത്തയെയും സമാന സ്വഭാവമുള്ള വാർത്തകളെയും എങ്ങനെയാണ് കാണുന്നത് എത് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ന്യൂസ് ക്ലിക്കിനെതിരായ നീക്കത്തെ ഇന്ത്യൻ എക്സ്പ്രസ്
റിപ്പോർട്ട് ചെയ്തതിനെ കുറിച്ച് പ്രശസ്ത സാമൂഹ്യ നിരീക്ഷകനും ഡൽഹി സർവകലാശാല അധ്യാപകനുമായ അപൂർവാനന്ദ് ഒരു ലേഖനത്തിൽ (https://thewire.in/media/newsclick-enforcement-directorate-raid-target) വിമർശിക്കുന്നുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്ന വാദങ്ങൾക്ക് പ്രാമുഖ്യം നൽകി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെയാണ് അപൂർവാനന്ദ് വിമർശിക്കുന്നത്.
ന്യൂസ് ക്ലിക്ക് പത്രാധിപരെയും ആ സ്ഥാപനത്തെ തന്നെയും സംശയനിഴലിലാക്കാൻ എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച ആരോപണങ്ങൾ അതേപോലെ ആവർത്തിക്കുകയാണ് പത്രം ചെയ്തത്. ഇ.ഡിയുടെ ‘സെലക്ടീവ് ലീക്കിങ്ങി’ന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യൻ എക്‌സ് പ്രസിന്റെ വാർത്ത. ഭരണകൂട അതിക്രമങ്ങളെ സ്വാഭാവികവൽക്കരിക്കുന്ന സമീപനമാണ് ഇതിലൂടെ തെളിയുന്നത്.
കർഷക സമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നിലപാടുകൾക്കെതിരെ ശക്തമായ സമീപനം സ്വീകരിച്ച മാധ്യമ സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിന്റെ റിപ്പോർട്ടുകൾക്കും വീഡിയോ സ്‌റ്റോറികൾക്കും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഇതാണ് റെയ്ഡിന്റെ പശ്ചാത്തലമെന്ന് മനസ്സിലാക്കാതയായിരുന്നു ഇന്ത്യൻ എക്സ്പ്രസിലെ മേൽ സൂചിപ്പിച്ച റിപ്പോർട്ട്. ആ മാധ്യമ സ്ഥാപനത്തിനെതിരെ നടക്കുന്ന റെയ്ഡുമായി ബന്ധപ്പെട്ട് നിഷ്‌കളങ്കമെന്ന് തോന്നുന്ന രീതിയിൽ മറ്റ് മാധ്യമ സ്ഥാപനങ്ങൾ വാർത്തകൾ കൊടുക്കുമ്പോൾ തന്നെയാണ് ഹിന്ദുത്വ ഹാന്റിലുകളിൽ നിന്ന് സമൂഹ മാധ്യമങ്ങൾ വഴി, സർക്കാരിനെ വിമർശനാത്മകമായി നോക്കിക്കാണുന്ന മാധ്യമങ്ങൾക്കെതിരെ അതിശക്തമായ അധിക്ഷേപവും ആക്രമണ ഭീഷണിയും ഉണ്ടായികൊണ്ടിരിക്കുന്നതും.
ഇപ്പോഴും പല മാധ്യമ പ്രവർത്തകർക്കെതിരെയും അത് തുടരുന്നു. പലരും അറസ്റ്റ് ചെയ്യപ്പെടുന്നു. ചിലർ കേസുകൾ നേരിടുന്നു. നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം വിമർശനാത്മ സമീപനം പുലർത്തുന്ന മാധ്യമങ്ങൾക്കെതിരെ അതിശക്തമായ നീക്കമുണ്ടാകുമ്പോഴും മറ്റ് മാധ്യമങ്ങൾ ഇതിനോട് നിസ്സംഗമായി പ്രതികരിക്കുകയാണ് ചെയ്തുപോന്നത്. നേരത്തെ കേരളത്തിലെ രണ്ട് പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും എതിരെ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം നടപടിയെടുത്തപ്പോഴും അങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടില്ലെന്ന മട്ടിലായിരുന്നു കേരളത്തിലെ മറ്റ് മാധ്യമങ്ങളുടെ സമീപനം. അതായത് മാധ്യമങ്ങൾക്കെതിരെ 2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം ശക്തിപ്പെട്ട നീക്കങ്ങളെക്കുറിച്ചുള്ള ആകുലതകൾ ഇന്ത്യയിലെ മറ്റ് മുഖ്യധാരാ മാധ്യമങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്നുവേണം മനസ്സിലാക്കാൻ.
ലോകത്തിൽ സ്വതന്ത്ര്യ മാധ്യമ പ്രവർത്തനം ഏറ്റവും ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേസ് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുണ്ടാക്കിയ 180 രാജ്യങ്ങളുടെ പട്ടികയിൽ 140 ആണ് ഇന്ത്യയുടെ സ്ഥാനം. ഫ്രീ സ്പീച്ച് കലക്ടീവിന്റെ കണക്കുപ്രകാരം 2010- 2020 കാലത്ത് 154 മാധ്യമ പ്രവർത്തകരാണ് അവരുടെ തൊഴിലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ അറസ്റ്റുകളിൽ 40 ശതമാനവും നടന്നത് 2020 ലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മാധ്യമങ്ങളെ മാത്രമല്ല, രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ മുഖ്യധാരയേയും ഈ നടപടികൾ കാര്യമായി അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇടതുപാർട്ടികളുടെയും ചില കോൺഗ്രസ് നേതാക്കളുടെയും പ്രതികരണത്തിലപ്പുറം മാധ്യമങ്ങൾക്കെതിരായ നടപടികൾ ഇക്കാലത്തെ സ്വാഭാവികതയായി അംഗീകരിക്കപ്പെടുകയാണെന്നുവേണം മനസ്സിലാക്കാൻ. മാധ്യമ വരേണ്യതയെക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നതാണ് ഹിന്ദുത്വത്താൽ നയിക്കപ്പെടുന്ന ഫാസിസ്റ്റ് ഭടന്മാരുടെ ഒരു ജനപ്രിയ മുദ്രാവാക്യം.
മാധ്യമങ്ങൾക്കെതിരായ നീക്കങ്ങൾ ജനാധിപത്യത്തിനെതിരായ ഭരണകൂടത്തിന്റെ ആക്രമണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അത് ഇന്ത്യയിൽ മാത്രമായി നടക്കുന്നതുമല്ല. ലോകത്തെ വലതുപക്ഷ സർക്കാരുകൾക്ക് കീഴിൽ മാധ്യമങ്ങൾക്കെതിരായ നീക്കങ്ങൾ ഒരു പതിറ്റാണ്ടിലേറെയായി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യത്തിൽ വലതുപക്ഷ സർവാധിപത്യ രാജ്യങ്ങളും ജനാധിപത്യമെന്ന് പരിഗണിക്കപ്പെടുന്ന രാജ്യങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ലെന്ന് ഫ്രീഡം ഹൗസിന്റെ ഫ്രീഡം ഇൻ വേൾഡ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതോ, ഇല്ലാതാക്കുന്നതോ ആയ നീക്കങ്ങളുടെ ഇരകളായി മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും മാറുന്നതാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. സർക്കാർ അനുകൂല മാധ്യമങ്ങൾക്ക് വലിയ പിന്തുണ നൽകുക, വിമർശനാത്മക സമീപനം തുടരുന്ന മാധ്യമ പ്രവർത്തകരെ അപഹസിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുക, തുടങ്ങി ജനാധിപത്യ വിരുദ്ധ ഭരണാധികാരികൾ സ്വീകരിക്കുന്ന സമീപനങ്ങളിലും സമാനതകളുണ്ട്.
അനുകൂല മാധ്യമങ്ങളെ പ്രോൽസാഹിപ്പിക്കുകയും മുഖ്യധാരാ മാധ്യമങ്ങളിൽ പലതിനെയും സർക്കാരിന്റെ ആജ്ഞാനുവർത്തികളാക്കുകയും ചെയ്യുക എന്ന സമീപനത്തിന്റെ ഇരകളാണ് മോദിയുടെ കാലത്തെ ഇന്ത്യൻ മാധ്യമങ്ങൾ എന്ന് വ്യക്തമാണ്. ഇതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. കോവിഡ് കാലത്തെ ഒരു ഉദാഹരണം പറയാം. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ആഭ്യന്തര പലായനത്തിന് കാരണമായ മുന്നറിയിപ്പില്ലാത്ത ലോക്ക്ഡൗൺ പ്രഖ്യാപനത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണ ഉറപ്പാക്കി കൊണ്ടാണ് മോദി രാഷ്ട്രീയമായി അതീജീവിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 24ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ആറുമണിക്കൂർ മുമ്പ് പ്രധാനമന്ത്രി പ്രമുഖ പത്രാധിപന്മാരുടെയും ഉടമകളുടെയും യോഗം വിളിക്കുന്നു. കോവിഡ്- 19 മായി ബന്ധപ്പെട്ട് പോസിറ്റീവായ സ്‌റ്റോറികൾ മാത്രം നൽകണമെന്ന് പത്രാധിപന്മാരോട് ആവശ്യപ്പെടാനായിരുന്നു യോഗം വിളിച്ചതെന്ന് ഇതേക്കുറിച്ച് കാരവൻ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റും ഇത് സ്ഥിരീകരിക്കുന്നു. സർക്കാരും ജനങ്ങളുമായുള്ള കണ്ണിയായി മാധ്യമങ്ങൾ മാറണമെന്നും സർക്കാർ കോവിഡിനെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ആവശ്യം. കോവിഡ് നേരിടുന്നതിൽ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
മാധ്യമങ്ങളെ സർക്കാരിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ടുള്ള ഒരു പൊതു സമ്പർക്ക പരിപാടിയായിരുന്നു മോദി ലക്ഷ്യമിട്ടത്. വിമർശന റിപ്പോർട്ടുകൾ ഒഴിവാക്കുകയെതായിരുന്നു ലക്ഷ്യം. ഇതിനോട് സമ്പൂർണമായി വിധേയപ്പെടുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ ചെയ്തത്. പ്രധാനമന്ത്രി അങ്ങനെ ഒരു യോഗം വിളിച്ചതിനും അതിൽ തങ്ങളെ ക്ഷണിച്ചതിലും ചില പ്രമുഖ മാധ്യമ പ്രവർത്തകർ പരസ്യമായി നന്ദി പ്രകടിപ്പിച്ചതോടെ മാധ്യമങ്ങളെ നിയന്ത്രിക്കുകയെന്ന ഭരണകൂട ലക്ഷ്യം വലിയൊരളവിൽ വിജയിച്ചുവെന്ന് പറയാം. ഇക്കാര്യത്തിൽ ദി ഹിന്ദുവിലെ മാലിനി പാർത്ഥസാരഥി 2020 മാർച്ച് 24 ന് നടത്തിയ ട്വീറ്റ് പ്രത്യേകം പരമാർശിക്കേണ്ടതാണ്.
പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തതിൽ സന്തോഷം രേഖപ്പെടുത്തിയ മാലിനി പാർത്ഥസാരഥിക്ക് കോവിഡിനെ നേരിടുന്നതിൽ പ്രധാനമന്ത്രി കാണിക്കുന്ന ശക്തമായ സമീപനം എടുത്തുപറയേണ്ടതാണെന്ന് തോന്നി. നമ്മൾ നല്ല കരങ്ങളിലാണെന്ന സംതൃപ്തിയും അവർ ആ ട്വീറ്റിൽ രേഖപ്പെടുത്തി. (ദീപം തെളിച്ചും, പാത്രം കൂട്ടിയിടിച്ചും കോവിഡിനെ നേരിടാമെന്ന് പറഞ്ഞ മോദി!) സ്റ്റേറ്റിന്റെ പി.ആർ. പണിയാണ് ഉദാത്ത മാധ്യമ പ്രവർത്തനം എന്ന തോന്നൽ കഴിഞ്ഞ ചില വർഷങ്ങളിൽ മാധ്യമ പ്രവർത്തകരെ നന്നായി സ്വാധീനിച്ച പ്രദേശമാണ് കേരളം എന്നതും ഇതോടൊപ്പം പരാമർശിക്കേണ്ടതാണ്.
യുദ്ധസമാനമായ അന്തരീക്ഷത്തിൽ ഭരണകൂടത്തിന് മുന്നിലെ സമ്പൂർണ സമർപ്പണമാണ് ഉദാത്ത മാധ്യമ പ്രവർത്തനമെന്ന തോന്നൽ ഇന്ത്യയിൽ കോവിഡ് കാലത്തുണ്ടായതൊന്നുമല്ല. 2019 ആഗസ്റ്റ് അഞ്ചിന് പ്രത്യേക അവകാശങ്ങൾ എടുത്തുമാറ്റുകയും കശ്മീരിൽ ഇന്റർനെറ്റ് പോലും നിഷേധിക്കുകയും അവിടെ മാധ്യമ പ്രവർത്തനം ഫലത്തിൽ ഇല്ലാതാക്കപ്പെടുകയും ചെയ്ത ഘട്ടത്തിൽ ഇന്ത്യയിലെ പ്രബല മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും അതിനെ ജനാധിപത്യ അവകാശത്തിന്മേലുള്ള കൈയേറ്റമായിട്ടായിരുന്നില്ല കണ്ടത്. മറിച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷയുടെയും ദേശീയ അഭിമാനത്തിന്റെയും വിഷയമായിട്ടായിരുന്നു. കാശ്മീരിന്റെ ദുഃഖം ഇന്ത്യയിലെ മുഖ്യധാരയ്ക്ക് ഒരു അസ്വസ്ഥതയും സൃഷ്ടിച്ചില്ല. ബാബ്‌റി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം പണിയാൻ കോടതി നിർദ്ദേശിച്ചതിനെയും ഇങ്ങന ആവേശത്തോടെ തെന്നയാണ് ഭൂരിപക്ഷം മാധ്യമങ്ങളും കണ്ടത്.
ഭരണകൂട വ്യാഖ്യനങ്ങൾ പ്രചരിപ്പിക്കാനുള്ള മെഗാഫോണുകളായി സ്വയം മാറുന്നതിൽ അഭിരമിച്ചിരിക്കുന്ന മാധ്യമങ്ങൾ തെന്നയാണ് സ്വതന്ത്രമായി വിവരങ്ങൾ കൈമാറ്റം ചെയ്യുതിനെതിരായ ആക്രമണത്തെ സ്വാഭാവികവൽക്കരിച്ചതിൽ മുഖ്യപങ്കാളികളായത്. കശ്മീരായാലും ഇടതുതീവ്രവാദമായാലും, പൗരത്വ നിയമ ഭേദഗതിയായാലും നോട്ടുനിരോധനമായാലും കർഷക നിയമ ഭേദഗതിയായാലും ഭരണകൂടത്തിന്റെ വ്യാഖ്യാനങ്ങൾക്കപ്പുറം പോകേണ്ടെന്ന് തീരുമാനിക്കാനും സ്റ്റേറ്റിന്റെ നിലപാടുകൾ സ്വാഭാവികമായും നാട്ടിലെ ജനങ്ങൾക്കുവേണ്ടിയാണെന്നുമുളള അപഹാസ്യമായ വ്യാഖ്യാനങ്ങളുമായി രംഗത്തെത്തുന്ന മുഖ്യധാരാ മാധ്യമങ്ങളും മാധ്യമ കുലപതികളും അധികാരികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. വിധേയപ്പെടാൻ തയ്യാറായി നിൽക്കുന്ന മാധ്യമ സമൂഹം ഹിന്ദുത്വത്തിന് ചെയ്യുന്ന സഹായം ചെറുതല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മാധ്യമങ്ങളുടെ മൂലധന താൽപര്യമാണ് കാരണമെന്ന പരമ്പരാഗത മാധ്യമ വിമർശനം കൊണ്ടുമാത്രം ഈ കീഴടങ്ങലിനെ മനസ്സിലാക്കാൻ കഴിയുമോ? അങ്ങനെയെങ്കിൽ ട്രംപിന്റെ കാലത്തെ അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങളുടെ വിമർശനാത്മക സമീപനങ്ങളെ എങ്ങനെ മനസ്സിലാക്കും? 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം വിശ്വാസ്യത നഷ്ടമായ അമേരിക്കൻ മാധ്യമങ്ങൾ പിന്നീട് സ്വീകരിച്ച തിരുത്തൽ നടപടികളെക്കുറിച്ച് കാരവൻ എക്‌സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് ഫ്രണ്ട്‌ലൈൻ മാസികക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ടൈം മാഗസിന്റെ മുതലാളിയായിരുന്ന ഹെന്റി ലൂസിന്റെ മുൻകൈയിൽ എടുത്ത സമീപനങ്ങളെക്കുറിച്ചാണ് അദ്ദേഹം വിശദമാക്കുന്നത്. ഹെന്റി ലൂസിന്റെ മുൻകൈയിൽ രൂപികരിക്കപ്പെട്ട ഹച്ചിൻസ് കമ്മീഷനും അത് ജനാധിപത്യത്തിൽ മാധ്യമങ്ങൾക്കുളള പങ്കിനെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയതുമാണ് വിനോദ് കെ. ജോസ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ മാധ്യമ പ്രവർത്തനം വിശ്വാസ്യതാ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ ഇന്ത്യയിൽ എന്തുകൊണ്ടാണ് അത്തരത്തിലൊരു ഇടപെടൽ ഉണ്ടാവാത്തതെന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നു.
എന്തുകൊണ്ടാണ് വിശ്വാസ്യതക്കമ്മിയോടെ ഇന്ത്യയിൽ മാധ്യമങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്നതെന്ന ചോദ്യത്തിന് ഇന്ത്യൻ സമൂഹത്തിന്റെ
ജനാധിപത്യത്തോടുള്ള സമീപനവുമായി ബന്ധപ്പെടുത്തി കാണേണ്ടതാണെന്ന് തോന്നുന്നു. ലോകത്തെ വലിയ ജനാധിപത്യമെന്ന് പരസ്യപ്പെടുത്തുമ്പോഴും ഇന്ത്യ വിമതത്വത്തെ എത്രത്തോളം സ്വാഭാവികമായി നേരിട്ടിട്ടുണ്ടെന്നത് പരിശോധിക്കേണ്ടതാണ്. അപ്പോഴാണ് ജനാധിപത്യ മാഹാത്മ്യത്തിന്റെ കെട്ടുകഥകൾ തകർന്നുപോകുക. ഭരണകൂടവ്യവസ്ഥ അംഗീകരിച്ച കക്ഷിരാഷ്ട്രീയത്തിനപ്പുറത്തെ രാഷ്ട്ര വിമർശനങ്ങളെ സൗമത്യയോടെ നേരിട്ട ഒരു ജനാധിപത്യ പാരമ്പര്യം നമുക്കുണ്ടെന്ന് പറയാൻ കഴിയില്ല. അത് കശ്മീരിൽനിന്നുണ്ടായ രാഷ്ട്രീയ ചോദ്യങ്ങളായാലും വിവിധ ദേശീയതകളിൽനിന്നുണ്ടായ രാഷ്ട്രീയ വെല്ലുവിളിയാണെങ്കിലും തെലുങ്കാനയിൽ തുടങ്ങി, ഇപ്പോഴും പലയിടങ്ങളിലായി അവശേഷിച്ചിട്ടുളള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ വെല്ലുവിളികളാണെങ്കിലും അതിനോടൊക്കെയുള്ള ഇന്ത്യയുടെ പ്രതികരണം വിമതത്വത്തോട് ജനാധിപത്യ സമൂഹം ചെയ്യേണ്ട സംവാദാത്മക സമീപനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് സായുധമായ എതിരിടലായിരുന്നു.
ആഭ്യന്തരമായി ഉയരുന്ന വെല്ലുവിളികളെ സൈനികമായി നേരിടുകയെന്ന ഭരണകൂട യുക്തിയെ പിൻപറ്റിയായിരുന്നു ഇന്ത്യയിലെ മുഖ്യധാരാ മാധ്യമ പ്രവർത്തനം ഏറെയും നടന്നത്. 1990 കൾക്ക് ശേഷം ഈ ഭരണകൂട യുക്തിയിലേക്ക് നവലിബറലിസവും, ഹിന്ദുത്വവും കൂടി കൂട്ടിച്ചേർക്കപ്പെട്ടു. ഇവയൊന്നും ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കപ്പെടേണ്ട ദേശീയ സമീപനങ്ങളാണെന്ന തോന്നൽ സൃഷ്ടിച്ചതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്.
ഇങ്ങനെ ഭരണകൂടം നിർണയിച്ച അതിരുകളിൽ സംതൃപ്തരായിരുന്നു മിക്ക സമയങ്ങളിലും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ. ഭരണകൂടം സ്വാതന്ത്ര്യത്തിന്റെ അതിരുകൾ പരിമിതപ്പെടുത്തുമ്പോൾ പരമാവധി അതിലൊതുങ്ങാൻ തയ്യാറുമാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ. മോദി സർക്കാർ എല്ലാതരം ഡിസെന്റിനെയും ക്രിമിനലൈസ് ചെയ്യുമ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ കാണിക്കുന്ന നിസ്സംഗത നമ്മുടെ ജനാധിപത്യ സംസ്‌ക്കാരത്തിന്റെ കൂടി പ്രശ്‌നമാണ്. വിമതത്വത്തെ എൻഗേജ് ചെയ്യാനുളള ആത്മവിശ്വാസം ഇന്ത്യൻ ജനാധിപത്യത്തിനും സമൂഹത്തിനും ഉണ്ടായിരുന്നില്ല. ഭരണകൂടത്തിന്റെ മടിയിൽ മയങ്ങുന്ന മുഖ്യധാര മാധ്യമങ്ങൾ അതിന്റെ കൂടി സൃഷ്ടിയാണ്.