മനില സി.മോഹൻ: ഒരു വശത്ത് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഭരണകൂടങ്ങളാൽ നിയമ നടപടികളും എതിർപ്പും വേട്ടയും നേരിടുന്നു. മറുവശത്ത് വലിയ വിഭാഗം മാധ്യമങ്ങൾ ഭരണകൂടങ്ങളുടെ വക്താക്കളും പ്രയോജകരും പ്രായോജകരുമായി പ്രവർത്തിക്കുന്നു. മാധ്യമ - രാഷ്ട്രീയ രംഗം സങ്കീർണവും പ്രവചനാതീതവുമായിരിക്കുന്നു എന്ന് പറയാം. ഇത് കേന്ദ്രത്തിലും കേരളത്തിലും സംഭവിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. മാധ്യമങ്ങളോട് ശത്രുതാപരമായി പെരുമാറുന്ന ഭരണകൂടങ്ങളും ഭരണകൂടങ്ങളോട് ശത്രുതാപരമായി പെരുമാറുന്ന മാധ്യമങ്ങളും ജനാധിപത്യത്തിന്, സമൂഹത്തിന്, എന്തെങ്കിലും ഗുണം ചെയ്യുമോ?
ആർ.രാജഗോപാൽ: ചോദ്യത്തിൽ സൂചിപ്പിച്ച രണ്ടു കാര്യങ്ങൾ കൂടാതെ, മൂന്നാമതൊരു വെച്ചുമാറ്റം കൂടി നടക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നു. സർക്കാർ, ജേണലിസ്റ്റിനു പിറകെ പോകുന്നു; മാധ്യമ സ്ഥാപനത്തെ വെറുതെ വിടുന്നു. ഇത് വളരെ ആശങ്കയുണ്ടാക്കുന്ന അവസ്ഥയാണ്. ഇവിടെ, ഒരു വ്യവസായ സ്ഥാപനം മാധ്യമസ്ഥാപനവുമായി ഒത്തുതീർപ്പിലെത്തുകയും എഡിറ്റർക്കെതിരെ കേസുമായി മുന്നോട്ടുപോവുകയും ചെയ്തതിനുശേഷമാണ് ഈ രീതി വ്യാപകമായത്. ഒരു പിൻബലവുമില്ലാതെ എഡിറ്റർ ഒറ്റപ്പെട്ടു പോകുന്നു. കോടതിയിലെ ഓരോ ഹിയറിംഗിനും, അത് മാധ്യമ സ്ഥാപനം പ്രവർത്തിക്കുന്ന സംസ്ഥാനത്തിനു പുറത്തു കൂടിയാവുമ്പോൾ, വരുന്ന ചെലവ് ഒരു വ്യക്തിക്ക് താങ്ങാവുന്നതിലും വലുതായിരിക്കും.
അത്രയ്ക്ക് സുഖകരമല്ലാത്തതും ജനപ്രിയമല്ലാത്തതുമായ ഒരു ചിന്ത ഇവിടെ പങ്കുവെക്കട്ടെ, മറുനാടൻ മലയാളി എന്ന പോർട്ടലിനെ കുറിച്ചാണത്. ഷാജൻ സ്കറിയയെ കഴിഞ്ഞ മൂന്നു വർഷമായി എനിക്കറിയാം. ഞങ്ങൾ പതിവായി ബന്ധപ്പെടാറുണ്ട്. ഒരു ജേണലിസ്റ്റ് എന്ന നിലയിൽ വിവിധവും വ്യത്യസ്തവുമായ അഭിപ്രായങ്ങൾ കേൾക്കാൻ ബാധ്യസ്ഥനാണ് എന്നു ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ, നമ്മുടെ തന്നെ അഭിപ്രായങ്ങൾ പ്രതിധ്വനിക്കുന്ന എക്കോ ചേംബറിലിരുന്ന്, ക്രമേണ അതു തന്നെയാണ് യാഥാർത്ഥ്യം എന്നു വിശ്വസിക്കുന്ന ഒരു അവസ്ഥ സംജാതമാവും. ഷാജനെതിരെ ദൽഹി കോടതിയിൽ കേസ് കൊടുത്ത വ്യവസായിക്ക് അതിന് അവകാശമുണ്ട്. ഇതുവരെ തെളിവുകളൊന്നുമില്ലാതെ നടത്തിയ വ്യക്തിപരമായ ആരോപണത്തിന് ഷാജനിൽ നിന്ന് നിരുപാധികമായ ക്ഷമാപണം ലഭിക്കുന്നതിനും വ്യവസായിക്ക് അർഹതയുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. പക്ഷേ, കേസ് ദൽഹിയിൽ കൊടുക്കേണ്ടിയിരുന്നോ? കേരളത്തിൽ കൊടുത്തു കൂടായിരുന്നോ? ഇതിലെന്തെങ്കിലും നിയമപരമായ ന്യായങ്ങളുണ്ടോ എന്നെനിക്കറിയില്ല, ഉണ്ടെങ്കിൽ ഈ വാദം തിരുത്താനും ക്ഷമ ചോദിക്കാനും ഞാൻ തയ്യാറുമാണ്.
ജനാധിപത്യത്തിൽ ഒരു സെൻസർഷിപ്പും ഉണ്ടാവുതെന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം. നമ്മുടേത് ജനാധിപത്യമാണോ എന്നു തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്.
രണ്ടാമതായി, കേരളത്തിലെ ഒരു എം.എൽ.എ ഷാജനെതിരെ കേസുകൾ കൊടുക്കാൻ നടത്തിയ പരസ്യാഹ്വാനമാണ് അമ്പരപ്പിക്കുന്നത്. ഷാജന്റെ ജേണലിസം മതസൗഹാർദത്തിന് വലിയ ദോഷം വരുത്തുന്നതായും, മറുനാടൻ്റെ റിപ്പോർട്ടിംഗ് ശൈലി കൊണ്ട് ചില കുടുംബങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വന്നതായും ഇയ്യിടെ ഞാൻ മനസിലാക്കായിട്ടുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന റിപ്പോർട്ടുകൾ കൊടുക്കണമെന്ന് പല തവണ ഞാൻ ഷാജനോട് സൂചിപ്പിച്ചിട്ടുള്ളതാണ്. റിപ്പോർട്ടുകളിലെ വർഗീയ ധ്വനി ഷാജൻ എപ്പോഴും നിഷേധിക്കും. ഇസ്ലാമിസ്റ്റും ഇസ്ലാമിക്കും രണ്ടാണെന്ന് പറയാൻ ശ്രമിക്കും. പക്ഷേ, ഇവിടെ ഞാൻ യോജിക്കുന്നില്ല. ഈ റിപ്പോർട്ടിംഗ് രീതി വിഷലിപ്തമാണെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
പക്ഷെ, പക്വമായ ഒരു ജനാധിപത്യത്തിൽ ഇത്തരം ശബ്ദങ്ങൾ നിരോധിക്കപ്പെടാമോ? പാടില്ലെന്നാണ് എൻ്റെ വിശ്വാസം. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് വാദങ്ങൾ നഷ്ടപ്പെടുന്നു എന്നോ വാദങ്ങൾ തീർന്നു എന്നോ തെളിയിക്കപ്പെടുകയാണ് ചെയ്യുന്നത്. ജനാധിപത്യത്തിൽ ഒരു സെൻസർഷിപ്പും ഉണ്ടാവുതെന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം. നമ്മുടേത് ജനാധിപത്യമാണോ എന്നു തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. ഷാജൻ്റെ നേരെ കയ്യേറ്റം നടത്തിയ ആളോട് സഹാനുഭൂതി പ്രകടിപ്പിച്ച പല മാധ്യമ സഹപ്രവർത്തകരെയും പോലെ, വർഗീയതയ്ക്കുള്ള പരിഹാരം ഇങ്ങനെയൊക്കെത്തന്നെയാണെന്ന് അടുത്ത കാലം വരെ വിശ്വസിച്ച ഒരാളാണ് ഞാനും. പക്ഷേ, ഇപ്പോൾ എൻ്റെ നിലപാട് മാറ്റാറായിരിക്കുന്നു. ഭൂരിപക്ഷവാദത്തിൻ്റെ യുക്തിരഹിതമായ ശബ്ദങ്ങളെ മുഖ്യധാര അവഗണിച്ച എൺപതുകളും തൊണ്ണൂറുകളും, പക്ഷേ; അത്തരം ശബ്ദങ്ങൾക്ക് മതഭ്രാന്തന്മാർ ഇടം നൽകി. ബാബ്റി മസ്ജിദ് തകർക്കൽ, ബോംബെ കലാപവും സ്ഫോടനങ്ങങ്ങളും, ഗുജറാത്ത് കലാപവും തുടർന്നുള്ള സ്ഫോടനങ്ങളും ( ഈ സ്ഫോടനങ്ങൾ പലതും ആരാണ് നടത്തിയത് എന്നത് ഇന്നും നിഗൂഢതയാണ്.) എല്ലാം ഇത്തരം ശബ്ദങ്ങളുടെ നുഴഞ്ഞുകയറ്റം ശക്തമാക്കി. 2014-ൽ അത് ജനസമ്മതി നേടി.
ഗോമൂത്ര- ചാണക ചികിത്സകരെ കേരളം മാനേജ് ചെയ്തത് അവരുമായി സംവാദം നടത്തിയും ഹാസ്യം കൊണ്ട് പ്രഹരിച്ചുമാണ് എന്ന് ട്രൂ കോപ്പിയിലെ നിങ്ങളുടെ കൊളീഗ് പറഞ്ഞത് ഓർക്കുന്നു. ആഭിചാര ചികിത്സകരെ അങ്ങനെ നേരിടാമെങ്കിൽ ഷാജൻ്റെ ജേണലിസത്തെയും (ഈ വാക്ക് വലിയ വിമർശനമുണ്ടാക്കുമെന്നുറപ്പാണ്. പക്ഷേ, ഈ ജേണലിസത്തെ പിന്തുടരുന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരുമാണെന്ന് പറയാനൊക്കില്ലല്ലോ.) എന്തുകൊണ്ട് അങ്ങനെ നേരിട്ടു കൂടാ? എന്തുകൊണ്ടാണ് ഈ ജേണലിസത്തിന് ഇത്രയും പ്രേക്ഷകശ്രദ്ധ ലഭിക്കുന്നത് എന്ന് നാം ആലോചിക്കണം.
വലതുപക്ഷത്തിന് ഹിതകരമല്ലാത്ത ഒന്ന് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ചു എന്നു കരുതുക. നിങ്ങളുടെ റിപ്പോർട്ടിംഗ് കാരണം വികാരം വ്രണപ്പെട്ടവരോട് മധ്യപ്രദേശിലെയും യു.പി.യിലെയും കോടതികളിൽ കേസു കൊടുക്കാൻ ഉത്തർപ്രദേശിലെ ഒരു എം.എൽ.എ ആഹ്വാനം ചെയ്യുന്നു എന്നും കരുതുക. നിങ്ങളുടെ ഏക പ്രതീക്ഷ, സുപ്രീംകോടതി ഈ കേസുകളെല്ലാം ക്ലബ്ബ് ചെയ്യാൻ ഒരവസരത്തിൽ നിർദ്ദേശിക്കുമെന്നതാണ്. എന്നാലും നിങ്ങളുടെ അവസ്ഥ നോക്കൂ, ഇത് ഒരു ഒളിയാക്രമണമാണ്.
'എഡിറ്റർ'ക്കെതിരെ ആദ്യത്തെ വ്യവസായി നൽകിയ കേസും 'ഷാജനെ'തിരെ രണ്ടാമത്തെ വ്യവസായി നൽകിയ കേസും പരിഗണിക്കുമ്പോൾ ഒരു മാതൃക രൂപപ്പെട്ട് വരുന്നതായി കാണാം. എം.എൽ.എ.യുടെ നീക്കം മറ്റൊരു മാതൃക കൂടി സൃഷ്ടിക്കുന്നു. ഏതു മീഡിയയുടെയും റിപ്പോർട്ടിംഗിൽ അസംതൃപ്തി തോന്നുന്ന അധികാരത്തിലുള്ള ആർക്കും ഈ നിയമ ഒളിയാക്രമണം നടത്താം, മീഡിയാസ്ഥാപനത്തെ കെട്ടിയിടാം. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം? കാടുകയറിയുള്ള ഒരു ഉത്തരമാണിതെന്നറിയാം. പക്ഷേ, ഏറ്റവും ഗൗരവമുള്ള അടിയന്തര പ്രശ്നം തന്നെയാണിത്.
സർക്കാരുകളുമായി ശത്രുതാപരമായിരിക്കണോ മാധ്യമങ്ങളുടെ ബന്ധം എന്ന ചോദ്യത്തിന്, നല്ലത് സൗഹൃദപരമല്ലാതിരിക്കുന്നതാണ് എന്നേ ഞാൻ പറയൂ. ശത്രുതയും വേണ്ട സൗഹൃദവും വേണ്ട, നിങ്ങൾ നിങ്ങളുടെ ജോലി സത്യസന്ധമായി ചെയ്യുക.
സർക്കാരുകളുമായി ശത്രുതാപരമായിരിക്കണോ മാധ്യമങ്ങളുടെ ബന്ധം എന്ന ചോദ്യത്തിന്, നല്ലത് സൗഹൃദപരമല്ലാതിരിക്കുന്നതാണ് എന്നേ ഞാൻ പറയൂ. ശത്രുതയും വേണ്ട സൗഹൃദവും വേണ്ട, നിങ്ങൾ നിങ്ങളുടെ ജോലി സത്യസന്ധമായി ചെയ്യുക. ഇതാണ് ടെക്സ്റ്റ് ബുക്ക് നിർവചനം. അസംബന്ധം. കാര്യങ്ങൾ കൃത്യമായി ബ്ലാക്ക് ആൻഡ് വൈറ്റായി നടക്കുന്ന ഇന്ത്യയിൽ നിങ്ങളെങ്ങനെ ശത്രുതാപരമല്ലാതെ നിലപാടെടുക്കും? പ്രതിഷേധക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാം എന്നു പറയുന്ന പ്രധാന മന്ത്രിയോട് എങ്ങനെ സൗഹൃദപ്പെടാൻ പറ്റും? ‘ജയ് ഭജ്റംഗ് ബലി’ എന്നാർക്കാനും വോട്ടു ചെയ്യാനും പറയുന്ന ഒരു പ്രധാനമന്ത്രിയുടെ വികസന അജണ്ടയെ എങ്ങനെ പിന്തുണക്കാൻ പറ്റും? എനിക്കറിയില്ല.
കേരളത്തിൽ നടക്കുന്ന വിഴിഞ്ഞം, കെ- റെയിൽ സമരങ്ങളായിരിക്കും ചോദ്യത്തിലെ സൂചന എന്ന് തോന്നുന്നു. ഇവിടെ അനുകൂലിക്കണോ എതിർക്കണോ എന്ന് ഓരോ മാധ്യമസ്ഥാപനവും നിലപാടെടുക്കണം. എന്തുകൊണ്ട് ഒരു പദ്ധതി ആവശ്യമാണ്? എന്തുകൊണ്ട് ഈ വഴി തന്നെയാണ് ഈ പദ്ധതിക്ക് നല്ലത്? ഇങ്ങനെയുള്ള കാര്യങ്ങൾ പ്രതിപക്ഷത്തെയും പൊതുസമൂഹത്തെയും മാധ്യമങ്ങളെയും അതുവഴി ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിനുപകരം എന്നു വന്നാലും പദ്ധതി നടപ്പിലാക്കും എന്ന മട്ടിലാണെങ്കിൽ സർക്കാർ എന്തിനുള്ളതാണ്? സായുധ സേനയെ വിന്യസിച്ച് നിങ്ങൾക്ക് ഒരു പദ്ധതി നടപ്പാക്കാം.
അന്യായമായി വേദനിപ്പാക്കപ്പെട്ട ഒരാളുടെ അവകാശമാണ് തിരുത്തെന്നും അത് മാധ്യമസ്ഥാപനം വായനക്കാരോടോ പ്രേക്ഷകരോടൊ കാണിക്കുന്ന ഔദാര്യമല്ലെന്നും എത്ര ജേണലിസ്റ്റുകൾക്ക് അറിയാം?
ചോദ്യം ചെയ്യുന്ന മാധ്യമങ്ങൾ, ശത്രുതയോ സൗഹൃദമോ ഇല്ലാത്ത മാധ്യമങ്ങൾ, തന്നെയാണ് നമുക്കാവശ്യം. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതു കൂടി പറയാതിരിക്കാൻ വയ്യ. ശരിയായ ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ഉൾപ്പെടെയുള്ള പല ജേണലിസ്റ്റുകളും അപ്രാപ്തരാണ്. ടെലിവിഷനിലെ പ്രൈം ടൈമിലെ ഒച്ചയും വിളിയും ഇതിന് തെളിവാണ്. ഒരു റിസർച്ചുമില്ലാതെ പത്രങ്ങളിൽ വരുന്ന വാർത്തകളുടെ കാര്യം പറയാനുമില്ല.
മാധ്യമങ്ങൾക്ക് സവിശേഷമായ അവകാശങ്ങൾ ഇല്ല എന്നാണ് ജേണലിസ്റ്റുകൾക്കെതിരെ റിപ്പോർട്ടിങ്ങിൻ്റെ പേരിൽ കേസെടുക്കുന്നവരുടെ വാദം. ജനാധിപത്യ രാജ്യത്ത് പൗരർക്കുള്ള അവകാശ സ്വാതന്ത്ര്യങ്ങൾക്കപ്പുറത്ത് മാധ്യമങ്ങൾക്കോ മാധ്യമ പ്രവർത്തകർക്കോ പ്രത്യേക അവകാശ സ്വാതന്ത്ര്യമില്ല എന്നാണ് വാദിക്കുന്നത്. ജേണലിസം ഒരു തൊഴിൽ മേഖല കൂടിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യാവകാശങ്ങളുമായി തുലനം ചെയ്തുകൊണ്ടാണോ മാധ്യമ സ്വാതന്ത്ര്യത്തേയും അവകാശത്തേയും നിർവ്വചിക്കേണ്ടത്? ജേണലിസത്തിൻ്റെ ലോക ചരിത്രം എന്താണ് പറയുന്നത്? ജേണലിസത്തിൻ്റെ വർത്തമാന ചരിത്രത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?
ശരിയാണ്, ജേണലിസ്റ്റുകൾക്ക് മാത്രമായി ഇന്ത്യയിൽ ഒരു അവകാശവും ഇല്ല. പക്ഷേ, പൗരർക്കുള്ള എല്ലാ അവകാശവും ജേണലിസ്റ്റുകൾക്കുമുണ്ട്. അത് പരിരക്ഷയുള്ളതുമാണ്. കേരളത്തിലുൾപ്പെടെ, ഒരു പൊലീസ് സ്റ്റേഷനിലേക്ക് ഭയം കൂടാതെ പൗരർക്ക് കടന്നുചെല്ലാൻ പറ്റുമോ? പൗരർക്കുള്ള പരിരക്ഷ സംരക്ഷിക്കപ്പെട്ടാൽ മതി, ജേണലിസ്റ്റുകളുടെ അവകാശങ്ങളും സ്വാഭാവികമായി സംരക്ഷിക്കപ്പെടും.
നമ്മുടെ സഹപൗരരുടെ അവകാശത്തെ മാനിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങൾ കൊടുക്കുന്ന തിരുത്തുകളെക്കുറിച്ച് ആലോചിച്ചു നോക്കൂ. വാർത്ത പ്രസിദ്ധീകരിച്ച അതേ പേജിൽ തിരുത്ത് പ്രസിദ്ധീകരിക്കാൻ എത്ര പത്രങ്ങൾ തയ്യാറുണ്ട്? ശക്തമായ ഗ്രൂപ്പുകളോ വ്യക്തികളോ തിരുത്ത് ആവശ്യപ്പെട്ടാൽ സാധാരണ പൗരർക്ക് കിട്ടുന്നതിലും മുന്തിയ പരിഗണന പത്രങ്ങൾ നൽകും. ന്യൂസ് റൂമുകളിൽ ഒരിക്കലും ചർച്ച ചെയ്യപ്പെടാത്ത വിവേചനത്തിൻ്റെ ഉദാഹരണമാണിത്. അന്യായമായി വേദനിപ്പാക്കപ്പെട്ട ഒരാളുടെ അവകാശമാണ് തിരുത്തെന്നും അത് മാധ്യമസ്ഥാപനം വായനക്കാരോടോ പ്രേക്ഷകരോടൊ കാണിക്കുന്ന ഔദാര്യമല്ലെന്നും എത്ര ജേണലിസ്റ്റുകൾക്ക് അറിയാം?
പട്ടിണിയും ദാരിദ്ര്യവും അത്രക്ക് വ്യാപകമായ ഒരു രാജ്യത്ത് എവിടെ നിന്നാണ് പോസിറ്റീവ് വാർത്തകൾ കിട്ടുക? ഉത്തരം. ഷോബിസും സ്പോർട്ടും. ഉടനെ ബോളിവുഡും ക്രിക്കറ്റും ഒന്നാം പേജിൽ സ്ഥാനം പിടിച്ചു. 1989- ൽ പത്രപ്രവർത്തകനായ ഒരാൾ എന്ന നിലക്ക് ഞാനും ഈ കുറ്റകൃത്യത്തിൽ പങ്കാളിയാണ്.
പൊതുപ്രവർത്തകരുടെ കാര്യം വരുമ്പോൾ, അമേരിക്കയിൽ ജേണലിസ്റ്റുകൾക്ക് അവകാശങ്ങളുണ്ട്. ഉദാഹരണത്തിനായി അമേരിക്കയിലേക്കുതന്നെ പോകുന്നതിൽ കാര്യമുണ്ട്. ഇത്തരം സുരക്ഷാകവചങ്ങൾ ഇന്ത്യയിൽ അത്ര കാര്യമായി കാണുകയും മനസ്സിലാക്കപ്പെടുകയും ചെയ്തിട്ടില്ല എന്നു കൊണ്ടാണത്. ന്യൂയോർക്ക് ടൈംസ് കമ്പനിയുമായി 1964-ൽ പൊലീസ് കമീഷണറായ എൽ.ബി.സല്ലിവൻ നടത്തിയ കേസാണ് പിന്നീട് ചരിത്രമായത്. പത്രം പ്രസിദ്ധീകരിച്ച ഒരു പരസ്യം ആയിരുന്നു, ലേഖനമോ വിശകലനമോ ആയിരുന്നില്ല, ഈ സുപ്രധാന വിധിയിലേക്കു നയിച്ചതെന്നതാണ് മറ്റൊരു പ്രധാന കാര്യം. 1960- ൽ മാർടിൻ ലൂഥർ കിംഗ് ജുനിയറിൻ്റെ പിന്തുണക്കാർ ന്യൂയോർക്ക് ടൈംസിൽ നൽകിയ Heed Their Rising Voices എന്ന പരസ്യത്തിനെതിരെ അലബാമയിൽ പൊലീസ് കമീഷണറായിരുന്ന സല്ലിവൻ നൽകിയ മാനനഷ്ടക്കേസിലെ യു.എസ്. സുപ്രീംകോടതി വിധി മാധ്യമസ്വാതന്ത്ര്യത്തിൻ്റെ ചരിത്രത്തിലെ ഉജ്വല അധ്യായമാണ്. അമേരിക്കൻ ഭരണഘടനയിലെ ഒന്നാം അമെൻഡ്മെൻ്റ് ഉയർത്തിപ്പിടിച്ചായിരുന്നു വിധി.
പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ മാധ്യമങ്ങൾക്ക് ഭരണഘടനാപരിരക്ഷ നൽകുന്ന രീതിയിൽ ഭരണഘടനയിലെ ഒന്നാം ഭേദഗതിയെ സുപ്രിം കോടതി വ്യാഖ്യാനിച്ചു: ‘‘The constitutional safeguard,we have said, was fashioned to assure unfettered interchange of ideas for the bringing about of political and social changes desired by the people.’’ ... ‘‘It is a prized American privilege to speak one's mind, although not always with perfect taste, on all public institutions.’’ ...
സുപ്രീംകോടതി ബഞ്ചിലെ ഒമ്പത് അംഗങ്ങളും ഏകകണ്ഠമായി നടത്തിയ വിധിയിൽ ഒന്നാം ഭേദഗതിയെപ്പറ്റി ജസ്റ്റിസ് ബില്ലിംഗ്സ് ലേണഡ് ഹാൻഡ് നേരത്തെ നടത്തിയ നിരീക്ഷണവും എടുത്തെഴുതപ്പെട്ടു: "The First Amendment presupposes that right conclusions are more likely to be gathered out of a multitude of tongues, than through any kind of authoritative selection. To many, this is, and always will be, folly; but we have staked upon it our all."
അമേരിക്കയുടെ അടിസ്ഥാന തത്വങ്ങളനുസരിച്ച്, ഗവൺമെൻ്റ് - പബ്ലിക് ഒഫിഷ്യൽസിനെതിരെ എത്ര തീക്ഷ്ണമായ ആരോപണങ്ങളുണ്ടായാലും പൊതു പ്രശ്നങ്ങളിൽ വളരെ തുറന്ന ചർച്ചകൾ ഉണ്ടാവേണ്ടതുകൊണ്ടു തന്നെ മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുന്നതായിരുന്നു വിധി. വാർത്തയിലെ പിശകുകൾ അഭിപ്രായസ്വാതന്ത്ര്യത്തിനു നൽകപ്പെടുന്ന ഭരണഘടനാപരിരക്ഷ ഇല്ലാതാക്കുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി: ‘‘erroneous statement is inevitable in free debate, and ... must be protected if the freedoms of expression are to have the breathing space that they need ... to survive’’ എന്നായിരുന്നു കോടതി നിരീക്ഷണം.
ജേണലിസത്തെയും തൊഴിലവകാശത്തെയും പറ്റിയാണെങ്കിൽ ഗോവിന്ദൻ മാസ്റ്ററോട് ചോദിക്കാവുന്ന ചോദ്യമിതാണ്: കേരള പൊലീസ്
‘മാധ്യമ മുതലാളി’മാരെ ഒഴിവാക്കി ‘മാധ്യമ തൊഴിലാളി’കൾക്കു നേരെ മാത്രമാണോ കേസെടുക്കുക? ഞാൻ മനസ്സിലാക്കിയിടത്തോളം മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഏഷ്യാനെറ്റ് ഉടമക്കെതിരെ കേസൊന്നുമെടുത്തിട്ടില്ല. ജീവനക്കാരെ പീഡിപ്പിക്കുകയും ഉടമകളെ സംരക്ഷിക്കുകയും ചെയ്യുന്ന ഗവൺമെൻറ് ആണോ കേരളത്തിലുള്ളത്?
ടെലിവിഷൻ ജേണലിസത്തിൻ്റെ വളർച്ചയുടെ കാലം ഇന്ത്യയിലും കേരളത്തിലും എങ്ങനെയാണ് ജേണലിസത്തിൻ്റെ നൈതികതയെ, അന്തഃസത്തയെ പ്രത്യക്ഷത്തിൽത്തന്നെ ഇല്ലാതാക്കിയത്? ജേണലിസനത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ പോലും മാറ്റിയെഴുതുന്നതിലേക്ക് പ്രിൻറ്മീഡിയയും ടെലിവിഷനും ഡിജിറ്റൽ മീഡിയയും എത്തിച്ചേർന്ന രാഷ്ട്രീയ- സാമ്പത്തിക വശങ്ങൾ എന്തൊക്കെയാണ്?
അടിസ്ഥാനമാറ്റം ടെക്നോളജിയുടേതാണ്. ടെലിവിഷനും പിന്നെ സ്മാർട്ട് ഫോണും ശബ്ദത്തിനും കാഴ്ചക്കും സൗകര്യമുള്ള, എളുപ്പമുള്ള ഇന്ദ്രിയാവബോധത്തിന് വഴിയൊരുക്കി. ഇത് സാമ്പ്രദായിക മാധ്യമ രീതികളേക്കാൾ പ്രധാനപ്പെട്ടതായി. അച്ചടി മാധ്യമം കുറച്ചുകൂടി ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്.
ഇതൊരു മോശം കാര്യമല്ല. 1980- കളിൽ പുറത്തൊക്കെയുള്ള ട്രൻഡിനൊപ്പിച്ച് ഇന്ത്യയിലും ടൈപ്പ്റൈറ്റർ പോരാളികൾ ജേണലിസത്തിൻ്റെ മുഖം മാറ്റിയെഴുതി. തൊണ്ണൂറുകൾ ആയപ്പോഴേക്കും പരസ്യങ്ങളാണ് വരുമാനമാർഗമെങ്കിൽ ആ വഴിക്കുപോകാമെന്ന് ഉടമകൾ തീരുമാനിക്കുന്നു. പരസ്യത്തിൻ്റെ സ്ഥലവും താരിഫും കുത്തനെ കൂടുന്നു. പത്രത്തിൻ്റെ വില കുത്തനെ കുറയുന്നു. കുടുതൽ വായനക്കാർക്ക് കൂടുതൽ പരസ്യങ്ങൾ. എല്ലാവരും സന്തുഷ്ടർ. പരസ്യം നൽകുന്നവർക്ക് കൊയ്ത്ത്, വായനക്കാർക്ക് കുറഞ്ഞ പൈസക്ക് പത്രം, ഉടമയ്ക്ക് പരസ്യം വഴി നല്ല വരുമാനം.
ഞങ്ങളുടെ സിറ്റി പേജിൽ ഒരു സാധാരണ വാർത്ത ആയിരുന്നു, വന്ദേ ഭാരത് ഉദ്ഘാടനം. ഭൂമി കുലുക്കുന്ന ഒരു സംഭവമായി അത് ആഘോഷിക്കപ്പെട്ടില്ല. എനിക്കെൻ്റെ സഹപ്രവർത്തകരെപ്പറ്റി അഭിമാനം തോന്നി.
അഭിനിവേശത്തലമുറയുടെ അടുത്ത് ലോ പ്രൈസിംഗിന് ഒരു പരിധിയുണ്ട്. അപ്പോൾ കൂടുതൽ വായനക്കാരെ കിട്ടാൻ എന്തുചെയ്യും? യുറേക്കാ! പാവപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾ വിഷാദമുണ്ടാക്കുന്നതാണ്, രാഷ്ട്രീയക്കാർ വഞ്ചകരാണ്, അവർ ന്യൂനപക്ഷങ്ങളെ ചാക്കിലാക്കാൻ മാത്രം കൊള്ളാം. സംവരണം കണ്ടില്ലേ, മെറിറ്റിന് ഇന്നാട്ടിൽ ഒരു വിലയുമില്ല. ഇനി നിങ്ങൾക്ക് വേണ്ടത് എല്ലാവരും പൊസിറ്റീവ് ആകുന്ന അൽഭുതലോകമാണ്. പട്ടിണിയും ദാരിദ്ര്യവും അത്രക്ക് വ്യാപകമായ ഒരു രാജ്യത്ത് എവിടെ നിന്നാണ് പോസിറ്റീവ് വാർത്തകൾ കിട്ടുക? ഉത്തരം. ഷോബിസും സ്പോർട്ടും. ഉടനെ ബോളിവുഡും ക്രിക്കറ്റും ഒന്നാം പേജിൽ സ്ഥാനം പിടിച്ചു. 1989- ൽ പത്രപ്രവർത്തകനായ ഒരാൾ എന്ന നിലക്ക് ഞാനും ഈ കുറ്റകൃത്യത്തിൽ പങ്കാളിയാണ്.
പെട്ടെന്ന് അതാ ടെലിവിഷൻ വിസ്ഫോടനം. സ്പോർട്സ് ഷോ ബിസ് കാണികൾ അങ്ങോട്ടു പോയി. പിന്നെ പത്രങ്ങൾ എന്തുചെയ്യും? ക്രിക്കറ്റ് മത്സരങ്ങളെ സങ്കുചിതമായ ദേശസ്നേഹത്തിൻ്റെ പോർവിളികളിൽ മുക്കാം. വീണ്ടും സമ്മതിക്കാം, ഞാൻ ജോലി ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതുമായ പത്രങ്ങൾ അതിൽ സജീവമായ പങ്കുവഹിച്ചു.
പിന്നീട് ഇൻ്റർനെറ്റ് സംഭവിക്കുന്നു. പാകിസ്ഥാൻ- ഇന്ത്യ മത്സരങ്ങളെ മതയുദ്ധങ്ങളാക്കി മാറ്റിയ പത്ര-ടെലിവിഷൻ രീതികളിൽ നിന്ന് കുറച്ചുകൂടി അടുത്ത ലെവലിലേക്ക് എത്തി കാര്യങ്ങൾ. ചില അധമ പോർട്ടലുകൾ അത് ഇന്ത്യക്കാരനും ഇന്ത്യക്കാരനും തമ്മിലുള്ള യുദ്ധങ്ങളാക്കി.
ലെഗസി മീഡിയ വീണ്ടും പ്രതിസന്ധിയിലായി. പുതിയ ആശയങ്ങൾ ഒന്നുമില്ല. അടുത്തകാലത്ത് മലയാളത്തിലുണ്ടായ രണ്ട് ഉദാഹരണങ്ങൾ:
ഒന്ന്, പോർട്ടലുകളോട് മത്സരിക്കാൻ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അസംബന്ധമായ തെളിവുകളില്ലാത്ത ആരോപണങ്ങളുമായി മലയാളത്തിലെ മുഖ്യധാര രംഗത്തെത്തിയത്.
രണ്ട്, മനുഷ്യർ ചൊവ്വയിൽ കാലുകുത്തി എന്നതുപോലെ വന്ദേഭാരത് ഉൽഘാടനം റിപ്പോർട്ട് ചെയ്തത്.
ഒരു അനുഭവ കഥ പറയാം. ഇവിടെ വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം നടക്കുമ്പോൾ ഞാൻ കണ്ണൂരിലായിരുന്നു. കൊൽക്കത്തയിൽ ഞാൻ ജോലി ചെയ്യുന്ന പത്രം അവിടുത്തെ വന്ദേ ഭാരത് ഉദ്ഘാടനം എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത് എന്ന് എന്നോട് ചോദ്യം വന്നു. എനിക്കത് ഓർമിക്കാൻ കഴിഞ്ഞില്ല. ബംഗാളിൽ തിരിച്ചെത്തിയപ്പോൾ ഞാൻ പത്രം തിരഞ്ഞു. ഞങ്ങളുടെ സിറ്റി പേജിൽ ഒരു സാധാരണ വാർത്ത ആയിരുന്നു അത്. ഭൂമി കുലുക്കുന്ന ഒരു സംഭവമായി അത് ആഘോഷിക്കപ്പെട്ടില്ല. എനിക്കെൻ്റെ സഹപ്രവർത്തകരെപ്പറ്റി അഭിമാനം തോന്നി.
ഇത് നേരത്തെയുള്ള, മാധ്യമങ്ങൾ സർക്കാരുമായി സൗഹൃദമോ ശത്രുതയോ പുലർത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിൻ്റെയും ഉത്തരമാവുന്നുണ്ട്. സർക്കാരിനു വേണമെങ്കിൽ പരസ്യം കൊടുക്കാം. ന്യൂസ് റൂം ഒരിക്കലും സർക്കാരിൻ്റെ പി.ആർ.ഡിപ്പാർട്ട്മെൻ്റ് ആവരുത്.
ടെക്നോളജിയുടെ എളുപ്പവും കൂടുതൽ പ്രേക്ഷകരെ കിട്ടാൻ ടോക്ക് ഷോകൾ മതിയെന്ന നടത്തിപ്പുകാരുടെ മനോഭാവവും ഫീൽഡ് റിപ്പോർട്ടിംഗിൻ്റെയും അതുവഴി ജേണലിസത്തിൻ്റെയും കഥ കഴിച്ചു. ഈ പ്രൈം ടൈം സൂത്രവാക്യം നോക്കൂ; ഒരു അവതാരക /കൻ, രണ്ടു നിരീക്ഷകർ, രണ്ടു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ. ചില ചാനലുകൾ നിരീക്ഷകർക്ക് പ്രതിഫലം കൊടുക്കുന്നുണ്ടാവാം. എങ്ങനെയായാലും പ്രൈം ടൈം ഡിബേറ്റിന് വലിയ ചെലവില്ല. ഫീൽഡ് റിപ്പോർട്ടിംഗ് ആണെങ്കിലോ? ചുരുങ്ങിയത് ഒരു റിപ്പോർട്ടർ, ഒരു ക്യാമറാമാൻ, കാർ, ഡ്രൈവർ താമസ- യാത്രാ ചെലവുകൾ, സമയം.
നമുക്ക് ഉടമകളായ ഉടമകളെയൊക്കെ കുറ്റം പറയാം. പക്ഷേ, ഒരു ചോദ്യം അവഗണിക്കരുത്. പ്രൈം ടൈം ടിവി ഷോയും റൗണ്ട് ദ ക്ലോക്ക് സോഷ്യൽ മീഡിയയും കാണുന്ന ഓഡിയൻസ് ഇതിൽ നിന്ന് കുറ്റവിമുക്തരാണോ? ഓഡിയൻസിനു പറ്റിയ മീഡിയയേ അവർക്കു കിട്ടൂ. വോട്ടേഴ്സിന് അർഹമായ ഗവൺമെൻ്റിനെ മാത്രമേ അവർക്കു കിട്ടൂ.
ഒരു മാധ്യമ സ്ഥാപനത്തിൻ്റെ മൂലധനം അതിൻ്റെ എഡിറ്റോറിയൽ പോളിസിയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കേരളത്തിൽ നിരവധി ടെലിവിഷൻ ചാനലുകൾ പുതുതായും രൂപമാറ്റം വരുത്തിയും അണിയറയിൽ ഒരുങ്ങുകയാണ്. ദേശീയ തലത്തിൽ എൻ.ഡി.ടി.വി അദാനി കയ്യടക്കി. മലയാളമുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ എൻ.ഡി.ടി.വി ടെലിവിഷൻ ചാനൽ തുടങ്ങാൻ പോകുന്നു. ഏഷ്യാനെറ്റ് എന്ന കേരളത്തിലെ ആദ്യ സ്വകാര്യ ചാനൽ, ബി.ജെ.പി. എം.പി.യായ രാജീവ് ചന്ദ്രശേഖറുടെ കയ്യിലെത്തിയിട്ട് കുറേക്കാലമായി. മാധ്യമ മേഖലയിൽ നടക്കുന്ന വൻനിക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ അതിൻ്റെ രാഷ്ട്രീയം കൂടി ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്. കേരളത്തിലെ മാധ്യമ രംഗത്തെ മൂലധന നിക്ഷേപങ്ങൾ രാഷ്ട്രീയമായും സാമ്പത്തികമായും എന്താണ് ലക്ഷ്യമാക്കുന്നത്? അത് പുരോഗമനപരമാണോ?
രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് വാങ്ങിയതിനെ അദാനി എൻ ഡി ടിവി വാങ്ങിയതുമായി താരതമ്യപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നില്ല. എൻ്റെ അറിവ് ശരിയാണെങ്കിൽ, ഏഷ്യാനെറ്റ് ലാഭമുണ്ടാക്കുന്ന സ്ഥാപനമാണ്. അതായത് നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിരവധി മലയാളികൾ അതു കാണുന്നുണ്ട്. എൻ ഡി ടിവി ടേക്ക് ഓവറിൽ പുരോഗമനവാദികൾ ചർച്ച ചെയ്യാൻ കൂട്ടാക്കാത്ത ഒരു യാഥാർത്ഥ്യമുണ്ട്. നേരത്തെയുള്ള ഉടമകൾ ഒരു കോർപറേറ്റ് ഗ്രൂപ്പിൽ നിന്ന് ലോൺ എടുത്തിരുന്നു. മോദി കേന്ദ്രം ഭരിക്കുന്നില്ല അന്ന്. സിംഹക്കുട്ടിൽ കഴുത്തിടുമ്പോൾ സിംഹം നമ്മുടെ തല നക്കിക്കൊണ്ടേയിരിക്കും എന്ന് പ്രതീക്ഷിക്കരുത്.
കോർപറേറ്റ് ഗ്രൂപ്പുകൾ മാധ്യമസ്ഥാപനങ്ങൾ കയ്യാളുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എപ്പോഴും അങ്ങനെ തന്നെ ആയിരുന്നില്ലേ? അസത്യം പ്രചരിപ്പിക്കുന്നതായി ആരോപിച്ച് ഇംഗ്ലീഷ് പത്രങ്ങളെ ജൂട്ട് പ്രസ് എന്നല്ലേ നെഹ്റു വിളിച്ചിരുന്നത്? കാരണം, ജൂട്ട് ഉടമകളായിരുന്നു അന്നത്തെ ഇംഗ്ലീഷ് പത്ര ഉടമകളിൽ അധികവും. കേരളത്തിൽ പത്രങ്ങൾ തുടങ്ങിയപ്പോൾ സ്ഥിതി വ്യത്യസ്തമായിരുന്നു. എന്നാൽ വ്യാവസായികമായി വിജയമായതോടെ മാധ്യമസ്ഥാപനങ്ങളും കോർപറേറ്റ് വൽക്കരിക്കപ്പെട്ടു.
മാധ്യമ സ്ഥാപനങ്ങൾ ആരാണ് നടത്തുന്നത് എന്ന് തിരിച്ചറിയാൻ കഴിയാതെ വരുമ്പോഴാണ് പ്രശ്നം. അദാനിയുടേതാണ് എൻ ഡി ടിവി എന്നും അംബാനി മറ്റു ചില ചാനലുകൾ നടത്തുന്നുണ്ടെന്നും നമുക്കറിയാം. അവരിൽ നിന്ന് കൂടിപ്പോയാൽ എന്തൊക്കെ പ്രതീക്ഷിക്കാം എന്ന് നമുക്കറിയാം. പക്ഷേ, കേരളത്തിൽ ചില ചാനലുകളെ ആരാണ് ഫണ്ട് ചെയ്യുന്നത് എന്ന് നമുക്കറിയില്ല. ഇതാരു പ്രശ്നം തന്നെയാണ്.
ഇങ്ങനെ പറയുമ്പോഴും ചില ചാനലുകളും പോർട്ടലുകളും വലതുപക്ഷ അജണ്ട നടപ്പിലാക്കാൻ മാത്രമുള്ളതായി കാണാം. കേരളത്തിൽ ഇത് ഇടതു പക്ഷത്തും കാണാമെങ്കിലും സർക്കാരി ഇടതുപക്ഷം ഇപ്പോൾ ഇവിടെ മാത്രമായി ചുരുങ്ങിയതുകൊണ്ട് അതിൻ്റെ സാന്നിധ്യം ചെറുതാണ്. എന്നാൽ, അടുത്ത ദിവസങ്ങളിലായി മുളച്ചുപൊങ്ങിയ നിരവധി മാധ്യമങ്ങളുടെ ഏക അജണ്ട കേരള സർക്കാരിനെ വിമർശിക്കുന്നവരെയും ഏഷ്യാനെറ്റ് റിപ്പോർട്ടറെയും അപകീർത്തിപ്പെടുത്തുക എന്നതു മാത്രമാണെന്നു കാണാം. എന്തായാലും, എല്ലാ ചാനലുകളും പോർട്ടലുകളും അതിൻ്റെ വഴിക്ക് നടക്കട്ടേ എന്നേ ഞാൻ പറയൂ. ഈ ശബ്ദബാഹുല്യം എളുപ്പം മടുപ്പുളവാക്കും. ഫെയ്സ് ബുക്കിൻ്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ?
കുറച്ചു മാസം മുമ്പ് തിരുവനന്തപുരത്തെ ഒരു ഓഡിയൻസിൽ നിന്ന് ഏറെ കയ്യടി നേടിയ ഒരു ചോദ്യമുണ്ടായി: ഏത് മാധ്യമത്തെയാണ് നാം വിശ്വസിക്കുക? കാരവൻ്റെ, പ്രതിഭാശാലിയായ മുൻ എഡിറ്റർ വിനോദ് കെ. ജോസ് നൽകിയ ഉത്തരം ശ്രദ്ധേയമാണ്. ആ തിരഞ്ഞെടുപ്പ് ഓരോ വ്യക്തിയുടേതുമായിരിക്കണം. ഇപ്പോഴും, ആവശ്യത്തിന് മാധ്യമങ്ങൾ അത്തരത്തിലുണ്ട്.
ഹിന്ദി ഹൃദയഭൂമിയിൽ നിരവധി യുട്യൂബർമാർ, റിസർച്ചിലൂടെയും കഠിനാധ്വാനത്തിലൂടെയും വർഗീയ ക്യാമ്പുകളുടെ ക്രൂരമായ തിരമാലകൾക്കിടയിലൂടെ നീന്തി കണ്ടെത്തുന്ന ഫീൽഡ് റിപ്പോർട്ടുകളുടെ ധൈര്യത്തെ ഞാനിപ്പോൾ ഓർക്കുകയാണ്. ഒരു കോടതി ഉത്തരവോ ഏതെങ്കിലും സമിതികളുടെ കണ്ടെത്തലോ ഇല്ലാതെ ഒരു റിപ്പോർട്ടർക്കെതിരെ കേസെടുത്ത കേരള പൊലീസ് ഉത്തരേന്ത്യയിലെ യുട്യൂബ് റിപ്പോർട്ടർമാരെയാണ് നിരാശരാക്കുന്നത്.
എങ്ങനെ?
ഞാൻ വിശദീകരിക്കാം.
കഴിഞ്ഞ തിങ്കളാഴ്ച കേരളത്തിലെ റിപ്പോർട്ടറുടെ അറസ്റ്റിനെപ്പറ്റി മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സീതാറാം യെച്ചൂരി പ്രശ്നത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. 2021- ലെ കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നിയന്ത്രിച്ചില്ലെങ്കിൽ ട്വിറ്റർ പ്രവർത്തനങ്ങൾ നിരോധിക്കുമെന്ന് ഇന്ത്യാ ഗവൺമെൻ്റ് ഭീഷണിപ്പെടുത്തിയിരുന്നതായി ഈ മൈക്രോ ബ്ലോഗിംഗ് സൈറ്റിൻ്റെ സി.ഇ.ഒ.വെളിപ്പെടുത്തിയപ്പോൾ യെച്ചൂരി ട്വീറ്റ് ചെയ്തതിങ്ങനെ: മീഡിയ ഇക്കോ സിസ്റ്റത്തെ അന്യായമായി തന്നിഷ്ടത്തിലാക്കുകയാണ്. വിമത ശബ്ദങ്ങളെ വിരട്ടുകയാണ്, ജേണലിസ്റ്റുകളെ ഭീഷണിപ്പെടുത്തുകയോ നിന്ദിക്കുകയോ ജയിലിൽ അടക്കുകയോ ആണ്. മീഡിയ കണ്ടൻറിൻെറ മേലുള്ള കൈകടത്തലിനെ മോഡിയുടെ നിഷേധിക്കൽ കൊണ്ട് മറച്ചുവെക്കാനാവില്ല.
യെച്ചൂരി ഒരു ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറുടെ കാര്യം അറിയില്ല എന്നും അടുത്ത ദിവസം ട്വിറ്റർ സംബന്ധിച്ച് ജേണലിസ്റ്റുകൾ നേരിടുന്ന ഭീഷണിയെക്കുറിച്ച് വാചാലനാവുന്നതും ചൂണ്ടിക്കാണിച്ച് വലതുവേദികളിൽ ഈ വൈരുധ്യം പരിഹസിക്കപ്പെടുന്നത് കണ്ടപ്പോൾ വേദനയും ആശങ്കയും അമർഷവും തോന്നി.
കേരളത്തിനു പുറത്തുള്ള ഈ പരിഹാസച്ചിരിയിൽ ഒരു മുന്നറിയിപ്പുണ്ട്. ശല്യപ്പെടുത്തുന്ന ജേണലിസ്റ്റുകളെ ‘കേരള മോഡൽ’ പകർത്തി പാഠം പഠിപ്പിക്കാമല്ലോ എന്ന മുന്നറിയിപ്പ്.