'വിശ്വസനീയമായ
വിവരങ്ങള്‍ക്കായി
ഇന്ന് ആരും ടെലിവിഷന്‍
കാണുന്നില്ല'- ശശികുമാര്‍

‘‘കുറച്ചു കൊല്ലം മുമ്പ് ഏറെ ചർച്ച ചെയ്ത റേറ്റിംഗ് - ഫിക്സിംഗ് നാണക്കേടുണ്ടാക്കിയ ക്രെഡിബിലിറ്റി തകർച്ചയിൽ നിന്ന് ഇന്ത്യയിലെ ടെലിവിഷൻ റേറ്റിംഗ് ഇപ്പോഴും കരകയറിയിട്ടില്ല. പരസ്യക്കാർക്കും ഇതറിയാം. പക്ഷേ, അവർക്കുമുമ്പിലും മറ്റൊരു ഓപ്ഷനില്ല’’- ശശികുമാർ പറയുന്നു.

News Desk

മില്ലേനിയല്‍ ജനറേഷനില്‍ പെട്ടവര്‍ കോമാളിത്തങ്ങളിലും കാട്ടിക്കൂട്ടലുകളിലും താൽപര്യമില്ലാത്തവരായതിനാൽ, അവർ ടെലിവിഷൻ കാണുന്നത് ഒരു നേരമ്പോക്കായാണ് എന്നും അല്ലാതെ ക്രഡിബിൾ ആയ ഇൻഫോർമേഷനായി ആരും ഇന്ന് ടെലിവിഷനെ പരിഗണിക്കുന്നില്ല എന്നും മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാർ.

‘‘സെൻസേഷണലിസവും എത്തിക്സും തമ്മിൽ എത്രക്ക് ഇംബാലൻസ്ഡ് ആണോ നിങ്ങൾ, നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് ടി.വി., അതാണ് ഇന്ത്യൻ സ്റ്റൈൽ. എങ്ങനെ നോക്കിയാലും റേറ്റിംഗ്സാണ് പ്രധാനം. കുറച്ചു കൊല്ലം മുമ്പ് ഏറെ ചർച്ച ചെയ്ത റേറ്റിംഗ് - ഫിക്സിംഗ് നാണക്കേടുണ്ടാക്കിയ ക്രെഡിബിലിറ്റി തകർച്ചയിൽ നിന്ന് ഇന്ത്യയിലെ ടെലിവിഷൻ റേറ്റിംഗ് ഇപ്പോഴും കരകയറിയിട്ടില്ല. പരസ്യക്കാർക്കും ഇതറിയാം. പക്ഷേ, അവർക്കുമുമ്പിലും മറ്റൊരു ഓപ്ഷനില്ല. അധികാരത്തിലിരിക്കുന്നവർ പ്രചരിപ്പിക്കുന്ന മിസ് ഇൻഫോർമേഷൻ, ഡിസ്ഇൻഫോർമേഷൻ, ഇതൊന്നുമല്ലെങ്കിൽ പച്ചക്കള്ളം ചേർത്ത് മറ്റേ ചാനലിനേക്കാൾ മികവു കാണിക്കാനുള്ള മത്സരമാണ് നടന്നത്’’- ഇന്ത്യ- പാക് സംഘർഷത്തിന്റെ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് കമൽറാം സജീവുമായി സംസാരിക്കവേ, ശശികുമാർ പറഞ്ഞു.

‘‘മുമ്പ് ചില റിട്ടയേർഡ് പാകിസ്ഥാനി കേണൽമാരും മേജർമാരുമൊക്കെ ചില പ്രശസ്ത ഇന്ത്യൻ ടി.വി ചാനലുകളിൽ, ഇത്തരം കോൺഫ്ലിക്റ്റ് സമയങ്ങളിൽ വരുമായിരുന്നു. എന്നിട്ട് ഇന്ത്യൻ അവതാരകരുടെ ക്രൂരമായ മൂന്നാംമുറ ചോദ്യങ്ങൾക്കിരയായി കോമാളികളായി അന്തം വിട്ടിരിക്കും. ഇന്ത്യൻ കാണികൾക്ക് ബഹുരസം. ഇന്ത്യ - പാകിസ്ഥാൻ സംഘർഷകാലത്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പതിവായിരുന്നു. ഇത്തരം അപമാനപ്പെടുത്തലിന് എന്തിനാണിവർ നിന്നുകൊടുക്കുന്നത് എന്ന് ഞാനെപ്പോഴും സംശയിച്ചിരുന്നു. ഈ ഓൺസ്ക്രീൻ പീഡനത്തിനും അപമാനത്തിനും കേണൽമാർക്ക് ചാനലുകൾ നല്ല പ്രതിഫലം നൽകിയിരുന്നതായി പിന്നീട് ഞാൻ മനസ്സിലാക്കി! ഇപ്പോൾ ഇത് കാണാനില്ല. ഇത്തരം ടെലിവിഷൻ ഷോകൾക്ക് പോകരുതെന്ന് ഇവരെ പാകിസ്താൻ മിലിറ്ററി വിലക്കിക്കാണും. അല്ലെങ്കിൽ ഇന്നും അതൊക്കെയാകുമായിരുന്നു യുദ്ധകാലത്തെ ടെലിവിഷൻ രസം’’- ശശികുമാർ പറഞ്ഞു.

കൂടുതലാളുകളും ടെലിവിഷൻ കാണുന്നത്
നേരമ്പോക്കായി മാത്രം

ശശികുമാറുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 231.

Comments