എഴുത്തുവരുമാനം കൊണ്ടുമാത്രം ജീവിക്കാനാകില്ല; ഇത്​ എന്റെ അനുഭവം കൂടിയാണ്​​

ഞാനടക്കമുള്ള, യാതൊരു സാമ്പത്തികഭദ്രതയും ഉറപ്പാക്കാൻ കഴിയാത്ത ഒരുവിഭാഗം എഴുത്തുകാർ ഇവിടെയുണ്ട്. പേരും പ്രശസ്തിയും കൊണ്ടുമാത്രം കുടുംബവും വ്യക്തിപരമായ അത്യാവശ്യങ്ങൾ തന്നെയും പുലർത്താൻ സാധ്യമല്ല, സർ. വർഷങ്ങളായി എഴുത്ത് തന്നെ ജോലിയായി കാണുന്ന ഞങ്ങൾക്കുമുന്നിലാണ് നൊറോണയുടെ പ്രഖ്യാപനം. എഴുത്ത് വലിയ വരുമാനമുള്ളതാണെന്ന പൊതുചിന്തയെ കൂടുതൽ ബലപ്പെടുത്താനാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം സഹായിക്കുക.

മാസ്​റ്റർപീസ്​ എന്ന നോവലിനെതിരായ പരാതിയെതുടർന്ന്​ ജോലി രാജിവെക്കേണ്ടിവന്ന ഫ്രാൻസിസ്​ നൊറോണ ട്രൂകോപ്പി വെബ്​സീനിൽ എഴുതിയ ലേഖനം വായിച്ചു. അതിൽ അദ്ദേഹം പറയാതെ പോയ ചിലത് പറയാനാണ്​ ഇത്​ എഴുതുന്നത്​.

സ്ഥിരജോലി ഉപേക്ഷിച്ച് മുഴുവൻ സമയ എഴുത്തുകാരനായി മാറാനുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനത്തെ പൂർണമായും മാനിക്കുന്നു. എഴുത്തുകാരുടെ സർഗാത്മകതക്കുനേർക്കുള്ള വെല്ലുവിളികളെയും അവരുടെ എഴുത്തുകൾക്കുനേർക്കുള്ള ഭീഷണികളെയും എതിർക്കുന്നു.

ഈ വിഷയത്തിൽ നൊറോണയുടെ കൂടെതന്നെയാണ്.

അതേസമയം, യാതൊരു സാമ്പത്തിക ഭദ്രതയുമില്ലാതെ, വർഷത്തിൽ രണ്ടു തവണ 10% മുതൽ 15%വരെ മാത്രം റോയൽറ്റി ലഭിക്കുന്ന ഒരേർപ്പാടാണ് പുസ്തക പ്രസിദ്ധീകരണം എന്നത് മറന്നുകൂടാ. (മുതിർന്ന/പേരെടുത്ത എഴുത്തുകാർക്ക് കൂടുതൽ ലഭിക്കുന്നുണ്ടാവും). മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്ന നോവലുകൾക്കും കഥകൾക്കും ചിലർക്ക് തുച്ഛമായ പ്രതിഫലം ലഭിക്കുന്നുണ്ട്. മറ്റൊരു വരുമാനം, വല്ലപ്പോഴും ലഭിക്കുന്ന പുസ്തക പ്രകാശനങ്ങളും മുഖ്യാതിഥിയുടെ ആടയാഭരണങ്ങളണിഞ്ഞുള്ള പ്രഭാഷണ പരിപാടികളുമാണ്. ഇതിനപ്പുറം വരുമാനമൊന്നുമില്ല. ആ നിലയിലാണ് നൊറോണയോടുള്ള വിയോജനം.

ഫ്രാൻസിസ്​ നൊറോണ ട്രൂകോപ്പി വെബ്​സീനിൽ എഴുതിയ ലേഖനം

ഒന്നാമത്, നമ്മുടെ നാട്ടിൽ ‘എഴുത്ത്' ഒരു പ്രൊഫഷനായി ഭൂരിഭാഗവും അംഗീകരിക്കുന്നില്ല. മാത്രമല്ല, എഴുത്തുകാരെ മുഴുവൻ സാമൂഹിക പരിഷ്‌കർത്താക്കളും പ്രകൃതി സംരക്ഷരുമാണെന്ന അതിഭാവുകത്തിന്റെ കിരീടം അണിയിപ്പിച്ചിരിക്കുകയുമാണ്. ചിലർ അതിൽ അഭിരമിച്ച് ജീവിക്കുന്നു.

ഞാനടക്കമുള്ള, യാതൊരു സാമ്പത്തികഭദ്രതയും ഉറപ്പാക്കാൻ കഴിയാത്ത ഒരുവിഭാഗം എഴുത്തുകാർ ഇവിടെയുണ്ട്. പേരും പ്രശസ്തിയും കൊണ്ടുമാത്രം കുടുംബവും വ്യക്തിപരമായ അത്യാവശ്യങ്ങൾ തന്നെയും പുലർത്താൻ സാധ്യമല്ല, സർ. വർഷങ്ങളായി എഴുത്ത് തന്നെ ജോലിയായി കാണുന്ന ഞങ്ങൾക്കുമുന്നിലാണ് നൊറോണയുടെ പ്രഖ്യാപനം. സത്യത്തിൽ അതൊരു പ്രതീക്ഷയായി കാണാൻ കഴിയുന്നില്ല. പൊതുവിൽ പലരും ധരിച്ചുവെച്ചിരിക്കുന്ന, എഴുത്ത് വലിയ വരുമാനമുള്ളതാണെന്ന പൊതുചിന്തയെ കൂടുതൽ ബലപ്പെടുത്താനാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം സഹായിക്കുക.

യഥാർത്ഥ ജീവിതവും എഴുത്തുജീവിതവും തമ്മിൽ വലിയ അന്തരമുണ്ട്. എന്നാൽ, രണ്ടും തമ്മിൽ പരസ്പരം ഗൂഢമായി ബന്ധിതവുമാണ്. ചൂണ്ടക്കണ്ണുമായി കാത്തിരുന്ന പ്രസാധക ഏജന്റിൽനിന്ന്​ ദസ്​തയെവ്സ്കി ഒളിച്ചുനടന്നതുപോലെ, യഥാർത്ഥ ജീവിതത്തിൽ നിന്ന്​ പലപ്പോഴും ഒളിച്ചോടേണ്ടി വരുന്നുണ്ട്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ഇടപെടുമ്പോൾ ഉള്ളിന്റെയുള്ളിൽ സ്വജീവിതം എത്ര മുള്ളുകൾക്കുള്ളിലാണെന്ന നിന്ദാചോദ്യം നേരിടേണ്ടിവരുന്ന അവസ്ഥയുണ്ട്. എഴുത്തുകൾക്ക് ലഭിക്കുന്ന പ്രശസ്തിക്കപ്പുറം സാമ്പത്തികശേഷിയുള്ള ജീവിതം എഴുത്തുകാർക്ക് സാധ്യമല്ലെന്നു തന്നെയാണ് കഴിഞ്ഞ നാല് വർഷങ്ങളായുള്ള അനുഭവം. എന്നിട്ടും എന്തിനാണ് എഴുതുന്നതെന്നു ചോദിച്ചാൽ, എഴുത്തിനോടുള്ള വൈകാരികമായ അടുപ്പം/ഇഷ്ടം കൊണ്ട്​ എന്നാണ്​ മറുപടി. എന്നെങ്കിലും രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷ കൊണ്ടും.

നിധിതേടുന്ന സാന്റിയാഗോയെപ്പോലെ ഓരോതവണ പരാജയപ്പെടുമ്പോഴും വീണ്ടും വീണ്ടും ശ്രമിക്കുകയാണ്.


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments