ഗവർണർ ഇറങ്ങിപ്പോകാൻ പറഞ്ഞത് ഞങ്ങളുടെ പ്രേക്ഷകരോട് കൂടിയാണ്

ഔദ്യോഗികമായി ക്ഷണിച്ചു വരുത്തിയിട്ട് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രണ്ട് ചാനലുകളോട് ഇറങ്ങി പോകാനാവശ്യപ്പെടുക എന്നു പറയുന്നത് തന്നെ ഒരു ഫാഷിസ്റ്റ് നടപടിയാണ്. ഒരു ചാനലിന് നേരിടേണ്ടി വന്ന നടപടിയെന്നതിലുപരി അത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മാധ്യമപ്രവർത്തകരെ പുറത്താക്കിയ ഗവർണറുടെ നടപടിയെ കുറിച്ച് പ്രമോദ് രാമൻ പ്രതികരിക്കുന്നു

മാധ്യമ സമ്മേളനത്തിൽ നിന്ന് മീഡിയ വണ്ണിനെയും കൈരളിയെയും ഇറക്കി വിട്ട ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ പറയാമെങ്കിലും അതിലുപരിയായി അതൊരു ഫാഷിസ്റ്റ് സമീപനത്തിന്റെ ആദ്യ പടികൂടിയാണ് എന്നും പറയേണ്ടിവരും.

ജനാധിപത്യത്തെ നിഷേധിക്കുന്നു എന്നു മാത്രമല്ല താൻ ജനാധിപത്യത്തെ ഒട്ടുംതന്നെ ബഹുമാനിക്കുന്നില്ല, മറിച്ച് ഫാഷിസ്റ്റ് ഭരണാധികാരികൾ എടുത്തിട്ടുള്ള നടപടികൾക്ക് ഒപ്പം നിൽക്കുകയാണ് തന്റെയും ഉദ്ദേശമെന്ന് ഗവർണർ വെളിപ്പെടുത്തുന്ന ഒരു സന്ദർഭം കൂടിയാണിത്. ഗവർണറെകുറിച്ചുള്ള ആക്ഷേപം അദ്ദേഹം സംഘപരിവാറിന്റെ പ്രതിനിധിയെപോലെ പെരുമാറുന്നു എന്നുള്ളതാണ്. കേവലം ആക്ഷേപമല്ല തന്റെ ശൈലി തന്നെ അതാണ് എന്ന് പ്രത്യക്ഷത്തിൽ ഒരു മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കുകയാണ് ഇപ്പോൾ ഗവർണർ ചെയ്തിരിക്കുന്നത്.

ഔദ്യോഗികമായി ക്ഷണിച്ചു വരുത്തിയിട്ട് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രണ്ട് ചാനലുകളോട് ഇറങ്ങി പോകാനാവശ്യപ്പെടുക എന്നു പറയുന്നത് തന്നെ ഒരു ഫാഷിസ്റ്റ് നടപടിയാണ്. ഒരു ചാനലിന് നേരിടേണ്ടി വന്ന നടപടിയെന്നതിലുപരി അത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കേരളത്തിലിപ്പോൾ നിരവധി ചാനലുകൾ ഉണ്ട്. എന്തിനാണ് ഇത്രയേറെ ചാനലുകൾ? അത് ജനാധിപത്യത്തിന്റെ വൈവിധ്യം കൂടിയാണ്. ഒന്നല്ലെങ്കിൽ മറ്റൊരു ചാനൽ തിരഞ്ഞെടുക്കാൻ ജനങ്ങൾക്കുള്ളൊരു അവകാശത്തിന്റെ ഭാഗം കൂടിയാണ്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. അതിനെതിരെയുള്ള ഒരു വെല്ലുവിളിയാണ് ഗവർണറുടെ ഈ നടപടി. കാരണം ഏതെങ്കിലും ചാനലുകളെ ഒഴിവാക്കുമ്പോൾ ആ ചാനൽ ഇഷ്ടപ്പെടുന്ന, ആ ചാനൽ കാണാനാഗ്രഹിക്കുന്ന ജനങ്ങളോടുകൂടിയാണ് ഇറങ്ങിപ്പോകൂ എന്ന് പറയുന്നത്. ഞാൻ പറയുന്നത് കേൾക്കാൻ നിങ്ങൾക്ക് അർഹതയില്ല എന്ന് പറയുകയാണ് ഗവർണർ. അത്രക്ക് ആഴത്തിലുള്ളൊരു ജനാധിപത്യ നിഷേധമാണ് അതിലുള്ളത്.

ഭരണഘടനയുടെ 19, 1 (A) അനുച്ഛേദ പ്രകാരം അറിയാനുള്ള അവകാശവും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും മാത്രമല്ല അത് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉൾപ്പെടുന്നുണ്ട്. അതാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.

മീഡിയ വൺ ഏതെങ്കിലും തരത്തിൽ ഗവർണറെ വിമർശിച്ചിട്ടുണ്ടെങ്കിൽ, കൈരളി വിമർശിച്ചിട്ടുണ്ടെങ്കിൽ, ആ വിമർശനത്തെ നേരിടുന്നതിനു പകരം വിമർശനം നടത്തിയവരെ ഇറക്കി വിടുമ്പോൾ എന്താണ് അതിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാണ്.

മീഡിയ വണ്ണിൽ നിന്ന് ഒരു മാധ്യമ പ്രവർത്തകയാണ് ഗവർണറുടെ പത്രസമ്മേളനം റിപ്പോർട്ട് ചെയ്യാൻ പോയത്. ആ പെൺകുട്ടിയോട് ആക്ഷേപകരമായ സ്വരത്തിൽ തന്നെ ഇറങ്ങി പോകാൻ പറയുകയാണ് ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ ഈ നിലയിലാണ് പെരുമാറുന്നതെങ്കിൽ തീർച്ചയായും ജനങ്ങളതിനോട് പ്രതികരിക്കും. ജനങ്ങൾക്ക് അവരുടെ പ്രതിനിധികൾ ചെയ്യുന്ന നടപടികളോട് പ്രതികരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.

ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ഗവർണർക്ക് പല തരത്തിലുള്ള പരിരക്ഷയുണ്ട്. ഇപ്പോൾ ആ പരിരക്ഷ കൂടി ദുരുപയോഗപ്പെടുത്തുകയാണ് അദ്ദേഹം. ജനങ്ങൾക്കു മുന്നിൽ വന്ന് സംസാരിക്കുമ്പോൾ ജനങ്ങളിലൊരു വിഭാഗത്തെ അകറ്റി നിർത്താൻ കഴിയുന്ന തരത്തിലുള്ള ഔദ്യോഗിക പരിരക്ഷ അദ്ദേഹത്തിനുണ്ട്. ഒരു പൊതു വേദിയിൽ അദ്ദേഹത്തിന് ചോദ്യം ചെയ്യൽ നേരിടേണ്ടി വരുന്നില്ല. ഈ സാധ്യതകളാണ് ഏറ്റവും കൂടുതൽ ഗവർണർ ദുരുപയോഗിക്കുന്നത് എന്നു കൂടി ഈ ഘട്ടത്തിൽ പറയേണ്ടി വരും.

മീഡിയ വൺ ഈ വിഷയത്തോട് ശക്തമായി തന്നെ പ്രതികരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാധ്യമ വേദികളിൽ വിഷയം ഉന്നയിക്കുകയും, ഗവർണറുടെ നടപടിയോട് കൂട്ടായ് തന്നെ പ്രതികരിച്ച് മുന്നോട്ടു പോകുവാനാണ് മീഡിയ വണ്ണിന്റെ തീരുമാനം.

Comments