ഭരണഘടനയുണ്ട്, മൗലികാവകാശങ്ങളുണ്ട്, അഭിപ്രായസ്വാതന്ത്ര്യമുണ്ട്, പത്രസ്വാതന്ത്ര്യമുണ്ട്... എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ, അതിനകത്തുനിന്നുകൊണ്ടുതന്നെ മനഃശാസ്ത്രപരമായ ദാസ്യം തീവ്രദേശീയതയോട് മുഖ്യധാരാ മാധ്യമങ്ങൾക്ക് പുലർത്തേണ്ടതായി വന്നിരിക്കുന്നു.
മുഖ്യധാരാ മാധ്യമങ്ങളെ സംബന്ധിച്ച് രണ്ടുതരം പരിമിതികളാണുള്ളത്. ഒന്നാമത്, മൂലധനശക്തികൾ പ്രായേണ ബി.ജെ.പിക്കും നരേന്ദ്രമോദിക്കും അടിമപ്പെട്ടിരിക്കുന്നു എന്ന സത്യം. ഇത്തരം മാധ്യമങ്ങളുടെ നിലനിൽപ്പുതന്നെ കോർപറേറ്റുകളെ പ്രീണിപ്പിക്കുകയും അവരെ വരുതിയിൽനിർത്തുകയും ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് വിധേയമാണ്. അതുകൊണ്ട്, ഒരുപരിധിക്കപ്പുറത്ത് കേന്ദ്ര സർക്കാറിനെയോ ഭരണകൂടത്തെയോ വിമർശിക്കാൻ ഇവർക്ക് കഴിയില്ല.
രണ്ടാമത്, വായനക്കാരുടെ / പ്രേക്ഷകരുടെ ഇടയിൽ തന്നെ ഹിന്ദുത്വ മുന്നോട്ടുവക്കുന്ന രാഷ്ട്രീയാദർശങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്, നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അതുകൊണ്ട്, ഈയൊരു ഓഡിയൻസിനെ വെറുപ്പിക്കാൻ ഇവർക്കാകില്ല. ഇവരുടെ പ്രചാരത്തെ അത് ബാധിക്കുമെന്ന കാരണത്താൽ, ഭരണകൂടം പ്രതിനിധീകരിക്കുന്ന തീവ്ര ദേശീയതയെ- ഹിന്ദുത്വം എന്നത് മതത്തേക്കാൾ ഉപരിയായി, ദേശീയതയുമായി ബന്ധപ്പെട്ട സംഗതിയാണ്, ഫാഷിസം മുന്നോട്ടുവക്കുന്ന തീവ്ര ദേശീയത പോലെ- എതിർക്കാനോ അതിനെ മറികടക്കാനോ കഴിയാത്ത ഒരു സാഹചര്യം നിലനിൽക്കുന്നു. ഇതാണ് യഥാർഥ പ്രശ്‌നം.
അടിയന്തരാവസ്ഥയില്ല, സെൻസർഷിപ്പില്ല. പക്ഷെ, ആന്തരികമായ ഭയത്തിന്റെ അന്തരീക്ഷമുണ്ട്. രാഷ്ട്രീയാന്തരീക്ഷം അത്ര സുഖകരമല്ല.
തീവ്രദേശീയതയോട് മനഃശാസ്ത്രപരമായ ദാസ്യം
അടിയന്തരാവസ്ഥയുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യപ്പെടുത്താറുണ്ട്. എന്നാൽ, അന്നുണ്ടായിരുന്നത് പ്രകടമായ സെൻസർഷിപ്പാണ്, മാധ്യമങ്ങളെ പരിപൂർണമായും നിയന്ത്രിക്കലാണ്. ഇപ്പോൾ, ആ രീതിയിലുള്ള നിയന്ത്രണമില്ല. അടിയന്തരാവസ്ഥയില്ല, സെൻസർഷിപ്പില്ല. പക്ഷെ, ആന്തരികമായ ഭയത്തിന്റെ അന്തരീക്ഷമുണ്ട്. രാഷ്ട്രീയാന്തരീക്ഷം അത്ര സുഖകരമല്ല. ഇതിനേക്കാളുപരി, മനഃശാസ്ത്രപരമായി തീവ്രദേശീയത മുന്നോട്ടുവക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അതിജയിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് വലിയ പ്രശ്‌നം. ഭരണഘടനയുണ്ട്, മൗലികാവകാശങ്ങളുണ്ട്, അഭിപ്രായസ്വാതന്ത്ര്യമുണ്ട്, പത്രസ്വാതന്ത്ര്യമുണ്ട്... എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ, അതിനകത്തുനിന്നു കൊണ്ടുതന്നെ മനഃശാസ്ത്രപരമായ ദാസ്യം തീവ്രദേശീയതയോട് മുഖ്യധാരാ മാധ്യമങ്ങൾക്ക് പുലർത്തേണ്ടതായി വന്നിരിക്കുന്നു.
ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ് എന്നൊക്കെ പറയുന്നത് ഒരു ഫലിതമാണ്. ഒരു കാലത്തും ഇന്ത്യയിൽ ശരിയായ രീതിയിലുള്ള ജനാധിപത്യസംവിധാനം ഇല്ല. അഞ്ചുവർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് ശരിയാണ്. തെരഞ്ഞെടുപ്പിൽ തോറ്റ പാർട്ടി ജയിച്ച പാർട്ടിക്കുവേണ്ടി മാറിക്കൊടുക്കുന്നു എന്നതും ശരിയാണ്. പക്ഷെ, അത് ജനാധിപത്യ ഭരണക്രമം മാത്രമാണ്. ജനാധിപത്യ സംസ്‌കാരം ഇന്ത്യയിൽ അന്യമാണ്. വിജയിച്ച പാശ്ചാത്യ ജനാധിപത്യരാജ്യങ്ങളുമായി തുലനം ചെയ്താൽ, ഇവിടെ യഥാർഥത്തിലുള്ള ജനാധിപത്യം ഒരു സമയത്തും ഉണ്ടായിട്ടില്ല. നെഹ്‌റുവിന്റെ സമയത്തുപോലും ഉണ്ടായിട്ടില്ല. ഇന്ദിരാഗാന്ധിയുടെ സമയത്ത് ഒട്ടുമുണ്ടായിട്ടില്ല. നരസിംഹ റാവുവിന്റെയോ വാജ്‌പേയിയുടെയോ മൻമോഹൻ സിംഗിന്റെയോ കാലത്ത് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ സംവിധാനത്തിന് ആന്തരികമായ ദൗർബല്യമുണ്ട്, പരിധികളും പരിമിതികളുമുണ്ട്. അതുകൊണ്ടുതന്നെ അതിനെ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലൂന്നിയ, പാർലമെന്റിൽ ഭൂരിപക്ഷമുള്ള ഒരു സർക്കാറിന് ഫലപ്രദമായി നിയന്ത്രിക്കാവുന്നതേയുള്ളൂ. ആ നിയന്ത്രണം ഇപ്പോൾ അനുഭവവേദ്യമായി എന്നുമാത്രം. നിയമനിർമാണ സഭക്കും എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിക്കും ഏതുസമയത്തും അവയുടേതായ പരിമിതികളുണ്ടായിരുന്നു. ആ പരിമിതികൾ മാധ്യമങ്ങൾക്കുമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. അതാണ് അതിന്റെ പ്രധാന കാരണം. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആന്തരികമായ ശൈഥില്യത്തെയും ദൗർബല്യത്തെയുമാണ് സൂചിപ്പിക്കുന്നത്.
മുഖ്യധാരാ മാധ്യമങ്ങൾക്കുള്ള പരിമിതി സാമൂഹ്യമാധ്യമങ്ങൾക്കില്ല എന്നു പറയാം. കാരണം, അവിടെ അഭിപ്രായപ്രകടനം കുറെക്കൂടി സ്വതന്ത്രമായും പറയത്തക്ക ചെലവില്ലാതെയും നടത്താൻ കഴിയും.
സമൂഹമാധ്യമങ്ങളുടെ സ്പെയ്സ്
മുഖ്യധാരാ മാധ്യമങ്ങൾക്കുള്ള പരിമിതി സാമൂഹ്യമാധ്യമങ്ങൾക്കില്ല എന്നു പറയാം. കാരണം, അവിടെ അഭിപ്രായപ്രകടനം കുറെക്കൂടി സ്വതന്ത്രമായും പറയത്തക്ക ചെലവില്ലാതെയും നടത്താൻ കഴിയും. ഓരോ എഴുത്തുകാരുടെയും എഡിറ്റർ അവർ തന്നെയാണ്. ഭരണകൂട ഇടപെടൽ അത്ര എളുപ്പം സാധ്യവുമല്ല. എന്നാൽ, സാമൂഹ്യമാധ്യമങ്ങളെയും ഭരണകൂടത്തിന് ഉരുക്കുമുഷ്ടി ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. അത്ര എളുപ്പമല്ല എങ്കിൽ പോലും. ഐ.ടി നിയമത്തിൽ അതിനനുസരിച്ച ഭേദഗതികൾ ഇനിയും കൊണ്ടുവരാൻ കഴിയും, അതിന് സാധ്യതയുമുണ്ട്. ആ ഘട്ടങ്ങളിൽ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുള്ള ഇടപെടൽ പോലും ഫലപ്രദമായി ഉണ്ടായിക്കൊള്ളണമെന്നില്ല. കീഴടങ്ങൽ അല്ലെങ്കിൽ കീഴടക്കൽ സാധ്യം തന്നെയാണ്.
ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ട് സാമൂഹ്യമാധ്യമങ്ങളെ ശക്തമായി തടയാൻ കഴിയും എന്നത് ഇപ്പോൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ശ്രദ്ധിക്കേണ്ട ഒരു കാര്യം, അത് കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംഗതിയാണെങ്കിലും, ഭരണഘടനാനുസൃതമായ മാർഗങ്ങൾ ഉപയോഗിച്ചു മാത്രമല്ല, ഇപ്പോഴത്തെ സർക്കാർ ഈ കാര്യങ്ങൾ നിയന്ത്രിക്കുകയും അവരുടെ വരുതിക്ക് കൊണ്ടുവരികയും ചെയ്യുന്നത്. ഭരണഘടനാബാഹ്യവും നിയമവിരുദ്ധവുമായ മാർഗങ്ങൾ പോലും അവർക്ക് കൃത്യമായി ഉപയോഗിക്കാനും ഫലപ്രദമായി പ്രയോഗിക്കാനും കഴിയും എന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു.
2024ലെ തെരഞ്ഞെടുപ്പിലും ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കുതന്നെ ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ ഇതിനേക്കാൾ മോശപ്പെട്ട വാർത്തകളായിരിക്കും നമ്മൾ കേൾക്കേണ്ടിവരിക. ▮