സ്​റ്റാൻലി ജോണി

ന്യൂസ് ഡസ്ക് @ ‘The Hindu’

ഇന്ത്യ - പാക് സംഘർഷ സമയത്ത് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും നൽകുന്നതിൽ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും തമ്മിൽ മത്സരിക്കുകയായിരുന്നു. ദ ഹിന്ദുവിനെപ്പോലുള്ള ചുരുക്കം മാധ്യമസ്ഥാപനങ്ങൾ മാത്രമാണ് വസ്തുതകൾ പരിശോധിച്ച് ആധികാരികമായി വാർത്തകൾ റിപ്പോർട്ട് ചെയ്തത്. സമൂഹത്തെ ആഴത്തിൽ ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും തങ്ങൾ ഈ ഘട്ടത്തിൽ പിന്തുടർന്ന മാധ്യമ ധാർമ്മികതയെക്കുറിച്ചും സംസാരിക്കുകയാണ് ‘ദ ഹിന്ദു’ ഇൻറർനാഷനൽ അഫയേഴ്സ് എഡിറ്റർ സ്റ്റാൻലി ജോണി, കമൽ റാം സജീവുമായി നടത്തുന്ന സംഭാഷണത്തിൽ.

കമൽ റാം സജീവ്: സോഷ്യൽ മീഡിയയും മുഖ്യധാരാ മാധ്യമങ്ങളും സെൻസേഷണൽ വാർത്തകളുടെയും തെറ്റായ വിവരങ്ങളുടേയും ഒരു ഇടമായി മാറുമ്പോൾ എങ്ങനെയാണ് ദ ഹിന്ദുവിൻെറ ന്യൂസ് റൂം ആധികാരിക വിവരങ്ങളെ അടിസ്ഥാനമാക്കി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്?

സ്റ്റാൻലി ജോണി: ഞങ്ങൾ ഒരിക്കലും വാർത്തയ്ക്കുവേണ്ടി സോഷ്യൽ മീഡിയ ഹാൻറിലുകളെയോ ടെലിവിഷൻ ചാനലുകളെയോ ഒന്നും ആശ്രയിക്കാറില്ല. സ്വാഭാവികമായും വ്യക്തിപരമായി വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റുമായി സോഷ്യൽ മീഡിയ നോക്കാറുണ്ട്. വിശകലനങ്ങൾക്കും മറ്റും ചില പ്രൊഫൈലുകൾ ഫോളോ ചെയ്യാറുമുണ്ട്. എന്നാൽ, ഒരു മാധ്യമസ്ഥാപനത്തിൻെറ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ വാർത്തകൾക്കുവേണ്ടി ആധികാരികമായ സോഴ്സുകൾ ഫോളോ ചെയ്യണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ദ ഹിന്ദുവിൽ നമ്മൾ ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ, ഉദാഹരണത്തിന് ഒരു അന്താരാഷ്ട്ര വാർത്തയാണ് നമ്മൾ കൈകാര്യം ചെയ്യുന്നതെന്ന് വെക്കുക. എ.പി, എ.എഫ്.പി, റോയിറ്റേഴ്സ് തുടങ്ങി നേരിട്ട് ഫീൽഡിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന പ്രധാന അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നമ്മൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. കൂടാതെ ഞങ്ങൾക്ക് ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ വിദേശ വാർത്താ പ്രതിനിധികളും (Foreign Correspondent) സ്ട്രിങ്ങേഴ്സുമെല്ലാം (Stringers) ഉണ്ട്. അവർ ഓരോ പ്രദേശത്തെയും സർക്കാർ അധികൃതരോടും ആളുകളോടുമെല്ലാം സംസാരിച്ച് വസ്തുനിഷ്ഠമായി റിപ്പോർട്ടുകൾ തയ്യാറാക്കുന്നവരാണ്. ഇത്തരം ആധികാരികമായ സോഴ്സുകൾ ഉപയോഗപ്പെടുത്തിയാണ് ഞങ്ങൾ വാർത്തകൾ പബ്ലിഷ് ചെയ്യുന്നത്. ഒരു കാരണവശാലും സോഷ്യൽ മീഡിയയെയോ മറ്റ് ദൃശ്യമാധ്യമങ്ങളെയോ ആധികാരിക വാർത്താ സോഴ്സായി പരിഗണിക്കാറേയില്ല. കാരണം, അവിടങ്ങളിൽ വളരെ ആസൂത്രിതമായി തന്നെ തെറ്റായ വിവരങ്ങളുടെ പ്രചാരണം നടക്കാറുണ്ട്. അതിനാൽ ഒരു മാധ്യമ സ്ഥാപനം കൃത്യവും വ്യക്തവുമായി ആധികാരിക സോഴ്സുകളെ ഉപയോഗപ്പെടുത്തണമെന്നാണ് എൻെറ അഭിപ്രായം.

‘ദ ഹിന്ദു ഒരിക്കലും വാർത്തയ്ക്കുവേണ്ടി സോഷ്യൽ മീഡിയ ഹാൻറിലുകളെയോ ടെലിവിഷൻ ചാനലുകളെയോ ഒന്നും ആശ്രയിക്കാറില്ല’.
‘ദ ഹിന്ദു ഒരിക്കലും വാർത്തയ്ക്കുവേണ്ടി സോഷ്യൽ മീഡിയ ഹാൻറിലുകളെയോ ടെലിവിഷൻ ചാനലുകളെയോ ഒന്നും ആശ്രയിക്കാറില്ല’.

മുമ്പുണ്ടായ, നിലവിലെ വിഷയങ്ങളുമായി ബന്ധമില്ലാത്ത സംഭവങ്ങളുടെയും മറ്റും ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ദുരുപയോഗം ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ എന്ത് എഡിറ്റോറിയൽ സുരക്ഷാമാനദണ്ഡങ്ങളാണ് നിങ്ങൾ സ്വീകരിക്കാറുള്ളത്?

ചിത്രങ്ങളുടെ കാര്യം വരുമ്പോഴും ഞങ്ങൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഞങ്ങൾക്ക് പ്രധാനപ്പെട്ട മേഖലകളിലെല്ലാം റിപ്പോർട്ടർമാരുണ്ടെന്ന് പറഞ്ഞുവല്ലോ. കശ്മീർ വിഷയം അല്ലെങ്കിൽ ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം ഉണ്ടാവുന്ന ഘട്ടത്തിൽ ഞങ്ങൾ കശ്മീരിലെ റിപ്പോർട്ടറെയും ഫോട്ടോഗ്രാഫറെയുമാണ് ആശ്രയിക്കാറ്. ഞങ്ങൾക്ക് റിപ്പോർട്ടർമാർക്കൊപ്പം തന്നെ ഇന്ത്യയിൽ എല്ലായിടത്തും ഫോട്ടോഗ്രാഫർമാരുമുണ്ട്. ചിത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ ചെയ്യുന്നത്, ഒന്നുകിൽ ആധികാരിക വാർത്താ ഏജൻസികളായ എ.പി. എ.എഫ്.പി, റോയിറ്റേഴ്സ് എന്നിവരുടെ ചിത്രങ്ങൾ എടുക്കും. അല്ലെങ്കിൽ ഞങ്ങളുടെ സ്വന്തം ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങൾ ഉപയോഗിക്കും.

ഞങ്ങൾ ബ്രേക്കിങ് വാർത്തകളെയല്ല കാര്യമായി ഫോക്കസ് ചെയ്യുന്നത്. പൊതുവിൽ ഏത് വാർത്തയുടെയും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കും.

ഉദാഹരണത്തിന് ഭട്ടിൻഡയിൽ ഇന്ത്യൻ യുദ്ധവിമാനം വീണുവെന്ന ഒരു വാർത്ത വന്നപ്പോൾ ദ ഹിന്ദു ചെയ്തത് സ്വന്തം ഫോട്ടോഗ്രാഫറെ അങ്ങോട്ടയച്ച് നേരിട്ട് വിമാനത്തിൻെറയും ബാക്കി അവശിഷ്ടങ്ങളുടെയും ചിത്രം എടുപ്പിച്ച് അത് പത്രത്തിൽ പബ്ലിഷ് ചെയ്യുക എന്നതായിരുന്നു. ഇവിടെ നമുക്കറിയാം നമ്മുടെ ഫോട്ടോഗ്രാഫ്രർ എടുത്ത ആധികാരികമായ ചിത്രമാണ് കൊടുക്കുന്നതെന്ന്. അഥവാ മൂന്നാമതൊരു പ്ലാറ്റ്ഫോമിൽ നിന്നുള്ള ചിത്രം ഉപയോഗിക്കുകയാണെങ്കിൽ പോലും നമുക്ക് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ചിത്രം ആധികാരികമാണോ അല്ലയോ എന്ന് വളരെ അനായാസം പരിശോധിക്കാൻ സാധിക്കും. ദ ഹിന്ദുവിൻെറ കാര്യത്തിൽ നമ്മൾ അത് ചെയ്യാൻ നിൽക്കാറില്ല.

‘കശ്മീർ വിഷയം അല്ലെങ്കിൽ ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം ഉണ്ടാവുന്ന ഘട്ടത്തിൽ ദ ഹിന്ദു  കശ്മീരിലെ റിപ്പോർട്ടറെയും ഫോട്ടോഗ്രാഫറെയുമാണ് ആശ്രയിക്കാറുള്ളത്’.
‘കശ്മീർ വിഷയം അല്ലെങ്കിൽ ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം ഉണ്ടാവുന്ന ഘട്ടത്തിൽ ദ ഹിന്ദു കശ്മീരിലെ റിപ്പോർട്ടറെയും ഫോട്ടോഗ്രാഫറെയുമാണ് ആശ്രയിക്കാറുള്ളത്’.

സോഷ്യൽ മീഡിയയിൽ നിന്ന് ഞങ്ങൾ ചിത്രങ്ങൾ പരമാവധി എടുക്കാറില്ല. ഒന്നുകിൽ വാർത്താ ഏജൻസികളുടെ ഫോട്ടോഗ്രാഫർമാർ എടുത്ത ആധികാരിക ചിത്രങ്ങളോ അല്ലെങ്കിൽ സ്വന്തം ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങളോ മാത്രമേ ഉപയോഗിക്കാറുള്ളൂ. അതാണ് ഞങ്ങളുടെ കൃത്യമായ എഡിറ്റോറിയൽ പോളിസി. ഞങ്ങൾക്ക് ഒരു ഫോട്ടോ ഡിപ്പാർട്ട്മെൻറും അതിൽ ഒരു വിഷ്വൽ എഡിറ്റർ അല്ലെങ്കിൽ ഫോട്ടോ എഡിറ്ററുമുണ്ട്. ഇനി അഥവാ നമുക്കൊരു ഒഫീഷ്യലിൻെറ ഫോട്ടോ വാർത്തയുടെ ആവശ്യത്തിനായി വേണമെന്ന് കരുതുക. നമ്മുടെ കയ്യിൽ ആ വ്യക്തിയുടെ ചിത്രം ഇല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഫോട്ടോ എടുക്കേണ്ടതായി വന്നേക്കും. അത്തരം ഘട്ടങ്ങളിൽ ചിത്രത്തിൻെറ ആധികാരികത പരിശോധിച്ച് ഉറപ്പാക്കുന്നത് ഫോട്ടോ ഡിപ്പാർട്ട്മെൻറാണ്. അങ്ങനെ ആധികാരികത ഉറപ്പാക്കി മാത്രമേ ചിത്രങ്ങൾ ഞങ്ങൾ ഉപയോഗിക്കാറുള്ളൂ. സോഷ്യൽ മീഡിയയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പരമാവധി ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. അങ്ങനെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഞങ്ങൾക്ക് മാറിനിൽക്കാൻ സാധിക്കുന്നു.

ഒരു പ്രത്യേക സോഴ്സിനെ ആശ്രയിച്ചാണ് വാർത്ത ചെയ്യുന്നതെങ്കിൽ പോലും വ്യത്യസ്ത സോഴ്സുകളിൽ നിന്ന് കൂടി വിവരങ്ങൾ ശേഖരിച്ച് വാർത്ത ആധികാരികമാക്കാൻ റിപ്പോർട്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു സിംഗിൾ സോഴ്സിനെ മാത്രം ആശ്രയിച്ച് ഞങ്ങൾ വാർത്തകൾ കൊടുക്കാറില്ല

മന്ത്രിമാരും ഒഫീഷ്യൽ സോഴ്സുകളും പോലും ചിലപ്പോൾ ആധികാരികമല്ലാത്ത വിവരങ്ങൾ ഷെയർ ചെയ്യുകയും പിന്നീട് തെറ്റാണെന്ന് ബോധ്യപ്പെടുമ്പോൾ അത് പിൻവലിക്കുകയോ ഖേദം രേഖപ്പെടുത്തുകയോ ഒക്കെ ചെയ്യാറുണ്ട്. നിലവിലുള്ള ജിങ്കോയിസ്റ്റ് വികാരത്തള്ളിച്ചയിൽ നിന്ന് മാറിനിൽക്കാനും വസ്തുതാപരമായി വാർത്തകൾ പങ്കുവെക്കാനും നിങ്ങൾ എന്തെല്ലാം മുൻകരുതലുകളാണ് എടുക്കുന്നത്?

ഞങ്ങൾ ബ്രേക്കിങ് വാർത്തകളെയല്ല കാര്യമായി ഫോക്കസ് ചെയ്യുന്നത്. പൊതുവിൽ ഏത് വാർത്തയുടെയും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കും. ചില സമയങ്ങളിൽ നിങ്ങൾക്ക് വാർത്ത ബ്രേക്ക് ചെയ്യേണ്ടതായി വരും, എന്നാൽ അത്തരം സാഹചര്യങ്ങൾ വളരെ കുറവാണ്. ഏതായാലും സ്ഥിരീകരിക്കപ്പെടുന്നത് വരെ കാത്തിരിക്കുക എന്നത് തന്നെയാണ് രീതി. ഒരു ബ്രേക്കിങ് ന്യൂസ് വരുമ്പോൾ സ്വാഭാവികമായും മാധ്യമ സ്ഥാപനങ്ങളെല്ലാം അതിൻെറ പിന്നാലെ പോവുമെന്ന് ഉറപ്പാണ്.

എനിക്കോർമ്മയുണ്ട്, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് ജയ ടി.വിയടക്കം മിക്ക വാർത്താചാനലുകളും അവർ മരിച്ചുവെന്ന് പറഞ്ഞുകൊണ്ട് വാർത്ത കൊടുത്തത്. ജയലളിതയുടെ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ജയ ടി.വി വരെ വാർത്ത കൊടുക്കുമ്പോൾ പിന്നെ എന്ത് സ്ഥിരീകരണത്തിന് കാത്തിരിക്കണമെന്നാണ് മറ്റ് മാധ്യമങ്ങൾ ചിന്തിച്ചത്. എന്നാൽ ദ ഹിന്ദു ആ വാർത്ത കൊടുക്കാൻ തയ്യാറായിരുന്നില്ല. ഞങ്ങളുടെ സിറ്റി എഡിറ്റർ അപ്പോളോ ആശുപത്രിയിൽ വിളിച്ച് ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയാണ് ചെയ്തത്. ആശുപത്രി അധികൃതർ ഞങ്ങളോട് പറഞ്ഞത് ജയലളിത മരിച്ചുവെന്നത് വ്യാജവാർത്തയാണെന്നാണ്. അതുകൊണ്ട് ഞങ്ങൾ ആ വാർത്ത കൊടുത്തില്ല. ജയലളിത മരിച്ചുവെന്ന് മറ്റെല്ലാ മാധ്യമങ്ങളും വാർത്ത കൊടുത്തപ്പോഴും ആ സമയത്ത് വാർത്ത കൊടുക്കാതിരുന്നത് ഞങ്ങൾ മാത്രമാണ്.

 ജയലളിത മരിച്ചുവെന്ന് മറ്റെല്ലാ മാധ്യമങ്ങളും വാർത്ത കൊടുത്തപ്പോഴും ആ സമയത്ത് വാർത്ത കൊടുക്കാതിരുന്നത് ഞങ്ങൾ മാത്രമാണ്. കാരണം, ആശുപത്രി അധികൃതർ ഞങ്ങളോട് പറഞ്ഞത് ജയലളിത മരിച്ചുവെന്നത് വ്യാജവാർത്തയാണെന്നാണ്.
ജയലളിത മരിച്ചുവെന്ന് മറ്റെല്ലാ മാധ്യമങ്ങളും വാർത്ത കൊടുത്തപ്പോഴും ആ സമയത്ത് വാർത്ത കൊടുക്കാതിരുന്നത് ഞങ്ങൾ മാത്രമാണ്. കാരണം, ആശുപത്രി അധികൃതർ ഞങ്ങളോട് പറഞ്ഞത് ജയലളിത മരിച്ചുവെന്നത് വ്യാജവാർത്തയാണെന്നാണ്.

സാധാരണഗതിയിൽ നമ്മൾ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ചെയ്യാറുള്ളത്. ഔദ്യോഗിക സോഴ്സുകളെ ആശ്രയിക്കുമ്പോൾ, ചില സമയത്ത് അവർ പോലും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനുള്ള ശ്രമം നടത്തും. ഇക്കാര്യത്തിൽ ഞങ്ങളുടെ നയം എന്താണെന്ന് വെച്ചാൽ, ഒരു പ്രത്യേക സോഴ്സിനെ ആശ്രയിച്ചാണ് വാർത്ത ചെയ്യുന്നതെങ്കിൽ പോലും വ്യത്യസ്ത സോഴ്സുകളിൽ നിന്ന് കൂടി വിവരങ്ങൾ ശേഖരിച്ച് വാർത്ത ആധികാരികമാക്കാൻ റിപ്പോർട്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു സിംഗിൾ സോഴ്സിനെ മാത്രം ആശ്രയിച്ച് ഞങ്ങൾ വാർത്തകൾ കൊടുക്കാറില്ല. ചില സമയം ഔദ്യോഗിക സോഴ്സുകൾ അവരുടെ പേര് വിവരങ്ങൾ കൃത്യമായി നൽകാറില്ല. അതിൽ തെറ്റൊന്നുമില്ല. അങ്ങനെ റിപ്പോർട്ട് ചെയ്യുന്നത് ശരിയായ മാധ്യമപ്രവർത്തനരീതി തന്നെയാണ്. എന്നാൽ പറഞ്ഞ കാര്യങ്ങളിലെ കൃത്യത നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്. പ്രത്യേക ലക്ഷ്യത്തോടെ വാർത്തകൾ പ്ലാൻറ് ചെയ്യാനുള്ള ശ്രമമല്ല നമ്മുടെ സോഴ്സ് നടത്തുന്നതെന്ന് മനസ്സിലാക്കണം. കയ്യിലുള്ള വിവരം വെച്ച് വ്യത്യസ്ത സോഴ്സുകളിൽ നിന്ന് കൂടി വിവരശേഖരണം നടത്തി വാർത്ത ഡബിൾ ചെക്ക് ചെയ്യേണ്ടതുണ്ട്. ഇതാണ് ദ ഹിന്ദു പിന്തുടരുന്ന സ്റ്റാൻഡേർഡ് ജേർണലിസം പ്രാക്ടീസ്. ആധികാരികത ഉറപ്പാക്കാതെ ബ്രേക്കിങ് വാർത്ത കൊടുക്കണമെന്ന നിർബന്ധബുദ്ധിയോടെ ഒരു വാർത്തയും ഞങ്ങൾ കൊടുക്കാറില്ല. കാരണം അത് നമ്മളെ അബദ്ധത്തിലായിരിക്കും ചിലപ്പോൾ ചെന്ന് ചാടിക്കുക.

ഓൺലൈനിൽ തെറ്റായ വിവരങ്ങൾ വളരെപെട്ടെന്ന് പ്രചരിക്കപ്പെടുമ്പോൾ, പ്രത്യേകിച്ച് സ്റ്റേറ്റുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകളിൽ നിന്നും ഇൻഫ്ലുവൻസർമാർ വഴിയും അതിനുള്ള ശ്രമം ഉണ്ടാവുമ്പോൾ എങ്ങനെയാണ് ഇത്തരം തെറ്റായ പ്രചാരണങ്ങൾ തിരുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾ നിങ്ങൾ നടപ്പിലാക്കുന്നത്?

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ പ്രതിരോധിക്കുന്നതിന് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വസ്തുതകൾ നിരത്തിക്കൊണ്ടുള്ള ആധികാരികമായ റിപ്പോർട്ടിങ്ങാണ്. മാധ്യമസ്ഥാപനങ്ങൾ അതാണ് ചെയ്യേണ്ടതെന്ന് ഞാൻ കരുതുന്നു. സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങളെ പൊളിക്കുകയെന്നതല്ല നിങ്ങളുടെ ജോലി. വസ്തുതാപരമായ റിപ്പോർട്ടിങ്ങാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾ മനസ്സിലാക്കിയ ആധികാരികമായ കാര്യങ്ങൾ ജനങ്ങളോട് പറയുക. സോഷ്യൽ മീഡിയയിൽ അങ്ങനെ പലതരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടാവും.

പത്രങ്ങൾക്കുള്ള ഗുണം, വാർത്തകളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടിയും ഔദ്യോഗിക വിശദീകരണത്തിന് വേണ്ടിയും അവർക്ക് കാത്തിരിക്കാമെന്നതാണ്. അവർക്ക് ചോദ്യങ്ങൾ ചോദിച്ച് വസ്തുതകൾ ഉറപ്പാക്കി വ്യക്തത വരുത്താനുള്ള സമയമുണ്ട്.

ഉദാഹരണത്തിന് ഇപ്പോഴത്തെ സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നെ നോക്കുക. സർക്കാരിനെ അനുകൂലിക്കുന്ന നിരവധി ഹാൻറിലുകളാണ് പാക്കിസ്ഥാൻെറ ആണവായുധ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യയുടെ ആക്രമണം നടന്നുവെന്ന് എക്സിൽ പോസ്റ്റ് ചെയ്തത്. അത് അബദ്ധമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്ത്യയുടെ സൈനിക - രാഷ്ട്രീയ നേതൃത്വം അത്രമാത്രം ഉത്തരവാദിത്വമില്ലാതെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നാണ് ഇത്തരം പ്രചാരണങ്ങളിലൂടെ ആളുകൾക്ക് കിട്ടുകയെന്നത് ഒരു കാര്യം.

ഇന്ത്യയ്ക്ക് കൃത്യമായ ഒരു ആണവനയമുണ്ട്. ഒരിക്കലും ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്നാണ് ആ നയത്തിൽ പറയുന്നത്. അതിനാൽ തന്നെ, തീർത്തും ഉത്തരവാദിത്വരഹിതമായി പാക്കിസ്ഥാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച് ആണവചോർച്ച ഉണ്ടാക്കുന്നതിന് ഇന്ത്യ ശ്രമിക്കുമെന്നത് വിശ്വാസരഹിതമായ കാര്യമാണ്. അത് അപകടത്തിലാക്കുന്നത് പാക്കിസ്ഥാനെ മാത്രമല്ല, ഇന്ത്യയെയും കൂടിയാണ്. എന്നിട്ടും നിരവധി പേർ ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. ഇത് കണ്ടപ്പോൾ എന്തൊരു മണ്ടത്തരമെന്നാണ് ഞാൻ ചിന്തിച്ചത്. ഒന്നാമത് ഇത്തരത്തിൽ ഒരു ആക്രമണം ഇന്ത്യ നടത്തിയെന്നതിന് ആധികാരികമായ ഒരു തെളിവുമില്ല. രണ്ടാമത്, എനിക്കറിയാം ഇന്ത്യ ഒരിക്കലും ഇത് ചെയ്യാൻ പോവുന്നില്ലെന്ന്. എന്നിട്ടും സോഷ്യൽ മീഡിയയിൽ ചിലർ ഇത്തരത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജപ്രചാരണം നടത്തുന്നത് തുടരുകയാണ്.

 സർക്കാരിനെ അനുകൂലിക്കുന്ന നിരവധി ഹാൻറിലുകളാണ് പാക്കിസ്ഥാൻെറ ആണവായുധ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യയുടെ ആക്രമണം നടന്നുവെന്ന് എക്സിൽ പോസ്റ്റ് ചെയ്തത്.
സർക്കാരിനെ അനുകൂലിക്കുന്ന നിരവധി ഹാൻറിലുകളാണ് പാക്കിസ്ഥാൻെറ ആണവായുധ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യയുടെ ആക്രമണം നടന്നുവെന്ന് എക്സിൽ പോസ്റ്റ് ചെയ്തത്.

ഏതായാലും മാധ്യമപ്രവർത്തകർ IAEA അധികൃതരുമായി സംസാരിച്ചതിൽ നിന്നും പാക്കിസ്ഥാനിൽ ഒരു തരത്തിലുള്ള ആണവചോർച്ചയും ഉണ്ടായിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയുടെ ഭാഗത്തുനിന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നിട്ടില്ലെന്ന് വ്യക്തമായി. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഗുരുതരമായ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇവിടെ നമുക്കെന്ത് ചെയ്യാൻ സാധിക്കും? മേൽപറഞ്ഞ വിഷയത്തിൽ മാധ്യമപ്രവർത്തകർ ചെയ്തത് തന്നെയാണ് പിന്തുടരേണ്ട രീതി. ഔദ്യോഗിക സോഴ്സുകളോട് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുക. ആധികാരികമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുക. വ്യാജവാർത്താ പ്രചരണങ്ങളെ ചെറുക്കണമെങ്കിൽ വസ്തുതാപരമായ റിപ്പോർട്ടിങ്ങിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്. അങ്ങനെയാണ് ജനങ്ങൾക്ക് ശരിയായ വിവരങ്ങൾ നൽകേണ്ടത്.

അധികൃതരോട് ചോദ്യങ്ങൾ ചോദിക്കുക, അവരിൽ നിന്ന് കിട്ടുന്ന മറുപടികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുക. ഇതാണ് ഞങ്ങൾ സാധാരണ ചെയ്യാറുള്ളത്.

ജനങ്ങൾക്ക് ഔദ്യാഗിക വിശദീകരണങ്ങളോ വാർത്തകളോ ഒന്നും പോരാതെ വരികയും, വൈകാരിക തള്ളിച്ച ഉണ്ടാക്കുന്ന വാർത്തകളോട് വലിയ താൽപര്യം ഉണ്ടാവുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ, നിങ്ങളെങ്ങനെയാണ് ഉത്തരവാദിത്വപൂർണമായ വസ്തുതാപരമായ വാർത്താറിപ്പോർട്ടിങ്ങിലൂടെ വാർത്താലോകത്തെ കച്ചവട, മത്സര സമ്മർദ്ദങ്ങളെ അതിജീവിക്കുന്നത്?

ഇക്കാര്യത്തിൽ ദൃശ്യമാധ്യമങ്ങളേക്കാൾ പത്രങ്ങൾക്ക് ചില ഗുണങ്ങളുണ്ട്. ടെലിവിഷൻ ചാനലുകൾ തമ്മിൽ കടുത്ത കിടമത്സരമാണ് നടക്കുന്നത്. അവിടെ നിങ്ങളുടെ എതിരാളിയുടെ കയ്യിൽ എപ്പോഴും എന്തെങ്കിലും ഉണ്ടാവും. അപ്പോൾ മത്സരത്തിൽ പിടിച്ച് നിൽക്കാൻ നിങ്ങളും എന്തെങ്കിലും നൽകാൻ നിർബന്ധിതരായി കൊണ്ടേയിരിക്കും. ഇത് തീർത്തും അനാരോഗ്യകരമായ മത്സരമാണ്. ഈ അനാരോഗ്യകരമായ മത്സരം വസ്തുതാപരമായ റിപ്പോർട്ടിങ്ങിന് ഒട്ടും ഗുണകരമല്ലെന്ന് മാത്രമല്ല, ജിങ്കോയിസ്റ്റിക് ആഖ്യാനങ്ങളുടെ ഇരയായി നിങ്ങൾ മാറുകയും ചെയ്യും. അതു കൊണ്ടാണ് മെയ് 8-ന് ഇന്ത്യൻ മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിങ് തീർത്തും പരിഹാസ്യമായി മാറിയത്. ഇന്ത്യ ടുഡേ അടക്കമുള്ള മുഖ്യധാരാ ചാനലുകളെല്ലാം ഇന്ത്യൻ നേവി പാക്കിസ്ഥാൻെറ പ്രധാന തുറമുഖ നഗരമായ കറാച്ചിയിൽ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്തു. വളരെ ആധികാരികമായാണ് അവതാരകർ ഈ വാർത്ത അവതരിപ്പിച്ചത്. ബർക്കാ ദത്ത് അടക്കമുള്ള ഇന്ത്യയിലെ നിരവധി മാധ്യമപ്രവർത്തകർ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇങ്ങനെയൊരു ആക്രമണം നടന്നിട്ടില്ലായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. പിന്നീട് ഇക്കാര്യം ഇന്ത്യൻ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യൻ വ്യോമസേന ഏത് തരത്തിലുള്ള ആക്രമണത്തിനും റെഡിയാണെങ്കിലും നിലവിൽ ഇങ്ങനെ ഒരു ആക്രമണം നടന്നിട്ടില്ലെന്നാണ് സൈന്യം വ്യക്തമാക്കിയത്.

ഇന്ത്യാ ടുഡേ അടക്കമുള്ള മുഖ്യധാരാ ചാനലുകളെല്ലാം ഇന്ത്യൻ നേവി പാക്കിസ്ഥാൻെറ പ്രധാന തുറമുഖ നഗരമായ കറാച്ചിയിൽ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്തു.
ഇന്ത്യാ ടുഡേ അടക്കമുള്ള മുഖ്യധാരാ ചാനലുകളെല്ലാം ഇന്ത്യൻ നേവി പാക്കിസ്ഥാൻെറ പ്രധാന തുറമുഖ നഗരമായ കറാച്ചിയിൽ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്തു.

ശക്തമായ കിടമത്സരം നടക്കുന്ന സാഹചര്യങ്ങളിൽ ടെലിവിഷൻ ചാനലുകൾ ഇത്തരത്തിൽ ഒട്ടും ആധികാരികതയില്ലാത്ത ഗുരുതരമായ തെറ്റായ വാർത്തകളുമായി എത്തിയേക്കാം. പത്രങ്ങൾക്കുള്ള ഗുണം, വാർത്തകളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടിയും ഔദ്യോഗിക വിശദീകരണത്തിന് വേണ്ടിയും അവർക്ക് കാത്തിരിക്കാമെന്നതാണ്. അവർക്ക് ചോദ്യങ്ങൾ ചോദിച്ച് വസ്തുതകൾ ഉറപ്പാക്കി വ്യക്തത വരുത്താനുള്ള സമയമുണ്ട്. അതായത് സ്ഥിരീകരിച്ചതിന് ശേഷം മാത്രം വാർത്ത റിപ്പോർട്ട് ചെയ്താൽ മതി. ഈ കിടമത്സരത്തിൽ പങ്കാളിയാവേണ്ട കാര്യവുമില്ല.

മറ്റൊരു ഉദാഹരണം പറഞ്ഞാൽ, പാകിസ്ഥാൻ ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മെയ് -11ന് DGMO നടത്തിയ വാർത്താസമ്മേളനത്തിൽ ദ ഹിന്ദുവിൻെറ റിപ്പോർട്ടർ ഇക്കാര്യം ചോദിച്ചു. എയർ മാർഷലിൻെറ മറുപടി വളരെ ശ്രദ്ധയോടെയായിരുന്നു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നു വീണുവെന്ന വാർത്ത അദ്ദേഹം നിഷേധിച്ചില്ല, പകരം പറഞ്ഞത് നഷ്ടങ്ങൾ ഇത്തരം ഘട്ടങ്ങളിൽ സ്വാഭാവികമാണെന്നും നമ്മുടെ സൈനികർ വ്യോമകേന്ദ്രങ്ങളിൽ സുരക്ഷിതരാണെന്നുമാണ്. വാർത്ത അദ്ദേഹം നിഷേധിക്കാതിരുന്നതിനാൽ വരികൾക്കിടയിലൂടെ വായിച്ചാൽ ഇന്ത്യക്ക് ചെറിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നമുക്ക് ബോധ്യമാവും. കാരണം, നഷ്ടങ്ങൾ ഏറ്റുമുട്ടലുകളുടെ ഭാഗമാണെന്നാണ് ഇന്ത്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചത്. നിങ്ങൾ അധികൃതരോട് ചോദ്യങ്ങൾ ചോദിക്കുക, അവരിൽ നിന്ന് കിട്ടുന്ന മറുപടികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുക. ഇതാണ് ഞങ്ങൾ സാധാരണ ചെയ്യാറുള്ളത്.

ഗൗരവത്തോടെ വാർത്തകൾ കൈകാര്യം ചെയ്യുന്നവർ പോലും ചെയ്യാറുള്ളതായി ഞാൻ കണ്ടിട്ടുള്ളത്, ചില സമയത്ത് ആധികാരികതയൊന്നും തന്നെ പരിശോധിക്കാതെയാണ് അവർ റിപ്പോർട്ട് ചെയ്യാറുള്ളതെന്നാണ്. കിട്ടുന്നതെല്ലാം എടുത്ത് വാർത്തയാക്കി കൊടുക്കുന്നതാണ് പലപ്പോഴും അവരുടെ രീതി. വസ്തുതാപരമായ റിപ്പോർട്ടിങ് ഇന്ത്യൻ ടെലിവിഷൻ ജേർണലിസത്തിൽ പലപ്പോഴും നമുക്ക് കാണാൻ സാധിക്കില്ല.


Summary: Media ethics and standard journalism practices at the time of India - Pak conflict, The Hindu International affairs editor Stanly Johny explains their policies with Kamal Ram Sajeev.


സ്​റ്റാൻലി ജോണി

‘ദ ഹിന്ദു’വിൽ ഇൻറർനാഷനൽ അഫയേഴ്​സ്​ എഡിറ്റർ. ജിയോ പൊളിറ്റിക്​സ്​, മിഡിൽ ഈസ്​റ്റ്​ ആൻറ്​ ഇന്ത്യൻ ഫോറിൻ പോളിസി, ഇൻറർനാഷനൽ പൊളിറ്റിക്​സ്​ തുടങ്ങിയ മേഖലകളിൽ ഇടപെട്ട്​ എഴുതുന്നു. The ISIS Caliphate: From Syria to the Doorsteps of India, The Comrades And The Mullahs: China, Afghanistan and the New Asian Geopolitics (ആനന്ദ്​ കൃഷ്​ണനോടൊപ്പം), Original Sin: Israel, Palestine and the Revenge of Old West Asia തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments