‘സംഘർഷകാലത്തെ
വ്യാജ വാർത്തകൾ തിരിച്ചറിയാൻ മീഡിയയ്ക്കു മുന്നിൽ വഴിയുണ്ട്’

തങ്ങൾക്കു മുന്നിലെത്തുന്ന വാർത്തകളും വസ്തുതകളും വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം മീഡിയക്കില്ലേ?. സംവിധാനത്തിലില്ലേ? വായനക്കാരും കാണികളും ചോദിച്ച ഈ ചോദ്യത്തിനുളള ഉത്തരമാണ് ‘ദ ഹിന്ദു’ ഇൻറർനാഷനൽ അഫയേഴ്സ് എഡിറ്റർ സ്റ്റാൻലി ജോണി വിശദീകരിക്കുന്നത്.

News Desk

ന്ത്യ- പാക്കിസ്ഥാൻ സംഘർഷ സമയത്ത്, മീഡിയയിൽ വ്യാജവാർത്തകളുടെ കുത്തൊഴുക്കായിരുന്നു. വിശ്വാസ്യതയുള്ളത് എന്ന് ഓഡിയൻസ് വിശ്വസിച്ചുപോരുന്ന മാധ്യമങ്ങളിൽ പോലും ഇത്തരം വ്യാജവാർത്തകൾ ധാരാളമായി വന്നു. ചില മാധ്യമങ്ങൾ അവ തിരുത്തി, പലരും തിരുത്തിയില്ല. ഇത്തരം സമയങ്ങളിൽ തങ്ങൾക്കുമുന്നിലെത്തുന്ന വാർത്തകളും വസ്തുതകളും വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം മീഡിയ സംവിധാനത്തിലില്ലേ? വായനക്കാരും കാണികളും ചോദിച്ച ഈ ചോദ്യത്തിനുളള ഉത്തരമാണ് ‘ദ ഹിന്ദു’ ഇൻറർനാഷനൽ അഫയേഴ്സ് എഡിറ്റർ സ്റ്റാൻലി ജോണി, കമൽറാം സജീവുമായുള്ള അഭിമുഖത്തിൽ വിശദീകരിക്കുന്നത്. ഇത്തരം സംഘർഷസമയങ്ങളിൽ ‘ദ ഹിന്ദു’വിന്റെ ന്യൂസ് ഡസ്ക് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാക്കിയാണ്, വ്യാജവാർത്തകളെ എങ്ങനെ തിരിച്ചറിയാം എന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.

‘‘ദ ഹിന്ദു ഒരിക്കലും വാർത്തയ്ക്കുവേണ്ടി സോഷ്യൽ മീഡിയ ഹാൻറിലുകളെയോ ടെലിവിഷൻ ചാനലുകളെയോ ആശ്രയിക്കാറില്ല. ഒരു മാധ്യമസ്ഥാപനത്തിൻെറ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ വാർത്തകൾക്കുവേണ്ടി ആധികാരികമായ സോഴ്സുകൾ ഫോളോ ചെയ്യണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു അന്താരാഷ്ട്ര വാർത്തയാണ് നമ്മൾ കൈകാര്യം ചെയ്യുന്നതെന്ന് വെക്കുക. എ.പി, എ.എഫ്.പി, റോയിറ്റേഴ്സ് തുടങ്ങി നേരിട്ട് ഫീൽഡിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന പ്രധാന അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നമ്മൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. കൂടാതെ ഞങ്ങൾക്ക് ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ വിദേശ വാർത്താ പ്രതിനിധികളും (Foreign Correspondent) സ്ട്രിങ്ങേഴ്സുമെല്ലാം (Stringers) ഉണ്ട്. അവർ ഓരോ പ്രദേശത്തെയും സർക്കാർ അധികൃതരോടും ആളുകളോടുമെല്ലാം സംസാരിച്ച് വസ്തുനിഷ്ഠമായി റിപ്പോർട്ടുകൾ തയ്യാറാക്കുന്നവരാണ്. ഇത്തരം ആധികാരികമായ സോഴ്സുകൾ ഉപയോഗപ്പെടുത്തിയാണ് ഞങ്ങൾ വാർത്തകൾ പബ്ലിഷ് ചെയ്യുന്നത്. ഒരു കാരണവശാലും സോഷ്യൽ മീഡിയയെയോ മറ്റ് ദൃശ്യമാധ്യമങ്ങളെയോ ആധികാരിക വാർത്താ സോഴ്സായി പരിഗണിക്കാറേയില്ല. കാരണം, അവിടങ്ങളിൽ വളരെ ആസൂത്രിതമായി തന്നെ തെറ്റായ വിവരങ്ങളുടെ പ്രചാരണം നടക്കാറുണ്ട്. അതിനാൽ ഒരു മാധ്യമ സ്ഥാപനം കൃത്യവും വ്യക്തവുമായി ആധികാരിക സോഴ്സുകളെ ഉപയോഗപ്പെടുത്തണമെന്നാണ് എൻെറ അഭിപ്രായം’’- സ്റ്റാൻലി ജോണി പറഞ്ഞു.

‘‘ചിത്രങ്ങളുടെ കാര്യം വരുമ്പോഴും ഞങ്ങൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഞങ്ങൾക്ക് പ്രധാനപ്പെട്ട മേഖലകളിലെല്ലാം റിപ്പോർട്ടർമാരുണ്ട്. കശ്മീർ വിഷയം അല്ലെങ്കിൽ ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം ഉണ്ടാവുന്ന ഘട്ടത്തിൽ ഞങ്ങൾ കശ്മീരിലെ റിപ്പോർട്ടറെയും ഫോട്ടോഗ്രാഫറെയുമാണ് ആശ്രയിക്കാറ്. ഞങ്ങൾക്ക് റിപ്പോർട്ടർമാർക്കൊപ്പം തന്നെ ഇന്ത്യയിൽ എല്ലായിടത്തും ഫോട്ടോഗ്രാഫർമാരുമുണ്ട്. ചിത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ ചെയ്യുന്നത്, ഒന്നുകിൽ ആധികാരിക വാർത്താ ഏജൻസികളായ എ.പി. എ.എഫ്.പി, റോയിറ്റേഴ്സ് എന്നിവരുടെ ചിത്രങ്ങൾ എടുക്കും. അല്ലെങ്കിൽ ഞങ്ങളുടെ സ്വന്തം ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങൾ ഉപയോഗിക്കും.
ഉദാഹരണത്തിന് ഭട്ടിൻഡയിൽ ഇന്ത്യൻ യുദ്ധവിമാനം വീണുവെന്ന ഒരു വാർത്ത വന്നപ്പോൾ ദ ഹിന്ദു ചെയ്തത് സ്വന്തം ഫോട്ടോഗ്രാഫറെ അങ്ങോട്ടയച്ച് നേരിട്ട് വിമാനത്തിൻെറയും ബാക്കി അവശിഷ്ടങ്ങളുടെയും ചിത്രം എടുപ്പിച്ച് അത് പത്രത്തിൽ പബ്ലിഷ് ചെയ്യുക എന്നതായിരുന്നു. ഇവിടെ നമുക്കറിയാം നമ്മുടെ ഫോട്ടോഗ്രാഫ്രർ എടുത്ത ആധികാരികമായ ചിത്രമാണ് കൊടുക്കുന്നതെന്ന്. അഥവാ മൂന്നാമതൊരു പ്ലാറ്റ്ഫോമിൽ നിന്നുള്ള ചിത്രം ഉപയോഗിക്കുകയാണെങ്കിൽ പോലും നമുക്ക് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ചിത്രം ആധികാരികമാണോ അല്ലയോ എന്ന് വളരെ അനായാസം പരിശോധിക്കാൻ സാധിക്കും. ദ ഹിന്ദുവിൻെറ കാര്യത്തിൽ നമ്മൾ അത് ചെയ്യാൻ നിൽക്കാറില്ല’’- സ്റ്റാൻലി ജോണി പറയുന്നു.

‘‘സോഷ്യൽ മീഡിയയിൽ നിന്ന് ഞങ്ങൾ ചിത്രങ്ങൾ പരമാവധി എടുക്കാറില്ല. ഒന്നുകിൽ വാർത്താ ഏജൻസികളുടെ ഫോട്ടോഗ്രാഫർമാർ എടുത്ത ആധികാരിക ചിത്രങ്ങളോ അല്ലെങ്കിൽ സ്വന്തം ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങളോ മാത്രമേ ഉപയോഗിക്കാറുള്ളൂ. അതാണ് ഞങ്ങളുടെ കൃത്യമായ എഡിറ്റോറിയൽ പോളിസി. സോഷ്യൽ മീഡിയയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പരമാവധി ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. അങ്ങനെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഞങ്ങൾക്ക് മാറിനിൽക്കാൻ സാധിക്കുന്നു’’.

‘‘ഞങ്ങൾ ബ്രേക്കിങ് വാർത്തകളെയല്ല കാര്യമായി ഫോക്കസ് ചെയ്യുന്നത്. പൊതുവിൽ ഏത് വാർത്തയുടെയും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കും. ചില സമയങ്ങളിൽ നിങ്ങൾക്ക് വാർത്ത ബ്രേക്ക് ചെയ്യേണ്ടതായി വരും, എന്നാൽ അത്തരം സാഹചര്യങ്ങൾ വളരെ കുറവാണ്. ഏതായാലും സ്ഥിരീകരിക്കപ്പെടുന്നത് വരെ കാത്തിരിക്കുക എന്നത് തന്നെയാണ് രീതി. ഒരു ബ്രേക്കിങ് ന്യൂസ് വരുമ്പോൾ സ്വാഭാവികമായും മാധ്യമ സ്ഥാപനങ്ങളെല്ലാം അതിൻെറ പിന്നാലെ പോവുമെന്ന് ഉറപ്പാണ്’’.

 ഭട്ടിൻഡയിൽ ഇന്ത്യൻ യുദ്ധവിമാനം വീണുവെന്ന ഒരു വാർത്ത വന്നപ്പോൾ ദ ഹിന്ദു ചെയ്തത് സ്വന്തം ഫോട്ടോഗ്രാഫറെ അങ്ങോട്ടയച്ച് നേരിട്ട് വിമാനത്തിൻെറയും ബാക്കി അവശിഷ്ടങ്ങളുടെയും ചിത്രം എടുപ്പിച്ച് അത് പത്രത്തിൽ പബ്ലിഷ് ചെയ്യുക എന്നതായിരുന്നു.
ഭട്ടിൻഡയിൽ ഇന്ത്യൻ യുദ്ധവിമാനം വീണുവെന്ന ഒരു വാർത്ത വന്നപ്പോൾ ദ ഹിന്ദു ചെയ്തത് സ്വന്തം ഫോട്ടോഗ്രാഫറെ അങ്ങോട്ടയച്ച് നേരിട്ട് വിമാനത്തിൻെറയും ബാക്കി അവശിഷ്ടങ്ങളുടെയും ചിത്രം എടുപ്പിച്ച് അത് പത്രത്തിൽ പബ്ലിഷ് ചെയ്യുക എന്നതായിരുന്നു.

‘‘ഔദ്യോഗിക സോഴ്സുകളെ ആശ്രയിക്കുമ്പോൾ, ചില സമയത്ത് അവർ പോലും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനുള്ള ശ്രമം നടത്തും. ഇക്കാര്യത്തിൽ ഞങ്ങളുടെ നയം എന്താണെന്ന് വെച്ചാൽ, ഒരു പ്രത്യേക സോഴ്സിനെ ആശ്രയിച്ചാണ് വാർത്ത ചെയ്യുന്നതെങ്കിൽ പോലും വ്യത്യസ്ത സോഴ്സുകളിൽ നിന്ന് കൂടി വിവരങ്ങൾ ശേഖരിച്ച് വാർത്ത ആധികാരികമാക്കാൻ റിപ്പോർട്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു സിംഗിൾ സോഴ്സിനെ മാത്രം ആശ്രയിച്ച് ഞങ്ങൾ വാർത്തകൾ കൊടുക്കാറില്ല. ചില സമയം ഔദ്യോഗിക സോഴ്സുകൾ അവരുടെ പേര് വിവരങ്ങൾ കൃത്യമായി നൽകാറില്ല. അതിൽ തെറ്റൊന്നുമില്ല. അങ്ങനെ റിപ്പോർട്ട് ചെയ്യുന്നത് ശരിയായ മാധ്യമപ്രവർത്തനരീതി തന്നെയാണ്. എന്നാൽ പറഞ്ഞ കാര്യങ്ങളിലെ കൃത്യത നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്. പ്രത്യേക ലക്ഷ്യത്തോടെ വാർത്തകൾ പ്ലാൻറ് ചെയ്യാനുള്ള ശ്രമമല്ല നമ്മുടെ സോഴ്സ് നടത്തുന്നതെന്ന് മനസ്സിലാക്കണം. കയ്യിലുള്ള വിവരം വെച്ച് വ്യത്യസ്ത സോഴ്സുകളിൽ നിന്ന് കൂടി വിവരശേഖരണം നടത്തി വാർത്ത ഡബിൾ ചെക്ക് ചെയ്യേണ്ടതുണ്ട്. ഇതാണ് ദ ഹിന്ദു പിന്തുടരുന്ന സ്റ്റാൻഡേർഡ് ജേർണലിസം പ്രാക്ടീസ്. ആധികാരികത ഉറപ്പാക്കാതെ ബ്രേക്കിങ് വാർത്ത കൊടുക്കണമെന്ന നിർബന്ധബുദ്ധിയോടെ ഒരു വാർത്തയും ഞങ്ങൾ കൊടുക്കാറില്ല. കാരണം അത് നമ്മളെ അബദ്ധത്തിലായിരിക്കും ചിലപ്പോൾ ചെന്ന് ചാടിക്കുക’’- അദ്ദേഹം പറയുന്നു.

‘‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ പ്രതിരോധിക്കുന്നതിന് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വസ്തുതകൾ നിരത്തിക്കൊണ്ടുള്ള ആധികാരികമായ റിപ്പോർട്ടിങ്ങാണ്. മാധ്യമസ്ഥാപനങ്ങൾ അതാണ് ചെയ്യേണ്ടതെന്ന് ഞാൻ കരുതുന്നു. സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങളെ പൊളിക്കുകയെന്നതല്ല നിങ്ങളുടെ ജോലി. വസ്തുതാപരമായ റിപ്പോർട്ടിങ്ങാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾ മനസ്സിലാക്കിയ ആധികാരികമായ കാര്യങ്ങൾ ജനങ്ങളോട് പറയുക. സോഷ്യൽ മീഡിയയിൽ അങ്ങനെ പലതരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടാവും.
ഉദാഹരണത്തിന് ഇപ്പോഴത്തെ സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നെ നോക്കുക. സർക്കാരിനെ അനുകൂലിക്കുന്ന നിരവധി ഹാൻറിലുകളാണ് പാക്കിസ്ഥാൻെറ ആണവായുധ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യയുടെ ആക്രമണം നടന്നുവെന്ന് എക്സിൽ പോസ്റ്റ് ചെയ്തത്. അത് അബദ്ധമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്ത്യയുടെ സൈനിക - രാഷ്ട്രീയ നേതൃത്വം അത്രമാത്രം ഉത്തരവാദിത്വമില്ലാതെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നാണ് ഇത്തരം പ്രചാരണങ്ങളിലൂടെ ആളുകൾക്ക് കിട്ടുകയെന്നത് ഒരു കാര്യം. ഏതായാലും മാധ്യമപ്രവർത്തകർ IAEA അധികൃതരുമായി സംസാരിച്ചതിൽ നിന്നും പാക്കിസ്ഥാനിൽ ഒരു തരത്തിലുള്ള ആണവചോർച്ചയും ഉണ്ടായിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയുടെ ഭാഗത്തുനിന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നിട്ടില്ലെന്ന് വ്യക്തമായി. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഗുരുതരമായ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇവിടെ നമുക്കെന്ത് ചെയ്യാൻ സാധിക്കും? മേൽപറഞ്ഞ വിഷയത്തിൽ മാധ്യമപ്രവർത്തകർ ചെയ്തത് തന്നെയാണ് പിന്തുടരേണ്ട രീതി. ഔദ്യോഗിക സോഴ്സുകളോട് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുക. ആധികാരികമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുക’’.

‘‘മറ്റൊരു ഉദാഹരണം പറഞ്ഞാൽ, പാകിസ്ഥാൻ ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മെയ് -11ന് DGMO നടത്തിയ വാർത്താസമ്മേളനത്തിൽ ദ ഹിന്ദുവിൻെറ റിപ്പോർട്ടർ ഇക്കാര്യം ചോദിച്ചു. എയർ മാർഷലിൻെറ മറുപടി വളരെ ശ്രദ്ധയോടെയായിരുന്നു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നു വീണുവെന്ന വാർത്ത അദ്ദേഹം നിഷേധിച്ചില്ല, പകരം പറഞ്ഞത് നഷ്ടങ്ങൾ ഇത്തരം ഘട്ടങ്ങളിൽ സ്വാഭാവികമാണെന്നും നമ്മുടെ സൈനികർ വ്യോമകേന്ദ്രങ്ങളിൽ സുരക്ഷിതരാണെന്നുമാണ്. വാർത്ത അദ്ദേഹം നിഷേധിക്കാതിരുന്നതിനാൽ വരികൾക്കിടയിലൂടെ വായിച്ചാൽ ഇന്ത്യക്ക് ചെറിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നമുക്ക് ബോധ്യമാവും. കാരണം, നഷ്ടങ്ങൾ ഏറ്റുമുട്ടലുകളുടെ ഭാഗമാണെന്നാണ് ഇന്ത്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചത്. നിങ്ങൾ അധികൃതരോട് ചോദ്യങ്ങൾ ചോദിക്കുക, അവരിൽ നിന്ന് കിട്ടുന്ന മറുപടികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുക. ഇതാണ് ഞങ്ങൾ സാധാരണ ചെയ്യാറുള്ളത്’’- സ്റ്റാൻലി ജോണി പറയുന്നു.

ന്യൂസ് ഡസ്ക് @ ‘The Hindu’

സ്റ്റാൻലി ജോണിയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 231.

Comments