വരാൻ പോകുന്ന നാളുകൾ കഠിനം, അഭിപ്രായസ്വാതന്ത്ര്യത്തിനായി എല്ലാവരും ചേർന്നുനിൽക്കുക

രേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമുള്ള ഒൻപത് വർഷങ്ങളിലായി സാമൂഹിക ജീവിതത്തിലുണ്ടായ മാറ്റങ്ങൾ വ്യക്തികളെ കൂടുതൽ കൂടുതൽ പ്രതിരോധത്തിലാക്കി. വ്യക്തി കൂടുതൽ ഒറ്റപ്പെട്ടു. വ്യക്തി ഭയപ്പാടിലാണ്. അവരൂടെ എല്ലാ ആവിഷ്‌കാരസാധ്യതകളേയും അത് വിപരീതമായി ബാധിച്ചു. സർഗാത്മക ചിന്തകൾക്കുചുറ്റും ഭരണകൂട പ്രത്യയശാസ്ത്രം തോക്കുനിറച്ച് വരിനിന്നു. ഇന്ത്യയിൽ ഒരിക്കലും സംഭവിക്കുമെന്ന് നാം പ്രതീക്ഷിക്കാതിരുന്ന കാര്യങ്ങളത്രയും സംഭവിച്ചുകൊണ്ടിരിക്കുന്നു.

വസ്ത്രധാരണവും ആഹാരവും മതവിശ്വാസവും മുതൽ എന്തു കാണണം, കേൾക്കണം, എഴുതണം, വായിക്കണം, ചിന്തിക്കണം എന്ന തിരഞ്ഞെടുപ്പ് വരെ പൗരരുടെ സ്വതന്ത്രജീവിതം നയിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്. ഇതിലോരോ ഘട്ടത്തിലും തീവ്രവലതുപക്ഷ ആൾക്കൂട്ടത്തിന്റെ ഇടപെടൽ ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ആശയാവിഷ്‌കാര സ്വാതന്ത്ര്യം നേരിടുന്ന കഠിനവെല്ലുവിളികളെ ആവിഷ്‌കരിക്കുക പ്രയാസകരമായിത്തീർന്നിരിക്കുന്നു. സൂപ്പർലേറ്റീവ് വിശേഷണങ്ങളെല്ലാം അർഥം ചോർന്ന് പുതിയ സാഹചര്യത്തെ വ്യക്തമാക്കാൻ കഴിയാത്ത നിലയിലായിരിക്കുന്നു. ഇതിൽ കൂടുതൽ ഇനിയെന്തുപറയാൻ എന്ന മാനസികാവസ്ഥയിലേക്ക് ഓരോരുത്തരും എത്തിക്കൊണ്ടിരിക്കുന്നു. പ്രത്യേകതരം മരവിപ്പ് പകർച്ചവ്യാധിപോലെ പടരുകയാണ്. ഇതുതന്നെയാണ് ‘ജനാധിപത്യപര'മായ മാർഗം വഴി സ്വേച്ഛാധിപത്യം സുസ്ഥിരമാകാനുള്ള കാലാവസ്ഥ.

വരാൻ പോകുന്ന നാളുകൾ കഠിനമായ അന്തഃസ്സംഘർഷങ്ങളുടേതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ മാസങ്ങൾ എണ്ണിത്തുടങ്ങിയ രാജ്യത്തിന്റെ നെഞ്ചിടിപ്പ് ഉയരുന്നുണ്ട്. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് അഭിപ്രായസ്വാതന്ത്ര്യത്തിനായി എല്ലാവരും ചേർന്നുനിൽക്കുക, ആകാവുന്നിടത്തോളം.
ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം

Comments