ജനങ്ങൾക്കിടയിലായിരിക്കണം,
ഇലക്ഷൻ കാലത്ത് മാധ്യമപ്രവർത്തകർ

മനില.സി.മോഹൻ: ഒരു ഇലക്ഷൻ കാലത്തിലൂടെ വീണ്ടും കടന്നു പോവുകയാണ്. ഒരു ജേണലിസ്റ്റിനെ സംബന്ധിച്ച് അത് കണക്കുകളിലേക്കും ചരിത്രത്തിലേക്കും ഓരോ മണ്ഡലങ്ങളിലേക്കുമുള്ള റീ വിസിറ്റ് കൂടിയാണ്. ന്യൂസ് റൂമുകൾ എങ്ങനെയൊക്കെയാണ് ഓരോ തെരഞ്ഞെടുപ്പു കാലത്തും മാറുന്നത്?

ആർ.രാജഗോപാൽ: തെരഞ്ഞെടുപ്പുകാലം ന്യൂസ് റൂമുകൾക്ക് ഉത്സവകാലം തന്നെയാണ്. നമ്മളറിയാതെ തന്നെ അത്തരമൊരു അന്തരീഷം അവിടെ വന്നുപോകും. രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന് പറയുന്നവർ പോലും ഈ തെരഞ്ഞെടുപ്പുചൂടിലേക്ക് ഇഴുകിച്ചേരും. പല പത്രങ്ങളും തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേകം ഇലക്ഷൻ ഡെസ്‌ക് ഉണ്ടാക്കാറുണ്ട്. ഗ്രാഫിക്‌സിലും അക്കങ്ങളിലും താൽപര്യമുള്ളവർ, റീ റൈറ്റ് ചെയ്യാൻ കഴിവുള്ളവർ തുടങ്ങിയവരാണ് ആ ഡെസ്‌കിലുണ്ടാകുക.

തെരഞ്ഞെടുപ്പിന്റെ ആരംഭ ഘട്ടത്തിൽ ഒന്നോ രണ്ടോ പ്രത്യേക പേജായിരിക്കും ചെയ്യുക. എന്നാൽ, തെരഞ്ഞെടുപ്പ് അടുക്കുംതോറും തെരഞ്ഞെടുപ്പ് ഡെസ്‌ക്കിൽ നിന്നു വരുന്ന വാർത്തക്കും സ്‌റ്റോറികൾക്കുമായിരിക്കും പ്രാധാന്യം കൊടുക്കുന്നത്. അവസാന സമയമൊക്കെയാകുമ്പോൾ പത്രത്തിന്റെ 80 ശതമാനവും തെരഞ്ഞെടുപ്പു വാർത്തകളായിരിക്കും. അതായത് സിറ്റി പേജും കായികം പേജും ഒഴികെ എല്ലാ പേജിലും തെരഞ്ഞെടുപ്പ് വാർത്തകൾ. ഈ സമയങ്ങളിൽ റിപ്പോർട്ടർമാർ ഗ്രൗണ്ട് റിപ്പോർട്ടിങ്ങിന്റെ ഭാഗമായി യാത്ര ചെയ്യുകയായിരിക്കും. അതുകൊണ്ടുതന്നെ സ്‌റ്റോറികൾ വേഗത്തിൽ എഴുതേണ്ടിവരും. വസ്തുത പരിശോധിക്കാനുള്ള സമയമൊന്നും കിട്ടിയെന്നുവരില്ല. ഈ സമയങ്ങളിൽ റീ റൈറ്റ് ഡെസ്കിന് വളരെ പ്രാധാന്യമുണ്ട്.

ബംഗാളിൽ 1977 മുതൽ 2006 വരെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഫലം ഒന്നുതന്നെയായിരുന്നു. അതുകൊണ്ടു തന്നെ ഓരോ തവണയും എന്ത് ഹെഡ്‌ലൈൻ കൊടുക്കുമെന്ന ചിന്തയുണ്ടായിരുന്നു. കാരണം ഫലം എന്തായിരിക്കുമെന്ന് മുൻകൂട്ടിയറിയാം. അങ്ങനെയൊരു തെരഞ്ഞെടുപ്പ് കവർ ചെയ്യുക വലിയൊരു ചലഞ്ചാണ്. തെരഞ്ഞടുപ്പിൽ നമുക്ക് ആകാംക്ഷ കൂടുന്നത് തുല്യ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോഴോ അല്ലെങ്കിൽ ഫലത്തെ കുറിച്ച് ഏറെ അനിശ്ചിതത്വം നിലനിൽക്കുമ്പോഴോ ആണ്. 1977 മുതൽ ബംഗാളിൽ ഇടതുപക്ഷം തന്നെ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. 2001-ലാണെന്നു തോന്നുന്നു, എന്ത് തലക്കെട്ട് കൊടുക്കുമെന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് ഞങ്ങളുടെ ഡെപ്യൂട്ടി എഡിറ്ററായ ദിപായൻ ചാറ്റർജി മനോഹരമായൊരു തലക്കെട്ട് പറയുന്നത്. തെരഞ്ഞടുപ്പിന്റെ വർഷങ്ങൾ മാത്രം നൽകുക. അതായത് 77, 82, 87 എന്നിങ്ങനെ 2001 വരെ. അടുത്ത തവണ എന്താണെന്ന് അറിയാത്തതുകൊണ്ട് മൂന്ന് കുത്ത് അവസാനമിട്ടു. ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നായിരുന്നു ഉദ്ദേശിച്ചത്. ഇത്രയും തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ പറയാൻ വേറെയൊന്നുമില്ലാതായി.

അപ്രതീക്ഷിത ഫലങ്ങൾ സംഭവിക്കുക എന്നത് ന്യൂസ് റൂമിന് മാത്രമല്ല ജനാധിപത്യത്തിനും ആരോഗ്യകരമായ ഒന്നാണ്. ആ രീതിയിൽ നോക്കുമ്പോൾ 2011-നുശേഷം ബംഗാളിൽ നടക്കുന്ന തെരഞ്ഞെടുപ്പുക്കൾ കവർ ചെയ്യുമ്പോഴാണ് കൂടുതൽ വൈദഗ്ധ്യം ആവശ്യമായി വരുന്നത്.

2006-ൽ ഉജ്ജ്വല വിജയം ഇടതുപക്ഷത്തിനുണ്ടായി. എന്നാൽ അതിനുശേഷം, വിപ്ലവം സംഭവിക്കുന്നതുപോലെ കാര്യങ്ങൾ മാറി മറിഞ്ഞു. അത് അപ്രതീക്ഷിതമായിരുന്നു. അപ്രതീക്ഷിത ഫലങ്ങൾ സംഭവിക്കുക എന്നത് ന്യൂസ് റൂമിന് മാത്രമല്ല ജനാധിപത്യത്തിനും ആരോഗ്യകരമായ ഒന്നാണ്. ആ രീതിയിൽ നോക്കുമ്പോൾ 2011-നുശേഷം ബംഗാളിൽ നടക്കുന്ന തെരഞ്ഞെടുപ്പുക്കൾ കവർ ചെയ്യുമ്പോഴാണ് കൂടുതൽ വൈദഗ്ധ്യം ആവശ്യമായി വരുന്നത്.

ഞാൻ 1990-ലാണ് മാധ്യമപ്രവർത്തനത്തിലേക്ക് വരുന്നത്. ആ സമയത്തെ ബംഗാളിന്റെ തെരഞ്ഞെടുപ്പുരീതി അതായിരുന്നില്ല. എന്താണ് സംഭവിക്കുക എന്ന് നമുക്കറിയാവുന്നതുകൊണ്ട് പലപ്പോഴും കൃത്രിമമായ ഒരു ആകാംഷ സൃഷ്ടിച്ചെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇന്ന് അങ്ങനെയല്ല, സ്വാഭാവികമായ ആകാംക്ഷ ന്യൂസ് റൂമിലുണ്ട്. അതൊരു വലിയ ഭാഗ്യമാണ്. ആ അവസരം നല്ലരീതിയിൽ ഉപയോഗിക്കണം. ഉപയോഗിക്കുന്നുണ്ടോ എന്നൊരു ചോദ്യമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാത്രമേ അതിന് ഉത്തരം പറയാൻ കഴിയൂ. തെരഞ്ഞെടുപ്പ്, പത്രങ്ങളെ സംബന്ധിച്ച് മാമ്പഴക്കാലമാണ്.

തൊണ്ണൂറുകളിൽ ബംഗാളിൽ സി.പി.എമ്മിന്റെ ഒരു ഇലക്ഷൻ കാമ്പയിൻ

കുതിരപ്പുറത്ത് സഞ്ചരിച്ച് തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗ് നടത്തുന്ന കാലം കൂടിയാണ്. ആ റിപ്പോർട്ടിംഗ് ശൈലി, ടെലിവിഷൻ ജേണലിസത്തിൻ്റെ ദൃശ്യഭാഷ ഇക്കാലയളവിൽ പരിണമിച്ചുവന്നത് കൗതുകത്തോടെ കാണാൻ പറ്റുന്ന ഒന്നാണ്. ഒരു വശത്ത് ടെക്നോളജിയുടെ ക്രിയാത്മക ഉപയോഗം. മറുവശത്ത് കുതിരപ്പുറത്തെ സഞ്ചാരം. ടെലിവിഷൻ ഉപയോഗിക്കുന്ന ദൃശ്യഭാഷയുടെ പ്രാധാന്യം, സ്വാധീനം എത്രത്തോളമാണ്?

കുതിരപ്പുറത്ത് സഞ്ചരിച്ച് കാഴ്ചക്കാർക്ക് പുതുമ നൽകുന്നത് നല്ല കാര്യം തന്നെയാണ്. അതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. ഏതൊക്കെ രീതിയിൽ വായനക്കാരെയും പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുമോ അങ്ങനെ ചെയ്യണമെന്നുതന്നെയാണ് ഞാൻ കരുതുന്നത്. നിരന്തരം ഉപയോഗിക്കുന്നതുകൊണ്ട് പലപ്പോഴും വാക്കുകളുടെയും പ്രവർത്തികളുടെയും പുതുമ നഷ്ടപ്പെടാറുണ്ട്. അതിനെ പുനനിർമ്മിക്കാൻ മാധ്യമങ്ങൾക്ക് ഏത് ടൂളും ഉപയോഗിക്കാമെന്നാണ് എന്റെ അഭിപ്രായം. അതിനുവേണ്ടി ഉപയോഗിക്കുന്ന ചിഹ്നം കുതിരയാണോ എന്ന് ന്യൂസ് റൂമുകൾക്ക് ചർച്ച ചെയ്യാവുന്നതാണ്. എന്നെ സംബന്ധിച്ച് കുതിര അധിനിവേശത്തിന്റെയും പിടിച്ചെടുക്കലിന്റെയും കീഴടക്കലിന്റെയും പ്രതീകമാണ്. പ്രത്യേകിച്ച് യുദ്ധത്തിന്റെയും ആക്രമണത്തിന്റെയും പ്രതീകമാണ്. അതായത്, എന്റെ അധികാരത്തിനുവേണ്ടി ഞാൻ മറ്റുള്ളവരുടെ ഇടങ്ങളിലേക്ക് വരും എന്നാണ് അത് പറയുന്നത്. അപ്പോൾ അതാണോ ജനാധിപത്യ രാജ്യത്തെ ഒരു തെരഞ്ഞെടുപ്പ് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നതെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു ടെലിവിഷൻ ചാനൽ തെരഞ്ഞെടുപ്പ് കവർ ചെയ്യാൻ ഏതെങ്കിലും ജീവിയെ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ഏറ്റവും നല്ലത് നായയാണ്. കാരണം Watch Dog എന്നാണല്ലോ പറയുന്നത്. നായ തന്നെയാണ് ഏറ്റവും നല്ല പ്രതീകം. പക്ഷെ നായയുടെ പുറത്ത് നമുക്ക് സഞ്ചരിക്കാൻ കഴിയില്ല. എന്നാൽ മഞ്ഞിലൊക്കെ ഉപയോഗിക്കുന്ന സ്ലെഡ് ഉപയോഗിച്ച് ആറേഴ് നായകളെകൊണ്ട് വലിപ്പിക്കാം. അത് മൃഗങ്ങൾക്കെതിരെയുള്ള അതിക്രമത്തിന്റെ പരിധിയിൽ വരുമോയെന്ന് അറിയില്ല. കുതിരയെ കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കാമെങ്കിൽ നായയെ കൊണ്ടും കഴിയുമെന്നാണ് തോന്നുന്നത്.

ഞാൻ ഉദ്ദേശിച്ചത്, നിങ്ങൾ ഒരു ചിഹ്നം തെരഞ്ഞെടുക്കുമ്പോൾ അത് എത്രമാത്രം ഉചിതമാണെന്ന് ചിന്തിക്കണം. പത്രങ്ങളിലും ഇത്തരമൊരു പ്രതിസന്ധിയുണ്ട്. സാധാരണഗതിയിൽ യു.പിയിലോ ബംഗാളിലോ തെരഞ്ഞെടുപ്പ് കവർ ചെയ്യാൻ ഒരു റിപ്പോർട്ടറെ പറഞ്ഞുവിടുന്നു. മിക്കവാറും റെയിൽവേ സ്റ്റേഷനിലോ എയർപോർട്ടിലോ ഇറങ്ങി, അവിടെ നിന്ന് ഹോട്ടലിലേക്ക് കൊണ്ടുവിടുന്ന ഡ്രൈവറോടോ അവിടെയുള്ള ചായക്കടകാരനോടോ ഒക്കെ സംഭവങ്ങൾ ചോദിക്കുകയാണ് ചെയ്യുക. ഇത്തരത്തിലാണ് നമ്മുടെ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്. ആ സംഭാഷണങ്ങൾക്ക് ഒട്ടും വിലയില്ല എന്നല്ല പറയുന്നത്. എന്നാൽ വളരെ ഷാർപ്പായ മാധ്യമപ്രർത്തകർക്ക്, ശാരീരിക ഭാഷയിൽ നിന്നു പോലും അവരുടെ മികവ് കണ്ടെത്താനാവും. ഈ മേഖലയിൽ ഒട്ടും കഴിവില്ലാത്ത ഒരാളാണ് ഞാൻ. ആളുകളുടെ മറുപടിയിൽ നിന്ന് ജഡ്ജ് ചെയ്യുന്ന കാര്യത്തിൽ എനിക്ക് അത്ര മികവില്ല. അതുകൊണ്ടുതന്നെയാണ് പലപ്പോഴും ഇത്തരം പരിപാടികളിൽ ഞാൻ പങ്കെടുക്കാത്തത്. അതായത് ആളുകൾ എന്നോട് കള്ളം പറയുകയാണോ അവർ എന്നെ തെറ്റിദ്ധരിപ്പിക്കുകയാണോ എന്നൊന്നും തിരിച്ചറിയാനുള്ള വിവേകം എനിക്കില്ല. അതുകൊണ്ടുതന്നെ അത്തരം സംഭാഷണങ്ങളെ കൂടുതൽ ആശ്രയിക്കാതെ ചരിത്രം ഓർമിപ്പിക്കുക, അല്ലെങ്കിൽ എന്താണ് തെരഞ്ഞെടുപ്പുകൊണ്ട് നമ്മുടെ രാഷ്ട്രത്തിന് വേണ്ടത് എന്ന് സംസാരിക്കുക പോലെയുള്ള കാര്യങ്ങളിലാണ് എന്റെ താല്പര്യം.

കുതിര കൊണ്ട് അവർക്ക് കാഴ്ചക്കാർ കൂടുകയാണെങ്കിൽ നല്ലതാണ്. എന്നാൽ ജനാധിപത്യത്തിന്റെ ചിഹ്നം കുതിരയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

ഞാൻ മുമ്പു പറഞ്ഞ രീതിയിൽ റിപ്പോർട്ടിംഗ് ചെയ്യുന്ന ആളുകളുമുണ്ട്. എന്നാൽ വീണ്ടും വീണ്ടും ചെയ്തു കഴിയുമ്പോൾ ആവർത്തന വിരസത വരുമോ എന്ന് സംശയമുണ്ട്. ക്വോട്ട് ബേസ്ഡ് ജേണലിസം തെറ്റാണെന്ന് ഞാൻ പറയുന്നില്ല. അതിലും പുതുമ കൊണ്ടുവരുന്നതിന് പല പത്രങ്ങളും ശ്രമിക്കാറുണ്ട്. പ്രസിദ്ധ എഴുത്തുകാരെയോ മനോഹരമായി സംസാരിക്കുന്ന ഹാസ്യ താരങ്ങളെയോ ഇത്തരം പരിപാടികൾ ഏൽപ്പിച്ച് അവരെക്കൊണ്ട് തിരഞ്ഞെടുപ്പ് പരിപാടികൾ നടത്തിക്കും. അവർ പത്രക്കാരുടെ ഭാഷയായിരിക്കില്ല ഉപയോഗിക്കുന്നത്. മമതാ ബാനർജിയുടെ പരിപാടിക്കുവേണ്ടി ശോഭ ദേവദൂത് ടെലഗ്രാഫിനു വേണ്ടി കവർ ചെയ്തിരുന്നു. അതിനെ ജേണലിസം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും, അവരുടെ എഴുതാനുള്ള കഴിവുകൊണ്ട് രാഷ്ട്രീയ റിപ്പോർട്ട് വായിക്കാത്ത പലരും വായിച്ചിരിക്കാം എന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ സ്റ്റാഫിനെ മാറ്റി നിർത്തി പുറത്തു നിന്നുള്ളവരെക്കൊണ്ട് എഴുതിക്കുമ്പോൾ ചെറിയ അപകടമുണ്ട്. അവർ വ്യക്തിപരമായ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കും. അതിനോടൊപ്പം, അവർ കവർ ചെയ്യുന്ന രാഷ്ട്രീയ നേതാവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിച്ചെടുക്കാനുള്ള ഉപാധിയായി ഇതിനെ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടി ചില കാര്യങ്ങളാണത്. അതായത് ഏത് ചിഹ്നമാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നത് അല്ലെങ്കിൽ ആരെയാണ് തെരഞ്ഞെടുക്കുന്നത് അവർ ഏതു രീതിയിൽ ഇതിനെ ഉപയോഗിക്കും എന്നത് പരിശോധിക്കണം.

കുതിര കൊണ്ട് അവർക്ക് കാഴ്ചക്കാർ കൂടുകയാണെങ്കിൽ നല്ലതാണ്. എന്നാൽ ജനാധിപത്യത്തിന്റെ ചിഹ്നം കുതിരയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

പല തരം സർവ്വേകളെ ടെലിവിഷൻ ജേണലിസം ഉപയോഗപ്പെടുത്താറുണ്ട്. പ്രീ പോൾ എക്സിറ്റ് പോൾ തുടങ്ങി പലതും. ജനാധിപത്യ പ്രക്രിയയിൻ അടിമുടി ആഴ്ന്നിറങ്ങി പ്രവർത്തിക്കും ഓരോ ന്യൂസ് റൂമും. പോളുകളുടെ രാഷ്ട്രീയം എന്താണ്?

പ്രീ പോളിങ് സമ്പ്രദായം ഇന്ത്യയിൽ ആദ്യമായി കൊണ്ടുവരുന്നത് 1980-കളിലാണ്. ഇന്ത്യ ടുഡേ ഗ്രൂപ്പും പ്രണോയ് റോയും ചേർന്നാണ് സഫോളജി അഥവാ തെരഞ്ഞെടുപ്പ് സർവേ നടത്തുന്നത്. അത് വളരെ കൗതുകമുണർത്തുന്ന ഒന്നായിരുന്നു. അതൊരു ശാസ്ത്രമാണെന്ന രീതിയിൽ പ്രോത്സാഹിപ്പിക്ക​പ്പെടേണ്ടതാണെന്ന ധാരണ ഉണ്ടാക്കി. പശ്ചാത്യ ജനാധിപത്യത്തിൽ ഉപയോഗിക്കപ്പെടുന്ന ആ മാർഗം ഇന്ത്യയിലും വന്നത് വളരെ താൽപര്യത്തോടെയാണ് ഞാനും നോക്കി കണ്ടത്. എന്നാൽ കഴിഞ്ഞ 20 വർഷങ്ങളായി പല ടെലിവിഷൻ ചാനലുകളും അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന ഭയം എനിക്കുണ്ട്. മാത്രമല്ല, ഫലം വന്ന് കഴിയുമ്പോൾ അതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയും മറ്റ് മാനങ്ങൾ കണ്ടെത്തുകയുമൊക്കെ കാണുമ്പോൾ പ്രീ പോൾ സർവേകൾ ചെയ്യാൻ പാടില്ലെന്നാണ് എനിക്ക് തോന്നുന്നത്.

അന്നത്തെ പോലെയല്ല ഇന്ന്. അന്ന് മാധ്യമങ്ങൾക്ക് റീച്ച് വളരെ കുറവായിരുന്നു. ഇന്ന് ഒരു വിവരം സെക്കന്റുകൾക്കുള്ളിൽ ആളുകളിലേ​ക്കെത്തും. അതുപോലെ നമുക്കാവശ്യമുള്ള ഭാഗങ്ങൾ മാത്രം തെരഞ്ഞെടുത്ത് കട്ട് ചെയ്ത് കാണിക്കാൻ കഴിയും. നിരന്തരമായി ഇത്തരം കാര്യങ്ങൾ ടെലിവിഷനിലൂടെ കാണിക്കുമ്പോൾ സ്വാഭാവികമായി ജനങ്ങൾ വിജയസാധ്യതയുള്ള സ്ഥാനാർഥിക്കോ പാർട്ടിക്കോ ഒപ്പം നിൽക്കാൻ സാധ്യതയുണ്ട്. നിഷ്പക്ഷ വോട്ടർമാർ, അതായത് കയ്യാലപുറത്തിരിക്കുന്നവർ എന്ന് നമ്മൾ പറയന്നവർ, വിജയസാധ്യതയുള്ള പക്ഷത്തേക്ക് മാറും. തെരഞ്ഞെടുപ്പിനുമുമ്പ് ഇന്നയാൾ ജയിക്കും, അയാൾക്ക് വൻ ഭൂരിപക്ഷം കിട്ടുമെന്നൊക്കെ സർവേയിലൂടെ പറയുമ്പോൾ നമ്മൾ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ പോലും പല വോട്ടർമാരും സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പ്രീ പോൾ സർവേ ഒഴിവാക്കുക എന്നാണ് എന്റെ അഭിപ്രായം. കാരണം ഇന്ന് മാസ് മീഡിയയെ ദുരുപയോഗം ചെയ്യാൻ തൽപരകക്ഷികൾക്ക് വളരെ വേഗം സാധിക്കും.

എക്‌സിറ്റ് പോൾ പ്രശ്‌നമല്ല. മറിച്ച് പ്രീപോൾ ഒഴിവാക്കണം. പ്രത്യേകിച്ച് ഇന്ത്യ പോലൊരു വിപുലമായ രാജ്യത്ത്. ഒരു ശതമാനം ആളുകളെ പോലും നമുക്ക് സർവേ ചെയ്യാൻ സാധിക്കില്ല. 70,000- 1,00,000 എന്നൊക്കെ പറയുമെങ്കിലും നമ്മുടെ മൊത്തം ജനസംഖ്യവെച്ച് നോക്കുമ്പോൾ അതൊന്നും ഒന്നുമല്ല. ഇത്തരത്തിലുണ്ടാകുന്ന നിഗമനങ്ങൾ ആളുകളെ സ്വാധീനിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം.

മമത ബാനര്‍ജി ഇലക്ഷൻ കാമ്പയിനിൽ

ഇൻഫർമേഷൻ നല്കുക, വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുക, ചരിത്രം ഓർമപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കപ്പുറത്ത് മാനിപ്പുലേഷന് കൂടി സാധ്യതയുള്ള സ്പേസാണ് ജേണലിസം. മാധ്യങ്ങളുടെ തെരഞ്ഞെടുപ്പു ചരിത്രം തെരഞ്ഞെടുപ്പിലെ സ്വാധീനമായി മാറുന്നതിൻ്റെ ചരിത്രത്തെ വിലയിരുത്താമോ?

ചരിത്രത്തെ ഓർമിപ്പക്കുക, വിവരങ്ങൾ നൽകുക, ജനങ്ങളുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് പുറംലോകത്തെത്തിക്കുക എന്നതു തന്നെയാണ് ഇലക്ഷൻ കാലത്ത് മാധ്യമങ്ങളുടെ പ്രധാന ചുമതല. എന്നാൽ ഇലക്ഷൻ കാലത്ത് മാധ്യമസ്ഥാപനങ്ങളോ, സർവേ ഗ്രൂപ്പുകളോ ഇലക്ഷൻ റിസൾട്ട് സംബന്ധിച്ച പ്രവചനങ്ങൾ ചെയ്യാതിരിക്കുകയാണ് വേണ്ടത്. ഈ മാധ്യമ സ്ഥാപനങ്ങൾ, അല്ലെങ്കിൽ അവിടുത്തെ റിപ്പോർട്ടർമാർ എത്രമാത്രം ആളുകളുമായി സംസാരിച്ചതിനും പഠിച്ചതിനും ശേഷമാണ് ഈ പ്രവചനങ്ങൾ തയ്യാറാക്കുന്നത് എന്നത് വലിയ ചോദ്യമാണ്. അല്ലെങ്കിൽ, ഒരു റിപ്പോർട്ടർക്ക് അല്ലെങ്കിൽ ഒരു മാധ്യമസ്ഥാപനത്തിന് എത്ര ആളുകളോട് സംസാരിക്കാൻ കഴിയും? എത്ര സമയം സംസാരിക്കാൻ കഴിയും? ഇനി അഥവാ അര മണിക്കൂറോ, ഒരു മണിക്കൂറോ സംസാരിക്കാൻ റിപ്പോർട്ടർ തയ്യാറായാലും അത്ര ചുരുങ്ങിയ സമയം മാത്രം പരിചയമുള്ള ഒരാളെ ഒരു വോട്ടർ എന്തിനു വിശ്വസിക്കണം. എന്തുകൊണ്ട് അയാളോട് സത്യം പറയണം. ഇതാണ് ഇത്തരം സർവ്വേകളുടെയും പ്രവചനങ്ങളുടെയും പ്രശ്‌നം. അല്ലെങ്കിൽ സർവ്വെ നടത്തുന്ന റിപ്പോർട്ടർ വലിയ നിരീക്ഷണപാടവമുള്ളയാൾ ആയിരിക്കണം. സർവ്വേ ചെയ്യപ്പെടുന്നയാളുടെ ജീവിത നിലവാരം, ശരീരഭാഷ അവരുടെ സാമൂഹികജീവിതം ഇതെല്ലാം മനസ്സിലാക്കാനും പഠിക്കാനും റിപ്പോർട്ടർക്ക് കഴിയണം. ഇങ്ങനെ വിവരശേഖരണവും വിശകലനവും സങ്കീർണമാവുമ്പോഴേ പ്രവചനങ്ങളിലും കൃത്യത ഉണ്ടാവുകയുള്ളൂ. എന്നാൽ അതിനുള്ള സമയമോ, സാവകാശമോ, റിസോഴ്‌സുകളോ പലപ്പോഴും പല പത്രങ്ങൾക്കും ഇല്ല. അതുകൊണ്ട് തന്നെ പത്രങ്ങൾ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. റിസൾട്ട് എങ്ങനെ വരുമെന്ന് ഒരിക്കലും മാധ്യമങ്ങൾ പ്രവചിക്കാൻ കഴിയില്ല. അല്ലെങ്കിൽ മാധ്യമങ്ങൾ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ വരുമ്പോൾ പ്രവചനം പലപ്പോഴും ഊഹങ്ങളായി അവസാനിക്കുകയാണ് ചെയ്യുന്നത്.

കാര്യങ്ങൾ അറിയണമെങ്കിൽ ജനങ്ങളുടെ ഇടയിലിറങ്ങി റിപ്പോർട്ട് ചെയ്യുക തന്നെ വേണം. അതിപ്പോൾ കുതിരയുടെയോ പോത്തിന്റെയോ കാളയുടെയോ പുറത്തായാലും ജനങ്ങൾക്കിടയിലേക്കിറങ്ങി ചെന്നാലെ കഴിയുകയുള്ളൂ.

ഈ തെരഞ്ഞടുപ്പിൽ ഓരോ രാഷ്ട്രീയ പാർട്ടികളും അവർ മുന്നോട്ടുവെക്കുന്ന വ്യക്തികളും നമ്മുടെ രാഷ്ട്രത്തെയും സമൂഹത്തെയും എങ്ങനെ ബാധിക്കും എന്ന വിലയിരുത്തലാണ് നല്ലത്. റിപ്പോർട്ടിങ് മാറ്റണമെന്നോ റിപ്പോർട്ടിങ് ചെയ്യാൻ പാടില്ലെന്നോ ഒന്നുമല്ല പറയുന്നത്. കാര്യങ്ങൾ അറിയണമെങ്കിൽ ജനങ്ങളുടെ ഇടയിലിറങ്ങി റിപ്പോർട്ട് ചെയ്യുക തന്നെ വേണം. അതിപ്പോൾ കുതിരയുടെയോ പോത്തിന്റെയോ കാളയുടെയോ പുറത്തായാലും ജനങ്ങൾക്കിടയിലേക്കിറങ്ങി ചെന്നാലെ കഴിയുകയുള്ളൂ. കാളവണ്ടിയിലോ മറ്റ് ഏതു വണ്ടിയിലോ ആയാലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് റിപ്പോർട്ട് ചെയ്യണം. റിസൾട്ട് പ്രവചിക്കാൻ വേണ്ടിയായിരിക്കരുത് അങ്ങനെ ചെയ്യുന്നത്. മറിച്ച് എന്താണ് ജനങ്ങളുടെ പ്രശ്‌നം, ഏത് പാർട്ടി അധികാരത്തിൽ വന്നാൽ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും പോലെയുള്ള കാര്യങ്ങൾ മുൻനിർത്തി റിപ്പോർട്ടിങ് ചെയ്യുന്നതായിരിക്കും നല്ലത്. വർഗീയ ധ്രുവീകരണ ആശയങ്ങൾ ഉൾക്കൊള്ളുന്ന പാർട്ടി അധികാരത്തിൽ വന്നാൽ സമൂഹത്തിൽ എന്തെല്ലാം മാറ്റം സംഭവിക്കാം പോലെയുള്ള പ്രവചനങ്ങൾ തെറ്റില്ല. അത് നമുക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന വിശകലനത്തിലൂടെ പറയുന്ന കാര്യങ്ങളാണ്. നമ്മുടെ തന്നെ ചരിത്രബോധത്തിന്റെയും ന്യായത്തിന്റെയും നീതിയുടെയും അവബോധം ഉപയോഗിച്ച് നമ്മൾ നടത്തുന്ന വിശകലനവുമായി മുമ്പ് പറഞ്ഞ പ്രവചനത്തെ താരതമ്യം ചെയ്യാൻ പാടില്ല. പ്രവചനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.

Comments