Image generated by Stable Diffusion

സംഘ്​പരിവാർ
മുഴുസമയ ആങ്കറിങ്ങിലേക്ക്​…

‘ബി.ജെ.പി കേരളത്തില്‍ ഭരണത്തിലെത്താനുള്ള സാധ്യത എന്തെങ്കിലും ഉണ്ടെങ്കില്‍, ഇപ്പോഴത്തെ മറച്ചുപിടിച്ചുള്ള രീതികള്‍ഒഴിവാക്കി ടെലിവിഷന്‍ ചാനലുകള്‍ പരസ്യമായി തന്നെ ഹിന്ദുത്വത്തിന്റെ പ്രചാരകരാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ തന്നെ പ്രഖ്യാപിത സംഘ്പരിവാറുകാരിയെ മുഴുസമയ ആങ്കറായി നിയമിച്ച്​ പുതിയ തുടക്കവും മലയാളം ടെലിവിഷന്‍ രംഗത്ത് സംഭവിച്ചുകഴിഞ്ഞു.’- എൻ.കെ. ഭൂപേഷ്​ എഴുതുന്നു.

കേരളത്തില്‍ മാധ്യമ വിമര്‍ശനം ഒരു മുഖ്യധാരാ വിഷയമായത് എന്നു മുതലാണെന്ന് കൃത്യമായി അറിയില്ല. എന്തായാലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് സംഘടനയേതുമാവട്ടെ, സമ്മേളനത്തിന് മാധ്യമ സെമിനാര്‍ വേണമെന്ന അവസ്ഥ ഉടലെടുത്തത്. പ്രത്യേകിച്ചും സി.പി.എം വേദികളിലാണ് മാധ്യമ സെമിനാറുകള്‍ നിരന്തരം നടത്തിപ്പോന്നത്. പിന്നീട് മറ്റ് പാര്‍ട്ടികളും സംഘടനകളും മാധ്യമ സെമിനാറുകള്‍ അവരുടെ പരിപാടികളുടെ ഭാഗമാക്കി മാറ്റി.
ഇങ്ങനെ വ്യത്യസ്​ത സ്വഭാവമുള്ള സംഘടനകള്‍ മാധ്യമങ്ങളെക്കുറിച്ച് നിരന്തരം സംസാരിച്ചതിന്റെ ഫലമായി കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ എന്തെങ്കിലും ഉണ്ടായോ? 'വസ്തുതകള്‍ പവിത്രവും അഭിപ്രായങ്ങള്‍ സ്വതന്ത്രവുമായി' മാധ്യമങ്ങളില്‍ ഉടലെടുത്തുവോ? അങ്ങനെയൊരു അഭിപ്രായം ആര്‍ക്കും ഉണ്ടാകാനിടയില്ല.

സെമിനാറുകള്‍ മാറി പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലായി മാധ്യമ വിമര്‍ശനത്തിന്റെ മുഖ്യവേദി. സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെ, കേരളത്തില്‍ മാധ്യമ വിമര്‍ശകരല്ലാത്തവരായി ആരുമില്ലാത്ത അവസ്ഥയിലുമായി.

നമ്മുടെ സമൂഹത്തിന്റെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മാധ്യമങ്ങളാണ്​ എന്ന നിലയിലായിരുന്നു ഇടതരായി കരുതപ്പെടുന്നവരും, തീവ്ര വലതുപക്ഷവും പറഞ്ഞുകൊണ്ടേയിരുന്നത്. സംഘം ചേര്‍ന്നുള്ള ക്യാപ്‌സൂള്‍ വിതരണവും, വിദ്വേഷ പ്രചാരണവും സ്ഥാപിത താല്‍പര്യം മുന്‍നിര്‍ത്തിയുള്ള വെട്ടുക്കിളി ആക്രമണവും മാധ്യമ വിമര്‍ശനമെന്ന പേരില്‍ അരങ്ങേറി. ഇതിന് മറുപുറമായി, വര്‍ഗീയതയും വിദ്വേഷ പ്രചാരണവും വ്യക്തിഹത്യയും ഊഹാപോഹങ്ങളും നിറച്ച്​ ചില ഡിജിറ്റല്‍ 'മാധ്യമ’ങ്ങളും സജീവമായി. അങ്ങനെ കഴിഞ്ഞ 20 വര്‍ഷത്തിനിടെ മാധ്യമരംഗം സര്‍വത്ര മാറി. റിപ്പോര്‍ട്ടിങ് എന്നത് വ്യാഖ്യാനവും സ്വന്തം ഇച്​ഛക്കനുസരിച്ചുള്ള ന്യായം പറിച്ചിലുമാണെന്ന തോന്നലും ശകതിപ്പെട്ടു. ഇതിന്റെയൊക്കെ പ്രധാന വേദിയായത് ടെലിവിഷന്‍ മാധ്യമങ്ങളുമാണ്.

എല്ലാറ്റിനെയും 'അപെൻറ്​’ ചെയ്ത
ഉദാരവല്‍ക്കരണം

1980- കളുടെ അവസാനം മുതല്‍ സാമ്പത്തിക രംഗത്ത് സംഭവിച്ച മാറ്റങ്ങള്‍ മാറ്റങ്ങള്‍ മാധ്യമ മേഖലകളിലും വലിയ ചലനങ്ങളുണ്ടാക്കി. ടെലിവിഷന്‍ ചാനലുകളുടെ വ്യാപനവും, അതുപോലെ പത്രാധിപര്‍ ഇല്ലാതെ പത്രം ആകാമെന്ന ചിന്തകളൊക്കെ പ്രബലമാകുന്നത് ഉദാരവല്‍ക്കരണ യുക്തികള്‍ പിടിമുറുക്കിയതോടെയാണ്. മറ്റെന്തും പോലെ വാര്‍ത്തയും വിപണിയില്‍ കച്ചവടം ചെയ്യാനുള്ള ഉത്പന്നം മാത്രമാണെന്ന ബോധ്യമാണ് ഉദാരവല്‍ക്കരണാനന്തര കാലം ബലപ്പെടുത്തിയത്. അതിനുമുമ്പ് മാധ്യമങ്ങള്‍ സാമൂഹ്യ പരിഗണന മാത്രം വെച്ചാണ് അവരുടെ വാര്‍ത്താ ഇടപെടലുകള്‍ നടത്തിയത് എന്നല്ല പറഞ്ഞുവരുന്നത്, മറിച്ച് വാര്‍ത്തയെ വെറും ഉത്പന്നം മാത്രമായി കണ്ടുകൊണ്ടുള്ള സമീപനങ്ങള്‍ പുതിയ സാമ്പത്തികനയത്തോടെ പ്രബലപ്പെട്ടു എന്നതാണ്. ഉദാരവല്‍ക്കരണം രണ്ട് പൂട്ടുകളാണ് ഇന്ത്യയില്‍ തുറന്നതെന്ന് പറയാറുണ്ട്. (അരുന്ധതി റോയ്)
ഒന്ന്; ആഗോള മൂലധനം കടന്നുവരുന്നതിനുളള തടസ്സങ്ങള്‍ നീക്കാനുള്ള പൂട്ട്​.
രണ്ട്; ഹിന്ദുത്വത്തെ കെട്ടഴിച്ചുവിടുന്ന പൂട്ട്​.
ഇത് രണ്ടും മാധ്യമങ്ങളിലും സംഭവിച്ചിട്ടുണ്ട്. ഉദാരവല്‍ക്കരണ നിയമങ്ങളുടെ വാഴ്ത്തുപാട്ടുകാരായി പതുക്കെ രൂപം മാറിയ വന്‍കിട മാധ്യമങ്ങള്‍ അതേ അളവില്‍ ഹിന്ദുത്വത്തിന്റെ തോഴരുമായി. ഇതില്‍ രണ്ടിനും 2014- ല്‍ മോദി അധികാരമേറ്റെടുത്തതോടെ വേഗവും ആഴവും വര്‍ധിച്ചു.

ഇതൊക്കെ ഏറിയും കുറഞ്ഞും കേരളത്തിലും സംഭവിച്ചിട്ടുണ്ട്. കേരളത്തില്‍ 2000- ത്തോടെയാണ് ടെലിവിഷന്‍ ചാനലുകള്‍, ഒരു സ്വാധീനശക്തിയായി വരുന്നത്​. ഏഷ്യാനെറ്റും സൂര്യയും കൈരളിയും എത്തിയതോടെ കേരളത്തില്‍ ടെലിവിഷന്‍ രംഗം സജീവമായി. ഇന്ന് കേരളത്തില്‍ മാധ്യമങ്ങള്‍ എന്ന് പറയുമ്പോള്‍ തന്നെ അത് ടെലിവിഷന്‍ മാധ്യമങ്ങളാണെന്ന പ്രതീതിയുണ്ടാവുന്ന തരത്തിലേക്ക് ടെലിവിഷന്‍ ചാനലുകള്‍ വ്യാപകമാകുകയും സ്വാധീനം വര്‍ധിക്കുകയും ചെയ്തു.

കൂടുതല്‍ മാധ്യമങ്ങളുണ്ടാവുന്നത് ജനാധിപത്യത്തെ കൂടുതല്‍ സമഗ്രമാക്കുകയും, സുതാര്യതയുണ്ടാക്കുകയും ചെയ്യും എന്ന്​ കരുതിയ കാലത്തുനിന്ന്​ മാധ്യമങ്ങള്‍ അനുഷ്ഠിച്ചുപോരുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന, തെറ്റായ ധാരണകളെ കുറിച്ചാണ് ഇപ്പോള്‍ കാര്യമായി ആശങ്കകളുണ്ടാകുന്നത്. ഇത് യഥാർഥത്തില്‍ കേരളത്തിലെ മാത്രം പ്രശ്‌നവുമല്ല.

ഓര്‍വെല്ലിയന്‍ രീതിയിലുള്ള സംഭവങ്ങള്‍ സ്വാഭാവികമെന്നോണം നടക്കുന്ന കാലമാണിത്. വസ്തുതകള്‍ക്ക് പകരം ബദല്‍ വസ്തുതകളും ഉണ്ടെന്ന് പറയുന്ന കാലം. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉദ്യോഗസ്ഥയായിരുന്ന കെല്‍യാനെ കോണ്‍വെയാണ് ഓള്‍ട്ടര്‍നേറ്റീവ് ഫാക്​ട്​സ്​ ഉണ്ടെന്നു പറഞ്ഞത്​, അതൊരു സ്വാഭാവിക കാര്യമാണെന്ന മട്ടില്‍. ട്രംപിന്റെ സ്ഥാനാരോഹണത്തിന് വന്ന ആളുകളുടെ എണ്ണത്തെ കുറിച്ച് തെറ്റായ കണക്കുകള്‍ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പറഞ്ഞതിനെകുറിച്ച് ഒരു അഭിമുഖത്തിലെ ചോദ്യത്തിനാണ് വസ്തുതകള്‍ മാത്രമല്ല, ബദല്‍ വസ്തുതകളുമുണ്ടെന്ന് കോണ്‍വെ പറഞ്ഞത്. അവര്‍ പറഞ്ഞത് വലിയ വിവാദമായെങ്കിലും ബദല്‍ വസ്തുകളുടെ വ്യാജ ലോകത്തുകൂടിയാണ് മാധ്യമങ്ങള്‍ പലപ്പോഴും സഞ്ചരിക്കുന്നതെന്നത് ഒരു വസ്തുതയാണ്.

കോണ്‍വെ പറഞ്ഞതിനു മുമ്പും പിന്നീടും കേരളത്തിലെ ടെലിവിഷന്‍ മാധ്യമങ്ങള്‍ തന്നെ ഇത്തരത്തില്‍ ബോധപൂര്‍വം എത്ര ബദല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ടി. പി. ചന്ദ്രശേഖരന്‍ എന്ന സി.പി.എം വിമതനെ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍(പിന്നീട് കൊലപാതകക്കുറ്റം ചെയതവരില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗവും ലോക്കല്‍ കമ്മിറ്റി അംഗവും ശിക്ഷിക്കപ്പെട്ടു), ഉടന്‍ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ പറഞ്ഞത്, അക്രമികള്‍ വന്ന കാറില്‍ ‘മാഷാ അള്ള’ എന്ന സ്റ്റിക്കറുണ്ടായിരുന്നുവെന്നും അതുകൊണ്ട് ഇസ്​ലാമിക തീവ്രവാദികളാവും അക്രമികളെന്നുമായിരുന്നു. അങ്ങനെ മറ്റൊരു 'യാഥാര്‍ത്ഥ്യം' സൃഷ്ടിക്കാനാണ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചാനല്‍ ശ്രമിച്ചത്. പിന്നീട് മറ്റ് പല മാധ്യമങ്ങളും ഇത്തരത്തില്‍ നിലനില്‍ക്കാത്ത വസ്തുതകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകളുണ്ടാക്കി. ചര്‍ച്ചകള്‍ നടത്തി. പോക്‌സോ കേസ് പോലും എടുക്കപ്പെട്ട കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ സൃഷ്ടിച്ചതും ഇതേ മാതൃകയില്‍ഇല്ലാത്ത കാര്യം ഉണ്ടെന്നുവരുത്താനായിരുന്നു.

എന്തുകൊണ്ടായിരിക്കും ഇങ്ങനെ മാധ്യമങ്ങള്‍ പെരുമാറുന്നത്? അല്ലെങ്കില്‍ എന്തുകൊണ്ടായിരിക്കും, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാതെ 'വാര്‍ത്ത' സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ വലിയ തോതില്‍ ജനപ്രീതി ആര്‍ജ്ജിക്കുന്നത്. യാതൊരു മറയുമില്ലാതെ വര്‍ഗീയതയും സ്ത്രീവിരുദ്ധതയും പറയുന്ന മലയാളം യു ട്യൂബ് ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണം നോക്കിയാലറിയാം, ഇവരുടെ ജനപ്രിയതയും 'സ്വീകാര്യ'തയും. ഈ സാമൂഹ്യ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് കേരളത്തിലെ ജനങ്ങളുടെ സവിശേഷമായ രാഷ്ട്രീയ ബോധത്തെക്കുറിച്ചും, മുഖ്യധാരാ മാധ്യമങ്ങള്‍ മാത്രമായി അതിനെ വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്നുവെന്നൊക്കെയുളള പറച്ചിലുകള്‍.

വസ്തുകള്‍ക്ക് അപ്പുറത്തുള്ള
യാഥാര്‍ത്ഥ്യങ്ങള്‍

നമ്മുടെയൊക്കെ വൈയക്തികമായ താല്‍പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമപ്പുറത്ത് നിലനില്‍ക്കുന്ന മൂര്‍ത്തമായ ഒന്നാണ് വസ്തുതകള്‍ അഥവാ ഫാക്റ്റ്‌സ് എന്ന് പൊതുവില്‍ പറയാം. കേരളത്തിലെ ടെലിവിഷന്‍ ചാനലുകളെ, അവരുടെ ചര്‍ച്ചകളെ ( ഇത് കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും ബാധകമായിരിക്കാം) ഈ വസ്തുതകള്‍ കാര്യമായി ബാധിക്കാറില്ല. തങ്ങളുടെ വൈയക്തികമായ താല്‍പര്യങ്ങള്‍ക്കും ബോധ്യങ്ങള്‍ക്കും ഇടയിലേക്ക് വസ്തുതകളെ പലപ്പോഴും അവര്‍ ഞെരിച്ച് ഇല്ലാതാക്കുന്നു. അങ്ങനെ വസ്തുതകളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത, അതിലപ്പുറം വാര്‍ത്താ ആഘോഷങ്ങളില്‍ തല്‍പരരായ ഒരു ​പ്രേക്ഷക സമൂഹവും ഉണ്ടാകുന്നു. മറ്റൊരു 'യാഥാര്‍ത്ഥ്യത്തിന്റെ' പിറകെപോയി അതിവൈകാരികതയും ചില പ്രതീതികളും സൃഷ്ടിക്കുന്നതാണ് ഇപ്പോള്‍ പൊതുവില്‍ കണ്ടുവരുന്ന ടെലിവിഷന്‍ അല്ലെങ്കില്‍ ദൃശ്യ മാധ്യമ രംഗം. എന്തിനെയും ഒരു ഇവന്റായി, ഒരു സ്​പെക്​റ്റക്കിളായി അവതരിപ്പിക്കുകയെന്നതാണ് കേരളത്തിലെ ടെലിവിഷന്‍ സമീപകാലത്തായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതി. പ്രതീതി യാഥാര്‍ത്ഥ്യങ്ങളെ, അല്ലെങ്കില്‍ നിര്‍മ്മിത കഥകളെ, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത സംഗതികളെ കെട്ടുകാഴ്ചകളായി അവതരിപ്പിക്കുക എന്നതാണ് ഇക്കാലത്തെ ‘പ്രൊഫഷണല്‍ മികവ്​.’ പ്രതീതി യാഥാര്‍ത്ഥ്യവും നിര്‍മ്മിത ബുദ്ധിയുമുപയോഗിക്കാന്‍ഏറ്റവും ശേഷിയുള്ളത് ഞങ്ങള്‍ക്കാണെന്നും ഇത്രയും സമഗ്രമായി, യാഥാര്‍ത്ഥ്യമെന്ന രീതിയില്‍ പ്രതീതികള്‍ ഉണ്ടാക്കാനുള്ള ശേഷി ഏഷ്യയില്‍ തന്നെ മറ്റാര്‍ക്കുമില്ലെന്നും പരസ്യവാചാകമാക്കാന്‍ ചാനലിന് കഴിയുന്നത് ഇതു കൊണ്ടാണ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ / Photo : thefourthnews.in

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോഴായിരുന്നു ഒരു മരണം എങ്ങനെ ഒരു സ്​പെക്റ്റക്കിളായി അവതരിപ്പിക്കാമെന്ന് ടെലിവിഷന്‍ ചാനലുകള്‍ കാണിച്ചുതന്നത്. മൂന്നുദിവസം ഉമ്മന്‍ചാണ്ടിയുടെ മരണം ഒരു ഉത്സവവും വ്യാപാരത്തിനുള്ള സാധ്യതയുമാക്കുകയായിരുന്നു ടെലിവിഷന്‍ ചാനലുകള്‍. ചന്ദ്രയാന്‍ വിക്ഷേപണമായാലും, നേതാവിന്റെ മരണമായാലും എന്തിന് സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന അഴിമതി ആരോപണമായാല്‍ പോലും, അതൊക്കെ ഒരു ഇവന്റാക്കി മാറ്റുകയെന്നതാണ് ഇന്നത്തെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ ബിസിനസ് മോഡല്‍. എന്തുകൊണ്ട് ഇങ്ങനെ എന്നു ചോദിച്ചാല്‍ മറ്റെന്തും വ്യാപാരമായി മാറുന്ന, അല്ലെങ്കില്‍ അതിന്റെ യുക്തിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ വാര്‍ത്താ വിതരണ കമ്പനികള്‍ മാത്രം അങ്ങനെ അല്ലാതാവും എന്നത് ഒരു ആഗ്രഹചിന്ത മാത്രമാകും.

പോസ്റ്റ് ട്രൂത്ത്

പുരോഗമന സമൂഹമായി അവതരിപ്പിക്കപ്പെടുന്ന കേരളത്തില്‍ വലതുപക്ഷ പ്രചാരണത്തിന് വലിയ സ്വീകാര്യത കിട്ടുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ശബരിമലയില്‍ സുപ്രീംകോടതി വിധിക്കെതിരെ ആര്‍.എസ്.എസും എൻ.എസ്​.എസും സ്ത്രീവിരുദ്ധ കലാപം ആളിക്കത്തിച്ചപ്പോള്‍ അക്കാലത്ത് വലിയ കുതിപ്പുണ്ടാക്കിയ ചാനലാണ് ജനം ടിവി. ജനം ടി.വിയോടൊപ്പമെത്താനായിരുന്നു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള, സ്വാതന്ത്ര്യസമരത്തിന് നിര്‍ണായക സംഭാവന ചെയ്ത് സ്ഥാപനം ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. നാളെ, അതൊരു വിദൂര സാധ്യതയാണെങ്കില്‍ പോലും ബി.ജെ.പി കേരളത്തില്‍ ഭരണത്തിലെത്താനുള്ള സാധ്യത എന്തെങ്കിലും ഉണ്ടെങ്കില്‍, ഇപ്പോഴത്തെ മറച്ചുപിടിച്ചുള്ള രീതികള്‍ ഒഴിവാക്കി ടെലിവിഷന്‍ ചാനലുകള്‍ പരസ്യമായി തന്നെ ഹിന്ദുത്വത്തിന്റെ പ്രചാരകരാവുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇപ്പോള്‍ തന്നെ പ്രഖ്യാപിത സംഘ്പരിവാറുകാരിയെ മുഴുസമയ ആങ്കറായി നിയമിച്ച്​ പുതിയ തുടക്കവും മലയാളം ടെലിവിഷന്‍ രംഗത്ത് സംഭവിച്ചുകഴിഞ്ഞു.

ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതിവിധിയെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിനിടെ നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകയെ തടഞ്ഞുവെച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍

സ്പിരിറ്റ് ഓഫ് ദി ടൈമിനെ ഒപ്പിയെടുത്ത് ജനങ്ങളിലേക്ക് അതേപോലെ എത്തിക്കാന്‍ പാടുപെടുകയാണ് മാധ്യമങ്ങള്‍. സ്പിരിറ്റ് ഓഫ് ദി ടൈം മാധ്യമങ്ങള്‍ തന്നെ സൃഷ്ടിക്കുകയും ചെയ്യും. ആ അര്‍ത്ഥത്തില്‍ അതൊരു ലൂപ്പാണ്. അത് എല്ലാ കാലത്തും അങ്ങനെ തന്നെയായിരുന്നു. ചാരക്കേസിന്റെ സമയത്തായാലും സി.പി.എമ്മിലെ വിഭാഗീയതയുടെ കാലത്തായാലും സ്പിരിറ്റ് ഓഫ് ദി ടൈമിനായിരുന്നു പ്രധാന്യം. കാരണം, വാര്‍ത്തകള്‍ ഉത്പന്നങ്ങള്‍ തന്നെയാണെന്ന ധാരണ എക്കാലത്തും ഉണ്ടായിരുന്നു. ടെലിവിഷന്റെ വരവോടെയും പോസ്റ്റ് ട്രൂത്ത് കാലമായതിനാലും ഇപ്പോള്‍ അക്കാര്യം മറയില്ലാതെ നടപ്പിലാക്കപ്പെടുന്നുവെന്ന് മാത്രം.

ഇന്ത്യയില്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ താരതമ്യേന മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. ഇവിടെയും സര്‍ക്കാറിനെതിരെ വരുന്ന വാര്‍ത്തകളെ നേരിടാന്‍ ഭരണപാര്‍ട്ടി സുസംഘിടതമായ വെട്ടുക്കിളി, കടന്നല്‍സംഘങ്ങളെ നോണ്‍ സ്റ്റേറ്റ് ആക്ടേഴ്‌സായി നിയമിച്ചിട്ടുണ്ടെന്നതും അവര്‍ ദേശീയതലത്തില്‍ ഹിന്ദുത്വ സൈബര്‍ സംഘങ്ങളെ അതിശയിപ്പിക്കുന്ന തരത്തില്‍ വിമര്‍ശകരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നതും വസ്​തുതയാണെങ്കിലും ഉത്തരേന്ത്യയിലെ പോലെ സ്ഥിതിഗതികള്‍ അത്ര ഗുരുതരമല്ലെന്ന് മാത്രം. അതായത്​, ഇടതായി നടിക്കുന്ന അമിത് മാളവ്യമാരാല്‍ സമ്പന്നമാണ് മുഖ്യധാരാ ഇടതുപക്ഷത്തിന്റെ സൈബറിടങ്ങള്‍. അങ്ങനെയൊക്കെയാവുമ്പോഴും കേരളത്തില്‍ താരതമ്യേന അനുകൂലമായ ഒരു സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ടാവും കേരളത്തിലെ ടെലിവിഷന്‍ മാധ്യമങ്ങള്‍ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാത്തത്? ഒറ്റ ഉത്തരമേ ഉള്ളൂവെന്ന് തോന്നുന്നു. അങ്ങനെയൊരു ബിസിനസ് മോഡല്‍ പ്രാവര്‍ത്തികമാകുന്ന ഒരു സാഹചര്യം കേരളത്തിലില്ലെന്നതുകൊണ്ടാവാം അങ്ങനെ ചെയ്യുന്നത്.

വാര്‍ത്തകള്‍ ഉത്പന്നങ്ങളായി വിതരണം ചെയ്യണമെങ്കില്‍ അത് ഒരു ഇവന്റായി മാറ്റണം. ശബരിമല സവര്‍ണ കലാപം അങ്ങനെ ഒരു ഇവന്റാക്കി മാധ്യമങ്ങള്‍ മാറ്റി. ഉമ്മന്‍ചാണ്ടിയുടെ മരണം പിന്നീട് സൃഷ്ടിച്ചെടുത്ത ഒരു വന്‍ പരിപാടി. ആലുവയില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവവും ടെലിവിഷന്‍ ചാനലുകളെ സംബന്ധിച്ച് ഒരു ഇവന്റാണ്. പരമാവധി ആഘോഷിക്കേണ്ട ഒരു സംഭവം, അത് രണ്ട് ദിവസം നിണ്ടുനില്‍ക്കുന്ന പരിപാടിയാണ്. അന്തർ സംസ്​ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ ജീവിത സാഹചര്യങ്ങള്‍ എന്നതൊക്കെ ഈ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആ ഇവന്റിന്റെ ഭാഗമായി ഉപരിപ്ലവമായി മാത്രം കൈകാര്യം ചെയ്യപ്പെടുന്നു. അങ്ങനെ ചെയ്യുന്നതാണ് ടെലിവിഷന്‍ വാര്‍ത്താരീതിയായി വികസിച്ചിട്ടുള്ളത്.

സ്പീക്കർ എ.എന്‍. ഷംസീര്‍ കുട്ടികളോട് ശാസ്ത്രീയബോധം ഉണ്ടാകേണ്ടതിനെക്കുറിച്ച് പറഞ്ഞ സംഭവത്തില്‍ എന്‍.എസ്​.എസ്​ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയില്‍ ഒരു ഇവന്റ് സംഘടിപ്പിക്കാനുള്ള സാധ്യത ടെലിവിഷന്‍ ചാനലുകള്‍ കാണുന്നുണ്ട്. കേരളത്തില്‍ ബി.ജെ.പിക്കുവേണ്ടി യഥാര്‍ത്ഥത്തില്‍ക്വ​ട്ടേഷൻ പണിയെടുത്തുകൊണ്ടെയിരിക്കുന്ന സുകുമാരന്‍ നായര്‍ അമ്പലത്തില്‍ തൊഴാന്‍ പോകുന്നിടത്തുപോലും ക്യാമറ കൊണ്ടുപോയി, അയാളെക്കൊണ്ട്​ ഭീഷണി പുറപ്പെടുവിച്ച് പ്രസ്താവന ഇറക്കുന്നതൊക്കെ ഇതിന്റെ ഭാഗമാണ്. ഈ സാധ്യതയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനോട് ‘ഗണപതി മിത്താണെങ്കില്‍ അല്ലാഹുവും മിത്തല്ലേ’ എന്ന ചോദ്യത്തിലൂടെ അറിഞ്ഞോ അറിയാതെയോ പ്രകടിപ്പിക്കപ്പെടുന്നത്.

എ.എന്‍. ഷംസീര്‍, എം.വി. ഗോവിന്ദന്‍

ജനങ്ങളുടെ മനസ്സിനെ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള 'സാംസ്ക്കാരിക' ഉത്പന്ന വിതരണക്കാര്‍ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടെലിവിഷനിലെ പരിപാടികള്‍ മാത്രമല്ല, വാര്‍ത്തകളും ഇവന്റുകളായി അവതരിപ്പിക്കുന്ന അവസ്ഥ ഉണ്ടായതാണ് കേരളത്തിലെ ടെലിവിഷനുകളിലും കാണുന്നത്. വാര്‍ത്തകളെ വിനോദപരിപാടികളാക്കി, ഉപരിപ്ലവമായ ആഖ്യാനങ്ങളിലൂടെ സംഭവങ്ങളുടെ യഥാര്‍ത്ഥ രാഷ്ട്രീയത്തെ നിര്‍വീര്യമാക്കി നല്‍കുകയെന്നതാണ് ഇന്നത്തെ വാര്‍ത്താ ഉത്പാദന സാംസ്ക്കാരിക വ്യവസായത്തിന് അനിവാര്യമായ സംഗതി. അത് ഏതെങ്കിലും വ്യക്തിയുടെ തീരുമാനത്തിന്റെ പ്രശ്‌നമായി ചുരുക്കിക്കാണാന്‍ കഴിയില്ല. അങ്ങനെയൊക്കെ ചെയ്താല്‍ മാത്രം നിലനില്‍ക്കുന്ന ഒരു വ്യവസായ ഇക്കോ സിസ്​റ്റത്തിനുള്ളിലാണ് മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. അല്ലാതെ മാധ്യമങ്ങള്‍ സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനക്കാരാണെന്നോ, അവര്‍ എന്തോ വലിയ സമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരാണെന്നോ, അതിന് വിധിക്കപ്പെട്ടവരാണെന്നോയുള്ള ബോധത്തിന്റെ തടവറയില്‍നിന്ന് പുറത്തുകടക്കുകയാണ് ആവശ്യം. മറ്റേതൊരു വിനോദ വ്യവസായത്തെയും പോലെ തന്നെയാണ് ടെലിവിഷന്‍ വാര്‍ത്താമാധ്യമങ്ങളും. വാര്‍ത്താചാനലുകളുടെ മേല്‍ സാമൂഹ്യ വിമര്‍ശകരും നിരീക്ഷകരും അടിച്ചേല്‍പ്പിച്ചിട്ടുള്ള സാമൂഹ്യ ഉത്തരവാദിത്തമെന്ന ചുമതല അവരില്‍നിന്ന് എടുത്തുമാറ്റുകയും, അവര്‍ ബദല്‍ വസ്തുതകളുടെ ആഖ്യാതാക്കള്‍ മാത്രമാണെന്നും അത് വിപണിയ്ക്കുവേണ്ടിയും അവരുടെ വ്യവസായ സംരക്ഷണത്തിനുവേണ്ടിയും ചെയ്യുകയുമാണെന്ന ബോധത്തിലേക്ക് മാറുകയുമല്ലാതെ മാര്‍ഗമില്ല. വിറ്റഴിക്കേണ്ട ഒരു ഉൽപ്പന്നമാണെന്ന്​ വിലയിരുത്തി കഴിഞ്ഞാല്‍ വാര്‍ത്തയെയും അതിനനുസരിച്ച് സംവിധാനം ചെയ്‌തേ പറ്റൂ.

ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് ദ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഗ്രന്ഥകാരിയും മുതലാളിത്ത വികസനത്തിന്റെ വിമര്‍ശകരുമായ നവോമി ക്ലെയിന്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് സമൂഹത്തിന് ഗുണം ചെയ്യുമെന്ന ടെക് ഭീമന്മാരായ കമ്പനി സി ഇ ഒകള്‍ നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ചായിരുന്നു അവര്‍, AI Mechines are not hallucinating, But their makers are എന്ന ലേഖനത്തില്‍ എഴുതിയത്. ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ്​ ദാരിദ്ര്യം അവസാനിപ്പിക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തൈ നേരിടുമെന്നുമെന്നുമൊക്കെയുള്ള അവകാശവാദങ്ങളെയാണ് അവര്‍ വിമര്‍ശിച്ചത്.

ഇതൊക്കെ സാധ്യമായേക്കുമെന്ന് വിശദീകരിച്ച്​, നവോമി ക്ലെയിന്‍ പറയുന്ന ഒരു കാര്യം, അങ്ങനെ സംഭവിക്കണമെങ്കില്‍ ഈ സാങ്കേതിക വിദ്യ പ്രയോഗിക്കപ്പെടേണ്ടത് ഇപ്പോഴുള്ളതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ സാമൂഹ്യ- സാമ്പത്തിക സംവിധാനത്തിനുള്ളിലായിരിക്കണമെന്നാണ്. ഇപ്പോഴത്തെ സംവിധാനം ലാഭക്കൂടുതല്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതാണെന്നും സമ്പത്തും അധികാരവുമെല്ലാം അതിഭീകരമായി കേന്ദ്രീകരിച്ചിരിക്കുന്ന ഒരു സംവിധാനത്തില്‍ മുകളില്‍ സൂചിപ്പിച്ച സി ഇ ഒമാരുടെ അവകാശവാദങ്ങള്‍ ഒന്നും നിലനില്‍ക്കുകയില്ലെന്നും അവര്‍ വിശദീകരിച്ചു.

ഇതേ പോലെ, ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട ഒരു വ്യവസായം നിലിനില്‍ക്കുന്ന സാഹചര്യത്തില്‍ അവയൊക്കെ വലിയ സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമെന്നും അവര്‍ അത് നിര്‍വഹിക്കാത്തത് വലിയ കുഴപ്പമാണെന്നും പറയുന്നതില്‍ ഒരു ശരികേടുണ്ട്. വാര്‍ത്തകളെ ഉത്പന്നങ്ങളായി വിതരണം ചെയ്യുന്നവരെ, അങ്ങനെയുള്ളവരായി മാത്രം കണ്ടാല്‍ മതി. അവരിലേക്ക് സാമൂഹ്യമാറ്റത്തിന്റെ വലിയ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കണമെന്നും അങ്ങനെ ചെയ്യാത്തത് വലിയ കുഴപ്പമാണെന്നും നിരന്തരം നിലവിളിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഒരു സമൂഹത്തിനല്ല, അവിടെ നിലനില്‍ക്കുന്ന സംവിധാനത്തിന് അതിന് അര്‍ഹമായ മാധ്യമങ്ങളെയും കിട്ടും.

ഇക്കിളിപ്പെടുത്തുന്ന, വിദ്വേഷം പരത്തുന്ന, അപവാദങ്ങള്‍ കെട്ടഴിക്കുന്ന, ബദല്‍ വസ്തുതകളില്‍ ചലിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത എന്തുതരം മാധ്യമങ്ങളെയാണ് നമ്മുടെ സമൂഹം ആഗ്രഹിക്കുന്നത് എന്നതിന്റെയും സൂചനയാണ്.

Comments