മീഡിയ വൺ: സുപ്രീംകോടതി വിധിയിൽ ആവിയായിപ്പോയ ആ സീൽഡ് കവറും തീവ്രവാദ കാമ്പയിനും

സുപ്രീംകോടതി വിധി മീഡിയ വണ്ണിന് എതിരാകില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഞങ്ങൾക്കെതിരായ കുറ്റം എന്താണ് എന്നതിനെക്കുറിച്ച് ഒരറിവും ഞങ്ങൾക്കില്ലായിരുന്നു. എന്നാൽ, പലരും പലതും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. മീഡിയ വണ്ണിന്റെ കശ്മീർ കവറേജിന്റെ അടിസ്ഥാനത്തിലാണ് എന്നൊക്കെ. മീഡിയ വണ്ണിനെതിരെ തീവ്രവാദവുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തി. വ്യക്തിപരമായി എന്നെ ഭീകരമായ വ്യക്തിഹത്യ ചെയ്തു. ഇതിനുപിന്നിൽ സംഘ്പരിവാർ ശക്തികളായിരുന്നുവെന്നതിൽ സംശയമില്ല. എന്നാൽ, ഈ വിധി വന്നപ്പോൾ അത്തരം ആരോപണങ്ങളെല്ലാം ആവിയായിപ്പോയി. വിലക്ക് വന്ന സമയത്ത് ചർച്ച നടത്തിയ മാധ്യമങ്ങൾ വിധി വന്നപ്പോൾ ആ ആവേശം മാധ്യമങ്ങളിൽ കാണാനായില്ല. ദേശീയ മാധ്യമങ്ങൾ വലിയ തോതിൽ വിധിയെക്കുറിച്ചുള്ള വാർത്ത പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തു. മലയാള മാധ്യമങ്ങൾ സുപ്രീംകോടതി വിധിയുടെ ഗ്രാവിറ്റി വേണ്ടത്ര മനസ്സിലാക്കിയോ എന്ന് സംശയമാണ്. ഒന്നുരണ്ടു വർഷങ്ങൾക്കിടയിൽ ''സൈലൻസ് ഈസ് ബെറ്റർ' എന്ന മനോഭാവത്തിലേക്ക് നമ്മുടെ മാധ്യമ സ്ഥാപനങ്ങളും നീങ്ങിത്തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. പുതിയ സാഹചര്യത്തിൽ അധികരിക്കുന്ന അധികാരം ഏതുരൂപത്തിൽ പ്രയോഗിക്കുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്. സുപ്രീംകോടതി വിധി ഒരു സുരക്ഷാ കവചമാണെങ്കിലും അതിനുള്ള നിയമപോരാട്ടത്തിലേക്കും മറ്റും എന്തിന് ഇടയാക്കണം എന്നൊരു തോന്നലിലേക്ക് നമ്മുടെ മാധ്യമ സ്ഥാപനങ്ങൾക്ക് ഉണ്ടായിക്കൂടായ്കയില്ല. മീഡിയ വൺ വിലക്ക് നീക്കിയ സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തിൽ മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ സംസാരിക്കുന്നു.

Comments